Trending

പ്രഭാത വാർത്തകൾ

2024  നവംബർ 4  തിങ്കൾ 
1200  തുലാം 19   അനിഴം 
1446  ജമാ :അവ്വൽ 01
    
◾ സംസ്ഥാനത്ത് കെ റെയില്‍ വീണ്ടും ചര്‍ച്ചയാകുന്നു. കെ റെയില്‍  പദ്ധതിയുടെ സാങ്കേതിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ റെയില്‍വേ സന്നദ്ധമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. കേന്ദ്രം മുഖം തിരിച്ചതിനാലും ജനം എതിരായതിനാലും ഏറെ കുറെ അസാധ്യമെന്ന് കരുതി സംസ്ഥാന സര്‍ക്കാര്‍ തന്നെ കൈവിട്ട കെ റെയില്‍ പദ്ധതിയാണ് റെയില്‍വേ മന്ത്രിയുടെ വാഗ്ദാനത്തോടെ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. അതേടൊപ്പം അങ്കമാലി എരുമേലി ശബരി പാതയ്ക്ക് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും  മഹാരാഷ്ട്രയില്‍ നടപ്പാക്കിയ മാതൃകയില്‍ അങ്കമാലി എരുമേലി ശബരി പാത നടപ്പാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിന് കൂടുതല്‍ മെമു അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരണം നാലായി. പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് പേരാണ് ഇന്നലെ മാത്രം മരിച്ചത്. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍രാജ്(19)  കിനാനൂര്‍ സ്വദേശി രതീഷ് (32) നീലേശ്വരം സ്വദേശി ബിജു (38) എന്നിവരാണ് ഇന്നലെ മരിച്ചത്. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സന്ദീപ് ശനിയാഴ്ചയും മരിച്ചിരുന്നു.

◾ കേരള സ്‌കൂള്‍ കായിക മേളയുടെ ഉദ്ഘാടനം ഇന്ന്. ഒളിംപിക്സ് മാതൃകയിലുള്ള  കേരള സ്‌കൂള്‍ കായിക മേളയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. സാംസ്‌കാരിക  ഉദ്ഘാടനം പ്രമുഖ നടന്‍ മമ്മൂട്ടിയാകും നിര്‍വഹിക്കുക. വിദ്യാഭ്യാസ മന്ത്രിയും കായികമേള ബ്രാന്‍ഡ് അംബാസഡര്‍ ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷും ചേര്‍ന്നു ദീപശിഖ തെളിയിക്കുന്നതോടെ മേളയ്ക്ക്  തുടക്കമാകും.

◾ സംസ്ഥാനത്ത് ഹിന്ദു ഐ എ എസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയതിനെ ചൊല്ലി വിവാദം. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസ് അഡ്മിനായുള്ള ഗ്രൂപ്പ് മണിക്കൂറുകള്‍ക്കുള്ളില്‍ ഡിലീറ്റ് ചെയ്തു. തന്റെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്നും സൈബര്‍ പൊലീസില്‍ പരാതി നല്‍കിയെന്നും ഗോപാലകൃഷ്ണന്‍ വിശദീകരിച്ചു.

◾ തൃശൂര്‍ പൂരത്തിനിടയില്‍ നിയമവിരുദ്ധമായി ആംബുലന്‍സ് ഉപയോഗിച്ചതിന് സിപിഐ തൃശ്ശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നല്‍കിയ പരാതിയില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. രോഗികളെ മാത്രം കൊണ്ടുപോകാന്‍ അനുവാദമുള്ള ആംബുലന്‍സില്‍ യാത്ര ചെയ്തെന്നാണ് എഫ്ഐആറില്‍ പറയുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്.

◾ പൊലീസ് ആസ്ഥാനത്തെ ഡിഐജി സതീഷ് ബിനോയിയോട് മെഡല്‍ പിഴവില്‍ അന്വേഷണം നടത്താന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. ക്വട്ടേഷന്‍ നല്‍കിയതിലെ കാലതാമസം ഉള്‍പ്പെടെ അന്വേഷിക്കും. രണ്ട് വര്‍ഷം മുമ്പ് അക്ഷര തെറ്റ് വന്ന മെഡല്‍ ഭഗവതി ഏജന്‍സി നല്‍കിയിരുന്നു. ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മെഡല്‍ മടക്കിയിരുന്നു. അന്ന് മാറ്റി വച്ച മെഡലുകള്‍ വീണ്ടും നല്‍കിയെന്നാണ് സംശയം. കഴിഞ്ഞ ഭാഷദിനത്തില്‍ വിശിഷ്ട സേവനത്തിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ മെഡലുകളിലാണ് ഗുരുതരമായ അക്ഷര തെറ്റുകള്‍ ഉണ്ടായിരുന്നത്.

◾ കൊടകര കുഴല്‍പ്പണക്കേസില്‍ തനിക്കെതിരെ നുണപ്രചരണം തുടര്‍ന്നാല്‍ ഒരുപാട് കാര്യങ്ങള്‍ പറയേണ്ടിവരുമെന്ന് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. കെ സുരേന്ദ്രന് കള്ളപ്പണക്കാരുമായി ബന്ധമെന്നും ശോഭ സുരേന്ദ്രന്‍ തന്റെ പേര് സിപിഎമ്മുമായി ചേര്‍ത്ത് പറഞ്ഞതില്‍ സഹതാപമെന്നും സതീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 9 കോടി രൂപയാണ് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ വന്നതെന്നും സതീഷ് ആരോപിക്കുന്നു. ആറ് കോടിയെന്ന ധര്‍മ്മരാജന്റെ മൊഴി തെറ്റാണെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.

◾ തൃശ്ശൂരിലെ മുന്‍ ബിജെപി ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. തിരൂര്‍ സതീഷ് സിപിഎമ്മിന്റെ ടൂളാണെന്ന് വിമര്‍ശിച്ച ശോഭ സുരേന്ദ്രന്‍, പറയുന്നത് സതീഷാണെങ്കിലും പ്രവര്‍ത്തിക്കുന്നത് എകെജി സെന്ററാണെന്നും ആരോപിച്ചു. തിരൂര്‍ സതീഷിന്റെ കോള്‍ ലിസ്റ്റ് എടുക്കുമെന്നും വിളിച്ചവര്‍ ആരൊക്കെയെന്ന് സതീഷിനെ കൊണ്ട് പറയിപ്പിക്കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

◾ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രന്‍ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍  കെ സുരേന്ദ്രന്‍. കേന്ദ്ര നേതാക്കള്‍ പങ്കെടുത്ത ആദ്യ യോഗത്തില്‍ തന്നെ നിലപാട് അറിയിച്ചു. എം ടി രമേശും  മത്സരിക്കാന്‍ ഇല്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. പിന്നീടുണ്ടായതെല്ലാം അനാവശ്യ വിവാദങ്ങളെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

◾ കൊടകര കുഴല്‍പ്പണ കേസ് പാലക്കാട് ചര്‍ച്ചയാകില്ലെന്ന ഇടത് മുന്നണി സ്ഥാനാര്‍ത്ഥി സരിന്റെ പരാമര്‍ശം ബിജെപിയെ സഹായിക്കാനെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. കൊടകര ചര്‍ച്ചയായാല്‍ അത് ബാധിക്കുക ബിജെപിയെ ആണ്. ഈ കാര്യം മനസിലാക്കിയാണ് സരിന്‍ കൊടകര ചര്‍ച്ചയാകില്ലെന്നു പറയുന്നത്. സി കൃഷ്ണകുമാര്‍ കൊടകര ചര്‍ച്ചയാകില്ലെന്നു പറഞ്ഞാല്‍ അതില്‍ യുക്തിയുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

◾ മൂന്നു വര്‍ഷത്തിനു ശേഷം കൊടകര കുഴല്‍പ്പണ കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ. സുരേന്ദ്രന് വേണ്ടി കുഴല്‍പ്പണം അയച്ചത് കര്‍ണാടകത്തിലെ ബി.ജെ.പി നേതാവായ ലഹര്‍ സിങ് ആണ്. രാഹുല്‍ ഗാന്ധിയെ അപമാനിച്ച സി.പി.എമ്മും പിണറായി വിജയനും കുഴല്‍പ്പണ കേസ് ബി.ജെ.പിക്കെതിരെ രാഷ്ട്രീയ ആയുധമാക്കാന്‍ പോലും തയാറാകാത്തത് വിസ്മയകരമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

◾ ബിജെപി വിട്ടിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യര്‍. സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും താന്‍ നാട്ടിലെ പ്രവര്‍ത്തകര്‍ക്കൊപ്പം സജീവമാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. അതേ സമയം, സന്ദീപ് വാര്യര്‍ക്ക് എന്‍ഡിഎ കണ്‍വെന്‍ഷന്‍ വേദിയില്‍ കസേര നല്‍കാത്തത് ശരിയായില്ലെന്ന്  ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ പ്രതികരിച്ചു. പക്ഷേ അതുകൊണ്ടൊന്നും സന്ദീപ് പാര്‍ട്ടി വിട്ടുപോകില്ലെന്നും ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു.

◾ സിപിഎമ്മിന്റെ   നയം അംഗീകരിക്കുകയാണെങ്കില്‍ സന്ദീപിനെ സ്വാഗതം ചെയ്യുമെന്ന് സിപിഎം നേതാവ് എന്‍. എന്‍ കൃഷ്ണദാസ്. സന്ദീപ് വാര്യരല്ല, നരേന്ദ്ര മോദി വന്നാലും സ്വീകരിക്കുമെന്നും പക്ഷേ  സന്ദീപിനായി കാത്തിരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി യുമായി ഡീലുള്ളത് കോണ്‍ഗ്രസിനാണെന്നും, തൃശൂരിലെ പോലെ പാലക്കാടും  ഡീലുണ്ടെന്നും അതുകൊണ്ടാണ് ഷാഫിയെ ഇവിടെ നിന്ന് മാറ്റിയതെന്നും കൃഷ്ണദാസ് പറഞ്ഞു.

◾ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ നടക്കുന്ന ഡീലുകള്‍ എത്രയാണെന്ന് എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. ഇരുകൂട്ടരും നേതാക്കളെ വരെ പരസ്പരം വെച്ചുമാറുന്ന അവസ്ഥ നിലനില്‍ക്കെ ജനങ്ങളെ കബളിപ്പിക്കുന്ന പണി അവസാനിപ്പിച്ച് തങ്ങളുടെ സഖ്യം പരസ്യമായി പ്രഖ്യാപിക്കുന്നതാകും നല്ലതെന്നും അദ്ദേഹം പറഞ്ഞു.

◾ ലഹരി കേസ് പ്രതികള്‍ക്കൊപ്പം ഡിവൈഎഫ്ഐ നേതാവ് പിറന്നാള്‍ ആഘോഷിച്ചത് സിപിഎം അന്വേഷിക്കും. അടൂര്‍ ഏരിയ കമ്മിറ്റി രണ്ടംഗ കമ്മീഷനെ അന്വേഷണത്തിന് നിയോഗിക്കും. ഡിവൈഎഫ്ഐ പറക്കോട് മേഖല സെക്രട്ടറി, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന റിയാസ് റഫീക്കിന്റെ പിറന്നാളാണ് പ്രതികള്‍ക്കൊപ്പം ആഘോഷിച്ചത്. കഞ്ചാവ്-എംഡിഎംഎ കേസ് പ്രതികള്‍ക്കൊപ്പമുള്ള പിറന്നാള്‍ ആഘോഷം വിവാദമായ സാഹചര്യത്തിലാണ് നടപടി.

◾ ഫോര്‍ട്ട് കൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ചു. ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. ഫോര്‍ട്ട് കൊച്ചി ജെട്ടിയില്‍ നിന്നും പുറപ്പെട്ട ബോട്ട് 50 മീറ്റര്‍ കഴിഞ്ഞപ്പോഴാണ് ഹൈക്കോടതി ഭാഗത്ത് നിന്നും വന്ന ബോട്ടുമായി കൂട്ടിയിടിച്ചത്. എന്നാല്‍ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചിട്ടില്ലെന്നും ബോട്ടുകള്‍ തമ്മില്‍ ഉരസുക മാത്രമാണ് ചെയ്തതെന്നുമാണ് കെഡബ്ല്യുഎംഎല്ലിന്റെ വിശദീകരണം. ബോട്ടിലുണ്ടായിരുന്ന ചില യൂട്യൂബര്‍മാരാണ് ഇത്തരത്തില്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ പ്രചരിപ്പിച്ചതെന്നും വിശദീകരിക്കുന്നു.

◾ കേന്ദ്രമന്ത്രിയുടെ ഉത്തരങ്ങളെല്ലാം ഹിന്ദിയില്‍ മാത്രമാകുന്നതില്‍ പ്രതിഷേധം വ്യക്തമാക്കി ജോണ്‍ ബ്രിട്ടാസ് എം പി കേന്ദ്ര റെയില്‍വേ സഹമന്ത്രി രവനീത് സിംഗ് ബിട്ടുവിന് മലയാളത്തില്‍ കത്തയച്ചു. ഹിന്ദിയില്‍ മാത്രം ഉത്തരം നല്‍കുന്നത് ബുദ്ധിമുട്ടാണെന്ന ദക്ഷിണേന്ത്യയില്‍ നിന്നുള്ള എം പിമാരുടെ പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് ബ്രിട്ടാസും രംഗത്തെത്തിയിരിക്കുന്നത്. റെയില്‍വേ മന്ത്രാലയത്തില്‍ നിന്നുള്ള ഉത്തരങ്ങളെല്ലാം മന്ത്രി ഹിന്ദിയില്‍ മാത്രം നല്‍കിയാല്‍ പോരെന്നും താങ്കളുടെ മറുപടി കത്തുകള്‍ വായിച്ചു മനസിലാക്കാന്‍ ഇനി ഹിന്ദി ഭാഷ പഠിക്കുക സാധ്യമല്ലെന്നുമാണ് ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കുന്നത്.

◾ കേരളത്തില്‍ അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ വെള്ളിവരെ ഒറ്റപ്പെട്ട ശക്തമായ മഴയായിരിക്കും ലഭിക്കുക എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

◾ വൃഷ്ടി പ്രദേശങ്ങളിലുണ്ടായ കനത്ത മഴയില്‍ നീരൊഴുക്ക് കൂടി മലമ്പുഴ ഡാമിലെ ജലനിരപ്പ് 115.06 മീറ്ററിലെത്തിയതോടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. നാല് സ്പില്‍വേ ഷട്ടറുകള്‍ മൂന്നു സെന്റി മീറ്ററായാണ് ഉയര്‍ത്തിയത്. 2018 നു ശേഷം ആദ്യമായിട്ടാണ് പരമാവധി ജലനിരപ്പില്‍ എത്തുന്നത്.

◾ കനത്ത മഴയില്‍ വെള്ളം കയറി കര്‍ഷകന്റെ 2000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. പ്രദേശത്തെ ആയിരത്തോളം വാഴകളും നശിച്ചു. പോത്തന്‍കോട് അയിരുപ്പാറ മേലേവിള വാര്‍ഡില്‍ പ്രദീപ് കുമാറിന്റെ കോഴിക്കുഞ്ഞുങ്ങളാണ് വെള്ളം കയറി ചത്തത്. 25 ചാക്ക് കോഴി തീറ്റകളും വെള്ളം കയറി നശിച്ചു.കനത്ത മഴയില്‍ സമീപത്തെ നീര്‍ചാലിന് കുറുകെയുള്ള പൈപ്പ് അടഞ്ഞതോടെയാണ് സമീപ പ്രദേശത്ത് മുഴുവന്‍ വെള്ളം കയറിയതെന്നാണ് വിവരം.

◾ മധ്യ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തി. പൊതുജനങ്ങള്‍ വിവിധ ചടങ്ങുകളോടനുബന്ധിച്ചും അല്ലാതെയും ആശ്രയിച്ചു വരുന്ന കാറ്ററിംഗ് യൂണിറ്റുകളെ ബന്ധപ്പെട്ടുണ്ടാകുന്ന ഭക്ഷ്യവിഷബാധകളും അനുബന്ധ പരാതികളും ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് പരിശോധനകള്‍ നടത്തിയത്.

◾ വയനാട് ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ടതെന്ന് കരുതപ്പെടുന്ന ഒരു മൃതദേഹഭാഗം കൂടി കണ്ടെത്തി. പരപ്പന്‍പാറ ഭാഗത്ത് നിന്ന് മരത്തില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹഭാഗം കണ്ടുകിട്ടിയിട്ടുള്ളത്. വീണ്ടും തെരച്ചില്‍ നടത്തണമെന്ന ആവശ്യം ദുരിത ബാധിതര്‍ ഉന്നയിക്കുന്നതിനിടെയാണ് സംഭവം. തെരച്ചില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട സ്ഥലത്ത് നിന്ന് തന്നെയാണ് മൃതദേഹഭാഗം കിട്ടിയിട്ടുള്ളത്.  ഫയര്‍ഫോഴ്സ് സംഘമാണ് മൃതദേഹം കണ്ടെടുത്തത്.

◾ പി പി ദിവ്യ കണ്ണൂര്‍ സര്‍വകലാശാല സെനറ്റില്‍ തുടരുന്നത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. പരാതി ലഭിക്കുന്ന സാഹചര്യത്തില്‍ വിശദീകരണം ചോദിക്കുമെന്നും വ്യക്തിപരമായ വിഷയങ്ങളെ പറ്റി ധാരണയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷേ പരാതി ലഭിച്ചാല്‍ നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

◾ പൊലീസ് പോക്സോ കേസില്‍ പെടുത്തിയെന്നാരോപിച്ച് ഫേയ്സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തശേഷം യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി. വയനാട് പനമരം അഞ്ച്കുന്ന് മാങ്കാനി കോളനിയിലെ രതിന്‍ ആണ് മരിച്ചത്. എന്നാലത് പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനാണ് കേസെടുത്തതെന്നും യുവാവ് അത് പോക്സോ കേസായി തെറ്റിദ്ധരിച്ചതാണെന്നുമാണ് കമ്പളക്കാട് പൊലീസ് വിശദീകരിക്കുന്നനത്.

◾ കോഴിക്കോട് കൊയിലാണ്ടിയില്‍ വീടുകയറി ആക്രമണം. കൊയിലാണ്ടി പന്തലായനി സ്വദേശി ഉണ്ണികൃഷ്ണനെയും കുടുംബത്തെയും ആണ് മൂന്നംഗ സംഘം വീട് കയറി ആക്രമിച്ചത്. പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അക്രമി സംഘത്തില്‍ ഒരാള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്നും പരാതിയുണ്ട്.

◾ സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ ഉമര്‍ ഫൈസി മുക്കത്തിനെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ വിട്ടു വീഴ്ചയില്ലെന്നും  ഉമര്‍ ഫൈസിയുടെ നീക്കങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ദുഷ്ട ലാക്കുണ്ടെന്നും  ഫിറോസ് പറഞ്ഞു.

◾ അന്താരാഷ്ട്ര സുനാമി അവബോധ ദിനമായി ആചരിക്കുന്ന നാളെ ആലപ്പാട് പഞ്ചായത്തില്‍ സുനാമി മോക്ക് ഡ്രില്‍. നാളെ രാവിലെ 10.30 നാണ് മോക്ക്ഡ്രില്‍. സുനാമിയെ നേരിടുന്നതിനുള്ള തീരദേശ സമൂഹങ്ങളുടെ അറിവും പ്രാപ്തിയും ശക്തിപ്പെടുത്തുന്നതിന് വിഭാവനം ചെയ്ത പദ്ധതിയായതിനാല്‍ മോക്ക് ഡ്രില്‍ വേളയില്‍ പ്രദേശവാസികള്‍ പരിഭ്രാന്തരാകരുതെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അറിയിച്ചു.

◾ മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ 33 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും ആരോഗ്യനില ഗുരുതരമല്ല. ഇന്നലെ രാത്രി പത്തരോടെയായിരുന്നു അപകടം. തൊട്ടില്‍പ്പാലത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ പത്തടി താഴ്ചയുള്ള പാടത്തേക്ക് തലകീഴായി മറിയുകയായിരുന്നു. ബസില്‍ 56 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്.

◾ വര്‍ക്കലയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി. ബെംഗളൂരുവിലെ ഐ ടി വിദ്യാര്‍ത്ഥികള്‍ ആണ് തിരയില്‍ പെട്ടത്. തിരയില്‍പെട്ട് കാണാതായ 28 വയസുകാരന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

◾ ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി കാണാതായ തമിഴ്‌നാട്  സേലം സ്വദേശിയായ ലക്ഷ്മണന്റെ (48) മൃതദേഹം കണ്ടെത്തി. ഭാരതപ്പുഴയില്‍ ഇന്നലെ നടത്തിയ തെരച്ചിലിലാണ് വൈകിട്ടോടെ ശുചീകരണ തൊഴിലാളിയായ ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്പ്രസ് ട്രെയിന്‍ തട്ടി ശുചീകരണ തൊഴിലാളികളായ നാലുപേര്‍ മരിച്ചത്. അതേസമയം മരിച്ച നാലുപേരുടെയും കുടുംബങ്ങള്‍ക്ക് മൂന്നുലക്ഷം രൂപ വീതം നല്‍കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉത്തരവിട്ടു.

◾ വിവിധ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രമേയം പാസാക്കി നടന്‍ വിജയിന്റെ തമിഴക വെട്രി കഴകം (ടി.വി.കെ). വഖഫ് നിയമഭേദഗതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, നീറ്റ് പരീക്ഷ എന്നിവയ്‌ക്കെതിരെയാണ് ടി.വി.കെയുടെ പ്രമേയം. പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് പ്രമേയം പാസാക്കിയതെന്ന് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.

◾ പ്രശസ്ത കന്നഡ ചലച്ചിത്ര സംവിധായകന്‍ ഗുരുപ്രസാദിനെ (52) മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരു നഗരത്തിന് വടക്ക് മടനായകനഹള്ളിയിലെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മരണം രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് സംഭവിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്. ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

◾ ലോകത്തിലെ ഏറ്റവും മോശംനിലവാരമുള്ള വായു ഡല്‍ഹിയിലേതെന്ന്  സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്. സ്ഥിതിഗതികള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലും മലിനീകരണ തോത് കുതിച്ചുയരുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുകയാണ്.

◾ ശ്രീനഗറില്‍ ഞായറാഴ്ച ചന്തയ്ക്കിടെ ഭീകരാക്രമണം. ഗ്രനേഡ് ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ലാല്‍ചൗക്കിന് സമീപം ഞായറാഴ്ച നടക്കാറുള്ള ചന്തയ്ക്കിടെയാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരില്‍ ഭൂരിഭാഗവും നാട്ടുകാരാണ്. സിആര്‍പിഎഫിന്റെ വാഹനം പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തിന് സമീപമുള്ള ഉന്തുവണ്ടിയിലാണ് ഭീകരര്‍ ഗ്രേനേഡ്  ഒളിപ്പിച്ചിരുന്നത്. സുരക്ഷാ സേനയെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്.

◾ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്  വധഭീഷണി ലഭിച്ച സംഭവത്തില്‍ യുവതി പിടിയില്‍. ഫാത്തിമ ഖാന്‍ എന്ന 24കാരിയാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ താനെയിലുള്ള ഉല്ലാസ് നഗര്‍ സ്വദേശിയായ യുവതിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. 10 ദിവസത്തിനകം രാജിവെച്ചില്ലെങ്കില്‍ മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിയെപ്പോലെ യോഗി ആദിത്യനാഥും കൊല്ലപ്പെടുമെന്നായിരുന്നു ഭീഷണി.

◾ രാജ്യത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ വ്യാജ ബോംബ് ഭീഷണികള്‍ അയച്ച യുവാവ് അറസ്റ്റില്‍. നാഗ്പൂര്‍ സ്വദേശിയായ ജഗദീഷ് യുകെയെ (35) ആണ് പിടിയിലായത്. വിമാനക്കമ്പനികള്‍ക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കോളുകളിലൂടെയും ഇമെയിലുകളിലൂടെയും നൂറിലധികം വ്യാജ ബോംബ് ഭീഷണികളാണ് ജഗദീഷ് അയച്ചത്. ജഗദീഷിനെ നാഗ്പുരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

◾ ഝാര്‍ഖണ്ഡില്‍ ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ ഭൂമി, മകള്‍, ഭക്ഷണം എന്നിവയ്ക്ക് സംരക്ഷണം ബിജെപി ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. അതാണ് ബിജെപിയുടെ മുദ്രാവാക്യമെന്നും അമിത് ഷാ പറഞ്ഞു. ഝാര്‍ഖണ്ഡിലെ സാന്താള്‍ പര്‍ഗാനയിലെ ഗോത്രവര്‍ഗക്കാരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും ഇതിന് കാരണം നുഴഞ്ഞുകയറ്റക്കാര്‍ പെണ്‍കുട്ടികളെ വശീകരിച്ച് വിവാഹം കഴിക്കുന്നതാണെന്നും അമിത്ഷാ ആരോപിച്ചു.

◾ അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് ഒമാനില്‍ ഇന്ന് മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. ഈ മാസം 17 വരെ ഓണ്‍ലൈനില്‍ രജിസ്ട്രേഷന്‍ ചെയ്യാം. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാനാകും.

◾ സൗദി അറേബ്യയില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയും. സൗദിയുടെ അല്‍ ജൗഫ് പ്രദേശത്ത് കഴിഞ്ഞ ബുധനാഴ്ച മുതല്‍ കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു. ഇന്നലെ ഒരു പ്രദേശമാകെ മഞ്ഞുമൂടി. വരും ദിവസങ്ങളിലും സൗദിയുടെ അല്‍ ജൗഫ് മേഖലയില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

◾ ഇസ്രായേലില്‍ നിന്ന് ഉയരുന്ന ഭീഷണി അതിരുകടക്കുകയാണെങ്കില്‍ ആണവ നയം പുനഃപരിശോധിച്ചേക്കാമെന്ന് ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല ഖമേനിയുടെ ഉപദേഷ്ടാവ് കമാല്‍ ഖരാസി വ്യക്തമാക്കി. ഇറാന് ആയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള കഴിവുണ്ടെന്നും ഭീഷണി ഉയര്‍ന്നാല്‍ ആണവ സിദ്ധാന്തം പരിഷ്‌കരിക്കുമെന്നുമാണ് കമാല്‍ ഖരാസിയുടെ മുന്നറിയിപ്പ്.

◾ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റിക്കെതിരെ പൊരുതിവീണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് മുംബൈ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. സീസണിലെ മൂന്നാം തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ എട്ടു പോയിന്റുമായി പത്താം സ്ഥാനത്തായി. രണ്ടാം വിജയം നേടിയ മുംബൈ ഒന്‍പതു പോയിന്റുമായി ഏഴാം സ്ഥാനത്താണ്..  

◾ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് സമ്പൂര്‍ണ പരാജയം. മൂന്നാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റില്‍ 25 റണ്‍സ് തോല്‍വി വഴങ്ങിയതോടെയാണ് ഇന്ത്യക്ക് സമ്പൂര്‍ണ പരാജയം സംഭവിച്ചത്. മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്നാം ദിനം ലഞ്ചിനുശേഷം 121 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് നാട്ടിലെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങുന്നത്.

◾ ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1,07,366 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എസ്ബിഐയുടെ മാത്രം വിപണി മൂല്യത്തില്‍ 36,100 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. 7,32,755 കോടിയായാണ് എസ്ബിഐയുടെ വിപണി മൂല്യം ഉയര്‍ന്നത്. ഐസിഐസിഐ ബാങ്കിന് 25,775 കോടിയുടെ നേട്ടം ഉണ്ടായി. 9,10,686 കോടിയായാണ് ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം ഉയര്‍ന്നത്. എല്‍ഐസി 16,887 കോടി, റിലയന്‍സ് 15,393 കോടി, ഐടിസി 10,671 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 2,537 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നേട്ടം. അതേസമയം ഇന്‍ഫോസിസ്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ വിപണി മൂല്യത്തില്‍ ഇടിവ് ഉണ്ടായി. ഇന്‍ഫോസിസിന്റെ വിപണി മൂല്യത്തില്‍ മാത്രം ഒരാഴ്ച കൊണ്ട് 38,054 കോടിയുടെ നഷ്ടമാണ് ഉണ്ടായത്.

◾ സൂപ്പര്‍ഹിറ്റായ 'ന്നാ താന്‍ കേസ് കൊട് ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനും സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളും വീണ്ടും ഒന്നിക്കുന്നു. 'ഒരു ദുരൂഹ സാഹചര്യത്തില്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രം അനൗണ്‍സ് ചെയ്തത്. ലിസ്റ്റിന്‍ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കുഞ്ചക്കോ ബോബനൊപ്പം ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം, ജാഫര്‍ ഇടുക്കി, ഷാഹി കബീര്‍, ശരണ്യ രാമചന്ദ്രന്‍, ദിവ്യ വിശ്വനാഥ് എന്നീ താരങ്ങളും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. വയനാട് , തിരുനെല്ലി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ഷൂട്ടിംഗ് ഈ മാസം തന്നെ ആരംഭിക്കും.

◾ മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി വന്ന ചിത്രമാണ് 'ലക്കി ഭാസ്‌കര്‍'. കേരളത്തിലും ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. കേരളത്തില്‍ നിന്ന് മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം നേടിയത് 6.21 കോടി രൂപയാണ്. ആഗോളതലത്തില്‍ ദുല്‍ഖര്‍ ചിത്രം 39.9 കോടി നേടി. തെലുങ്കില്‍ വീണ്ടും നായകനായ ദുല്‍ഖറിന്റെ ചിത്രം ഭാഷാഭേദമന്യേ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ദുല്‍ഖറിന്റെ പ്രകടനം സിനിമയുടെ ആകര്‍ഷണവുമാകുന്നു. അന്യഭാഷയില്‍ മലയാളി താരം നേടുന്ന കളക്ഷന്‍ ദുല്‍ഖറിന്റെ സ്വീകാര്യതയും വ്യക്തമാക്കുന്നതാണെന്നാണ് അഭിപ്രായങ്ങള്‍. വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം നിര്‍വഹിക്കുന്നത് ആണ് ലക്കി ഭാസ്‌കര്‍. മീനാക്ഷി ചൗധരിയാണ് നായികയായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം സിതാര എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ ആണ്.

◾ ഇന്ത്യന്‍ വിപണിയില്‍ ഇതുവരെയുള്ള എല്ലാ വില്‍പ്പന റെക്കോഡുകളും തകര്‍ത്തിരിക്കുകയാണ് ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ്. 2024 ഒക്ടോബറില്‍ കമ്പനി ഒരുലക്ഷം യൂണിറ്റ് ബുള്ളറ്റുകള്‍ വിറ്റു. ഈ പ്രതിമാസ വില്‍പ്പനയോടെ കമ്പനി ചരിത്ര നാഴികക്കല്ല് പിന്നിട്ടു. ആഭ്യന്തര വിപണി നിര്‍മ്മാതാക്കള്‍ കഴിഞ്ഞ മാസം മൊത്തം 1,10,574 മോട്ടോര്‍സൈക്കിളുകള്‍ വിറ്റു. ആഭ്യന്തര വിപണിയില്‍ 1,01,886 യൂണിറ്റുകള്‍ ഉള്‍പ്പെടുന്നു, അതേസമയം ഈ കാലയളവില്‍ 8,688 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. വാര്‍ഷികാടിസ്ഥാനത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് 31 ശതമാനം വളര്‍ച്ച കൈവരിച്ചു. 2023 ഒക്ടോബറില്‍ 84,435 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. ഒക്ടോബര്‍ മാസം 1,00,000 വില്‍പ്പനയുമായി റെക്കോഡുകള്‍ തകര്‍ത്തു.

◾ സൗഹൃദത്തിന്റെ ഊഷ്മളതയും പ്രണയത്തിന്റെ വശ്യതയും മരണത്തിന്റെ വിറങ്ങലിപ്പും ഈകൃതിയിലുണ്ട് . ഇരുള്‍ പരന്ന് മുന്നില്‍ ഒന്നും കാണാത്ത ഒരു സാധാരണക്കാരന്റെ കഥകൂടിയാണിത് .......... അനര്‍ഗ്ഗളമായി ഒഴുകിപ്പോകുന്ന ഭാഷാ വൈഭവത്തില്‍ കൃതഹസ്തനായ എഴുത്തുകാരന്റെ ഭാവഗരിമയാര്‍ന്ന അഞ്ച് നോവലെറ്റുകള്‍. 'എന്റെ പ്രിയ നോവലെറ്റുകള്‍'. സി വി ബാലകൃഷ്ണന്‍. ഒലീവ് പബ്ളിക്കേഷന്‍സ്. വില 252 രൂപ.

◾ ശരീരത്തില്‍ ആവശ്യത്തിലധികം ജലാംശം എത്തിയാല്‍ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ശരീരത്തില്‍ ജലാംശം കൂടുതലാണെന്ന് എങ്ങനെ മനസ്സിലാക്കാം. ജലാംശം അമിതമായാല്‍ ശരീരം ചില സൂചനകള്‍ നല്‍കും. ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, വ്യക്തമായ മൂത്രം (അമിത ജലാംശത്തിന്റെ ആദ്യകാല അടയാളം) തലവേദന, ഓക്കാനം, അല്ലെങ്കില്‍ ആശയക്കുഴപ്പം കൈകളിലോ കാലുകളിലോ മുഖത്തോ വീക്കം എന്നിവ പൊതുവെ കണ്ട് വരുന്ന ചില പ്രശ്‌നങ്ങളാണ്. ചിലരില്‍ അപൂര്‍വമായി വെള്ളം കുടിക്കുന്നതില്‍ അഡിക്ഷനും കണ്ടു വരാറുണ്ട്. ഇലക്ട്രോലൈറ്റ് ബാലന്‍സ് പുനഃസ്ഥാപിക്കുന്നതിന് വെള്ളം കുടിക്കുന്നത് നിര്‍ത്തുകയും അടിയന്തര വൈദ്യസഹായം തേടുകയും ചെയ്യണം. ഗുരുതര സന്ദര്‍ഭങ്ങളില്‍ ശരീരത്തിലെ അധിക ജലം പുറന്തള്ളുന്നതിനായി ഡൈയൂററ്റിക്‌സ് ഉപയോഗിച്ചേക്കാം. സോഡിയം അളവ് ശ്രദ്ധാപൂര്‍വം ശരിയാക്കേണ്ടത് അത്യാവശ്യമാണ്. വളരെ വേഗത്തിലുള്ള തിരുത്തല്‍ സെന്‍ട്രല്‍ പോണ്ടൈന്‍ മൈലിനോലിസിസ് പോലുള്ള അപകടകരമായ സങ്കീര്‍ണതകള്‍ക്ക് ഇവ വഴിവച്ചേക്കാം. കാലാവസ്ഥ, ശാരീരിക പ്രവര്‍ത്തനങ്ങള്‍, മൊത്തത്തിലുള്ള ആരോഗ്യം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് ഒരു വ്യക്തി എത്രമാത്രം വെള്ളം കുടിക്കണമെന്ന് വിലയിരുത്തുന്നത്. എന്നാല്‍ പുരുഷന്മാര്‍ പ്രതിദിനം ഏകദേശം 3.7 ലിറ്റര്‍ വെള്ളവും സ്ത്രീകള്‍ പ്രതിദിനം ഏകദേശം 2.7 ലിറ്റര്‍ വെള്ളവും കുടിക്കാന്‍ ശ്രദ്ധിക്കണം.

*ശുഭദിനം*
*കവിത കണ്ണന്‍*
രണ്ടുവീട്ടുകാരും പരസ്പരം സംസാരിച്ചു വിവാഹത്തിലേക്ക് എത്തുന്ന ആ പെണ്ണകാണല്‍ ചടങ്ങിന് ശേഷം പ്രതിശ്രുതവധു വരന്റെ വീട്ടുകാരെ യാത്രയാക്കാനായി പുറത്തേക്ക് വന്നു.  അപ്പോള്‍ അവള്‍ വരന്റെ ചെരുപ്പാണ് ധരിച്ചിരുന്നത്.  ഇത് കണ്ട് പ്രതിശ്രുതവരന്‍ പറഞ്ഞു. താന്‍ ചെരിപ്പ് തെറ്റിയിട്ടു. അതെന്റെ ചെരിപ്പാണ്.  അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു:  ഞാനീ ചെരിപ്പ് മനഃപൂര്‍വ്വം തന്നെ ഇട്ടതാണ്. ഒരായുസ്സ് മുഴുവന്‍ ഒരുമിച്ച് യാത്രചെയ്യുന്നതിന് മുമ്പ് ഒരടിയെങ്കിലും താങ്കളുടെ ചെരിപ്പിട്ട് എനിക്ക് സഞ്ചരിക്കാനാകുമോ എന്ന് നോക്കിയതാണ്.. അവള്‍ പുഞ്ചിരിച്ചുകൊണ്ട് ചെരിപ്പ് തിരികെ നല്‍കി.  ഒപ്പം നടക്കാനാഗ്രഹിക്കുന്നവര്‍ ആദ്യം പഠിക്കേണ്ടത് അവരായി നടക്കാനാണ്.  പരസ്പരം മനസ്സിലാക്കാതെയും വിശ്വസിക്കാതെയും എത്രനാള്‍ വേണമെങ്കിലും ഒപ്പം നടന്ന് മാതൃകാ ജീവിതം നയിക്കാം.  പക്ഷേ, ഒരു കോലാഹലങ്ങള്‍ പോലും ഉയര്‍ത്താതെ ആ ജീവിതം അങ്ങിനെ അവസാനിക്കും.   എനിക്ക് നിന്നെ മനസ്സിലാകും എന്ന് പറയുന്നതിന് പകരം ഒരിക്കലെങ്കിലും അയാളാകാന്‍ ശ്രമിച്ച് അയാള്‍ സഞ്ചരിച്ച മഴയും വെയിലുകളും അനുഭവിക്കേണ്ടതുണ്ട്.  അപ്പോള്‍ മാത്രമേ ആ ചെരുപ്പിന്റെ പരുക്കന്‍ പ്രകൃതവും അതണിയുമ്പോഴുളള വികാരവും മനസ്സിലാകൂ..  അല്ലെങ്കില്‍ അവനവന്റെ താല്‍പര്യങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകും ഓരോ ജീവിതവും.  നീ ഞാനാകണം എന്നതിനേക്കാള്‍ ഞാന്‍ നീയാകാം എന്ന ചിന്തയ്ക്കാണ് ഒരുമിച്ചുളള യാത്രയ്ക്ക് കൂടുതല്‍ ഭംഗി നല്‍കുന്നത്.. യാത്രകള്‍ തുടരട്ടെ.. - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right