Trending

സായാഹ്ന വാർത്തകൾ.

◾  ഇന്ത്യന്‍ സേനയ്ക്കായി പ്രതിരോധ ബജറ്റില്‍ അമ്പതിനായിരം കോടി രൂപ കൂടി വര്‍ധിപ്പിക്കാന്‍ തീരുമാനം. പുതിയ ആയുധങ്ങള്‍ വാങ്ങാനും സൈനികരംഗത്തെ ഗവേഷണത്തിനുമായിരിക്കും പണം അനുവദിക്കുക. ഇതോടെ പ്രതിരോധ ബജറ്റ് 7 ലക്ഷം കോടി രൂപ കടക്കും. ഫെബ്രുവരി 1 ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ സായുധ സേനയ്ക്കായി 6.81 ലക്ഷം കോടി രൂപ നീക്കിവച്ചിരുന്നു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അധിക തുക അനുവദിക്കാന്‍ അനുമതി നേടും.

◾  പാകിസ്ഥാന്റെ പിന്തുണയോടെയുള്ള തീവ്രവാദത്തെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടാന്‍ വിവിധ രാജ്യങ്ങളിലേക്ക് എംപിമാരുടെ സംഘത്തെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിലെ പാക് ബന്ധം, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നിവ വിശദീകരിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രതിനിധികള്‍ അടങ്ങുന്നതാകും സംഘം.

◾  ജമ്മു കശ്മീരിലെ ചൈനാബ് നദിയിലെ ജലവൈദ്യുത പദ്ധതികളുടെ ഭാഗമായ സലാല്‍, ബഗ്ളിഹാര്‍  അണക്കെട്ടുകളിലെ എക്കല്‍ നീക്കല്‍ നടപടിയുമായി ഇന്ത്യ മുന്നോട്ട്. എക്കല്‍ നീക്കുന്നത് മാസം തോറും നടത്താന്‍ ഇന്ത്യ നടപടികള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.  ഇക്കാര്യത്തില്‍ പാകിസ്ഥാന്റെ എതിര്‍പ്പ് ഇനി കണക്കിലെടുക്കില്ല.

◾  കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന പണിമുടക്കില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നതിന് എതിരെ മുഖ്യമന്ത്രിക്ക് പരാതി. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നതിനെതിരായ ഹൈക്കോടതി വിധി ലംഘിച്ചാണ് സെക്രട്ടറിയേറ്റ് ജീവനക്കാരുടെ പണിമുടക്കെന്നാണ് പരാതി.

◾  മലപ്പട്ടത്തെ പ്രകോപന മുദ്രാവാക്യത്തില്‍ യൂത്ത് കോണ്‍ഗ്രസിന് താക്കീതുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ധീരജിനെ കുത്തിയ കത്തിയുമായി വന്നാല്‍ നിങ്ങള്‍ക്ക് ഞങ്ങള്‍ ഒരു പുഷ്പചക്രം കരുതിവയ്ക്കുമെന്നായിരുന്നു കെ കെ രാകേഷിന്റെ പരാമര്‍ശം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മൂട്ടയുടെ സ്ഥാനമാണ് നല്‍കുന്നതെന്നും മൂട്ടയെ കൊല്ലാന്‍ ആരും കൊടുവാള്‍ എടുക്കാറില്ലെന്നും രാഗേഷ് കൂട്ടിച്ചേര്‍ത്തു.

◾  കോണ്‍ഗ്രസ് പതാക എസ്എഫ്ഐ കത്തിച്ചെന്ന് ആരോപിച്ച് കണ്ണൂര്‍ പാനൂരില്‍ കോണ്‍ഗ്രസ്സിന്റെ പൊലീസ് സ്റ്റേഷന്‍ ഉപരോധം. മലപ്പട്ടത്തെ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് വൈകിട്ട് എസ്എഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസില്‍ കയറി കൊടികള്‍ എടുത്ത് കൊണ്ടുപോയി കത്തിച്ചെന്നാണ് ആരോപണം. പൊലീസ് സ്ഥലത്ത് എത്തിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ ആയിരുന്നു പ്രതിഷേധം.

◾  കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്തില്ലെന്ന കെ സുധാകരന്റെ വാദം തള്ളി ഹൈക്കമാന്‍ഡ്. അധ്യക്ഷ പദവിയിലെ മാറ്റം സംബന്ധിച്ച് രണ്ട് തവണ സുധാകരനുമായി സംസാരിച്ചെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു. ദീപ ദാസ്മുന്‍ഷി റിപ്പോര്‍ട്ട് തയ്യാറാക്കിയത് സംസ്ഥാന നേതാക്കളെ കേട്ട ശേഷമാണെന്നും സുധാകരന്‍ സജീവമല്ലെന്നും അനാരോഗ്യമുണ്ടെന്നും ദീപയെ ധരിപ്പിച്ചത് സംസ്ഥാന നേതാക്കള്‍ ആണെന്നും ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പറയുന്നു.

◾  തെരഞ്ഞെടുപ്പ് വര്‍ഷമാണ് മുന്നിലുള്ളതെന്ന് ഓര്‍മ്മിക്കണമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. അധ്യക്ഷ പദവിയിലെ കെ സുധാകരന്റെ അതൃപ്തിയും കെപിസിസി പുനസംഘടനയിലെ കോണ്‍ഗ്രസ് നേതാക്കളുടെ അതൃപ്തിയുമായും ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

◾  തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട് റോഡുകള്‍ ഇന്ന് ഉദ്ഘാടനം ചെയ്യുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. കേന്ദ്രം കേരളത്തിന് നല്‍കിയത്  760 കോടി രൂപയാണെന്ന് ഇവിടെ മറച്ചുവെക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ പേരുമാറ്റി നടപ്പാക്കുകയാണ് കേരളത്തിലെന്നും ശോഭ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ പരസ്യത്തില്‍ പദ്ധതിയുടെ കേന്ദ്രസര്‍ക്കാര്‍ വിഹിതം എത്രയെന്ന് മറച്ചുവച്ചെന്നും അവര്‍ പറഞ്ഞു. ഗഡ്കരി കൊടുത്ത റോഡില്‍ നിന്ന് റിയാസ്  സെല്‍ഫി എടുത്ത് പോസ്റ്റ് ചെയ്യുമ്പോള്‍ കേന്ദ്രം എത്ര നല്‍കിയെന്ന് കൂടി പറയണമെന്നും അവര്‍ പറഞ്ഞു.

◾  പത്തനംതിട്ട കോന്നിയില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചയാളെ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും ബലമായി ഇറക്കിക്കൊണ്ട് പോയ സംഭവത്തില്‍, വീഴ്ച പറ്റിയത് എംഎല്‍എക്കെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് വനംമന്ത്രിക്ക് കൈമാറി. എംഎല്‍എയുടെത് അപക്വമായ പെരുമാറ്റമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

◾  സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യാന്‍ യോഗ്യതയില്ലാത്ത അഭിഭാഷകരുടെ പട്ടിക പുറത്തുവിട്ട് ബാര്‍ കൗണ്‍സില്‍ ഓഫ് കേരള. അഖിലേന്ത്യ ബാര്‍ പരീക്ഷ പാസാകാത്ത കേരളത്തിലെ അഭിഭാഷകരുടെ പട്ടികയാണ് പുറത്തുവിട്ടത്. 1157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യാന്‍ പൂര്‍ണ യോഗ്യരല്ലെന്നാണ് ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കുന്നത്.

◾  ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച പ്രതി അഡ്വ. ബെയ്ലിന്‍ ദാസ് റിമാന്‍ഡില്‍. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് ബെയ്ലിന്‍ ദാസിനെ  ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തത്. ബെയ്ലിന്‍ ദാസിന്റെ ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിന്‍ ദാസ് നടത്തിയിരിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

◾  കോടതിയുടെ തീരുമാനം എന്തുതന്നെയായാലും ബെയ്ലിന്‍ ദാസിനെ അറസ്റ്റ് ചെയ്തതോടെ തനിക്ക് നീതി ലഭിച്ചുവെന്ന് അഡ്വ. ശ്യാമിലി ജസ്റ്റിന്‍. തന്നെ അടിച്ചെന്ന് ബെയ്ലിന്‍ സമ്മതിച്ചുവെന്നും അതോടെ തന്നെ തനിക്ക് നീതി ലഭിച്ചുവെന്നും ശ്യാമിലി പറഞ്ഞു. ഓഫീസില്‍ തന്നെ മര്‍ദിച്ചതിന് സാക്ഷികളുണ്ടെന്നും ഇനി ഇത്തരത്തില്‍ ഒരാള്‍ക്കു പോലും അനുഭവമുണ്ടാകരുതെന്നും ആര്‍ക്കും ആരെയും കൈനീട്ടി അടിക്കാനോ ഉപദ്രവിക്കാനോ അവകാശമില്ലെന്നും അവര്‍ പറഞ്ഞു.

◾  വയനാട് മേപ്പാടി 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് നടത്തിപ്പുകാരായ രണ്ടു പേര്‍ അറസ്റ്റിലായി. 900 കണ്ടിയിലെ എമറാള്‍ഡിന്റെ ടെന്റ് ഗ്രാം എന്ന റിസോര്‍ട്ടിലെ നടത്തിപ്പുകാരായ സ്വച്ഛന്ത്, അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.

◾  പക്ഷാഘാതം ഉണ്ടാകുന്നവരുടെ എണ്ണം  വര്‍ധിക്കുന്ന സാഹചര്യത്തില്‍ 12 ജില്ലാ ആശുപത്രികളില്‍ സ്ട്രോക്ക് യൂണിറ്റുകള്‍ യാഥാര്‍ത്ഥ്യമാക്കിയെന്ന് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ സമഗ്ര പക്ഷാഘാത പരിചരണ സെന്റര്‍ ആയി ഉയര്‍ത്തുമ്പോള്‍ പക്ഷാഘാതം ഉണ്ടാകുന്നവര്‍ക്ക് മികച്ച ചികിത്സയും അതിലൂടെ സാധാരണ നിലയിലുള്ള തുടര്‍ ജീവിതവും ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം.

◾  കോട്ടയം അയര്‍ക്കുന്നത് മക്കളുമൊത്ത് അഭിഭാഷക ആത്മഹത്യ ചെയ്ത കേസിലെ പ്രതി ജോസഫിന്റെ ശബ്ദ പരിശോധന നടത്തും. തിരുവനന്തപുരത്തെ ലാബിലാണ് പരിശോധന നടത്തുക. മരിച്ച ജിസ്മോളുടെ ഭര്‍ത്താവിന്റെ അച്ഛനാണ് ജോസഫ്. ജോസഫിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ ചില ശബ്ദസന്ദേശങ്ങളില്‍ വ്യക്തത വരുത്താനാണ് പരിശോധന നടത്തുന്നത്.

◾  തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ യുവാവിന്റെ അതിക്രമം. മെഡിക്കല്‍ കോളേജിലെ കോണ്‍ഫറന്‍സ് ഹാളിലെത്തിയ യുവാവ് സെക്യൂരിറ്റിയെ പൂട്ടിയിട്ടശേഷം എസി കത്തിച്ചു. ഇന്ന് രാവിലെയാണ് യുവാവ് ഗ്യാസ് സിലിണ്ടറുമായി സ്ഥലത്തെത്തിയത്. മെഡിക്കല്‍ കോളേജ് അലുംമിനി ഓഡിറ്റേറിയത്തിലാണ് യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

◾  മലപ്പുറം കാളികാവില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗഫൂറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഗഫൂറിന്റെ കഴുത്തില്‍ ആഴത്തിലുള്ള കടിയേറ്റു. ആഴത്തിലുള്ള മുറിവും രക്തം വാര്‍ന്നതും മരണകാരണമായി എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.  മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ഗഫൂറിന്റെ പോസ്റ്റ്മോര്‍ട്ടം നടന്നത്.

◾  നെടുമ്പാശേരിയില്‍ വാഹനത്തിനു സൈഡ് കൊടുക്കുന്നതിലെ തര്‍ക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊന്ന കേസില്‍, ആശുപത്രിയില്‍ കഴിഞ്ഞ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളായ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും വൈകിട്ട് കോടതിയില്‍ ഹാജരാക്കും. ഉദ്യോഗസ്ഥര്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു.

◾  കലാഭവന്‍ മണി സ്മാരക മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം 27ന് നടക്കും. ഫോക്ലോര്‍ അക്കാദമിയുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. നാടന്‍പാട്ടുകള്‍ സംരക്ഷിക്കുന്നതിനായുള്ള ഫോക്ലോര്‍ അക്കാദമിയുടെ സബ് സെന്ററായി കലാഭവന്‍ മണി സ്മാരകം പ്രവര്‍ത്തിക്കും.

◾  ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ച തലവടി സ്വദേശി ടി ജി രഘു മരിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ അര്‍ദ്ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത് .രോഗത്തിന്റെ ഉറവിടം ആരോഗ്യവകുപ്പിന് കണ്ടെത്താനായിട്ടില്ല.

◾  തലച്ചോറിലെ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. തിരുവനന്തപുരം കല്ലറ സ്വദേശി ജോയിയുടെയും അജ്‌നയുടെയും മകള്‍ ജ്യോതിലക്ഷ്മി(15) ആണ് മരിച്ചത്. ഞെക്കാട് ഗവ.എച്ച്എസ്എസ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. വീടിനു സമീപത്തെ തോട്ടില്‍ ഒരു കാട്ടുപന്നി ചത്തു കിടന്നിരുന്നുവെന്നും ഈ തോട്ടിലെ വെള്ളത്തിലൂടെ നടന്നാണ് കുട്ടികള്‍ വീട്ടില്‍ എത്തിയിരുന്നതെന്നും മരിച്ച കുട്ടിയുടെ കാലില്‍ മുറിവ് ഉണ്ടായിരുന്നുവെന്നും വെള്ളത്തിലൂടെയുണ്ടായ അണുബാധയാണ് രോഗ കാരണമെന്നാണ് സംശയമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

◾  പൊലീസിന്റെ വിലക്ക് മറികടന്ന് ബിഹാറിലെ ദര്‍ഭംഗയിലെ അംബേദ്കര്‍ വെല്‍ഫെയര്‍ ഹോസ്റ്റലിലേക്ക് രാഹുല്‍ ഗാന്ധിയെ എത്തിച്ച് വിദ്യാര്‍ത്ഥികള്‍. സര്‍ക്കാര്‍ കെട്ടിട സമുച്ചയത്തില്‍ വച്ച് രാഷ്ട്രീയ സ്വഭാവമുള്ള പരിപാടി അനുവദിക്കില്ലെന്നായിരുന്നു ബിഹാര്‍ പൊലീസ് നിലപാട് എടുത്തത്. എന്നാല്‍ വിദ്യാഭ്യാസ നീതി സംവാദം ഹോസ്റ്റലില്‍ തന്നെ വച്ച് നടത്തുമെന്ന് രാഹുലും എന്‍എസ്യു പ്രവര്‍ത്തകരും നിര്‍ബന്ധം പിടിക്കുകയായിരുന്നു.

◾  കര്‍ണാടകയിലെ കാര്‍വാര്‍ തുറമുഖത്ത് എത്തിയ ഇറാഖി ചരക്ക് കപ്പലിലുള്ള പാക് പൗരനെ തിരിച്ചയച്ച് കോസ്റ്റ് ഗാര്‍ഡ്. ഇയാളുടെ മൊബൈല്‍ ഫോണുകള്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കപ്പലില്‍ ഉണ്ടായിരുന്ന സിറിയന്‍ പൗരന്‍മാരോടും കരയിലിറങ്ങരുതെന്ന് കോസ്റ്റ് ഗാര്‍ഡ് നിര്‍ദേശം നല്‍കി. പെട്രോളിയം വസ്തുക്കളുമായി എത്തിയ ഇറാഖി കപ്പലായ എംടിആര്‍ ഓഷ്യന്‍ എന്ന കപ്പലിലെ ജീവനക്കാരന് നേരെയാണ് നടപടി.

◾  മിഡില്‍ഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി യുഎഇയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ `ഓര്‍ഡര്‍ ഓഫ് സായിദ്' ബഹുമതി നല്‍കി ആദരിച്ചു. യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയാണ് `ഓര്‍ഡര്‍ ഓഫ് സായിദ്'. ട്രംപിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി അല്‍ വതാനില്‍ ഒരുക്കിയ ചടങ്ങില്‍ വെച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് സമ്മാനം നല്‍കി ആദരിച്ചത്.

◾  അമേരിക്കയും യുഎഇയും തമ്മില്‍ ഒപ്പുവെച്ചത് 20,000 കോടി ഡോളറിന്റെ കരാറുകള്‍. മിഡില്‍ഈസ്റ്റ് സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎഇയില്‍ എത്തിയപ്പോഴാണ് ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചത്. ഇതു കൂടാതെ പത്തു വര്‍ഷത്തിനിടെ അമേരിക്കയില്‍ ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം യുഎഇ നടത്തുമെന്നും പ്രഖ്യാപിച്ചു.

◾  തുര്‍ക്കിയില്‍ വച്ച് നടക്കുന്ന റഷ്യ- യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഏറെ പ്രതീക്ഷകളില്ലെന്ന സൂചനകളുമായി വ്ലാദിമിര്‍ സെലന്‍സ്‌കിയും തുര്‍ക്കി പ്രസിഡന്റ് തയ്യീബ് എര്‍ദ്ദോഗനും തമ്മിലുള്ള കൂടിക്കാഴ്ച ചിത്രങ്ങള്‍.സെലന്‍സ്‌കിയും എര്‍ദ്ദോഗനും നിശബ്ദമായി ഇരിക്കുമ്പോള്‍ പ്രകടമായ ശരീര ഭാഷയാണ് സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷകളില്ലെന്ന സൂചന നല്‍കുന്നതായി വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.

◾  കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ഹിമാചല്‍ പ്രദേശില്‍ അടച്ചു പൂട്ടിയത് 1,200 സ്‌കൂളുകളെന്ന് ഹിമാചല്‍ പ്രദേശ് വിദ്യാഭ്യാസ മന്ത്രി രോഹിത് താക്കൂര്‍. ഇതില്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ മാത്രം അടച്ചു പൂട്ടിയത്  450 സ്‌കൂളുകളെന്നും മന്ത്രി. വിദ്യാഭ്യാസ വകുപ്പിനെ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിരവധി സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ സ്‌കൂളുകളുടെ ലയനവും പുനഃസംഘടനയും പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

◾  തുര്‍ക്കിയുടെ പുതിയ അംബാസഡറെ അംഗീകരിക്കുന്ന ചടങ്ങ് മാറ്റി വച്ച് ഇന്ത്യ. സാങ്കേതിക വിഷയങ്ങള്‍ പറഞ്ഞാണ് രാഷ്ട്രപതിക്ക് ഉത്തരവ് കൈമാറുന്ന ചടങ്ങ് മാറ്റിയത്. രാഷ്ട്രപതി ഭവനില്‍ ഇന്ന് നടക്കാനിരുന്ന ചടങ്ങാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ വിഭാഗം മാറ്റി വച്ചത്. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.

◾  ഏവിയേഷന്‍ കമ്പനിയായ സെലിബി ഏവിയേഷന്‍ ഇന്ത്യയുടെ, സുരക്ഷാ അനുമതി ഇന്ത്യന്‍ അധികാരികള്‍ റദ്ദാക്കിയതിന് പിന്നാലെ വിശദീകരണവുമായി കമ്പനി. തുര്‍ക്കി ഉടമസ്ഥതയെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് തെറ്റായ വിവരമാണെന്ന് കമ്പനി വ്യക്തമാക്കി. കമ്പനിക്ക് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്റെ കുടുംബവുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.

◾  ഓടുന്ന ട്രെയിനില്‍ നിന്ന് കല്ലെറിഞ്ഞ് ആര്‍പിഎഫ് ഉദ്യോഗസ്ഥന് പരിക്കേറ്റ കേസില്‍ പ്രതിക്ക് ശിക്ഷ 500 രൂപ പിഴ മാത്രം. 2012-ല്‍ സേവ്രി സ്റ്റേഷനിലാണ് സംഭവമുണ്ടായത്.  ആളുകളെ അപകടത്തിലാക്കിയ അശ്രദ്ധമായ പ്രവൃത്തിയാണെന്ന് സെഷന്‍സ് കോടതി വിധിച്ചു. എന്നാല്‍ ജയില്‍ ശിക്ഷ വിധിച്ചില്ല. സംഭവം നടക്കുമ്പോള്‍ പ്രതിക്ക് 20 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ കുറച്ചത്.

◾  ടൗണ്‍ പ്ലാനിങ് ഡെപ്യൂട്ടി ഡയറക്ടറുടെ വസതിയില്‍ നിന്ന് 32 കോടിയുടെ കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ കണ്ടെത്തി. ഇ.ഡി നടത്തിയ റെയ്ഡില്‍ 8.6 കോടി രൂപയും 23.25 കോടി രൂപയുടെ സ്വര്‍ണ, വജ്രാഭരണങ്ങളും പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ വസായ് - വിരാര്‍ സിറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ടൗണ്‍ പ്ലാനിങ് ഡെപ്യൂട്ടി ഡയറക്ടര്‍ യുമിഗാനു ശിവ റെഡ്ഡിയുടെ  വീട്ടിലായിരുന്നു റെയ്ഡ്.

◾  ലിയോണല്‍ മെസി ഉടന്‍ കേരളത്തിലേക്കില്ലെന്നും ടീമിന്റെ ഈ വര്‍ഷത്തെ സൗഹൃദ മത്സരങ്ങളില്‍ തീരുമാനം ആയെന്നും റിപ്പോര്‍ട്ട്. ഇതോടെ അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഈ വര്‍ഷം ഇന്ത്യയിലേക്കില്ലെന്ന് ഉറപ്പായി. ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങള്‍ കളിച്ചേക്കും.

◾  അടുത്ത മാസത്തെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. ജൂണില്‍ ചിലിക്കും കൊളംബിയയ്ക്കും എതിരായ മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് കോച്ച് ലിയോണല്‍ സ്‌കലോണി പ്രഖ്യാപിച്ചത്. പരിക്കില്‍ നിന്ന് മുക്തനായ നായകന്‍ ലിയോണല്‍ മെസ്സി ടീമില്‍ തിരിച്ചെത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം അലയാന്ദ്രോ ഗര്‍ണാച്ചോയും ടീമില്‍ തിരികെ എത്തിയിട്ടുണ്ട്.  

  ◾  പാകിസ്ഥാന്‍ പതാകകള്‍, പാക് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ ആമസോണ്‍ ഇന്ത്യ, ഫ്‌ലിപ്കാര്‍ട്ട് എന്നിവയടക്കമുള്ള ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നോട്ടീസ്. പാകിസ്ഥാന്‍ പതാകകളുടെയും ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന അനുവദിക്കില്ലെന്ന് യുബുകൈ ഇന്ത്യ, എറ്റ്‌സി, ദി ഫ്‌ലാഗ് കമ്പനി, ദി ഫ്‌ലാഗ് കോര്‍പ്പറേഷന്‍ എന്നിവയ്ക്ക് നല്‍കിയ നോട്ടീസുകളില്‍ റെഗുലേറ്ററി ബോഡി അറിയിച്ചു. ഇത്തരം വസ്തുക്കള്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാകിസ്ഥാന്‍ പതാകകളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയുമായി ബന്ധപ്പെട്ട് ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, യുബെ ഇന്ത്യ, എറ്റ്സി, ദി ഫ്ലാഗ് കമ്പനി, ദി ഫ്ലാഗ് കോര്‍പറേഷന്‍ എന്നിവയ്ക്ക് സിസിപിഎ നോട്ടീസ് അയച്ചിട്ടുണ്ട്. ഇത്തരം ലിസ്റ്റുകള്‍ ഉടനടി നീക്കം ചെയ്യാനും ദേശീയ നിയമങ്ങള്‍ പാലിക്കാനും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് ഇതിനാല്‍ നിര്‍ദ്ദേശം നല്‍കുന്നു' എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു.

◾  പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ മോഡലായ വണ്‍പ്ലസ് 13എസ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. വണ്‍പ്ലസ് 13ആറിനും വണ്‍പ്ലസ് 13നും ഇടയില്‍ സ്ഥാനം പിടിക്കാന്‍ ഇടയുള്ള ഒരു കോംപാക്ട് ഫ്‌ലാഗ്ഷിപ്പ് മോഡല്‍ ആകാനാണ് സാധ്യത. ഇതില്‍ സ്നാപ് ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റ് ഉള്‍പ്പെടെ ചില ഉയര്‍ന്ന നിലവാരമുള്ള സവിശേഷതകള്‍ ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമ്പോള്‍ വില ഏകദേശം 50,000 രൂപയാകാന്‍ സാധ്യതയുണ്ട്. ഫോണിന് 6.32 ഇഞ്ച് ഡിസ്പ്ലേ ഉണ്ടായിരിക്കും. ഇന്ത്യയില്‍ കറുപ്പ്, പിങ്ക്, പച്ച നിറങ്ങളില്‍ ഫോണ്‍ വിപണിയില്‍ എത്തിയേക്കും. ഫ്‌ലാറ്റ് ഡിസൈനും ചതുരാകൃതിയിലുള്ള കാമറ മൊഡ്യൂളും 13ടി പോലുള്ള ഡ്യുവല്‍ സെന്‍സര്‍ സിസ്റ്റവുമായി ഫോണ്‍ വിപണിയില്‍ എത്താനാണ് സാധ്യത. ഫോണ്‍ ടെലിഫോട്ടോ ലെന്‍സും വാഗ്ദാനം ചെയ്‌തേക്കും. ഫാസ്റ്റ് ചാര്‍ജിങ്ങിനുള്ള പിന്തുണയുള്ള 6,000എംഎഎച്ച്+ വലിപ്പമുള്ള ബാറ്ററിയാകാം ഫോണില്‍ ക്രമീകരിക്കുക. ആന്‍ഡ്രോയിഡ് 15 അധിഷ്ഠിത ഓക്‌സിജന്‍ ഒഎസ് പതിപ്പും മറ്റ് വണ്‍പ്ലസ് 13 സീരീസ് മോഡലുകളെപ്പോലെ ചില എഐ സവിശേഷതകളുമായിട്ടാകാം ഫോണ്‍ വിപണിയില്‍ എത്തുക.

◾  പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ രചിച്ചു സംവിധാനം ചെയ്ത 'ഡീയസ് ഈറേ' എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രം ഹലോവീന്‍ (ഒക്ടോബര്‍ 31) റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. വമ്പന്‍ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന മമ്മൂട്ടി ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഡീയസ് ഈറേ. ഹൊറര്‍ ത്രില്ലര്‍ എന്ന സിനിമ വിഭാഗത്തിന്റെ സാദ്ധ്യതകള്‍ ഇനിയും കൂടുതലായി ഉപയോഗിക്കുന്ന ചിത്രമായാണ് 'ഡീയസ് ഈറേ' ഒരുക്കുന്നത്. സിനിമയുടെ കഥാപശ്ചാത്തലം സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ക്രോധത്തിന്റെ ദിനം എന്ന അര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ 'ഭ്രമയുഗ'ത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അതേ ക്രിയേറ്റീവ് ടീം തന്നെയാണ് 'ഡീയസ് ഈറേ'യുടെയും അണിയറയിലുള്ളത്.

◾  വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ മിന്നല്‍ മുരളിക്ക് ശേഷം വരുന്ന രണ്ടാമത്തെ ചിത്രം ആണ് 'ഡിക്ടറ്റീവ് ഉജ്ജ്വലന്‍'. രാഹുല്‍ ജി, ഇന്ദ്രനീല്‍ ജി.കെ. എന്നിവര്‍ ചേര്‍ന്നാണ് സോഫിയാ പോള്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേം അക്കുടി, ശ്രായന്തി എന്നിവരാണ് ഛായാഗ്രാഹകര്‍. ഇവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരാണ്. ഇപ്പോഴിതാ സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മിസ്റ്ററി കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് ഉജ്ജ്വലനില്‍ നായകനായെത്തുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. സിജു വില്‍സന്‍, കോട്ടയം നസീര്‍ , നിര്‍മല്‍ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി. നായര്‍, എന്നിവരും അമീന്‍ നിഹാല്‍, നിബ്രാസ്, ഷഹബാസ് തുടങ്ങി ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. പട്ടാമ്പി, ഷൊര്‍ണൂര്‍, കൊല്ലങ്കോട്, നെന്മാറ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നിരിക്കുന്നത്. പ്രേം അക്കുടു, ശ്രയാന്തി എന്നിവരാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഇവര്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ കൂടിയാണ്.

◾  ഇന്ത്യന്‍ നിര്‍മ്മിത മാരുതി സുസുക്കി ഫ്രോക്സ് ജപ്പാന്‍ എന്‍സിഎപി സുരക്ഷാ പരിശോധനയ്ക്ക് വിധേയമായി. അവിടെ അത് 84 ശതമാനം സ്‌കോര്‍ ചെയ്തു. അതായത് 193.8 ല്‍ 163.75 പോയിന്റുകള്‍ സ്വന്തമാക്കി. ഇന്ത്യയില്‍ നിര്‍മ്മിച്ച ഈ വാഹനം 2024 ഒക്ടോബറില്‍ ആണ് ജപ്പാനില്‍ പുറത്തിറക്കിയത്. സുരക്ഷാ പരിശോധനകളില്‍ ഫ്രോങ്ക്സ് നാല് സ്റ്റാറുകള്‍ നേടിയതായി ജപ്പാന്‍ എന്‍സിഎപി വെളിപ്പെടുത്തി. ക്രാഷ് സുരക്ഷയില്‍ ഫ്രോങ്ക്സിന് 76 ശതമാനം സുരക്ഷാ സ്‌കോറും പ്രതിരോധ സുരക്ഷയില്‍ 92 ശതമാനം സുരക്ഷാ സ്‌കോറും ലഭിച്ചു. ഫുള്‍-റാപ്പ് ഫ്രണ്ടല്‍ കൊളീഷന്‍, സൈഡ് കൊളീഷന്‍ (ഡ്രൈവര്‍ സീറ്റ്), കാല്‍നടയാത്രക്കാരുടെ കാലുകളുടെ സംരക്ഷണം എന്നിവയ്ക്ക് കോംപാക്റ്റ് എസ്യുവിക്ക് പൂര്‍ണ്ണ പോയിന്റുകള്‍ ലഭിച്ചു. കഴുത്തിലെ പരിക്ക് സംരക്ഷണം, പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ് ഓര്‍മ്മപ്പെടുത്തല്‍ പരിശോധനകള്‍ എന്നിവയില്‍ അഞ്ചില്‍ നാല് പോയിന്റുകളും കാല്‍നടയാത്രക്കാരുടെ തല സംരക്ഷണത്തിന് അഞ്ചില്‍ മൂന്ന് പോയിന്റുകളും ലഭിച്ചു. മൂന്ന് പവര്‍ട്രെയിനുകളില്‍ ഈ വാഹനം ലഭ്യമാണ്.

◾  അസുരകുലത്തില്‍ ജനിച്ച ഇരട്ടക്കുട്ടികളാണ് കുണ്ടക്കനും മണ്ടക്കനും. പഠിക്കാനിഷ്ടമില്ലാത്ത ആ വികൃതിപ്പയ്യന്മാരെ അവരുടെ അമ്മ ഗുരുകുലത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. അവിടത്തെ ഗുരുനാഥന്‍ സ്‌നേഹപൂര്‍വ്വം അവര്‍ക്കു കുറേ കഥകള്‍ പറഞ്ഞുകൊടുത്തു. പൂര്‍വ്വികരായ അസുരന്മാരുടെ കഥകള്‍; വളര്‍ന്നു വലുതായിട്ടും വികൃതികാട്ടിയും ഉപദ്രവിച്ചും രസിച്ച അസുരബാലകന്മാരുടെ കഥകള്‍. മഹാവികൃതികളും ഉപദ്രവകാരികളും എന്നാല്‍ ബുദ്ധിശാലികളുമായ അസുരന്മാരുടെ രസകരമായ കഥകള്‍. 'അസുരകഥകള്‍ കുട്ടികള്‍ക്ക്'. ആനന്ദ് നീലകണ്ഠന്‍. പരിഭാഷ - എന്‍ ശ്രീകുമാര്‍. മാതൃഭൂമി. വില 195 രൂപ.

◾  ദിവസേന ഉപയോഗിക്കുന്ന ഷാംപൂ, കണ്ടീഷണര്‍, ലോഷന്‍ ഉള്‍പ്പെടെയുള്ള സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കാന്‍സറിനിന് കാരണമായ ഫോര്‍മാഡിഹൈഡ് കണ്ടെത്തിയതായി പഠനം. ഗന്ധമുള്ള നിറമില്ലാത്ത ഒരു വാതകമാണ് ഫോര്‍മാഡിഹൈഡ്. ഇത് ഒരു മികച്ച പ്രിസര്‍വേറ്റീവാണ്. അതുകൊണ്ട് സൗന്ദര്യ വര്‍ധക വസ്തുകളുടെ ഷെല്‍ഫ് ലൈഫ് വര്‍ധിക്കുന്നതിന് എംബാമിങ് ദ്രാവകമായി ഫോര്‍മാല്‍ഡിഹൈഡ് ഉപയോഗിക്കുന്നുവെന്ന് കാലിഫോണിയ സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നു. ഫെഡറല്‍ ഏജന്‍സി ഫോര്‍മാല്‍ഡിഹൈഡിനെ മനുഷ്യര്‍ക്ക് അര്‍ബുദമുണ്ടാക്കുന്ന ഒന്നായി തരംതിരിച്ചിട്ടുണ്ട്. എന്നാല്‍ ഹെയര്‍ റിലാക്സറുകളില്‍ മാത്രമല്ല, സ്ത്രീകള്‍ ശരീരത്തില്‍ പ്രയോഗിക്കുന്ന സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളിലും ഫോര്‍മാല്‍ഡിഹൈഡ് അടങ്ങിയിട്ടുണ്ടെന്ന് പുതിയ പഠനം തെളിയിക്കുന്നു. ഒരു സ്ത്രീ ദിവസം ശരാശരി 17 ഉല്‍പ്പന്നങ്ങള്‍ വരെ ഉപയോഗിക്കാറുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഫോര്‍മാല്‍ഡിഹൈഡുമായി സമ്പര്‍ക്കപ്പെടുന്നത് ചര്‍മത്തില്‍ ചൊറിച്ചില്‍ തിണര്‍പ്പ് എന്നിവ ഉണ്ടാക്കാം. കൂടാതെ വാതക രൂപത്തിലുള്ള ഇവ ശ്വസിക്കുന്നത് അസ്വസ്ഥത ഉണ്ടാക്കാനും കാരണമാകുന്നു. എന്നാല്‍ ഇവ അടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ പലപ്പോഴും ഫോര്‍മാല്‍ഡിഹൈഡ് എന്ന് രേഖപ്പെടുത്തേണ്ടതില്ല. പകരം 1,3-ഡൈമെത്തിലോള്‍-5,5-ഡൈമെത്തിലൈഡന്റോയിന്‍ എന്നിങ്ങനെ രാസനാമങ്ങളിലാണ് രേഖപ്പെടുത്തുക.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 85.60, പൗണ്ട് - 113.93, യൂറോ - 95.93, സ്വിസ് ഫ്രാങ്ക് - 102.56, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.02, ബഹറിന്‍ ദിനാര്‍ - 227.12, കുവൈത്ത് ദിനാര്‍ -278.56, ഒമാനി റിയാല്‍ - 222.36, സൗദി റിയാല്‍ - 22.82, യു.എ.ഇ ദിര്‍ഹം - 23.32, ഖത്തര്‍ റിയാല്‍ - 23.51, കനേഡിയന്‍ ഡോളര്‍ - 61.37.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right