Trending

സായാഹ്ന വാര്‍ത്തകള്‍.

      ഭാരതാംബചിത്ര വിവാദം വീണ്ടും കൊഴുക്കുന്നു. രാജ്ഭവനില്‍ ഇന്ന് നടന്ന സ്‌കൗട്ട് ആന്റ് ഗൈഡ് സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടി മന്ത്രി വി ശിവന്‍കുട്ടി ബഹിഷ്‌കരിച്ചു. പരിപാടിയുടെ ഷെഡ്യൂളില്‍ ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുമെന്ന് ഇല്ലായിരുന്നുവെന്നും താന്‍ ചെല്ലുമ്പോള്‍ ചിത്രത്തില്‍ പൂ ഇടുന്ന ചടങ്ങ് കണ്ടുവെന്നും മന്ത്രി പറഞ്ഞു. ഗവര്‍ണര്‍ക്ക് മുന്നില്‍ത്തന്നെ പ്രതിഷേധം അറിയിച്ചുവെന്നും ഗവര്‍ണര്‍ ഒന്നും മിണ്ടിയില്ലെന്നും ആട്ടുകല്ലിന് കാറ്റുപിടിച്ചതുപോലെ ഇരുന്നുവെന്നും ഇത് കേരളത്തിന്റെ പ്രതിഷേധമാണെന്നും മന്ത്രി പറഞ്ഞു. ഭരണഘടനക്ക് വിരുദ്ധമായ ചിത്രങ്ങളോ പ്രതീകങ്ങളോ സര്‍ക്കാര്‍ പരിപാടികളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ഇക്കാര്യം മുഖ്യമന്ത്രി തന്നെ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.

      രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ വാര്‍ത്താക്കുറിപ്പ് ഇറക്കി രാജ്ഭവന്‍. വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും ഗവര്‍ണ്ണറെ മന്ത്രി അപമാനിച്ചെന്നും വാര്‍ത്താക്കുറിപ്പ് ആരോപിക്കുന്നു. ഇന്ന് നടന്ന പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ലെന്നും മന്ത്രി ചെയ്തത് തെറ്റായ കീഴ് വഴക്കമാണെന്നും വാര്‍ത്താക്കുറിപ്പ് പറയുന്നു.

     നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഉച്ചവരെ മികച്ച പോളിംഗ്. ആദ്യ മണിക്കൂറില്‍ മഴ കനത്തെങ്കിലും ആളുകള്‍ ബൂത്തിലെത്തുന്നതില്‍ കുറവുണ്ടായില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിലമ്പൂരില്‍ കഴിഞ്ഞ തവണത്തെക്കാള്‍ പോളിംഗ് പ്രതീക്ഷിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ഖറും പ്രതികരിച്ചു. ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ സങ്കേതിക പ്രശ്നം ഉണ്ടായി. അവ ഉടന്‍ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചു എന്നും അദ്ദേഹം പറഞ്ഞു.

     എല്ലാവരും വോട്ട് ചെയ്യുമ്പോഴാണ് ജനാധിപത്യം ഏറ്റവും കൂടുതല്‍ അര്‍ത്ഥവത്താകുന്നതെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. സാമൂഹിക പരിതസ്ഥിതിയില്‍ വോട്ടവകാശം വിനിയോഗിക്കുക എന്നത് പ്രധാനമാണെന്നും സ്വരാജ് പറഞ്ഞു. നല്ല ആത്മവിശ്വാസമുണ്ടെന്നും അത് ഈ നാട്ടിലെ ജനങ്ങള്‍ പകര്‍ന്നു നല്‍കിയ ആത്മവിശ്വാസമാണെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. മാങ്കുത്ത് എല്‍പി സ്‌കൂളിലെ 202-ാം ബൂത്തിലാണ് സ്വരാജ് വോട്ട് ചെയ്തത്.

       നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വന്‍ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പി വി അബ്ദുള്‍ വഹാബ് എം പി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മുന്‍ എം എല്‍ എയായ പി വി അന്‍വര്‍ പിടിക്കുക എല്‍ ഡി എഫിന്റെ വോട്ടുകളായിരിക്കുമെന്നും അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ക്കനുസരിച്ച് യു ഡി എഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കൂടുമെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു.

       നേരില്‍ കണ്ടപ്പോള്‍ പരസ്പരം ആശ്ലേഷിച്ചും ആശംസകള്‍ അറിയിച്ചും നിലമ്പൂരിലെ എല്‍ഡി എഫ് യു ഡി എഫ് സ്ഥാനാര്‍ത്ഥികളായ സ്വരാജും ഷൗക്കത്തും. എന്നാല്‍ രണ്ട് അഭിനേതാക്കള്‍ തമ്മിലാണ് കെട്ടിപ്പിടിച്ചതെന്ന് സ്വരാജും ഷൗക്കത്തും തമ്മിലെ കൂടിക്കാഴ്ചയെ വിമര്‍ശിച്ച് അന്‍വര്‍. താന്‍ പച്ചമനുഷ്യര്‍ക്കൊപ്പം നില്‍ക്കുന്നയാളാണെന്നും അഭിനയിക്കാനറിയില്ലെന്നും, സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ സൗഹൃദം വേണമെന്നും പക്ഷെ അത് ആത്മാര്‍ത്ഥമായിരിക്കണം പിന്നില്‍ കൂടി പാര വെക്കരുതെന്നും അന്‍വര്‍ പറഞ്ഞു.

തമ്മില്‍ കണ്ടപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനോട് കെട്ടിപ്പിടിക്കരുതെന്ന് പിവി അന്‍വര്‍. കൈ കൊടുത്ത ശേഷം കൂടുതല്‍ സൗഹൃദ സംഭാഷണത്തിനും അന്‍വര്‍ തയ്യാറായില്ല. നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയതായിരുന്നു ഇരുവരും. അന്‍വര്‍ ഉണ്ടെന്ന് അറിഞ്ഞ് ഇവിടേക്ക് നടന്നെത്തിയ ഷൗക്കത്തിനോട് ക്യാമറകള്‍ക്ക് മുന്നില്‍ നിന്നാണ് കെട്ടിപ്പിടിക്കരുതെന്ന് അന്‍വര്‍ പറഞ്ഞത്. ഇതോടെ കൈ കൊടുത്ത് ആര്യാടന്‍ ഷൗക്കത്ത് പിന്തിരിഞ്ഞ് നടന്നു. ധൃതരാഷ്ട്രാലിംഗനത്തിന്റെ ആളാണ് ഷൗക്കത്തെന്ന് പിന്നീട് പിവി അന്‍വര്‍ പറഞ്ഞു.

      നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി എം സ്വരാജിന് വോട്ടു ചെയ്തുവെന്നും ആദ്യമേ തന്നെ വോട്ട് ചെയ്യാനായതില്‍ സന്തോഷമുണ്ടെന്നും നമ്മള്‍ ജയിക്കുമെന്നും നിലമ്പൂര്‍ ആയിഷ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, രണ്ടാം ബൂത്തില്‍ ഒരാള്‍ രണ്ട് വോട്ട് ചെയ്തതായി വിവരം. എന്നാല്‍ ഇത് അബദ്ധവശത്താല്‍ സംഭവിച്ചതെന്നാണ് പ്രിസൈഡിംഗ് ഓഫീസര്‍ പറയുന്നത്. റിട്ടേണിംഗ് ഓഫീസറോട് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

 വോട്ടെണ്ണി കഴിഞ്ഞാല്‍ ആര്യാടന് കഥ എഴുതാന്‍ പോകാമെന്നും സ്വരാജിന് സെക്രട്ടറിയേറ്റിലേക്ക് പോകാമെന്നും താന്‍ നിയമസഭയിലേക്കും പോകുമെന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. യുഡിഎഫ് സ്ഥാനാര്‍ഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വെച്ചാണ് പ്രചരണം നടത്തിയതെന്നും അന്‍വര്‍ പറഞ്ഞു. എല്‍ഡിഎഫില്‍ നിന്ന് 25 % വോട്ടും യുഡിഎഫില്‍ നിന്ന് 35 % വോട്ടും ലഭിക്കും, 75000ന് മുകളില്‍ വോട്ട് തനിക്ക് ലഭിക്കുമെന്നും അത് ആത്മ വിശ്വാസമല്ല, യാഥാര്‍ത്ഥ്യമാണെന്നും പിവി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

        മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തള്ളി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. സി പി എമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറി പി.സുന്ദരയ്യയുടെ രാജി ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രിക്ക് കെ.സി വേണുഗോപാല്‍ സമൂഹമാധ്യമത്തിലൂടെ തുറന്ന കത്തയച്ചു. അടിയന്തരാവസ്ഥയില്‍ ജനസംഘവും ആര്‍ എസ് എസുമായുള്ള സഹകരണം പാര്‍ട്ടിക്ക് വലിയ ദോഷമുണ്ടാക്കുമെന്ന സുന്ദരയ്യയുടെ രാജിക്കത്തിലെ വരികള്‍ അദ്ദേഹം മുഖ്യമന്ത്രിയെ ഓര്‍മ്മപ്പെടുത്തി. കണ്ണടച്ചാല്‍ ചരിത്രം ഇല്ലാതാകുന്നില്ലെന്നും പാര്‍ട്ടി സെക്രട്ടറിക്ക് നാക്ക് പിഴ സംഭവിച്ചതല്ല വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ പ്രീണന ശ്രമമാണ് പുറത്ത് വന്നതെന്നും ഗതികേടിന്റെ മുഖമാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ കണ്ടതെന്നും കെ.സി വേണുഗോപാലിന്റെ കത്തില്‍ വ്യക്തമാക്കുന്നു.

 സിപിഎം-ആര്‍എസ്എസ് ബന്ധം സംബന്ധിച്ച വിവാദത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നടത്തിയ പ്രതികരണത്തിന് മറുപടിയുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. രാജസ്ഥാനില്‍നിന്നുള്ള തന്റെ രാജ്യസഭാ സീറ്റ് രാജിവെച്ച് ബിജെപിക്ക് ദാനം നല്‍കിയ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയുടെ ‘ട്യൂഷന്‍’ മതനിരപേക്ഷ കേരളത്തിന് ആവശ്യമില്ലെന്ന് റിയാസ് ഫേയസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

        1967 ലും 75ലും 89 ലും സിപിഎം- ആര്‍എസ്എസ് ബന്ധമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗോവിന്ദനും ബിനോയിയും പിണറായിയും മൂന്നു കാര്യങ്ങളാണ് പറയുന്നത്. രാജീവ് ഗാന്ധിക്കെതിരായി 89 ല്‍ ഇഎംഎസും വാജ്പേയിയും ഒരുമിച്ച് പ്രചാരണം നടത്തിയത് എങ്ങനെയാണെന്നും ആര്‍എസ്എസുമായി കൂട്ടുകൂടുന്നതില്‍ പ്രതിഷേധിച്ചാണ് സുന്ദരയ്യയുടെ രാജിയെന്നും വിഡി സതീശന്‍ പറഞ്ഞു.

      ആര്‍എസ്എസുമായി ബന്ധമില്ലെന്ന പിണറായിയുടെ പ്രസ്താവന 2025ലെ ഏറ്റവും വലിയ തമാശയാണെന്ന് പി വി അന്‍വര്‍. ഇന്നലെ പിണറായി അത്താഴം കഴിച്ചത് പോലും കേന്ദ്രത്തിന്റെ ആളുകള്‍ക്കൊപ്പമായിരിക്കാമെന്നും സ്വന്തം മകളെ രക്ഷപ്പെടുത്താന്‍ വേണ്ടി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത ആളാണ് പിണറായിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

      നിലമ്പൂരിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ശശി തരൂര്‍. കോണ്‍ഗ്രസ് നേതൃത്വം നിലമ്പൂരിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അതു കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാതിരുന്നതെന്നും തരൂര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. വയനാട്ടില്‍ പ്രിയങ്കക്കായി പ്രചരണത്തിനു ക്ഷണിച്ചിരുന്നുവെന്നും ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട് എന്നത് സത്യമാണെന്നും പക്ഷേ കൂടുതല്‍ പ്രതികരിച്ച് തെരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും വോട്ടെടുപ്പിന് ശേഷം വിശദമായി സംസാരിക്കാമെന്നും തരൂര്‍ വ്യക്തമാക്കി.

     നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കോണ്‍ഗ്രസ് താരപ്രചാരകരുടെ പട്ടികയില്‍ കോണ്‍ഗ്രസ് നേതാവ് ശശിതരൂരും. കോണ്‍ഗ്രസ് ഇലക്ഷന്‍ കമ്മീഷന് നല്‍കിയ താരപ്രചാരകരുടെ പട്ടികയിലാണ് ശശി തരൂരിന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്. ജൂണ്‍ രണ്ടിന് പുറത്തിറക്കിയ 40 പേരുടെ പട്ടികയില്‍ എട്ടാമതാണ് തരൂരിന്റെ പേര്. തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ക്ഷണിച്ചില്ല എന്ന് തരൂര്‍ പറഞ്ഞിരുന്നു.

       രാജ്ഭവനില്‍ നടന്ന സ്‌കൗട്ടിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടി മന്ത്രി വി ശിവന്‍കുട്ടി ബഹിഷ്‌കരിച്ചു. പരിപാടിയുടെ ഷെഡ്യൂളില്‍ ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുമെന്ന് ഇല്ലായിരുന്നുവെന്നും താന്‍ ചെല്ലുമ്പോള്‍ ചിത്രത്തില്‍ പൂ ഇടുന്ന ചടങ്ങ് കണ്ടുവെന്നും മന്ത്രി പറഞ്ഞു. ഭരണഘടനക്ക് വിരുദ്ധമായ ചിത്രങ്ങളോ പ്രതീകങ്ങളോ സര്‍ക്കാര്‍ പരിപാടികളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ഇക്കാര്യം മുഖ്യമന്ത്രി തന്നെ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.

       തന്നെ പുകഴ്ത്തിയുള്ള സ്വാഗത പ്രസംഗത്തില്‍ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ടാഗോള്‍ തിയറ്ററില്‍ സംഘടിപ്പിച്ച പി.എന്‍. പണിക്കര്‍ അനുസ്മരണ വായനാദിന ചടങ്ങിലാണ് സംഭവം. സ്വാഗതം ആശംസിച്ച എന്‍ ബാലഗോപാല്‍ മുഖ്യമന്ത്രി വേദിയിലിരിക്കുമ്പോഴാണ് പ്രശംസ കൊണ്ട് മൂടിയത്. മുഖ്യമന്ത്രി അസ്വസ്ഥനായതോടെ സംഘാടകര്‍ ഇടപെട്ട് പ്രസംഗം നിര്‍ത്തിച്ചു.

       ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരണം അടുത്ത അക്കാദമിക വര്‍ഷം നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അതോടൊപ്പം വെല്ലുവിളികളെ അതിജീവിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനുള്ള ‘കൂടെയുണ്ട് കരുത്തേകാന്‍’ എന്ന പദ്ധതിയ്ക്കും തുടക്കമായി. പദ്ധതി ചരിത്രദൗത്യമാണെന്നും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിപുലമായ പിന്തുണ സംവിധാനങ്ങള്‍ ഒരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

       സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള പരിഗണനാ പട്ടികയില്‍ എഡിജിപിമാരെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം യുപിഎസ്സിക്ക് കത്ത് നല്‍കി. എഡിജിപിമാരായ സുരേഷ് രാജ് പുരോഹിത്, എം ആര്‍ അജിത് കുമാര്‍ എന്നിവരെ കേന്ദ്രം ഒഴിവാക്കിയിരുന്നു. ഡിജിപി റാങ്കില്‍ ഉള്‍പ്പെടുന്നവര്‍ മാത്രം മതിയെന്നായിരുന്നു കേന്ദ്രനിലപാട്. ഇതോടെ പുതിയ പൊലിസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള യുപിഎസ്സി യോഗം വൈകാനാണ് സാധ്യത.

        കാട്ടാന ആക്രമണത്തില്‍ ഞാറക്കോട് സ്വദേശി കുമാരന്‍(61) മരിച്ച സംഭവത്തില്‍ പാലക്കാട് മുണ്ടൂരില്‍ നാട്ടുകാരുടെ പ്രതിഷേധം. ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് വീടിന് സമീപത്താണ് കാട്ടാന ആക്രമണത്തില്‍ കുമാരന്‍ കൊല്ലപ്പെട്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച നാട്ടുകാര്‍, ഉന്നത ഉദ്യോഗസ്ഥരെത്താതെ കുമാരന്റെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന് നിലപാടെടുത്തു.

        പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ ഞാറക്കോട് സ്വദേശി കുമാരന്‍ കൊല്ലപ്പെട്ട സംഭവം ഖേദകരമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആനയെ തുരത്താന്‍ പടക്കം മാത്രമാണ് ഇതുവരെ കൊടുത്തിരുന്നത്. അതുവച്ച് ഒന്നും ചെയ്യാനാവില്ല. അതുകൊണ്ട് ഇന്ന് മുതല്‍ പുതിയ പരീക്ഷണം നടത്തുകയാണെന്നും പമ്പ് ആക്ഷന്‍ ഗണ്‍ ഉപയോഗിച്ച് കാട്ടാനയെ തുരത്താന്‍ സാധിക്കുമോയെന്നാണ് പരീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

     കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പഴയന്നൂര്‍ ഭഗവതീക്ഷേത്രത്തില്‍ അമൂല്യ രത്നങ്ങള്‍ പതിച്ച സ്വര്‍ണ്ണക്കിരീടം കാണാനില്ലെന്ന് പരാതി. ഏകദേശം 15 ഗ്രാം തൂക്കം വരുന്നതും കല്ലുകള്‍ പതിച്ചതുമായ ഈ കിരീടം, ക്ഷേത്രത്തില്‍ പുതുതായി ചുമതലയേറ്റ ദേവസ്വം ഓഫീസര്‍ സച്ചിന്‍, പണ്ടം പാത്ര രജിസ്റ്റര്‍ പരിശോധിക്കുന്നതിനിടെയാണ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

       മൂന്നാര്‍ ദേവികുളത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ദേവികുളം തമിഴ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറ് കുട്ടികള്‍ക്കാണ് ഇന്നലെയും ഇന്നുമായി നായയുടെ കടിയേറ്റത്. ഇന്നലെ വൈകിട്ട് ഒരു കുട്ടിക്കും ഇന്ന് രാവിലെ അഞ്ചുപേര്‍ക്കുമാണ് കടിയേറ്റത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് ഇന്നലെ വൈകുന്നേരം സ്‌കൂള്‍ അങ്കണത്തില്‍ വച്ച് കടിയേറ്റത്. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളായ 5 പേരെ സ്‌കൂളിലേക്ക് വരും വഴി നായ ആക്രമിക്കുകയായിരുന്നു.

      തൃശൂര്‍ പുതുക്കാട് സെന്ററിലെ തട്ടുകടകളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്തതും പഴകിയ ഭക്ഷണം കണ്ടെത്തിയതുമായ രണ്ട് കടകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കി. രണ്ട് ദിവസത്തിനുള്ളില്‍ മറ്റുള്ള തട്ടുകടകള്‍ വൃത്തിയാക്കിയശേഷം ആരോഗ്യ വകുപ്പിനെ അറിയിക്കാനും ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.

     കണ്ണൂര്‍ കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. 40 കാരിയായ റസീനയെയാണ് ദിവസങ്ങള്‍ക്ക് മുമ്പില്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മമ്പറം സ്വദേശി റഫ്നാസ്, മുബഷിര്‍, ഫൈസല്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തുകഴിഞ്ഞ പതിനേഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം.

      ഇസ്രയേലില്‍ വീണ്ടും ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം. ഇസ്രായേലി നഗരങ്ങളെ ആക്രമിക്കാനുള്ള ഇറാന്റെ ശേഷി കുറഞ്ഞെന്നായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്റെ നേരത്തെയുള്ള വിലയിരുത്തല്‍. എന്നാല്‍ ആ വിലയിരുത്തല്‍ തെറ്റിയെന്ന് തെളിയിക്കുന്നതാണ് ഇന്ന് ഇറാന്‍ നടത്തിയ ആക്രമണം. ടെല്‍ അവീവ്, റമത് ഗാന്‍, ഹോളോണ്‍, ബേര്‍ശേബാ എന്നീ ഇസ്രായേലി നഗരങ്ങളില്‍ ഇന്ന് ഇറാന്റെ മിസൈലുകള്‍ വീണു. ബേര്‍ശേബയിലെ സൊറോക്ക ആശുപത്രിയില്‍ കനത്ത നാശനഷ്ടമുണ്ടായി. ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുന്ന നഗരങ്ങളാണ് ആക്രമിക്കപ്പെട്ടത്.

     ഇറാനിലെ അറാക് ആണവനിലയം ആക്രമിച്ച് ഇസ്രയേല്‍. ഇതുവരെ റേഡിയേഷന്‍ ഭീഷണി ഉയര്‍ന്നിട്ടില്ലെന്നും ആക്രമണത്തിനുമുന്‍പുതന്നെ ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാനിയന്‍ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ കേന്ദ്രം ആക്രമിക്കുമെന്ന് ഇസ്രയേല്‍ വ്യാഴാഴ്ച രാവിലെതന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു.

      ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം ഏഴാം നാളിലേക്ക് കടന്നതോടെ പരിഹാരം കാണാനായി റഷ്യ മധ്യസ്ഥത വഹിക്കാന്‍ തയ്യാറെന്ന് വ്യക്തമാക്കി പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ലോകത്തിനാകെ ആശങ്കയായി മാറുന്ന ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഉടന്‍ പരിഹാരം കാണമെന്ന് റഷ്യന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇതിനായി ഇരു രാജ്യങ്ങളുമായി നല്ല ബന്ധമുള്ള റഷ്യ ഇടപെടാന്‍ തയ്യാറെന്നും പുടിന്‍ വ്യക്തമാക്കി. ഇറാന് സമാധാനപരമായ ആണവ സമ്പുഷ്ടീകരണത്തിനുള്ള അവകാശമുണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

       ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥതവഹിക്കാന്‍ തയ്യാറാണെന്ന റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന്റെ പ്രസ്താവനയെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആദ്യം റഷ്യയും യുക്രൈനും തമ്മിലുള്ള പ്രശ്നം തീര്‍ത്തതിനുശേഷം പുറത്തുള്ളവരെക്കുറിച്ച് ആശങ്കപ്പെട്ടാല്‍ മതിയെന്ന് ട്രംപ് പ്രതികരിച്ചു.

       ദില്ലി ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍ പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നു. ജഡ്ജി വര്‍മ്മക്കെതിരെ നടപടിക്ക് ശുപാര്‍ശ നല്‍കുന്നതാണ് റിപ്പോര്‍ട്ട്. പണം ഔദ്യോഗിക വസതിയില്‍ സൂക്ഷിച്ചിരുന്നതിന് തെളിവുകളുണ്ടെന്നും ജഡ്ജി വര്‍മ്മയോ വര്‍മ്മയുമായി ബന്ധപ്പെട്ടവരോ അറിയാതെ പണം വസതിയില്‍ സൂക്ഷിക്കാന്‍ ആകില്ലെന്നുമാണ് സുപ്രീം കോടതിയുടെ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

       ഭീകര സംഘടനകളിലേക്കുള്ള റിക്രൂട്മെന്റുമായി ബന്ധപ്പെട്ട് നാല് പേരെ എന്‍ഐഎ തമിഴ്‌നാട്ടില്‍ അറസ്റ്റ് ചെയ്തു. അഹമ്മദ് അലി, ജവഹര്‍ സാദിഖ് ,രാജാ അബ്ദുള്ള, ഷെയ്ഖ് ദാവൂദ് എന്നിവരാണ് അറസ്റ്റിലായത്. അറബിക് ക്ലാസിന്റെ മറവില്‍ ഭീകരവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്‌തെന്നാണ് കേസ്.
         രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ. അന്താരാഷ്ട്ര സര്‍വീസുകള്‍ 15% കുറച്ചു. ജൂലൈ പകുതി വരെയുള്ള സര്‍വീസുകളെ എയര്‍ ഇന്ത്യയുടെ തീരുമാനം പ്രതികൂലമായി ബാധിക്കും. അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ള അധിക പരിശോധനയുടെ ഭാഗമായാണ് നിയന്ത്രണമെന്ന് എയര്‍ ഇന്ത്യ വിശദീകരിക്കുന്നു. ആറ് ദിവസത്തിനിടെ 83 സര്‍വീസുകളാണ് റദ്ദാക്കിയത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് റീഫണ്ട് ചെയ്യുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.

          നോര്‍ത്ത് അമേരിക്കയിലെ ദെനാലി പര്‍വതത്തില്‍ കുടുങ്ങിയ മലയാളി പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സുരക്ഷിതന്‍. ഷെയ്ഖ് ഹസന്‍ സുരക്ഷിതനാണെന്ന അറിയിപ്പ് സംസ്ഥാന സര്‍ക്കാരിനും നാട്ടിലെ അടുത്ത സുഹൃത്തുക്കള്‍ക്കും ലഭിച്ചു. ഹസനും തമിഴ്‌നാട്ടില്‍ നിന്നുള്ള മറ്റൊരു സഹ പര്‍വതാരോഹകനും ഇപ്പോള്‍ ബേസ് ക്യാമ്പിലേക്ക് ഇറങ്ങുകയാണെന്നും ഇരുവരെയും കണ്ടെത്തിയെന്നും സുരക്ഷിതരാണെന്നും അലാസ്‌ക ഗവര്‍ണറുടെ ചീഫ് ഓഫ് സ്റ്റാഫ് ആണ് അറിയിച്ചത്.

      രാഹുല്‍ ഗാന്ധിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ഇന്ന് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. ദില്ലി തല്‍കത്തൊറ സ്റ്റേഡിയത്തിലാണ് മേള നടക്കുന്നത്. 5000 ത്തിലധികം യുവജനങ്ങള്‍ക്ക് മേളയിലൂടെ തൊഴില്‍ ലഭിക്കുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. നിരവധി തവണ വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമാകാത്ത പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പിറന്നാള്‍ ദിവസം മേള സംഘടിപ്പിക്കുന്നത്.

      ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ കാരണം കപ്പലുകളില്‍ ഒന്നിന്റെ നാവിഗേഷന്‍ പിഴവാണെന്ന് യുഎഇയുടെ ഊര്‍ജ, അടിസ്ഥാന സൗകര്യ മന്ത്രാലയം അറിയിച്ചു.ഈ മാസം 17ന് പുലര്‍ച്ചെ 1.30നാണ് യുഎഇയുടെ തീരത്തുനിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെ, ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടാകുന്നത്. ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയുടെ പതാകയുണ്ടായിരുന്ന അഡലിന്‍ എണ്ണക്കപ്പലും ലൈബീരിയയുടെ പതാക ഉണ്ടായിരുന്ന ഫ്രണ്ട് ഈഗിള്‍ എന്ന ചരക്ക് കപ്പലും തമ്മിലാണ് കൂട്ടിയിടിച്ചത്.

    അമേരിക്കയിലേക്കുള്ള സ്റ്റുഡന്റ് വിസാ നടപടികള്‍ പുനഃരാരംഭിച്ചു. മേയ് അവസാനത്തോടെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിസ അനുവദിക്കുന്നത് യുഎസ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയാണ് വിസ നടപടികള്‍ പുനഃരാരംഭിക്കുന്നതെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചു. അപേക്ഷകരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ വിശദ പരിശോധനയാണ് പുതിയ നിബന്ധനകളില്‍ പ്രധാനം. ഇതിനായി വിസ അപേക്ഷകര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധനയ്ക്ക് സമര്‍പ്പിക്കണം.

       2030ലെ ‘വേള്‍ഡ് എക്സ്പോ’ റിയാദില്‍ നടത്തുന്നതിനുള്ള അന്തിമ അംഗീകാരം ലഭിച്ചു. ഫ്രാന്‍സിലെ പാരീസില്‍ നടന്ന ബ്യൂറോ ഇന്റര്‍നാഷനല്‍ ഡെസ് എക്സ്പോസിഷന്‍സിന്റെ (ബിഐഇ) ജനറല്‍ അസംബ്ലിയില്‍ ആതിഥേയ രാജ്യമായ സൗദി അറേബ്യയുടെ രജിസ്ട്രേഷന്‍ അംഗീകരിക്കുന്നതിനുള്ള പ്രക്രിയ പൂര്‍ത്തിയാക്കി. വേള്‍ഡ് എക്സ്പോയുടെ ഔദ്യോഗിക പതാക സൗദി പ്രതിനിധി സംഘത്തിന് കൈമാറി.

       സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 9,265 രൂപയിലെത്തി. പവന് 120 രൂപ കൂടി 74,120 രൂപയിലുമെത്തി. കനംകുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7,600 രൂപയായി. വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 118 രൂപയെന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം. പവന് 74,560 രൂപയാണ് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ സ്വര്‍ണവില. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങല്‍ തുടര്‍ന്നാല്‍ അധികം വൈകാതെ തന്നെ ഈ റെക്കോഡ് ഭേദിക്കുമെന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വര്‍ണവില താഴോട്ടാണ്. അരശതമാനത്തോളം താഴ്ന്ന് ഔണ്‍സിന് 3,372 എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പ്രതീക്ഷിച്ചത് പോലെ അമേരിക്കന്‍ പലിശ നിരക്കുകള്‍ക്ക് മാറ്റമില്ലെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം പുറത്തുവന്നതാണ് പ്രധാന കാരണം.

       ഇതുവരെ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ ലോഞ്ചിനായി ഒരുങ്ങി പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്സ് കമ്പനിയായ നത്തിങ്. നത്തിങ് ഫോണ്‍ 3 എന്ന പേരില്‍ പുറത്തിറങ്ങുന്ന ഫോണ്‍ ജൂലൈ ഒന്നിന് വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഫോണിന് 90,000 രൂപയില്‍ കൂടുതല്‍ വില വരുമെന്നാണ് പ്രതീക്ഷ. ഫോണില്‍ ‘പ്രീമിയം മെറ്റീരിയലുകള്‍’ ഉണ്ടായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. നത്തിങ്ങിന്റെ ‘ആദ്യത്തെ യഥാര്‍ത്ഥ ഫ്‌ലാഗ്ഷിപ്പ്’ സ്മാര്‍ട്ട്ഫോണ്‍ ആയിരിക്കും ഇത്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 3,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും ഉള്ള 6.77 ഇഞ്ച് അമോലെഡ് എല്‍ടിപിഒ ഡിസ്പ്ലേയാണ് പ്രതീക്ഷിക്കുന്നത്. ഈ സ്മാര്‍ട്ട്ഫോണിന് സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്സെറ്റ് കരുത്ത് പകരും. 12ജിബി വരെ റാമും 512ജിബി സ്റ്റോറേജുമായാണ് ഫോണ്‍ വരിക. 50വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങിനും 20വാട്ട് വയര്‍ലെസ് ചാര്‍ജിങ്ങിനുമുള്ള പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ഉണ്ടാവുക. 50എംപി ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണവും സെല്‍ഫികള്‍ക്കായി 32എംപി സെല്‍ഫി കാമറയും ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

     ധനുഷ് ചിത്രം ‘കുബേര’ റിലീസിനൊരുങ്ങുകയാണ്. നാഗാര്‍ജുന, രശ്മിക മന്ദാന, ജിം സര്‍ഭ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോഴിതാ 19 ഓളം രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് വെട്ടി മാറ്റിയെന്ന വിവരമാണ് പുറത്തുവരുന്നത്. യുഎ സര്‍ട്ടിഫിക്കറ്റാണ് ഈ ത്രില്ലര്‍ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 19 ഓളം രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കാന്‍ അണിയറപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. ഏകദേശം 15 മിനിറ്റോളം ചിത്രം ട്രിം ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ശേഖര്‍ കമ്മുലയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സെന്‍സറിങ് കാരണം തെലുങ്കിലും തമിഴിലും ചിത്രത്തിന്റെ റണ്‍ ടൈം വ്യത്യസ്തമായിരിക്കുമെന്നും തമിഴില്‍ സിനിമയ്ക്ക് ദൈര്‍ഘ്യം അല്‍പ്പം കൂടുതലാണെന്നും സംവിധായകന്‍ വ്യക്തമാക്കി. എന്നാല്‍ ചിത്രത്തെ ഇത് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി. രശ്മികയും ധനുഷും തമ്മിലുള്ള രംഗവും, നാഗാര്‍ജുനയുടെ ഒരു ടാക്സി സീനും ജിം സര്‍ഭ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില ഇമോഷണല്‍ സീനുകളുമാണ് ഒഴിവാക്കിയതെന്നാണ് വിവരം. ഈ മാസം 20 നാണ് ചിത്രം തിയറ്ററുകളിലെത്തുക.

 സാമന്തയും നാഗചൈതന്യയും ഒന്നിച്ച് അഭിനയിച്ച ‘യേ മായ ചേസവേ’ എന്ന തെലുങ്ക് ചിത്രം റീ റിലീസിന് ഒരുങ്ങുന്നു. 15 വര്‍ഷം മുമ്പ് റൊമാന്റിക് ഡ്രാമ ജോണറില്‍ പുറത്തിറങ്ങിയ ചിത്രം ജൂലൈ 18നാണ് റീ റിലീസിനെത്തുക എന്നാണ് റിപോര്‍ട്ടുകള്‍. വിണ്ണൈ താണ്ടി വരുവായ എന്ന തമിഴ് സിനിമയുടെ തെലുങ്ക് റീമേക്കാണ് ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ യേ മായ ചേസവേ. സിമ്പു, തൃഷ എന്നിവര്‍ ഒരുമിച്ചെത്തിയ ചിത്രത്തില്‍ സാമന്തയും നാഗചൈതന്യയും അഭിനയിച്ചിരുന്നു. സാമന്തയും ചൈതന്യയും ആദ്യമായി ഒന്നിച്ച് അഭിനയിച്ച യേ മായ ചേസവേ എന്ന ചിത്രത്തിന്റെ സെറ്റുകളില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നതും. 2017-ല്‍ വിവാഹിതരായ ഇരുവരും 2021-ല്‍ നിയമപരമായി വേര്‍പിരിഞ്ഞു. എന്തായാലും ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ സാമന്തയും നാഗചൈതന്യയും ഒരുമിച്ചെത്തുമോ എന്നാണ് ആരാധകരുടെ ചോദ്യം.

 സി3 സ്‌പോര്‍ട് എഡിഷന്‍ പുറത്തിറക്കി സിട്രോണ്‍. ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ വകഭേദങ്ങളില്‍ മാത്രമാണ് സി3 സ്‌പോര്‍ട്‌സ് എഡിഷന്‍ സിട്രോണ്‍ ഇറക്കിയിരിക്കുന്നത്. ലൈവ്, ഫീല്‍, ഷൈന്‍ വകഭേദങ്ങളിലാണ് പുതിയ സി3 സ്‌പോര്‍ട്‌സ് എഡിഷന്‍ എത്തുക. രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍. 1.2 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് എന്‍ജിനാണെങ്കില്‍ 82എച്ച്പി കരുത്തും പരമാവധി 115 എന്‍എം ടോര്‍ക്കും പുറത്തെടുക്കും മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണുള്ളത്. 1.2 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 109ബിഎച്ച്പി കരുത്തും 190എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. എടി ട്രാന്‍സ്മിഷനെങ്കില്‍ 205 എന്‍എം വരെ ടോര്‍ക്ക് ഉയരും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ സൗകര്യങ്ങള്‍. ലൈവ് എംടി വകഭേദത്തിന് 6.23 ലക്ഷം രൂപയും സ്‌പോര്‍ട് എഡിഷന് 6.44 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. ഫീല്‍ എംടിക്ക് 7.52 ലക്ഷം രൂപയാണെങ്കില്‍ ഇതേ വകഭേദത്തിന്റെ സ്‌പോര്‍ട് എഡിഷന് 7.73 ലക്ഷം രൂപയാണ് വില. ഷൈന്‍ എംടിക്ക് 8.16 ലക്ഷവും സ്‌പോര്‍ട് എഡിഷന് 8.37 ലക്ഷം രൂപയും ഷൈന്‍ ടര്‍ബോ എടിക്ക് 10 ലക്ഷവും സ്‌പോര്‍ട് എഡിഷന്‍ 10.21 ലക്ഷം രൂപയുമാണ് വിലയിട്ടിരിക്കുന്നത്.

 ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷസ്ഥാനം വഹിച്ച ഏക മലയാളിയാണ് സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍. നിഷ്ഠുരമായ ജാലിയന്‍ വാലാബാഗ് സംഭവത്തിനു നേതൃത്വം നല്‍കിയ ജനറല്‍ മൈക്കിള്‍ ഡയറിനെതിരേ നിയമപരമായി പോരാടിയ ദേശാഭിമാനി. വിദേശാധിപത്യത്തിനെതിരേ അദ്ദേഹം നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. പുത്രികാരാജ്യപദവിയോടുകൂടി ഇന്ത്യയ്ക്കു സ്വാതന്ത്ര്യം വേണമെന്നു വാദിച്ച് ചേറ്റൂര്‍ നടത്തിയ പ്രസംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ സമരോത്സുകമായ പ്രവര്‍ത്തനങ്ങളും ജീവിതവും പ്രതിപാദിക്കുന്ന പുസ്തകം.’സാമ്രാജ്യത്തെ പിടിച്ചുലച്ച് കേസ്’. രഘു പാലാട്ട്, പുഷ്പ പാലാട്ട്. വിവര്‍ത്തനം: ജയശങ്കര്‍ മേനോന്‍. ഡിസി ബുക്സ്. വില 270 രൂപ.

 ജനിതകം ഒരു പ്രധാന ഘടകമാണെങ്കിലും ചില ദൈനംദിന ശീലങ്ങളും വൃക്കകളില്‍ കാന്‍സര്‍ ഉണ്ടാകുന്നതിലേക്ക് നയിക്കാം. ദോഷകരമല്ലെന്ന് നമ്മള്‍ കരുതുന്ന ചെറിയ ചില ശീലങ്ങള്‍ ഭാവിയില്‍ വൃക്കയില്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാകാം. വെള്ളം കുടിക്കാന്‍ വിട്ടുപോകുന്നത് വൃക്കകളുടെ ആരോഗ്യത്തെ മോശമാക്കും. അച്ചാറുകള്‍ മുതല്‍ മിക്ക ഭക്ഷണങ്ങളിലും നമ്മള്‍ അധികമായി ഉപ്പ് ഉപയോഗിക്കുന്ന ശീലം കാലക്രമേണ വൃക്കകളെ ബുദ്ധിമുട്ടിലാക്കും. നടുവേദനയ്ക്കും പനിക്കും സ്വയം ചികിത്സയുടെ ഭാഗമായി ഇബുപ്രോഫെന്‍, ഡൈക്ലോഫെനാക്, അല്ലെങ്കില്‍ പാരസെറ്റമോള്‍ പോലുള്ള വേദനസംഹാരികള്‍ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. കാലക്രമേണ, ഇവ വൃക്ക കലകളെ നശിപ്പിക്കുകയും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പുകവലിച്ചാലും ചവച്ചാലും, പുകയില രക്തപ്രവാഹത്തിലൂടെ വൃക്കകളില്‍ എത്തുകയും അവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. ഇത് വൃക്കയില്‍ കാന്‍സറിന് ഒരു പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഗ്രില്‍ ചെയ്തതോ വറുത്തതോ സംസ്‌കരിച്ചതോ ആയ മാംസം പതിവായി കഴിക്കുന്നത് വൃക്കയില്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. ഉദാസീനമായ ജീവിതശൈലിയും കുറഞ്ഞ ശാരീരിക പ്രവര്‍ത്തനവും പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദം, ഇന്‍സുലിന്‍ പ്രതിരോധം എന്നിവയ്ക്ക് കാരണമാകുന്നു, ഇവയെല്ലാം വൃക്കകളെ സമ്മര്‍ദത്തിലാക്കുന്നതാണ്. ഇത് കാലക്രമേണ വൃക്കകളില്‍ കാന്‍സര്‍ വികസിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഹൃദയത്തെ മാത്രമല്ല, വൃക്കകളിലെ ചെറിയ രക്തക്കുഴലുകളെ നശിപ്പിക്കുകയും കാന്‍സര്‍ മാറ്റങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മദ്യവും പുകയിലയും വൃക്ക തകരാറിനെ ഗണ്യമായി ത്വരിതപ്പെടുത്തുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 86.80, പൗണ്ട് – 116.48, യൂറോ – 99.53, സ്വിസ് ഫ്രാങ്ക് – 106.22, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.20, ബഹറിന്‍ ദിനാര്‍ – 230.08, കുവൈത്ത് ദിനാര്‍ -283.30, ഒമാനി റിയാല്‍ – 225.76, സൗദി റിയാല്‍ – 23.13, യു.എ.ഇ ദിര്‍ഹം – 23.64, ഖത്തര്‍ റിയാല്‍ – 23.84, കനേഡിയന്‍ ഡോളര്‍ – 63.30.
➖➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right