Trending

പ്രഭാത വാർത്തകൾ.

2024  നവംബർ 30  ശനി 
1200  വൃശ്ചികം 15  വിശാഖം 
1446  ജ:അവ്വൽ 27
   
◾ തെറ്റായ രേഖ ചമച്ച് അനര്‍ഹര്‍ പെന്‍ഷന്‍ പറ്റിയ സംഭവം ഗുരുതരമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സംഭവത്തില്‍ ഉള്‍പ്പെട്ട ആളുകളോട് വിശദീകരണം തേടുമെന്നും തെറ്റായ കാര്യം ചെയ്തവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ കാര്യങ്ങള്‍ ആര് ചെയ്താലും അവരെ അംഗീകരിക്കില്ല എന്ന നിലപാടല്ലേ സംഘടനകള്‍ സ്വീകരിക്കേണ്ടതെന്നും മന്ത്രി ചോദിച്ചു.

◾ കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണമുന്നയിച്ച് ടിവി പ്രശാന്തന്‍ പരാതി നല്‍കിയിരുന്നോ എന്ന വിവരാവകാശ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കിയില്ലെന്ന് റിപ്പോര്‍ട്ട്. ഇരിക്കൂര്‍ മണ്ഡലം മുസ്ലിം ലീഗ് നേതാവ് ടി എന്‍ ഖാദര്‍ നല്‍കിയ വിവരാവകാശ അപേക്ഷയാണ് തള്ളിയത്. പരാതിയുടെ കൃത്യമായ കാലയളവില്ലാതെ മറുപടി നല്‍കാന്‍ കഴിയില്ല എന്നാണ് വിശദീകരണം.

◾ മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് കൊല്ലം ക്രൈം ബ്രാഞ്ച് എസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്. എസ്പിക്ക് കീഴിലുള്ള സംഘത്തെ അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാമെന്നാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ ഉത്തരവ്.

◾ മല്ലു ഹിന്ദു ഓഫീസേര്‍സ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ സസ്പെന്‍ഷനിലുള്ള ഐ.എ.എസ് ഓഫീസര്‍ കെ ഗോപാലകൃഷ്ണന് കുറ്റാരോപണ മെമ്മോ നല്‍കി. ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് ഗുരുതര കുറ്റങ്ങള്‍ ആരോപിച്ച് മെമ്മോ നല്‍കിയത്. സംസ്ഥാനത്തെ ഐ എ എസ് ഓഫീസര്‍മാര്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിച്ചു, അനൈക്യത്തിന്റെ വിത്തുകള്‍ പാകി, ഓള്‍ ഇന്ത്യ സര്‍വീസ് കേഡറുകള്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യം തകര്‍ക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് മെമ്മോയില്‍ ആരോപിക്കുന്നത്. മെമ്മോയ്ക്ക് 30 ദിവസത്തിനുള്ളില്‍ കെ ഗോപാലകൃഷ്ണന്‍ മറുപടി നല്‍കണം.

◾ സിപിഎം തരംതാഴ്ത്തിയ പാലക്കാട്ടെ നേതാവ് പി.കെ ശശിക്കെതിരെ മണ്ണാര്‍ക്കാട് ഏരിയ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. ശശിയുടെ നിലപാടുകള്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് വോട്ട് കുറയാന്‍ ഇടയാക്കിയെന്നും, മുസ്ലീം ലീഗ് ഭരിക്കുന്ന അരിയൂര്‍ ബാങ്കിലെ അഴിമതി പുറത്തു കൊണ്ടുവരുന്നതില്‍ വീഴ്ച പറ്റിയെന്നും, ശശിയും ഭരണ സമിതിയും തമ്മിലുള്ള ബന്ധമാണ് ഇതിന് കാരണമായതെന്നും സിപിഎം പാലക്കാട് ജില്ലാ സെകട്ടറി ഇ എന്‍ സുരേഷ് ബാബു പ്രസംഗത്തില്‍ പറഞ്ഞു.

◾ ഡിജിറ്റല്‍ സര്‍വകാലാശാല വൈസ് ചാന്‍സലറായി സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി നിരസിച്ചു. നിയമനം ചോദ്യം ചെയ്തുളള ഹര്‍ജി ഫയലില്‍ സ്വീകരിച്ച സിംഗിള്‍ ബെഞ്ച് പിന്നീട് പരിഗണിക്കാനായി മാറ്റി. സാങ്കേതിക സര്‍വകലാശാലയ്ക്ക് വിസി യെ നിയമിച്ചത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലും  കോടതി സ്റ്റേ ആവശ്യം തളളിയിരുന്നു. സര്‍വകലാശാലകള്‍ക്ക് വൈസ് ചാന്‍സലര്‍മാര്‍ ഇല്ലാതിരിക്കുന്നത് നല്ലതല്ല എന്നായിരുന്നു കോടതി  നിരീക്ഷണം .

◾ സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ കാവിവത്കരണം നടപ്പാക്കുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.ഗവര്‍ണര്‍ക്കെതിരെ പ്രത്യക്ഷ സമരത്തിന് സിപിഎം നേതൃത്വം നല്‍കും. സര്‍വ്വകലാശാലകളില്‍ തുടങ്ങി പൊതു സമൂഹത്തില്‍ വരെ ഗവര്‍ണറുടെ ചെയ്തികള്‍ തുറന്ന് കാണിക്കും വിധം ആശയ പ്രചാരണത്തിന് രൂപം നല്‍കുമെന്നും എം. വി ഗോവിന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

◾ ഹേമ കമ്മറ്റിയോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ക്കെതിരെയുള്ള നടി മാല പാര്‍വതിയുടെ ഹര്‍ജിയില്‍ നോട്ടീസ് അയക്കുന്നതിനെ എതിര്‍ത്ത് ഡബ്ല്യുസിസി. സുപ്രീം കോടതിയില്‍ നടി നല്‍കിയ ഹര്‍ജി അപ്രസക്തമാണെന്നും ഡബ്ല്യുസിസി വ്യക്തമാക്കി. ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സംഘടന അപേക്ഷ നല്‍കി. ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്നായിരുന്നു നടി മാലാ പാര്‍വതിയുടെ പ്രതികരണം.

◾ കരുനാഗപ്പള്ളിയില്‍ കുലശേഖരപുരം ലോക്കല്‍ സമ്മളനത്തിലുണ്ടായ സംഘര്‍ഷത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തെറ്റായ പ്രവണതകള്‍ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ല. തെറ്റ് ഉണ്ടാകുന്നതല്ല അത് കൈകാര്യം ചെയ്യുന്നത് എങ്ങനെ എന്നതാണ് പ്രധാനം. സംഘടനാ തലത്തില്‍ തന്നെ നടപടി ഉറപ്പാക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

◾ കരുനാഗപ്പള്ളിയിലെ സിപിഎം വിഭാഗീയതയുടെ പശ്ചാത്തലത്തില്‍ സിപിഎം സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇന്ന് ജില്ലയിലെത്തും. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റും ജില്ലാ കമ്മറ്റിയും യോഗം ചേരുമെന്നും വിമതരുമായി ചര്‍ച്ച നടത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍.

◾ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദിന്റെ  മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പൊലീസിന്റെ റിപ്പോര്‍ട്ട് തേടി. തമ്മനത്തെ ഫ്ലാറ്റില്‍ നിന്ന്  രാസലഹരിയുമായി യുവാക്കളെ കസ്റ്റഡിയിലെടുത്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി തൊപ്പി എന്ന നിഹാദ് കോടതിയെ സമീപിച്ചത്. കേസ് അടുത്തമാസം നാലിന് പരിഗണിക്കും.

◾ എരഞ്ഞിപ്പാലം ലോഡ്ജില്‍ മലപ്പുറം വെട്ടത്തൂര്‍ പട്ടിക്കാട് സ്വദേശി ഫസീല കൊല്ലപ്പെട്ട കേസില്‍   പ്രതി പിടിയില്‍. തൃശ്ശൂര്‍ തിരുവില്ലാമല സ്വദേശി അബ്ദുള്‍ സനൂഫ് ചെന്നെയില്‍ നിന്നാണ് പിടിയിലായത്.  കോഴിക്കോട് നിന്നുള്ള പൊലീസ് സംഘം അബ്ദുള്‍ സനൂഫിനെ കസ്റ്റഡിയിലെടുത്തു.

◾ കോഴിക്കോട്  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒ പി ടിക്കറ്റിന് ഡിസംബര്‍ ഒന്ന് മുതല്‍ പത്ത് രൂപ ഫീസ് ഈടാക്കും. ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിന്റേതാണ് തീരുമാനം. മെഡിക്കല്‍ കോളേജ് ആശുപത്രി, ഐഎംസിഎച്ച്, ഡെന്റല്‍ കോളേജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളില്‍ ഒ പി ടിക്കറ്റ് നിരക്ക് ബാധകമാണ്.

◾ പതിനൊന്ന് മാസമായി ശമ്പളം കിട്ടാത്തതിന്റെ വിഷമത്തില്‍  സംസ്ഥാന സര്‍ക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനിയിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാക്കനാട് കാളങ്ങാട്ട് റോഡ് കൈരളി നഗറില്‍ താമസിക്കുന്ന പി ഉണ്ണിയാണ് മരിച്ചത്. 54 വയസായിരുന്നു. 11 മാസമായി ശമ്പളം കിട്ടാത്തതിന്റെ വിഷമത്തിലായിരുന്നുവെന്നും ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നും ജീവനക്കാരും കുടുംബവും ആരോപിച്ചു.

◾ പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സഹപാഠി അറസ്റ്റില്‍. ആലപ്പുഴ നൂറനാട് സ്വദേശിയാണ് അറസ്റ്റിലായത്. 18 വയസും ആറ് മാസവുമാണ് പ്രതിയുടെ പ്രായം. വിദ്യാര്‍ത്ഥിനിയുടെ മരണത്തിലെ കുറ്റസമ്മതമൊഴിയാണ് അറസ്റ്റിലേക്ക് നയിച്ചത്. വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

◾ പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിക്ക്  പിഴവുണ്ടായെന്ന് സുപ്രീം കോടതി. ഓരോ പ്രതിയുടേയും പങ്ക് പ്രത്യേകം പരിഗണിക്കണമായിരുന്നുവെന്നും 17 പ്രതികള്‍ക്ക് ഒരുമിച്ച് ജാമ്യം അനുവദിച്ചതില്‍ പിഴവ് പറ്റിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജാമ്യത്തിനെതിരെ എന്‍ഐഎ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി പ്രതികള്‍ക്ക് നോട്ടീസയച്ചു.

◾ ആണ്‍സുഹൃത്തിന്റെ വീട്ടില്‍ കടന്നുകയറിയ ഭര്‍തൃമതിയായ യുവതി കിടപ്പുമുറിയിലെത്തി ഫാനില്‍ തൂങ്ങിമരിച്ചു. മുട്ടത്തറ കല്ലുമ്മൂട് പുതുവല്‍ പുത്തന്‍വീട്ടില്‍ പരേതരായ രാമചന്ദ്രന്റെയും കുമാരിയുടെയും മകള്‍ കെ. സിന്ധു(38) ആണ് മരിച്ചത്. യുവതിയുടെ ആണ്‍സുഹ്യത്ത് അരുണ്‍ വി. നായരുടെ വീട്ടില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. അവിവാഹിതനായ അരുണ്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ നീക്കം നടത്തുന്നുവെന്നറിഞ്ഞതിന്റെ പ്രകോപനത്തിലാണ് യുവതി വീട്ടില്‍ കടന്നുകയറി മുറിയ്ക്കുളളില്‍ മരിച്ചതെന്ന് പൂന്തുറ പോലീസ് പറഞ്ഞു. സ്‌കൂളില്‍ ഒരുമിച്ച പഠിച്ചിരുന്ന സിന്ധുവും അരുണും പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍വെച്ച് കണ്ടുമുട്ടിയതോടെയാണ് സൗഹൃദത്തിലായത്.

◾ കോണ്‍ഗ്രസ്, രാജ്യത്തെ പൗരന്മാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രോഷത്തിന്റെ പുറത്ത് രാജ്യത്തിനെതിരേ ഗൂഢാലോചന നടത്തുന്നതിന്റെ തിരക്കിലാണ് അവരെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരുടെ, നുണകളുടെയും അപവാദങ്ങളുടെയും കട 50-60 കൊല്ലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ അവര്‍ പ്രചാരണം ശക്തിപ്പെടുത്തിയിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍, ഇത്തരം ആളുകളുടെ പ്രവൃത്തികളും ഉദ്ദേശ്യങ്ങളും പ്രബുദ്ധരായ പൗരന്മാര്‍ക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും, രാജ്യത്തെയും ഭരണഘടനയെയും സ്‌നേഹിക്കുന്നവര്‍ക്കും വലിയ വെല്ലുവിളിയായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

◾ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഫിന്‍ജാല്‍ ചുഴലിക്കാറ്റായി മാറി. ഇന്ന് ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ കരതൊടുമെന്നാണ് വിവരം. തമിഴ്നാട്ടിലും പുതുച്ചേരിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ചെന്നൈ അടക്കം വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

◾ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ കനത്ത ജാഗ്രത. ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങളാണ് റദ്ദാക്കിയത്. ചെന്നൈ അടക്കം 6 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബീച്ചുകളിലും അമ്യൂസ്മെന്റ് പാര്‍ക്കുകളിലും പൊതുജനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുതെന്നും വാരാന്ത്യത്തില്‍ വിനോദ പരിപാടികള്‍ സംഘടിപ്പിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ഫിന്‍ജാല്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ രാഷ്ട്രപതിയുടെ ഇന്നത്തെ പരിപാടിയും റദ്ദാക്കിയിട്ടുണ്ട്.

◾ വിവാഹം കഴിക്കാന്‍ തയ്യാറായില്ല എന്നതുകൊണ്ടുമാത്രം ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി. കുറ്റാരോപിതന്‍ തന്റെ പ്രവൃത്തികളിലൂടെ മരിച്ചയാള്‍ക്ക് ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന സാഹചര്യം സൃഷ്ടിച്ചാല്‍ മാത്രമേ കുറ്റം നിലനില്‍ക്കുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.

◾ സൗരോര്‍ജ കരാറിന് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ അദാനി ഗ്രൂപ്പിനെതിരേ യു.എസ് അഴിമതിക്കുറ്റം ചുമത്തിയതില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇത് സംബന്ധിച്ച് അമേരിക്കയുമായി ഒരാശയവിനിമയവും നടന്നിട്ടില്ലെന്ന് മന്ത്രാലയ വക്താവ് രണ്‍ദീര്‍ ജയ്‌സ്വാള്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

◾ മഹാരാഷ്ട്രയിലെ മഹായുതി സര്‍ക്കാരിന്റെ രൂപവത്കരണ ചര്‍ച്ചകള്‍ വഴിമുട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നലെ നടക്കാനിരുന്ന മഹായുതി നേതാക്കളുടെ കൂടിക്കാഴ്ച അവസാന നിമിഷം മാറ്റി. മുന്‍മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ അപ്രതീക്ഷിതമായി ദില്ലിയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചതോടെയാണ് ചര്‍ച്ച മാറ്റിവെച്ചത്.

◾ മഹാരാഷ്ട്ര, ഹരിയാന  തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ പുനസംഘടനക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. തോല്‍വി പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടികള്‍ തുടങ്ങുമെന്ന് ദില്ലിയില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. തോല്‍വിയില്‍ കൂട്ടുത്തരവാദിത്തമാണ് ഉള്ളതെന്നും  പാര്‍ട്ടിയുടെ ഉണര്‍വിനായി കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വരുമെന്നും പ്രവര്‍ത്തക സമിതിയില്‍ നടത്തിയ ആമുഖ പ്രസംഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും വ്യക്തമാക്കി.

◾ ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദുസമൂഹത്തിനുനേര്‍ക്ക് അക്രമസംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ രാജ്യത്തെ ഗൗരവതരമായ ആശങ്ക അറിയിച്ച് ഇന്ത്യ. മാധ്യമങ്ങളുമായി നടത്തുന്ന പ്രതിവാര കൂടിക്കാഴ്ചയിലാണ് ബംഗ്ലാദേശിനെ ആശങ്ക അറിയിച്ച വിവരം വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

◾ ചിന്മയി കൃഷ്ണദാസ് അടക്കം 17 ഹിന്ദു നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് ബംഗ്ലാദേശ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്. മുഴുവന്‍ സാമ്പത്തിക ഇടപാടുകളുടെയും രേഖകള്‍ പരിശോധിക്കാനും തീരുമാനമായി. അതേസമയം ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അക്രമം വ്യാപകമാകുകയാണ്. കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് കൃഷ്ണദാസ് നിലവില്‍ ചിറ്റഗോങില്‍ ജയിലിലാണ്.

◾ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷും ചൈനയുടെ ഡിങ് ലിറനും ഏറ്റുമുട്ടുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ നാലാം പോരാട്ടത്തില്‍ സമനില. ഇതോടെ ഇരുവരുടെയും പോയിന്റ് നില 2-2 ആയി.

◾ ചാമ്പ്യന്‍സ് ട്രോഫി വേദി സംബന്ധിച്ച ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ നിര്‍ണായക യോഗം തീരുമാനമാവാതെ പിരിഞ്ഞു. 20 മിനിറ്റുമാത്രമാണ് യോഗം നീണ്ടുനിന്നത്. ഹൈബ്രിഡായി ടൂര്‍ണമെന്റ് നടത്തുന്നതിനെതിരായ നിലപാടില്‍ പാകിസ്താന്‍ ഉറച്ചുനില്‍ക്കുകയാണ്.

◾ ഐസിസി ചാമ്പ്യന്‍സ് ട്രോഫി വേദിയുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നോട്ടുവെച്ച ഹൈബ്രിഡ് മാതൃക പ്രയോഗികമെന്ന് ഐസിസി ബോര്‍ഡ് അംഗങ്ങള്‍. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടത്തുന്നതിനോട് ബോര്‍ഡ് അംഗങ്ങള്‍ യോജിപ്പ് പ്രകടിപ്പിച്ചതോടെ ഐസിസിയില്‍ പാകിസ്ഥാന്‍ ഒറ്റപ്പെട്ട നിലയിലാണ്. പാകിസ്താനോട് നിലപാട് അറിയിക്കാന്‍ ഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വഴങ്ങിയില്ലെങ്കില്‍ ടൂര്‍ണമെന്റ് പാകിസ്ഥാനില്‍ നിന്ന് മാറ്റുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഐസിസി പരിഗണിച്ചേക്കും.

◾ ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളുടെ ഏറ്റവും പുതിയ പട്ടിക ഫോര്‍ബ്‌സ് പുറത്തുവിട്ടു. 1.3 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കുള്ള ലക്സംബര്‍ഗ് ആണ് ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നില്‍ ഏഷ്യന്‍ രാജ്യമായ സിംഗപ്പൂരാണ്. മക്കാവു ആണ് ലോക രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. അയര്‍ലണ്ട് നാലാമതും ഖത്തര്‍ അഞ്ചാമതുമായി ഇടംപിടിച്ചപ്പോള്‍ നോര്‍വെയാണ് ആറാം സ്ഥാനത്ത്. സ്വിറ്റ്സര്‍ലണ്ട് എഴാം സ്ഥാനത്തും ബ്രൂണൈ എട്ടാം സ്ഥാനത്തുമുള്ള പട്ടികയില്‍ അമേരിക്കയാണ് ഒമ്പതാമതായി ഇടംപിടിച്ചിട്ടുള്ളത്. ഡെന്‍മാര്‍ക്കിനാണ് പത്താം സ്ഥാനം. ലോക ശക്തികളില്‍ അമേരിക്കയാണ് പട്ടികയില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച ഏക രാജ്യമെന്നതും ശ്രദ്ധേയമാണ്. പ്രതിശീര്‍ഷ  ജി ഡി പിയാണ് വലിയ രാജ്യങ്ങളെ പട്ടികയില്‍ പിന്നിലാക്കാന്‍ കാരണം. 200 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് 129 -ാം സ്ഥാനമാണുള്ളത്. ലോകത്തെ ഏറ്റവും ദരിദ്രരാജ്യമായ സൗത്ത് സുഡാന്‍ ആണ് പട്ടികയിലെ 200 -ാം സ്ഥാനത്തുള്ളത്.

◾ തമിഴ് സൂപ്പര്‍ താരം ദളപതി വിജയ്യുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധായകനാവുന്നു. ജേസണ്‍ സഞ്ജയ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ സുബാസ്‌കരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് യുവതാരം സന്ദീപ്  കിഷന്‍. ഒരു മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. മോഷന്‍ പോസ്റ്ററിലൂടെ ചിത്രത്തിന്റെ സംവിധായകന്‍, നായകന്‍, സംഗീത സംവിധായകന്‍, എഡിറ്റര്‍ എന്നിവയെല്ലാം ആരെന്നു പുറത്ത് വിടുകയായിരുന്നു. 2025 ജനുവരിയോടെ ഈ പ്രോജക്ടിന്റെ ചിത്രീകരണം ആരംഭിക്കാനാണ് പ്ലന്‍ ചെയ്യുന്നത്.

◾ മലയാള സിനിമ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തുന്ന തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'തുടരും' എന്ന ചിത്രം. മോഹന്‍ലാലിന്റെ കരിയറിലെ 360-ാം ചിത്രമാണിത്. ചിത്രത്തില്‍ ജോഡികളായി എത്തുന്ന ശോഭനയുടെയും മോഹന്‍ലാലിന്റെയും പോസ്റ്റര്‍ പുറത്തുവിട്ടു. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. ഈ ചിത്രം വൈറലായതിന് പിന്നാലെ പഴയ നാടോടിക്കാറ്റിലെ 'വൈശാഖ സന്ധ്യേ' എന്ന ഗാനത്തിലെ രംഗമാണ് ഇതിനൊപ്പം വൈറലായി കൊണ്ടിരിക്കുന്നത്. രണ്ട് ചിത്രത്തിനും ഇടയില്‍ 37 കൊല്ലത്തെ വ്യത്യാസം. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

◾ മിനി കൂപ്പറിന്റെ പുതുമുഖം കൂപ്പര്‍ എസ് സ്വന്തമാക്കി മലയാളത്തിലെ യുവ താരനിരയില്‍ ശ്രദ്ധേയയായ സാനിയ അയ്യപ്പന്‍. ഓഷ്യന്‍ വേവ് ഗ്രീന്‍ എന്ന ഷെയ്ഡ് ആണ് പുതുവാഹനത്തിനായി സാനിയ തിരഞ്ഞെടുത്തിരിക്കുന്നത്. എറണാകുളത്തെ മിനി ഇ വി എം ഓട്ടോക്രാഫ്റ്റില്‍ നിന്ന് വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലും പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്. ഏകദേശം 57.49 ലക്ഷം രൂപയാണ് കൂപ്പര്‍ എസിനു വില വരുന്നത്. 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനു കരുത്തുപകരുന്നത്. 201 ബി എച്ച് പി യാണ് പവര്‍, 300 എന്‍ എം ആണ് പരമാവധി ടോര്‍ക്ക്. 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്. നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 6.7 സെക്കന്‍ഡുകള്‍ മാത്രം മതിയാകും. പെര്‍ഫോമന്‍സില്‍ മാത്രമല്ല, മൈലേജിലും ഈ കുഞ്ഞന്‍ കാര്‍ ഒട്ടും പുറകിലല്ല. ലീറ്ററിനു 16.58 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്നത്.

◾ സ്‌നേഹവും കരുണയും നന്മയും ധൈര്യവും ബുദ്ധിയുമെല്ലാമെല്ലാമുള്ള ഒരു മിടുക്കിക്കുട്ടിയായി നീലു എന്ന നീലാംബരി മാറുന്നതിന്റെ കൗതുകക്കാഴ്ചകളാണ് ഈ പുസ്തകം. ഏതേതു മേഖലയിലും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന പുത്തന്‍ലോകത്തെ ധീരമായി നേരിടുന്നതിനും വളര്‍ച്ചയുടെ വഴികളില്‍ കാത്തിരിക്കുന്ന പ്രതിസന്ധികളെ തരണംചെയ്യുന്നതിനും ചുറ്റുമുള്ള പ്രകൃതിയെക്കുറിച്ച് അറിവു നേടുന്നതിനും നേരായ മാര്‍ഗ്ഗത്തിലൂടെ ജീവിതവിജയം നേടുന്നതിനുമെല്ലാം കൊച്ചുകുട്ടികളെ പ്രാപ്തരാക്കാന്‍ സഹായിക്കുന്ന രചന. പ്രസിദ്ധ എഴുത്തുകാരി വി.കെ. ദീപയുടെ ബാലസാഹിത്യനോവല്‍.  നീലാംബരി സി. IV -B. മാതൃഭൂമി. വില 119 രൂപ.

◾ മഞ്ഞുകാലത്ത് മിക്കയാളുകളും നേരിടുന്ന പ്രശ്നം ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നതാണ്. ചുണ്ടിലെ ചര്‍മം ശരീരത്തിലെ മറ്റ് ഭാഗത്തെ ചര്‍മത്തെക്കാള്‍ നേര്‍ത്തതാണ്. ചുണ്ടിലെ ചര്‍മത്തില്‍ വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍ വഴികളില്ല. എന്നാല്‍ ചിലര്‍ നാവ് കൊണ്ട് ചുണ്ട് നനയ്ക്കുന്ന ശീലമുണ്ട്. ഇത് ചുണ്ടുകള്‍ കൂടുതല്‍ ഉണങ്ങാന്‍ കാരണമാക്കും. നമ്മുടെ ചര്‍മത്തിന്റെ പിഎച്ച് ലെവല്‍ 4.5 ആണ്. അതേസമയം ഉമിനീരിന്റെ പിഎച്ച് ലെവല്‍ എട്ടിന് മുകളിലാണ്. അതിനാല്‍ നാവ് കൊണ്ട് ചുണ്ടു നനയ്ക്കുന്നത് താല്‍ക്കാലിക ആശ്വാസമാകുമെങ്കിലും പിന്നീട് ചുണ്ടുകള്‍ വരണ്ടു പോകാന്‍ കാരണമാകും. ചുണ്ടിലെ നനവ് നിലനിര്‍ത്താന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിപൊടിക്കൈകളുണ്ട്. ചുണ്ടുകളിലെ മോയ്‌സ്ച്വര്‍ നിലനിര്‍ത്താന്‍ വെളിച്ചെണ്ണ പുരട്ടുന്നത് സഹായിക്കും. ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍ ഏറ്റവും നല്ലതാണ് വെള്ളരിക്കാനീര്. ദിവസവും രാവിലെയും രാത്രിയും ഉറങ്ങുന്നതിനു മുമ്പ് വെള്ളരിക്കാനീരും റോസ് വാട്ടറും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിനു നിറം നല്‍കാനും വരള്‍ച്ച തടയാനും സഹായിക്കും. ചുണ്ടിലെ വരള്‍ച്ച മാറ്റാന്‍ ഉപയോഗിക്കാവുന്ന മറ്റൊന്നാണ് നെയ്യ്. രാത്രി ഉറങ്ങുന്നതിനു മുന്‍പും അല്‍പം നെയ്യ് ചുണ്ടില്‍ പുരട്ടുന്നത് വരണ്ട് പൊട്ടുന്നതു തടയാന്‍ സഹായിക്കും. വരണ്ട ചര്‍മം ഒഴിവാക്കാന്‍ ദിവസവും റോസ് വാട്ടര്‍ ഉപയോഗിക്കാം. ഒലിവ് ഓയിലും റോസ് വാട്ടറും ചേര്‍ത്ത് പുരട്ടുന്നത് ഇരട്ടിഫലം നല്‍കും. ഇത് ദിവസവും രണ്ടു നേരം പുരട്ടാം. ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. രാത്രി ഉറങ്ങുന്നതിന് മുമ്പ് ലിപ് ബാം പുരട്ടുക. രാവിലെ ചുണ്ടുകള്‍ വരണ്ടിരിക്കാതിരിക്കാന്‍ ഇത് സഹായിക്കും. രാവിലെ പല്ല് തേച്ചതിന് ശേഷം ചുണ്ടുകളിലെ ഡെഡ് സ്‌കിന്‍ നീക്കം ചെയ്യാന്‍ ചുണ്ടുകള്‍ മൃദുവായി ബ്രഷ് ചെയ്യുന്നത് മൃതകോശങ്ങള്‍ നീക്കാന്‍ സഹായിക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ ഉള്‍ഗ്രാമത്തില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ ദൂരെ നാട്ടില്‍ പഠിക്കാനായി പോകുന്നത്.  അവിടെ നിന്നും ഉയര്‍ന്ന മാര്‍ക്കുമായാണ് അവന്‍ തിരിച്ച് ഗ്രാമത്തിലെത്തിയത്. പക്ഷേ അവന്‍ നേടിയ മാര്‍ക്കും വാങ്ങിയ മെഡലുകളൊന്നും ആരും ശ്രദ്ധിച്ചതേയില്ല.  അവനാകെ സങ്കടമായി.  അവന്‍ ഈ വിവരം തന്റെ കൂട്ടുകാരനോട് പറഞ്ഞു.  കൂട്ടുകാരന്‍ ചോദിച്ചു:  നിന്റെ ഗ്രാമത്തില്‍ സുലഭമായി കിട്ടാത്തതും എന്നാല്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതുമായ സാധനമെന്താണ്?  ഏത്തപ്പഴം അവന്‍ പറഞ്ഞു. കൂട്ടുകാരന്റെ നിര്‍ദ്ദേശപ്രകാരം പിറ്റേദിവസം അവന്‍ ഗ്രാമത്തിലേക്ക് ഒരു കാളവണ്ടി നിറയെ ഏത്തപ്പഴവുമായാണ് വന്നത്.  അവന്‍ എല്ലാവരോടും പറഞ്ഞു: ഇത് എന്റെ പഠനത്തിന് ഒന്നാം സ്ഥാനം നേടിയതിന് എനിക്ക് കിട്ടിയ സമ്മാനമാണ്.  ഇത് കണ്ട് ആ നാട് മുഴുവന്‍ അവന് വലിയ സ്വീകരണം നല്‍കി.  വില അറിയുന്നവര്‍ക്ക് മാത്രമേ വിലപ്പെട്ടതെന്തെന്ന് തിരിച്ചറിയാനാകൂ. ഒരു കാര്യം പങ്ക് വെക്കുമ്പോള്‍ അതിന്റെ സാരാംശം ഉള്‍ക്കൊളളാന്‍ കഴിയുന്നവരോട് മാത്രം പങ്ക് വെക്കുക.  അല്ലാത്തവര്‍ക്കെല്ലാം ഒന്നുകില്‍ പരിഹാസമോ അല്ലെങ്കില്‍ പുച്ഛവുമായിരിക്കും.  - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right