Trending

സായാഹ്ന വാർത്തകൾ.

◾  സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശത്തിനെതിരെ  സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയില്‍ മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കി. അടൂരിന്റെ പരാമര്‍ശങ്ങള്‍ എസ് സി എസ് ടി ആക്ട് പ്രകാരം കുറ്റകരമെന്ന് പരാതിയില്‍ പറയുന്നു. എസ് സി - എസ് ടി കമ്മീഷനും ദിനു വെയില്‍ പരാതി നല്‍കിയിട്ടുണ്ട്. ഫിലിം കോണ്‍ക്ലേവ് സമാപന ചടങ്ങിലായിരുന്നു  അടൂര്‍ ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്‍ശം. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നും ചലച്ചിത്ര കോര്‍പ്പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നുമായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം.

◾  അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശത്തില്‍ പുറത്തുവന്നത് ഫ്യൂഡല്‍ ചിന്താഗതിയെന്ന് സംവിധായകന്‍ ഡോ. ബിജു പറഞ്ഞു. അടൂരിനെ പോലുള്ളവര്‍ കൂടുതല്‍ സാമൂഹ്യ ബോധ്യത്തോടെ പെരുമാറണമെന്നും പട്ടിക വിഭാഗക്കാര്‍ക്കും വനിതകള്‍ക്കും മാത്രം പരിശീലനം എന്തിനാണ് ഇവര്‍ കഴിവില്ലാത്തവരാണ് എന്ന ബോധ്യത്തില്‍ നിന്നാണ്  അടൂരിന്റെ വാക്കുകളെന്നും അദ്ദേഹം പറഞ്ഞു.

◾  അടൂരിന്റെ പരാമര്‍ശം ദുരുദ്ദേശത്തോടെയെന്ന് കരുതുന്നില്ലെന്നും വളച്ചൊടിച്ചു വിവാദമാക്കിയെന്നും മന്ത്രി വിഎന്‍ വാസവന്‍. അതേസമയം സര്‍ക്കാര്‍ സ്ത്രീകള്‍ക്കും എസ്സി- എസ് ടി വിഭാഗങ്ങള്‍ക്കുമൊപ്പമാണെന്നും മന്ത്രി പറഞ്ഞു.

◾  അടൂരിന്റെ പരാമര്‍ശത്തെ തള്ളി മന്ത്രി ബിന്ദു. നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് അതുറപ്പാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും സ്ത്രീകള്‍ക്കും പട്ടികജാതി വിഭാഗങ്ങളിലുള്ളവര്‍ക്കും അവരുടെ സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ നല്‍കുന്നതില്‍ തെറ്റില്ലെന്നും മന്ത്രി ബിന്ദു പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്റെ ഏറ്റവും നല്ല പദ്ധതി ആണിതെന്നും ക്യാമറയുടെ നോട്ടം എന്നും പുരുഷ നോട്ടം ആണെന്നും അതിനു ബദല്‍ നോട്ടം വേണമെന്നും അതിനായുള്ള ഇടം നമ്മള്‍ ഉണ്ടാക്കിയെടുക്കണമെന്നും മന്ത്രി ബിന്ദു കൂട്ടിച്ചേര്‍ത്തു.


◾  സര്‍ക്കാര്‍ ആര്‍ക്കെങ്കിലും സഹായധനം കൊടുക്കുന്നതിനു താന്‍ എതിരല്ലെന്നും മുന്‍പരിചയമില്ലാത്തവര്‍ക്ക് സിനിമ എടുക്കാന്‍ പണം നല്‍കുമ്പോള്‍ അവര്‍ക്കു കൃത്യമായ പരിശീലനം നല്‍കണമെന്നാണ് ഉദ്ദേശിച്ചതെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പിന്നോക്കാവസ്ഥയിലുള്ള പ്രതിനിധികള്‍ക്ക് അവസരമെന്ന നിലയിലാണ് സര്‍ക്കാര്‍ ഗ്രാന്‍ഡ് നല്‍കുന്നതെന്നും ഒരു സിനിമയെടുത്തശേഷം അപ്രത്യക്ഷമാകേണ്ടവര്‍ അല്ല അവരെന്നും അതിനാലാണ് അവര്‍ക്ക് പരിശീലനമടക്കം നല്‍കണമെന്ന് പറഞ്ഞതെന്നും അടൂര്‍ വ്യക്തമാക്കി. സിനിമ ചിത്രീകരണത്തെക്കുറിച്ച് അറിവില്ലാത്തതാണ് പ്രശ്‌നമെന്നും അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയാല്‍ പിന്നീട് ഈ രംഗത്ത് തന്നെ പ്രവര്‍ത്തിക്കാനുള്ള ആത്മവിശ്വാസവും അറിവും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾  കോണ്‍ക്ലേവില്‍ താന്‍ സംസാരിച്ചപ്പോള്‍ ഗായിക പുഷ്പവതി എഴുന്നേറ്റുനിന്നു പ്രതിഷേധിച്ചത് പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും പ്രധാനപ്പെട്ട ഒരു സെഷനില്‍ ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അതു തടസപ്പെടുത്താന്‍ അവര്‍ക്ക് എന്താണ് അവകാശമെന്നും സ്റ്റേജില്‍ ഇരുന്ന മന്ത്രി ഉള്‍പ്പെടെ എന്തുകൊണ്ടാണ് അവരെ തടയാതിരുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ചോദിച്ചു.

◾  നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ തിയതി തേടി പ്രോസിക്യൂഷന് യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദിയുടെ സഹോദരന്റെ കത്ത്. എല്ലാത്തരം മധ്യസ്ഥ ശ്രമങ്ങളെയും ചര്‍ച്ചകളെയും തള്ളുന്നു എന്നാണ് കത്തില്‍ പറയുന്നത്. വധശിക്ഷ നീട്ടിവെച്ചിട്ട് ഒന്നര മാസം കഴിഞ്ഞെന്നും കത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.

◾  വിജയരാഘവനെ മികച്ച സഹനടന്‍ ആയും, തന്നെ മികച്ച സഹനടിയായും തെരഞ്ഞെടുത്തിന്റെ മാനദണ്ഡം ജൂറി വ്യക്തമാക്കണമെന്ന് നടി ഉര്‍വശി. തോന്നിയത് പോലെ കൊടുക്കും, നിങ്ങള്‍ വന്ന് വാങ്ങിച്ചുപൊക്കോണം എന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യം അന്വേഷിച്ചു പറയട്ടെ എന്നും ഉര്‍വശി പറഞ്ഞു. കേരള സ്റ്റോറി ഇതുവരെ കണ്ടിട്ടില്ലെന്നും വസ്തുതകള്‍ അറിയില്ല സിനിമ കണ്ടതിനു ശേഷം പ്രതികരിക്കാമെന്നും ഉര്‍വശി പറഞ്ഞു.

◾  പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചിട്ടും കൊലക്കേസ് പ്രതികള്‍ക്കെതിരെ കേസെടുക്കാതെ പൊലീസ്. തലശ്ശേരിയില്‍ വെച്ചാണ് കൊടി സുനി, മുഹമ്മദ് ഷാഫി, ഷിജിത്ത് എന്നിവര്‍ മദ്യപിച്ചത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ ഇവര്‍ക്ക് മദ്യം എത്തിച്ചു നല്‍കിയവര്‍ക്കെതിരെയും അന്വേഷണമില്ല. മൂന്നു ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ നല്‍കി ഒതുക്കാനാണ് പൊലീസിന്റെ ശ്രമമെന്നാണ് റിപ്പോര്‍ട്ട്.

◾  സാംസ്‌കാരിക വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ വിവരാവകാശ കമ്മീഷണര്‍ ഡോ.എ.അബ്ദുല്‍ ഹക്കീം. രാജാവിനെക്കാള്‍ വലിയ രാജഭക്തി ചില ഉദ്യോഗസ്ഥര്‍ കാണിച്ചുവെന്നും വിവരാവകാശ കമ്മീഷന് വായിക്കാന്‍ പോലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തരാതിരിക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നും അതുകൊണ്ട് നിയമപ്രകാരം സിവില്‍ കോടതിയുടെ അധികാരം പ്രയോഗിക്കേണ്ടി വന്നുവെന്നും അതിനുശേഷമാണ് റിപ്പോര്‍ട്ട് പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് വിരമിക്കാനിരിക്കെയാണ് സാംസ്‌കാരിക വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഡോ.എ അബ്ദുല്‍ ഹക്കീം വിമര്‍ശനം ഉന്നയിച്ചത്.

◾  പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബിനെ കേരള പൊലീസ് പിന്തുടര്‍ന്ന് വേട്ടയാടുന്നതായി അലന്റെ മാതാവ് സബിത ശേഖര്‍. അലനെ നിരന്തരം പിന്തുടരുന്ന പൊലീസ്, താമസിക്കുന്ന സ്ഥലങ്ങളിലും വീടുകളിലും എത്തി അലനെ ഭീകരവാദിയായി ചിത്രീകരിക്കുകയാണെന്നും അവര്‍ പറഞ്ഞു. പന്തീരാങ്കാവ് കേസിന്റെ വിചാരണ കൊച്ചി എന്‍ഐഎ കോടതിയില്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്.

◾  വയല്‍ നികത്തിയതിനെതിരെ കര്‍ശന നടപടിയെടുത്ത വില്ലേജ് ഓഫീസര്‍ക്ക് സ്ഥാനമേറ്റെടുത്ത് ഒന്‍പതാം മാസം സ്ഥലം മാറ്റം. മാനന്തവാടി വില്ലേജ് ഓഫീസര്‍ രാജേഷ് കുമാറിനെയാണ് തൊണ്ടര്‍നാട്ടേക്ക് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിന് പിന്നില്‍ തങ്ങളാണെന്നും ഉടനെ കാസര്‍ഗോഡേക്ക് സ്ഥലം മാറ്റുമെന്നും മണ്ണ് മാഫിയ വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തി.

◾  പത്തനംതിട്ട നാറാണംമൂഴി സ്വദേശി ഷിജോ വി. റ്റി.  ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ആവര്‍ത്തിച്ച് കുടുംബം. എയ്ഡഡ് സ്‌കൂളില്‍ അധ്യാപികയായ ഷിജോയുടെ ഭാര്യയുടെ ശമ്പളം 14 വര്‍ഷമായി ലഭിച്ചില്ലെന്നും ശമ്പളം നല്‍കാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി  ഉത്തരവുണ്ടായിട്ടും ഡി.ഇ.ഒ ഓഫീസിലെ ഉദ്യോഗസ്ഥരാണ് നടപടികള്‍ വൈകിപ്പിച്ചതെന്നും കുടുംബം ആരോപിച്ചു.

◾  ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് എന്‍ഐഎ പ്രാഥമിക വിവരങ്ങള്‍ തേടും. റെയില്‍വേ, ഛത്തീസ്ഗഡ് പൊലീസ് എന്നിവരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. കേസ് എടുക്കുന്നതടക്കം തുടര്‍ നടപടി വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമായിരിക്കുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

◾  ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെയടക്കം ആക്രമിച്ച ബജ്റംഗ്ദള്‍ നേതാക്കള്‍ക്കെതിരെ പെണ്‍കുട്ടികള്‍ പരാതി നല്‍കിയതിനാല്‍ കേസെടുത്തേക്കും. ജ്യോതി ശര്‍മ്മ അടക്കമുള്ളവര്‍ക്കെതിരെ ഓര്‍ച്ച പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി ദുര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും എന്നാണ് സൂചന. നേരത്തെ നാരായണ്‍പൂര്‍ പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചിരുന്നു. അതേസമയം ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ ജാമ്യത്തിന് പിന്നാലെ സന്യാസിനികള്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളുടെ നേരെ നടന്ന അതിക്രമത്തില്‍ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സി പി ഐ നേതാവ് ഫൂല്‍ സിങ് വ്യക്തമാക്കി.

◾  രാജ്യതലസ്ഥാനത്ത് പ്രഭാത നടത്തത്തിനിടെ തന്റെ മാല പൊട്ടിച്ചതായി കോണ്‍ഗ്രസ് എം പി സുധാ രാമകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കി. തമിഴ്‌നാട്ടിലെ മയിലാടുതുറൈയില്‍ നിന്നുള്ള ലോക്‌സഭാ അംഗമായ സുധാ രാമകൃഷ്ണന്‍,  ചാണക്യപുരിയിലെ പോളിഷ് എംബസിക്ക് സമീപം നടക്കാനിറങ്ങിയപ്പോഴാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ ഒരാള്‍ സ്‌കൂട്ടറില്‍ വന്ന് തന്റെ മാല തട്ടിയെടുത്തതായി ദില്ലിയിലെ ക്രമസമാധാനം കൈകാര്യം ചെയ്യുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എഴുതിയ കത്തില്‍ എംപി ചൂണ്ടിക്കാട്ടി.

◾  ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു. 81 വയസായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദില്ലിയിലെ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മരണം രാവിലെ 8.56ഓടു കൂടിയാണ്  സ്ഥിരീകരിച്ചത്. മൂന്ന് തവണ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായ അദ്ദേഹം 8 തവണ പാര്‍ലമെന്റിലെത്തി. കല്‍ക്കരി വകുപ്പ് മന്ത്രിയായി 3 തവണ പ്രവര്‍ത്തിച്ചു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത്സോറന്റെ പിതാവാണ് ഷിബു സോറന്‍.

◾  ധര്‍മസ്ഥല കേസില്‍ പൊലീസിന്റെ ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്. 2000 മുതല്‍ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകള്‍ നശിപ്പിച്ചു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍, ഫോട്ടോകള്‍, നോട്ടീസുകള്‍ തുടങ്ങിയ എല്ലാ രേഖകളും നശിപ്പിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ട്. കാലഹരണപ്പെട്ട കേസ് രേഖകള്‍ നശിപ്പിക്കാമെന്ന നിയമം അനുസരിച്ചാണ് ഇത് നശിപ്പിച്ചതെന്നാണ് വിവരാവകാശരേഖകള്‍ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് ലഭിച്ച മറുപടി.

◾  പൊതുസ്ഥലത്ത് പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാക്കിയ നിയമം നിലവില്‍ വന്നതിന് ശേഷം മുംബൈയില്‍ ഇതാദ്യമായി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഹിന്ദുജ ആശുപത്രിക്ക് സമീപം എല്‍ ജെ റോഡിലെ കബൂതര്‍ഖാനയ്ക്ക് സമീപം പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് കണ്ട ചിലര്‍ക്കെതിരെ മാഹിം പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രാവുകളുടെ അനിയന്ത്രിതമായ കൂട്ടംചേരല്‍ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കും പാരിസ്ഥിതിക നാശത്തിനും ഇടയാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി പൊതുജനാരോഗ്യ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.

◾  മുസ്ലിം ഹെഡ് മാസ്റ്ററെ പുറത്താക്കാന്‍ സ്‌കൂള്‍ ടാങ്കില്‍ കീടനാശിനി കലക്കിയ സംഭവത്തില്‍ തീവ്രഹിന്ദുസംഘടന ശ്രീറാം സേനയുടെ നേതാവടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. കര്‍ണാടക ബെലഗാവിയിലെ ഹുളിക്കട്ടി ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. ശ്രീറാം സേന നേതാവ് സാഗര്‍ പാട്ടില്‍, കൂട്ടാളികളായ കൃഷ്ണ മാഡര്‍, മഗന്‍ ഗൗഡ പാട്ടീല്‍ എന്നിവരാണ് അറസ്റ്റിലായത്. സുലൈമാന്‍ ഗോരിനായിക് എന്ന പ്രധാനാധ്യാപകനെ പുറത്താക്കാനുള്ള ഗൂഢാലോചനയായിരുന്നു ഇതെന്ന് പൊലീസ് പറയുന്നു.

◾  രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി.  2000 കിലോ മീറ്ററോളം ഇന്ത്യന്‍ ഭൂമി ചൈന കയ്യേറിയെന്ന് നിങ്ങള്‍ എങ്ങനെ അറിഞ്ഞുവെന്ന് ചോദിച്ച കോടതി, നിങ്ങളൊരു യഥാര്‍ത്ഥ ഇന്ത്യക്കാരനാണെങ്കില്‍ ഇങ്ങനെ പറയുകയില്ലായിരുന്നുവെന്നും  വ്യക്തമാക്കി. രാഹുലിനെതിരെയുളള അപകീര്‍ത്തി കേസ് നടപടികള്‍ സ്റ്റേ ചെയ്തതിനൊപ്പമായിരുന്നു രാഹുല്‍ ഗാന്ധിയ്ക്ക് സുപ്രീം കോടതിയുടെ താക്കീത്. ഇത്തരം കാര്യങ്ങള്‍ പറയാന്‍ കഴിയില്ലെങ്കില്‍ പിന്നെങ്ങനെ അദ്ദേഹം പ്രതിപക്ഷ നേതാവാകുമെന്ന് രാഹുലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വി ചോദിച്ചു. എങ്കില്‍ എന്തുകൊണ്ടാണ് പാര്‍ലമെന്റില്‍ ഇത്തരം കാര്യങ്ങള്‍ പറയാത്തതെന്നും സാമൂഹികമാധ്യമങ്ങളിലൂടെ പറയുന്നതെന്തിനാണെന്നും കോടതി ചോദിച്ചു.

◾  ജൂതന്‍മാര്‍ക്ക് ആരാധന വിലക്കെന്ന കരാര്‍ നിലനില്‍ക്കെ ഇസ്രയേല്‍ മന്ത്രി ജറുസലേമിലെ അല്‍ അഖ്സ പള്ളി വളപ്പില്‍ പ്രവേശിച്ച് ജൂത വിശ്വാസ പ്രകാരമുള്ള ആരാധന നടത്തിയതിനെതിരെ പ്രതിഷേധം. ദശാംബ്ദങ്ങള്‍ പഴക്കമുള്ള ധാരണ ലംഘിച്ചാണ് ഇസ്രയേല്‍ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ പ്രാര്‍ത്ഥന നടത്തിയത്. ഹമാസിനെതിരായ ഇസ്രയേലിന്റെ വിജയത്തിനും ബന്ദികളാക്കപ്പെട്ട ഇസ്രയേലുകാരുടെ മോചനത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചെന്ന് ബെന്‍ ഗ്വിര്‍ പറഞ്ഞു.

◾  റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിക്കൊണ്ട് ഇന്ത്യ യുക്രെയ്നെതിരായ യുദ്ധത്തിന് സാമ്പത്തിക സഹായം നല്‍കുകയാണെന്ന ആരോപണവുമായി വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും ട്രംപ് ഭരണകൂടത്തില്‍ ഏറ്റവും സ്വാധീനമുള്ളവരില്‍ ഒരാളുമായ സ്റ്റീഫന്‍ മില്ലര്‍. റഷ്യയുമായുള്ള വ്യാപാരം നിര്‍ത്താന്‍ ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക സമ്മര്‍ദം ശക്തമാക്കുന്നതിനിടെയാണ് പുതിയ പരാമര്‍ശം.

◾  മത്സരത്തിനിടെ പരിക്കേറ്റ ലിയോണല്‍ മെസിയെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്ന് ഇന്റര്‍ മയാമി. മെസിക്ക് കഠിനമായ വേദനയില്ലെന്നും പരിക്കിന്റെ വ്യാപ്തി എത്രത്തോളം ഉണ്ടെന്ന് വിശദമായ പരിശോധനകള്‍ക്ക് ശേഷം വ്യക്തമാകുമെന്നും മയാമി പരിശീലകന്‍ ഹാവിയര്‍ മഷറാനോ വ്യക്തമാക്കി.

◾  സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 40 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,360 രൂപയായി. ഗ്രാമിന് ആനുപാതികമായി അഞ്ചു രൂപ വര്‍ധിച്ചു. 9295 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 23ന് 75,000 കടന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74,000ല്‍ താഴെ പോയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഓഗസ്റ്റ് ഒന്നിന് 73,200 രൂപയായിരുന്നു സ്വര്‍ണവില. മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള കാര്യങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കാന്‍ കാരണം.

◾  സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഒരു രൂപ പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. ഫ്രീഡം പ്ലാന്‍ എന്ന പേരിലാണ് ഇത് അവതരിപ്പിച്ചത്. വെറും 1 രൂപയ്ക്ക് ഒരു മാസത്തെ വാലിഡിറ്റിയുള്ള ഫോര്‍ജി സേവന പ്ലാനാണിത്. രാജ്യത്തുടനീളം ഡിജിറ്റല്‍ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, പരിമിതകാലത്തേയ്ക്കാണ് 'ഫ്രീഡം ഓഫര്‍' ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്. ബിഎസ്എന്‍എല്‍ ഇതിനെ 'ആസാദി കാ പ്ലാന്‍' എന്നാണ് വിളിക്കുന്നത്. 30 ദിവസത്തെ വാലിഡിറ്റിയോടെയാണ് ഈ റീചാര്‍ജ് പ്ലാന്‍ വരുന്നത്. കൂടാതെ പ്രതിദിനം രണ്ടു ജിബി അതിവേഗ ഡാറ്റയും ഈ പ്ലാനില്‍ ഉള്‍പ്പെടുന്നു. പരിധിയില്ലാത്ത വോയ്‌സ് കോളും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാന്‍ അനുസരിച്ച് ഉപഭോക്താവിന് ലഭിക്കും. പ്രതിദിന ഡാറ്റ പരിധി എത്തിക്കഴിഞ്ഞാല്‍ ഉപയോക്താക്കള്‍ക്ക് 40സയു െകുറഞ്ഞ വേഗത്തിലും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയും. ഓഗസ്റ്റ് 1 മുതല്‍ ഓഗസ്റ്റ് 31 വരെയാണ് ഫ്രീഡം ഓഫര്‍. ഫ്രീഡം ഓഫര്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് യാതൊരു ചെലവുമില്ലാതെ സൗജന്യ ഫോര്‍ജി സിം കാര്‍ഡ് ലഭിക്കും. പുതിയ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുക.

◾  തിരക്കഥാകൃത്ത് മുരളി ഗോപി തിരക്കഥ ഒരുക്കുന്ന 'അനന്തന്‍ കാട്' എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ ഒരു രാഷ്ട്രീയക്കാരന്റെ റോളില്‍ എത്തുന്ന വിജയരാഘവനെയാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. 'പൂക്കാലം' സിനിമയിലൂടെ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയതിന് പിന്നാലെ അദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് 'ടിയാന്‍' സംവിധാനം ചെയ്ത ജിയെന്‍ കൃഷ്ണകുമാര്‍ ആണ്. മലയാളത്തിലും തമിഴിലുമായി തിരുവനന്തപുരം പശ്ചാത്തലമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'അനന്തന്‍ കാടി'ല്‍ ആര്യ നായകനായെത്തുന്നു. അജനീഷ് ലോകനാഥാണ് സംഗീത സംവിധാനം. ഇന്ദ്രന്‍സ്, മുരളി ഗോപി, 'പുഷ്പ'യിലെ സുനില്‍, അപ്പാനി ശരത്, ദേവ് മോഹന്‍, സാഗര്‍ സൂര്യ, അജയ്, കന്നഡ താരം അച്യുത് കുമാര്‍, നിഖില വിമല്‍, റെജീന കാസാന്‍ഡ്ര, ശാന്തി ബാലചന്ദ്രന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

◾  മഹേഷ് നാരായണന്‍ അവതരിപ്പിക്കുന്ന 'തലവര'യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധേയനായ അര്‍ജുന്‍ അശോകനും രേവതി ശര്‍മ്മയും നായകനും നായികയുമായെത്തുന്ന ചിത്രമാണിത്. ഇരുവരും ആണ് പോസ്റ്ററിലുള്ളതും. അഖില്‍ അനില്‍ കുമാറാണ് സംവിധായകന്‍. ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തും. ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററും 'കണ്ട് കണ്ട് പൂചെണ്ട് തേന്‍ വണ്ട് പോലെ വന്നു നിന്ന്...' എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനവും അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഗാനം യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റിലും ഇടം നേടിയിരുന്നു. അശോകന്‍, ദേവദര്‍ശിനി ചേതന്‍, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാം മോഹന്‍, ഹരീഷ് കുമാര്‍, സോഹന്‍ സീനുലാല്‍, ഷാജു ശ്രീധര്‍, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിന്‍ ബെന്‍സണ്‍, അശ്വത് ലാല്‍, അമിത് മോഹന്‍ രാജേശ്വരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

◾  ഇലകട്രിക് ടൂവീലര്‍ ബ്രാന്‍ഡായ സെലിയോ ഇ മൊബിലിറ്റി ഈവ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് പുറത്തിറക്കി. മൂന്ന് മോഡലുകളില്‍ ആണ് ഈവ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയത്. സ്‌കൂട്ടറിന്റെ ഏറ്റവും പ്രത്യേകത, അതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററാണ് എന്നതാണ്. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ കഴിയും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമില്ല. അതുകൊണ്ട് ഈ സ്‌കൂട്ടര്‍ ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമില്ല. ലിഥിയം-അയണ്‍, ജെല്‍ എന്നീ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് സെലിയോ ഈവ വരുന്നത്. 64,000 - 69,000 രൂപയാണ് വില. ജെല്‍ ബാറ്ററിക്ക് രണ്ട് കോണ്‍ഫിഗറേഷനുകളും ഉണ്ട്. 50,000 - 54,000 രൂപയാണ് വില. നീല, ചാര, വെള്ള, കറുപ്പ് എന്നീ നിറങ്ങളില്‍ ഇവ ലഭ്യമാണ്.

◾  വെളിയങ്കോട് ദേശത്തിന്റെ ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങളിലൂടെ ആഴത്തിലുള്ള യാത്രയാണ് വെളിയങ്കോടിന്റെ ഡി.എന്‍.എ. ഒരു ദേശത്തിന്റെ ചരിത്രത്തെ വെളിപ്പെടുത്തുക എന്നതിലുപരി തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകളിലൂടെ അന്നത്തെ വായ്‌മൊഴിയാല്‍ പടര്‍ന്ന് ദേശത്തിന്റെ അന്തരീക്ഷത്തില്‍ ലയിച്ച ജിന്നുകളും മരുതയും പിശാചും ചേക്കുട്ടിപ്പാവയും കുട്ടിച്ചാത്തനുമൊക്കെ കഥയിലേക്ക് കയറിവരുന്നതോടെ സാമൂഹിക-രാഷ്ട്രീയ മുറിവുകളുടെ ശസ്ത്രക്രിയയാകുകയും എന്നാല്‍, വായനയുടെ രസച്ചരടുപൊട്ടാതെ കൊണ്ടുപോകുന്നതുമാണ് ഇതിലെ പതിമൂന്ന് കഥകള്‍. ആഖ്യാനത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന, ആള്‍ക്കണ്ണാടിക്കുശേഷം ഇറങ്ങുന്ന രണ്ടാമത്തെ കഥാസമാഹാരം. 'വെളിയങ്കോടിന്റെ ഡി.എന്‍.എ.'. ഡോ. വി.കെ അബ്ദുള്‍ അസീസ്. മാതൃഭൂമി. വില 204 രൂപ.

◾  പച്ച ചീരയെ അപേക്ഷിച്ച് ചുവന്ന ചീരയാണ് ആരോഗ്യഗുണത്തില്‍ സൂപ്പര്‍മാന്‍. കാര്യം രണ്ടും ചീരയാണെങ്കിലും നിറത്തിലും പോഷകഗുണത്തിലും ചില വ്യത്യാസങ്ങള്‍ ഉണ്ട്. അവയില്‍ അടങ്ങിയിട്ടുള്ള ഓക്സലേറ്റുകളുടെ അളവാണ് ഒരു പ്രധാന ഘടകം. പച്ച ചീരയില്‍ നിന്നും വ്യത്യസ്തമായി, ചുവന്ന ചീരയില്‍ ഓക്‌സലേറ്റുകളൊന്നുമില്ല. അതിനാല്‍, വൃക്കയില്‍ കല്ലു പോലുള്ള അവസ്ഥകള്‍ ഉള്ളവര്‍ക്ക് പച്ച ചീരയ്ക്ക് പകരം ചുവന്ന ചീര തിരഞ്ഞെടുക്കാം. വൈറ്റമിന്‍ എ, സി, ഇ എന്നിവ ചുവന്ന ചീരയില്‍ ധാരാളമുണ്ട്. ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടില്ല. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ രക്തത്തിലേക്കുള്ള ഗ്ലൂക്കോസിന്റെ അഗിരണം കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. കൂടാതെ ചുവന്ന ചീര ഇരുമ്പിന്റെ കലവറയാണ്. ചുവന്ന രക്താണുക്കളുടെ നിര്‍മാണത്തിനും ഹീമോഗ്ലോബിന്റെ പ്രവര്‍ത്തനത്തിനും ഇത് വളരെ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ പ്രമേഹരോഗികള്‍ക്ക് ഇത് മികച്ചതാണ്. വിളര്‍ച്ച, ത്വക് രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങള്‍, മഞ്ഞപിത്തം ഇവയ്‌ക്കെല്ലാം ചുവന്ന ചീര കഴിക്കുന്നത് രോഗാവസ്ഥ കുറയ്ക്കാന്‍ സഹായിക്കും. കുടലിലെ അള്‍സര്‍, സോറിയാസിസ് രോഗികള്‍ എന്നിവരില്‍ ചുവന്ന ചീര നല്ല ഫലം തരും. ആര്‍ത്തവരക്തനഷ്ടം മൂലമുള്ള ക്ഷീണം കുറയ്ക്കാന്‍ ചുവന്ന ചീര കറിയാക്കിയോ സമൂലം കഷായമാക്കിയോ കഴിക്കാം. തൊണ്ടയിലെ കുരുക്കള്‍ ശമിക്കാന്‍ ചുവപ്പന്‍ ചീരയിലകള്‍ ചേര്‍ത്ത് തിളപ്പിച്ചാറിയ വെള്ളം കവിള്‍ക്കൊള്ളാം. അമിതമായി വേവിക്കുന്നത് ചീരയുടെ ഗുണം കുറയ്ക്കും. സൂപ്പുകളില്‍ ചീരയിലകള്‍ക്ക് അവസാനം ചേര്‍ക്കുന്നതാണ് നല്ലത്. ചീര അടച്ചുവെച്ച് പാകം ചെയ്യുന്നത് പോഷകനഷ്ടം കുറയ്ക്കും.

◾  ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ - 87.66, പൗണ്ട് - 116.32, യൂറോ - 101.29, സ്വിസ് ഫ്രാങ്ക് - 108.33, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.72, ബഹറിന്‍ ദിനാര്‍ - 232.55, കുവൈത്ത് ദിനാര്‍ -286.76, ഒമാനി റിയാല്‍ - 227.98, സൗദി റിയാല്‍ - 23.25, യു.എ.ഇ ദിര്‍ഹം - 23.37, ഖത്തര്‍ റിയാല്‍ - 24.08, കനേഡിയന്‍ ഡോളര്‍ - 63.59.

➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right