Trending

സായാഹ്ന വാർത്തകൾ.

◾  നെല്‍വയല്‍-തണ്ണീര്‍ത്തട പരിധിയില്‍പ്പെട്ടാലും ഡേറ്റാ ബാങ്കില്‍പ്പെട്ടാലും താമസിക്കാന്‍ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന്  വീട് വെയ്ക്കാന്‍ പഞ്ചായത്തോ നഗരസഭയോ അനുമതി നല്‍കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്രാമപഞ്ചായത്തില്‍ 10 സെന്റും നഗരത്തില്‍ അഞ്ച് സെന്റും സ്ഥലത്ത് വീട് വെയ്ക്കാനാണ് അനുമതി നല്‍കേണ്ടതെന്ന്  ടി.ഐ മധുസൂധനന്റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി നല്‍കി.

◾  സംസ്ഥാനത്ത് കിഫ്ബി പദ്ധതികള്‍ നിലയ്ക്കുന്നുവെന്നതില്‍ പ്രതിപക്ഷ എംഎല്‍എ റോജി എം ജോണ്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി. കിഫ്ബി ജനങ്ങളുടെ ബാധ്യത ആകുന്നുവെന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയ റോജി എം ജോണ്‍ ആരോപിച്ചു. ഇനി കെ ടോളുകളും സംസ്ഥാനത്ത് വരുമെന്നാണ് വിവരമെന്നും, തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞിരുന്നത് കേരളത്തിലെ ഒരു പാലത്തിനും റോഡിനും ടോള്‍ ഉണ്ടാകില്ലെന്നായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറുകയാണെന്നും റോജി എം ജോണ്‍ പറഞ്ഞു.

◾  കിഫ്ബി ഇപ്പോള്‍ വെന്റിലേറ്ററിലായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. അത് ഊരേണ്ടത് എപ്പഴാണെന്ന് ചോദിക്കേണ്ട അവസ്ഥയാണെന്നും കിഫ്ബി പരാജയപ്പെട്ട മോഡലാണെന്നും കിഫ്ബി ആരുടേയും തറവാട് സ്വത്ത് വിറ്റ പണം അല്ലെന്നും പെട്രോള്‍ മോട്ടോര്‍ വാഹന സെസ് ആണ് കിഫ്ബിയുടെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

◾  കിഫ്ബി ടോളിന്റെ കാര്യം പറഞ്ഞ്  ആളുകളെ ആശങ്കയിലാക്കേണ്ട കാര്യമില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കിഫ്ബി വഴി വരുമാനദായക പദ്ധതികള്‍ ഇനിയും കൊണ്ട് വരുമെന്നും കിഫ്ബിക്ക് ഡ്രിപ്പ് കൊടുക്കേണ്ട അവസ്ഥയൊന്നുമില്ലെന്നും ധനമന്ത്രി പറഞ്ഞു. ഡ്രിപ്പും ബൂസ്റ്റും കൊടുത്ത് ബിജെപിയെ വളര്‍ത്തുന്നത് പ്രതിപക്ഷമാണെന്നും മോന്‍ ചത്താലും മരുമോളുടെ കണ്ണീരെന്ന നയമല്ലേ ദില്ലിയില്‍ കോണ്‍ഗ്രസ് എടുത്തതെന്നും ധനമന്ത്രി ചോദിച്ചു. റോജി എം ജോണിന്റെ മണ്ഡലത്തില്‍ വരെ വികസനം എത്തിച്ചത് കിഫ്ബിയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

◾  പാതിവില തട്ടിപ്പ് കേസിലെ പ്രതിയായ അനന്തുകൃഷ്ണനില്‍ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. അനന്തുകൃഷ്ണനില്‍ നിന്ന് പണം വാങ്ങിയെന്ന് തെളിയിക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനലിനെ വെല്ലുവിളിക്കുകയാണെന്നും ഒരൊറ്റ പൈസ വാങ്ങിയിട്ടില്ലെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനല്‍ തനിക്കെതിരെ തെറ്റായ വാര്‍ത്ത നല്‍കിയെന്നാണ് മാത്യു കുഴല്‍നാടന്റെ ആരോപണം.

◾  ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥി മിഹിര്‍ അഹമ്മദ് ആത്മഹത്യ ചെയ്ത വിഷയം വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. റാഗിംഗ് പൊതുസമൂഹത്തില്‍ നിന്നും പൊലീസില്‍ നിന്നും മറച്ചു വെക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. സ്‌കൂള്‍ പ്രവര്‍ത്തിക്കാനുള്ള എന്‍ഒസി ഹാജരാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഇത് ഇതുവരെ സ്‌കൂള്‍ അധികൃതര്‍ ഹാജരാക്കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

◾  മാധ്യമങ്ങളുടെ കൈപിടിച്ചല്ലാതെ ജനാധിപത്യത്തിനോ ഭരണകൂടത്തിനോ നിലനില്‍പ്പില്ലെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി. ആനന്ദബോസ്. ജനാധിപത്യ സമൂഹങ്ങളില്‍ ജനങ്ങളുടെ ജിഹ്വയും മന:സാക്ഷിയുമാണ് മാധ്യമങ്ങളെന്നും  രാജ്യത്തിന്റെ നേട്ടം ലോകത്തിനു  മുമ്പില്‍ ശരിയായി അവതരിപ്പിക്കേണ്ട  ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ടെന്നും  സമൂഹത്തില്‍  അക്രമവും അഴിമതിയും കാണിക്കുന്നവരുടെ യഥാര്‍ത്ഥമുഖം വെളിപ്പെടുത്തുകയാണ് മാധ്യമങ്ങളുടെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡോ.ആനന്ദബോസ്.

◾  പോലീസിനെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍. നിയമം സംരക്ഷിക്കാന്‍ ചുമതലപ്പെട്ടവര്‍ നിയമം ലംഘിക്കുകയാണെന്നും  അതാണ് ചില പോലീസുകാര്‍  ചെയ്യുന്നതെന്നും സുധാകരന്‍ പറഞ്ഞു. കല്യാണ പാര്‍ട്ടി കഴിഞ്ഞ് വന്നവരെ തല്ലിച്ചതച്ചുവെന്നത് ഗുരുതരമായ തെറ്റാണെന്നും പത്തനം തിട്ടയില്‍ ആളുമാറി തല്ലിയ പോലീസുകാര്‍ സര്‍വീസിലിരിക്കാന്‍ യോഗ്യരല്ലെന്നും  അദ്ദേഹം പറഞ്ഞു.

◾  വയനാട് സിപിഎം ജില്ലാ കമ്മിറ്റി അംഗം എ എന്‍ പ്രഭാകരന്റെ പ്രസംഗം വിവാദമായി. യുഡിഎഫ് പനമരത്ത് മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡന്റാക്കിയെന്നായിരുന്നു പരാമര്‍ശം. പ്രസിഡന്റ് ആകേണ്ടിയിരുന്ന ഹസീനയെ കോണ്‍ഗ്രസുകാര്‍ മാറ്റിയെന്നും  ആദ്യമായി മുസ്ലിം വനിത പ്രസിഡണ്ടായിരുന്ന പഞ്ചായത്തിലെ ഭരണം ലീഗ് മറിച്ചിട്ടുവെന്നും  ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റാണെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ വീട് കയറുമ്പോള്‍ ലീഗുകാര്‍ കയ്യുംകെട്ടി നിന്ന്  മറുപടി പറയേണ്ടി വരുമെന്നുമാണ് എ.എന്‍ പ്രഭാകരന്‍ പറഞ്ഞത്.

◾  പകുതി വില തട്ടിപ്പ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡിജിപിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. എല്ലാ ജില്ലകളിലും ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കും. എഡിജിപി ക്രൈംബ്രാഞ്ചിന് നേതൃത്വം നല്‍കും.

◾  പാതിവില തട്ടിപ്പിലൂടെ കിട്ടിയ കോടികള്‍ ചിലവഴിച്ച് തീര്‍ന്നുവെന്ന് മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൊഴി. വാഗ്ദാനം ചെയ്ത ഉപകരണങ്ങള്‍ വാങ്ങാനും പലര്‍ക്കും കൊടുക്കാനുമായി പണം ചെലവിട്ടുവെന്നാണ് അനന്തു പൊലീസിനോട് പറഞ്ഞത്. അക്കൗണ്ടുകളില്‍ ഇനി ബാക്കിയുള്ളത് പത്തുലക്ഷം രൂപ മാത്രമാണെന്നാണ് അനന്തുവിന്റെ മൊഴി.

◾  മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച സംഭവത്തില്‍ ഡിവൈഎസ്പിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി അനിലിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഡിവൈഎസ്പിക്കെതിരെ വകുപ്പ് തല അന്വേഷണം ഉണ്ടാകും.

◾  വടകരയില്‍ ഒമ്പത് വയസുകാരി ദൃഷാനയെ കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി പുറമേരി സ്വദേശി ഷെജില്‍  കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. ലുക്കൗട്ട് സര്‍ക്കുലര്‍ നിലവിലുള്ളതിനാല്‍ ഇയാളെ എയര്‍പോര്‍ട്ടില്‍ വെച്ച് പിടികൂടുകയായിരുന്നു. വടകരയില്‍ നിന്നുള്ള പൊലീസ് സംഘത്തിന് ഇയാളെ കൈമാറും.

◾  ആലപ്പുഴ അര്‍ത്തുങ്കലില്‍ മൂന്നംഗം സംഘം ബാര്‍ അടിച്ചുതകര്‍ത്തു. വടിവാളുമായി എത്തിയ മൂന്നംഗ സംഘം ബാറിലേക്ക് കയറി മദ്യക്കുപ്പികളടക്കം അടിച്ചുതകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റു രണ്ടു പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

◾  കണ്ണൂരില്‍ ആത്മീയതയുടെ പേരില്‍ കോടികള്‍ തട്ടിയെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. ഹിമാലയന്‍ തേഡ് ഐ ട്രസ്റ്റിന്റെ പേരില്‍ നടത്തുന്ന ആത്മീയ ക്ലാസുകളില്‍ പങ്കെടുത്താല്‍ സാമ്പത്തിക നേട്ടമുണ്ടാവുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.

◾  പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലൂര്‍ ബാലന്‍ അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മരം നട്ടുപിടിപ്പിക്കല്‍ ജീവിത യജ്ഞമായി മാറ്റിയ  പരിസ്ഥിതി പ്രവര്‍ത്തകനായിരുന്നു ബാലകൃഷ്ണന്‍ എന്ന കല്ലൂര്‍ ബാലന്‍.

◾  കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയര്‍ ബോര്‍ഡിന്റെ കൊച്ചി ആസ്ഥാനത്ത് തൊഴില്‍ പീഡനമെന്ന് പരാതി നല്‍കിയ സ്ത്രീ മരിച്ചു. സെറിബ്രല്‍ ഹെമിറേജ് ബാധിതയായതിനാല്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന സെക്ഷന്‍ ഓഫീസര്‍ ജോളി മധു (56) ആണ് മരിച്ചത്. കയര്‍ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരുടെ തൊഴില്‍ പീഡനത്തെയും മാനസിക സമ്മര്‍ദ്ദത്തെയും തുടര്‍ന്നാണ് ജോളി സെറിബ്രല്‍ ഹെമിറേജ് ബാധിതയായതെന്ന് കുടുംബം ആരോപിച്ചിരുന്നു.

◾  കോഴിക്കോട് വളയത്ത് കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച് യുവാക്കളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. രണ്ട് വീടുകളില്‍ നിന്ന് ഇറച്ചിയും വനംവകുപ്പ് പിടികൂടി . കുറ്റ്യാടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകളില്‍ റെയ്ഡ് നടത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്.

◾  പാതിവില തട്ടിപ്പില്‍ അന്വേഷണം നേരിടുന്ന തിരുവനന്തപുരത്തെ സത്യസായി ട്രസ്റ്റ് സര്‍ക്കാരിനെയും പറ്റിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നടപ്പാക്കുന്ന ജലജീവന്‍ മിഷന്‍ കുടിവെള്ള വിതരണ പദ്ധതിയുടെ പേര് പറഞ്ഞായിരുന്നു കബളിപ്പിക്കല്‍. ഒരുലക്ഷം കുടുംബങ്ങള്‍ക്ക് സ്വന്തം നിലയില്‍ കുടിവെള്ളം നല്‍കി എന്നായിരുന്നു പ്രചാരണം. ഇതിനെതിരെ വാട്ടര്‍ അതോറിറ്റി നോട്ടീസ് നല്‍കിയെങ്കിലും ട്രസ്റ്റ് മറുപടി നല്‍കിയിട്ടില്ല.അനന്തകുമാറും  സംഘവും വിവിധ സര്‍ക്കാര്‍ പദ്ധതികളെയും സ്വന്തം പേരില്‍ ആക്കി ബഹുജന പിന്തുണ നേടാന്‍ ശ്രമിച്ചതിന്റെ വിവരങ്ങളാണ് ഇപ്പോള്‍പുറത്തുവരുന്നത്.

◾  കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സി.പി.ഒ ശ്യാംപ്രസാദ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. നിയമ സഭയില്‍ ഡോ. എന്‍. ജയരാജിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ശ്യാം പ്രസാദിന്റെ കുടുംബത്തിന് നിലവിലെ വ്യവസ്ഥ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് ആവശ്യ മായ  നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  

◾  ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തലയ്ക്കടിച്ചുകൊന്ന കേസില്‍ കുറ്റപത്രം ഈ മാസം 15-ന് സമര്‍പ്പിക്കും. പ്രതിയായ ഋതുവിന് മാനസിക പ്രശ്‌നമില്ലെന്ന് പോലീസ് വ്യക്തമാക്കി. കേസില്‍ ഋതു മാത്രമാണ് പ്രതിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.ഋതു കൊലനടത്താനായി വീട്ടിലെത്തുന്നതിന്റെ സിസിടിവ ദൃശ്യങ്ങളും വിനീഷയുടേയും ജിതിന്റേയും രണ്ട് മക്കളുടെ സാക്ഷിമൊഴികളുമാണ് അനുബന്ധ തെളിവുകളില്‍ പ്രധാനം.

◾  ആലപ്പുഴ തൃക്കുന്നപ്പുഴ കടലില്‍ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അമ്പത് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിലാണ്. മത്സ്യത്തൊഴിലാളികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് തോട്ടപ്പള്ളി തീരദേശ പൊലീസെത്തി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

◾  ആം ആദ്മി പാര്‍ട്ടിയില്‍ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്. ദില്ലി തോല്‍വിക്ക് പിന്നാലെ  പഞ്ചാബിലെ 30 എംഎല്‍എമാര്‍ രാജി ഭീഷണി മുഴക്കി. മുഖ്യമന്ത്രി ഭഗവന്ത്മാനൊപ്പം നീങ്ങാനാവില്ലെന്ന നിലപാടിലാണ് എം എല്‍എമാര്‍ എന്നാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ അരവിന്ദ് കെജ്രിവാള്‍ എംഎല്‍എമാരുമായി ഫോണില്‍ സംസാരിച്ചു. മുതിര്‍ന്ന നേതാക്കളെ ചര്‍ച്ചക്കായി പഞ്ചാബിലേക്ക് അയച്ചേക്കുമെന്നും സൂചനയുണ്ട്.

◾  ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജിലേക്ക് കുംഭമേളയ്ക്കായി വിശ്വാസികള്‍ ഒഴുകിയെത്തിയതിന് പിന്നാലെ 300 കിലോമീറ്ററോളം ദൂരത്തില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മധ്യപ്രദേശ് പൊലീസിന് ഗതാഗതം നിര്‍ത്തി വയ്‌ക്കേണ്ടി വന്നതായി റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ജബല്‍പൂര്‍ മേഖലയിലേക്ക് തിരിച്ച് പോയി വാഹനങ്ങള്‍ അവിടെ കാത്തിരിക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി.

◾  മണിപ്പൂരില്‍ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ബിജെപിയില്‍ തിരക്കിട്ട നീക്കങ്ങളെന്ന് റിപ്പോര്‍ട്. മന്ത്രിമാരായ വൈ ഖേംചന്ദ് സിംഗ്, ടി ബിശ്വജിത് സിംഗ് എന്നിവര്‍ക്കൊപ്പം സ്പീക്കര്‍ സത്യബ്രത സിംഗും നിലവില്‍ ബിജെപിയുടെ പരിഗണനയിലുണ്ട്. അവിശ്വാസ പ്രമേയം നിരാകരിക്കില്ലെന്ന് സ്പീക്കര്‍ അറിയിച്ചതോടെയാണ് ബിജെപി നേതൃത്വം ബിരേന്‍ സിംഗിന്റെ രാജിക്ക് വഴങ്ങിയത്.

◾  ഷാര്‍ജയില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അല്‍ സജാ പ്രദേശത്തെ മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഷാര്‍ജ പോലീസ് അന്വേഷണം ശക്തമാക്കി. മാലിന്യം ശേഖരിക്കാനെത്തിയ മുനിസിപ്പല്‍ തൊഴിലാളികളാണ് കുട്ടിയുടെ മൃതദേഹം ആദ്യം കാണുന്നത്. പിന്നീട് അധികൃതരെ അറിയിക്കുകയായിരുന്നു.

◾  സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യന്‍ ഓഹരി വിപണികളിലും പ്രത്യേകിച്ച് സ്റ്റീല്‍ ഓഹരികളിലും ഇടിവുണ്ടായി. നിഫ്റ്റി സ്റ്റീല്‍ സൂചിക 2.7 ശതമാനമായി ഇടിഞ്ഞു.  

◾  റെക്കോഡുകള്‍ക്ക് മുടക്കം വരുത്താതെ സ്വര്‍ണം. ഇന്ന് ഒറ്റയടിക്ക് പവന്‍ വില 280 രൂപ ഉയര്‍ന്ന് 63,840 രൂപയായി. ഗ്രാം വില 35 രൂപ വര്‍ധിച്ച് 7,980 രൂപയിലാണ്. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 6,585 രൂപയായി. അതേസമയം, വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ബുധനാഴ്ച രഖപ്പെടുത്തിയ ഗ്രാമിന് 106 രൂപയിലാണ് ഇന്നും വ്യാപാരം. രാജ്യാന്തര സ്വര്‍ണ വിലയും ഇന്ന് റെക്കോഡിലാണ്. ഔണ്‍സിന് 2,877.33 ഡോളറിലാണ് വ്യാപാരം. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രാജ്യാന്തര വിലയില്‍ മുന്നേറ്റം. ആഭ്യന്തര വിപണിയില്‍ രൂപയുടെ വിലയിടിവും സ്വര്‍ണത്തിനെ മുന്നേറ്റത്തിലാക്കുന്നു. ഇന്ന് റെക്കോഡ് താഴ്ചയിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്. 49 പൈസ ഇടിഞ്ഞ് ഡോളറിനെതിരെ 87.92 ലെത്തി. കേരളത്തില്‍ ഈ മാസം ഇതു വരെ 2200 രൂപയുടെ വര്‍ധനയാണ് സ്വര്‍ണം രേഖപ്പെടുത്തിയിരിക്കുന്നത്.

◾  ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണം നടന്നേക്കാമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 12, 13, 14, 15 എന്നിവയിലുള്ള ഡിവൈസുകളില്‍ സുരക്ഷാ വീഴ്ചയുണ്ടെണ് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സെര്‍ട്ട്-ഇന്‍) അറിയിച്ചതിനു പിന്നാലെയാണ് നടപടി. ആന്‍ഡ്രോയിഡ് ഫ്രെയിംവര്‍ക്കിലോ ചിപ്‌സെറ്റിലോ ആകാം തകരാറെന്നും സെര്‍ട്ട്-ഇന്‍ പറയുന്നു.  ഏതെങ്കിലും തരത്തിലുള്ള സൈബര്‍ ആക്രമണം തടയാന്‍ സെക്യൂരിറ്റി പാച്ച് അപ്‌ഡേറ്റ് ചെയ്യണമെന്നും അല്ലാത്ത പക്ഷം വ്യക്തിഗത ഡേറ്റ നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ ഏജന്‍സിയുടെ മുന്നറിയിപ്പില്‍ പറയുന്നു. സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോ പ്ലേ സ്റ്റോര്‍ അംഗീകരിക്കാത്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതോ ഒഴിവാക്കണം. ഇവയിലൂടെ മാല്‍വെയറുകള്‍ ഫോണില്‍ കടന്നേക്കാം. സ്വകാര്യ വിവരങ്ങളോ ക്രെഡന്‍ഷ്യലുകളോ മോഷ്ടിക്കാന്‍ ശ്രമിച്ചേക്കാവുന്ന ഫിഷിങ് ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ട്.

◾  കുഞ്ചാക്കോ ബോബന്‍, പ്രിയാമണി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന 'ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി' ട്രെയിലര്‍ എത്തി. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ത്രില്ലര്‍ ചിത്രത്തിന്റെ സംവിധാനം ജീത്തു അഷ്‌റഫ് നിര്‍വഹിക്കുന്നു. 'നായാട്ട്', 'ഇരട്ട' എന്നീ ചിത്രങ്ങളില്‍ അഭിനേതാവായും 'ഇരട്ട' എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ ജീത്തു അഷ്റഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി'. ഷാഹി കബീറാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ചാക്കോച്ചന്‍ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ ജഗദീഷ്, വിശാഖ് നായര്‍, മനോജ് കെ യു, റംസാന്‍ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, വിഷ്ണു ജി വാരിയര്‍, ലേയ മാമ്മന്‍, ഐശ്വര്യ എന്നിവരാണ്  മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

◾  മലയാളത്തിന്റെ അതുല്യ കലാകാരന്‍ എംജി സോമന്റെ മകന്‍ സജി നായകനാകുന്ന 'ആരണ്യം' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം മാര്‍ച്ച് 14ന് തിയറ്ററുകളില്‍ എത്തും. എസ് എസ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലോനപ്പന്‍ കുട്ടനട് നിര്‍മ്മിക്കുന്ന ചിത്രം കഥ എഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എസ് പി ഉണ്ണികൃഷ്ണനാണ്. രണ്ട് തീയറ്റര്‍ ആര്‍ട്ടിസ്റ്റുകളുടെ മികവുറ്റ അഭിനയ ചാരുതയില്‍ ആരണ്യം വേറിട്ട് നില്‍ക്കുന്ന ചിത്രമാണ്. നാടകനടനായ പ്രമോദ് വെളിയനാടിന്റെ പ്രതിനായക വേഷവും, രാഘവന്‍ നായര്‍ എന്ന ശക്തമായ കഥാപാത്രത്തെ  ഉജ്ജ്വലമാക്കിയ ലോനപ്പന്‍ കുട്ടനാടിന്റെ മുഖ്യ വേഷവും. ഡോ.ജോജി, ടോജോ ചിറ്റേറ്റുകളം, ദിവ്യ, സോണിയ മര്‍ഹാര്‍, ലൗലി, ആന്‍സി, ദാസ് മാരാരിക്കുളം, ജോണ്‍ ഡാനിയല്‍,രഞ്ജിത്ത് നമ്പൂതിരി, മൈത്രി, ജിനു, ബേബി എടത്വാ, വര്‍ഷ, സത്യന്‍, അശോക്, സാബു ഭഗവതി, സതീഷ് തുരുത്തി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. തിരക്കഥ, സംഭാഷണം സുജാത കൃഷ്ണന്‍ നിര്‍വഹിച്ചിരിക്കുന്നു.

◾  ഫെബ്രുവരി മാസത്തില്‍ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ജനപ്രിയ എസ്യുവിയായ ഹാരിയറിന് ബമ്പര്‍ കിഴിവ് വാഗ്ദാനം ചെയ്യുന്നു.  ഈ കാലയളവില്‍, ടാറ്റ ഹാരിയര്‍ വാങ്ങുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് 75,000 രൂപ വരെ ലാഭിക്കാന്‍ കഴിയും. ചില ഡീലര്‍മാരുടെ കൈവശം 2024-ല്‍ നിര്‍മ്മിച്ച ഹാരിയര്‍ സ്റ്റോക്കുണ്ട്. ഈ സ്റ്റോക്കാണ് ഡിസ്‌കൗണ്ടില്‍ വില്‍ക്കുന്നത്. ക്യാഷ് ഡിസ്‌കൗണ്ടിന് പുറമെ, എക്‌സ്‌ചേഞ്ച് ബോണസും ഈ ഓഫറില്‍ ഉള്‍പ്പെടുന്നു. ടാറ്റ ഹാരിയറിന്റെ എക്‌സ്-ഷോറൂം വില 14.99 ലക്ഷം രൂപയില്‍ നിന്നാണ് ആരംഭിക്കുന്നത്. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു, ഇത് പരമാവധി 170 ബിഎച്പി പവറും 350 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. കാറിന്റെ എഞ്ചിനില്‍ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ലഭ്യമാണ്. ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിക്കൊണ്ട് ഹാരിയര്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നു. അതേസമയം ടാറ്റ ഹാരിയര്‍ ഇവി ഇപ്പോള്‍ അതിന്റെ ലോഞ്ചിനോട് അടുക്കുകയാണ്. ഈ ലോഞ്ച് അടുത്ത മാസം നടക്കാന്‍ സാധ്യതയുണ്ട്.

◾  ഈ പുസ്തകം ഒരു യാത്രാവിവരണമാണോ ഓര്‍മ്മക്കുറിപ്പാണോ എന്നു ചോദിച്ചാല്‍ രണ്ടും ചേര്‍ന്നതാണ് എന്നു പറയാം. ഇത് എന്റെ ഓര്‍മ്മകളിലൂടെയുള്ള ഒരു യാത്രയാണ്, അല്ലെങ്കില്‍ ഓര്‍മ്മകളില്‍ നിന്ന് ഞാന്‍ എഴുതുന്ന ഒരു യാത്രാവിവരണം ആണ്. ചെറുപ്പകാലം മുതല്‍ ഞാന്‍ കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ഒറ്റയ്ക്കും നടത്തിയ യാത്രാ ഓര്‍മ്മകളിലൂടെ വീണ്ടും ഒരു സഞ്ചാരം. 'യാത്രയ്ക്കപ്പുറം'. ഗായത്രി അരുണ്‍. ഡിസി ബുക്‌സ്. വില 252 രൂപ.

◾  ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങളിലൊന്നാണ് സോഡിയമെങ്കിലും അമിതമായാല്‍ ഇത് ഹൃദ്രോഗം, പക്ഷാഘാതം, അകാലമരണം തുടങ്ങിയ സാധ്യതകള്‍ കൂട്ടും. നമ്മള്‍ ഉപയോഗിക്കുന്ന ഉപ്പില്‍ (സോഡിയം ക്ലോറൈഡ്) സോഡിയത്തിന്റെ അളവു കൂടുതലാണ്. വര്‍ധിച്ചു വരുന്ന ഉപ്പിന്റെ ഉപഭോഗം പ്രതിവര്‍ഷം 19 ലക്ഷത്തോളം ആളുകളുടെ ജീവനാണെടുക്കുന്നതെന്ന് അടുത്തിടെ ലോകാരോഗ്യ സംഘടന പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ പ്രകാരം പ്രതിദിനം 2000 മില്ലിഗ്രാം വരെ മാത്രം ഉപ്പ് ഉപയോഗിക്കാമെന്നാണ്. എന്നാല്‍ ഇതിന്റെ ഇരട്ടിയിലേറെ ഉപ്പ് കഴിക്കുന്നവരാണ് അധികവും. ഉപ്പ് അധികമായി കഴിക്കുന്നതിലൂടെ സോഡിയം ഉള്ളില്‍ ചെല്ലുകയും ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതിന് പരിഹാരമായി കുറഞ്ഞ സോഡിയം ഉപ്പ് അഥവാ പൊട്ടാസ്യം ഉപ്പ് തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്നാണ് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നത്. ശരീരത്തിന് ദിവസേന 3.5 ഗ്രാം പൊട്ടാസ്യം കിട്ടുന്നത് രക്തസമ്മര്‍ദവും ഹൃദ്രോഗവും കുറയ്ക്കാന്‍ നല്ലതാണ്. 100 ശതമാനം സോഡിയം ക്ലോറൈഡ് ഉപ്പാണ് നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്നത്. സോഡിയം ക്ലോറൈഡിന് പകരം പൊട്ടാസ്യം ക്ലോറൈഡ് ഉപയോഗിച്ചു നിര്‍മിക്കുന്നതാണ് പൊട്ടാസ്യം ഉപ്പ് . ഇത് ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. പൊട്ടാസ്യം ഉപ്പ് തെരഞ്ഞെടുക്കുന്നതിലൂടെ സോഡിയത്തിന്റെ ഉപഭോഗം കുറയ്ക്കുകയും പൊട്ടാസ്യത്തിന്റെ ഉപഭോഗം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 87.60, പൗണ്ട് - 108.59. യൂറോ - 90.32, സ്വിസ് ഫ്രാങ്ക് - 96.15, ഓസ്ട്രേലിയന്‍ ഡോളര്‍ - 54.90, ബഹറിന്‍ ദിനാര്‍ - 232.40, കുവൈത്ത് ദിനാര്‍ -283.63, ഒമാനി റിയാല്‍ - 227.52, സൗദി റിയാല്‍ - 23.36, യു.എ.ഇ ദിര്‍ഹം - 23.85, ഖത്തര്‍ റിയാല്‍ - 23.86, കനേഡിയന്‍ ഡോളര്‍ - 61.09.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right