Trending

പ്രഭാത വാർത്തകൾ.

2024  നവംബർ 27  ബുധൻ 
1200  വൃശ്ചികം 12  ചിത്തിര 
1446  ജ:അവ്വൽ 24
      
◾ ഇസ്രയേല്‍  ലബനന്‍ സംഘര്‍ഷത്തിന് താത്കാലിക ശമനം. അമേരിക്കയുടെയും ഫ്രാന്‍സിന്റേയും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഇരു രാജ്യങ്ങളും അംഗീകരിച്ചതോടെയാണ് ഇസ്രയേല്‍ - ഹിസ്ബുള്ള യുദ്ധത്തിന് താത്കാലിക പരിഹാരമാകുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിളിച്ചു ചേര്‍ത്ത സുരക്ഷാ മന്ത്രിസഭ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു. ഹിസ്ബുള്ള ലിറ്റനി നദിയുടെ കരയില്‍ നിന്ന് പിന്മാറണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് അംഗീകരിക്കപ്പെട്ടത്. ഇസ്രയേല്‍ സൈന്യവും ലെബനന്‍ അതിര്‍ത്തിയില്‍ നിന്ന് പിന്മാറുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കരാര്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

◾ വെടിനിര്‍ത്തല്‍ തീരുമാനം സന്തോഷകരമായ വാര്‍ത്തയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രയേല്‍ - ലബനന്‍ വെടിനിര്‍ത്തല്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ബൈഡന്‍ വ്യക്തമാക്കി. ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കാനും ഈ തീരുമാനം പ്രേരണയാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

◾ ഭരണഘടനയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് മാത്രമേ താന്‍ കര്‍ത്തവ്യനിര്‍വഹണം നടത്തിയിട്ടുള്ളൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താന്‍ ആരുടേയും അധികാരപരിധിയില്‍ കടന്നുകയറിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് സുപ്രീംകോടതിയില്‍ നടന്ന ആഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

◾ മോദിയും ആര്‍.എസ്.എസും പിന്നാക്കക്കാരുടെ മുന്നേറ്റം തടസ്സപ്പെടുത്തുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. ദളിത്- ആദിവാസി- പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങളുടെ വികസനപാതയില്‍ വിലങ്ങുതടിയായിരുന്ന മതിലിനെ യു.പി.എ. സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തിയതാണെന്നും എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രത്യയശാസ്ത്ര ഉപദേഷ്ടാവായ ആര്‍.എസ്.എസും അത് ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെ പ്രതിരോധിക്കാന്‍ ജാതിസെന്‍സസ് ആവശ്യമാണെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തുന്ന സംസ്ഥാനങ്ങളിലെല്ലാം ജനപങ്കാളിത്തത്തോടെ അതു നടത്തുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു. ഭരണഘടന പുസ്തകമല്ലെന്നും ഇത് ഇന്ത്യയുടെ ആയിരക്കണക്കിന് വര്‍ഷത്തെ ചിന്തയാണെന്നും നരേന്ദ്രമോദി ഭരണഘടന വായിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ദിവസവും ചെയ്യുന്നകാര്യങ്ങള്‍ അദ്ദേഹം ചെയ്യില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

◾ കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിനെ കൊന്നു കെട്ടിത്തൂക്കിയതാണോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യയും തഹസില്‍ദാരുമായ കെ മഞ്ജുഷ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.  സംസ്ഥാന പൊലീസ് അന്വേഷണം പ്രഹസനമാണെന്നാണ് കുടുംബം പറയുന്നത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് മറ്റൊരു പൊതുതാല്‍പ്പര്യ ഹര്‍ജിയും ഹൈക്കോടതിയില്‍ എത്തിയിട്ടുണ്ട്.

◾ കണ്ണൂര്‍ എ ഡി എം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുളള ഭാര്യ മഞ്ജുഷയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും നവീന്റെ മരണം കൊലപാതകമാണോയെന്ന സംശയമുണ്ടെന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് മഞ്ജുഷ ഹൈക്കോടതിയില്‍ ഇന്നലെ ഹര്‍ജി സമര്‍പ്പിച്ചത്.

◾ ഭരണഘടനയെ കോണ്‍ഗ്രസ് കശാപ്പ് ചെയ്തത് രാജ്യം ഒരിക്കലും മറക്കില്ലെന്നും ഭരണഘടനയെ സസ്പെന്‍ഡ് ചെയ്തവര്‍ ഇപ്പോള്‍ ഭരണഘടന പോക്കറ്റിലിട്ട് നടക്കുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഭരണഘടനയെ മാത്രമല്ല ഭരണഘടനാ സ്ഥാപനങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് കോണ്‍ഗ്രസുകാരെന്ന് സമകാലീന സംഭവങ്ങള്‍ തെളിയിക്കുന്നുവെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
 
◾ ബിജെപിയുടെ സംഘടനാ യോഗത്തില്‍ പങ്കെടുക്കാതെ മുതിര്‍ന്ന നേതാക്കളായ പികെ കൃഷ്ണദാസും എംടി രമേശും എ.എന്‍.രാധാകൃഷ്ണനും . എന്നാല്‍ സംഘടനാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട പതിവ് യോഗമായതിനാല്‍ എല്ലാ നേതാക്കളും പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിശദീകരണം. എംടി രമേശിനും കൃഷ്ണദാസിനും എ എന്‍ രാധാകൃഷ്ണനും ഒരു ഗ്രൂപ്പുമില്ലെന്നും അവര്‍ക്ക് ഒരു ഗ്രൂപ്പ് മാത്രമേ ഉള്ളൂവെന്നും അത് ബിജെപി ഗ്രൂപ്പാണെന്നും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പ്രതികരിച്ചു.

◾ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ഇടതുപക്ഷം നേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പച്ചക്കള്ളം പറയുകയാണെന്ന് ജമാഅത്തെ ഇസ്ലാമി അമീര്‍ പി.മുജീബ് റഹ്‌മാന്‍. 1996, 2004, 2006, 2009, 2011, 2015 എന്നീ വര്‍ഷങ്ങളില്‍ ജമാ അത്തെ ഇസ്ലാമി ഇടതുപക്ഷത്തെ പിന്തുണച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം, ദേശാഭിമാനി മുഖപ്രസംഗം, സഭാരേഖാകള്‍ എന്നിവ തെളിവായി ഉണ്ടെന്നും അമീര്‍ വ്യക്തമാക്കി.

◾ ശബരിമലയിലെ പതിനെട്ടാം പടിയില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഫോട്ടോയെടുത്ത സംഭവങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം പ്രശംസനീയമാണ് എന്നാല്‍, ഇത്തരം നടപടികള്‍ അനുവദനീയമല്ലെന്നും ശബരിമല തിരുമുറ്റത്തും സോപാനത്തിലുമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണം സംബന്ധിച്ച് എക്സിക്യുട്ടീവ് ഓഫീസര്‍ റിപ്പോര്‍ട് നല്‍കണമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

◾ ഇ.പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ തുടരന്വേഷണം വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ഉപതിരഞ്ഞെടുപ്പില്‍ ഇ.പിയുടെ പുസ്തക വിവാദം പ്രതിഫലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.പി പറയാത്ത പല കാര്യങ്ങളും പുസ്തകത്തില്‍ ഉണ്ടായിരുന്നുവെന്നും വിവാദം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ ഇ. പി നിലപാട് വ്യക്തമാക്കിയതാണെന്നും പാര്‍ട്ടിക്ക് ഇ.പിയെ വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.

◾ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെ സംസ്ഥാന മന്ത്രി സഭയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത്. ഭരണഘടനയെ അവഹേളിച്ചതിന് സജി ചെറിയാനെതിരെ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ച അഡ്വ. ബൈജു നോയല്‍ ആണ് കത്ത് നല്‍കിയത്. മന്ത്രിയായ സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചതായി പ്രഥമദൃഷ്യാ ഹൈക്കോടതിക്ക് ബോധ്യപ്പെട്ടെന്നും അതിനാലാണ് തുടരന്വേഷണത്തിന് നിര്‍ദേശിച്ചതെന്നും മന്ത്രിയെ ഒഴിവാക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

◾ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു ദിവസത്തെ ഭക്ഷണമുള്‍പ്പെടെ വ്യവസായ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് പ്രോഗ്രാമിന് കെഎസ്ആര്‍ടിസി തുടക്കം കുറിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഉച്ച ഭക്ഷണം ഉള്‍പ്പെടുന്ന ടൂറിന് 500 രൂപയില്‍ താഴെയായിരിക്കും ചാര്‍ജ്. വ്യവസായ സ്ഥാപനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഉപയോഗിക്കും എന്നും മന്ത്രി പറഞ്ഞു.

◾ ബിജെപി വയനാട് ജില്ലാ മുന്‍ പ്രസിഡണ്ട്  കെ.പി മധു ബിജെപിയില്‍ നിന്ന് രാജിവച്ചു. നേതൃത്വവുമായി ഉള്ള ഭിന്നതയെ തുടര്‍ന്നാണ് രാജി. ബിജെപിയില്‍ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു ആരോപിക്കുന്നു. തൃശ്ശൂരില്‍ ബിജെപി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാര്‍ത്ഥിയായത് കൊണ്ടാണെന്നും എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികള്‍ക്ക് മത്സരിക്കാന്‍ ആവില്ലെന്നും മധു പറഞ്ഞു.

◾ ഡ്രൈവിങ്ങിന്റെ ശാസ്ത്രീയ രീതികളും മോക്ക് ടെസ്റ്റുകളും ഉള്‍പ്പെടുന്ന ഗതാഗത വകുപ്പിന്റെ പുതിയ മൊബൈല്‍ആപ്പ് ഉടന്‍ നിലവില്‍ വരുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. ഇതില്‍ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട എല്ലാ നിയമവശങ്ങളും പഠിപ്പിക്കുന്ന വീഡിയോകളും ഉള്‍പ്പെടും. മലയാളം കൂടാതെ ഹിന്ദി,ഇംഗ്ലീഷ്,തമിഴ്,കന്നഡഭാഷകളുമുള്ളതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നടക്കം ലോകത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും പ്രയോജനപ്പെടുത്താം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ പത്തനംതിട്ട ജില്ലയില്‍ പനി ബാധിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ദുരൂഹത. 17കാരിയായ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍. പത്തനംതിട്ട ജില്ലയില്‍ നടന്ന സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

◾ കോണ്‍ഗ്രസ് നേതാവ് കുണ്ടാര്‍ ബാലനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി വി രാധാകൃഷ്ണന് ജീവപര്യന്തം തടവും പിഴ ശിക്ഷയും. കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു.

◾ കൊല്ലികോളനിയിലെ ആദിവാസി കുടുംബങ്ങളുടെ കുടിലുകള്‍ പൊളിച്ച സംഭവത്തില്‍ ബാവലി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി കൃഷ്ണനെ ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ എസ് ദീപ സസ്പെന്റ് ചെയ്തു. ആദിവാസികളുടെ കുടിലുകള്‍ ജാഗ്രതയില്ലാതെ പൊളിച്ചത് വനംവകുപ്പിന് പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു.

◾ സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്നും ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍. കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

◾ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി ഗോപാല്‍ റിമാന്‍ഡില്‍. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. പറവൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭര്‍ത്താവ് രാഹുലിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

◾ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും. കേരളത്തിന് വലിയ ഭീഷണിയാകില്ലെങ്കിലും 3 ജില്ലകളില്‍ ശക്തമായ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇത് പ്രകാരം ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ശക്തമായ മഴയ്ക്കും സാധ്യതയെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

◾ ബെംഗളൂരു ഇന്ദിരാനഗറിലെ സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മലയാളിയായ ആണ്‍സുഹൃത്തിനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. കൊലപാതകം ആസൂത്രിതമാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ബ്യൂട്ടി കെയര്‍ വീഡിയോസ് പോസ്റ്റ് ചെയ്തിരുന്ന വ്ലോഗറായ അസം ഗുവാഹത്തിയിലെ കൈലാഷ് നഗര്‍ സ്വദേശിനിയായ മായ ഗോഗോയാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ മലയാളി യുവാവ് ആരവ് ഹനോയ് കണ്ണൂര്‍ തോട്ടട സ്വദേശിയാണ്.

◾ മഹാരാഷ്ട്രയില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മില്‍ പൊരുത്തക്കേടെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാധ്യമമായ ദി വയര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആകെ പോള്‍ ചെയ്തതിനേക്കാളും അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍ അധികമായെണ്ണി എന്നാണ് റിപ്പോര്‍ട്ട് ആരോപിക്കുന്നത്. 288 മണ്ഡലങ്ങളില്‍ ആകെ പോള്‍ ചെയ്തത് 6,40,88,195 വോട്ടുകളാണ്. എന്നാല്‍ ഫലപ്രഖ്യാപന ദിവസം ആകെ എണ്ണിയത് 6,45,92,508 വോട്ടുകളാണ്. സംസ്ഥാനത്ത് പോള്‍ ചെയ്തതിനേക്കാള്‍ 5,04,313 വോട്ടുകള്‍ അധികമായി എണ്ണിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

◾ മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതിനേക്കാള്‍  5,04,313 വോട്ട് എണ്ണിയെന്നുള്ള ദി വയറിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ദി വയര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. പുറത്ത് വിട്ടത് പോസ്റ്റല്‍ വോട്ടുകള്‍ കൂടാതെയുള്ള കണക്കുകളാണെന്നും അത് കൂട്ടാതെയുള്ള കണക്ക് ആയതിനാലാകും വയറിന് തെറ്റ് പറ്റിയതെന്നും കമ്മീഷന്‍ വിവരിച്ചു. പോസ്റ്റല്‍ ബാലറ്റുകള്‍ ഇ വി എം വോട്ടുകളില്‍ കണക്കുകൂട്ടാറില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചിട്ടുണ്ട്.

◾ മഹാരാഷ്ട്രയില്‍ ഇവിഎം മെഷീനും പ്രതിപക്ഷവുമായാണ് പോരാട്ടം നടന്നതെന്ന് രമേശ് ചെന്നിത്തല. ബാലറ്റ് പേപ്പര്‍ വോട്ടെടുപ്പാണ് രാജ്യത്ത് വേണ്ടതെന്നും നിയമപരമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് പാര്‍ട്ടി ആലോചിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

◾ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിലേക്ക് മടങ്ങണമെന്ന ഹര്‍ജി വീണ്ടും തള്ളി സുപ്രീംകോടതി. തോല്‍ക്കുമ്പോള്‍ മാത്രം ചിലര്‍ ഇവിഎമ്മുകളെ പഴിചാരുകയാണെന്ന് കോടതി പരിഹസിച്ചു. അതേസമയം ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങാന്‍ ഭാരത് ജോഡോയാത്രക്ക് സമാനമായ മുന്നേറ്റം ആവശ്യമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാഖാര്‍ജ്ജുന ഖര്‍ഗെ പറഞ്ഞു.

◾ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വത്തിനൊപ്പം ബ്രിട്ടീഷ് പൗരത്വവുമുണ്ടെന്ന ഹര്‍ജിയില്‍ ആഭ്യന്തര മന്ത്രാലയത്തോട് വിവരങ്ങള്‍ തേടി അലഹബാദ് ഹൈക്കോടതി. 3 ആഴ്ചക്കുള്ളില്‍ വിവരങ്ങള്‍ നല്‍കണമെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. പൗരത്വം നിയമപരമാണോയെന്ന് പരിശോധിക്കുന്നുവെന്ന് കേന്ദ്രം മറുപടി നല്‍കിയിട്ടുണ്ട്.

◾ തമിഴ്‌നാട്ടില്‍ കനത്ത മഴ. ചെന്നൈ അടക്കം സംസ്ഥാനത്തെ 16 ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലിലും ഓറഞ്ച് അലര്‍ട്ടാണ്. മഴ ശക്തമായ സാഹചര്യത്തില്‍ തമിഴ്നാട്ടിലെ 8 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവള്ളൂര്‍, ചെന്നൈ, ചെങ്കല്‍പ്പേട്ട്, മയിലാടുതുറൈ,  പുതുചേരിയിലെ കാരയ്ക്കല്‍, കടലൂര്‍, നാഗപട്ടണം, തഞ്ചാവൂര്‍,  തിരുവാരൂര്‍ ജില്ലകളിലാണ് അവധി. മഴ ശക്തമായതോടെ സംസ്ഥാനത്ത് നിന്നുള്ള വിമാനയാത്രയും പ്രതിസന്ധിയിലാണ്.

◾ തമിഴ്നാട് ദേവസ്വം ചട്ടത്തിന്റെ പത്താം വകുപ്പ് പ്രകാരം ക്ഷേത്ര ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച കോളേജുകളില്‍ ഹിന്ദുക്കള്‍ക്ക് മാത്രമേ ജോലി നല്‍കാവൂ എന്ന് മദ്രാസ് ഹൈക്കോടതി. അഹിന്ദുക്കളെ ജോലിക്കായി പരിഗണിക്കാന്‍ പാടില്ലെന്നും ജസ്റ്റിസ് വിവേക് കുമാര്‍ സിംഗ് ഉത്തരവിട്ടു. കപലീശ്വരം കോളേജിലെ അധ്യാപക തസ്തികയിലേക്ക് പരിഗണിക്കാത്തതിനെതിരെ എ.സുഹൈല്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

◾ മഹാകുംഭമേളയ്ക്കായി പ്രയാഗ് രാജില്‍ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ മുന്നേറുന്നു.  പ്രയാഗ് രാജില്‍ ഇന്നെത്തുന്ന യോഗി ആദിത്യനാഥ് ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തും. ശുചിത്വത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കിയാകും ഇത്തവണത്തെ കുംഭമേളയെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി  238 കോടിയിലധികം രൂപ ചെലവില്‍ ഒരുങ്ങുന്ന പ്രധാന ശുചിത്വ, സുരക്ഷാ പദ്ധതികളുടെ ഉദ്ഘാടനവും യോഗി നിര്‍വഹിക്കും.

◾ മധ്യപ്രദേശില്‍ വീടുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്ന് രണ്ടു മരണം. മുറേന ജില്ലയിലെ കോട്ട്വാലി പോലീസ് സ്റ്റേഷന് കീഴിലുള്ള റാത്തോര്‍ കോളനിയിലാണ് സംഭവം. മൂന്ന് വീടുകളാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

◾ പാര്‍ലമെന്റില്‍ ഭരണഘടനാ ദിന ആഘോഷങ്ങള്‍ക്കിടയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബഹുമാനിച്ചില്ലെന്ന് ആരോപിച്ച് ബി.ജെ.പി. ഭരണഘടനയുടെ 75-ാം വര്‍ഷത്തോടനുബന്ധിച്ച് നടന്ന ആഘോഷവേളയിലായിരുന്നു സംഭവം. ദേശീയ ഗാനം ആലപിക്കുന്ന വേളയിലും രാഹുല്‍ ഗാന്ധി ശ്രദ്ധിച്ചല്ല നിന്നതെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ ആരോപിച്ചു. സംഭവത്തിന്റെ രണ്ട് വീഡിയോ ദൃശ്യങ്ങളും ബിജെപി പുറത്തുവിട്ടിട്ടുണ്ട്.

◾ ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസ് അറസ്റ്റിലായതിനെ തുടര്‍ന്ന് പ്രതിഷേധിച്ചവര്‍ക്ക് നേരെ ടിയര്‍ഗ്യാസ് പ്രയോഗിച്ച് ബംഗ്ലാദേശ് പോലീസ്. ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്നാണ് പ്രതിഷേധം ആളിക്കത്തിയത്.

◾https://dailynewslive.in/ ടോക്കിയോ ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാവും ഇന്ത്യയുടെ പ്രമുഖ ഗുസ്തി താരവുമായ ബജ്രംഗ് പൂനിയക്ക് നാലു വര്‍ഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡയാണ് ബജ്രംഗ് പൂനിയക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചതിനും പരിശോധനക്ക് സാമ്പിള്‍ നല്‍കാതിരുന്നതിനുമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. വിലക്ക് ലഭിച്ചതോടെ 4 വര്‍ഷത്തിനിടയില്‍ ഗുസ്തി മത്സരങ്ങളില്‍ പങ്കെടുക്കുവാനോ പരിശീലകന്‍ ആകാനാകാനോ പുനിയക്ക് കഴിയില്ല. അതേസമയം കാലാവധി കഴിഞ്ഞ കിറ്റുകള്‍ പരിശോധനയ്ക്ക് നല്‍കി എന്ന കാരണത്താല്‍ ആണ് പൂനിയ സാമ്പിള്‍ കൈമാറാന്‍ വിസമ്മതിച്ചത്. പരിശോധനയ്ക്ക് തയാറാണെന്നും കിറ്റുകളില്‍ വ്യക്തത വേണമെന്നും ആയിരുന്നു പൂനിയ 'നാഡ'യെ അറിയിച്ചത്. നേരത്തെ ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധ സമരങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന ഗുസ്തി താരങ്ങളില്‍ ഒരാളിയിരുന്നു ബജ്രംഗ് പൂനിയ.

◾ അഴിമതിക്കേസില്‍ അമേരിക്കന്‍ കോടതികുറ്റം ചുമത്തിയ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി കമ്പനിയിലെ നിക്ഷേപത്തില്‍ നിന്ന് ഒരു ചില്ലി കാശുപോലും പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കി രാജീവ് ജെയിനിന്റെ ജു.ക്യു.ജി പാര്‍ട്‌ണേഴ്‌സ്. അഴിമതി ആരോപണം പുറത്തു വരുന്നതിനു മുമ്പ് അദാനി ഗ്രൂപ്പ് കമ്പനികളില്‍ 9.7 ബില്യണിന്റെ നിക്ഷേപമാണ് (ഏകദേശം 81,800 കോടി രൂപ) ജി.ക്യു.ജിക്ക് ഉണ്ടായിരുന്നത്. കമ്പനിയുടെ മൊത്തം ആസ്തിയുടെ 6.1 ശതമാനം വരുമിത്. അദാനി കമ്പനികളുടെ അടിത്തറ ശക്തമാണെന്നും വ്യതിയാനങ്ങളെ മറികടക്കാനുള്ള പ്രാപ്തി കമ്പനികള്‍ക്കുണ്ടെന്നും ജി.ക്യു.ജി വിശ്വാസം പ്രകടിപ്പിക്കുന്നു. യു.എസ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തിയിരിക്കുന്നത് അദാനി ഗ്രീന്‍ എനര്‍ജിയുടെ ജീവനക്കാര്‍ക്കെതിരെയാണെന്നും കമ്പനിക്കെതിരെയല്ലെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

◾ ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഐഡി'യിലെ മനോഹര മെലഡി ഗാനം റിലീസ് ചെയ്തു. നിഹാല്‍ സാദിഖ് സംഗീതം ഒരുക്കിയ ഗാനം അലപിച്ചിരിക്കുന്നത് നിഹാല്‍ തന്നെയാണ്. ദിവ്യ പിള്ളയും ധ്യാനും ആണ് ഗാനരംഗത്ത് ഉള്ളത്. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. നവാഗതനായ അരുണ്‍ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐഡി. 'ദി ഫേക്ക്' എന്ന ടാഗ് ലൈനില്‍ വരുന്ന ചിത്രത്തില്‍ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രന്‍സ്, ഷാലു റഹിം എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. കലാഭവന്‍ ഷാജോണ്‍, ജോണി ആന്റണി,  ജയകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായര്‍, സ്മിനു സിജോ, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു.

◾ രായന് ശേഷം ധനുഷിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണ് 'നിലവുക്ക് എന്‍ മേല്‍ എന്നടി കോപം'. മുന്‍പ് സംവിധാനം ചെയ്ത പാ പാണ്ടിയിലും രായനിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ധനുഷ് ആയിരുന്നെങ്കില്‍ പുതിയ ചിത്രത്തില്‍ ഒരു ഗാന രംഗത്തില്‍ മാത്രമാണ് അദ്ദേഹം എത്തുക. ആ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. 'കാതല്‍ ഫെയില്‍' എന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ജി വി പ്രകാശ് ആണ്. ധനുഷ് ആണ് ആലപിച്ചിരിക്കുന്നത്.  കമിംഗ് ഓഫ് ഏജ് റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ യുവതാരങ്ങളുടെ നിര തന്നെ എത്തുന്നുണ്ട്. പവിഷ്, അനിഖ സുരേന്ദ്രന്‍, പ്രിയ പ്രകാശ് വാര്യര്‍, മാത്യു തോമസ്, വെങ്കടേഷ് മേനോന്‍, റബിയ ഖതൂണ്‍, രമ്യ രംഗനാഥന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

◾ റോള്‍സ് റോയ്സിന്റെ കള്ളിനാന്‍ ബ്ലാക്ക് ബാഡ്ജ് സ്വന്തമാക്കി വിവേക് ഒബ്‌റോയ്. ആണ് താരത്തിന്റെ ഗാരിജിലെത്തിയിരിക്കുന്നത്. പുതിയ വാഹനം കയ്യിലെത്തിയതിന്റെ സന്തോഷം വിവേക് ഒബ്‌റോയ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ആഡംബരത്തിലും പെര്‍ഫോമന്‍സിലും സമാനതകളില്ലാത്ത റോള്‍സ് റോയ്സിന് കള്ളിനാനു കരുത്തു പകരുന്നത് 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി12 എന്‍ജിനാണ്. 600 എച്ച് പി യാണ് പവര്‍, 900 എന്‍ എം ആണ് ടോര്‍ക്ക്. എസ് എഫ് സോഴ്സ്ഡ് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്. വാഹനലോകത്തെ ഈ ആഡംബര രാജന് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5.0 സെക്കന്‍ഡുകള്‍ മാത്രം മതിയാകും. ഉയര്‍ന്ന വേഗം 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സില്‍വര്‍ ഷെയ്ഡാണ് വാഹനത്തിനായി വിവേക് ഒബ്‌റോയ് തിരഞ്ഞെടുത്തിരിക്കുന്നത്. 12.25 കോടി രൂപയാണ് കള്ളിനാന്‍ ബ്ലാക്ക് ബാഡ്ജിനു വില വരുന്നത്.

◾ തുരുത്തില്‍നിന്നു മാഞ്ഞുപോയ മനുഷ്യരെക്കുറിച്ച് അറിഞ്ഞപ്പോള്‍ ബാലു അമ്പരന്നുപോയി. മാഞ്ഞുരാന്‍, കുഞ്ഞിപ്പാത്തു, സുപ്രന്‍, ബാലുവിന്റെ അന്വേഷണത്തിനു പിന്നില്‍ കെട്ടുകള്‍ മുറുകിക്കൊണ്ടിരുന്നു. ഈ മനുഷ്യരെല്ലാവരും എവിടേക്കാണ് മറഞ്ഞുപോയത്? ഭൂമിക്കും വെള്ളത്തിനും മാനത്തിനും കാണാത്തുരുത്തുകള്‍ ഉണ്ടോ? ഒരു മായാവിനിയെപ്പോലെ കാണായ്മയിലേക്ക് എന്നേക്കുമായി അവരെ മറച്ചുകളയുന്നത് ആരാണ്? ഒരേ ഉടലില്‍ ആണായും പെണ്ണായും പകര്‍ന്നാടുന്ന സുന്ദരിയെപ്പോലും പൊതിയുന്ന അന്തിമങ്ങുഴം ജീവിതത്തിന്റെ നിഗൂഢത തന്നെയല്ലേ? തുരുത്തില്‍നിന്ന് നഗരത്തി ലേക്കു സഞ്ചരിച്ച ബാലുവിന് പിന്നെയും മനുഷ്യര്‍ മറഞ്ഞു പോകുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്നു. 'കാണായ്മ'. പി എഫ് മാത്യൂസ്. മനോരമ ബുക്സ്. വില 342 രൂപ.

◾ കഴിഞ്ഞ 5-10 വര്‍ഷമായി പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ക്രമാനുഗതമായി വര്‍ധിച്ചുവരുന്നു. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളാണ് ഈ വര്‍ദ്ധനവിന് കാരണമെന്ന്
വിദഗ്ധര്‍ പറയുന്നു. പ്രൊസസ്ഡ് ഭക്ഷണങ്ങള്‍, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ എന്നിവയാണ് പ്രധാന കാരണങ്ങള്‍. ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍, പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ വരാനുള്ള സാധ്യത സ്ത്രീകളേക്കാള്‍ ഇരട്ടി സാധ്യത പുരുഷന്മാര്‍ക്കാണ്. പ്രധാനമായും പുകവലിയുടെയും മദ്യപാനത്തിന്റെയും ഉയര്‍ന്ന നിരക്കാണ് കാരണം.  പാന്‍ക്രിയാറ്റിക് ക്യാന്‍സറിനുള്ള ചികിത്സ രോഗനിര്‍ണ്ണയ ഘട്ടത്തെ ആശ്രയിച്ചിരിക്കുന്നു, പ്രാരംഭ ഘട്ട കേസുകള്‍ക്ക് ശസ്ത്രക്രിയ മാത്രമാണ് ചികിത്സ. എന്നിരുന്നാലും, വൈകിയുള്ള രോഗനിര്‍ണയം പലപ്പോഴും ചികിത്സാ ഓപ്ഷനുകള്‍ പരിമിതപ്പെടുത്തുന്നു. ടാര്‍ഗെറ്റുചെയ്തതും ഇമ്മ്യൂണോതെറാപ്പികളും ഉള്‍പ്പെടെ ഉയര്‍ന്നുവരുന്ന ചികിത്സകള്‍ ഗവേഷണത്തിലാണ്, പക്ഷേ ഇതുവരെ കാര്യമായ മുന്നേറ്റങ്ങള്‍ നേടിയിട്ടില്ല. പാന്‍ക്രിയാറ്റിക് ക്യാന്‍സറിന്റെ അപകട ഘടകങ്ങളെ കുറിച്ച് പൊതുജന അവബോധം വളര്‍ത്തുകയും പ്രതിരോധ ജീവിതശൈലി മാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് അതിന്റെ വര്‍ദ്ധിച്ചുവരുന്ന വ്യാപനം തടയുന്നതിന് അത്യന്താപേക്ഷിതമാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ ഒരു ബിസിനസ്സുകാരനായിരുന്നു.  മരിച്ച് പോയ അയാള്‍ക്ക് ദൈവം 3 ആഴ്ച കൂടി ജീവീതം നീട്ടിക്കൊടുത്തു.  ജീവിതത്തിലേക്ക് തിരിച്ചുവന്നയാള്‍ ഓടിയെത്തിയത് തന്റെ കുടുബത്തിലേക്കായിരുന്നു. തന്റെ സമ്പാദ്യം മെച്ചപ്പെടുത്താനും ,ബിസിനസ്സ് വിപുലപ്പെടുത്താനും ഉള്ള ഓട്ടത്തിലായിരുന്നു അയാളുടെ ജീവിതകാലമത്രയും.  ഇക്കാലത്തില്‍ ഭാര്യക്കും മക്കള്‍ക്കും മറ്റ് പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ചിലവഴിക്കാന്‍ അയാള്‍ക്ക് സമയമുണ്ടായിരുന്നില്ല.  നീട്ടിക്കിട്ടിയ 3 ആഴ്ച അയാള്‍ തന്റെ ബാക്കിയുളള സമയം ചെലവഴിക്കാന്‍ തീരുമാനിച്ചത് തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പമാണ്.  നമ്മള്‍ പലപ്പോഴും പ്രിയപ്പെട്ടവരെ പലകാരണങ്ങള്‍കൊണ്ടും ഒഴിവാക്കാറുണ്ട്.  അവര്‍ക്ക് വേണ്ടിയാണല്ലോ താനീ സമ്പാദിക്കുന്നത് എന്നതായിരിക്കും ന്യായം.  നമ്മുടെ ജീവിതത്തിന് ഒരു ഗാരണ്ടിയുമില്ല.. സമ്പാദിച്ചതിന് ശേഷം ഞാന്‍ എന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി സമയം ചിലവഴിക്കാം എന്ന് തീരുമാനിച്ചാല്‍ ജീവിതം അങ്ങ് തീര്‍ന്നുപോവുകയേയുള്ളൂ..  എന്തൊക്കെ ന്യായങ്ങള്‍ നിരത്തിയാലും പ്രിയപ്പെട്ടവരെ അവഗണിക്കുന്ന ശീലം ഈ ഓട്ടത്തിനിടയില്‍ ഉണ്ടാക്കിയാല്‍ നമുക്ക് നഷ്ടപ്പെടുക ഒരിക്കലും തിരിച്ചുകിട്ടാത്ത പ്രിയപ്പെട്ട കാലത്തെയാണ്.. പ്രിയപ്പെട്ടവരോടൊപ്പമുളള സന്തോഷത്തെയാണ്.. ജീവിക്കാനുളള നെട്ടോട്ടത്തില്‍ ജീവിക്കാന്‍ നമുക്ക് മറക്കാതിരിക്കാം - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right