എളേറ്റിൽ:എളേറ്റിൽ വട്ടോളിയിൽ കഴിഞ്ഞ 20 വർഷക്കാലമായി പ്രവർത്തിച്ചു വരുന്ന കേരളാ സർക്കാർ സപ്ലൈക്കോയുടെ കീഴിലുള്ള സബ്സിഡി വിതരണകേന്ദ്രമായ മാവേലിസ്റ്റോർ അടച്ചു പൂട്ടാനുള്ള നീക്കത്തിനെതിരെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.സാജിദത്തിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ സപ്ലൈകോ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് വാടക നൽകുന്നത് സപ്ലൈകോ ആണ്.അത് തുടർന്ന് നൽകാനുള്ള ഉത്തരവാദിത്വം അവർക്കുണ്ട് ആ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറി സ്ഥാപനം പൂട്ടാനുള്ള ശ്രമത്തെ ശക്തമായി ചെറുക്കുമെന്ന് ജനപ്രതിനിധികൾ ഉദ്യോഗസ്ഥരെ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ പാലക്കുറ്റിയിൽ പ്രവർത്തിക്കുന്ന സിവിൽ സപ്ലൈസ് കോർപ്പറേഷന്റെഓഫീസിൽ എത്തിയാണ് ഉദ്യോഗസ്ഥരുമായി സംസാരിച്ചത്.മാവേലി സ്റ്റോർ അടച്ചു പൂട്ടാനുള്ള നീക്കവുമായി മുന്നോട്ട് പോവില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. ഈ ഉറപ്പ് ലംഘിച്ചാൽ ശക്തമായി ചെറുക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
വൈസ് പ്രസിഡണ്ട് വി കെ അബ്ദുറഹ്മാൻ , സ്ഥിരം സമിതി അധ്യക്ഷൻമാരായ വഹീദ കയ്യലശ്ശേരി, മംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ, ജസ്‌ന അസ്സയിൻ, മെമ്പർമാരായ മുഹമ്മദലി. കെ, അബ്ദുൽ മജീദ് കെ കെ, പ്രിയങ്ക കരൂഞ്ഞിയിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
അതേ സമയം മാവേലി സ്റ്റോർ അടച്ചുപൂടാനുള്ള തീരുമാനത്തിൽ നിന്നും പിൻമാറണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി പി ഐ (എം) എളേറ്റിൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം എളേറ്റിൽ വട്ടോളിയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നുണ്ട്.
Tags:
ELETTIL NEWS