Trending

സായാഹ്ന വാർത്തകൾ.

29-11-2024

◾ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍ദേശം നല്‍കി. പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ അനുവദിച്ചു നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നടപടി സ്വീകരിക്കാന്‍ ഭരണ വകുപ്പുകള്‍ക്കാണ് ധനമന്ത്രി നിര്‍ദേശം നല്‍കിയത്.

◾ ബിജെപിയുടെ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് ഇരിഞ്ഞാലക്കുട അഡീഷണല്‍  സെഷന്‍സ് കോടതി അനുമതി നല്‍കി. ബിജെപി നേതാക്കള്‍ ബിജെപി ഓഫീസുമായി കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടത്തി എന്നുള്ളതാണ് സതീഷിന്റെ വെളിപ്പെടുത്തല്‍. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ഈ കേസില്‍ സാക്ഷികള്‍ മാത്രമാണ.് എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ബിജെപിയുടെ ഓഫീസ് സെക്രട്ടറി ആയിരുന്ന തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തല്‍.

◾ കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് പശുക്കളെ തെരയാന്‍ വനത്തിലേക്ക് കയറിപ്പോയി കാണാതായ മൂന്ന് സ്ത്രീകളും തിരിച്ചെത്തി. പാറുക്കുട്ടി, മായ ജയന്‍, ഡാര്‍ലി സ്റ്റീഫന്‍ എന്നിവരെയാണ് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ കാണാതായത്. ആറ് കിലോമീറ്റര്‍ ദൂരത്തായി അറക്കമുത്തി ഭാഗത്തു നിന്നാണ് ഇവരെ കണ്ടെത്തിയതെന്നും സ്ത്രീകളുടെ ആരോഗ്യാവസ്ഥ പ്രശ്നമില്ലെന്നും ഡിഎഫ്ഒ അറിയിച്ചു. ആനയെ കണ്ട് ഭയന്നാണ് വനത്തിനുള്ളില്‍ വഴിതെറ്റിയതെന്നും രാത്രി ഉറങ്ങിയില്ലെന്നും എഴുന്നേറ്റിരുന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

◾ വിദ്യാഭ്യാസരംഗം കാവിവല്‍ക്കരിക്കാനുള്ളള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഇടനിലക്കാരനായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനു മുന്നില്‍ പ്രാര്‍ത്ഥിച്ച് ചുമതലയേല്‍ക്കുന്നവരില്‍ നിന്നും ഇതേ പ്രതീക്ഷിക്കുന്നുള്ളൂവെന്നും നിലവില്‍ വിസി ഇല്ലാതിരിക്കുമ്പോള്‍ നേരിടുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി ആലോചിച്ചാണ് കോടതി നിയമനം സ്റ്റേ ചെയ്യാതിരുന്നതെന്നും മന്ത്രി പറഞ്ഞു.

◼️
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട്  പ്രത്യേക അന്വേഷണ സംഘം ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. ഒരു തെറ്റുപറ്റി എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി നേരത്തെ പുറത്ത് വന്നിരുന്നു. അതേസമയം തെറ്റുപറ്റി എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴിക്കെതിരെ നവീന്‍ ബാബുവിന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു.  മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി പി ദിവ്യയെ രക്ഷിക്കാന്‍ കളക്ടര്‍ കൂട്ട് നില്‍ക്കുകയാണെന്നായിരുന്നു ആരോപണം.

◾ സിപിഎം കുലശേഖരപുരം ലോക്കല്‍ സമ്മേളനത്തിലെ സംഘര്‍ഷത്തിന് പിന്നാലെ കരുനാഗപ്പള്ളിയില്‍ സിപിഎം വിമതരുടെ പ്രതിഷേധ പ്രകടനം. തൊടിയൂര്‍, ആലപ്പാട്, കുലശേഖരപുരം സൗത്ത് ഉള്‍പ്പടെ അഞ്ച് ലോക്കല്‍ കമ്മറ്റിയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സമ്മേളനത്തില്‍ പുതിയ നേതൃ പാനല്‍ അവതരിപ്പിച്ചതിലെ എതിര്‍പ്പാണ് പ്രതിഷേധത്തിനിടയാക്കിയത്. അഴിമതിക്കാരായവരെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്ന് മാറ്റണമെന്ന ആവശ്യമുയര്‍ത്തിയാണ് പ്രതിഷേധം. പി.ഉണ്ണി മാറിയപ്പോള്‍ എച്ച്എ സലാം സെക്രട്ടറിയായത് ഗോവന്ദച്ചാമിക്ക് പകരം അമീറുല്‍ ഇസ്ലാം വന്നതിന് സമമാണെന്ന പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രവര്‍ത്തകര്‍ നിരത്തില്‍ ഇറങ്ങിയത്.

◾ ശബരിമലയില്‍ ആദ്യ 12 ദിവസത്തെ വരുമാനത്തിന്റെ കാര്യത്തില്‍ ഇക്കുറി വലിയ വര്‍ധനവുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. കഴിഞ്ഞ വര്‍ഷം ആദ്യ 12 ദിവസത്തെ വരുമാനം  നാല്‍പത്തി ഏഴ് കോടി രൂപയായിരുന്നു. എന്നാല്‍ ഇത്തവണ ആദ്യ 12 ദിവസം അറുപത്തി മൂന്ന് കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്.

◾ ശബരിമല മണ്ഡലമഹോത്സവുമായി ബന്ധപ്പെട്ട് ദീര്‍ഘദൂര സര്‍വീസ്, നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് എന്നിവയ്ക്കായി പമ്പ ബസ് സ്റ്റേഷനിലേക്കായി മാത്രം കെ എസ് ആര്‍ ടി സി അനുവദിച്ചത് 200 ബസുകള്‍. മറ്റ് ഡിപ്പോകളില്‍ നിന്നുള്ള ഓപ്പറേഷനുകള്‍ക്ക് പുറമെയാണിത്. കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന  സ്ഥലത്തേക്ക്   പ്രത്യേക ചാര്‍ട്ടേഡ് ബസ് സര്‍വീസും ലഭ്യമാണ്.

◾ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി  മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പി സരിനെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇന്ന് രാവിലെ തിരുവനന്തപുരത്ത് എകെജി സെന്ററിലെത്തിയ സരിനെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എകെ ബാലനും ചുവപ്പ് ഷാളണിയിച്ച് സ്വീകരിച്ചു. സരിന്‍ സംഘടനാ തലത്തില്‍ പ്രവര്‍ത്തിക്കുമെന്നും, പാര്‍ട്ടി സ്വതന്ത്രന്‍ പാര്‍ട്ടിയിലായെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

◾ നടനും നിര്‍മാതാവും സംവിധായകനുമായ സൗബിന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി പ്രാഥമിക കണ്ടെത്തല്‍. മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണീ കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് നടന്‍ സൗബിന്‍ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും.

◾ വയലിനിസ്റ്റ് ബാലഭാസ്‌കറിനെ കൊന്നത് തന്നെയാണെന്നും മകന്റെ മരണത്തില്‍ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും അച്ഛന്‍ ഉണ്ണി.  ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍ മുമ്പും പല കേസുകളിലെ പ്രതിയായിരുന്നുവെന്നും അപകടത്തിന് ശേഷമാണ് ഈ കേസുകളെ കുറിച്ച് അറിയുന്നതെന്നും അര്‍ജുന്റെ അറസ്റ്റോടെ കൊലപാതകമെന്ന സംശയം ബലപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. സിബിഐ യും സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.  

◾ സ്വര്‍ണകവര്‍ച്ച കേസില്‍ ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലായെങ്കിലും ഇതിന് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണ കേസുമായി ബന്ധമില്ലെന്ന് പൊലീസ്. പെരിന്തല്‍മണ്ണയില്‍ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്ന കേസിലാണ് ബാലഭാസ്‌ക്കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍ അറസ്റ്റിലായത്.

◾ അറബിക്കടലില്‍ ഇന്ത്യ - ലങ്ക നാവിക സേനകളുടെ സംയുക്ത ഓപ്പറേഷനില്‍ വന്‍ ലഹരിവേട്ട. 500 കിലോ ലഹരി മരുന്നാണ് സംയുക്ത ഓപ്പറേഷനില്‍ പിടിച്ചെടുത്തത്. 9 പേരെയും കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്തു. രണ്ട് ലങ്കന്‍ ബോട്ടുകളില്‍ നിന്നാണ് ലഹരിമരുന്ന് പിടിച്ചത്. ഇവരെ ലങ്കന്‍ നാവികസേനയ്ക്ക് കൈമാറി.

◾ ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്ന് നടി മാലാ പാര്‍വതി. തങ്ങള്‍ക്ക് ഉണ്ടായ ദുരനുഭവമാണ് മൊഴിയായി നല്‍കിയതെന്നും  കേസിന് താല്‍പര്യമില്ലെന്ന് അന്നേ പറഞ്ഞതാണെന്നും റിപ്പോര്‍ട്ടില്‍ പേരുപോലും വരരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും മാലാ പാര്‍വ്വതി പറഞ്ഞു. ഹേമ കമ്മറ്റിയോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് നടി.

◾ തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തില്‍  പെണ്‍കുട്ടികളുടെ ഗ്രൂപ്പ് ഡാന്‍സിന്റെ വിധി നിര്‍ണയത്തിന് എതിരെ പ്രതിഷേധം. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. വഴുതക്കാട് കാര്‍മല്‍ സ്‌കൂളിനായിരുന്നു ഒന്നാം സ്ഥാനം. ഇതിനെതിരെ കോട്ടണ്‍ഹില്‍ സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ്  പ്രതിഷേധിച്ചത്. പ്രതിഷേധം രൂക്ഷമായതോടെ ജഡ്ജിമാര്‍ ഓടി മുകളിലെ മുറിയില്‍ കയറി വാതിലടച്ചു. കുട്ടികളും അധ്യാപകരും മൂന്നു മണിക്കൂറോളം മുറിക്കു മുന്നില്‍ കുത്തിയിരുന്ന് പ്രഷേധിച്ചു. പൊലീസ് എത്തിയാണ് ജഡ്ജിമാരെ മാറ്റിയത്.

◾ ആലപ്പുഴയില്‍ വൈകല്യങ്ങളുമായി നവജാത ശിശു പിറന്ന സംഭവത്തില്‍ അന്വേഷണത്തിനായി ആരോഗ്യവകുപ്പ് പ്രതിനിധികളെത്തി.  ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ വി. മീനാക്ഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ആലപ്പുഴ കടപ്പുറം ആശുപത്രിയില്‍ ഗര്‍ഭകാലചികിത്സ തേടിയ കുഞ്ഞിന്റെ അമ്മ ആശുപത്രിയുടെ അനാസ്ഥയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഏഴുതവണ സ്‌കാനിങ് നടത്തിയിട്ടും കുഞ്ഞിന്റെ ഗുരുതരമായ വൈകല്യങ്ങള്‍ കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ലെന്നാണ് പരാതി.

◾ തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് തുടക്കമായി. ഹൈക്കോടതി മാര്‍ഗനിര്‍ദേശമനുസരിച്ചാണ് ക്ഷേത്രത്തിലെ ആന എഴുന്നളളത്ത് നടത്തുന്നത്. 15 ആനകളാണ് ശീവേലിക്ക് അണിനിരന്നത്. ഈ 15 ആനകളേയും മൂന്ന് മീറ്റര്‍ അകലത്തില്‍ നിര്‍ത്താന്‍ വനംവകുപ്പ് സ്ഥലത്തെത്തി മാര്‍ക്ക് ചെയ്തിരുന്നു.

◾ അട്ടപ്പാടിയില്‍ നിന്ന് ഇന്നലെ രാവിലെ മുതല്‍  കാണാതായ വനം വകുപ്പ് വാച്ചറെ കണ്ടെത്തി. ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ മുരുകനെയാണ് ജോലി കഴിഞ്ഞ് മടങ്ങവേ കാണാതായത്. നടക്കാന്‍ കഴിയാത്തതിനാല്‍ വനമേഖലയില്‍ കഴിച്ചുകൂട്ടിയെന്ന് മുരുകന്‍ പറഞ്ഞു. തച്ചമല വാരത്ത് നിന്നാണ് വാച്ചറെ കണ്ടെത്തിയത്.

◾ എകെജി സെന്റര്‍ മുന്‍ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് പുലിപ്പാറ സ്വദേശിയായ ബാബുവാണ് മരിച്ചത്. 4 മാസം മുമ്പ് ബാബുവിനെ എകെജി സെന്ററിലെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു.

◾ കോഴിക്കോട് മേപ്പയ്യൂരില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കൊയിലാണ്ടി മുത്താമ്പിപുഴയില്‍ നിന്നുമാണ് മേപ്പയ്യൂര്‍ സ്വദേശി സ്നേഹയുടെ (25) മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം യുവതി പുഴയില്‍ ചാടിയെന്ന് സംശയമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തിയിരുന്നു.

◾ ആലപ്പുഴ ചേര്‍ത്തലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചേര്‍ത്തല നെടുമ്പ്രക്കാട് സ്വദേശികളായ നവീന്‍, ശ്രീഹരി എന്നിവരാണ് മരിച്ചത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

◾ ബംഗാള്‍ ഉള്‍ക്കടലില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്നലെ രാത്രി പിന്‍വലിച്ച ചുഴലിക്കാറ്റ് മുന്നറിയിപ്പാണ് ഇപ്പോള്‍ വീണ്ടും പുറപ്പെടുവിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം അടുത്ത മണിക്കൂറുകളില്‍ ചുഴലിക്കാറ്റായി മാറുമെന്നാണ് അറിയിപ്പ്.

◾ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന് പിന്നാലെ തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ മുന്നറിയിപ്പ്. ചില ജില്ലകളില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, ചെങ്കല്‍പേട്ട്, കടലൂര്‍ എന്നിവിടങ്ങളിലാണ് ഇന്ന് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി. പുതുച്ചേരിയില്‍ ഇന്നും നാളെയും അവധിയായിരിക്കും.

◾ ശിവഗിരി മഠം സംഘടിപ്പിക്കുന്ന 3 ദിവസത്തെ ലോക സര്‍വമതസമ്മേളനത്തിന് വത്തിക്കാനില്‍ ഇന്ന് തുടക്കം. ശ്രീനാരായണഗുരു ആലുവയില്‍ 100 വര്‍ഷം മുന്‍പു സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ചാണ് പരിപാടി. മത സൗഹാര്‍ദം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം. നാളെ ഫ്രാന്‍സിസ് മാര്‍പാപ്പ ആശീര്‍വാദ പ്രഭാഷണം നിര്‍വഹിക്കും. വത്തിക്കാനിലെ വിവിധ മതപ്രതിനിധികള്‍ സംബന്ധിക്കും.

◾ തമിഴ്നാട്ടില്‍ ബിജെപി, അണ്ണാ ഡിഎംകെ നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ബിജെപി പുതുക്കോട്ട ജില്ലാ ട്രഷററും വ്യവസായിയുമായ മുരുഗാനന്ദത്തിന്റെയും അണ്ണാ ഡിഎംകെ ഭാരവാഹികളായ രണ്ട് സഹോദരങ്ങളുടെയും വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന. 2021ലെ അണ്ണാ ഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് എല്‍ഇഡി വിളക്കുകള്‍ക്ക് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ കള്ളപ്പണ ആരോപണം ഉയര്‍ന്നിരുന്നു.

◾ മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനം ബി ജെ പി നേതാവ് ദേവന്ദ്ര ഫഡ്നവീസിന് തന്നെ ലഭിക്കുമെന്ന് സൂചന. മുഖ്യമന്ത്രിയായി ഫട്നാവിസ് വരുന്നതിനെ ഏകനാഥ് ഷിന്‍ഡെ എതിര്‍ത്തിട്ടില്ലെന്നാണ് വിവരം. മഹാരാഷ്ട്രയിലെ മന്ത്രിസഭ ചര്‍ച്ച വഴിമുട്ടിയത് മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച് തര്‍ക്കത്തിലാണെന്നും അമിത് ഷായും ഏക്‌നാഥ് ഷിന്‍ഡെയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഷിന്‍ഡെ 3 ആവശ്യങ്ങള്‍ ഷായുടെ മുന്നില്‍ വെച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

◾ കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന സൂചനയുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കുടിയേറ്റ വിഷയത്തിലടക്കം മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം പാര്‍ഡോയുമായി ട്രംപ് ചര്‍ച്ച നടത്തി. മെക്സിക്കന്‍ അതിര്‍ത്തിയിലൂടെ അമേരിക്കയിലേക്കുള്ള കുടിയേറ്റം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ക്ലോഡിയ ഷെയ്ന്‍ബോം സമ്മതിച്ചതായി ട്രംപ് അറിയിച്ചു.  

◾ സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി 57,000ന് മുകളില്‍ എത്തി. ഇന്ന് 560 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,000 കടന്നത്. 57,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 7160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവില രണ്ടു ദിവസത്തിനിടെ 1800 രൂപ ഇടിഞ്ഞിരുന്നു. തുടര്‍ന്ന് ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഇന്ന് ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇടിയുന്നതാണ് കണ്ടത്. 14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

◾ യു.എ.ഇ ദേശീയ ദിനത്തില്‍ വരിക്കാര്‍ക്കായി വമ്പന്‍ സൗജന്യവുമായി ഗള്‍ഫിലെ പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ 'ഡു'. രാജ്യത്തിന്റെ 53-ാം വാര്‍ഷിക ദിനത്തില്‍ 53 ജിബി ഡാറ്റയാണ് വരിക്കാര്‍ക്ക് സൗജന്യമായി നല്‍കുന്നത്. ഡിസംബര്‍ നാലു വരെ വിവിധ ഓഫറുകള്‍ നല്‍കുമെന്ന് കമ്പനി വക്താവ് ദുബൈയില്‍ അറിയിച്ചു. പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് വരിക്കാര്‍ക്ക് വ്യത്യസ്ത ഓഫറുകളാണുള്ളത്. ഡു വരിക്കാരായ പ്രവാസികള്‍ക്ക് ഇത് അപ്രതീക്ഷിത സമ്മാനമാകും. പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് ലഭിക്കുന്ന 53 ജിബി സൗജന്യ ഡാറ്റക്ക് ഒരാഴ്ചത്തെ കാലാവധിയാണ് ഉള്ളത്. അതേസമയം പ്രീപെയ്ഡ് വരിക്കാര്‍ക്ക് ഇതിന് ഡിസംബര്‍ 31 വരെ വാലിഡിറ്റിയുണ്ടാകും. ഡു വരിക്കാര്‍ക്ക് എസ്.എം.എസിലൂടെയാണ് ഓഫര്‍ ലഭിക്കുക. സൗജന്യ ഡാറ്റ ലഭിക്കുന്ന രീതി വിശദീകരിക്കുന്ന എസ്.എം.എസ് സന്ദേശം എല്ലാ വരിക്കാര്‍ക്കും അയക്കുമെന്ന് കമ്പനി അറിയിച്ചു. ഈ സന്ദേശത്തിലുള്ള വിവരങ്ങള്‍ക്കനുസരിച്ച് മറുപടി നല്‍കുന്നതോടെ സൗജന്യ ഡാറ്റ ആക്ടീവാകും.  

◾ തമിഴ് സിനിമാസ്വാദകരും അജിത്ത് ആരാധകരും പ്രതീക്ഷയോടെ കാത്തിരുന്ന 'വിഡാമുയര്‍ച്ചി'യുടെ ടീസര്‍ റിലീസ് ചെയ്തു. ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമാട്ടോഗ്രാഫിയും ചേര്‍ന്നെത്തിയ ടീസര്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാകുമിതെന്നാണ് സൂചന നല്‍കുന്നത്. ഹോളിവുഡ് ടച്ചിലാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ചിത്രം 2025 പൊങ്കല്‍ ദിനത്തില്‍ തിയറ്ററുകളില്‍ എത്തും. മഗിഴ് തിരുമേനി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന വിഡാമുയര്‍ച്ചി ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. തടം, കലഗ തലൈവന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് മഗിഴ് തിരുമേനി.  തൃഷയാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ റെഗിന കസാന്‍ഡ്ര മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിനും ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സൗത്തിനും സാറ്റലൈറ്റ് റൈറ്റ്സ് സണ്‍ ടിവിയ്ക്കുമാണ്.

◾ ഗൗരി ലക്ഷ്മി പാടിയ 'ദേശക്കാരന്‍' എന്ന സിനിമയിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. തിറയാട്ടം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രമാണ് 'ദേശക്കാരന്‍'. 18 തിറയാട്ട ക്കോലങ്ങള്‍ സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. തിറയാട്ടവും തെയ്യവും പൂര്‍ണ്ണമായും പശ്ചാത്തലത്തില്‍ വരുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ദേശക്കാരന്‍.  ചിത്രത്തിലെ 'കോലം വരുന്നുണ്ടേ' എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഗാനത്തിന്റെ സംഗീതം, സംവിധാനം, നിര്‍മ്മാണം: നിഖില്‍ പ്രഭ. വരികള്‍ ഡോ.അജയ്കുമാര്‍ ബാബുവിന്റേതാണ്. ഡോ.അജയ്കുമാര്‍ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ നിര്‍മ്മാണം തവരക്കാട്ടില്‍ പിക്ചേഴ്സ് ബാനറില്‍ അനില്‍ ബാബുവാണ്.  ടി.ജി രവി ,വിജയന്‍ കാരന്തൂര്‍, ചെമ്പില്‍ അശോകന്‍, ശ്രീജിത്ത് കൈവേലി, ഗോപിക അനില്‍, പ്രിയ ശ്രീജിത്ത്, രമാ ദേവി, മാസ്റ്റര്‍ അസ്വന്‍ ആനന്ദ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

◾ ഇന്ത്യയില്‍ 2022 നവംബറില്‍ പുറത്തിറങ്ങിയ ഇന്നോവ ഹൈക്രോസ് രണ്ടു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം വില്‍പന നടത്തി. ഇന്നോവ ഹൈക്രോസില്‍ 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം സ്‌ട്രോങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റവും ഉള്‍പ്പെടുത്തിയിരുന്നു. ഇതു രണ്ടും ചേര്‍ന്ന് 184ബിഎച്ച്പി കരുത്താണ് വാഹനത്തിന് നല്‍കുന്നത്. ഇസിവിടി ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഹൈബ്രിഡ് സംവിധാനത്തിന്റെ കൂടി സഹായത്തില്‍ ലീറ്ററിന് 23.34 കീലോമീറ്റര്‍ ഇന്ധനക്ഷമതയും ഈ എംപിവിക്ക് ലഭിക്കുന്നുണ്ട്. ഹൈബ്രിഡ് സംവിധാനമില്ലാത്തെ 2.0 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിന്‍ മാത്രമായും ഹൈക്രോസ് ടൊയോട്ട പുറത്തിറക്കുന്നുണ്ട്. ഈ മോഡല്‍ 173 ബിഎച്ച്പി കരുത്തും പരമാവധി 209 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. സിവിടി ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്. ഇന്ധനക്ഷമത ലീറ്ററിന് 16.13 കീലോമീറ്റര്‍. 7 സീറ്റര്‍ 8 സീറ്റര്‍ മോഡലുകളിലെത്തുന്ന ഇന്നോവ ഹൈക്രോസിന് 19.77 ലക്ഷം മുതല്‍ 30.98 ലക്ഷം രൂപ വരെയാണ് വില.

◾ മഞ്ഞുമലയ്ക്കുള്ളില്‍നിന്ന് നിധി കണ്ടെടുക്കുന്ന വീരനെന്ന ബുദ്ധിമാനായ കീരി, കിളിത്തൂവലൊട്ടിച്ച് വേഷംമാറിയ വവ്വാല്‍, ടിഷര്‍ട്ടു ധരിച്ചു നടന്ന പരിഷ്‌കാരിയായ കുരങ്ങനും സോക്‌സിട്ടു നടന്ന കുറുക്കനും, മുറിഞ്ഞുപോയ വാല്‍ തിരഞ്ഞുനടക്കുന്ന ജിക്കുപ്പല്ലി, ഗര്‍ജ്ജിക്കാത്ത ബീലു സിംഹം, പെയിന്റടിച്ച് നിറം
മാറിയ കിച്ചുക്കാക്ക, പാട്ടുകാരിയാകാന്‍ കൊതിച്ച പിങ്കുത്തവള... പിന്നെ, സിനുനോള്‍, ആലീസ്, വിനു, മിയ... തുടങ്ങി, മൃഗങ്ങളും പക്ഷികളും മനുഷ്യരുമെല്ലാം ചേര്‍ന്ന് രൂപംകൊള്ളുന്ന, കുട്ടികള്‍ക്കുള്ള ഗുണപാഠങ്ങള്‍ രസകരമായി വിളക്കിച്ചേര്‍ത്ത കൊച്ചുകഥകളുടെ വിസ്മയലോകം. സന്തോഷ് വള്ളിക്കോടിന്റെ കുട്ടിക്കഥകളുടെ സമാഹാരം. 'വെളിച്ചത്തിലേക്കു പറക്കുന്ന കഥകള്‍'. മാതൃഭൂമി. വില 119 രൂപ.

◾ ഏതു പ്രായക്കാരെയും ബാധിക്കാവുന്ന ഗുരുതരമായ രോഗാവസ്ഥയാണ് പ്രമേഹം. പ്രാരംഭഘട്ടത്തില്‍ ശരീരം നല്‍കുന്ന ചില സൂചനകള്‍ അവഗണിക്കുന്നത് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ പ്രമേഹത്തെ നേരത്തെ തിരിച്ചറിയാം. ഈ 5 ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം. പിസിഒഎസ് ഉള്ള സ്ത്രീകള്‍ക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. പിസിഒഎസ് എന്ന ഹോര്‍മോണ്‍ അവസ്ഥ ശരീരത്തില്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനം തടസപ്പെടുത്തുന്നു. ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകുന്നു. പിസിഒഎസ് ഉള്ള സ്ത്രീകളില്‍ 70 ശതമാനം വരെ ഇന്‍സുലിന്‍ പ്രതിരോധം ഉണ്ടായേക്കാമെന്നാണ് കരുതുന്നത്. മൂത്രനാളിയിലെ അണുബാധ അഥവാ യൂറിനറി ഇന്‍ഫക്ഷന്‍ പതിവാകുന്നത് പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ്. രക്തത്തില്‍ പഞ്ചസാരയുടെ അളവു ഉയരുന്നത് നിരവധി ബാക്ടീരിയകള്‍ക്ക് വളരാന്‍ അനുയോജ്യമാകുന്നു. ഇത് ആവര്‍ത്തിച്ചുള്ള അണുബാധയ്ക്ക് കാരണമാകുന്നു. സ്ത്രീകളിലെ ആര്‍ത്തവ ചക്രത്തെയും പ്രമേഹം ബാധിക്കാം. പ്രമേഹം ഹോര്‍മോണ്‍ നിയന്ത്രണത്തെയും ഇന്‍സുലിന്‍ സംവേദനക്ഷമതയെയും ബാധിക്കാമെന്നതിനാല്‍ ക്രമരഹിതമായ ആര്‍ത്തവത്തിനോ രക്തസ്രാവം കൂടാനോ കാരണമായേക്കാം. പ്രമേഹം ഉണ്ടെങ്കില്‍ യോനിയില്‍ വരള്‍ച്ച സംഭവിക്കാം. ഉയര്‍ന്ന രക്തത്തിലെ പഞ്ചസാര യോനിയിലെ രക്തക്കുഴലുകള്‍ക്ക് കേടുവരുത്തും. ഇത് ലൂബ്രിക്കേഷന്റെ അഭാവത്തിലേക്ക് നയിക്കുന്നു. തല്‍ഫലമായി, ചില സ്ത്രീകള്‍ക്ക് ലൈംഗികബന്ധം വളരെ വേദനാജനകമായി മാറുന്നു. പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ് അമിതമായ ദാഹം അനുഭവപ്പെടുന്നത്. പോളിഡിപ്‌സിയ എന്നാണ് ഈ അവസ്ഥയെ അറിയപ്പെടുന്നത്. ഇത് സ്ത്രീകള്‍ക്ക് മാത്രമുള്ള ലക്ഷണമല്ല. പക്ഷേ സ്ത്രീകള്‍ക്ക് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം ഈ ലക്ഷണങ്ങള്‍ ഗര്‍ഭാവസ്ഥയിലോ ആര്‍ത്തവസമയത്തോ കൂടുതല്‍ രൂക്ഷമാകാം.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 84.51, പൗണ്ട് - 107.40. യൂറോ - 89.31, സ്വിസ് ഫ്രാങ്ക് - 95.91, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.02, ബഹറിന്‍ ദിനാര്‍ - 224.19, കുവൈത്ത് ദിനാര്‍ -274.91, ഒമാനി റിയാല്‍ - 219.51, സൗദി റിയാല്‍ - 22.49, യു.എ.ഇ ദിര്‍ഹം - 23.01, ഖത്തര്‍ റിയാല്‍ - 23.21, കനേഡിയന്‍ ഡോളര്‍ - 60.33.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right