Trending

സായാഹ്ന വാർത്തകൾ

28-11-2024

◾ വയനാടില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ലോക്സഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് പ്രിയങ്ക സത്യവാചകം ചൊല്ലിയത്. കേരള സാരി അണിഞ്ഞ് പാര്‍ലമെന്റിലെത്തിയ പ്രിയങ്കയെ വലിയ ആഘോഷത്തോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരവേറ്റത്. ഇന്ന് രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ നടന്നത്. രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തെ മറികടന്ന് നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വയനാട്ടില്‍ പ്രിയങ്കയുടെ കന്നിവിജയം.

◾ സംസ്ഥാനത്തെ വിവിധ പദ്ധതികള്‍ക്കായി 1,059 കോടി രൂപ അനുവദിച്ച് കേന്ദ്രം. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ ഉള്‍പ്പെടെയുള്ളവയ്ക്കുള്ള തുക 50 വര്‍ഷത്തെ പലിശരഹിത വായ്പയാണ് അനുവദിച്ചത്. കേരളം നേരത്തെ ആവശ്യപ്പെട്ട പ്രകാരമുള്ള തുകയാണ് അനുവദിച്ചതെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചു.

◾ ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ വീണ്ടും വിശദമായ അന്വേഷണത്തിന് പൊലീസ്. കോട്ടയം ജില്ലാ പൊലീസ് മേധാവി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട്, വ്യക്തത ഇല്ലെന്ന കാരണത്താല്‍ ഡിജിപി മടക്കിയിരുന്നു. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ധാരണാപത്രം ഉണ്ടായിരുന്നോ, ചോര്‍ന്നത് ഡിസിവുക്‌സില്‍ നിന്നെങ്കില്‍ അതിന് പിന്നിലെ ഉദേശ്യമെന്ത് എന്നീ കാര്യങ്ങളില്‍ വ്യക്തത വേണമെന്നാണ് ആവശ്യം.

◾ സംസ്ഥാന വഖഫ് ബോര്‍ഡിന്റെ കാലാവധി ഹൈക്കോടതി താല്‍ക്കാലികമായി നീട്ടി. ഡിസംബര്‍ 14ന് ആണ് 12 അംഗ ബോര്‍ഡിന്റെ സമയ പരിധി അവസാനിക്കുന്നത്. പരമാവധി നാലുമാസമോ അല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ അംഗങ്ങള്‍ ചുമതലയേല്‍ക്കുന്നത് വരെയോ ആണ് ദീര്‍ഘിപ്പിച്ച് നല്‍കിയത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം. അഞ്ച് വര്‍ഷമാണ് സാധാരണ നിലയില്‍ വഖഫ് ബോര്‍ഡിന്റെ കാലാവധി.

◾ ശബരിമല പതിനെട്ടാം പടിയില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഫോട്ടോയെടുത്ത സംഭവം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. മനഃപൂര്‍വ്വമായിരിക്കില്ലെങ്കിലും അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ശബരിമലയില്‍ അഭിനന്ദനാര്‍ഹമായ കാര്യങ്ങള്‍ പൊലീസ് ചെയ്യുന്നുണ്ടെന്നും ഭക്തരുടെ സുരക്ഷിത തീര്‍ത്ഥാടനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

◾ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. നവീന്‍ ബാബുവിന്റെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് ഹര്‍ജി തീര്‍പ്പാക്കിയത്.

◾ ക്ഷേമ പെന്‍ഷനില്‍ കൈയിട്ടുവാരിയവരെ കണ്ടെത്താന്‍ സംസ്ഥാന ധനവകുപ്പ്. പെന്‍ഷന്‍ കൈപ്പറ്റുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷണം കഴിഞ്ഞാലുടന്‍ വകുപ്പ് തല നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. പെന്‍ഷന്‍ കൈപറ്റിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിടില്ലെന്നും പട്ടികയില്‍ കയറിപ്പറ്റിയ അനര്‍ഹരെ കണ്ടെത്താന്‍ അന്വേഷണസംഘത്തെ നിയോഗിച്ചുവെന്നും ധനകാര്യ വകുപ്പ് പ്രതികരിച്ചു.

◾ നെടുമ്പാശ്ശേരിയില്‍ പുതിയ റെയില്‍വേ സ്റ്റേഷന്‍ നടപ്പിലാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് ബെന്നി ബഹനാന്‍ എംപി കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് നേരില്‍ കണ്ട് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. നെടുമ്പാശ്ശേരിയില്‍ അത്യാധുനിക സൗകര്യത്തോടു കൂടിയ റെയില്‍വേ സ്റ്റേഷന്‍ അനിവാര്യമാണെന്നും അത് നടപ്പിലാക്കാനുള്ള നടപടികള്‍ മന്ത്രാലയം കൈക്കൊള്ളണമെന്നും എംപി മന്ത്രിയോട് ആവശ്യപ്പെട്ടു.

◾ ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കോടതി വിധി മറികടക്കാന്‍ ആവശ്യമായ ചട്ടഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് സിപിഐ നേതാവ് വി.എസ്.സുനില്‍ കുമാര്‍. കോടതി വിധി നടപ്പിലാക്കിയാല്‍ പൂരങ്ങള്‍ നടത്താന്‍ പറ്റാത്ത സാഹചര്യമുണ്ടാകുമെന്നും ഈ പ്രതിസന്ധി ചെറുതാക്കി കാണരുതെന്നും അദ്ദേഹം പറയുന്നു.

◾ ഹൈകോടതിയുടെ ആന എഴുന്നള്ളിപ്പ് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദേശം അപ്രായോഗികമെന്ന് മന്ത്രി കെ രാജന്‍ .കോടതി നടത്തിയ വിവിധ നിരീക്ഷണങ്ങളോടു യോജിക്കാനാവില്ലെന്നും പൂരത്തിന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ കേള്‍ക്കാതെയാണ് കോടതിയുടെ നിര്‍ദ്ദേശമെന്നും മന്ത്രി പറഞ്ഞു. ചട്ട ഭേദഗതി വേണോ മറ്റെന്തെങ്കിലും കാര്യങ്ങള്‍ വേണോ എന്ന കാര്യത്തില്‍ നിയമവിദഗ്ധരുമായി കൂടിയാലോചന അനിവാര്യമാണെന്നും പൂരം അതിന്റെ എല്ലാ സൗകര്യങ്ങളോടും നടത്തണമെന്നതാണ് സര്‍ക്കാരിന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

◾ കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരളാ ബാങ്ക് ജീവനക്കാരുടെ സംസ്ഥാന വ്യാപകമായുള്ള ത്രിദിന പണിമുടക്ക് ആരംഭിച്ചു. ഇന്നും നാളേയും മറ്റന്നാളുമാണ് പണിമുടക്ക്. ബാങ്കിന്റെ സംസ്ഥാനത്തെ 823 ശാഖകളിലെയും ഹെഡ്ഡ് ഓഫീസിലെയും റീജണല്‍ ജില്ലാ ഓഫീസുകളിലെയും ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്

◾ പാമ്പുകടിയേറ്റുള്ള മരണംകുറയ്ക്കാന്‍ സംസ്ഥാനത്തെ എല്ലാ കുടുംബാരോഗ്യകേന്ദ്രങ്ങളിലും പ്രതിവിഷം ലഭ്യമാക്കും.അഞ്ചുവര്‍ഷത്തിനകം പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. 'ദുരന്തനിവാരണ അതോറിറ്റി, ആരോഗ്യം, തദ്ദേശ സ്വയംഭരണം, റവന്യു, മൃഗസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ചാണ് വനംവകുപ്പ് പദ്ധതി നടപ്പാക്കുന്നത്.  

◾ സംസ്ഥാന ടൂറിസം വകുപ്പ് നിര്‍ദ്ദേശിച്ച രണ്ട് ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം അനുമതി നല്‍കിയതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. 59.71 കോടി രൂപയുടെ കൊല്ലം ബയോഡൈവേഴ്സിറ്റി ആന്റ് റിക്രിയേഷണല്‍ ഹബ്ബ് എന്ന പദ്ധതിക്കും, 95.34 കോടി രൂപയുടെ സര്‍ഗാലയ ഗ്ലോബല്‍ ഗേറ്റ് വേ ടു മലബാര്‍ കള്‍ച്ചറല്‍ ക്രൂസിബിള്‍ എന്ന പദ്ധതിക്കുമാണ് അനുമതി ലഭിച്ചത്.

◾ ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഏഴുതവണ സ്‌കാനിംഗ് നടത്തിയിട്ടും നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലാതലത്തിലുള്ള അന്വേഷണം ഇന്നലെ ആരംഭിച്ചു. സ്‌കാനിംഗ് സെന്ററിനെപ്പറ്റിയും അന്വേഷണം നടത്തുന്നതാണ്. അന്വേഷണങ്ങളില്‍ വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

◾ നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ ആലപ്പുഴയിലെ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേര്‍ലി, പുഷ്പ എന്നിവര്‍ക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കുമെതിരെയാണ് കേസെടുത്തത്. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ സൂപ്രണ്ടിനോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് ഡിഎംഒ ആവശ്യപ്പെട്ടത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സൂപ്രണ്ട് ഉടന്‍ ഡിഎംഒയ്ക്ക് കൈമാറും.

◾ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തില്‍ പ്രതികരണവുമായി കുഞ്ഞിന്റെ അമ്മ സുറുമിയെ ചികിത്സിച്ച ഗൈനക്കോളജിസ്റ്റ് ഡോ. ഷേര്‍ളി. ചികിത്സയുടെ ഭാഗമായി ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും 32-ാമത്തെ ആഴ്ചവരെ അസ്വാഭാവികമായി ഒന്നും ശ്രദ്ധയില്‍ പെട്ടില്ലെന്നും ഡോ. ഷേര്‍ളി പറഞ്ഞു..

◾ എറണാകുളം കളമശ്ശേരിയിലെ അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി ഗിരീഷ് ബാബുവിനെ തെങ്ങോടുള്ള പാറമടയിലെത്തിച്ചാണ് പൊലീസ് തെളിവ് ശേഖരിച്ചത്. പ്രതി മൊബൈല്‍ ഫോണ്‍ എറിഞ്ഞത് ഈ പാറമടയിലാന്നെന്ന് പൊലീസ് പറഞ്ഞു. പാറമടയില്‍ മുങ്ങി തപ്പിയ സ്‌കൂബ ഡൈവര്‍മാര്‍ രണ്ട് ഫോണുകള്‍ കണ്ടെടുത്തു.

◾ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സ്വര്‍ണ വ്യാപാരിയെ കാറിടിച്ച് വീഴ്ത്തി രണ്ട് കിലോ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കോഴിക്കോട് കൊടുവള്ളിയില്‍ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. സ്വര്‍ണ്ണ വ്യാപാരിയായ മുത്തമ്പലം സ്വദേശി ബൈജുവിന്റെ പക്കല്‍ നിന്നാണ് കാറിലെത്തിയ നാലംഗ സംഘം സ്വര്‍ണ്ണം കവര്‍ച്ച ചെയ്തത്.

◾ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിലെ യുവതിയുടെ കൊലപാതക കേസില്‍ അന്വേഷണം തുടര്‍ന്ന് പൊലീസ്. പ്രതി അബ്ദുല്‍ സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പൊലീസ് കണ്ടെത്തി. വാടകയ്ക്കെടുത്ത കാറിലായിരുന്നു കൊല്ലപ്പെട്ട യുവതിയുമായി പ്രതി ലോഡ്ജില്‍ എത്തിയതും പിന്നീട് മുങ്ങിയതും. സുഹൃത്തിന്റെ വിശദമായ മൊഴി പോലിസ് രേഖപ്പെടുത്തി.

◾ മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ പ്രത്യേക കേന്ദ്രസഹായമാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍. മരണം, കൃഷിനാശം എന്നിവയ്ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള തുകയുടെ ഒരു വിഹിതമെങ്കിലും കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

◾ ദേശീയപാത 66 -ന്റെ ബാക്കി പ്രവൃത്തികള്‍കൂടി പൂര്‍ത്തിയാക്കി 2025 ഡിസംബര്‍ മാസത്തോടെ കാസര്‍കോട് മുതല്‍ എറണാകുളം വരെ 45 മീറ്റര്‍ വീതിയുള്ള ആറുവരി ദേശീയപാത ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മലപ്പുറം ജില്ലയിലെ രണ്ട് സ്ട്രച്ചുകളുടെയും നിര്‍മാണം അടുത്ത ഏപ്രിലോടെ പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിച്ചു.

◾ ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. ദീര്‍ഘകാലം ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ ബന്ധം തകരുമ്പോള്‍ ബലാത്സംഗ പരാതിയും ആയി വരുന്നത് ദുഃഖകരം ആണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

◾ ജാര്‍ഖണ്ഡില്‍ കാമുകിയെ കൊലപ്പെടുത്തി ശരീരം 40 കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. 25 വയസുകാരനായ നരേഷ് ഭെന്‍ഗ്രയാണ് പൊലീസിന്റെ പിടിയിലായത്. തമിഴ്നാട്ടില്‍ ഇറച്ചിവെട്ടുകാരനായി ജോലി ചെയുകയായിരുന്നു ഇയാള്‍. ഇയാള്‍ക്കൊപ്പം രണ്ട് വര്‍ഷമായി താമസിച്ചിരുന്ന യുവതിയെ ആണ് കൊലപ്പെടുത്തിയത്.

◾ ട്രെയിന്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന കമ്പിളി പുതപ്പുകള്‍ മാസത്തില്‍ ഒരിക്കലെങ്കിലും കഴുകാറുണ്ടെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയില്‍. ഓരോ യാത്രയ്ക്ക് ശേഷവും കഴുകാറുണ്ടോ എന്ന കോണ്‍ഗ്രസ് എം പി കുല്‍ദീപ് ഇന്‍ഡോറയുടെ ചോദ്യത്തിനാണ് മന്ത്രി ലോക്സഭയില്‍ മറുപടി നല്‍കിയത്.

◾ അജ്മീറിലെ പ്രശസ്തമായ സൂഫി സന്യാസി മൊയ്‌നുദ്ദീന്‍ ചിഷ്തിയുടെ ദര്‍ഗയില്‍ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട ഹര്‍ജിയില്‍ അജ്മീര്‍ കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ചു. സ്ഥലത്ത് വീണ്ടും ആരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബറിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.

◾ പുതിയ പാമ്പന്‍പാലത്തിലൂടെ തീവണ്ടി സര്‍വീസ് നടത്തുന്നതിന് റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ അനുമതി നല്‍കി. മണിക്കൂറില്‍ പരമാവധി 75 കിലോമീറ്റര്‍ വേഗത്തില്‍ യാത്രാവണ്ടികളും ചരക്കു വണ്ടികളും ഓടിക്കാം. എന്നാല്‍, കപ്പലുകള്‍ക്ക് വഴിയൊരുക്കുന്ന വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് സ്പാനിലൂടെ 50 കിലോമീറ്റര്‍ വേഗത്തില്‍ വണ്ടിയോടിക്കാനേ അനുമതിയുള്ളൂ.

◾ ദില്ലിയിലെ ബിജ്വാസനില്‍ സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റെയ്ഡ് നടത്തുന്നതിനിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തില്‍ ഉദ്യോഗസ്ഥന് പരിക്കേറ്റു. യുഎഇ ആസ്ഥാനമായുള്ള പിഐപിഎല്‍ പേയ്‌മെന്റ് അഗ്രഗേറ്ററുമായി ബന്ധപ്പെട്ട സൈബര്‍ ആപ്പ് തട്ടിപ്പ് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

◾ എയര്‍ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലിയുടെ മരണത്തില്‍ കൂടുതല്‍ ആരോപണവുമായി കുടുംബം രംഗത്ത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ കാമുകന്‍, സൃഷ്ടിയെ പരസ്യമായി അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തെന്ന് കുടുംബം ആരോപിച്ചു. തിങ്കളാഴ്ചയാണ് സൃഷ്ടി തുലിയെ മുംബൈയിലെ മാറോള്‍ ഏരിയയിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

◾ ദില്ലി പ്രശാന്ത് വിഹാറില്‍ സ്ഫോടനം. പിവിആര്‍ സിനിമ തീയറ്ററിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ആളപായമില്ല. രാവിലെ 11.48 ഓടെയാണ് സംഭവമുണ്ടായത്. പൊലീസും ഫോറന്‍സിക് സംഘവുമടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

◾ ഝാര്‍ഖണ്ഡിന്റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ദ് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുകു അടക്കമുള്ള പ്രതിപക്ഷ നിരയിലെ പ്രധാന നേതാക്കളെല്ലാം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.

◾ ഉത്തേജകക്കേസില്‍ നാലുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ രൂക്ഷമായി പ്രതികരിച്ച് ഒളിമ്പിക് മെഡല്‍ ജേതാവായ ഗുസ്തി താരം ബജ്റംഗ് പുനിയ. വിലക്ക് നേരിട്ടതില്‍ അദ്ഭുതമില്ലെന്നും ബി.ജെ.പി.യില്‍ ചേര്‍ന്നാല്‍ വിലക്ക് പിന്‍വലിക്കുമെന്നും പുനിയ പ്രതികരിച്ചു.

◾ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ എറിക് അബുദബിയില്‍ ബിറ്റ്‌കോയിന്‍ ഈവന്റില്‍ മുഖ്യാതിഥിയായി എത്തുന്നു. ഡിസംബര്‍ 9,10 തീയ്യതികളില്‍ നടക്കുന്ന ബിറ്റ് കോയിന്‍ മെഗാ ഈവന്റില്‍ ലോകത്തിലെ പ്രമുഖ ബിസിനസുകാര്‍ക്കൊപ്പമാണ് എറിക് പങ്കെടുക്കുക. ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് പ്രചാരണം നല്‍കുകയെന്ന യു.എ.ഇ സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ബിറ്റ്‌കോയിന്‍ ഈവന്റിന് സര്‍ക്കാര്‍ പ്രോല്‍സാഹനം നല്‍കുന്നത്. ക്രിപ്‌റ്റോ ഇടപാടുകളില്‍ നിന്നുള്ള ലാഭത്തെ മൂല്യവര്‍ധിത നികുതിയില്‍ നിന്ന് യു.എ.ഇ ഒഴിവാക്കിയിട്ടുണ്ട്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് കാമ്പയിന്‍ കാലത്ത് ഡൊണാള്‍ഡ് ട്രംപും കുടുംബവും ബിറ്റ്‌കോയിന് വലിയ പിന്തുണയാണ് നല്‍കിയത്. ട്രംപിന്റെ വിജയത്തിന് ശേഷം ബിറ്റ്‌കോയിന്‍ വില കുതിച്ചുയര്‍ന്നിരുന്നു. അബുദബിയിലെ ചടങ്ങില്‍ സെര്‍ബിയയിലെ ഫിലിപ്പ് രാജകുമാരന്‍, ദി ബിറ്റ്‌കോയിന്‍ സ്റ്റാന്‍ഡേര്‍ഡ് എന്ന പുസ്തകത്തിന്റെ രചയിതാവ് സൈഫ്ദിന്‍ അമ്മോസ്, അബുദബി ബ്ലോക് ചെയിന്‍ സെന്റര്‍ പ്രതിനിധി അബ്ടുള്ള അല്‍ ദഹരി, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍, ഫിന്‍ടെക് കമ്പനി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കും.

◾ 2030ഓടെ രാജ്യത്തെ 5ജി സബ്സ്‌ക്രിപ്ഷന്‍ 97 കോടിയായി ഉയരുമെന്ന് എറിക്സണ്‍ മൊബിലിറ്റി റിപ്പോര്‍ട്ട്. ആകെ മൊബൈല്‍ സബ്സ്‌ക്രിപ്ഷന്റെ 74 ശതമാനം വരുമിത്. ഈ വര്‍ഷം ഒടുവില്‍ത്തന്നെ ഇത് 27 കോടിയാകും. ഓരോ സ്മാര്‍ട്ട്ഫോണിലും പ്രതിമാസം ഉപയോഗിക്കുന്ന ശരാശരി ഡേറ്റ 32 ജി.ബിയാണ്. ഇത് 2030ഓടെ 66 ജി.ബിയായി ഉയരും. ഈ വര്‍ഷം ഒടുവിലേക്ക് രാജ്യത്തെ 95 ശതമാനം ജനങ്ങള്‍ക്കും മിഡ്-ബാന്‍ഡ് കവറേജും ലഭ്യമാകും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 5ജി സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്ന 67 ശതമാനം പേരും ജനറേറ്റിവ് എ.ഐ ആപ്ലിക്കേഷനുകള്‍ ഓരോ ആഴ്ചയിലും ഉപയോഗിക്കുന്ന നിലയിലേക്ക് മാറും. കൂടുതല്‍ മികച്ച രീതിയില്‍ പ്രതികരിക്കുന്ന ജനറേറ്റിവ് എ.ഐ ആപ്ലിക്കേഷനുകള്‍ വേണമെന്ന് ജെന്‍-സീ തലമുറ ഉപയോക്താക്കള്‍ ആവശ്യപ്പെടുന്നതായി എറിക്സണ്‍ കണ്‍സ്യൂമര്‍ലാബ് റിസര്‍ച്ചില്‍ പറയുന്നു. നിലവില്‍ നല്‍കുന്നതിനേക്കാള്‍ 20 ശതമാനം വരെ അധിക തുക മുടക്കാന്‍ ഉപയോക്താക്കള്‍ തയാറാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ നെറ്റ്വര്‍ക് കണക്ടിവിറ്റി കൂടുതല്‍ ഇടങ്ങളിലേക്ക് എത്തുമെങ്കിലും ഇതിനായി ഉപയോക്താക്കള്‍ കൂടുതല്‍ പണം മുടക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് വ്യക്തമാണ്.

◾ ഇന്ത്യന്‍ സംഗീതലോകം ഒരിക്കലും മറക്കാത്ത ശബ്ദമാണ് മുഹമ്മദ് റഫിയുടേത്. എല്ലാ തരം പാട്ടുകളും പാടിയിട്ടുള്ള അദ്ദേഹം ആയിരത്തിലധികം പാട്ടുകള്‍ ബോളിവുഡ് സിനിമകളില്‍ മാത്രമായി പാടി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജീവിതം തിരശ്ശീലയിലേക്ക് എത്തുകയാണ്. മകന്‍ ഷാഹിദ് റഫിയാണ് ഇക്കാര്യം അറിയിച്ചത്. ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ 55-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലാണ് ഷാഹിദ് റഫി ഇക്കാര്യം പറഞ്ഞത്. മുഹമ്മദ് റഫിയുടെ ജീവചരിത്ര ചിത്രത്തിന്റെ പ്രഖ്യാപനം ഡിസംബറില്‍ നടക്കുമെന്ന് മകന്‍ പറയുന്നു. ഓ മൈ ഗോഡിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ഉമേഷ് ശുക്ല ആയിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുക. ഇത് സംബന്ധിച്ച കരാറില്‍ ഒപ്പ് വച്ച് കഴിഞ്ഞെന്നും ഷാഹിദ് റഫി പറയുന്നു. വിവാദങ്ങളിലൊന്നും പെടാതിരുന്ന, വിനയത്തോടെ ജീവിച്ച, വലിയ സാമൂഹിക ജീവിതം നയിക്കാത്ത ആളായതിനാലാണ് റഫിയുടെ ജീവിതം ഇതുവരെ ആരും സിനിമയാക്കാതിരുന്നതെന്ന് സംവിധായകന്‍ സുഭാഷ് ഗായ്യും ഗായകന്‍ സോനു നിഗവും അഭിപ്രായപ്പെട്ടു.

◾ വിജയ് സേതുപതിയും മഞ്ജു വാര്യരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം 'വിടുതലൈ 2'വിലെ പുതിയ ഗാനം റിലീസ് ചെയ്തു. ഇളയരാജ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് സഞ്ജയ് സുബ്രഹ്‌മണ്യനും അനന്യ ഭട്ടും ചേര്‍ന്നാണ്. ഇളയരാജ തന്നെയാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും. മഞ്ജു വാര്യരുടെയും വിജയ് സേതുപതിയുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രണയമാണ് ഗാനരംഗത്ത് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചിത്രം 2024 ഡിസംബര്‍ 20ന് തിയേറ്ററുകളിലേക്കെത്തും. അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിടുതലൈ പാര്‍ട്ട് 2ന്റെ സംഗീത സംവിധാനം ഇളയരാജയാണ്. ചിത്രത്തിന്റെ കേരളാ വിതരണാവകാശം വൈഗ എന്റര്‍പ്രൈസസ് മെറിലാന്‍ഡ് റിലീസസ് ആണ് കരസ്ഥമാക്കിയത്.

◾ ബജറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളുമായി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഒല. ഒല ഗിഗ്, എസ്1 ഇസഡ് സീരിസുകളിലായി ഒല ഗിഗ്, ഒല ഗിഗ് പ്ലസ്, ഒല എസ്1 ഇസഡ്, ഒല എസ്1 ഇസഡ്+ എന്നിങ്ങനെയാണ് പുറത്തിറക്കിയിരിക്കുന്ന മോഡലുകള്‍. 39,999, രൂപ 49,999, രൂപ, 59,999 രൂപ, 64,999 എന്നിങ്ങനെയാണ് പുതിയ മോഡലുകളുടെ എക്സ്-ഷോറൂം വില. ഇതില്‍ ഒല ഗിഗിനാണ് 39,999 രൂപ വില. ഒല ഗിഗ്, ഒല ഗിഗ് പ്ലസിന്റെ വിതരണം അടുത്ത വര്‍ഷം ഏപ്രിലോടെ ആരംഭിക്കും. ഒല എസ്1 ഇസഡ്+, എസ്1 ഇസഡ് എന്നിവയുടെ ഡെലിവറി മെയിലും. 499 രൂപയടച്ച് ഒല സൈറ്റില്‍ പ്രീ ബുക്ക് ചെയ്യാം. ഒല ഗിഗ് ഒറ്റ ചാര്‍ജില്‍ 112 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. 25 കിലോമീറ്റര്‍ ആണ് പരമാവധി വേഗം. 1.5 കിലോവാട്ട്അവര്‍ ബാറ്ററിയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. നീക്കം ചെയ്യാന്‍ കഴിയുന്ന ബാറ്ററിയുമായാണ് ഗിഗ് വരുന്നത്. ഒല ഗിഗ്+ന് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയും 157 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇരട്ട ബാറ്ററി സപ്പോര്‍ട്ടും ലഭിക്കും. എസ്1 ഇസഡിന് 70 കിലോമീറ്റര്‍ വേഗതയും 146 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇരട്ട ബാറ്ററി സപ്പോര്‍ട്ടും ലഭിക്കും. 1.8 സെക്കന്‍ഡില്‍ 0-20 കിലോമീറ്റര്‍ വേഗതയും 4.8 സെക്കന്‍ഡില്‍ 0-40 കിലോമീറ്റര്‍ വേഗതയും പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ കൈവരിക്കും.

◾ വിനോയ് തോമസിന്റെ രണ്ടു നോവെല്ലകള്‍. പ്രോത്താസീസിന്റെ ഇതിഹാസം, നന. പ്രത്യേക സന്ദര്‍ഭത്തില്‍ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം വായിക്കേണ്ടിവന്ന പ്രോത്താസീസിന്റെ ജീവിതത്തിലൂടെ നമുക്ക് ചുറ്റുമുള്ള നാട്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ തുറന്നാവിഷ്‌കരിക്കുന്ന നോവെല്ലയാണ് പ്രോത്താസീസിന്റെ ഇതിഹാസം. നന, 'ചുരുളി' എന്ന സിനിമയായ 'കളിഗെമിനാറിലെ കുറ്റവാളികള്‍' എന്ന ചെറുകഥയുടെ എതിര്‍കഥ പറയുന്നു. കഥപറച്ചിലിലെ വിനോയ് തോമസിന്റെ നര്‍മ്മവും കൗശലവും നിറഞ്ഞ രചനകള്‍. 'പ്രോത്താസീസിന്റെ ഇതിഹാസം'. ഡിസി ബുക്സ്. വില 180 രൂപ.

◾ സൂര്യപ്രകാശം കുറഞ്ഞ കാലാവസ്ഥയില്‍, അല്ലെങ്കില്‍ വായു മലിനീകരണം എന്നിവയെ തുടര്‍ന്ന് ആവശ്യത്തിന് വിറ്റാമിന്‍ ഡിയുടെ ലഭ്യത വെല്ലിവിളിയാകും. ആവശ്യത്തിന് സൂര്യപ്രകാശം ലഭിച്ചാലും ഇരുണ്ട ചര്‍മുള്ളവരില്‍, അതായത് ഉയര്‍ന്ന അളവില്‍ മെലാനില്‍ ഉള്ളവരില്‍ ആവശ്യത്തിന് വിറ്റാമിന്‍ ഡി ഉല്‍പാദിപ്പിക്കാന്‍ പ്രയാസമാണ്. കൂടാതെ പൊണ്ണത്തടി, ദഹനസംബന്ധമായ തകരാറുകള്‍, വൃക്കരോഗങ്ങള്‍ എന്നിവ നേരിടുന്ന പ്രായമായവരിലും വിറ്റാമിന്‍ ഡി പ്രോസസ് ചെയ്യാന്‍ കഴിയില്ല. എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആവശ്യമായ കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ ആഗിരണത്തിന് ശരീരത്തില്‍ വിറ്റാമിന്‍ ഡി അനിവാര്യമാണ്. രോഗപ്രതിരോധ പ്രവര്‍ത്തനം, പേശികളുടെ ആരോഗ്യം, വീക്കം, മാനസികാവസ്ഥ എന്നിവയുടെ പരിപാലനത്തിനും ഇവ നിര്‍ണായക പങ്ക് വഹിക്കുന്നു. ശൈത്യകാലത്തും ഏകദേശം 15 മുതല്‍ 30 മിനിറ്റ് വരെ അള്‍ട്രാവയലറ്റ് ബി (യുവിബി) രശ്മികള്‍ ഏല്‍ക്കുന്നത് വിറ്റാമിന്‍ ഡിയുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കും. സാല്‍മണ്‍, അയല, ട്യൂണ, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. സൂര്യപ്രകാശം ഏല്‍ക്കുന്ന കോഴികളില്‍ നിന്നുള്ള മുട്ടകളും വിറ്റാമിന്‍ ഡിയുടെ നല്ല ഉറവിടമാണ്. ഫോര്‍ട്ടിഫൈഡ് പാല്‍, ഓറഞ്ച് ജ്യൂസ്, ചീസ്, തൈര് തുടങ്ങിയവയിലും ചെറിയ അളവില്‍ വിറ്റാമിന്‍ അടങ്ങിയിട്ടുണ്ട്. അള്‍ട്രാവയലറ്റ് രശ്മികളുടെ സഹായത്താല്‍ വളരുന്ന മൈടേക്ക്, ഷിറ്റേക്ക് തുടങ്ങിയ കൂണു ഇനങ്ങളിലും വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. സൂര്യപ്രകാശത്തില്‍ നിന്നോ ഭക്ഷണങ്ങളില്‍ നിന്നോ ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കാതെ വരുമ്പോള്‍ മാത്രം വിറ്റാമിന്‍ ഡി സപ്ലിമെന്റുകളെ ആശ്രയിക്കാവുന്നതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 84.50, പൗണ്ട് - 106.91. യൂറോ - 89.06, സ്വിസ് ഫ്രാങ്ക് - 95.60, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.78, ബഹറിന്‍ ദിനാര്‍ - 224.18, കുവൈത്ത് ദിനാര്‍ -274.79, ഒമാനി റിയാല്‍ - 219.48, സൗദി റിയാല്‍ - 22.50, യു.എ.ഇ ദിര്‍ഹം - 23.00, ഖത്തര്‍ റിയാല്‍ - 23.25, കനേഡിയന്‍ ഡോളര്‍ - 60.25.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right