Trending

പ്രഭാത വാർത്തകൾ

2025  ജൂലൈ 15  ചൊവ്വ 
1200  മിഥുനം 31  ചതയം, പൂരുരുട്ടാതി 
1447 മുഹർറം 18

◾ തെരുവുനായശല്യം സംസ്ഥാനദുരന്തമായി കണക്കാക്കാനാകില്ലേയെന്ന്  ഹൈക്കോടതി. തെരുവുനായ ആക്രമണത്തെ സംസ്ഥാന ദുരന്തമായി കണക്കാക്കിയാല്‍ ഇരയായവര്‍ക്ക് ദുരന്ത നിവാരണഫണ്ടില്‍നിന്ന് നഷ്ടപരിഹാരം നല്‍കാനാകില്ലേ എന്നും ഹൈക്കോടതി ചോദിച്ചു. തെരുവുനായശല്യം നിയന്ത്രിക്കാന്‍ നടപടി ആവശ്യപ്പെട്ട് നിയമവിദ്യാര്‍ഥിനിയായ തിരുവനന്തപുരം സ്വദേശിനി കീര്‍ത്തന സരിന്‍ ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി ജൂലായ് 21-ന് പരിഗണിക്കാനായി മാറ്റി.

◾ രണ്ട് സര്‍വകലാശാലകളില്‍ താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീലില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. സിംഗില്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ചാന്‍സിലറായ ഗവര്‍ണറുടെ ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തു. താത്കാലിക വിസി നിയമനം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് വേണം എന്നായിരുന്നു സിംഗില്‍ ബെഞ്ച് ഉത്തരവ്

◾ വിദ്യാര്‍ഥികള്‍ എന്നു പറയുന്ന സംഘം യൂണിവേഴ്സിറ്റിയില്‍ അക്രമം നടത്തുന്നുവെന്ന് വിസി ഡോ മോഹനന്‍ കുന്നുമ്മല്‍. സിന്‍ഡിക്കേറ്റ് കൂടാതെ എങ്ങനെ റജിസ്ട്രാറുടെ സസ്പെന്‍ഷന്‍ റദ്ദാക്കിയെന്ന് ചോദിച്ച വിസി മോഹനന്‍ കുന്നുമ്മല്‍  ഇല്ലാത്ത ഒരു കടലാസ് കോടതിയില്‍ കാണിച്ചെന്ന് പറഞ്ഞ് പരാതി പിന്‍വലിച്ചുവെന്നും പറഞ്ഞു. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമാണ് മോഹനന്‍ കുന്നുമ്മലിന്റെ പ്രതികരണം.

◾ റജിസ്ട്രാര്‍ പദവിയില്‍ കെഎസ് അനില്‍കുമാറിന്റെ നിയമനം ചോദ്യം ചെയ്ത് ഗവര്‍ണര്‍ക്ക് പരാതി. സേവ് യൂണിവേഴ്സിറ്റി ഫോറം ആണ് പരാതി നല്‍കിയത്. റജിസ്ട്രാര്‍ പദവിയില്‍ നിന്ന് അനില്‍കുമാറിനെ ഉടന്‍ നീക്കം ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം. അനില്‍കുമാര്‍ തുടരുന്നത് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണെന്നും യൂണിവേഴ്സിറ്റി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നിയമനമെന്നും പരാതിയില്‍ പറയുന്നു.

◾ ഗവര്‍ണറുടേത് നിയമ വിരുദ്ധ നടപടിയെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. വിസിമാരെ ഏകപക്ഷീയമായി ചാന്‍സലര്‍ക്ക് നിയമിക്കാനാവില്ലെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളെ അട്ടിമറിക്കും വിധം ഇടപെടുന്ന രീതി തെറ്റാണെന്നും മന്ത്രി ബിന്ദു പറഞ്ഞു. ആര്‍എസ്എസ് താല്‍പര്യം നടപ്പാക്കുന്ന നടപടിയില്‍ നിന്ന് ഗവര്‍ണര്‍ പിന്‍മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

◾ പാലക്കാട് നിപ ജാഗ്രതയേറുന്നു. നിപ ബാധിച്ച് മരിച്ച കുമാരംപുത്തൂര്‍ സ്വദേശിയായ വയോധികന്റെ ഹൈ റിസ്‌ക് കോണ്‍ടാക്ട് ലിസ്റ്റിലുള്ള രണ്ട് പേര്‍ക്ക് പനി ബാധിച്ചു. ഇവരെ പാലക്കാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഹൈ റിസ്‌ക് കോണ്‍ടാക്ട് ലിസ്റ്റില്‍ ഉണ്ടായിരുന്ന ഒരു ബന്ധുവിനും ഒരു ആരോഗ്യ പ്രവര്‍ത്തകനുമാണ് പനി ബാധിച്ചത്. ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.

◾ ഗംഗാതട പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദം അതിവേഗം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. 24 മണിക്കൂറില്‍ രൂപപ്പെടുമെന്ന് പ്രതീക്ഷിച്ച തീവ്ര ന്യൂനമര്‍ദ്ദമാണ് അതിവേഗം രൂപപ്പെട്ടത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 4 ദിവസം വിവിധ ജില്ലകളില്‍ അതിശക്ത മഴക്ക് സാധ്യതയുണ്ട് എന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ്അറിയിച്ചു.

◾ പാതിവില തട്ടിപ്പ് കേസില്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ക്ക് എതിരായ ആരോപണം ക്രൈം ബ്രാഞ്ച് രൂപീകരിച്ച പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പാതിവില തട്ടിപ്പ് കേസിലെ ആരോപണ വിധേയരുടെ പട്ടികയില്‍ നിന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരുടെ പേര് ഹൈക്കോടതി നീക്കിയത് റദ്ദാക്കണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി.

◾ കീം റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട് കേസില്‍ തടസഹര്‍ജി സമര്‍പ്പിച്ച് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍. നാല് വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ വാദം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് കാട്ടി അഭിഭാഷകന്‍ അല്‍ജോ കെ ജോസഫ് മുഖാന്തരം തടസഹര്‍ജി സമര്‍പ്പിച്ചത്. അതേസമയം റാങ്ക് പട്ടികയ്ക്കെതിരെ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍ പരാമര്‍ശിക്കും.

◾ യെമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച വിഷയത്തില്‍ ചര്‍ച്ച ഇന്നും തുടരുമെന്ന് പ്രതിനിധി സംഘം. ദയാധനം സ്വീകരിച്ച് മാപ്പ് നല്‍കണമെന്ന പ്രതിനിധി സംഘത്തിന്റെ  നിര്‍ദേശത്തോട്  യെമനി പൌരന്റെ കുടുംബം ഇതുവരെ പ്രതികരണം അറിയിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലില്‍ യെമനിലെ സുന്നി പണ്ഡിതനാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിച്ചത്.

◾ യെമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വത്തിക്കാന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് നിവേദനം നല്‍കി. സേവ് നിമിഷപ്രിയ ഗ്ലോബല്‍ ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്സന്‍ അഡ്വ. ദീപ ജോസഫ് ആണ് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ലിയോ പോള്‍ദോ ജിറെല്ലിയ്ക്ക് നിവേദനം നല്‍കിയത്.

◾ മത്സ്യബന്ധനത്തിനിടെ വല നശിക്കുന്ന സംഭവം തുടര്‍കഥയാകുന്നതായി പരാതി.കടലില്‍ താഴ്ന്ന് കിടക്കുന്ന കണ്ടെയ്നറില്‍ ഉടക്കിയാണ് വലകള്‍ നശിക്കുന്നതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.കടലില്‍ താഴ്ന്ന കണ്ടെയ്നര്‍ കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന വേണമെന്നും നാശം വന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

◾ കോര്‍പറേഷനില്‍ എല്‍ഡിഎഫ് ഭരണസമിതി അനധികൃത നിയമനം നടത്തിയെന്ന് ആരോപിച്ച് യുവമോര്‍ച്ച നടത്തിയ നൈറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. മേയര്‍ ആര്യ രാജന്റെ കോലവുമായി പ്രതിഷേധത്തിനെത്തിയ പ്രവര്‍ത്തകര്‍ കോലം കത്തിച്ച് പ്രതിഷേധിച്ചു.

◾  ബാലസംഘം സമ്മേളനത്തില്‍ പങ്കെടുത്ത് കൊലക്കേസ് പ്രതി. ബാലസംഘത്തിന്റെ ധര്‍മ്മടം നോര്‍ത്ത് വില്ലേജ് സമ്മേളനത്തിലാണ് കൊലക്കേസ് പ്രതി വടക്കുമ്പാട് സ്വദേശി ശ്രീജിത്ത് പങ്കെടുത്തത്. തലശേരി നിഖില്‍ കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഇയാള്‍. പരിപാടിയില്‍ ഇയാള്‍ കുട്ടികളോട് സംസാരിക്കകയും പാടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

◾ നൂറനാട് ഇടപ്പോണ്‍ ആറ്റുവ വിവേകാനന്ദ വിദ്യാപീഠം സ്‌കൂളില്‍ നടന്ന ബിജെപി നേതാവിന്റെ പാദപൂജ വിവാദത്തില്‍ വിശദീകരണവുമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍. കാല്‍ കഴുകല്‍ പാദപൂജ അല്ല സ്‌കൂളില്‍ നടന്നതെന്നും പൂവും പനിനീരും തളിക്കലാണെന്നും ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. കെ കെ അനൂപിനെ ചടങ്ങില്‍ പങ്കെടുപ്പിച്ചതില്‍ തെറ്റില്ലെന്നും വിവേകാനന്ദ വിദ്യാപീഠം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍ ശാന്തകുമാര്‍   പറഞ്ഞു.

◾ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ ജനല്‍ കാറ്റില്‍ അടര്‍ന്നു വീണ് 2 നഴ്‌സിങ് വിദ്യാര്‍ഥിനികള്‍ക്കു പരിക്കേറ്റു. ഒന്നാം വര്‍ഷ ബിഎസ്സി നഴ്‌സിങ് വിദ്യാര്‍ഥിനികളായ ബി. ആദിത്യ, പി.ടി.നയന എന്നിവര്‍ക്കാണ് തലയ്ക്കു പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഫിസിയോളജി ഹാളിലെ ഇരുമ്പ് ജനല്‍ ആണ് വൈകിട്ട് നിലം പൊത്തിയത്.

◾ സിമിയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. സംഘടനയുടെ നിരോധനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നതിനിടെ 2024 ജൂലൈ 24 ന് വീണ്ടും നിരോധനം നീട്ടിയത് ശരിയല്ലന്ന് കാട്ടി സിമിയില്‍ അംഗമായിരുന്ന അഹമ്മദ് സിദ്ദിഖി എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.

◾ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടില്‍ ഇന്നലെ രാത്രി പൊലീസ് നടത്തിയ റെയ്ഡില്‍ അനാശാസ്യ സംഘം പിടിയിലായി. നടത്തിപ്പുകാരായ രണ്ടു പേരും ഒരു ഇടപാടുകാരനും ഇതര സംസ്ഥാനക്കാരായ 6 സ്ത്രീകളും ഉള്‍പ്പെടെ 9 പേരാണു പിടിയിലായത്. മണ്ണാര്‍ക്കാട് സ്വദേശിയായ അക്ബര്‍ അലിയാണു സംഘത്തിനു നേതൃത്വം നല്‍കുന്നതെന്നാണു വിവരം.

◾ മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഓട്ടിസം ബാധിച്ച ആറുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ടാനമ്മ അറസ്റ്റില്‍. ഭക്ഷണം നിഷേധിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്ത കുറ്റങ്ങള്‍ ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. രണ്ടാനമ്മയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന് ഇവരുടെ പിതാവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

◾ പന്തളത്തെ 11വയസ്സുകാരി ഹന്ന ഫാത്തിമയുടെ മരണം പേവിഷബാധ മൂലമല്ലെന്ന് പരിശോധന ഫലം. വളര്‍ത്തു പൂച്ചയുടെ നഖം കൊണ്ട് ശരീരത്തില്‍ മുറിവേറ്റ് ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ വ്യാഴാഴ്ച ഹന്ന ഫാത്തിമ മരിച്ചത്.

◾ സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് മോഹന്‍രാജ് സിനിമാ ചിത്രീകരണത്തിനിടെ മരണപ്പെട്ട സംഭവത്തില്‍ സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ പൊലീസ് കേസ്. സഹനിര്‍മാതാക്കള്‍ അടക്കം ആകെ 5 പേര്‍ക്കെതിരെയാണ് കീളൈയൂര്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്. നാഗപട്ടണം ജില്ലയിലെ കീളൈയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അളപ്പക്കുഡിയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. കാര്‍ മറിക്കുന്ന ഒരു സാഹസിക രംഗത്തിന്റെ ചിത്രീകരണത്തിനിടയിലാണ് മോഹന്‍രാജിന്റെ (52) മരണത്തിന് ഇടയാക്കിയ അപകടം ഉണ്ടായത്.

◾ ഒഡീഷ ബാലസോറില്‍ അധ്യാപകന്റെ പീഡനത്തില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ കോളേജിനെതിരെ രൂക്ഷ ആരോപണവുമായി കുടുംബം. മകള്‍ പരാതി നല്‍കിയിട്ടും കോളേജ് പ്രിന്‍സിപ്പല്‍ നടപടിയെടുത്തില്ലെന്ന് വിദ്യാര്‍ത്ഥിനിയുടെ പിതാവ് ആരോപിക്കുന്നു. ഉന്നത വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

◾ അഹമ്മദാബാദ് വിമാന ദുരന്തത്തില പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ അടിയന്തരമായി പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ച് ഡിജിസിഎ. സ്വിച്ചുകള്‍ ഉള്‍പ്പെട്ട ത്രോട്ട് കണ്‍ട്രോള്‍ മൊഡ്യൂള്‍ രണ്ട് തവണ മാറ്റി വച്ചതായി പറയുന്ന റിപ്പോര്‍ട്ടില്‍ ദുരൂഹത വര്‍ധിക്കുകയാണ്. അതേസമയം, വിമാനത്തിന് എഞ്ചിന്‍ തകരാറില്ലായിരുന്നുവെന്ന റിപ്പോര്‍ട്ട് എയര്‍ ഇന്ത്യ സിഇഒ ക്യാംപ്ബെല്‍ വിത്സന്‍ സ്വാഗതം ചെയ്തു.

◾ അഹമ്മദാബാദ് വിമാന ദുരന്തത്തില പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ അടിയന്തരമായി പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ച് ഡിജിസിഎ. സ്വിച്ചുകള്‍ ഉള്‍പ്പെട്ട ത്രോട്ട് കണ്‍ട്രോള്‍ മൊഡ്യൂള്‍ രണ്ട് തവണ മാറ്റി വച്ചതായി പറയുന്ന റിപ്പോര്‍ട്ടില്‍ ദുരൂഹത വര്‍ധിക്കുകയാണ്. അതേസമയം, വിമാനത്തിന് എഞ്ചിന്‍ തകരാറില്ലായിരുന്നുവെന്ന റിപ്പോര്‍ട്ട് എയര്‍ ഇന്ത്യ സിഇഒ ക്യാംപ്ബെല്‍ വിത്സന്‍ സ്വാഗതം ചെയ്തു.

◾ ലോക്സഭയില്‍ എം പിമാരുടെ ഹാജര്‍ ഉറപ്പാക്കാന്‍ പുതിയ സംവിധാനം നടപ്പാക്കുന്നു. എം പിമാര്‍ സഭയ്ക്ക് അകത്ത് എത്തിയ ശേഷം തന്നെ ഹാജര്‍ രേഖപ്പെടുത്തണമെന്നാണ് പുതിയ തീരുമാനം. ഈ സമ്മേളന കാലയളവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഈ സംവിധാനം, അടുത്ത സമ്മേളനം മുതല്‍ നിര്‍ബന്ധമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സഭാ നടപടികളില്‍ എം പിമാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് വിശദീകരണം.

◾ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ദുര്‍ബലമാണെന്ന് വരുത്തിത്തീര്‍ക്കുന്നത് താഴ്വരയില്‍ തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് ബിജെപി കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റിയതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഡല്‍ഹിയ്ക്ക് സമാനമാണ് ജമ്മു കശ്മീരിലേയും സ്ഥിതിഗതിയെന്ന് ബിജെപി കരുതരുതെന്നും ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മില്‍ നിലനിന്നിരുന്ന രാഷ്ട്രീയപ്പോര് സൂചിപ്പിച്ച് ഒമര്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.

◾ യുദ്ധാനന്തര ഗാസ ഭരിക്കാന്‍ ഹമാസിന് സാധിക്കില്ലെന്നും അവരുടെ ആയുധങ്ങള്‍ പലസ്തീന്‍ അതോറിറ്റിക്ക് സമര്‍പ്പിക്കണമെന്നും പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്. ജോര്‍ദാനിലെ അമ്മാനില്‍ മുന്‍ യുകെ പ്രധാനമന്ത്രി ടോണി ബ്ലെയറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് മഹ്‌മൂദ് അബ്ബാസ് നയം വ്യക്തമാക്കിയത്.

◾ യുക്രൈന് ആയുധ സഹായം നല്‍കുമെന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ വ്യോമപ്രതിരോധ സംവിധാനമായ പാട്രിയറ്റ് യുക്രൈന് നല്‍കുമെന്ന് ട്രംപ് വ്യക്തമാക്കി. തിങ്കളാഴ്ച റഷ്യയുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് ട്രംപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈനിന് ആവശ്യമായ ആയുധം നല്‍കുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

◾ യുദ്ധം അവസാനിപ്പിച്ച് സമാധാനക്കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ റഷ്യയ്ക്കെതിരെ 100 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിനായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് 50 ദിവസമാണ് ട്രംപ് അനുവദിച്ചിരിക്കുന്നത്. നേരത്തെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്, പുടിന് മേല്‍ നടത്തിയ സമ്മര്‍ദ്ദമല്ലൊം പാഴായതായിന് പിന്നാലെ പുടിന്‍ എല്ലാവരെയും ബോംബിട്ട് കൊല്ലുമെന്ന് ട്രംപ് പറഞ്ഞിരുന്നു.

◾ ലോകത്തിലെ ഏറ്റവും പ്രായംകൂടിയ മാരത്തണ്‍ ഓട്ടക്കാരനായി അറിയപ്പെട്ടിരുന്ന 114 വയസുള്ള ഫൗജ സിംഗ് അന്തരിച്ചു. ജലന്ധറില്‍ വെച്ച് ഇന്നലെ വൈകീട്ടുണ്ടായ വാഹനാപകടത്തിലാണ് അന്ത്യം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒരു വാഹനം ഫൗജ സിംഗിനെ ഇടിച്ച് നിര്‍ത്താതെ പോവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

◾ ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 22 റണ്‍സ് തോല്‍വി. 193 റണ്‍സ് വിജയലക്ഷ്യവുമായി അവസാന ദിനം ബാറ്റിംഗിനെത്തിയ ഇന്ത്യ 170ന് എല്ലാവരും പുറത്താവുകയായിരുന്നു. 61 റണ്‍സുമായി പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയുടെ പോരാട്ടം പാഴായി. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. നാലാം ടെസ്റ്റ് ഈ മാസം 23ന് മാഞ്ച്സ്റ്ററില്‍ ആരംഭിക്കും.

◾ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ നൂറ് ദിവസങ്ങളില്‍ രാജ്യത്തെ അറ്റ പ്രത്യക്ഷ നികുതി വരുമാനം 1.3 ശതമാനം ഇടിഞ്ഞ് 5.6 ലക്ഷം കോടി രൂപയായി. കോര്‍പ്പറേറ്റ്, വ്യക്തിഗത വരുമാന നികുതികള്‍ ഇക്കാലയളവില്‍ 3.2 ശതമാനം ഉയര്‍ന്ന് 6.6 ലക്ഷം കോടി രൂപയിലെത്തി. അതേസമയം നികുതി റീഫണ്ടുകളായി 1.01 ലക്ഷം കോടി രൂപയാണ് നല്‍കിയത്. മുന്‍വര്‍ഷത്തേക്കാള്‍ 38 ശതമാനം അധികം തുകയാണിത്. 2013-14 സാമ്പത്തിക വര്‍ഷത്തേക്കാള്‍ വരുമാന നികുതി റീഫണ്ടില്‍ 474 ശതമാനം വര്‍ദ്ധനയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.77 ലക്ഷം കോടി രൂപയാണ് റീഫണ്ടായി നല്‍കിയത്. ഇക്കാലയളവില്‍ മൊത്തം നികുതി സമാഹരണത്തില്‍ 274 ശതമാനം വര്‍ദ്ധനയാണുണ്ടായത്. പത്ത് വര്‍ഷത്തിനിടെ ടാക്സ് റിട്ടേണ്‍ നല്‍കുന്നവരുടെ എണ്ണം 133 ശതമാനം ഉയര്‍ന്ന് 8.89 കോടിയായി.

◾ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' ചിത്രത്തിന് എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒരു കള്ളന്റെ റോളില്‍ എത്തുകയാണ് ഫഹദ്. തമിഴ് ചിത്രം 'മാരീചനി'ലാണ് ഫഹദ് വീണ്ടും കള്ളനായി എത്തുന്നത്. വടിവേലുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.  രണ്ട് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ നല്‍കുന്ന സൂചന പ്രകാരം മറവിരോഗമുള്ള ആളാണ് വടിവേലുവിന്റെ കഥാപാത്രം. ഇയാളില്‍ നിന്ന് വലിയ ഒരു തുക മോഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഫഹദിന്റെ കഥാപാത്രം. ഒരു റോഡ് ത്രില്ലര്‍ ആയ ചിത്രം സംവിധാനം ചെയ്യുന്നത് സുധീഷ് ശങ്കര്‍ ആണ്. 2023 ല്‍ പുറത്തെത്തിയ വലിയ പ്രേക്ഷകശ്രദ്ധ നേടിയ മാമന്നന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്ന ചിത്രമാണ് മാരീചന്‍. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ കൂടിയായ വി കൃഷ്ണമൂര്‍ത്തിയാണ് കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി എല്‍ തേനപ്പന്‍, ലിവിംഗ്സ്റ്റണ്‍, രേണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോണ്‍ രാജ് എന്നിവരുള്‍പ്പെടെ ശ്രദ്ധേയമായ ഒരു കൂട്ടം അഭിനേതാക്കളാണ് ഈ ചിത്രത്തിലുള്ളത്. ജൂലൈ 25 നാണ് ചിത്രത്തിന്റെ റിലീസ്.

◾ ഷെയ്ന്‍ നിഗം നായകനായെത്തുന്ന 'ബള്‍ട്ടി'യില്‍ 'സൈക്കോ ബട്ടര്‍ഫ്ലൈ' സോഡ ബാബുവായി ഞെട്ടിക്കാന്‍ എത്തുകയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ചിത്രത്തിലെ ക്യാരക്ടര്‍ ഗ്ലിംപ്സ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. സില്‍ക്ക് കളര്‍ഫുള്‍ ഷര്‍ട്ടും ഫോര്‍മല്‍ പാന്റ്സും അണിഞ്ഞ് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍  ലുക്കില്‍ അടിമുടി കിടിലന്‍ ഗെറ്റപ്പിലാണ് അല്‍ഫോണ്‍സ് പുത്രന്‍ റീലോഡഡ് എന്ന ടാഗ് ലൈനുമായി വിഡിയോ എത്തിയിരിക്കുന്നത്. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായ 'ബള്‍ട്ടി' സംവിധാനം ചെയ്യുന്നത് നവാഗതനായ ഉണ്ണി ശിവലിംഗമാണ്. 2015ല്‍ ആണ് 'പ്രേമം' ഒരുക്കിയത്. ശേഷം 2022-ല്‍ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി 'ഗോള്‍ഡ്' ഒരുക്കി. സംവിധായകനുപരി ഫിലിം എഡിറ്ററും നിര്‍മാതാവും അഭിനേതാവുമൊക്കെ ആണ് അല്‍ഫോണ്‍സ് പുത്രന്‍. അടുത്തിടെ പുറത്തിറങ്ങിയ 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' എന്ന സിനിമയിലും അല്‍ഫോന്‍സ് അഭിനയിച്ചിരുന്നു.

◾ പുതിയ എസ്വി ബ്ലാക്ക് എഡിഷന്‍ പുറത്തിറക്കി റേഞ്ച് റോവര്‍. കാഴ്ചയില്‍, ഒരു ഡീപ്പ് നാര്‍വിക് ഗ്ലോസ് ബ്ലാക്ക് പെയിന്റ് ഫിനിഷ്, 23 ഇഞ്ച് അലോയി വീലുകള്‍, ഗ്ലോസ് ബ്ലാക്ക് ഗ്രില്‍ മെഷ്, ബ്ലാക്ക് സെറാമിക് എസ്വി റൗണ്ടല്‍, എല്ലായിടത്തും സാറ്റിന്‍ ബ്ലാക്ക് ആക്‌സന്റുകള്‍ എന്നിവയാല്‍ എസ്വി ബ്ലാക്ക് അതിന്റെ പേരിനോട് നീതി പുലര്‍ത്തുന്നതായി കാണാം. 615 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന വി8 എന്‍ജിനാണ് എസ്വി ബ്ലാക്കിന്റെ ഹൃദയം. നാല് അല്ലെങ്കില്‍ അഞ്ച് സീറ്റര്‍ ലേയൗട്ടുകളില്‍ സ്റ്റാന്‍ഡേര്‍ഡ് അല്ലെങ്കില്‍ ലോംഗ്-വീല്‍ബേസ് ഫോര്‍മാറ്റുകള്‍ക്കുള്ള ഓപ്ഷനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, 70 ശതമാനത്തിലധികം സുസ്ഥിര മെറ്റീരിയലുകള്‍ ഉപയോഗപ്പെടുത്തുന്ന വിപണിയിലെ ആദ്യത്തെ പിറെല്ലി പി സീറോ ടയറുകള്‍ റേഞ്ച് റോവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്, 2025 മുതല്‍ എല്ലാ നിരയിലും ഇവ ലഭ്യമാകും എന്നതും ശ്രദ്ധേയമാണ്.

◾ വാക്കിനെയും എഴുത്തിനെയും നരകത്തെക്കാളേറെ ഭയന്ന ഭരണകര്‍ത്താക്കളുടെ കൈകളിലെ സെന്‍സര്‍ഷിപ്പ് കത്രികയും, മതഭ്രാന്തരുടെയും സദാചാരമേലാളന്മാരുടെയും വെറുപ്പിന്റെ തീപ്പന്തവും നിരോധനത്തിന്റെ വാള്‍ത്തലമൂര്‍ച്ചയുമെല്ലാം തരണംചെയ്തുള്ള പുസ്തകങ്ങളുടെ അനശ്വരസഞ്ചാരത്തെക്കുറിച്ചുള്ള പുസ്തകം. വായനയുടെ ചരിത്രത്തിലും വര്‍ത്തമാനത്തിലും തുടങ്ങി ഭാവനയുടെ ഭാവിയിലേക്കു നീണ്ടുപോകുന്ന ചിന്തകള്‍. ജെ. പ്രഭാഷിന്റെ  ലേഖനങ്ങളുടെ സമാഹാരം. 'പുസ്തകങ്ങളെ പ്രണയിക്കുന്നവരും കത്തിക്കുന്നവരും'. ജെ. പ്രഭാഷ്. മാതൃഭൂമി. വില 170 രൂപ.

◾ ശരീരത്തിന് അവശ്യം വേണ്ട ഒരു ധാതുവാണ് മഗ്നീഷ്യം. ശരീരത്തില്‍ മുന്നൂറിലധികം ജൈവരാസപ്രവര്‍ത്തനങ്ങളില്‍ മഗ്നീഷ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പേശികളുടെയും നാഡികളുടെയും പ്രവര്‍ത്തനം, രക്തസമ്മര്‍ദം നിയന്ത്രിക്കുക, ഊര്‍ജ്ജോല്‍പ്പാദനം തുടങ്ങിയവ അവയില്‍ ചിലതു മാത്രമാണ്. എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും രോഗപ്രതിരോധ സംവിധാനത്തിനും ഇത് പ്രധാനമാണ്. ഭക്ഷണത്തില്‍ നിന്ന് ശരീരത്തിന് വേണ്ടത്ര മഗ്നീഷ്യം ലഭിക്കാതെ വരുമ്പോഴും ശരീരം മഗ്നീഷ്യം ആഗിരണം ചെയ്യുന്നതില്‍ കുറവ് സംഭവിക്കുമ്പോഴും പല രോഗലക്ഷണങ്ങള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. പേശിവലിവ്, ഞെരമ്പുകോച്ചല്‍, വിറയല്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ മഗ്നീഷ്യം കുറയുന്നതു മൂലം ഉണ്ടാകാം. കാലുകളിലാണ് ഈ ലക്ഷണങ്ങള്‍ കൂടുതലായും കാണാറുള്ളത്. ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ മഗ്നീഷ്യം അനിവാര്യമാണ്. മഗ്നീഷ്യത്തിന്റെ കുറവ് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാന്‍ ഇടയാക്കും. ശരീരത്തിന്റെ സര്‍ക്കാഡിയന്‍ താളത്തെ നിയന്ത്രിക്കാന്‍ മഗ്നീഷ്യം സഹായിക്കുന്നു. അതുകൊണ്ട് മഗ്നീഷ്യത്തിന്റെ അപര്യാപ്തത ഉറക്കമില്ലായ്മ്മ, അസ്വസ്ഥമായ ഉറക്കം തുടങ്ങിയവയിലേക്ക് നയിച്ചേക്കാം. നാഡീവ്യവസ്ഥയെ നിയന്ത്രിക്കുന്നതിന് മഗ്നീഷ്യം പ്രധാനമാണ്. മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഉത്പാദനത്തിലും മഗ്നീഷ്യം ആവശ്യമായതിനാല്‍ ഇതില്‍ കുറവുണ്ടാകുന്നത് ഉത്കണ്ഠയിലേക്കും വിഷാദത്തിലേക്കും നയിക്കും. മൈഗ്രേന്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ് മഗ്നീഷ്യം, അതുകൊണ്ട് ഇത് കുറയുമ്പോള്‍ മൈഗ്രേന്റെ തീവ്രത വര്‍ദ്ധിക്കും. മഗ്നീഷ്യം കുറയുന്നത് മലബന്ധത്തിന് കാരണമാകും. മഗ്നീഷ്യം കുറയുന്നതുമൂലം ടൈപ്പ് 2 പ്രമേഹത്തിലേക്കും നയിച്ചേക്കാം. ചിയാവിത്തുകള്‍, വാഴപ്പഴം, ഇലക്കറികള്‍, ബദാം, മുരിങ്ങയില, മത്തങ്ങാ വിത്തുകള്‍, ഡാര്‍ക്ക് ചോക്ലേറ്റ്, അവാക്കാഡോ എന്നിവയില്‍ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ദൈനംദിന ഡയറ്റില്‍ ചേര്‍ക്കുന്നത് മികച്ചതാണ്.

*ശുഭദിനം*

ഉദ്യോഗത്തിലെ ഉന്നത പദവിയില്‍ നിന്ന് വിരമിച്ച മൂന്ന് സുഹൃത്തുക്കള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ എവിടെയെങ്കിലും ഒത്തുകൂടുക പതിവായിരുന്നു. ഇത്തവണ അവര്‍ ഒത്തുകൂടിയപ്പോള്‍ തങ്ങളുടെ പ്രായത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമുള്ള ആശങ്കകള്‍ പങ്കുവെക്കാനിടയായി.  ഒന്നാമന്‍ പറഞ്ഞു: 'നമ്മുടെ ഒത്തുചേരല്‍ ആസ്വദിക്കാന്‍ ഈ വര്‍ഷവും നമുക്ക് സാധിച്ചു. പക്ഷേ അടുത്ത വര്‍ഷവും ഇതുപോലെ കണ്ടുമുട്ടാന്‍ പറ്റുമോ എന്ന് എന്തുറപ്പാണുള്ളത്?'  ഇതുകേട്ട് രണ്ടാമന്‍ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു: 'അടുത്ത വര്‍ഷം? അത് വളരെ നീണ്ട ഒരു കാലയളവാണ് ചങ്ങാതീ. ഇന്ന് ഞാന്‍ ജീവിച്ചിരിപ്പുണ്ട് എന്നത് സത്യമാണ്. എന്നാല്‍ നാളത്തെ പ്രഭാതം ഞാന്‍ കാണുമോ എന്ന് എനിക്ക് ഉറപ്പില്ല'  അതുവരെ നിശ്ശബ്ദനായിരുന്ന മൂന്നാമന്‍ പറഞ്ഞു: 'നാളെ? എന്തിന് നാളെ? ഇതാ ഞാന്‍  ഇപ്പോള്‍ ഈ നിമിഷം വലിക്കുന്ന ശ്വാസം അവസാനത്തേതല്ല എന്ന് എങ്ങനെ പറയാന്‍ കഴിയും?'  മറ്റു രണ്ടുപേരും അത് ശരിവെച്ചു. നമ്മള്‍ ജീവിച്ചുതീര്‍ത്ത കാലവും ഇനി ജീവിക്കും എന്നു വിചാരിക്കുന്ന കാലവും നാം അളക്കുന്നത് വര്‍ഷക്കണക്കിലാണ്. വാസ്തവത്തില്‍ നമ്മുടെ മുന്നില്‍ പല വര്‍ഷങ്ങളോ ഒരു വര്‍ഷം പോലുമോ ഉണ്ടാകണമെന്നില്ല  .ജീവിതത്തിന്റെ അളവുകോല്‍ വര്‍ഷങ്ങളോ ദിവസങ്ങളോ അല്ല. അത് ഒരു നിമിഷത്തില്‍ നിന്ന് അടുത്ത നിമിഷത്തിലേക്ക് മാത്രം ചലിക്കുന്നു.... ഒരു ശ്വാസത്തില്‍നിന്ന് അടുത്തതിലേക്കും. നമ്മുടെ മുന്നില്‍ ഇനി എത്ര നിമിഷങ്ങള്‍ ഉണ്ടാകുമെന്ന് നമുക്കാര്‍ക്കും അറിയില്ല.  ഈ നിമിഷം.. അതുമാത്രമാണ് സത്യം.. -
 *ശുഭദിനം.*
Previous Post Next Post
3/TECH/col-right