Trending

സായാഹ്ന വാര്‍ത്തകള്‍.

◾ അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലെ അവ്യക്തത തുടരുന്നു. അഹമ്മദാബാദില്‍ തകര്‍ന്ന എയര്‍ ഇന്ത്യ ബോയിങ് 787-8 വിമാനത്തിലെ ത്രോട്ടില്‍ കണ്‍ട്രോള്‍ മൊഡ്യുള്‍ രണ്ടു തവണ മാറ്റിവെച്ചിരുന്നുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെയാണ് രണ്ടു തവണ മാറ്റിവെച്ചതെന്നത് സംശയം ഉയര്‍ത്തുവെന്ന് റിപ്പോര്‍ട്ടുകള്‍

◾ അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ സര്‍ക്കാര്‍, പൈലറ്റുമാരുടെ സംഘടനകളെ കാണും. കോക്പിറ്റിലെ സംഭാഷണവുമായി ബന്ധപ്പെടുത്തി പൈലറ്റുമാരെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ ബാലിശമാണെന്നും, ഇന്ധനസ്വിച്ച് ഓഫായതിന് പിന്നില്‍ യന്ത്ര തകരാര്‍ സംഭവിച്ചോയെന്നത് പരിശോധിക്കണമെന്നും പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. പിന്നാലെ കോക്പിറ്റിലെ സംഭാഷണം മാത്രം കണക്കിലെടുക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. എല്ലാ വശങ്ങളെക്കുറിച്ചും അന്വേഷണം തുടരുമെന്ന് സഹമന്ത്രി മുരളി മഹോള്‍ വിശദീകരിച്ചു.


◾ അഹമ്മദാബാദില്‍ തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതികത്തകരാറുകള്‍ കണ്ടെത്താനായില്ലെന്ന് എയര്‍ ഇന്ത്യ സിഇഒ കാംപ്‌ബെല്‍ വില്‍സണ്‍. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ഫ്‌ളൈറ്റ് യാത്രയ്ക്ക് മുന്‍പ് നിര്‍ബന്ധമായ ബ്രെത്തലൈസര്‍ പരിശോധനയിലും പൈലറ്റുമാര്‍ വിജയിച്ചിരുന്നുവെന്നും അവരുടെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തില്‍ സംഘടനയിലെ വിദഗ്ധ പൈലറ്റുമാരെ ഉള്‍പ്പെടുത്തണമെന്ന് പൈലറ്റുമാരുടെ സംഘടനയുടെ ആവശ്യം. തുടരന്വേഷണത്തിലും സുതാര്യതയുണ്ടാകില്ലെന്ന് സംഘടന ആശങ്കപ്പെടുന്നു. അതേസമയം, ഡിജിസിഎ ഉദ്യോഗസ്ഥരുമായി എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. സംഘടനയുടെ ആശങ്കയറിയിക്കും.


◾ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നിയമപോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കൊല്ലപ്പെട്ട യു കെ പൗരന്മാരുടെ കുടുംബങ്ങള്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും കിസ്റ്റോണ്‍ ലോയെന്ന നിയമസ്ഥാപനം മുഖേന ഉടന്‍ ഹര്‍ജി നല്‍കുമെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ബോയിംഗിനെതിരെ ലണ്ടനിലും എയര്‍ ഇന്ത്യക്കെതിരെ ഇന്ത്യയിലും കോടതികളെ സമീപിക്കും.

◾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല അടങ്ങുന്ന ആക്സിയം 4 സംഘം ഇന്ന് ഭൂമിയിലേക്ക് മടങ്ങും. സ്പേസ് എക്‌സിന്റെ ഡ്രാഗണ്‍ ഗ്രേസ് പേടകത്തിലാണ് ഭൂമിയിലേക്ക് തിരിക്കുന്നത്. ആക്സിയം 4 ദൗത്യ സംഘം നാളെ വൈകീട്ട് മൂന്ന് മണിക്ക് കാലിഫോര്‍ണിയക്കടുത്തുള്ള കടലിലായിരിക്കും സംഘം ഇറങ്ങുക. തുടര്‍ന്ന് സ്പേസ്എക്‌സിന്റെ റിക്കവറി കപ്പല്‍ അവരെ തീരത്തേക്ക് കൊണ്ടുപോകും. ഇതിന് ശേഷം ഒരാഴ്ചക്കാലം നാസയുടെ ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററില്‍ പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷന് ഇവര്‍ വിധേയരാകും.



◾ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിന് ഗവര്‍ണര്‍ക്കെതിരെ നല്‍കിയ ഹര്‍ജികള്‍ പിന്‍വലിക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. കേസുകള്‍ ഫയല്‍ചെയ്യുന്നവര്‍ക്ക് അത് പിന്‍വലിക്കാനുമുള്ള അവകാശമുണ്ടെന്നാണ് ബെഞ്ച് നിരീക്ഷിച്ചത്.

◾ ശബരിമലയിലേക്ക് പോലീസ് ഉന്നതന്‍ ട്രാക്ടര്‍ യാത്ര നടത്തിയ സംഭവത്തില്‍ സ്പെഷ്യല്‍ കമ്മീഷണര്‍ പ്രാഥമിക അന്വേഷണം തുടങ്ങി. നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി കഴിഞ്ഞ ദിവസം നട തുറന്നിരുന്നു. ചരക്ക് നീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവു എന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കഴിഞ്ഞ സീസണില്‍ സ്പെഷ്യല്‍ കമ്മീഷണര്‍ നിയമം ലംഘിച്ച ട്രാക്ടറുകള്‍ക്കെതിരെ കര്‍ശന നടപടി എടുത്തിരുന്നു. പൊലീസിന്റെ തന്നെ ട്രാക്ടറിലാണ് ഉന്നത ഉദ്യോഗസ്ഥന്‍ പോയതെന്നാണ് വിവരം.


◾ ഗ്രൗണ്ടിലാണ് വര്‍ക്ക് ചെയ്യേണ്ടതെന്നും തന്റെ മണ്ഡലത്തില്‍ പോലും യുവ നേതാക്കളെ കാണാനില്ലെന്നും വിമര്‍ശനം ആവര്‍ത്തിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. ടിവിയില്‍ കാണുന്ന യൂത്ത് കോണ്‍ഗ്രസുകാരെ തന്റെ പഞ്ചായത്തില്‍ കണ്ടിട്ടില്ലെന്നും എല്ലാ പഞ്ചായത്തുകളിലും യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഉണ്ടാകണമെന്നും കുര്യന്‍ പറഞ്ഞു. പാര്‍ട്ടിക്കുവേണ്ടി പറഞ്ഞ അഭിപ്രായമാണെന്നും തനിക്ക് ഉത്തമ ബോധ്യമുള്ള കാര്യമാണ് പറഞ്ഞതെന്നും ഇപ്പോഴും തന്റെ അഭിപ്രായം അതാണെന്നും പി ജെ കുര്യന്‍ വിശദീകരിച്ചു.

◾ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ കോണ്‍ഗ്രസ് നേതാക്കള്‍ ആദരിച്ചില്ലെങ്കിലും അപമാനിക്കരുതെന്ന് ചെറിയാന്‍ ഫിലിപ്പ്. ത്യാഗപൂര്‍ണ്ണമായ സമരങ്ങളില്‍ പങ്കെടുക്കുകയോ ജയിലില്‍ പോവുകയോ ചെയ്യാത്ത പലരുമാണ് ദീര്‍ഘകാലം എം.എല്‍എയും എം.പി യും മന്ത്രിയുമൊക്കെയായി മരണം വരെ അധികാര സ്ഥാനങ്ങളില്‍ കെട്ടിപ്പിടിച്ചിരിക്കുന്നതെന്നും അധികാര കുത്തകക്കാര്‍ക്ക് ഇന്നത്തെ യുവാക്കളെ ഉപദേശിക്കാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു .

◾ യൂത്ത് കോണ്‍ഗ്രസിന് നേരെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്റെ വിമര്‍ശനം സദ്ദുദേശ്യപരമായിരുന്നെന്ന് രമേശ് ചെന്നിത്തല. അദ്ദേഹം ഉപദേശരൂപേണയാണ് കാര്യങ്ങള്‍ പറഞ്ഞതെന്നും അത് ആരെയും കുറ്റപ്പെടുത്തിയതല്ലെന്നും പ്രവര്‍ത്തനരംഗത്ത് യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും സജീവമാകണമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പി.ജെ കുര്യന്‍ പറഞ്ഞ നല്ലകാര്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും പരിശോധിച്ച് നടപ്പാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

◾ യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഒഴിവാക്കാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ദിയാധനം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും എജി സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം, വധശിക്ഷ നടപ്പായാല്‍, അത് സങ്കടകരമാണെന്നും സുപ്രീംകോടതി പറഞ്ഞു.


◾ കേരള സര്‍വകലാശാലയിലെ വിസി – രജിസ്ട്രാര്‍ പോരില്‍ ഫയല്‍ നീക്കം സ്തംഭനത്തില്‍. വി സി യുടെ ഒപ്പിനായി കാത്ത് നില്കുന്നത് 2500 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളാണ്. നിരവധി അക്കാദമിക കോഴ്സ് അംഗീകാരത്തിനുള്ള ഫയലുകളാണ് തീരുമാനമാകാതെ കിടക്കുന്നത്.

◾ സി സി മുകുന്ദന്‍ എംഎല്‍എയെ സി പി ഐ ജില്ലാ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് സി പി ഐ ജില്ലാ കൗണ്‍സില്‍. സി പി ഐ ഭരണഘടനയനുസരിച്ച് നിലവിലെ കമ്മിറ്റിയിലെ 20 ശതമാനം പേരെ ഒഴിവാക്കി പകരം 20 ശതമാനം പേരെ പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് വ്യവസ്ഥ. ഇതിന്റെ അടിസ്ഥാനത്തിലാണ് സി സി മുകുന്ദന്‍ ഉള്‍പ്പെടെയുള്ള 11 ജില്ലാ കൗണ്‍സില്‍ അംഗങ്ങളെ ഒഴിവാക്കിയതെന്നാണ് വിവരം.

◾ രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനേറേറ് ചെയ്ത ആര്‍എസ്എസ് നേതാവ് സദാനന്ദനെതിരെ പി ജയരാജന്‍. സദാനന്ദന്റെ പ്രാവീണ്യം ഏതു മേഖലയില്‍ ആണെന്ന് അദ്ദേഹം ചോദിച്ചു.സദാനന്ദന്‍ കറകളഞ്ഞ ആര്‍എസ്എസ് നേതാവായിട്ടും മാധ്യമങ്ങള്‍ ഇത് ആഘോഷിക്കുന്നു.പാനൂരില്‍ ബോംബാക്രമത്തില്‍ പരിക്കേറ്റ അസ്നയുടെ വിവാഹം കഴിഞ്ഞയാഴ്ചയായിരുന്നു. ബോംബെറിഞ്ഞത് ആര്‍എസ്എസ് ആണെന്ന് യുഡിഎഫുകാരോ മാധ്യമങ്ങളോ മിണ്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു

◾ കേരളത്തില്‍ ക്രൈസ്തവരെ ഒപ്പംകൂട്ടാന്‍ ശ്രമിക്കുന്ന ബിജെപി, ഉത്തരേന്ത്യയില്‍ ക്രൈസ്തവ പീഡനത്തിന് ഒത്താശ ചെയ്യുന്നുവെന്ന വിമര്‍ശനവുമായി കത്തോലിക്ക മുഖപത്രം ദീപിക. ക്രൈസ്തവര്‍ നിര്‍ണായക ശക്തിയായ സംസ്ഥാനങ്ങളില്‍ ക്രൈസ്തവരോടൊപ്പമാണെന്ന പ്രതീതി ജനിപ്പിക്കുന്ന ബിജെപി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലും അരങ്ങേറുന്ന ക്രൈസ്തവ പീഢനങ്ങള്‍ക്ക് ഒത്താശക്കാരായി നിലകൊള്ളുന്നുവെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.

◾ പാലക്കാട് നിപ ബാധിച്ച് മരിച്ച കുമാരംപുത്തൂര്‍ സ്വദേശിയായ വയോധികന്‍ യാത്രക്ക് വേണ്ടി ഉപയോഗിച്ചത് പൊതുഗതാഗത സംവിധാനമെന്ന് സ്ഥിരീകരിച്ചു. പനി ബാധിച്ച ശേഷവും കെഎസ്ആര്‍ടിസി ബസിലാണ് കൂടുതലും യാത്ര ചെയ്തത്. ആഴ്ചയില്‍ മൂന്ന് തവണ അട്ടപ്പാടിയില്‍ പോയതും കെഎസ്ആര്‍ടിസി ബസിലായിരുന്നു. ഇതോടെ കെ.എസ്.ആര്‍.ടി.സി ബസുകളിലെ യാത്രക്കാരും ജീവനക്കാരും നിരീക്ഷണത്തിലാകും.

◾ ഷാര്‍ജയില്‍ വെച്ചുണ്ടായ വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണത്തില്‍ കുണ്ടറ പൊലീസ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്തു. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിലാണ് കേസെടുത്തത്. കേസില്‍ ഭര്‍ത്താവ് നിതീഷാണ് ഒന്നാം പ്രതി. സഹോദരി നീതുവിനെ രണ്ടാം പ്രതിയും നിതീഷിന്റെ അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

◾ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പഞ്ചായത്ത് മെമ്പറും അമ്മയും ജീവനൊടുക്കി. വക്കം പഞ്ചായത്തംഗം അരുണ്‍ (42), അമ്മ വത്സല (71)എന്നിവരെയാണ് വീടിനോട് ചേര്‍ന്ന ചായിപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പറായ അരുണിന്റെ ആത്മഹത്യാ ക്കുറിപ്പ് കണ്ടെത്തി. തനിക്ക് എതിരെ വ്യാജ ജാതി കേസും മോഷണ കേസും നല്‍കിയത് കാരണം ജീവിക്കാന്‍ കഴിയുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.

◾ പ്രശസ്ത സ്റ്റണ്ട്മാന്‍ രാജുവിന് ദാരുണാന്ത്യം. കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെ ആണ് അപകടം സംഭവിച്ചത്. പാ രഞ്ജിത്ത് സിനിമയുടെ ലൊക്കേഷനിലാണ് അപകടം സംഭവിച്ചത്. ആര്യ നായകന്‍ ആകുന്ന ചിത്രമാണിത്.

◾ സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മധ്യപ്രദേശിനും പശ്ചിമ ബംഗാളിനും മുകളിലായി ഇരട്ട ന്യൂന മര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. കേരളത്തില്‍ നിലവിലെ സ്ഥിതി അടുത്ത രണ്ട് ദിവസം കൂടി തുടരുമെന്നാണ് വിവരം.

◾ നഗരത്തില്‍ കുളത്തില്‍ വീണ കുട്ടിയുമായി ആശുപത്രിലേക്ക് പോയ ആംബുലന്‍സിന് വഴിക്കൊടുക്കാതെ ബൈക്ക് യാത്രികന്‍. വൈകീട്ട് പഴയങ്ങാടിയില്‍ നിന്നും കണ്ണൂരിലെതാഴെ ചൊവ്വ മുതല്‍ കാള്‍ടെക്സ് ജംങ്ഷന്‍ വരെയാണ് ബൈക്ക് ആംബുലന്‍സിന് മുന്നില്‍ സഞ്ചരിച്ചത്. ബൈക്ക് യാത്രക്കാരനെതിരെ നടപടിയുണ്ടായേക്കും. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

◾ കഴിഞ്ഞ ദിവസം സ്വകാര്യാശുപത്രിയില്‍ നഴ്‌സിങ് അസിസ്റ്റന്റ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആശുപത്രിയിലെ ജനറല്‍ മാനേജറുടെ മാനസിക പീഡനം മൂലമാണെന്ന് ആരോപണം. കുടുംബം ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇയാളെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. കുറ്റിപ്പുറത്തെ സ്വകാര്യാശുപത്രിയില്‍ നഴ്‌സിങ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന എറണാകുളം കോതമംഗലം അടിവാട് സ്വദേശിനി അമീനയാണ് (20) കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്.

◾ സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളും അറിയിപ്പുകളും ജനങ്ങളിലേക്ക് വേഗത്തില്‍ എത്തിക്കുന്നതിനായി നാല് മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഔദ്യോഗിക വക്താക്കളായി നിയമിച്ച് എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍. ജെ. രാധാകൃഷ്ണന്‍, ഗഗന്‍ദീപ് സിംഗ് ബേദി, പി. അമുദാ, ധീരജ് കുമാര്‍ എന്നിവരാണ് പുതുതായി ഔദ്യോഗിക വക്താക്കളായി നിയമിതരായ ഐഎഎസ് ഉദ്യോഗസ്ഥര്‍. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളും പ്രധാന അറിയിപ്പുകളും ഈ നാല് ഉദ്യോഗസ്ഥരെ അറിയിക്കാന്‍ എല്ലാ വകുപ്പ് സെക്രട്ടറിമാരോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

◾ പഹല്‍ഗാം ഭീകരാക്രമണം സുരക്ഷാ വീഴ്ചയായിരുന്നെന്ന് സമ്മതിച്ച് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തു. ആക്രമണം നടന്നയിടമെന്നത് തുറന്ന പുല്‍മേടാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അവിടെ ജോലിചെയ്യുന്നതിനുള്ള സ്ഥലമോ സൗകര്യങ്ങളോ ഇല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

◾ ഗോവ ഗവര്‍ണറായിരുന്ന പി.എസ് ശ്രീധരന്‍പിള്ളയെ സ്ഥാനത്തുനിന്ന് മാറ്റി പശുപതി അശോക് ഗജപതിയെ പുതിയ ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതി ഭവനില്‍നിന്നാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഹരിയാനയിലെ ഗവര്‍ണറെയും ലഡാക്കിലെ ലെഫ്റ്റനന്റ് ഗവര്‍ണറെയും മാറ്റിയിട്ടുണ്ട്.

◾ തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ ഗുഡ്സ് ട്രെയിന്‍ അപകടത്തിന് പിന്നാലെ തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. രണ്ട് ട്രാക്കുകളിലൂടെ ട്രെയിന്‍ ഗതാഗതം വീണ്ടും തുടങ്ങി. മൂന്ന്, നാല് ട്രാക്കുകളിലൂടെ ആണ് ഇപ്പോള്‍ ട്രെയിന്‍ പോകുന്നത്. ചെന്നൈ സെന്‍ട്രല്‍ – അറക്കോണം ലൈനില്‍ എമു സര്‍വീസ് പുനസ്ഥാപിച്ചു.

◾ ഹരിയാനയിലെ നൂഹില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍, ബള്‍ക്ക് എസ്എംഎസ് സേവനങ്ങള്‍ എന്നിവ റദ്ദാക്കി. ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും അവധി നല്‍കി. മത ഘോഷയാത്ര നടക്കാനിരിക്കെയാണ് കര്‍ശന നിയന്ത്രണം. 2500 സുരക്ഷാ ജീവനക്കാരെ നിയോഗിച്ചു. രണ്ടു വര്‍ഷം മുമ്പ് നടന്ന സംഘര്‍ഷം കണക്കിലെടുത്താണ് തീരുമാനം. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.

◾ വിവാഹമോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം രഹസ്യമായി റെക്കോര്‍ഡ് ചെയ്തത് തെളിവായി പരിഗണിക്കാമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഇത്തരം തെളിവുകള്‍ സ്വീകരിക്കാനാകില്ലെന്ന പഞ്ചാബ് -ഹരിയാന ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ നടപടി.

◾ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ ഉഭയകക്ഷി ബന്ധത്തില്‍ പുരോഗതിയുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ബീജിങില്‍ ചൈനീസ് വൈസ് പ്രസിഡന്റ് ഹാന്‍ ഷെങുമായുള്ള കൂടിക്കാഴ്ചയിലാണ് എസ്. ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു രാജ്യങ്ങള്‍ക്കും ഇടയിലെ ബന്ധം സാധാരണനിലയിലാകുന്നതിനുള്ള നടപടികള്‍ തുടരണമെന്നും എസ് ജയശങ്കര്‍ നിര്‍ദ്ദേശിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുണ്ടാക്കിയ ധാരണ നടപ്പാക്കണമെന്ന് ചൈനീസ് വൈസ് പ്രസിഡന്റും നിര്‍ദ്ദേശിച്ചു.

◾ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ അല്‍-ഖ്വയ്ദ ബന്ധമുള്ള ഭീകര സംഘടന തട്ടിക്കൊണ്ടുപോയ മൂന്ന് ഇന്ത്യന്‍ പൗരന്മാരുടെ വിശദാംശങ്ങള്‍ പുറത്ത്. രാജസ്ഥാന്‍ സ്വദേശിയായ പ്രകാശ് ചന്ദ് ജോഷി, തെലങ്കാനയില്‍ നിന്നുള്ള അമരലിംഗേശ്വര റാവു, ഒഡീഷ സ്വദേശി പി വെങ്കടരാമന്‍ എന്നിവരെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ജൂലൈ ഒന്നിനാണ് മാലിയിലെ കെയ്സ് മേഖലയിലെ ഡയമണ്ട് സിമന്റ് ഫാക്ടറിയില്‍ വച്ച് ഇന്ത്യക്കാരെ ഭീകരര്‍ ബന്ദികളാക്കിയത്.

◾ ഗാസയില്‍ കുടിവെള്ളം ശേഖരിക്കാനെത്തിയ കുട്ടികള്‍ ഉള്‍പ്പെടെയുളള ജനക്കൂട്ടത്തിന് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണം സാങ്കേതിക തകരാറിനെ തുടര്‍ന്നാണെന്ന് ഇസ്രയേല്‍. ആക്രമണത്തില്‍ കുട്ടികളടക്കം പത്തുപേരാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ ഇസ്രായേലിന്റെ ഏകപക്ഷീയ ആക്രമണങ്ങള്‍ തുടരുന്നതിനിടെയാണ് ജനക്കൂട്ടത്തിനുനേരെ ആക്രമണം

◾ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും മുന്നേറ്റം. ഗ്രാം വില 15 രൂപ ഉയര്‍ന്ന് 9,155 രൂപയും പവന്‍വില 120 രൂപ ഉയര്‍ന്ന് 73,240 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് 15 രൂപ ഉയര്‍ന്ന് 7,505 രൂപയിലെത്തി. വെള്ളി വില ഇന്ന് രണ്ട് രൂപ വര്‍ധിച്ച് ഗ്രാമിന് 124 രൂപയായി. ചരിത്രത്തിലാദ്യമായാണ് കേരളത്തില്‍ വെള്ളി വില ഇത്രയും ഉയരത്തിലെത്തുന്നത്. ആഗോള തലത്തില്‍ വെള്ളിയുടെ വ്യാവസായിക ഉപയോഗം ഉയര്‍ന്നതും ട്രംപിന്റെ വ്യാപാര ചുങ്ക യുദ്ധഭീതി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളുമാണ് വെള്ളി വില റെക്കോഡിലെത്തിച്ചത്. കിലോയ്ക്ക് 1.25 ലക്ഷം രൂപയ്ക്ക് മുകളിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം. കഴിഞ്ഞ ദിവസമാണ് സ്വര്‍ണവില ഒരിടവേളയ്ക്ക് ശേഷം 73,000 കടന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഏറിയുംകുറഞ്ഞും നില്‍ക്കുകയായിരുന്നു സ്വര്‍ണവില. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ വീണ്ടും വില ഉയരുകയായിരുന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 1240 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് 74,320 രൂപ തിരുത്തിയിരുന്നു.

◾ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍ ബ്രാന്‍ഡിന്റെ പുതിയ പതിപ്പ് ഐഫോണ്‍ 17 സെപ്റ്റംബറില്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, പ്രോ മാക്‌സ് മോഡലുകള്‍ക്കൊപ്പം ഐഫോണ്‍ 17 എയര്‍ എന്ന പേരില്‍ ഒരു പുതിയ വേരിയന്റും ആപ്പിള്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോണ്‍ 17 സെപ്റ്റംബര്‍ 8 ന് ഔദ്യോഗികമായി അവതരിപ്പിച്ചേക്കാം. പിന്നില്‍ മുഴുവന്‍ വീതിയിലും നിറഞ്ഞുനില്‍ക്കുന്ന നിലയിലാണ് പ്രധാന കാമറ മൊഡ്യൂള്‍. മറ്റ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ മുമ്പ് സ്വീകരിച്ച ഡിസൈന്‍ ട്രെന്‍ഡുകളെ ഇത് പ്രതിധ്വനിപ്പിക്കുന്നുണ്ടെങ്കിലും ഈ ബോള്‍ഡ് ‘വിസര്‍ പോലുള്ള’ കാമറ ക്രമീകരണം ആപ്പിളിന് ആദ്യമാണ്. ഒരു ശ്രദ്ധേയമായ മാറ്റം ആപ്പിള്‍ ലോഗോ പുനഃസ്ഥാപിച്ചതാണ്. മുന്‍ മോഡലുകളിലേതുപോലെ പിന്‍ പാനലില്‍ കേന്ദ്രീകരിക്കുന്നതിനുപകരം, ലോഗോ ഇപ്പോള്‍ താഴെയായി കാണപ്പെടുന്നു. ഐഫോണ്‍ 17 എയറിലും ഐഫോണ്‍ 17 പ്രോയിലും പ്രോ മാക്‌സിലും 12 ജിബി റാമാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 17ല്‍ എട്ടു ജിബി റാം തന്നെയാണ് ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 79,999 രൂപ മുതലായിരിക്കാം ഇന്ത്യയിലെ വില.

◾ തീരന്‍ അധികാരം ഒന്‍ഡ്രു, കൈതി തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നടന്‍ കാര്‍ത്തിയും സംവിധായകന്‍ തമിഴും (തനക്കാരന്‍ ഫെയിം) ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘മാര്‍ഷല്‍’ ന്റെ പൂജാ ചടങ്ങുകള്‍നടന്നു. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് ഐ വി വൈ എന്റര്‍ടൈന്‍മെന്റുസ്മായി സഹകരിച്ചാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രാമേശ്വരത്ത് നടക്കുന്ന മാര്‍ഷല്‍ എന്ന ഗ്രാന്‍ഡ് പീരിയഡ് ആക്ഷന്‍ ഡ്രാമയില്‍ കാര്‍ത്തിയുടെ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട കല്യാണി പ്രിയദര്‍ശന്‍ ആണ്. മാര്‍ഷലില്‍ കാര്‍ത്തി, കല്യാണി പ്രിയദര്‍ശന്‍ എന്നിവരോടൊപ്പം സത്യരാജ്, പ്രഭു, ലാല്‍, ജോണ്‍ കൊക്കന്‍, ഈശ്വരി റാവു, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സായ് അഭയ് ശങ്കര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 1960 കളിലെ രാമേശ്വരത്തെ പുനര്‍നിര്‍മ്മിക്കുന്ന വിപുലമായ സെറ്റുകളായിരിക്കും ചിത്രത്തിനായി ഒരുക്കുന്നത്. തമിഴ്, തെലുഗു, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ പാന്‍-ഇന്ത്യന്‍ റിലീസായി കാര്‍ത്തിയുടെ മാര്‍ഷല്‍ തിയേറ്ററുകളിലേക്ക് എത്തും.

◾ ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഡീയസ് ഈറേ’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്. പ്രണവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് പോസ്റ്ററിലുള്ളത്. ഇതുവരെ കാണാത്ത ലുക്കിലാണ് താരം എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഹൊറര്‍ ത്രില്ലര്‍ ചിത്രമായാണ് ‘ഡീയസ് ഈറേ’ ഒരുക്കുന്നത്. ‘ഡീയസ് ഇറേ’ എന്നത് ലാറ്റിന്‍ വാക്കാണ്. മരിച്ചവര്‍ക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിന്‍ കവിതയാണ് ഡീയസ് ഈറേ. ഡീയസ് ഈറേ എന്നാല്‍ ലാറ്റിനില്‍ ഉഗ്ര കോപത്തിന്റെ ദിനം എന്നര്‍ത്ഥം. പതിമൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതാണെന്ന് കരുതുന്നെങ്കിലും ഡീയസ് ഇറേയുടെ ഉല്‍ഭവത്തെക്കുറിച്ചും അവകാശത്തിലും തര്‍ക്കങ്ങളുണ്ട്. 18 വരികളുള്ള കവിതയാണ് ഡീയസ് ഇറേ. ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഹൊറര്‍ ഗണത്തില്‍പെടുന്ന സിനിമയുടെ തിരക്കഥ നിര്‍വഹിക്കുന്നതും രാഹുല്‍ തന്നെയാണ്. ചിത്രം ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തും.

◾ ബജാജ് ഔദ്യോഗികമായി ഇന്ത്യയില്‍ 2025 പള്‍സര്‍ എന്‍എസ്400ഇസെഡ് പുറത്തിറക്കി, 1.92 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തുന്നത്. പുതുക്കിയ മോഡലില്‍ നിരവധി മെക്കാനിക്കല്‍, പെര്‍ഫോമന്‍സ് അപ്‌ഗ്രേഡുകള്‍ കമ്പനി വരുത്തിയിട്ടുണ്ട്, അതിനാല്‍ തന്നെ മൊത്തത്തിലുള്ള കഴിവുകളും മെച്ചപ്പെട്ടിട്ടുണ്ട്. 373 സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എന്‍ജിനാണ്. എന്നാല്‍ നവീകരണങ്ങളുടെ ഭാഗമായി മുമ്പത്തെ 39.5 ബിഎച്ച്പിയില്‍ നിന്ന് ഇപ്പോള്‍ ഇത് 42.4 ബിഎച്ച്പിയുടെ ഉയര്‍ന്ന ഔട്ട്പുട്ട് ഉത്പാദിപ്പിക്കുന്നു. ടോര്‍ക്ക് 35 എന്‍എമ്മില്‍ തന്നെ മാറ്റമില്ലാതെ തുടരുന്നു, എന്‍ജിന്‍ ആറ്-സ്പീഡ് ഗിയര്‍ബോക്സുമായി തന്നെ കണക്ട് ചെയ്തിരിക്കുന്നു. സുഗമവും ക്ലച്ച്-ലെസ് ഗിയര്‍ഷിഫ്റ്റുകളും പ്രാപ്തമാക്കുന്ന ഒരു ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്ററിന്റെ കൂട്ടിച്ചേര്‍ക്കലാണ് 2025 മോഡലിന്റെ ഒരു പ്രധാന ഹൈലൈറ്റ്. മുന്‍ മോഡലില്‍ നിന്ന് 7,000 രൂപയുടെ വില വര്‍ധനവുണ്ട്.

◾ കാട്ടാളന്മാര്‍ നാടുഭരിച്ചീ നാട്ടില്‍ തീമഴ പെയ്തപ്പോള്‍ പട്ടാളത്തെ പുല്ലായ് കരുതിയ മട്ടാഞ്ചേരി മറക്കാമോ? കേരളത്തിന്റെ നാടക-സിനിമാ-സാംസ്‌കാരികരംഗങ്ങളില്‍ കൊടുങ്കാറ്റഴിച്ചുവിട്ട പ്രതിഭാസം; ജീവിതത്തെ അഭിനയകലയ്ക്കായി സ്വയം സമര്‍പ്പിക്കുകയും ഹോമിക്കുകയും ചെയ്ത അതികായന്‍. പുരോഗമനചിന്തകള്‍ക്ക് വെളിച്ചംപകര്‍ന്ന, വിപ്ലവവീര്യത്തിനു വഴികാട്ടിയായ ഭരത് അവാര്‍ഡ് ജേതാവ് പി.ജെ. ആന്റണിയുടെ ജീവിതം പ്രമേയമായ നോവല്‍. വിന്‍സെന്റ് വാന്‍ഗോഗ് കഥാപാത്രമായ ലസ്റ്റ് ഫോര്‍ ലൈഫ് എന്ന നോവലില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട രചന. ‘ഭരതനടനം’. ജോസഫ് വൈറ്റില, ജോഷി ജോര്‍ജ്. മാതൃഭൂമി, വില 331 രൂപ.

◾ ലോകത്തെ ഒരു വലിയ വിഭാഗം ജനങ്ങളിലും ഇന്ന് കരള്‍രോഗങ്ങളുണ്ട്. ഹെപറ്റൈറ്റിസ്, ഫാറ്റി ലിവര്‍ ഡിസീസ്, സിറോസിസ്, ലിവര്‍ കാന്‍സര്‍ തുടങ്ങിയ ഇതില്‍ ഉള്‍പ്പെടുന്നു. രോഗലക്ഷണങ്ങള്‍ എത്രയും വേഗം തിരിച്ചറിയുന്നത് വളരെ പ്രധാനമാണ്. യഥാസമയം രോഗം കണ്ടെത്തിയാല്‍ അസുഖത്തെ നിയന്ത്രിക്കാന്‍ സാധിക്കുകയും രോഗം പൂര്‍ണമായി മാറ്റിയെടുക്കാനുള്ള സാധ്യത കൂടുകയും ചെയ്യും. ചര്‍മത്തിലും കണ്ണിലും മഞ്ഞനിറം കാണപ്പെടുന്നത് കരള്‍ രോഗങ്ങളുടെ സൂചനയായിരിക്കാം. സൂര്യപ്രകാശത്തില്‍ നോക്കിയാല്‍ ശരിയായി മനസ്സിലാക്കാന്‍ സാധിക്കും. ആഹാരക്രമത്തില്‍ മാറ്റമൊന്നും വരുത്തിയില്ലെങ്കിലും വയറിന്റെ വലുപ്പത്തില്‍ വളരെപെട്ടെന്ന് വര്‍ധനവുണ്ടായാല്‍ അതിനു പിന്നില്‍ ലിവര്‍ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാം. വയറിന്റെ മുകളില്‍ വലതു ഭാഗത്താണ് കരള്‍ സ്ഥിതിചെയ്യുന്നത്. ഈ ഭാഗത്ത് അസ്വസ്ഥത അനുഭവപ്പെടുന്നത് അവഗണിക്കരുത്. ക്ഷീണം, മൂത്രത്തിന് ഇരുണ്ട നിറം, ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ എന്നിവയും സൂക്ഷിക്കേണ്ട ലക്ഷണങ്ങളാണ്. ഇവയും ഒരുപക്ഷേ കരള്‍രോഗത്തിന്റെ സൂചനയായേക്കാം. സന്തുലിതമായ ആഹാരം, സ്ഥിരമായ വ്യായാമം, മദ്യപാനം കുറയ്ക്കുക, പുകവലി ഉപേക്ഷിക്കുക, ശരീരഭാരം നിയന്ത്രിക്കുക എന്നിവ കരളിന്റെ ആരോഗ്യം സംരക്ഷിക്കാനായി ചെയ്യേണ്ടത് അത്യാവശ്യമാണ്.

◾ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 86.00, പൗണ്ട് – 115.96, യൂറോ – 100.47, സ്വിസ് ഫ്രാങ്ക് – 107.88, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.52, ബഹറിന്‍ ദിനാര്‍ – 228.13, കുവൈത്ത് ദിനാര്‍ -281.55, ഒമാനി റിയാല്‍ – 223.68, സൗദി റിയാല്‍ – 22.93, യു.എ.ഇ ദിര്‍ഹം – 23.41, ഖത്തര്‍ റിയാല്‍ – 23.60, കനേഡിയന്‍ ഡോളര്‍ – 62.88.
Previous Post Next Post
3/TECH/col-right