Trending

പ്രഭാത വാർത്തകൾ.

2025  സെപ്റ്റംബർ 27  ശനി 
1201  കന്നി 11   അനിഴം 
1447  റ : ആഖിർ 4

◾ പലസ്തീനിലെ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രയേല്‍ നീക്കം നടക്കില്ലെന്നും ഗാസ യുദ്ധം വൈകാതെ അവസാനിക്കുമെന്നും യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്നലെ  ഐക്യരാഷ്ട്ര പൊതുസഭയില്‍ നെതന്യാഹു പ്രസംഗിക്കുന്നതിന് മുന്നോടിയായി വൈറ്റ് ഹൗസ് റിപ്പോര്‍ട്ടര്‍മാരോടാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേലിനെ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ എന്തായാലും താന്‍ അനുവദിക്കില്ലെന്നും അത് സംഭവിക്കില്ല എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നീക്കവുമായി ഇസ്രയേല്‍ മുന്നോട്ട് പോയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രധാന അറബ്, മുസ്ലീം രാജ്യങ്ങളിലെ നേതാക്കള്‍ ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം എന്നത് ശ്രദ്ധേയമായി. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടിനിര്‍ത്തല്‍ ഉടമ്പടി ഏതാണ്ട് അടുത്തെത്തിയെന്ന സൂചനയും ട്രംപ് നല്‍കി.

◾ കൂട്ടക്കുരുതിയെയും നിലവിലെ ആക്രമണങ്ങളെയും ന്യായീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗം ബഹിഷ്‌കരിച്ച് നിരവധി രാജ്യങ്ങള്‍. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നെതന്യാഹു പ്രസംഗിക്കുമ്പോള്‍ നിരവധി നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഹാള്‍ വിട്ടുപോയതോടെ വേദി ഏതാണ്ട് ഒഴിഞ്ഞ നിലയിലായിരുന്നു. അതേസമയം, ഹമാസിന്റെ ഭീഷണിയില്ലാതാകും വരെ യുദ്ധം തുടരുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു.

◾  യുഎന്നില്‍ ട്രംപിനെ പുകഴ്ത്തി പാകിസ്ഥാന്‍. ഇന്ത്യ -പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കിയത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണെന്നും അദ്ദേഹത്തിന്റെ ധീരമായ ഇടപെടല്‍ യുദ്ധം അവസാനിപ്പിച്ചു എന്നുമാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് യുഎന്നില്‍ പ്രസ്താവന നടത്തിയത്. യുദ്ധത്തില്‍ വിജയിച്ചത് പാക് സൈന്യമെന്നും പ്രധാനമന്ത്രി അവകാശ വാദമുന്നയിച്ചു. ട്രംപിനെ നൊബേല്‍ സമ്മാനത്തിന് പാക്കിസ്ഥാന്‍ നാമനിര്‍ദേശം ചെയ്തു. ഈ പുരസ്‌കാരത്തിന് ഏറ്റവും അര്‍ഹനായ വ്യക്തിയാണെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു.
◾  വൈറ്റ് ഹൗസിലെത്തിയ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും സ്വാഗതം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'മഹാന്‍മാരായ നേതാക്കളെ'ന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഇരുവരെയും ട്രംപ് സ്വാഗതം ചെയ്തത്. അതേസമയം പാകിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധം അടുത്തിടെ വളരെയധികം മെച്ചപ്പെട്ടതിന്റെ സൂചനയായാണ് ഈ കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്.

◾  സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 30ന് കൂടി പൊതു അവധി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. നിലവില്‍ ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ സംസ്ഥാനത്ത് പൊതു അവധിയാണ്. അതിന് പുറമെയാണ് 30ന് കൂടി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനത്ത് നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കും, പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുര്‍ഗ്ഗാഷ്ടമി ദിവസമായ 2025 സെപ്റ്റംബര്‍ 30 ചൊവ്വാഴ്ച പൊതു അവധി ആയിരിക്കും.

◾  മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം ശംഖുമുഖം, എറണാകുളം കസ്തൂര്‍ബാ നഗര്‍, കോഴിക്കോട് ബീച്ച്, മലപ്പുറം കോട്ടക്കുന്ന് എന്നീ സ്ഥലങ്ങളില്‍ ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമായി. എറണാകുളത്തെ ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 6.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

◾  എന്‍എസ്എസ് നേതൃത്വത്തിന്റെ ഇടതു ചായ്വിനെതിരെ കൂടുതല്‍ കരയോഗങ്ങള്‍ പരസ്യപ്രതിഷേധവുമായി രംഗത്ത്. തിരുവനന്തപുരം നരുവാമൂട് നടുക്കാട് 2299-ാം നമ്പര്‍ ചെരുത്തൂര്‍ക്കോണം വിധ്യാധിരാജ എന്‍എസ്എസ് കരയോഗം കാര്യാലയത്തിന് മുന്നില്‍ ഭാരവാഹികള്‍ ജി സുകുമാരന്‍ നായര്‍ക്കെതിരെ ഫ്ലക്സ് സ്ഥാപിച്ചു. നായര്‍ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍ എന്ന് എഴുതിയ ഫ്ലക്സ് ആണ് ഭാരവാഹികള്‍ സ്ഥാപിച്ചത്.
◾  എന്‍എസ് എസ് പിന്തുണ എല്‍ഡിഎഫിന്റെ മൂന്നാം വരവിന് ഗുണം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്ലാ ജനവിഭാഗത്തിന്റെയും പിന്തുണയുടെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വോട്ടും ഇടതുമുന്നണിക്ക് വേണമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

◾  വോട്ടര്‍പട്ടിക പരിഷ്‌കരണം അനിവാര്യമാണെന്നും പക്ഷേ, അതിന്റെ ലക്ഷ്യം ജനാധിപത്യത്തിന്റെ അട്ടിമറിയാകരുതെന്നും മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരമാവധിപ്പേരെ തിരഞ്ഞെടുപ്പു പ്രക്രിയയിലേക്ക് ആനയിക്കുന്ന വളരെ പോസിറ്റീവായ ഫലപ്രാപ്തിയിലേക്കാകണം അത് നയിക്കേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

◾  തൃശ്ശൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് മൃഗസംരക്ഷണ വകുപ്പ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ എന്‍.ഐ.എച്ച്.എസ്.എ.ഡി. ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ രോഗവ്യാപനം തടയുന്നതിനുള്ള ദ്രുത കര്‍മ്മ സേന പ്രവര്‍ത്തനം ആരംഭിച്ചു.

◾  കേരളത്തില്‍ എയിംസ് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിജെപിയില്‍ തമ്മിലടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേന്ദ്ര മന്ത്രിയും കേരളത്തിലെ ബിജെപി രണ്ട് ഭാഗമായി തിരിഞ്ഞ് തമ്മിലടിക്കുകയാണെന്നും തമ്മിലടി അവസാനിപ്പിക്കണമെന്നും സര്‍ക്കാരും കേന്ദ്രസംഘവും കണ്ടെത്തിയ കിനാനൂര്‍ എയിംസ് അടിയന്തിരമായി അനുവദിക്കണമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. 

◾  എയിംസ് വിഷയത്തില്‍ ബിജെപിക്കുള്ളില്‍ ആശയക്കുഴപ്പമില്ലെന്നും എയിംസ് കേരളത്തില്‍ വരണമെന്നതാണ് പാര്‍ട്ടി നിലപാടെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. എയിംസ് വിഷയത്തില്‍ ഒറ്റക്കെട്ടായ നിലപാടാണ് പാര്‍ട്ടിക്കുള്ളതെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

◾  കസ്റ്റംസിന്റെ ഓപ്പറേഷന്‍ നുംഖോറില്‍ കൊച്ചിയില്‍ നിന്ന് കാര്‍ പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി മൂവാറ്റുപുഴ സ്വദേശി മാഹിന്‍ അന്‍സാരി. ഫേസ് ബുക്ക് മാര്‍ക്കറ്റ് പ്ലേയ്സില്‍ പരസ്യം കണ്ടാണ് വണ്ടി വാങ്ങിയതെന്ന് കാര്‍ ഉടമ മാഹിന്‍ അന്‍സാരി പറഞ്ഞു. താന്‍ നല്‍കിയ രേഖകളില്‍ വാഹനം തന്നവര്‍ ക്രമക്കേട് നടത്തിയെന്നും താന്‍ കബളിപ്പിക്കപ്പെട്ടുവെന്നും മാഹിന്‍ പറഞ്ഞു. തനിക്ക് വാഹനം തന്നവരുടെ വിവരങ്ങള്‍ കസ്റ്റംസിന് കൈമാറിയെന്നും മാഹിന്‍ അന്‍സാരി പറഞ്ഞു.

◾  തമ്പാനൂര്‍ റെയില്‍വേ പാഴ്സല്‍ ഓഫീസിന് മുന്നിലുള്ള നടപ്പാതയില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടി.സി. ഓഫീസ്, നഗരസഭയുടെ സ്ഥലം അതിക്രമിച്ച് കയറി നിര്‍മ്മിച്ചതാണെങ്കില്‍ അത് ഒഴിപ്പിക്കുന്നതിന് നിയമാനുസരണം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു. ഉത്തരവ് ലഭിച്ച് ആറാഴ്ചക്കുള്ളില്‍ നഗരസഭാ സെക്രട്ടറി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. അപകടം കൂടാതെ സഞ്ചരിക്കാന്‍ നിര്‍മ്മിച്ച നടപ്പാത കൈയേറി കെ.എസ്.ആര്‍.ടി.സി. ഓഫീസ് നിര്‍മ്മിച്ചതിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

◾  സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണക്കേസില്‍ കെഎം ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് കെഎം ഷാജഹാന് ജാമ്യം അനുവദിച്ചത്. അറസ്റ്റില്‍ പൊലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. 25000 രൂപയുടെ ബോണ്ട് അടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങിയശേഷം തെളിവുകള്‍ നശിപ്പിക്കരുതെന്നും സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

◾  സിപിഎം നേതാവ് കെ.ജെ. ഷൈനിനുനേരേ സൈബര്‍ അധിക്ഷേപം നടത്തിയെന്ന കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി കെ.എം.ഷാജഹാന്‍. തന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ ഷാജഹാന്‍ ഒരു കുറ്റവും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പറഞ്ഞു.

◾  കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം പൊളിഞ്ഞു വീണുണ്ടായ അപകടത്തില്‍ മരണമടഞ്ഞ ബിന്ദുവിന്റെ കുടുംബം നവീകരിച്ച പുതിയ വീട്ടില്‍ താമസം ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീമാണ് 12.50 ലക്ഷം രൂപ ചെലവഴിച്ച് വീട് പുതുക്കി പണിതത്. നേരത്തെ ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

◾  ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ യുവതിയില്‍ നിന്നും 32 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് മുട്ടഞ്ചേരി സ്വദേശി അബ്ദുള്‍ ഫത്താഹാണ് അറസ്റ്റിലായത്. ടെലിഗ്രാമിലൂടെ പാര്‍ട്ട് ടൈം ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഡോക്ടറായ യുവതിയില്‍ നിന്നും ഇയാള്‍ പണം തട്ടിയത്. വ്യാജ വെബ് പോര്‍ട്ടലില്‍ യുവതിയെ രജിസ്റ്റര്‍ ചെയ്യിച്ചാണ് പ്രതി 32 ലക്ഷം തട്ടിയെടുത്തത്. തട്ടിയെടുത്ത പണം ഹവാല ഇടപാടിനായി ഉപയോഗിച്ചെന്നാണ് പൊലീസിന്റെ നിഗമനം.

◾  മലപ്പുറത്ത് ദേശീയപാതയില്‍ വികെ പടിക്ക് സമീപം തലപ്പാറ വലിയപറമ്പില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ രണ്ടു മരണം. നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചുകയറിയാണ് അപകടമുണ്ടായിരുന്നത്. പള്ളിയില്‍ മതപഠനം കഴിഞ്ഞു മടങ്ങിയ അഞ്ച് ദര്‍സ് വിദ്യാര്‍ഥികളാണ് കാറില്‍ ഉണ്ടായിരുന്നത്. വൈലത്തൂര്‍ സ്വദേശി ഉസ്മാന്‍ (24), വള്ളിക്കുന്ന് സ്വദേശി ശാഹുല്‍ ഹമീദ് (23) എന്നിവര്‍ ആണ് മരിച്ചത്. താനൂര്‍ പുത്തന്‍ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂര്‍ സ്വദേശി സര്‍ജാസ് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

◾  തെക്കന്‍, മധ്യ കേരളത്തില്‍ കനത്ത മഴ തുടരുന്നതിനിടെ ഇന്ന് വടക്കന്‍ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

◾  ബെംഗളൂരുവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിപ്രോ സ്ഥാപകനും ചെയര്‍മാനുമായ അസിം പ്രേംജിയുടെ സഹായം തേടിയ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. റോഡുകളിലെ കുഴികള്‍ അടയ്ക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഭിക്ഷ യാചിക്കുന്നതായി ബിജെപി പറഞ്ഞു. തന്റെ കമ്പനിയുടെ കാമ്പസ് പൊതുഗതാഗതത്തിനായി തുറന്നുകൊടുക്കാനുള്ള മുഖ്യമന്ത്രിയുടെ ആവശ്യം അസിം പ്രേംജി തള്ളിയതിനെ തുടര്‍ന്നാണ് ബിജെപിയുടെ വിമര്‍ശനം.

◾  പശ്ചിമ ബംഗാളിലെ ബിര്‍ഭൂമില്‍ നിന്ന് രണ്ട് സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും ബംഗ്ലാദേശിലേക്ക് നാടുകടത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കി. നാടുകടത്തല്‍ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി, മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേരെയും ഒരു മാസത്തിനുള്ളില്‍ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഉത്തരവിട്ടു. ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്യണമെന്ന കേന്ദ്രത്തിന്റെ അപേക്ഷയും കോടതി തള്ളി.

◾  സല്‍മാന്‍ റുഷ്ദിയുടെ ദി സാത്താനിക് വേഴ്‌സസ് എന്ന പുസ്തകം നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിക്കാര്‍ ഹൈക്കോടതി വിധിയെ വെല്ലുവിളിക്കുകയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇന്ത്യന്‍ വംശജനായ ഇംഗ്ലീഷ് എഴുത്തുകാരനും ബുക്കര്‍ പ്രൈസ് പുരസ്‌കാര ജേതാവുമായ സല്‍മാന്‍ റുഷ്ദിയുടെ ദി സാത്താനിക് വേഴ്സസിന്റെ നിരോധനം ദില്ലി ഹൈക്കോടതി എടുത്തുകളഞ്ഞത്.

◾  സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരായ ലൈംഗികാതിക്രമ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി. ദില്ലി പട്യാല ഹൗസ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ചിരുന്നത്. പ്രതി നിരവധി കേസുകളില്‍ പ്രതിയാണെന്നും ഒളിവില്‍ കഴിയുകയാണെന്നും പൊലീസ് കോടതിയില്‍ വാദിച്ചു. തുടര്‍ന്നാണ് ജാമ്യാപേക്ഷ തള്ളിയത്.

◾  ഉത്തര്‍പ്രദേശ് ബറേലിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം നടന്ന 'ഐ ലവ് മുഹമ്മദ്'  ക്യാമ്പയിന്‍ അക്രമാസക്തമായി. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി ചാര്‍ജ് നടത്തി. അല ഹസ്രത്ത് ദര്‍ഗ, ഐഎംസി മേധാവി മൗലാന തൗഖീര്‍ റാസ ഖാന്റെ വീടിന് പുറത്ത് ഐ ലവ് മുഹമ്മദ് എന്ന പ്ലക്കാര്‍ഡുകളുമായി പ്രതിഷേധക്കാര്‍ ഒത്തുകൂടി.ജനക്കൂട്ടം ഐ ലവ് മുഹമ്മദ് മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയതോടെയാണ് സംഘര്‍ഷം ഉണ്ടായത്. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി.

◾  ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഒരു മദ്രസയിലെ ടോയ്‌ലറ്റിനുള്ളില്‍ 9നും 14നും ഇടയില്‍ പ്രായമുള്ള 40 പെണ്‍കുട്ടികളെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. മദ്രസയുടെ രേഖകള്‍ പരിശോധിക്കുകയും സ്ഥാപനം അടച്ചുപൂട്ടാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. കുട്ടികളെ സുരക്ഷിതമായി വീടുകളിലേക്ക് അയക്കാന്‍ മാനേജ്‌മെന്റിന് നിര്‍ദ്ദേശം നല്‍കിയെന്നും എല്ലാവരും വീട്ടില്‍ തിരിച്ചെത്തിയതായും മുഹമ്മദ് ഖാലിദ് അറിയിച്ചു

◾  നാല് പേര്‍ കൊല്ലപ്പെട്ട ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ സമര നേതാവ് സോനം വാങ് ചുക്ക് അറസ്റ്റില്‍. ദേശസുരക്ഷ നിയമ പ്രകാരമുള്ള അറസ്റ്റില്‍ കലാപത്തിലേക്ക് ജനങ്ങളെ പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അവഗണനക്കെതിരെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്  പ്രതിഷേധക്കാര്‍ക്കൊപ്പം സോനം വാങ് ചുക്ക് പ്രതികരിച്ചിരുന്നു.

◾  ലഡാക്കില്‍ പ്രതിഷേധിച്ച സംഘടനകളുടെ പ്രതിനിധികളുമായി ഇന്ന് ആഭ്യന്തര മന്ത്രാലയം ചര്‍ച്ച നടത്തും. ലഡാക്ക് അപക്സ് ബോഡി, കാര്‍ഗില്‍ ഡമോക്രാറ്റിക് അലയന്‍സ് എന്നീ സംഘനകളുടെ ആറ് പ്രതിനിധികളാണ് ചര്‍ച്ചക്കായി ദില്ലിയിലെത്തിയിരിക്കുന്നത്. സംസ്ഥാന പദവി, സ്വയംഭരണാവകാശം തുടങ്ങിയ വിഷയങ്ങളടക്കം ചര്‍ച്ചയില്‍ ഉയരുമെന്നാണ് വ്യക്തമാകുന്നത്. സോനം വാങ്ചുക്കിയുടെ അറസ്റ്റിന് പിന്നാലെയാണ് ലഡാക്കില്‍ പ്രതിഷേധിച്ച സംഘടനകളുടെ പ്രതിനിധികളുമായി ആഭ്യന്തര മന്ത്രാലയം ചര്‍ച്ച നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. അതേസമയം മാഗ്സസെ പുരസ്‌ക്കാര ജേതാവ് കൂടിയായ സമര നേതാവ് സോനം വാങ് ചുക്കിയെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് രാജസ്ഥാനിലെ ജോധ്പൂരിലേക്കെന്ന് മാറ്റിയെന്ന് അധികൃതര്‍ അറിയിച്ചു.

◾  ഇന്ത്യക്കും കാനഡ ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കവുമായി കാനഡയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് താലി ഡ്രൂയിന്‍ ഇന്ത്യയിലെത്തി.  രാജ്യങ്ങള്‍ക്കിടയിലുണ്ടായ ആശങ്കകള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും പുതിയ മാര്‍ഗം കണ്ടെത്തിയതായി നതാലി നതാലി ഡ്രൂയിന്‍ പറഞ്ഞു.

◾  റഷ്യന്‍ എണ്ണ വാങ്ങിയതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് പിഴ ചുമത്തിയതിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് യുക്രൈന്‍ യുദ്ധ തന്ത്രം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടിന്റെ പ്രസ്താവനക്കെതിരെ ഇന്ത്യ രംഗത്ത്. മാര്‍ക്ക് റുട്ടിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് നാറ്റോക്കെതിരെ ഇന്ത്യ രംഗത്തെത്തിയത്. നാറ്റോയെ പോലെ സുപ്രധാന സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നവര്‍ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ കൂടുതല്‍ ഉത്തരാദിത്വവും ജാഗ്രതയും പാലിക്കണമെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രതികരിച്ചു.

◾  ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും പാകിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫിനുമെതിരെ ഐസിസിയുടെ നടപടി. ഹാരിസ് മാച്ച് ഫീയുടെ 50 ശതമാനം പിഴയടയ്ക്കണം. ഇന്ത്യക്കെതിരായ മത്സരത്തില്‍ ഹാരിസ് റൗഫ് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കിടെ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ടുവെന്ന അവകാശവാദത്തെ സൂചിപ്പിക്കാനായി 6-0 എന്ന് വിരലുകള്‍ കൊണ്ട് കാണിച്ചിരുന്നു. പാകിസ്ഥാനേതിരായ ജയം പഹല്‍ഗാം രക്തസാക്ഷികള്‍ക്ക് സമര്‍പ്പിച്ച സൂര്യകുമാര്‍ യാദവ് മാച്ച് ഫീയുടെ 30 ശതമാനം പിഴ അടയ്ക്കണം. അതേസമയം ബാറ്റ് കൊണ്ടു വെടിയിതിര്‍ക്കുന്നത് പോലെ കാണിച്ച പാക് താരം സാഹിബ്‌സാദ ഫര്‍ഹാനെ താക്കീത് നല്‍കി വെറുതെവിട്ടു.

◾  ഏഷ്യാകപ്പ് ക്രിക്കറ്റിലെ അത്യന്തം ആവേശകരമായ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച ശ്രീലങ്കയ്ക്ക് സൂപ്പര്‍ ഓവറില്‍ തോല്‍വി. സൂപ്പര്‍ ഓവറില്‍ ലങ്ക ഉയര്‍ത്തിയ മൂന്ന് റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അനാസായാസം മറികടന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 31 ബോളില്‍ 61 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടേയും 34 പന്തില്‍ 49 റണ്‍സെടുത്ത തിലക് വര്‍മയുടേയും 23 പന്തില്‍ 39 റണ്‍സെടുത്ത സഞ്ജു സാംസണിന്റേയും കരുത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 58 പന്തില്‍ 107 റണ്‍സെടുത്ത പതും നിസംഗയുടേയും 32 പന്തില്‍ 58 റണ്‍സെടുത്ത കുശാല്‍ പെരേരയുടേയും കൂട്ടുകെട്ടിലൂടെ ഇന്ത്യയെ വിറപ്പിച്ച ശ്രീലങ്കക്കും 5 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. പിന്നാലെ നടന്ന സൂപ്പര്‍ ഓവര്‍ പോരാട്ടത്തില്‍ ഇന്ത്യക്കായി പന്തെറിഞ്ഞ അര്‍ഷ്ദീപ് 2 വിക്കറ്റ് വീഴ്ത്തി 2 റണ്‍സ് മാത്രമാണ് ശ്രീലങ്കക്ക് വിട്ടു കൊടുത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യയുടെ സ്യൂര്യകുമാര്‍ യാദവ്  ആദ്യ പന്തില്‍ തന്നെ മൂന്ന് റണ്‍സെടുത്ത് വിജയം നേടി തന്നു.

◾  വിപണി മൂല്യത്തില്‍ ലോകത്തിലെ എട്ടാമത്തെ വാഹന നിര്‍മാതാവായി മാരുതി സുസുക്കി. ജപ്പാനിലെ മാതൃകമ്പനിയെ പോലും മറികടന്നാണ് ഇന്ത്യന്‍ യൂണിറ്റിന്റെ മുന്നേറ്റം. 57.6 ബില്യന്‍ ഡോളര്‍ (ഏകദേശം 5.1 ലക്ഷം കോടി രൂപ) മൂല്യാണ് മാരുതിക്കുള്ളത്. ഫോര്‍ഡ് മോട്ടോറിന്റെ 46.3 ബില്യന്‍ ഡോളറിന്റെയും ജനറല്‍ മോട്ടോഴ്‌സിന്റെ 57.1 ബില്യന്‍ ഡോളറിന്റെയും ഫോക്‌സ്വാഗന്റെ 55.7 ബില്യന്‍ ഡോളറിന്റെയും വിപണി മൂല്യത്തെയാണ് മാരുതി മറികടന്നത്. അതേസമയം, ആദ്യസ്ഥാനത്ത് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ടെസ്ല മോട്ടോഴ്‌സ് ആണെന്നും കണക്കുകള്‍ പറയുന്നു. 1.47 ലക്ഷം കോടി ഡോളറാണ് ടെസ്ലയുടെ വിപണി മൂല്യം. 314 ബില്യന്‍ ഡോളറുമായി ടൊയോട്ട, 133 ബില്യന്‍ ഡോളറുമായി ബി.വൈ.ഡി. 92.7 ബില്യന്‍ ഡോളറുമായി ഫെറാറി, 61.3 ബില്യന്‍ ഡോളറുമായി ബി.എം.ഡബ്ല്യൂ, 59.8 ബില്യന്‍ ഡോളറുമായി മെഴിസിഡസ് ബെന്‍സ് ഗ്രൂപ്പ് എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. 59 ബില്യന്‍ ഡോളറിന്റെ വിപണി മൂല്യമുള്ള ഹോണ്ട മോട്ടോറും മാരുതിക്ക് തൊട്ടുമുന്നിലുണ്ട്.

◾  ജയിംസ് കാമറൂണിന്റെ എപിക് സയന്‍സ് ഫിക്ഷന്‍ ചിത്രം 'അവതാറി'ന്റെ മൂന്നാം ഭാഗം 'അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്' പുതിയ ട്രെയിലര്‍ എത്തി. മറ്റൊരു ദൃശ്യ വിസ്മയമാകും ചിത്രം സമ്മാനിക്കുക എന്ന ഉറപ്പ് ട്രെയിലര്‍ നല്‍കുന്നു. കൂടാതെ വരാന്‍ങ് എന്ന പുതിയ കഥാപാത്രത്തെയും അണിയറക്കാര്‍ പരിചയപ്പെടുത്തുന്നു.  ഊന ചാപ്ലിന്‍ ആണ് വരാന്‍ങ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു അഗ്നി പര്‍വതത്തിനോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ആഷ് ഗ്രാമത്തിലുളള ഗോത്ര വിഭാഗക്കാരെയാണ് ഇത്തവണ കാമറൂണ്‍ പരിചയപ്പെടുത്തുന്നത്. പയാക്കാന്‍ എന്ന തിമിംഗലവും ഈ ചിത്രത്തിലുണ്ട്. 2022ല്‍ പുറത്തിറങ്ങിയ 'അവതാര്‍: ദ് വേ ഓഫ് വാട്ടര്‍' എന്ന സിനിമയുടെ തുടര്‍ച്ചയാണ് 'അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്'. സാം വര്‍തിങ്ടണ്‍, സോയ് സല്‍ദാന, സ്റ്റീഫന്‍ ലാങ്, ജോയല്‍ ഡേവിഡ്, ദിലീപ് റാവു, ബ്രിട്ടന്‍ ഡാല്‍ടണ്‍, ഫിലിപ് ഗെല്‍ജോ, ജാക്ക് ചാമ്പ്യന്‍ എന്നിവര്‍ അതേ കഥാപാത്രങ്ങളായി മൂന്നാം ഭാഗത്തിലുമെത്തും. ട്വന്റീത്ത് സെഞ്ചറി സ്റ്റുഡിയോസ് വിതരണം ചെയ്യുന്ന സിനിമ ഈ വര്‍ഷം ഡിസംബര്‍ 19ന് തിയറ്ററുകളിലെത്തും.

◾  മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2001 ല്‍ പുറത്തെത്തിയ 'രാവണപ്രഭു' റീ റിലീസിനൊരുങ്ങുന്നു. 4കെ, ഡോള്‍ബി അറ്റ്മോസ് ദൃശ്യ, ശ്രാവ്യ മികവിലേക്ക് റീമാസ്റ്റര്‍ ചെയ്യപ്പെട്ടാണ് ചിത്രം വീണ്ടുമെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുത്തന്‍ റീ റിലീസ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. 'ഇത് അയാളുടെ കാലമല്ലേ ഇതിങ്ങനെ തുടരും' എന്നാണ് പോസ്റ്ററിന്റെ തലക്കെട്ട്. ഒക്ടോബര്‍ പത്തിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. രഞ്ജിത്തിന്റെ സംവിധാന അരങ്ങേറ്റചിത്രം കൂടിയായിരുന്നു രാവണപ്രഭു. രഞ്ജിത്തിന്റെ തന്നെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത് 1993 ല്‍ പുറത്തെത്തി കള്‍ട്ട് സ്റ്റാറ്റസ് നേടിയ ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെ അയാളുടെ മകനൊപ്പം അവതരിപ്പിക്കുകയായിരുന്നു സംവിധാന അരങ്ങേറ്റ ചിത്രത്തില്‍ രഞ്ജിത്ത്. വന്‍ വിജയവുമായിരുന്നു റിലീസ് സമയത്ത് രാവണപ്രഭു. മലയാളത്തില്‍ റീ റിലീസില്‍ വിജയിച്ച പല ചിത്രങ്ങളുടെയും റീമാസ്റ്ററിംഗ് നിര്‍വ്വഹിച്ച മാറ്റിനി നൗ ആണ് രാവണപ്രഭുവും റീമാസ്റ്റര്‍ ചെയ്തിരിക്കുന്നത്.

◾  ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സ്വന്തമാക്കി മാരുതി സുസുക്കി പ്രീമിയം എംപിവി ഇന്‍വിക്ടോ. ടൊയോട്ട ഇന്നോവയുടെ മാരുതി സുസുക്കി ബ്രാന്‍ഡ് എന്‍ജിനീയേഡ് പതിപ്പായ ഇന്‍വിക്ടോ മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32ല്‍ 30.43 ഉം കുട്ടികളുടെ സുരക്ഷയില്‍ 49ല്‍ 45ഉം പോയിന്റുകള്‍ നേടിയാണ് 5 സ്റ്റാര്‍ നേടിയിരിക്കുന്നത്. മുന്നിലെ ഇടി പരീക്ഷയില്‍ സാധ്യമായ 16ല്‍ 14.43 പോയിന്റാണ് ഇന്‍വിക്ടോ നേടിയത്. വശങ്ങളിലെ ഇടി പരീക്ഷയില്‍ 16ല്‍ 16 പോയിന്റും ഇന്‍വിക്ടോ നേടി. കുട്ടികളുടെ മുന്നിലേയും വശങ്ങളിലേയും ഇടി പരീക്ഷയില്‍ ഇന്‍വിക്ടോ 24ല്‍ 24 പോയിന്റും നേടി. ചൈല്‍ഡ് റീസ്‌ട്രെയിന്റ് സിസ്റ്റം ഇന്‍സ്റ്റലേഷന്‍ ടെസ്റ്റിലും ഇന്‍വിക്ടോക്ക് 12ല്‍ 12 പോയിന്റും ലഭിച്ചു. ഇന്റഗ്രേറ്റഡ് ചൈല്‍ഡ് റീസ്‌ട്രെയിന്റ് സിസ്റ്റം ഇല്ലാതിരുന്നതിനാല്‍ വെഹിക്കിള്‍ അസസ്‌മെന്റ് ടെസ്റ്റില്‍ 13ല്‍ 9 പോയിന്റിലേക്ക് ഒതുങ്ങുകയും ചെയ്തു. 24.97 ലക്ഷം രൂപ മുതലാണ് ഇന്‍വിക്ടോ എംപിവിയുടെ വില ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന ആല്‍ഫ പ്ലസ് വകഭേദത്തിന് 28.60 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. 2.0 ലീറ്റര്‍, ഫോര്‍സിലിണ്ടര്‍ എന്‍ജിനും ഇലക്ട്രിക്ക് മോട്ടോറും ചേര്‍ന്ന് 184 എച്ച്പി കരുത്ത് പുറത്തെടുക്കും. ഇ-സിവിടി ട്രാന്‍സ്മിഷനുമായാണ് എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്.

◾  നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തമിഴകത്തിലെ ഇതിഹാസ പ്രസിദ്ധമായ കാവേരിപുരം പട്ടണത്തില്‍ നിന്ന് രാജകോപവും മറ്റും കാരണം നാടുവിട്ട് പഴയ വേണാട്ടിലെ ഇരണിയലിലേക്ക് (ഇപ്പോള്‍ കന്യാകുമാരി ജില്ലയില്‍) കുടിയേറിപ്പാര്‍ക്കാന്‍ നിര്‍ബന്ധിതമായ ഒരു ചെട്ടിയാര്‍ കുടുംബത്തിന്റെ ഇപ്പോഴത്തെ രണ്ടു തലമുറകളുടെ ചരിത്രമാണ് ഈ കൃതിയില്‍ അനാവരണം ചെയ്യപ്പെടുന്നത്. 1967 മാര്‍ച്ചില്‍ തന്റെ 28-ാം വയസില്‍ നീല പത്മനാഭന്‍ എഴുതിത്തീര്‍ത്ത തലമുറകള്‍ അദ്ദേഹത്തിന്റെ ഓസ്റ്റര്‍പീസ് എന്ന് കരുതുന്നതില്‍ തെറ്റില്ല. ആധുനിക ഭാരതീയ സാഹിത്വങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ 10 നോവലുകളില്‍ ഒന്നായി തലമുറകളെ തെരഞ്ഞെടുത്ത കാ നാ സുബ്രഹ്‌മണ്യത്തിന്റെ നിഗമനം അസ്ഥാനത്തായിരുന്നില്ലെന്ന് ഈ കൃതി വായിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. 'തലമുറകള്‍'. നീല പത്മനാഭന്‍. സൈന്‍ ബുക്സ്. വില 342 രൂപ.

◾  ഭക്ഷണം ശരീരത്തിന് മാത്രമല്ല, മനസിനും ഇന്ധനമാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണം നമ്മുടെ മാനസികാരോഗ്യത്തെയും നേരിട്ടു ബാധിക്കുന്നു. പുളിപ്പിച്ച ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും തലച്ചോറിന്റെ പ്രവര്‍ത്തനം മികച്ചതാക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പഠനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഇവ കുടലിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കിയതായി ഗവേഷകര്‍ പറയുന്നു. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുന്നത് തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണെന്നാണ് ഗവേഷകര്‍ പറയുന്നത്. പുളിപ്പിച്ച ഭക്ഷണം ആമാശയത്തില്‍ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഇത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുമെന്ന് മാത്രമല്ല മാനസികാവസ്ഥ മെടച്ചെപ്പെടുത്താനും സമ്മര്‍ദം കുറയ്ക്കാനും നേരിട്ട് സ്വാധീനം ചെലുത്തും. പുളിപ്പിച്ച ഭക്ഷണങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന സെറാടോണിന്‍ ഉത്പാദിപ്പിക്കുന്ന അമിനോ ആസിഡായ ട്രിപ്‌റ്റോഫാന്റെ ഉറവിടമാണ്. കൂടാതെ പുളിപ്പിച്ച ഭക്ഷണങ്ങളില്‍ സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ അഥവാ ബ്രെയിന്‍ മെസഞ്ചറുകള്‍ അടങ്ങിയിട്ടുണ്ട്. തൈര്, അച്ചാറുകള്‍, ദോശ, ഇഡലി, ദോക്ല തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താം.

*ശുഭദിനം*
*കവിത കണ്ണന്‍*
കടലില്‍ ഉല്ലസിച്ചുനടക്കുന്നതിനിടയിലാണ് തിമിംഗലത്തിന് ഒരു കോര്‍ക്ക് കിട്ടിയത്. ആ കോര്‍ക്കിനെ കടിച്ചെടുത്ത് അത് കടലിന്റെ അടിയിലേക്ക് പോയി.  അല്‍പം കഴിഞ്ഞ് കടിവിട്ടപ്പോള്‍ കോര്‍ക്ക് മുകളിലേക്ക് പൊങ്ങി.  തിമിംഗലം വീണ്ടും കോര്‍ക്കിനെ കടിച്ചെടുത്ത് കൂടുതല്‍ ആഴങ്ങളിലേക്ക് പോയി. പിടുത്തം വിട്ടപ്പോള്‍ കോര്‍ക്ക് വീണ്ടും മുകളിലെത്തി.  അപ്പോള്‍ തിമിംഗലം കോര്‍ക്കിനോട് ചോദിച്ചു:  ഞാന്‍ നിന്നെയും കൊണ്ട് എത്ര താഴ്ന്ന് പോയിട്ടും  നീയെങ്ങിനെയാണ് നിമിഷങ്ങള്‍ക്കുളളില്‍ മുകളിലെത്തുന്നത്.  കോര്‍ക്ക് പറഞ്ഞു:  എത്രയധികം ആഴത്തിലേക്ക് പോയാലും പൊങ്ങിവരത്തക്കവിധമുളള വസ്തുകൊണ്ടാണ് ഞാന്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്..  താഴ്ത്തിക്കെട്ടാന്‍ പലരുമുണ്ടാകും.  പക്ഷേ, ഉയര്‍ന്നുനില്‍ക്കുക എന്നത് നമ്മുടെ മാത്രം ഉത്തരവാദിത്വമാണ്.  അനുകൂലമായ സാഹചര്യങ്ങളും വ്യക്തികളും കൂടെയുണ്ടാകും എന്നത് ഒരു പ്രതീക്ഷമാത്രമാണ്.  എല്ലാവരും അവനവനുവേണ്ടി ജീവിക്കുന്നതുകൊണ്ട് അതിനുളള സാഹചര്യം വിരളമായിരിക്കും.  എന്തുകൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് എന്നത് തന്നെയാണ് പ്രധാനം.  ഇനി നിര്‍മ്മാണത്തില്‍ അപാകതകളുണ്ടെങ്കില്‍ രൂപമാറ്റം സംഭവിപ്പിച്ച് ശക്തിയാര്‍ജ്ജിക്കണം.  എന്തിനെയും അതിജീവിക്കാന്‍ കഴിയണം.  അനാവശ്യമായവയെ ഒഴിവാക്കാനാകണം.  പോരാട്ടവീര്യം നിലനിര്‍ത്തണം.  തുടര്‍പരീക്ഷണങ്ങള്‍ക്ക് തയ്യാറാകണം.  ഉള്‍ബലത്തിന്റെ കരുത്ത് കൂട്ടണം.  ഉള്‍ബലത്തെ ഉടയാതെ കാക്കണം - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right