Trending

പ്രഭാത വാർത്തകൾ

2025  ഏപ്രിൽ 18  വെള്ളി 
1200  മേടം 5  തൃക്കേട്ട 
1446  ശവ്വാൽ 19
      
◾  വഖഫ് ബില്ല് കൊണ്ട് ഒരു ഗുണവും ഇല്ലെന്ന് ഇപ്പോള്‍ മനസ്സിലായെന്ന് കോഴിക്കോട് ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. മുനമ്പത്തെ പ്രശ്നം പരിഹരിക്കുമെന്ന് കരുതിയാണ് വഖഫ് ബില്ലിന് പിന്തുണ നല്‍കിയതെന്നും, പുതിയ സാഹചര്യത്തില്‍ പിന്തുണ പുനഃപരിശോധിക്കാവുന്നതാണെന്നും കോഴിക്കോട് അതിരൂപത അധ്യക്ഷന്‍ പ്രതികരിച്ചു. കോഴിക്കോട് നടത്തിയ മീറ്റ് ദി പ്രസിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

◾  വേതനം സംബന്ധിച്ച് പഠിക്കാന്‍ കമ്മിറ്റിയെ വെച്ചെന്ന് ഹൈക്കോടതിയില്‍ കള്ളസത്യവാങ് മൂലം നല്‍കിയെന്ന ആരോപണവുമായി ആശാ വര്‍ക്കര്‍മാര്‍. സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിച്ചുവെന്നും ആശ വര്‍ക്കര്‍മാര്‍ ആരോപിച്ചു. പൊതുതാല്‍പര്യ ഹര്‍ജിയിലായിരുന്നു സര്‍ക്കാര്‍ നിലപാട് അറിയിച്ചതെന്നും ആശ വര്‍ക്കര്‍മാര്‍ ആരോപിക്കുന്നു.

◾  റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ വെള്ള പുതച്ച് റീത്ത് വച്ച് പ്രതിഷേധിച്ചു. അര്‍ഹതയുള്ളവര്‍ക്കെല്ലാം നിയമനം നല്‍കിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ളത്.

◾  സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍ഗോഡ് നിര്‍വഹിക്കും. കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21 ന് രാവിലെ 10 മണിക്കാണ് ഉദ്ഘാടന ചടങ്ങ് നടക്കുക.

◾  സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ പ്രചാരണ ധൂര്‍ത്തിന് 26 കോടി അനുവദിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എത്ര കോടികള്‍ ചെലവഴിച്ച് ആര്‍ഭാടം വാരി വിതറിയാലും ഭരണപരാജയത്തിന്റെ ദുര്‍ഗന്ധത്തെ മറയ്ക്കാനാവില്ലെന്നാണ് രമേശ് ചെന്നിത്തല ഫേസ്ബുക്കിലെ രൂക്ഷ വിമശനത്തില്‍ വിശദമാക്കുന്നത്. സമ്പൂര്‍ണ്ണമായും സര്‍ക്കാര്‍ ചെലവില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കളമൊരുക്കുകയാണ് ഇടതു മുന്നണിയെന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്.

◾  പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചതിന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. രാഹുല്‍ മാങ്കൂട്ടത്തിലിനെയും കണ്ടാലറിയുന്ന 19 പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.

◾  ഗവര്‍ണര്‍ ആരിഫ് ഖാനെ വഴിയില്‍ തടഞ്ഞ കേസിലെ പ്രതിയായ എസ്എഫ്ഐ നേതാവിന് ശ്രീനാരായണ ഓപണ്‍ സര്‍വകലാശാലയില്‍ സിന്റിക്കേറ്റ് അംഗമായി നിയമനം. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ ആദര്‍ശിനെയാണ് നാല് വര്‍ഷത്തേക്ക് നിയമിച്ചത്.

◾  നടന്‍ ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ചോദ്യം ചെയ്യാനായി നടനെ നോട്ടീസ് നല്‍കി വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. വൈകാതെ നടന് നോട്ടീസ് നല്‍കും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ പൊലീസ് പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതിന്റെ കാരണം തേടും.  ബുധനാഴ്ച രാത്രിയാണ് പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടിയത്.

◾  കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

◾  ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ഇന്നലെ പെസഹ ആചരിച്ചു. വീടുകളിലും ദേവാലയങ്ങളിലും ദേവാലയങ്ങളിലും വൈകിട്ട് പെസഹാ അപ്പം മുറിച്ചു. യേശു 12 ശിഷ്യന്മാരുടെ കാല്‍ കഴുകി അവര്‍ക്കൊപ്പം അത്താഴം കഴിച്ചതിന്റെയും കുര്‍ബാന സ്ഥാപിച്ചതിന്റെയും ഓര്‍മദിനമാണ് പെസഹായായി ആചരിക്കുന്നത്.

◾  കൊല്ലം പൂരത്തിലെ കുടമാറ്റത്തില്‍ ഹെഡ്ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയത് സ്വകാര്യ വ്യക്തികളാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. ക്ഷേത്രോപദേശക സമിതിക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്ക് കൈമാറി. തിങ്കളാഴ്ച ചേരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം വിഷയം ചര്‍ച്ച ചെയ്യും.

◾  വീട്ടില്‍ കഞ്ചാവ് കൃഷി കണ്ടെത്തിയതിനെ തുടര്‍ന്ന് അക്കൗണ്ട് ജനറല്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ പിടിയില്‍. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍ ജിതിനാണ് പിടിയിലായത്. ഗസ്റ്റഡ് റാങ്കിലെ ഓഫീസറാണ് ജിതിന്‍. ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ടെറസിലായിരുന്നു കഞ്ചാവ് കൃഷിയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  താന്‍ ഒറ്റയ്ക്കാണ് കഞ്ചാവ് കൃഷി നടത്തിയതെന്ന് ജിതിന്‍ എക്സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

◾  എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ കേസില്‍ കീഴ്ശാന്തി അറസ്റ്റില്‍. കൊല്ലം സ്വദേശി രാമചന്ദ്രന്‍ പോറ്റിയാണ് അറസ്റ്റിലായത്. വിഗ്രഹത്തില്‍ ചാര്‍ത്തിയ 20 പവനോളം വരുന്ന തിരുവാഭരണമാണ് മോഷണം പോയത്.

◾  ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതികളെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ അനുവദിച്ചു. തിങ്കളാഴ്ച അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. പ്രതികള്‍ക്ക് സ്വര്‍ണക്കടത്ത് പെണ്‍വാണിഭ സിനിമ മേഖലയുമായുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണസംഘം.

◾  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ കത്ത്. വെട്ടിക്കുറച്ച ഹജ് സീറ്റുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. പ്രധാനമന്ത്രി ഈ മാസം 22ന് സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് ഹജ്ജ് സീറ്റുകള്‍ കുറഞ്ഞത് സൗദി രാജാവിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

◾  നെല്ല് സംഭരണത്തിലെ മെല്ലെപ്പോക്കില്‍ സപ്ലൈക്കോക്കെതിരെ സി.പി.എം അനുകൂല സംഘടനയായ കര്‍ഷകസംഘം പാലക്കാട് ജില്ലാ കമ്മറ്റി. സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ സപ്ലൈകോ നെല്ല് സംഭരണം വൈകിപ്പിക്കുന്നുവെന്നും നെല്ല് നല്‍കിയ കര്‍ഷകര്‍ക്ക്  പണം നല്‍കാന്‍ തയാറാവുന്നില്ലെന്നും പരിഹാരം ഉടനെയില്ലെങ്കില്‍ സപ്ലൈകോയിലേക്ക് സമരം നടത്തുമെന്നും സംഘടന പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. കര്‍ഷക സംഘം ജില്ലാ പ്രസിഡന്റും എംഎല്‍എയുമായ കെ.ഡി പ്രസേനന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

◾  ഭാരതപ്പുഴയില്‍ യുവതിയും ബന്ധുവായ വിദ്യാര്‍ഥിയും മുങ്ങിമരിച്ചു. തവനൂര്‍ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (45), ആബിദയുടെ സഹോദരന്റെ മകന്‍ മുഹമ്മദ് ലിയാന്‍ (15) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30-ന് മദിരശ്ശേരി താഴം കടവിലായിരുന്നു അപകടം. കുളിക്കുന്നതിനിടെ മുഹമ്മദ് ലിയാന്‍ മുങ്ങിത്താഴുന്നത് കണ്ട് പുഴയോരത്ത് നിന്നിരുന്ന ആബിദ രക്ഷിക്കാനായി പുഴയിലേക്ക് ചാടുകയായിരുന്നു. എന്നാല്‍, ഇരുവരും പുഴയില്‍ മുങ്ങിത്താഴുകയായിരുന്നു.  

◾  കോട്ടയം അയര്‍ക്കുന്നത്ത് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. ഭര്‍ത്താവ് ജിമ്മിയുടെ വീട്ടില്‍ ജിസ്മോള്‍ അനുഭവിച്ചത് ക്രൂരമായ മാനസിക പീഡനമായിരുന്നുവെന്നും ജിമ്മിയുടെ അമ്മയും മൂത്ത സഹോദരിയും നിരന്തരം ജിസ്‌മോളെ മാനസികമായി ഉപദ്രവിക്കുമായിരുന്നുവെന്നും ആരോപണമുയര്‍ത്തിയ കുടുംബം മരണത്തിലെ ദുരൂഹത അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പരാതി നല്‍കും.

◾  നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെ കുറ്റപത്രം സമര്‍പ്പിച്ച ഇഡി നടപടിക്കെതിരെ പ്രതിഷേധിക്കാരൊരുങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ര പി സി സി പ്രസിഡന്റടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇ ഡി ഓഫീസ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. പി സി സി ഓഫീസില്‍ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു പൊലീസ് നടപടി. എല്ലാവരെയും ദാദര്‍ സ്റ്റേഷനിലേക്ക് കൊണ്ടു പോയ ശേഷം വിട്ടയച്ചു.

◾  വഖഫ് നിയമഭേദഗതിയിലെ നിയമ പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെ അഭിനന്ദിച്ച് സുപ്രീം കോടതിയില്‍ മുസ്ലിംലീഗിന് വേണ്ടി ഹാജരായ കപില്‍ സിബല്‍. വഖഫിന്റെ മാത്രം പ്രശ്നമായിട്ടല്ല, രാജ്യത്തിന്റെ ബഹുസ്വരതയെയും സംസ്‌കാരത്തെയും ഭരണഘടനയെയും ബാധിക്കുന്ന വിഷയമായിട്ടാണ് മുസ്ലിംലീഗ് കേസിനെ കണ്ടതെന്നും ഭരണഘടനയും രാജ്യത്തിന്റെ മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും വിഷയത്തില്‍ മുസ്ലിംലീഗിനെയും ഹാരിസ് ബീരാനെയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും കപില്‍ സിബല്‍ പറഞ്ഞു.

◾  തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി ദില്ലിക്ക് പോയി. ആഭ്യന്തര മന്ത്രാലയം വിളിപ്പിച്ചതാണോ എന്ന് വ്യക്തമല്ല.  അമിത് ഷായെ രവി കാണുമെന്നാണ് സൂചന. ബില്ലുകള്‍ തടഞ്ഞു വച്ചതിനെതിരായ സുപ്രീം കോടതി ഉത്തരവിനെതിരെ നിയമ പോരാട്ടം നടത്തുന്നതില്‍ കൂടിയാലോചനകള്‍ നടത്തുമെന്നും അഭ്യൂഹമുണ്ട്. കോടതി ഉത്തരവിനെ കുറിച്ച് ഗവര്‍ണര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

◾  രാഷ്ട്രപതിയെ നിയന്ത്രിക്കാനും സമയപരിധി നിശ്ചയിക്കാനും ജുഡീഷ്യറിക്ക് അധികാരമില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. കോടതികള്‍ രാഷ്ട്രപതിയെ നയിക്കുന്ന ഒരു സാഹചര്യം ജനാധിപത്യത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ധന്‍കര്‍ പ്രസ്താവിച്ചു. നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളിന്മേല്‍ നടപടിയെടുക്കുന്നതില്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് പ്രതികരണം.

◾  ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനുമായ റോബര്‍ട്ട് വദ്രയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും റോബര്‍ട്ട് വദ്ര ഇഡിയുടെ മുമ്പിലെത്തി. ചോദിച്ച കാര്യങ്ങള്‍ തന്നെയാണ് ഇഡി ചോദിച്ചുകൊണ്ടിരിക്കുന്നതെന്നും നാളെ ബിജെപിയില്‍ ചേര്‍ന്നാല്‍ തീരാവുന്ന കേസേ ഉള്ളൂ എന്നും റോബര്‍ട്ട് വദ്ര പരിഹസിച്ചു.

◾  ഒഡീഷയില്‍ ഓസ്‌ട്രേലിയന്‍ സുവിശേഷകനായ ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ജീവനോടെ കത്തിച്ച് കൊന്ന കേസില്‍ ശിക്ഷായിളവ് ലഭിച്ച പ്രതികളിലൊരാളായ മഹേന്ദ്ര ഹെംബ്രാം ജയില്‍മോചിതനായി. 25 വര്‍ഷമായി ജയിലില്‍ കഴിയുന്ന മഹേന്ദ്ര ഹെംബ്രാമിന് നല്ലനടപ്പ് പരിഗണിച്ചാണ് ഒഡീഷ സര്‍ക്കാര്‍ ശിക്ഷായിളവ് നല്‍കിയത്.

◾  മുര്‍ഷിദാബാദ് സംഘര്‍ഷത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കല്‍ക്കട്ട ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പതിനായിരത്തോളം പേര്‍ മുര്‍ഷിദാബാദില്‍ സംഘടിച്ചെന്നും ദേശീയപാത അടക്കം തടഞ്ഞാണ് ആക്രമണം നടത്തിയതെന്നും ബംഗാള്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിലുണ്ട്. അക്രമകാരികള്‍ പൊലീസിന് നേരെ കല്ലേറ് നടത്തുകയും പൊലീസുകാരുടെ തോക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പ്രദേശത്തെ വീടുകള്‍, ആരാധനാലയങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നേരെയും ആക്രമണം നടത്തിയെന്നും ബംഗാള്‍ സര്‍ക്കാര്‍ കല്‍ക്കട്ട ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിവരിച്ചിട്ടുണ്ട്.

◾  പാകിസ്ഥാന്റെ കഴുത്തിലെ സിരയാണ് കശ്മീര്‍ എന്ന പാക് സൈനിക മേധാവിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പാക് സൈനിക മേധാവിയുടെ പ്രസ്താവന തള്ളിയ ഇന്ത്യ, നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശം ഒഴിയുക എന്നതാണ് കശ്മീരുമായുള്ള പാകിസ്ഥാന്റെ ഏക ബന്ധമെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

◾  അമേരിക്കന്‍ പ്രസിഡന്റിന്റെ പുതിയ താരിഫ് നടപടികള്‍ ഫെഡറല്‍ റിസര്‍വിനെ പ്രതിസന്ധിയിലെത്തിച്ചെന്ന് കുറ്റപ്പെടുത്തിയ ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോം പവലിനെ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി ഡോണള്‍ഡ് ട്രംപ്. പലിശ നിരക്ക് വേഗത്തില്‍ കുറയ്ക്കാത്തതാണ് പ്രശ്നമെന്ന് അഭിപ്രായപ്പെട്ട ട്രംപ്, പലിശ നിരക്ക് വേഗത്തില്‍ കുറച്ചില്ലെങ്കില്‍ പിരിച്ചുവിടാന്‍ മടിക്കില്ലെന്ന മുന്നറിയിപ്പും നല്‍കി. എപ്പോഴും വളരെ വൈകിയും തെറ്റായുമാണ് ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോം പവല്‍ തീരുമാനമെടുക്കുന്നതെന്നും ട്രംപ് വിമര്‍ശിച്ചു.

◾  സന്തതിപരമ്പര സൃഷ്ടിക്കാന്‍ കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അമ്മമാരെ റിക്രൂട്ട് ചെയ്യുന്നതിന് തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്സിനെ  ഉപയോഗിക്കുന്നുണ്ടെന്നും തന്റെ കുട്ടികളെ വാടക ഗര്‍ഭത്തിലൂടെ പ്രസവിക്കുന്നവര്‍ക്ക് സാമ്പത്തികമായ സഹായമായി വലിയ തുകയാണ് മസ്‌ക് നല്‍കുന്നതതെന്നും കര്‍ശനമായ രഹസ്യ കരാറുകളിലൂടെയാണ് വാടക അമ്മമാരെ വരുതിയിലാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

◾  ദക്ഷിണാഫ്രിക്കയിലെ പോച്ചഫ്‌സ്ട്രൂമില്‍ ചൊവ്വാഴ്ച നടന്ന ഇന്‍വിറ്റേഷണല്‍ മത്സരത്തില്‍ സ്വര്‍ണം നേടി ഇന്ത്യന്‍ ജാവലിന്‍ താരം നീരജ് ചോപ്ര.  84.52 മീറ്റര്‍ എറിഞ്ഞാണ് താരം സ്വര്‍ണം നേടിയത്.

◾  ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നാലു വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 36 റണ്‍സും ഹൈദരാബാദിന്റെ രണ്ട് വിക്കറ്റും സ്വന്തമാക്കിയ മുംബൈയുടെ വില്‍ ജാക്സാണ് കളിയിലെ താരം.

◾  സേവിംഗ്‌സ്, ഡെപ്പോസിറ്റ് നിരക്കുകളില്‍ കുറവ് പ്രഖ്യാപിച്ച് ഫെഡറല്‍ ബാങ്ക്. സേവിംഗ്‌സ് നിരക്കുകളില്‍ 25 ബേസിസ് പോയിന്റാണ് കുറവ് വരുത്തിയത്. 50 ലക്ഷം രൂപ വരെയുള്ള സേവിംഗ്സിന് 3 ശതമാനത്തില്‍ നിന്ന് 2.75 ശതമാനമാക്കിയാണ് പുതുക്കിയ നിരക്കുകള്‍ പരിഷ്‌കരിച്ചിരിക്കുന്നത്. 50 കോടി രൂപ വരെയുള്ള സേവിംഗ്സിന് പുതുക്കിയ നിരക്കുകള്‍ 5.25 ശതമാനമാണ്. ഒന്നിലധികം ബക്കറ്റുകള്‍ക്കും നിരക്കുകളില്‍ കുറവ് വരുത്തിയിട്ടുണ്ട്. 3 കോടി രൂപയില്‍ താഴെയുള്ള നിക്ഷേപ നിരക്കുകള്‍ക്ക് കാലാവധി പരിഷ്‌കരിച്ചിട്ടുണ്ട്. 1 വര്‍ഷം മുതല്‍ 443 ദിവസം വരെയുള്ള കാലയളവിലേക്ക് പുതുക്കിയ നിരക്കുകള്‍ 7 ശതമാനമാണ്.

◾  മോഹന്‍ലാല്‍ - പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ 'എംപുരാന്‍' ഒടിടി വരവിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകര്‍. വിവാദത്തിന് ശേഷം റീ എഡിറ്റ് ചെയ്ത് തിയറ്ററുകളില്‍ എത്തിയ എംപുരാന്‍ തന്നെയായിരിക്കും ഒടിടി പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശനത്തിന് എത്തുകയെന്ന് ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹന്‍ പറഞ്ഞിരുന്നു. സെന്‍സര്‍ ബോര്‍ഡ് ഏറ്റവുമൊടുവില്‍ അംഗീകരിച്ച പതിപ്പായിരിക്കും എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഇനിയുണ്ടാവുക. ജിയോ ഹോട്ട്സ്റ്റാറിലൂടെ ആയായിരിക്കും ചിത്രം സ്ട്രീം ചെയ്യുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒടിടി അവകാശത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.  എംപുരാന്റെ ആദ്യ ഭാഗമായ ലൂസിഫര്‍ ആമസോണ്‍ പ്രൈം വിഡിയോയില്‍ ആയിരുന്നു റിലീസ് ചെയ്തത്. പൃഥ്വിരാജ്, മോഹന്‍ലാല്‍ എന്നിവരെക്കൂടാതെ ടൊവിനോ, മഞ്ജു വാര്യര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

◾  ഉണ്ണി മുകുന്ദന്‍ നായകനായി വന്ന ചിത്രം ആണ് 'ഗെറ്റ് സെറ്റ് ബേബി'. മനോഹരമായ ഒരു കുഞ്ഞ് മലയാള ചിത്രം എന്നാണ് അഭിപ്രായങ്ങള്‍. ഗെറ്റ് സെറ്റ് ബേബി സിനിമ ഇനി ഒടിടിയിലേക്ക് എത്തുകയാണ്. മനോരമമാക്സിലൂടെ ഉണ്ണി മുകുന്ദന്‍ ചിത്രം ഒടിടിയിലേക്ക് വൈകാതെ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉണ്ണി മുകുന്ദന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്തിരിക്കുന്ന ഗെറ്റ് സെറ്റ് ബേബിയില്‍ ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ശ്യാം മോഹന്‍, ദിലീപ് മേനോന്‍, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകര്‍, ഭഗത് മാനുവല്‍, മീര വാസുദേവ്, വര്‍ഷ രമേഷ്, ജുവല്‍ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ഉണ്ട്. ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം രാജേഷ് വൈ വി,അനൂപ് രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നെഴുതുന്നു. വിനായക് ശശികുമാര്‍, മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് സാം സി എസ് സംഗീതം പകരുന്നു.

◾  ചെക്ക് വാഹന ബ്രാന്‍ഡായ സ്‌കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ പുതിയ തലമുറ കൊഡിയാക്ക് 4ഃ4 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ ഫ്ലാഗ്ഷിപ്പ് എസ്യുവിയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില 46.89 ലക്ഷം രൂപയാണ്. സ്‌പോര്‍ട്‌ലൈന്‍ വേരിയന്റിന്റെ എക്‌സ്-ഷോറൂം വില 46.89 ലക്ഷം രൂപയും എല്‍ ആന്‍ഡ് കെ വേരിയന്റിന്റെ എക്‌സ്-ഷോറൂം വില 48.69 ലക്ഷം രൂപയുമാണ്. ഈ എസ്യുവിക്ക് 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ലഭിക്കുന്നു, ഇത് 201 ബിഎച്പി പവറും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ 7-സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്സും 4ഃ4 ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായി ഘടിപ്പിച്ചിരിക്കുന്നു. ഇക്കാരണത്താല്‍, ഈ എസ്യുവി നഗര റോഡുകളിലും പരുക്കന്‍ റോഡുകളിലും മികച്ച പ്രകടനം നല്‍കുന്നു. ലിറ്ററിന് 14.86 കിലോമീറ്ററാണ് മൈലേജ്. ലോഞ്ചിനൊപ്പം, കമ്പനി പുതിയ കോഡിയാക്കിന്റെ പ്രീ-ബുക്കിംഗും ആരംഭിച്ചു.

◾  പോര്‍ച്ചുഗലിലെ ലിസ്ബണിലൂടെ ഒഴുകുന്ന തേജോയും കര്‍ണാടകയിലെ വിജയനഗരത്തിലൂടെ ഒഴുകുന്ന തുംഗഭദ്രയും ചരിത്രാതീതകാലം മുതല്‍ക്കുള്ള മനുഷ്യരുടെ അനുഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നദികളാണ്. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നടന്ന ചില സംഭവങ്ങള്‍ ആ കാലഘട്ടത്തിലെ ജനങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. സ്പെയിനില്‍ വംശീയ പീഡനത്തിരയായ ജൂതരുടെ പോര്‍ച്ചുഗലിലേക്കുള്ള പലായനം. വാസ്‌കോ ദ ഗാമ കോഴിക്കോടെത്തുന്നത്. വിജയനഗര സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി ശ്രീകൃഷ്ണദേവരായരുടെ കിരീടാഭിഷേകം. ഗോവ പോര്‍ച്ചുഗീസുകാരുടെ അധീനത്തിലാവുന്നത്. കേവലം മുപ്പത്തിയാറു വര്‍ഷങ്ങളിലായി (1492-1528) ചുരുളഴിയുന്ന ചരിത്രസംഭവങ്ങളുടെ പാശ്ചാത്തലത്തില്‍ നടക്കുന്ന സാധാരണ മനുഷ്യരുടെ കാല്പനിക കഥകളാണ് ഈ നോവലിന്റെ ഇതിവൃത്തം. 'തേജോ തുംഗഭദ്ര'. വസുധേന്ദ്ര. ഡിസി ബുക്സ്. വില 450 രൂപ.

◾  വ്യായാമം ആര്‍ത്തവ ഘട്ടങ്ങളുമായി യോജിപ്പിക്കുന്നത് പ്രകടനം മെച്ചപ്പെടുത്താനും പരിക്കുകളുടെ സാധ്യത കുറയ്ക്കാനും മാനസികാരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുമെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. സ്ത്രീകള്‍ക്ക് അവരുടെ ശരീരവുമായി പൊരുത്തപ്പെടാനും ഫിറ്റ്നസ് കൂടുതല്‍ രസകരമാക്കാനും സൈക്കിള്‍ സിങ്കിങ് വര്‍ക്ക്ഔട്ടുകള്‍ സഹായിക്കും. ആര്‍ത്തവം, ഫോളിക്കുലാര്‍, ഓവുലേഷന്‍, ല്യൂട്ടല്‍ എന്നിങ്ങനെ നാല് ഘട്ടങ്ങളാണ് ഉള്ളത്. ഓരോ ഘട്ടങ്ങളിലും വ്യത്യസ്ത ഹോര്‍മോണുകളാണ് ഉയര്‍ന്നു നില്‍ക്കുന്നത്. ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകനുസരിച്ച് വര്‍ക്ക്ഔട്ട് ക്രമീകരിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക മാറ്റങ്ങള്‍ക്കനുസരിച്ച് പ്രതിരോധിക്കാന്‍ സഹായിക്കും. ആര്‍ത്തവ ഘട്ടത്തില്‍ (ദിവസം 1-5) ആര്‍ത്തവ ഘട്ടത്തില്‍ ഈസ്ട്രജനും പ്രൊജസ്ട്രോണും ഏറ്റവും താഴ്ന്ന നിലയിലായിരിക്കും. മൃദുവായ ചലനങ്ങളാണ് ഈ ഘട്ടത്തില്‍ വേണ്ടത്. നടത്തം, യോഗ പോലുള്ള വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. ഫോളികുലാര്‍ ഘട്ടം (ദിവസം 6-14) ഈ ഘട്ടത്തില്‍ ഈസ്ട്രജന്‍ ഉയരുന്നു, മാനസികാവസ്ഥ മെച്ചപ്പെടും. ശക്തി പരിശീലനം, നൃത്ത ക്ലാസുകള്‍ അല്ലെങ്കില്‍ പുതിയ വ്യായാമം പരീക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണിത്. ഓവുലേഷന്‍ (ദിവസം 14-16) ഈ ഘട്ടത്തില്‍ തീവ്രമായ കാര്‍ഡിയോ, ഭാരോദ്വഹനം പോലുള്ള വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. ടെസ്റ്റോസ്റ്റിറോണ്‍ ഈ ഘട്ടത്തില്‍ ഉയര്‍ന്നു നില്‍ക്കും. ലുട്ടെല്‍ ഘട്ടം (ദിവസം 17-28) ഈ ഘട്ടത്തില്‍ പ്രൊജസ്ട്രോണ്‍ സജീവമാകാന്‍ തുടങ്ങുന്നു. ഊര്‍ജ്ജനില കുറയുന്നു. പൈലേറ്റ്സ് അല്ലെങ്കില്‍ ലോ-ഇംപാക്ട് സ്ട്രെങ്ത് പരിശീലനം പോലുള്ള സാവധാനത്തിലുള്ള വ്യായാമങ്ങള്‍ ബേണ്‍ഔട്ട് തടയാനും ആര്‍ത്തവത്തിന് മുന്‍പുള്ള ലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായിക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാളുടെ അമൂല്യവസ്തുക്കളുടെ ശേഖരത്തില്‍ ഒരു വെളളിപാത്രവും ഉണ്ടായിരുന്നു. ഏറ്റവും അനുയോജ്യനായ വ്യക്തിയ്ക്ക് ആ പാത്രത്തില്‍ ഭക്ഷണം നല്‍കണം എന്ന് അയാള്‍ തീരുമാനിച്ചു. ഒരിക്കല്‍ അദ്ദേഹത്തിന്റെ ഗുരു ആ വീട്ടിലെത്തി. വെള്ളിപാത്രത്തില്‍ ഭക്ഷണം വിളമ്പാന്‍ ആലോചിച്ചെങ്കിലും കുറച്ചുകൂടി വിശിഷ്ടവ്യക്തിയെത്തട്ടെ എന്ന് കരുതി ആ തീരുമാനം മാറ്റി. പിന്നീടൊരിക്കല്‍ അയാളുടെ വീട്ടില്‍ മന്ത്രി എത്തി. മന്ത്രിക്ക് അതില്‍ ഭക്ഷണം നല്‍കാമെന്ന് കരുതിയെങ്കിലും രാജാവ് വരട്ടെ അപ്പോള്‍ കൊടുക്കാം എന്ന തീരുമാനത്തില്‍ പാത്രം തിരികെ വെച്ചു. അങ്ങനെയിരിക്കെ ഒരിക്കല്‍ രാജാവ് അയാളുടെ വീട്ടിലെത്തി. ഒരു യുദ്ധത്തില്‍ തോറ്റിട്ടാണ് രാജാവ് അവിടെയെത്തിയത്. ഭക്ഷണം നല്‍കാന്‍ ആ പാത്രം എടുത്തെങ്കിലും തോറ്റ രാജാവിന് അതില്‍ ഭക്ഷണം നല്‍കേണ്ട എന്ന തീരുമാനത്തില്‍ വീണ്ടും പാത്രം യഥാസ്ഥാനത്ത് വെച്ചു. കാലങ്ങള്‍ കടന്നുപോയി. ആ പാത്രം ഒരിക്കലും ഉപയോഗിക്കപ്പെടാതെ അയാള്‍ മരിച്ചു. മരണശേഷം അയാളുടെ മകന് അലമാരയില്‍ നിന്ന് ആ പാത്രം ലഭിച്ചു. നിറം മങ്ങി ഉപയോഗശൂന്യമായ ആ പാത്രമെടുത്ത് അയാള്‍ തന്റെ നായകള്‍ക്ക് തീറ്റ കൊടുക്കാന്‍ തുടങ്ങി.  എല്ലാം നിലവറകളില്‍ സൂക്ഷിക്കേണ്ടവയാണെന്ന ധാരണ വെച്ചുപുലര്‍ത്തുന്നവര്‍ സ്വന്തം വളര്‍ച്ചപോലും നിഷേധിക്കും. നിലവിലുള്ള നല്ല അവസരങ്ങളെല്ലാം കാണാത്തവര്‍ മെച്ചപ്പെട്ട അവസരങ്ങള്‍ക്കായി കാത്തിരുന്ന് അന്ധരായവരാണ്. അവര്‍ക്കൊരിക്കലും ആനന്ദിക്കാനോ ആഹ്ലാദിക്കാനോ കഴിയില്ല. ഓരോ കാരണമെത്തുമ്പോഴും കൂടുതല്‍ വലുത് പ്രതീക്ഷിക്കും. സ്വന്തമായി സമ്പാദിച്ചവയും സ്വന്തം അലമാരകളില്‍ ഉള്ളവയുമാണെങ്കിലും അത് സ്വയം അനുഭവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതുകൊണ്ട് എന്താണ് നേട്ടം? നമ്മുടെ ജീവിതത്തിലെ ഏറ്റവും വിശിഷ്ടനായ വ്യക്തി നാം തന്നെയാണ്.. വിശിഷ്ടമായ സമയം ഇന്നാണ്.. നാം ജീവിച്ചിരിക്കുന്ന ഈ നിമിഷം.. അത് അതിന്റെ ഏറ്റവും മനോഹാരിതയില്‍ ആസ്വദിക്കാന്‍ നമുക്ക് സാധിക്കട്ടെ.  - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right