Trending

സായാഹ്ന വാർത്തകൾ.

◾ അമേരിക്കന്‍ പ്രസിഡന്റായുള്ള ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാംവരവ് ഭയാനകമാണെന്ന് ഹോളിവുഡ് സംവിധായകനും ടൈറ്റാനിക്, അവതാര്‍ തുടങ്ങിയ ക്ലാസിക്കുകള്‍ക്ക് പേരുകേട്ട ചലച്ചിത്ര നിര്‍മ്മാതാവുമായ ജെയിംസ് കാമറൂണ്‍. മാന്യമായ എല്ലാ കാര്യങ്ങളില്‍നിന്നുമുള്ള തിരിച്ചുപോക്കാണ് ട്രംപിന്റെ വരവോടെ സംഭവിച്ചിട്ടുള്ളതെന്നും താന്‍ ന്യൂസിലാന്റിലേക്ക് താമസം മാറുകയാണെന്നും ജെയിംസ് കാമറൂണ്‍ വ്യക്തമാക്കി.

◾ സെക്രട്ടറിയേറ്റ് കെട്ടിടം പുതുക്കിപ്പണിയാന്‍ പദ്ധതിയുമായി പിണറായി സര്‍ക്കാര്‍. അടിയന്തരമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും രണ്ടാം നമ്പര്‍ അനക്സ് കെട്ടിടത്തിന്റെ വിപുലീകരണം വേഗത്തിലാക്കാനും ഉദ്യോഗസ്ഥ തല യോഗത്തില്‍ തീരുമാനമായി. സെക്രട്ടേറിയറ്റ് വളപ്പിനകത്തെ നായശല്യത്തിന് പരിഹാരം അടക്കം നിവരധി നിര്‍ദ്ദേശങ്ങളാണ് അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന യോഗം പരിഗണിച്ചത്.

◾ സമൂഹത്തില്‍ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് സിനിമയ്ക്കും പങ്കുണ്ടാകാമെന്നും എന്നാല്‍ എല്ലാം ഉത്ഭവിച്ചത് സിനിമയില്‍ നിന്നാണ് എന്ന് പറയരുതെന്നും കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ സമൂഹം ഒന്നായി രംഗത്ത് ഇറങ്ങണമെന്നും സുരേഷ് ഗോപി പറഞ്ഞു.

◾ താമരശ്ശേരിയിലെ വിദ്യാര്‍ത്ഥി ഷഹബാസിന്റെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. നഞ്ചക്ക് കൊണ്ടുള്ള ആക്രമണത്തിലാണ് ഷഹബാസിന് പരിക്കേറ്റതെന്ന് പോലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളുടേയും ദൃക്സാക്ഷികളുടെ മൊഴിയുടേയും അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലേക്ക് പൊലീസെത്തിയത്. ഷഹബാസിനെ ആക്രമിച്ച അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

◾ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ കൊന്നത് കൃത്യമായ ഗൂഢാലോചന നടത്തിയ ശേഷമെന്ന് തെളിവുകള്‍. പൊലീസ് കസ്റ്റഡിയിലെടുത്ത 5 വിദ്യാര്‍ഥികളില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മകനുമുണ്ട്. വിദ്യാര്‍ഥികളെന്നതിനപ്പുറം കൃത്യമായ ക്രിമിനല്‍ മനസ്സോടെയാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നും പുറത്തുവന്ന തെളിവുകളില്‍നിന്ന് വ്യക്തമാകുന്നു.

◾ കോഴിക്കോട് താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിന്റെ മരണത്തില്‍ കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികളെയും എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ അനുവദിക്കും. അഞ്ച് വിദ്യാര്‍ത്ഥികളെയും വെള്ളിമാടുകുന്നിലെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റും. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം മോഡല്‍ പരീക്ഷയില്‍ മികച്ച മാര്‍ക്ക് വാങ്ങി നാളെ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ കാത്തിരിക്കുമ്പോഴാണ് ഷഹബാസിനെ മരണം തട്ടിയെടുത്തത്.

◾ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെ പേര് പറയാതെ പരാമര്‍ശം നടത്തി മുഖ്യമന്ത്രി. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് വികസനത്തില്‍ വലിയ പങ്ക് വഹിച്ച ഉദ്യോഗസ്ഥന്റെ മികവ് ഈ ഘട്ടത്തില്‍ ഓര്‍ക്കുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. പക്ഷേ, വ്യക്തിപരമായ ദൗര്‍ബല്യത്തിന്റെ പേരില്‍ അദ്ദേഹം വലിയ വേട്ടയാടല്‍ നേരിടേണ്ടിവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഡിവൈഎഫ്ഐയുടെ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

◾ ആശാ വര്‍ക്കര്‍മാരുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ആശാ വര്‍ക്കര്‍മാരുടെ സമരത്തെ ആരും താഴ്ത്തിക്കേട്ടേണ്ടെന്നും  ആശാ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ പിരിച്ചു വിടാന്‍ സര്‍ക്കാര്‍ നടപടി എടുത്താല്‍ കേന്ദ്ര ഫണ്ട് തടയുമെന്നും ആശ വര്‍ക്കര്‍മാരോട് സുരേഷ് ഗോപി പറഞ്ഞു.

◾ കേരളത്തിലെ ലഹരി മാഫിയയെ കണ്ടെത്താന്‍ കേന്ദ്ര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് ബിജെപി മധ്യമേഖല അധ്യക്ഷന്‍ എന്‍ ഹരി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ലഹരി മാഫിയയുടെ സ്രോതസ് കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്നും, കേരളം ലഹരി മാഫിയയുടെ പിടിയിലാകുകയാണെന്നും ഇടപെടല്‍ വേണമെന്നുമാണ് കത്തിലെ ആവശ്യം.

◾ യു. പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവ് പ്രതിയായ കഞ്ചാവ് കേസില്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളില്‍ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോര്‍ട്ട്. എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഭ എംഎല്‍എ നല്‍കിയ പരാതിയിലാണ് അസി.എക്സൈസ് കമ്മീഷണര്‍ എസ് അശോക് കുമാര്‍ സംസ്ഥാന എക്സൈസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

◾ കണ്ണൂര്‍ ആറളം ഫാമില്‍ വീണ്ടും കാട്ടാന ആക്രമണം. സ്‌കൂട്ടറില്‍ ജോലിക്ക് പോകുന്നതിനിടെ ഷിജു, ഭാര്യ അമ്പിളി എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്‌കൂട്ടര്‍ കാട്ടാന തകര്‍ത്തു. ഇരുവരെയും പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിമൂന്നാം ബ്ലോക്കില്‍ രാവിലെയാണ് സംഭവം.

◾ ഓട്ടോറിക്ഷയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ സൗജന്യ യാത്ര എന്ന സ്റ്റിക്കര്‍ പതിപ്പിക്കണമെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി ഇന്ന് മുതല്‍ നിലവില്‍ വന്നു. അതേസമയം മീറ്റര്‍ ഇട്ട് തന്നെയാണ് ഓട്ടോ ഓടിക്കുന്നത് എന്നും ഇത്തരത്തില്‍ അടിച്ചേല്‍പ്പിക്കുന്ന നടപടികള്‍ അംഗീകരിക്കില്ലെന്നുമാണ് കൊച്ചിയിലെ ഓട്ടോക്കാരുടെ നിലപാട്.

◾ ചുങ്കത്തറ പഞ്ചായത്തില്‍ കൂറുമാറിയ പഞ്ചായത്തംഗം നുസൈബ സുധീറിന്റെ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തി കട അടിച്ച് തകര്‍ത്ത സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്തു. സി.പി.എം എടക്കര ഏരിയാ സെക്രട്ടറി ടി രവീന്ദ്രനടക്കം അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്. സുധീര്‍ പുന്നപ്പാലയുടെ പരാതിയില്‍ എടക്കര പൊലീസാണ് കേസെടുത്തത്.

◾ കുടുംബത്തിന് 65 ലക്ഷം കടബാധ്യയുള്ള വിവരം തനിക്കറിയില്ലായിരുന്നുവെന്ന് തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ട കൊലക്കേസ് പ്രതി അഫാന്റെ അച്ഛന്‍ റഹിം പൊലീസിന് മൊഴി നല്‍കി. ബാങ്ക് ലോണും ഒരു ബന്ധുവിന്റെ കൈയില്‍ നിന്നും വാങ്ങിയ വായ്പയും ഉള്‍പ്പെടെ 15 ലക്ഷം രൂപ നാട്ടില്‍ ബാധ്യതയുണ്ടെന്ന വിവരം തനിക്കറിയാമായിരുന്നുവെന്നും അഫാന് അടുപ്പമുള്ള പെണ്‍കുട്ടിയുടെ   മാല പണയത്തില്‍ നിന്നും എടുത്ത് നല്‍കാന്‍ 60,000 രൂപ ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലേക്കയച്ചതായും റഹിം പറഞ്ഞു.

◾ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ മകന്‍ അഫാനെതിരെ മൊഴി നല്‍കാതെ അമ്മ ഷെമീന. കട്ടിലില്‍ നിന്ന് വീണാണ് തനിക്ക് പരിക്ക് പറ്റിയതെന്നാണ് മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ അമ്മ ആവര്‍ത്തിച്ചത്. 45 മിനിറ്റാണ് ആശുപത്രിയില്‍ വെച്ച് മൊഴി രേഖപ്പെടുത്തിയത്. അതേസമയം, കൂട്ടക്കൊലയിലേക്ക് നയിച്ചത് കട ബാധ്യതയാണെന്ന നിഗമനത്തിലേക്ക് എത്തുന്ന കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്.

◾ വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വര്‍ധിപ്പിച്ചു. 19 കിലോ ഗ്രാം സിലിണ്ടറിന് കൊച്ചിയില്‍ 6 രൂപയാണ് കൂടിയത്. കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് വില 1812 രൂപയായി. ഫെബ്രുവരി ഒന്നിന് കൊച്ചിയില്‍ വാണിജ്യ സിലിണ്ടര്‍ വില 1806 രൂപ ആയിരുന്നു. എന്നാല്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല.

◾ പിഞ്ചുകുഞ്ഞിനെ സ്‌കൂട്ടറിന്റ പുറകില്‍ നിര്‍ത്തി അപകടയാത്ര നടത്തിയ യുവാവിനെതിരെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ നടപടിയെടുത്തു. 26ന്  ചേര്‍ത്തല പതിനൊന്നാം മൈല്‍-ഭജനമഠം റോഡിലായിരുന്നു കുഞ്ഞുമായി അഭ്യാസ യാത്ര നടത്തിയത്. പിഞ്ചുകുഞ്ഞ് ഓടിക്കുന്ന ആളിന്റെ കഴുത്തില്‍ മാത്രമായിരുന്നു പിടിച്ചിരുന്നത്. പുറകെ പോയ യാത്രക്കാരനായ മുട്ടത്തി പറമ്പ് സ്വദേശിയായ ജോമോന്‍ ജോണ്‍ വീഡിയോ ചിത്രീകരിച്ച് മോട്ടോര്‍ വെഹിക്കള്‍ ആപ്പില്‍ ഓണ്‍ ലൈന്‍ പരാതി നല്‍കി. ഓടിച്ചയാളുടെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുന്ന നടപടി സ്വീകരിക്കുമെന്ന് ആര്‍ടിഒ പറഞ്ഞു.

◾ അമ്പലപ്പുഴ കെഎസ്ഇബി ഓഫീസിന് സമീപം തീപിടുത്തം. കെഎസ്ഇബി യുടെ കേബിള്‍ കത്തി നശിച്ചു. കെഎസ്ഇബിയുടെ തെക്കുഭാഗത്തെ മൈതാനത്ത് തടിയില്‍ നിര്‍മിച്ച 2 ഡ്രമ്മുകളിലായാണ് ലൈന്‍ വലിക്കാനായി ഉപയോഗിക്കുന്ന എബിസി കേബിള്‍ സൂക്ഷിച്ചിരുന്നത്. കുറ്റിക്കാടിന് തീപിടിച്ചപ്പോള്‍ കേബിളിലേക്കും തീ പടരുകയായിരുന്നു.

◾ ഗുരുവായൂരിലെ പടിഞ്ഞാറെ നടയിലുള്ള ഹോട്ടല്‍ പരിസരത്തുനിന്നും മാനസികരോഗിയായ യുവാവിന്റെ വീഡിയോ മതസ്പര്‍ധ ഉണ്ടാക്കുന്ന രീതിയില്‍ കമന്റ് എഴുതി സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആലപ്പുഴ എടത്വ തായങ്കരി സ്വദേശി ആനന്ദ ഭവനത്തില്‍ ശ്രീരാജ് (32) എന്നയാളെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

◾ കോഴിക്കോട് നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണന്‍ (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് പയ്യോളി സ്വദേശിയായ ഭര്‍ത്താവ് ഷാനിന്റെ വീട്ടിലെ കുളിമുറിയില്‍ ആര്‍ദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  ഫെബ്രുവരി 2 നായിരുന്നു ഷാനിന്റെയും ആര്‍ദ്രയുടേയും വിവാഹം. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആര്‍ദ്രയുടെ കുടുംബം ആവശ്യപ്പെട്ടു.

◾ ആഗ്ര - ലക്നൗ എക്സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് ബസ് ഇടിച്ചു കയറി നാല് പേര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കുണ്ട്.  വരാണസിയില്‍ നിന്ന് ജയ്പൂരിലേക്ക് പോവുകയായിരുന്ന ബസാണ് എക്സ്പ്രസ് വേയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറിയത്.

◾ ഉത്തരാഖണ്ഡിലെ ഹിമാപാതത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള രക്ഷാദൗത്യം രണ്ടാം ദിവസത്തില്‍. ഇന്ത്യന്‍ കരസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഇനി 25 പേരെയാണ് അപകടസ്ഥലത്ത് നിന്ന് കണ്ടെത്താനുള്ളത്. രക്ഷപ്പെടുത്തിയ 32 പേരില്‍ 23 പേര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

◾ അഞ്ച് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിന് വിരാമമിട്ടുകൊണ്ട്, ബോളിവുഡ് താരം കങ്കണ റണൗട്ട് ബുധനാഴ്ച ഗാനരചയിതാവും കവിയുമായ ജാവേദ് അക്തറിനെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ മാപ്പ് പറഞ്ഞു. ഇതോടെ റണൗട്ടിനെതിരായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസ് ഒത്തുതീര്‍പ്പാക്കി.

◾ യുക്രെയ്ന്‍ പ്രസിഡന്റ്   സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയില്‍ സെലസ്‌കിയുടെ വസ്ത്രധാരണം മതിപ്പുണ്ടാക്കുന്നതായിരുന്നില്ലെന്ന് ട്രംപിന്റെ നിരീക്ഷണം. വാഷിംഗ്ടണിലെ ട്രംപ് സെലന്‍സ്‌കി കൂടിക്കാഴ്ചയില്‍ പരസ്പരം അഭിവാദ്യം ചെയ്തപ്പോള്‍ സെലന്‍സ്‌കിയുടെ വസ്ത്രത്തോടുള്ള ട്രംപിന്റെ പ്രതികരണം പ്രകടമായിരുന്നു. സ്യൂട്ട് ധരിക്കാത്തത് എന്താണെന്നും നിങ്ങള്‍ക്ക് സ്യൂട്ട് ഉണ്ടോയെന്നുമുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തോട് യുദ്ധം പൂര്‍ത്തിയായ ശേഷം ഇത്തരം വസ്ത്രധാരണത്തിലേക്കോ ഇതിനേക്കാള്‍ മികച്ചതിലേക്കോ എത്താമെന്നായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം.

◾ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന്റെ രണ്ടാം ഇന്നിങ്സില്‍ തുടക്കത്തില്‍ പതറിയ വിദര്‍ഭ തിരിച്ചുവരവ് നടത്തി കളിയില്‍ പിടിമുറുക്കുന്നു. നിലവില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ. ഒരു ഘട്ടത്തില്‍ രണ്ടിന് ഏഴു റണ്‍സെന്ന നിലയില്‍ പതറിയ വിദര്‍ഭയെ ഒന്നാം ഇന്നിങ്‌സിലെന്ന പോലെ ഒന്നിച്ച മാലേവര്‍ - കരുണ്‍ നായര്‍ സഖ്യമാണ് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി രക്ഷിച്ചത്. മാലേവര്‍ 73 റണ്‍സെടുത്ത് പുറത്തായി. ചായക്ക് പിരിയുമ്പോള്‍ കരുണ്‍ നായര്‍ 100 റണ്‍സെടുത്ത് ക്രീസിലുണ്ട്.

◾ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ കൈവരിച്ചത് 6.2 ശതമാനം വളര്‍ച്ച. പ്രതീക്ഷിത വളര്‍ച്ചാ നിരക്കിന് ഒപ്പം നില്‍ക്കുന്നതാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തു വിട്ട കണക്കുകള്‍. മൂന്നാം പാദത്തില്‍ രാജ്യം 6.2-6.3 ശതമാനം വളര്‍ച്ച നേടുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കിയിരുന്നത്. മുന്‍ പാദത്തിലെ പുതുക്കിയ കണക്കുകള്‍ പ്രകാരം വളര്‍ച്ച 5.8 ആകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഈ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 6.5 ശതമാനമാകുമെന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ജനുവരിയില്‍ പുറത്തിറക്കിയ കണക്കുകളില്‍ വളര്‍ച്ച 6.4 ശതമാനമാകുമെന്നാണ് ചൂണ്ടിക്കാട്ടിയിരുന്നത്. 2023-24 വര്‍ഷത്തില്‍ രാജ്യം 9.2 ശതമാനം യഥാര്‍ത്ഥ വളര്‍ച്ച നേടിയതായും പ്രസ്താവനയില്‍ പറയുന്നു. നേരത്തെ ഇത് 8.2 ശതമാനമാണ് കണക്കാക്കിയിരുന്നത്. കഴിഞ്ഞ 12 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാരിന്റെ പൊതു ചെലവുകളില്‍ ഉണ്ടായത് വലിയ വര്‍ധനയാണ്. മൂന്നാം പാദത്തില്‍ 8.3 ശതമാനമാണ് വളര്‍ച്ചയുണ്ടായത്. മുന്‍ പാദത്തില്‍ ഇത് 3.8 ശതമാനം മാത്രമായിരുന്നു. വ്യക്തിഗത ഉപയോഗം മുന്‍ പാദത്തിലെ 5.9 ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായി വര്‍ധിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചു നിര്‍ത്താനായതും ഉല്‍സവ സീസണുകളും ഈ പാദത്തില്‍ വ്യക്തിഗത ഉപയോഗത്തില്‍ വര്‍ധനവുണ്ടാക്കി.

◾ മിഡ് റേഞ്ച് സെഗ്മെന്റില്‍ പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. പിക്‌സല്‍ 9എ എന്ന പേരിലാണ് ഗൂഗിള്‍ പുതിയ ഫോണ്‍ വിപണിയില്‍ ഇറക്കാന്‍ ഒരുങ്ങുന്നത്. ആപ്പിള്‍ അടുത്തിടെ മിഡ് റേഞ്ച് സെഗ്മെന്റില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ചിരുന്നു. 60,000 രൂപയ്ക്കാണ് ഐഫോണ്‍ 16ഇ ഗൂഗിള്‍ അവതരിപ്പിച്ചത്. മിഡ് റേഞ്ച് സെഗ്മെന്റില്‍ മത്സരം കടുത്ത പശ്ചാത്തലത്തില്‍ ഗൂഗിളും വില കുറച്ച് ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്. പിക്‌സല്‍ 8 എ ലോഞ്ച് ചെയ്ത സമയത്ത് ഉയര്‍ന്ന വിലയായിരുന്നു. ഫ്‌ലാഗ്ഷിപ്പ് പിക്‌സല്‍ 8ന് അടുത്തായിരുന്നു വില. പിന്നീട് കുത്തനെയുള്ള കിഴിവുകള്‍ പ്രഖ്യാപിച്ച് പിക്‌സല്‍ 8എയെ കൂടുതല്‍ ആകര്‍ഷകമാക്കിയെങ്കിലും പ്രാരംഭ ഘട്ടത്തിലെ ഉയര്‍ന്ന വില പലരെയും പിന്തിരിപ്പിച്ചു എന്നാണ് അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പിക്‌സല്‍ 9എയിലും ഗൂഗിള്‍ അതേ തന്ത്രം ഉപയോഗിക്കില്ലെന്നാണ് ഫോണ്‍പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. മുന്‍നിര സോഫ്റ്റ്വെയറും മികച്ച കാമറ പ്രകടനവും ന്യായമായ വിലയ്ക്ക് നല്‍കുന്ന പശ്ചാത്തലത്തില്‍ പിക്‌സല്‍ എ-സീരീസ് വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഗൂഗിള്‍.

◾ മോഹന്‍ലാലും ഭാഗമാകുന്ന 'കണ്ണപ്പ' എന്ന തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ടീസര്‍ റിലീസ് ചെയ്തു. ആക്ഷനുകളാല്‍ സമ്പന്നമായ ടീസറില്‍ തിളങ്ങിയത് മോഹന്‍ലാലും പ്രഭാസും അക്ഷയ് കുമാറും ആണ്. ചിത്രത്തില്‍ പാര്‍വതിയായി കാജല്‍ അഗര്‍വാളാണ് വേഷമിട്ടിരിക്കുന്നത്. പ്രഖ്യാപനം മുതല്‍ മലയാളികള്‍ക്കിടയിലും ശ്രദ്ധനേടിയ കണ്ണപ്പയില്‍ വിഷ്ണു മഞ്ചുവാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. മുകേഷ് കുമാര്‍ സിംഗ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ കണ്ണപ്പയുടെ ആദ്യ ടീസര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 100 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കണ്ണപ്പ ഒരുക്കിയിരിക്കുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്.

◾ അജിത് നായകനായെത്തുന്ന ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് അജിത് എത്തുന്നത്. അജിത്തിന്റെ 'ആക്ഷന്‍ ഷോ' തന്നെയായിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. വിടാമുയര്‍ച്ചി നേരിട്ട കനത്ത പരാജയത്തിന്റെ ക്ഷീണം 'ഗുഡ് ബാഡ് അഗ്ലി' തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. അജിത്തിന്റെ കരിയറിലെ 63-ാമത് ചിത്രം കൂടിയാണ് ഗുഡ് ബാഡ് അഗ്ലി. തൃഷ നായികയാവുന്ന ചിത്രത്തില്‍ സുനില്‍, പ്രസന്ന, അര്‍ജുന്‍ ദാസ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജി വി പ്രകാശ്കുമാര്‍ ആണ് സംഗീത സംവിധായകന്‍. മൈത്രി മൂവി മേക്കേഴ്സ് ആണ് ഗുഡ് ബാഡ് അഗ്ലി നിര്‍മിക്കുന്നത്. ഏപ്രില്‍ 10 ന് ചിത്രം തിയറ്ററുകളിലെത്തും. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന് ഹൈപ്പ് ഉണ്ട്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്.

◾ ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഫോര്‍ വീലര്‍ കമ്പനിയായ ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ കര്‍വ് ഇവി ഒരു പുതിയ റെക്കോഡ് സൃഷ്ടിച്ചു. ഈ ഇലക്ട്രിക് കൂപ്പെ എസ്യുവി കശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള യാത്ര ചെറിയ സമയം കൊണ്ട് പൂര്‍ത്തിയാക്കിയാണ് ഈ റെക്കോഡ് സൃഷ്ടിച്ചത്. ഈ കാര്‍ വെറും 76 മണിക്കൂറും 35 മിനിറ്റും കൊണ്ടാണ് ഈ യാത്ര പൂര്‍ത്തിയാക്കിയത്. അങ്ങനെ സ്വന്തം കുടുംബത്തിലെ നെക്‌സോണ്‍ ഇലക്ട്രിക് കാറിന്റെ റെക്കോഡ് അത് തകര്‍ത്തു. നെക്‌സോണ്‍ ഇവിയേക്കാള്‍ കര്‍വ് ഇവിക്ക് 19 മണിക്കൂര്‍ കുറവ് സമയമെടുത്താണ് ഈ യാത്ര പൂര്‍ത്തീകരിച്ചത്. കശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള ദൂരം 3,800 കിലോമീറ്ററാണ്. ഈ ദൂരം പിന്നിടുന്നതിനിടയില്‍, കര്‍വ് ഇവി 20 ദേശീയ റെക്കോഡുകള്‍ വിജയകരമായി സൃഷ്ടിച്ചു. ടാറ്റ കര്‍വ് ഇവി അതിന്റെ യാത്രയില്‍ 16 ചാര്‍ജിംഗ് സ്റ്റോപ്പുകള്‍ ഉപയോഗിച്ചു. ഇത് ശരാശരി ചാര്‍ജിംഗ് സമയം 28 മണിക്കൂറില്‍ നിന്ന് 17 മണിക്കൂറായി കുറച്ചു. കര്‍വ് ഇവി 2025 ഫെബ്രുവരി 25 ന് പുലര്‍ച്ചെ 4:00 മണിക്ക് യാത്ര ആരംഭിച്ചു. അത് 2025 ഫെബ്രുവരി 28 ന് രാവിലെ 8:35 ന് കന്യാകുമാരിയിലെത്തി.

◾ വ്യക്തമായ ജീവിത മൂല്യവിശ്വാസങ്ങളുടെ അടിത്തറയില്‍ പണിതുയര്‍ത്തപ്പെട്ടവയാണ് ഈ കഥാസൗധങ്ങള്‍. ഈ അടിസ്ഥാന മൂല്യവിചാരങ്ങള്‍ അവയെ ബലിഷ്ഠമാക്കുന്നു. കഥയുടെ അസ്ഥിവാരങ്ങളില്‍ സഹാനുഭൂതി, നീതിബോധം, സ്ത്രീജന്മങ്ങളുടെ ഏകാന്തത അഥവാ ഒറ്റപ്പെടല്‍, സ്വാര്‍ത്ഥങ്ങളുടെ പരിണതി എന്നിങ്ങനെയുള്ള ആശയശിലകള്‍ പാകിയിരിക്കുന്നത് കാണാന്‍ വിഷമമില്ല. മാറുന്ന മൂല്യ വ്യവസ്ഥിതിയോട് പൊരുത്തപ്പെടാന്‍ സാധിക്കാത്ത നീതിബോധമുള്ള സ്ത്രീകളാണ് ഈ അഞ്ചു കഥകളിലെയും നായികമാര്‍. 'നക്ഷത്രങ്ങള്‍ പറയാതിരുന്നത്'. ഡോ ശ്രീരേഖ പണിക്കര്‍. സൈന്‍ ബുക്സ്. വില 133 രൂപ.

◾ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ പഴമാണ് പപ്പായ. മൊത്തത്തിലുള്ള ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മത്തെ സംരക്ഷിക്കാനും പപ്പായ മികച്ചൊരു പഴമാണ്. പപ്പായയിലെ വിറ്റാമിന്‍ സി കറുത്ത പാടുകള്‍ കുറയ്ക്കാനും കൊളാജന്‍, എലാസ്റ്റിന്‍ എന്നിവയുടെ ഉത്പാദനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. നിര്‍ജ്ജീവ കോശങ്ങളെ നീക്കം ചെയ്തുകൊണ്ട് ചര്‍മ്മത്തിന്റെ രൂപം വര്‍ദ്ധിപ്പിക്കാന്‍ പപ്പായയ്ക്ക് കഴിയും. കൂടാതെ ഉയര്‍ന്ന ബീറ്റാ കരോട്ടിന്‍ ഉള്ളടക്കം ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്തും.  വിറ്റാമിന്‍ സി, എ, ആന്റിഓക്‌സിഡന്റുകള്‍, പപ്പൈന്‍ പോലുള്ള എന്‍സൈമുകള്‍ തുടങ്ങിയ പോഷകങ്ങള്‍ പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. പപ്പായ ശരീരഭാരം നിയന്ത്രിക്കുന്നതിനും കണ്ണിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. പപ്പായയില്‍ ഉയര്‍ന്ന ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീര താപനില നിലനിര്‍ത്തുന്നതിനും വൃക്കകളുടെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനും ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ബീറ്റാ കരോട്ടിന്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് പപ്പായ. ആന്റിഓക്‌സിഡന്റുകള്‍ ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ശക്തമായ പ്രതിരോധ സംവിധാനം ശരീരത്തെ അണുബാധകളെ ചെറുക്കാനും രോഗങ്ങളില്‍ നിന്ന് വേഗത്തില്‍ വീണ്ടെടുക്കാനും സഹായിക്കുന്നു. പപ്പായയില്‍ കോളിന്‍ പോലുള്ള സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കുന്നു. വീക്കം കുറയ്ക്കുന്നത് സന്ധിവാതം പോലുള്ള അവസ്ഥകളെ നിയന്ത്രിക്കാനും വിട്ടുമാറാത്ത കോശജ്വലന രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. പപ്പായയിലെ വിറ്റാമിന്‍ എ, സി എന്നിവ കൊളാജന്‍ ഉല്‍പ്പാദനത്തിനും സൂര്യാഘാതത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്തുകൊണ്ട് ആരോഗ്യമുള്ള ചര്‍മ്മത്തിന് സഹായിക്കുന്നു. ത്വക്ക് ആരോഗ്യം മെച്ചപ്പെടുന്നതിലൂടെ നിറം ലഭിക്കുന്നതിനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയുന്നതിനും സഹായകമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 87.47, പൗണ്ട് - 110.02. യൂറോ - 90.74, സ്വിസ് ഫ്രാങ്ക് - 97.27, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.30, ബഹറിന്‍ ദിനാര്‍ - 232.10, കുവൈത്ത് ദിനാര്‍ -283.35, ഒമാനി റിയാല്‍ - 227.29, സൗദി റിയാല്‍ - 23.32, യു.എ.ഇ ദിര്‍ഹം - 23.82, ഖത്തര്‍ റിയാല്‍ - 24.02, കനേഡിയന്‍ ഡോളര്‍ - 60.45.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right