കോഴിക്കോട് : എളേറ്റിൽ എം.ജെ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിനെ മർദിച്ചവരെ അറിയാമെന്ന് സുഹൃത്തുകൾ. താമരശ്ശേരി സ്കൂളിലെ കുട്ടികളാണ് മർദിച്ചത്. ഷഹബാസിനെ മർദിക്കുമെന്ന് ഇവർ നേരത്തെ പറഞ്ഞിരുന്നു. രണ്ടു ദിവസം മുമ്പ് ഷഹബാസിന്റെ ചങ്ങാതിയെ മർദിച്ചിരുന്നതായും സുഹൃത്തുക്കൾ വെളിപ്പെടുത്തി.
ട്യൂഷൻ സെന്‍ററിൽ യാത്രയയപ്പ് പരിപാടിക്കിടെ നടന്ന നൃത്തവുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. പിന്നാലെയാണ് ഭീഷണിയുണ്ടാകുന്നത്. ഷഹബാസ് നന്നായി പഠിക്കുന്ന കുട്ടി ആയിരുന്നു. എന്നാൽ, ഷഹബാസിനെ വീട്ടിൽ നിന്നു കൂട്ടിക്കൊണ്ടുപോയവരെ അറിയില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞു. പ്രതിചേർത്ത വിദ്യാർഥികളും പഠിക്കാൻ മിടുക്കരാണെന്ന് ട്യൂഷൻ ക്ലാസ് പ്രിൻസിപ്പൽ പറഞ്ഞു.
അതേ സമയം വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ് മരിച്ച മുഹമ്മദ് ഷഹബാസിന്റെ തലയോട്ടി തകർന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വലതു ചെവിയുടെ മുകളിലായി തലയോട്ടി തകർന്നു.നഞ്ചക് കൊണ്ടുള്ള അടിയിൽ പരുക്കേറ്റതാവാമെന്നാണ് നിഗമനം. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Tags:
THAMARASSERY