Trending

പ്രഭാത വാർത്തകൾ

2025  സെപ്റ്റംബർ 28  ഞായർ 
1201  കന്നി 12  തൃക്കേട്ട  
1447  റ : ആഖിർ 05
   
◾  തമിഴ്നാട്ടിലെ കരൂരില്‍ തമിഴക വെട്രി കഴകം നേതാവും സിനിമാതാരവുമായ വിജയ് നയിച്ച റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 39 പേര്‍ മരിച്ചു. ഇതില്‍ 9 കുട്ടികളും 17 സ്ത്രീകളും ഉള്‍പ്പെടുന്നു. 29 പേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. കുഴഞ്ഞു വീണ കുട്ടികളടക്കം 117 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 17 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. പരുക്കേറ്റവരില്‍ 9 പൊലീസുകാരുമുണ്ട്.

◾  കരൂരില്‍ ഇന്നലെ നടന്ന പരിപാടിയില്‍ വിജയ് എത്തുമെന്നറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായത്. ഉച്ചയോടെ വിജയ് കരൂരില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും താരം സ്ഥലത്തെത്താന്‍ കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും വൈകി. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പും കനത്ത ചൂടും കാരണം ജനക്കൂട്ടത്തില്‍ പലരും തളര്‍ന്നുവീഴാന്‍ തുടങ്ങിയിരുന്നു. വിജയ് എത്തിയതോടെ അദ്ദേഹത്തിന്റെ പ്രചാരണ വാഹനത്തിന് അടുത്തേക്ക് എത്താന്‍ ആളുകള്‍ ശ്രമം നടത്തിയതോടെ നിരവധിയാളുകള്‍ തെന്നിവീണു. ആളുകള്‍ കൂട്ടത്തോടെ വീണതോടെ പലര്‍ക്കും ഗുരുതരമായി പരിക്കേറ്റു. സ്ഥലത്തെത്തിയ ആംബുലന്‍സുകള്‍ക്ക്, കനത്ത ജനക്കൂട്ടം കാരണം പരിക്കേറ്റവരുടെ അടുത്തേക്ക് എത്താനും ആശുപത്രിയിലേക്ക് കൊണ്ടുപോകാനും തടസം നേരിട്ടത് അപകടത്തിന്റെ വ്യാപ്തി കൂട്ടി.

◾  കരൂര്‍ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എത്തി. കരൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എത്തിയത്. കരൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തിയാണ് സ്റ്റാലിന്‍ മൃതദേഹങ്ങള്‍ക്ക് ആദരമര്‍പ്പിച്ചത്. പരിക്കേറ്റ് ചികിത്സയിലുള്ളവരെ അദ്ദേഹം സന്ദര്‍ശിച്ചു. അതേസമയം ആയിരത്തോളം പേര്‍ക്ക് പരിക്കുണ്ടെന്നാണ് ആശുപത്രിവൃത്തങ്ങള്‍ പറയുന്നത്.

◾  കരൂരില്‍ സംഭവിച്ചത് വിവരിക്കാനാവാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗത്തിനിടയില്‍ പാടില്ലാത്ത ദുരന്തമാണ് നടന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് അരുണാജഗദീശന്‍ മേധാവിയായിട്ടുള്ള ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിനുശേഷം ഉചിതമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം വിജയുടെ അറസ്റ്റാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമാണ്.

◾  കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് ഒരുലക്ഷം രൂപയും നല്‍കും. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചെന്നൈയിലുള്ള മറ്റ് മന്ത്രിമാരും ചേര്‍ന്ന അടിയന്തരയോഗത്തിലാണ് തീരുമാനമുണ്ടായത്.

◾  കരൂര്‍ ദുരന്തത്തില്‍ പ്രതികരിച്ച് തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്. തന്റെ ഹൃദയം തകര്‍ന്നിരിക്കുന്നുവെന്നും തനിക്ക് ഇത് താങ്ങാന്‍ കഴിയുന്നില്ലെന്നും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും അപകടത്തില്‍പ്പെട്ടവരുടെ കുടുംബത്തിനൊപ്പമുണ്ടെന്നും അവരുടെ നന്മയ്ക്കായി പ്രാര്‍ഥിക്കുന്നുവെന്നും വിജയ് എക്‌സില്‍ കുറിച്ചു. അപകടം നടന്നതിന് പിന്നാലെ ഒന്നും പ്രതികരിക്കാതെ വിജയ് ട്രിച്ചി വഴി ചെന്നൈയിലേക്ക് മടങ്ങിയിരുന്നു.

◾  കരൂര്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ആഭ്യന്തര മന്ത്രി അമിത്ഷായും ദുരന്തത്തില്‍ ദുഖം രേഖപ്പെടുത്തി. നടന്‍ രജനീകാന്തും നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസനും നടിയും ബിജെപി നേതാവുമായ ഖുശ്ബുവും ദുരന്തത്തില്‍  നടുക്കം രേഖപ്പെടുത്തി.

◾  തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ വീണ്ടും അവസരം. നാളെ മുതല്‍ അടുത്ത മാസം 14 വരെ അപേക്ഷ നല്‍കാം. എല്ലാ വോട്ടര്‍മാര്‍ക്കും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വോട്ടര്‍ പട്ടിക പുതുക്കുന്നതിനായി കരട് പട്ടിക നാളെ പുറത്തിറക്കും. ഈ മാസം ആദ്യം ഇറക്കിയ പുതുക്കിയ പട്ടികയാണ് കരട് പട്ടികയായി പ്രസിദ്ധീകരിക്കുന്നത്. എല്ലാ വോട്ടര്‍മാര്‍ക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കി കൊണ്ടാണ് പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നത്. അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ 25ന് പ്രസിദ്ധീകരിക്കും.

◾  സംസ്ഥാനത്ത് സ്‌കൂള്‍ കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാരിന്റെ വക 1000 രൂപ ഗ്രാന്‍ഡ് ആയി നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ജനപങ്കാളിത്തത്തോട് കൂടി പരാതി രഹിതമായി കലോത്സവം സംഘടിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും താമസം, ഭക്ഷണം തുടങ്ങിയവയല്ലാം കൃത്യമായി സജ്ജീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾  സംസ്ഥാന സ്‌കൂള്‍ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതെന്ന് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ തൃശ്ശൂര്‍ അതിരൂപത വിദ്യാഭ്യാസ ജാഗ്രത സമിതി യോഗം ചേര്‍ന്ന ശേഷമാണ് പ്രതികരണം. എന്‍എസ്എസ് മാനേജ്മെന്റ് മാത്രമാണ് ഭിന്നശേഷി സംബന്ധമായ നിയമങ്ങള്‍ പാലിക്കുന്നതെന്ന മന്ത്രിയുടെ വ്യാഖ്യാനം സത്യവിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ എന്‍എസ്എസിന് ലഭിച്ച സുപ്രീംകോടതി വിധിക്ക് സമാനമായ വിധി ഹൈക്കോടതിയില്‍ നിന്നും ക്രിസ്ത്യന്‍ മാനേജ്മെന്റ് കണ്‍സോര്‍ഷ്യം നേടിയിട്ടുണ്ടെന്നും ഇതെല്ലാം മറച്ചുവെച്ചുള്ള മന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും യോഗം വിലയിരുത്തി. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ പാലിച്ചു പോരുന്നുണ്ടെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചൂണ്ടിക്കാട്ടി.

◾  കണ്ണൂരില്‍ പി എസ് സി പരീക്ഷയില്‍ കോപ്പിയടി. ക്യാമറയും ബ്ലൂ ടൂത്ത് ഹെഡ്സെറ്റും ഉപയോ?ഗിച്ചാണ് കോപ്പിയടിച്ചത്. സംഭവത്തില്‍ കണ്ണൂര്‍ പെരളശ്ശേരി സ്വദേശി മുഹമ്മദ് സഹദ് അറസ്റ്റിലായി. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷക്കിടയിലായിരുന്നു കോപ്പിയടി നടന്നത്. കോപ്പിയടിക്കുന്നതിനിടെയാണ് മുഹമ്മദ് സഹദ് പിടിയിലായത്. ഇയാള്‍ നേരത്തെ പി എസ് സിയുടെ അഞ്ച് പരീക്ഷകള്‍ എഴുതിയിട്ടുണ്ട്. ഈ പരീക്ഷകളിലും ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം നടത്തിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്.

◾  സമദൂരത്തിലെ ശരിദൂരമാണ് എന്‍എസ്എസിന്റെ ഇപ്പോഴത്തെ നിലപാടെന്ന് ഇന്നലെ നടന്ന പ്രതിനിധി സഭാ യോഗത്തില്‍ നിലപാട് വ്യക്തമാക്കിയ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും വ്യാപക പോസ്റ്ററുകള്‍. പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചത്. പത്തനംതിട്ട കലഞ്ഞൂര്‍ എന്‍എസ്എസ് കരയോഗ കെട്ടിടങ്ങള്‍ക്ക് മുന്നിലാണ് പോസ്റ്ററുകളും ബാനറും പ്രത്യക്ഷപ്പെട്ടത്. ഇന്നത്തെ പ്രതിനിധിസഭ യോഗ തീരുമാനത്തിലൂടെ അയ്യപ്പഭക്തരെ പിന്നില്‍ നിന്ന് കുത്തിയെന്നാണ് പോസ്റ്ററിലെ ആക്ഷേപം.

◾  ശബരിമലയുമായി ബന്ധപ്പെട്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നടത്തിയ പരാമര്‍ശത്തില്‍ എന്‍ എസ് എസ് നേതൃത്വത്തിനെതിരെ കൊല്ലം ശാസ്താംകോട്ട വേങ്ങയിലും ബാനര്‍ ഉയര്‍ന്നു. സമുദായത്തെ ഒറ്റികൊടുക്കാന്‍ ശ്രമിച്ച നേതൃത്വം സമുദായത്തിന് നാണക്കേടെന്നാണ് ബാനറിലെ വാചകം. എന്‍എസ്എസ് കരയോഗം ഓഫീസിന് മുന്നിലാണ് ബാനര്‍ കെട്ടിയത്. വേങ്ങയിലെ എന്‍ എസ് എസ് അനുഭാവികളെന്നാണ് ബാനറിലെ പരാമര്‍ശം.

◾  സിപിഎം നേതാവ് കെ.ജെ.ഷൈന്റെ പരാതിയിലെടുത്ത കേസില്‍ അനാവശ്യ തിടുക്കം കാണിച്ചെന്ന വിമര്‍ശനമുയര്‍ന്നതോടെ വെട്ടിലായി പൊലീസ്. കെ.എം.ഷാജഹാനെ അറസ്റ്റ് ചെയ്തതതില്‍ കോടതിയുള്‍പ്പെടെ എതിരായതോടെ അന്വേഷണസംഘം ഇന്ന് യോഗം വിളിച്ചു. സമ്മര്‍ദ്ദത്തിന് വഴങ്ങി മുന്നോട്ട് പോകേണ്ടെന്നും തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രം മതി തുടര്‍ നടപടികളെന്നുമുള്ള വിലയിരുത്തലിലാണ് ഉദ്യോഗസ്ഥര്‍.

◾  മാതാ അമൃതാന്ദമയിയെ കണ്ടതിലെ വിവാദത്തില്‍ മറുപടിയുമായി മന്ത്രി സജി ചെറിയാന്‍. അമ്മയെ ചുംബിച്ചതില്‍ എന്താണ് തെറ്റെന്ന് മന്ത്രി സജി ചെറിയാന്‍ ചോദിച്ചു. മാതാ അമൃതാനന്ദമയി ദൈവമാണെന്ന് പറഞ്ഞിട്ടില്ലെന്നും മാതാ അമൃതാന്ദമയി ലോകം ആദരിക്കുന്ന അമ്മയാണെന്നും ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണെന്നും അതാണ് സര്‍ക്കാര്‍ ചെയ്തതെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

◾  എല്‍ഡിഎഫ് മതങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും മതഭ്രാന്തിനൊപ്പമല്ലെന്നും ബിനോയ് വിശ്വം. യഥാര്‍ത്ഥ വിശ്വാസങ്ങളെ സ്വീകരിക്കുന്ന നിലപാടാണ് എല്‍ഡിഎഫിനുള്ളത്. എന്നാല്‍, മതഭ്രാന്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവത്തില്‍ സജി ചെറിയാന്റെ ചിത്രം കണ്ടിട്ടില്ലെന്നും അത് സജി ചെറിയാനോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

◾  കേരളത്തില്‍ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ പ്രസ്താവനയില്‍ ബിജെപിക്കുള്ളിലും തര്‍ക്കം. എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി ആവര്‍ത്തിക്കുന്നതിനിടെ, കേന്ദ്ര നിയമം അനുസരിച്ച് മാത്രമായിരിക്കും എയിംസ് അനുവദിക്കുകയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിജെപി നേതാവ് എം.ടി രമേശ്. സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ താല്‍പര്യങ്ങളും ആവശ്യവുമാണെന്നും, ഓരോ നേതാക്കളും അവരവര്‍ക്ക് ഇഷ്ടമുള്ളിടത്ത് ആവശ്യപ്പെടുമെന്നും എംടി രമേശ് കൂട്ടിച്ചേര്‍ത്തു.

◾  മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളില്‍ നിന്ന് 404 കാട്ടുപന്നികളെ വെടിവച്ചു കൊന്നതായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ കണക്കുകള്‍. അപകടകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാമെന്ന സര്‍ക്കാരിന്റെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. കഴിഞ്ഞ മാസം മാത്രം 67 പന്നികളെയാണ് ലൈസന്‍സുള്ള ഷൂട്ടര്‍മാര്‍ വെടിവെച്ചു കൊന്നതെന്ന് കണക്കുകള്‍ പറയുന്നു.

◾  തൃശൂര്‍ കണിമംഗലത്ത് മോഷണ ശ്രമത്തിനിടെ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതിക്ക് 19 വര്‍ഷം തടവും രണ്ടാം പ്രതിക്ക് പതിനാല് വര്‍ഷം തടവുമാണ് തൃശൂര്‍ രണ്ടാം അഡീഷ്ണല്‍ സെഷന്‍സ് കോടതി വിധിച്ചത്. പതിനൊന്ന് കൊല്ലം മുമ്പ് നവംബര്‍ പത്തൊമ്പത്തിന് കണിമംഗലത്തെ കൈതക്കോടന്‍ വീട്ടില്‍ വിന്‍സന്റ് എന്ന 79കാരനെ കൊലപ്പെടുത്തിയ കേസിലാണ് രണ്ടു പ്രതികളെ കോടതി ശിക്ഷിച്ചത്.

◾  ഓപ്പറേഷന്‍ നുംഖോര്‍ പരിശോധനയുടെ ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വാഹനം കസ്റ്റംസ് കണ്ടെത്തി. കൊച്ചിയിലുള്ള ഫ്ലാറ്റില്‍ നിന്നാണ് ദുല്‍ഖര്‍ സല്‍മാന്റെ നിസാന്‍ പട്രോള്‍ കാര്‍ കസ്റ്റംസ് കണ്ടെത്തിയത്. രേഖകളില്‍ വാഹനത്തിന്റെ ഫസ്റ്റ് ഓണര്‍ ഇന്ത്യന്‍ ആര്‍മിയെന്നാണുള്ളത്. ഹിമാചല്‍ സ്വദേശിയില്‍ നിന്നാണ് ദുല്‍ഖര്‍ വാഹനം വാങ്ങിയതെന്നാണ് രേഖ. ദുല്‍ഖറിന്റെ രണ്ട് ലാന്‍ഡ് റോവര്‍ വാഹനങ്ങളും രണ്ട് നിസാന്‍ പട്രോള്‍ വാഹനങ്ങളാണ് കസ്റ്റംസിന്റെ സംശയനിഴലിലുള്ളത്.

◾  റേഷന്‍ ഡിപ്പോ കൈക്കൂലി കേസിലെ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിനെതിരെ അടൂര്‍ പ്രകാശ് എംപി സുപ്രീം കോടതിയിയെ സമീപിച്ചു. 475 ദിവസം വൈകി നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കേരള ഹൈക്കോടതി നടപടിക്കെതിരെയാണ് അടൂര്‍ പ്രകാശ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. അടൂര്‍ പ്രകാശിനെ കോഴിക്കോട് വിജിലന്‍സ് കോടതി കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് നേരത്തേ ഒഴിവാക്കിയിരുന്നു. അപ്പീല്‍ വൈകിയതില്‍ സര്‍ക്കാരിന് കൃത്യമായ വിശദീകരണം നല്‍കാനായില്ലെന്നും അടൂര്‍ പ്രകാശ് അപ്പീലില്‍ പറയുന്നു.

◾  കൊച്ചി കോര്‍പ്പറേഷന്‍ നിര്‍മിച്ച ഫ്ലാറ്റുമായി ബന്ധപ്പെട്ട് യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള ക്രെഡിറ്റ് തര്‍ക്കം മുറുകുന്നു. തുരുത്തി ഇരട്ട ഫ്ലാറ്റ് സമുച്ചയത്തിന്റെ ക്രെഡിറ്റ് യുഡിഎഫിനാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. പദ്ധതി തുടക്കം കുറിച്ചത് യുഡിഫ് ആണെന്ന് കൊച്ചിയിലെ മുന്‍ മേയര്‍മാരായ ടോണി ചമ്മിണി, സൗമിനി ജെയിന്‍ എന്നിവര്‍ പറഞ്ഞു. എല്ലാം നടപടി ക്രമങ്ങളും മുന്നോട്ട് കൊണ്ടുപോയത് യുഡിഎഫ് ആണ്. അതിനെതിരെ കൗണ്‍സില്‍ യോഗത്തില്‍ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചത് സിപിഎം ആണെന്നും അവര്‍ പറഞ്ഞു.

◾  എന്‍എസ്എസുമായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് ലീഗ് തയ്യാറെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എന്‍.എസ്.എസ് വിഷയത്തില്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്നും യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ എന്ത് ചെയ്യണോ അത് മുസ്ലിം ലീഗ് ചെയ്യുമെന്നും തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

◾  ചേര്‍ത്തലയിലെ ബിന്ദു പത്മനാഭന്‍ കൊലപാതകക്കേസില്‍ പ്രതി സെബാസ്റ്റ്യന്റെ വെളിപ്പെടുത്തലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2006 മെയ് മാസത്തിലാണ് കൊലപാതകം നടന്നത്. ബിന്ദുവിനെ കൊന്ന് കഷ്ണങ്ങളാക്കി മറവ് ചെയ്തു. പള്ളിപ്പുറത്തെ വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടു. പഴകി എന്ന് ഉറപ്പാക്കിയ ശേഷം എല്ലുകള്‍ കത്തിച്ചു. അവശേഷിച്ച അവശിഷ്ടങ്ങള്‍ പലയിടങ്ങളിളായി സംസ്‌കരിച്ചുവെന്നും സെബാസ്റ്റ്യന്‍ പൊലീസിനോട് വെളിപ്പെടുത്തി. ബിന്ദുവിന്റെ പണം തട്ടിയെടുക്കാനായിരുന്നു കൊലപാതകം.

◾  കൊല്ലത്തെ സ്വകാര്യ പാരാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ അമല്‍ ശങ്കറിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ദുരൂഹതകളുണ്ടെന്ന് കുടുംബം. ഭര്‍ത്താവിനൊപ്പം സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായിരുന്ന വ്യക്തിയാണ് അമല്‍ ശങ്കറിന്റെ ആത്മഹത്യക്ക് കാരണമെന്ന് ഭാര്യ രേഖ കുമാരി ആരോപിക്കുന്നു.അമലിന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

◾  പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണത്തിലും മികവുറ്റ പ്രവര്‍ത്തനങ്ങള്‍ പുലര്‍ത്തിയതിന് എച്ച്.എല്‍.എല്ലിന് അംഗീകാരം. എച്ച്.എല്‍.എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ പേരൂര്‍ക്കട ഫാക്ടറിയ്ക്കാണ് 2025-ലെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലാര്‍ജ് സ്‌കെയില്‍ വ്യവസായ വിഭാഗത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമായത്.

◾  ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ശ്രീനിവാസന്‍ വധക്കേസിലെ അറുപത്തിയഞ്ചാം പ്രതി ഷംനാദ് ഇല്ലിക്കലിനെതിരായ കുറ്റപത്രം ദേശീയ അന്വേഷണ ഏജന്‍സി കൊച്ചിയിലെ കോടതിയില്‍ സമര്‍പ്പിച്ചു. മൂന്നുവര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞ പ്രതിയെ കഴിഞ്ഞ ഏപ്രിലിലാണ് പിടികൂടിയത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ്. തീവ്രവാദ ആക്രമണങ്ങള്‍ക്കായി ഇയാള്‍ പരിശീലനം നേടിയിട്ടുണ്ടെന്ന് കുറ്റപത്രത്തിലുണ്ട്.

◾  നേപ്പാള്‍ സ്വദേശിയും യുവതിയും എറണാകുളം പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. ബാംഗ്ലൂരില്‍ നിന്നും രാസലഹരിയുമായി കൊച്ചിയിലെത്തിയപ്പോഴാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. നേപ്പാളിലെ സാന്താപുര്‍ നാജിന്‍ ടോലെ സ്വദേശി പൊക്കാറെല്‍ ടിക്കാറാം (29), അസമിലെ മാരിഗോന്‍ ഹാര്‍ട്ടിമുറിയ സ്വദേശി മുഹ്‌സിന മെഹബൂബ (24) എന്നിവരാണ് പിടിയിലായത്.

◾  കര്‍ണാടകയില്‍ ഗുഹയില്‍ നിന്ന് കണ്ടെത്തിയ റഷ്യക്കാരിയെയും പ്രായപൂര്‍ത്തിയാകാത്ത മക്കളെയും റഷ്യയിലേക്ക് തിരിച്ചയക്കും. ഇവര്‍ക്ക് യാത്രാ രേഖകള്‍ കൈമാറാന്‍ കേന്ദ്ര സര്‍ക്കാരിന് കര്‍ണാടക ഹൈക്കോടതി അനുവാദം നല്‍കി. കുട്ടികളുടെ പിതാവെന്ന് അവകാശപ്പെട്ട് ഇസ്രയേലി പൗരന്‍ ഷ്ലോമോ ഗോള്‍ഡ്‌സ്റ്റൈന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് ബി.എം. ശ്യാം പ്രസാദ് ഉത്തരവ് പുറപ്പെടുവിച്ചത്.

◾  ഐ ലവ് മുഹമ്മദ്' കാമ്പയിനിനെ പിന്തുണച്ച് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന് പൊലീസ് ഇത്തിഹാദ്-ഇ-മില്ലത്ത് കൗണ്‍സില്‍ മേധാവി തൗഖീര്‍ റാസയടക്കം 50 പേരെ യുപി ബറേലിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസുകാര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ വെടിയുതിര്‍ത്തെന്നും, 10 പൊലീസുകാര്‍ക്ക് പരിക്കേറ്റെന്നും ഡിഐജി അറിയിച്ചു. കുറ്റക്കാര്‍ക്കുനേരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി യോ?ഗി ആദിത്യനാഥ് പറഞ്ഞു.

◾  രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാര്‍ത്ഥന ഭാരതമാതാവിന് സമര്‍പ്പിച്ചിട്ടുള്ളതാണെന്ന് ആര്‍എസ്എസ്.മേധാവി മോഹന്‍ ഭാഗവത്. ''അത് ഭാരത മാതാവിനോടുള്ള ഭക്തിയുടെയും സ്‌നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രകടനമാണെന്നും അദ്ദേഹം പറഞ്ഞു.

◾  പാക്കിസ്ഥാന്‍ അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഡോ. എസ് ജയശങ്കര്‍. യുഎന്നില്‍ പാകിസ്ഥാന് മറുപടി നല്‍കുകയായിരുന്നു ഇന്ത്യ. ഇന്ത്യ പഹല്‍ഗാമില്‍ ഇത് വീണ്ടും തിരിച്ചറിഞ്ഞുവെന്നും ഭീകരവാദത്തെ ചെറുക്കുകയാണ് ലോകം നേരിടുന്ന സുപ്രധാന വെല്ലുവിളിയെന്നും യുഎന്‍ വലിയ പ്രതിസന്ധി നേരിടുന്നുവെന്നും നീറുന്ന പ്രശ്നങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും ഡോ. എസ് ജയശങ്കര്‍ പറഞ്ഞു.

◾  സാഫ് അണ്ടര്‍ 17 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് കിരീടം. ഫൈനലില്‍ ബംഗ്ലാദേശിനെ കീഴടക്കിയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യന്‍ കൗമാരപ്പടയുടെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോള്‍വീതമടിച്ച് സമനിലയില്‍ കലാശിച്ചിരുന്നു. ഏഴാം തവണയാണ് ഇന്ത്യ കിരീടത്തില്‍.മുത്തമിടുന്നത്.

◾  ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റിന്റെ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്. ഫൈനലില്‍ ഇന്ത്യ പാകിസ്ഥാനുമായി ഏറ്റുമുട്ടും. ഇതുവരെയുള്ള എല്ലാ കളികളും ജയിച്ച് അപരാജിതരായാണ് ഇന്ത്യ ഫൈനലിനെത്തുന്നത്. പാകിസ്താനാകട്ടെ രണ്ടുമത്സരങ്ങളില്‍ ഇന്ത്യയോടേറ്റ തോല്‍വിയുടെ ക്ഷീണവുമുണ്ട്. എന്നിരുന്നാലും ഫൈനലില്‍ ചിരവൈരികള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ പോരാട്ടം ആവേശകരമാകുമെന്നുറപ്പാണ്. ഇന്ന് രാത്രി എട്ടുമണിക്കാണ് ഫൈനല്‍പ്പോരാട്ടം.

◾  കൊച്ചി കേന്ദ്രമായുള്ള ഫിന്‍ടെക് സ്ഥാപനമായ റേഡിയന്റ് എയ്സ്മണിയും കൊറിയര്‍ സേവന ദാതാക്കളായ ഡി.റ്റി.ഡി.സി എക്സ്പ്രസുമായി ധനകാര്യ, ലോജിസ്റ്റിക്സ് സേവനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സഹകരണം. റേഡിയന്റ് എയ്സ്മണിയുടെ 83,000 സേവന ദാതാക്കളും 30,000 വരുന്ന ബിസിനസ് കറസ്പോണ്ടന്റുമാരും പുതിയ പങ്കാളിത്തത്തില്‍ ഭാഗമാകും. തുടക്കത്തില്‍ ആറു മാസത്തേക്കാണ് പങ്കാളിത്തം. ആദ്യ ഘട്ടത്തില്‍ മധ്യപ്രദേശ്, ഛത്തിസ്ഗഡ്, ഒഡീഷ, ഝാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ ആറു സംസ്ഥാനങ്ങളിലാണ് നടപ്പാക്കുക. ആദ്യഘട്ടത്തിനായുള്ള നടപടിക്രമങ്ങള്‍ രണ്ടു കമ്പനികളും രൂപപ്പെടുത്തി വരുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ഡി.റ്റി.ഡി.സി കൗണ്ടറുകള്‍ എയ്സ്മണിയുടെ ബിസിനസ് സര്‍വീസ് പോയന്റുകളായി പ്രവര്‍ത്തിക്കും. ഇതുവഴി ഈ മേഖലകളില്‍ കമ്പനിയുടെ ധനകാര്യ സേവനങ്ങള്‍ വിപുലമാകും. റേഡിയന്റ് കാഷ് മാനേജ്മെന്റ് സര്‍വീസസ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ റേഡിയന്റ് എയ്സ്മണി ഗ്രാമീണ മേഖലകളിലും ചെറുകിട ബിസിനസുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഡിജിറ്റല്‍ ബാങ്കിംഗ്, പേമെന്റ് സേവനങ്ങള്‍ സൗകര്യപ്പെടുത്തുന്നുണ്ട്.

◾  ഇന്ദ്രജിത്ത് സുകുമാരന്‍ പോലീസ് വേഷത്തില്‍ എത്തുന്ന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ 'ധീരം' ചിത്രത്തിന്റെ ടീസര്‍ റിലീസ് ആയി. മുന്‍പും പോലീസ് വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും, ഇത്തവണ ഒരു ഹൈ വോള്‍ട്ടേജ് കഥാപാത്രമായാണ് ഇന്ദ്രജിത്ത് എത്തുന്നത്. ഒരു കംപ്ലീറ്റ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ മിക്സാണ് ചിത്രം എന്നുള്ള സൂചനകള്‍ ടീസറില്‍ നിന്നും ലഭിക്കുന്നുണ്ട്. റെമോ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെമോഷ് എം.എസ്, മലബാര്‍ ടാക്കീസിന്റെ ബാനറില്‍ ഹാരിസ് അമ്പഴത്തിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ ജിതിന്‍ ടി സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്. ദീപു എസ് നായര്‍, സന്ദീപ് സദാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം നവംബറില്‍ തീയേറ്റര്‍ റിലീസിന് എത്തും. ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, അജു വര്‍ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗര്‍, രണ്‍ജി പണിക്കര്‍, റെബ മോണിക്ക ജോണ്‍, സാഗര്‍ സൂര്യ (പണി ഫെയിം), അവന്തിക മോഹന്‍, ആഷിക അശോകന്‍, സജല്‍ സുദര്‍ശന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

◾  'ലോക' സിനിമയില്‍ ചാത്തനെയും ഒടിയനെയും ഒരുമിച്ചു കാണാന്‍ കാത്തിരുന്നവര്‍ക്ക് വമ്പന്‍ സര്‍പ്രൈസുമായി അണിയണക്കാര്‍. ഇതാ ചാത്തനും ഒടിയനും ഒരുമിച്ചുള്ള രംഗമാണ് അണിയറക്കാര്‍ റിലീസ് ചെയ്തത്. ലോക ചാപ്റ്റര്‍ 2വിലേക്കുള്ള ചവിട്ടുപടികൂടിയാണ് ഈ വിഡിയോ. ടൊവിനോ അവതരിപ്പിക്കുന്ന ചാത്തന്റെ മൂത്ത സഹോദരനാകും ചാപ്റ്റര്‍ 2വില്‍ വില്ലനായി എത്തുക. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ടൊവിനോ തന്നെയാണ്. ലോക: ചാപ്റ്റര്‍ വണ്‍ സിനിമയുടെ അവസാനം ഈ കഥാപാത്രത്തെ കാണിക്കുന്നുണ്ട്. ചാപ്റ്റര്‍ 2വില്‍ ദുല്‍ഖര്‍ ചെയ്യുന്ന ഒടിയന്‍ കഥാപാത്രവും എത്തിയേക്കും എന്ന സൂചനയും ഈ പ്രമോ വിഡിയോയിലുണ്ട്. ആദ്യ ഭാഗത്തേക്കാള്‍ വലിയ മുതല്‍ മുടക്കിലാകും രണ്ടാം ഭാഗം ഒരുങ്ങുക. 390 ചാത്തന്മാരെ ചുറ്റിപ്പറ്റിയുള്ള സിനിമയാകും ലോക: ചാപ്റ്റര്‍ 2.

◾  ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ സിബി350സി സ്പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കി. ലോഞ്ചിനൊപ്പം ബൈക്കിന്റെ ബുക്കിംഗുകളും ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ ബിഗ് വിംഗ് പ്രീമിയം ഡീലര്‍ഷിപ്പുകള്‍ വഴി 2025 ഒക്ടോബര്‍ ആദ്യവാരത്തില്‍ ഡെലിവറികള്‍ ആരംഭിക്കും. സിബി350സിയുടെ എക്സ്-ഷോറൂം വില 2,01,900 രൂപ ആണ്. ഹോണ്ടയുടെ റെട്രോ-ക്ലാസിക് 350 സിസി നിരയ്ക്ക് പുതിയൊരു ലുക്ക് നല്‍കാന്‍ പുതിയ സ്പെഷ്യല്‍ എഡിഷന്‍ ഒരുങ്ങുന്നു. റെബല്‍ റെഡ് മെറ്റാലിക്, മാറ്റ് ഡ്യൂണ്‍ ബ്രൗണ്‍ എന്നീ രണ്ട് നിറങ്ങളില്‍ ഇത് ലഭ്യമാകും. 348.36 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ്, ബിഎസ്6 ഒബിഡി2ബി ഇ20കംപ്ലയിന്റ് പിജിഎം എഫ്ഐ എഞ്ചിനാണ് ഈ ബൈക്കിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 5,500 ആര്‍പിഎമ്മില്‍ 15.5 കിലോവാട്ടും ഉം 3,000 ആര്‍പിഎമ്മില്‍ 29.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, 5-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഒക്ടോബര്‍ ആദ്യം മുതല്‍ രാജ്യവ്യാപകമായി ബിഗ്വിംഗ് ഔട്ട്‌ലെറ്റുകളില്‍ ഹോണ്ട സിബി350സി സ്പെഷ്യല്‍ എഡിഷന്‍ ലഭ്യമാകും.

◾  ബെന്‍സ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവര്‍ ഷണ്‍മുഖത്തിന്റെയും കുടുംബത്തിന്റെയും ജീവിതത്തില്‍ സംഭവിക്കുന്ന അസാധാരണ സംഭവങ്ങളിലൂടെയുള്ള ഒരു യാത്രയായ 'തുടരും' എന്ന സിനിമയുടെ തിരക്കഥാരൂപം. അത്രമേല്‍ ആഴത്തില്‍ പരസ്പരം സ്നേഹിച്ച, മനസ്സിലാക്കിയ, വിശ്വസിച്ച ഒരു കുടുംബത്തിന്റെ കഥ. കേരള ബോക്സ് ഓഫീസില്‍നിന്നുമാത്രമായി 100 കോടി നേടിയ ആദ്യചിത്രം. 'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ സിനിമകള്‍ക്കുശേഷം തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലിറങ്ങിയ സിനിമ. മികച്ച കഥാപാത്രനിര്‍മിതിയിലൂടെ കലാപരമായും വാണിജ്യപരമായും ഒരു സിനിമ വിജയിക്കുന്നതെങ്ങനെ എന്നതിന്റെ മാതൃകയായ ഒരു ചിത്രത്തിന്റെ തിരക്കഥാരൂപം. 'തുടരും'.  തരുണ്‍ മൂര്‍ത്തി, കെ.ആര്‍ സുനില്‍. ഡിസി ബുക്സ്. വില 270 രൂപ.

◾  ഭക്ഷണത്തിന്റെ രുചിയും മണവും കൂട്ടുകമാത്രമല്ല, ആരോഗ്യത്തിനും ഏറെ ഗുണകരമാണ് പെരുംജീരകം. ഇവയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം മെച്ചപ്പെട്ട ദഹനമാണ്. ഭക്ഷണം കഴിച്ച ശേഷം കുറച്ച് ജീരകം വായിലിട്ടു ചവയ്ക്കുന്നത് വയറിന് നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല വയറ് കമ്പിച്ചത് പോലുള്ള അസ്വസ്ഥതകളും നീക്കും. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളി ശരീരത്തിലെ മെറ്റബോളിസത്തെയും ദഹനപ്രക്രിയയെയും വേഗത്തിലാക്കാന്‍ ജീരകം സഹായിക്കും. ഇത് ഗ്യാസ്ട്രിക് എന്‍സൈമുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ശരീരത്തിന് തണുപ്പ് നല്‍കുകയും ഭക്ഷണം കഴിച്ചതിന് ശേഷം കുടലില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചൂട് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്ന വിവിധ ആന്റിഓക്‌സിഡന്റുകള്‍ ജീരകത്തിലുണ്ട്. വായ്‌നാറ്റം തടയുന്ന ആന്റി-മൈക്രോബിയല്‍ ഗുണങ്ങളും ജീരകത്തിലുണ്ട്.

*ശുഭദിനം*
*കവിത കണ്ണന്‍*
ആശുപത്രിമുറികളേയും അവയുടെ അന്തരീക്ഷത്തെയും പറ്റി ഒരു പഠനം നടന്നു.  അതില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ രണ്ടു വിഭാഗമായി തിരിച്ചായിരുന്നു പഠനം.  ആദ്യത്തെ വിഭാഗക്കാരുടെ മുറികളുടെ ജനാലതുറക്കുന്നത് പച്ചപ്പിലേക്കായിരുന്നു.  ധാരാളം മരങ്ങള്‍, പൂക്കള്‍ , കിളികള്‍. രണ്ടാം വിഭാഗക്കാരുടെ ജനാലകള്‍ക്കപ്പുറം തൊട്ടടുത്ത കെട്ടിടത്തിന്റെ ചെങ്കല്‍ചുമരുകളായിരുന്നു.   ജനാലക്കപ്പുറം പച്ചപ്പും മരങ്ങളും കണ്ടുകിടന്ന രോഗികള്‍ വേഗം സുഖംപ്രാപിച്ചു.  അവര്‍ക്ക് കുറച്ച് മരുന്നകളുടെ പിന്തുണയേ വേണ്ടിവന്നുള്ളൂ. പകലും രാത്രിയുമെല്ലാം ഇഷ്ടികച്ചുമര്‍ നോക്കിക്കിടക്കാന്‍ വിധിക്കപ്പെട്ട രോഗികള്‍ക്ക് തങ്ങളുടെ ആരോഗ്യത്തിലേക്ക് വളരെ പതുക്കെയേ തിരിച്ചെത്താനായുള്ളൂ.. മാത്രമല്ല.. അവര്‍ക്ക് ധാരാളം മരുന്നിന്റെ പിന്തുണയും ആവശ്യമായിവന്നു.  നമുക്ക് ചുറ്റുമുളള പ്രകൃതി, പരിസ്ഥിതി സാഹചര്യങ്ങള്‍ നമ്മളറിയാതെ നമ്മെ സ്വാധീനിക്കുന്നു.. പരിചരിക്കുന്നു.  സൗഖ്യമാക്കുന്നു. ഈ യന്ത്രവത്കൃതലോകത്ത്, ജീവിതം തന്നെ യാന്ത്രികമായി മാറുമ്പോള്‍ ഇടക്കൊക്കെ നമുക്ക് ഒരു യാത്രപോകാം.. ദൂരേക്കൊന്നുമല്ല.. തൊട്ടടുത്ത പച്ചപ്പിലേക്ക്, പ്രകൃതിയുടെ തണുപ്പിലേക്ക്.. നമുക്കുചുറ്റുമുളള ഓരോ കാഴ്ചകളേയും നമുക്ക് ഹൃദയത്തില്‍ സ്വീകരിക്കാം.. ശാന്തമാകാം.. - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right