26-11-2024
◾ ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിലെ സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപതി മുര്‍മു അഭിസംബോധന ചെയ്തു. രാജ്യത്തെ ഏറ്റവും പവിത്രമായ ഗ്രന്ഥമാണ് ഭരണഘടനയെന്നും ഭരണഘടന സാമൂഹിക രാഷട്രീയ മേഖലകളുടെ ആധാരശിലയാണെന്നും രാഷ്ട്രപതി പറഞ്ഞു. ഭരണഘടന നല്‍കുന്ന സുരക്ഷിതത്വം താഴേതട്ടില്‍ വരെ ഉറപ്പ് വരുത്തുന്നുവെന്നും വസുധൈവ കുടുംബകം എന്ന ആശയത്തെ മുറുകെ പിടിക്കുന്നുവെന്നും ലോക്‌സഭ സ്പീക്കറും പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വാര്‍ഷികത്തിന്റെ സ്മാരക നാണയവും സ്റ്റാമ്പും രാഷ്ട്രപതി പുറത്തിറക്കി. സംയുക്ത സമ്മേളനത്തില്‍ ഇന്ത്യ സഖ്യവും പങ്കെടുക്കുന്നുണ്ട്. ഭരണഘടന വാര്‍ഷികാഘോഷത്തിന് ശേഷം ഇരുസഭകളും പിരിയും. വൈകുന്നേരം നാല് മണിക്ക് സുപ്രീംകോടതിയില്‍ നടക്കുന്ന ഭരണഘടന ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകും.
◾ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് 72 കോടി രൂപ കേന്ദ്രം അനുവദിച്ചു. അമിത്ഷാ ചെയര്‍മാനായിട്ടുള്ള ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. വിവിധ സംസ്ഥാനങ്ങള്‍ക്കായി 1115.67 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഉത്തരാഖണ്ഡിന് 139 കോടി രൂപയും, ഹിമാചല്‍ പ്രദേശിന് 139 കോടി രൂപയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 378 കോടി രൂപയും മഹാരാഷ്ട്രയ്ക്ക് 100 കോടി രൂപയുമാണ് അനുവദിച്ചത്. കര്‍ണാടകത്തിനും കേരളത്തിനും 72 കോടി രൂപ വീതവും, തമിഴ്‌നാടിനും പശ്ചിമ ബംഗാളിനും 50 കോടി രൂപ വീതവും അനുവദിച്ചു.
◾ നാട്ടികയില്‍ അഞ്ച് പേരുടെ ജീവനെടുത്ത ലോറി അപകടത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. നാട്ടിക അപകടത്തില്‍ ഗതാഗത കമീഷണറുടെ പ്രാഥമിക റിപ്പോര്‍ട്ട് കിട്ടിയെന്നും മദ്യ ലഹരിയിലാണ് ക്ലീനര്‍ വണ്ടി ഓടിച്ചതെന്നും അതിനാല്‍ ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റെ രജിസ്‌ട്രേഷനും സസ്‌പെന്‍ഡ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ നാട്ടികയില്‍ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേര്‍ക്കാണ് ഇന്ന് പുലര്‍ച്ചെ ദാരുണാന്ത്യം സംഭവിച്ചത്. റോഡരികില്‍ ഉറങ്ങിക്കിടന്ന നാടോടികളാണ് മരിച്ചത്.
◾ താനൊരു കരാറും ആരേയും ഏല്‍പ്പിച്ചിട്ടില്ലെന്നും ഒരു കോപ്പിയും ആര്‍ക്കും നല്‍കിയിട്ടില്ലെന്നും സിപിഎം നേതാവ് ഇപി ജയരാജന്‍. ആത്മകഥാ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ പ്രസാധകന്‍മാര്‍ പാലിക്കേണ്ട ഒരുപാട് നടപടിക്രമങ്ങളുണ്ടെന്നും ഇതിലൊരു നടപടിയും ഡിസി ബുക്‌സ് സ്വീകരിച്ചിട്ടില്ലെന്നും പുസ്തകത്തിന്റെ പ്രകാശനം ഡിസിയുടെ ഫേസ്ബുക്കില്‍ വന്നത് താനറിയാതെയാണെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ഇപി ജയരാജന്‍ പറഞ്ഞു.
◾ ബിജെപി സംസ്ഥാന പ്രസിഡന്റ് നേരിട്ട് വിളിച്ചു പറഞ്ഞതുപോലെയാണ് മാധ്യമങ്ങള്‍ ഇന്നലെ ചില വാര്‍ത്തകള്‍ നല്‍കിയതെന്ന് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍. പറഞ്ഞ പണിയെല്ലാം എടുക്കുന്ന ആളാണ് താനെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം തന്നെ വ്യക്തമാക്കിയാതാണെന്നും എന്നിട്ടും ഈ വാര്‍ത്തകള്‍ തുടരുകയാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. അതോടൊപ്പം പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ കഴിഞ്ഞതവണത്തേക്കാള്‍ ഒരു കൗണ്‍സിലറെ എങ്കിലും കൂടുതലായി ജയിപ്പിക്കാന്‍ വി ഡി സതീശനോട് പന്തയം വയ്ക്കുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
◾ പൂരം അലങ്കോലപ്പെടുത്തിയത് പൊലീസെന്ന് ആവര്‍ത്തിച്ച് തിരുവമ്പാടി ദേവസ്വം. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പൊലീസിന്റെ ഇടപെടലും വീഴ്ചകളും തിരുവമ്പാടി ദേവസ്വം ഉന്നയിച്ചു. പൂരം എഴുന്നള്ളിപ്പില്‍ പൊലീസ് ഇടപെട്ടുവെന്നും സ്വരാജ് റൗണ്ടിലെ എല്ലാ വഴികളും പൊലീസ് ബ്ലോക്ക് ചെയ്തുവെന്നും പൊതുജനത്തിന് എഴുന്നള്ളിപ്പ് കാണാനുള്ള അവസരം നിഷേധിച്ചുവെന്നും വിമര്‍ശനമുണ്ട്. കൂടാതെ പൊലീസ് ബൂട്ടിട്ട് ക്ഷേത്ര പരിസരത്ത് കയറിയെന്നും തിരുവമ്പാടി ദേവസ്വം സത്യവാങ്മൂലത്തില്‍ വിമര്‍ശിക്കുന്നു.
◾ കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരളാ ബാങ്ക് ജീവനക്കാര്‍ നവംബര്‍ 28, 29, 30 തിയതികളില്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും. ജീവനക്കാരുടെ കുടിശ്ശികയായ 39% ക്ഷാമ ബത്ത അനുവദിക്കുക, കാലാവധി കഴിഞ്ഞ് 3 വര്‍ഷമായ ശമ്പള പരിഷ്‌ക്കരണത്തിന് കമ്മിറ്റിയെ നിയമിക്കുക, ബാങ്കിലെ രണ്ടായിരത്തോളം ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുക, മലപ്പുറം ജില്ലയിലെ ജീവനക്കാരുടെ 3 വര്‍ഷമായി തടഞ്ഞുവെച്ച പ്രമോഷനുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ സര്‍ക്കാരും സഹകരണ മന്ത്രിയും കേരളാ ബാങ്ക് മാനേജ്‌മെന്റും സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
◾ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരായ വിജിലന്‍സ് കേസ് റദ്ദാക്കിയതിന് എതിരായ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന് മൊഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഷാജി പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോ എന്നും കോടതി ചോദിച്ചു. 54 സാക്ഷി മൊഴികള്‍ പരിശോധിച്ചുവെന്നും ഇങ്ങനെയെങ്കില്‍ എല്ലാ രാഷ്ട്രീയക്കാരെയും ഒരോ കേസില്‍ പ്രതിയാക്കാമല്ലോയെന്നും കോടതി ചോദിച്ചു.
◾ ബിജെപി നേതാക്കള്‍ക്കെതിരെ കോഴിക്കോട് പോസ്റ്റര്‍. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കെ സുരേന്ദ്രന്‍, വി മുരളീധരന്‍, പി രഘുനാഥ് എന്നിവര്‍ക്കെതിരെയാണ് പോസ്റ്റര്‍. ഇവര്‍ ബിജെപിയിലെ കുറുവ സംഘമാണെന്നും ഇവരെ പുറത്താക്കി ബിജെപിയെ രക്ഷിക്കൂ എന്നുമാണ് പോസ്റ്ററിലുള്ളത്. സേവ് ബിജെപി എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
◾ ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് ബിജെപി കൗണ്‍സിലര്‍മാര്‍ നേതൃത്വത്തിനെതിരെ രംഗത്തെത്തിയതിന് പിന്നാലെ പരസ്യപ്രതികരണം വിലക്കി സംസ്ഥാന നേതൃത്വം. ഇനി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൗണ്‍സിലര്‍മാര്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് നിര്‍ദേശം. നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം സംസ്ഥാന നേതൃത്വം നല്‍കിയത്.
◾ പാലക്കാട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിന് ശേഷം നടന്ന ആദ്യ യോഗത്തില്‍ കൈയാങ്കളി. മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് ബിജെപിയും എല്‍ഡിഎഫും തമ്മില്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായത്. ബിജെപിയുടെ വോട്ട് എവിടെപ്പോയെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചോദിച്ചതാണ് ബിജെപി പ്രതിനിധികളെ രോഷാകുലരാക്കിയത്.
◾ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കോടതിയില്‍. ജില്ലാ കളക്ടറുടെയും പമ്പിന് അനുമതി തേടിയ പ്രശാന്തന്റെയും ഫോണ്‍ കോള്‍ വിവരങ്ങളും ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങളും സംരക്ഷിക്കണമെന്നാണ് ആവശ്യം. അന്വേഷണം തടസപെടുത്തുകയല്ല ഉദ്ദേശമെന്നും അന്വേഷണത്തിന് ഉപകാരപ്പെടും വിധം തെളിവുകള്‍ സംരക്ഷിക്കണമെന്നും കുടുംബത്തിന്റെ അഭിഭാഷകന്‍ തലശേരി കോടതിയില്‍ വ്യക്തമാക്കി.
◾ ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമാവുന്നു. സന്നിധാനം സ്‌പെഷ്യല്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് എഡിജിപി. ഡ്യൂട്ടിയ്ക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോ എടുത്തത്. ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചതോടെ വിവാദമാവുകയായിരുന്നു. തുടര്‍ന്നാണ് എഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
◾ ശബരിമലയിലെത്തുന്ന ഭക്തരില്‍ നിന്ന് അനധികൃതമായി വില ഈടാക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ശബരിമല തീര്‍ത്ഥാടനത്തിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
◾ മാറനല്ലൂരിലെ അങ്കണവാടിയിലെ ടീച്ചര്‍ ശുഭ ലക്ഷ്മി, ഹെല്‍പ്പര്‍ ലത എന്നിവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മാറനല്ലൂര്‍ പൊലീ്‌സ് കേസ് എടുത്തു. അങ്കണവാടിയിലെ ജനലില്‍ നിന്ന് വീണ് മൂന്ന് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിലാണ് നടപടി. വിദഗ്ധ ഉപദേശം തേടിയ ശേഷമാണ് പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തത്.
◾ മലപ്പുറം ജില്ലയിലെ മലയോര ഗ്രാമങ്ങളില്‍ കാട്ടാനകളുടെ വിളയാട്ടം കൊണ്ട് പൊറുതിമുട്ടി കര്‍ഷകര്‍. മൂത്തേടം പഞ്ചയത്തിലാണ് കാട്ടാനകള്‍ തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി നാരങ്ങമൂലയിലും കല്‍ക്കുളം തീക്കടിയിലുമാണ് കാട്ടാന നാശം വിതച്ചത്. ഒറ്റക്കും കൂട്ടമായും എത്തുന്ന കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്..
◾ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവായ രാഹുലിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. ഇന്നലെ രാത്രി മര്‍ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഭര്‍തൃ പീഡനം, നരഹത്യ ശ്രമം എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയത്.
◾ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീണാണ് ഉപ്പുതറ ചീന്തലാര്‍ സ്വദേശിനി സ്വര്‍ണ്ണമ്മ മരിച്ചത്. മലയോര ഹൈവേയില്‍ കട്ടപ്പന-കുട്ടിക്കാനം റൂട്ടില്‍ ചിന്നാര്‍ നാലാം മൈലില്‍ വെച്ചായിരുന്നു സംഭവം.
◾ തമിഴ്നാട്ടില്‍ മഴ കനക്കുന്നു. ചെന്നെ അടക്കം സംസ്ഥാനത്തെ 16 ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയെ തുടര്‍ന്ന് മയിലാട്തുറെ, നാഗപട്ടണം, തിരുവാരൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. മയിലാട്തുറെ അടക്കമുള്ള മേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
◾ വിനോദ സഞ്ചാര നൌക ചെങ്കടലില്‍ മറിഞ്ഞ് വിദേശികള്‍ അടക്കം 18 പേരെ കാണാതായി. 28 പേരെയാണ് മുങ്ങിയ വിനോദ സഞ്ചാര നൌകയില്‍ നിന്ന് രക്ഷിക്കാനായത്. ബ്രിട്ടന്‍, ഫിന്‍ലണ്ട്, ഈജിപ്ത് സ്വദേശികളാണ് കാണാതായവരിലുള്ളത്. 13 കപ്പല്‍ ജീവനക്കാര്‍ അടക്കം 44 പേരുമായി യാത്ര ആരംഭിച്ച ആഡംബര നൌകയാണ് ചെങ്കടലില്‍ മുങ്ങിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്.
◾ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തതിനെ തുടര്‍ന്ന് രാം ഗോപാല്‍ വര്‍മയ്ക്ക് വേണ്ടി തിരച്ചില്‍ തുടങ്ങി ആന്ധ്രാ പോലീസ്. ഇന്നലെ ഹൈദരാബാദിലെ വീട്ടില്‍ പോലീസ് നേരിട്ട് എത്തിയിരുന്നു. തമിഴ്‌നാട്ടിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.
◾ അദാനിയുമായുണ്ടാക്കിയ എല്ലാ ഊര്‍ജവിതരണ കരാറുകളും ആന്ധ്ര സര്‍ക്കാര്‍ റദ്ദാക്കിയേക്കും. അദാനി ഗ്രൂപ്പ് ഉണ്ടാക്കിയ ഊര്‍ജ വിതരണ കരാറുകള്‍ ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ പുനഃപരിശോധിക്കും. കരാറിന് അടിസ്ഥാനമായ എല്ലാ ഫയലുകളും വിളിച്ച് വരുത്തി പരിശോധിക്കുമെന്ന് ധനമന്ത്രി പയ്യാവുല കേശവ് പറഞ്ഞു.
◾ പ്രസിഡന്റായി ചുമതലയെടുത്താല്‍ മെക്‌സിക്കോ, കാനഡ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ചരക്കുകള്‍ക്കും തീരുവ ചുമത്തി രാജ്യത്തിന്റെ വലിയ വ്യാപാര പങ്കാളികളെ പ്രതിസന്ധിയിലാക്കുമെന്നും ട്രംപ് അറിയിച്ചു.
◾ ദക്ഷിണ ബെയ്‌റൂത്തില്‍ ഇസ്രയേല്‍ ശക്തമായ വ്യോമാക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 31 പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദക്ഷിണ ബെയ്‌റൂത്തിലും പരിസര പ്രദേശത്തും 25 സ്ഥലങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിലും അറിയിച്ചിരുന്നു. ഹിസ്ബുല്ല കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.
◾ ഹിസ്ബുല്ലയുമായി അറുപത് ദിവസത്തെ വെടിനിര്‍ത്തലിന് ഒരുങ്ങി ഇസ്രയേല്‍. വെടിനിര്‍ത്തലിന് ഇരു കൂട്ടരും തയ്യാറായതായാണ് റിപ്പോര്‍ട്ട്. ലെബനോനില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറുമെന്നും, ഇസ്രയേല്‍ അതിര്‍ത്തിയോട് ചേര്‍ന്ന തെക്കന്‍ ലെബനോനിലെ മുപ്പതു കിലോമീറ്റര്‍ മേഖലയില്‍ നിന്ന് ഹിസ്ബുല്ലയും പിന്മാറും എന്നിവയാണ് കരാറിലെ മുഖ്യ നിബന്ധനകള്‍. അമേരിക്കയുടെ മധ്യസ്ഥതയിലാണ് കരാര്‍.
◾ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നതിനിടെ, ഒരു യുഎഇ ദിര്‍ഹത്തിന് മൂല്യം 23 രൂപ വരെയായി. തിങ്കളാഴ്ച വൈകീട്ട് വരെയുള്ള കണക്കാണിത്. ഇതേത്തുടര്‍ന്ന് വന്‍തോതിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നത്. യുഎഇയില്‍ ഓണ്‍ലൈന്‍ എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ നല്‍കുന്ന ബോട്ടിം ആപ്പില്‍ വിനിമയനിരക്ക് ഒരു ദിര്‍ഹത്തിന് 24 രൂപവരെയെത്തി. കഴിഞ്ഞ ഏഴാം തീയതിക്കുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അമേരിക്കന്‍ ഡോളറിനെതിരേ 84.40 എന്നനിലയില്‍ ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യം ഇടിഞ്ഞതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് കോളടിച്ചിരിക്കുകയാണ്. ഈ വിനിമയനിരക്ക് പ്രയോജനപ്പെടുത്തി പ്രവാസികള്‍ നാട്ടിലേക്ക് പണമയച്ചതോടെ ഇന്ത്യയിലേക്ക് കോടികളാണെത്തിയത്. യുഎഇ ദിര്‍ഹം കൂടാതെ മറ്റ് ഗള്‍ഫ് കറന്‍സികള്‍ക്കെതിരെയും രൂപയുടെ മൂല്യത്തില്‍ ഇടിവ് വന്നിട്ടുണ്ട്. സൗദി റിയാല്‍ 22.45 രൂപ, ഖത്തര്‍ റിയാല്‍ 23.10 രൂപ, ഒമാന്‍ റിയാല്‍ 218.89 രൂപ, ബഹ്‌റൈന്‍ ദിനാര്‍ 223.55 രൂപ, കുവൈത്ത് ദിനാര്‍ 273.79 രൂപ എന്നിങ്ങനെയാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളുടെ വിനിമയനിരക്ക്. ഇതില്‍ 10 മുതല്‍ 25 പൈസ വരെ കുറച്ചാണ് പല ധനവിനിമയ സ്ഥാപനങ്ങളും നല്‍കുന്നത്.
◾ വിവരശേഖരണത്തിന് പുത്തന്‍ ഫീച്ചറുകളുമായി പുതിയ സംവിധാനങ്ങള്‍ ടെക്നോളജി രംഗത്ത് വന്നുകൊണ്ടേയിരിക്കുകയാണ്. ഗൂഗ്ളിന് ശേഷം ചാറ്റ്ജിപിടി ആയിരുന്നു വന്‍ എ.ഐ തരംഗമുണ്ടാക്കി കടന്നുവന്നതെങ്കില്‍ ഇപ്പോള്‍ മറ്റൊരു എ.ഐ ടൂള്‍ തരംഗം സൃഷ്ടിക്കുകയാണ്. പെര്‍പ്ലെക്സിറ്റി എ.ഐ, അതാണ് താരം.
ഗൂഗ്ളില്‍നിന്നും ചാറ്റ്ജിപിടിയില്‍ നിന്നുമെല്ലാം വ്യത്യസ്തമായി പുതിയൊരു തിരയല്‍ രീതിക്ക് ഇന്റര്‍നെറ്റില്‍ സാധ്യതയുണ്ടെന്ന് തെളിയിക്കുകയാണ് പെര്‍പ്ലെക്സിറ്റി എ.ഐ. ഏത് വിഷയത്തിലെ ഏത് ചോദ്യത്തിനും പെര്‍പ്ലെക്സിറ്റിയില്‍ ഉത്തരമുണ്ട്. ചാറ്റ്ജിപിടിയിലെ സംവിധാനം പോലെ തന്നെ ചോദ്യത്തിന്റെ ഉത്തരങ്ങളെല്ലാം എഴുതിത്തന്നെ ലഭിക്കും. അതുമാത്രമല്ല, ഈ വിവരം ശേഖരിച്ച ലിങ്കുകള്‍പോലും നിങ്ങക്ക് ലഭിക്കും. ചോദ്യത്തിന്റെ ഉത്തരത്തില്‍ നിങ്ങള്‍ തൃപ്തരായില്ലെങ്കില്‍ ഓരോ ലിങ്കും എടുത്ത് പരിശോധിക്കാനും അവസരമുണ്ട്. സൗജന്യമായിത്തന്നെയാണ് നിലവില്‍ ഈ സേവനം ലഭിക്കുന്നത്. അരവിന്ദ് ശ്രീനിവാസന്‍ എന്ന ഇന്ത്യന്‍ വംശജനാണ് പെര്‍പ്ലെക്സിറ്റി മേധാവി എന്നതാണ് മറ്റൊരു കാര്യം. ജെഫ് ബേസോസ് അടക്കമുള്ളവര്‍ക്ക് പെര്‍പ്ലെക്സിറ്റിയില്‍ നിക്ഷേപമുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
◾ നടന്‍ ശിവകാര്‍ത്തികേയന്‍ ഭാര്യ ആരതിക്ക് ജന്മദിനാശംസകള്‍ നേരുന്ന വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. നവംബര്‍ 14ന് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഇതുവരെ 100 മില്യണ്‍ കാഴ്ചക്കാരെ നേടി. തന്റെ ഏറ്റവും പുതിയ ചിത്രമായ 'അമരനി'ലെ കഥാപാത്രമായ മേജര്‍ മുകുന്ദായി എത്തിയാണ് താരം ഭാര്യയ്ക്ക് ആശംസകള്‍ നേര്‍ന്നത്. വീഡിയോ പോസ്റ്റ് ചെയ്തത് മുതല്‍ ആരാധക ശ്രദ്ധ നേടിയിരുന്നു. അടുക്കളയില്‍ നില്‍ക്കുന്ന ആരതിയുടെ പുറകിലെത്തി സര്‍പ്രൈസ് നല്‍കുന്നതാണ് വീഡിയോയില്‍ കാണുന്നത്. പോസറ്റ് ചെയ്ത് എന്നാല്‍ 12 ദിവസത്തിന് ശേഷം വീഡിയോ പുതിയ റെക്കോഡ് തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. ഒറിജിനല്‍ കണ്ടന്റിന് അതിവേഗത്തില്‍ 100 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയ ആദ്യ തെന്നിന്ത്യന്‍ നടനാണ് ശിവകാര്‍ത്തികേയനെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ് ശിവകാര്‍ത്തികേയന്റെ അമരന്‍. രാജ്കുമാര്‍ പെരിയ സ്വാമി സംവിധാനം ചെയ്ത അമരന്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നാണ്. മുന്നൂറ് കോടിക്ക് മുകളില്‍ കളക്ട് ചെയ്ത ശിവകാര്‍ത്തികേയന്റെ കരിയര്‍ ബെസ്റ്റ് കളക്ഷന്‍ കൂടിയാണിത്. ഒക്ടോബര്‍ 31നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
◾ നവാഗതനായ ബാലാജി ജയരാജനെ നായകനാക്കി എന്‍ വി മനോജ് സംവിധാനം ചെയ്ത 'ഓശാന' എന്ന ചിത്രത്തിലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ചാരുമുഖീ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷോബി കണ്ണങ്കാട്ട് ആണ്. മെജോ ജോസഫിന്റേതാണ് സംഗീതം. ഷിജു എടിയത്തേരില്‍, വിജയ് ആനന്ദ്, അനില രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഓരോ കാലഘട്ടത്തിലും പ്രണയം എങ്ങനെ വ്യത്യാസപ്പെടുന്നു, അത് എത്രത്തോളം ഒരു വ്യക്തിയുടെ വികാരങ്ങളെയും ജീവിത നിലപാടുകളെയും സ്വാധീനിക്കുന്നു എന്ന് അവതരിപ്പിക്കുന്ന ചിത്രമാണ് ഓശാന. ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, അല്‍ത്താഫ് സലിം, വര്‍ഷ വിശ്വനാഥ്, ഗൗരി ഗോപന്‍ എന്നിവര്‍ക്കൊപ്പം ബോബന്‍ സാമുവല്‍, സ്മിനു സിജോ, സാബുമോന്‍ അബ്ദുസ്സമദ്, നിഴല്‍ഗള്‍ രവി, അഞ്ജയ വി വി, ഷാജി മാവേലിക്കര, സബീറ്റ ജോര്‍ജ്, ചിത്ര നായര്‍, കൃഷ്ണ സജിത്ത്, ശ്രുതി, ലക്ഷ്മി, ആദിത്യന്‍, ജാന്‍വി മുരളീധരന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
◾ ഇയര്‍ എന്‍ഡ് ഡിസ്‌കൗണ്ട് ഓഫറുകളുമായി അമേരിയ്ക്കന്‍ ബ്രാന്‍ഡായ ജീപ്പ്. കോമ്പസ്, മെറിഡിയന്‍, ഗ്രാന്‍ഡ് ചെറോക്കി തുടങ്ങിയ എസ്യുവികളിലാണ് ഇയര്‍ എന്‍ഡ് ഓഫറുകള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത വേരിയന്റുകളെ അനുസരിച്ച് 3.15 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളോടെയാണ് കോമ്പസ് ഇപ്പോള്‍ വാങ്ങാനാവുക. കൂടാതെ 2024 മോഡലുകളില്‍ 1.40 ലക്ഷം രൂപയുടെ കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളും 15,000 രൂപയുടെ പ്രത്യേക ഓഫറുകളും ജീപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. കോമ്പസ് വവാങ്ങാനെത്തുന്നവര്‍ക്ക് മൊത്തം 4.70 ലക്ഷം രൂപ വരെ ഓഫര്‍ ഉപയോഗപ്പെടുത്താനാവും. 18.99 ലക്ഷം രൂപ മുതല്‍ 28.33 ലക്ഷം രൂപ വരെയാണ് കോമ്പസിന് വില. മെറിഡിയന്റെ കാര്യത്തിലേക്ക് വന്നാല്‍ തിരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് 2.80 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളും 1.85 ലക്ഷം രൂപ വിലമതിക്കുന്ന അധിക കോര്‍പ്പറേറ്റ് ഓഫറും സ്വന്തമാക്കാം. 30,000 രൂപയുടെ പ്രത്യേക ഓഫറുമുണ്ട്. 4.95 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടില്‍ മോഡല്‍ പോര്‍ച്ചിലെത്തിക്കാനാവും. ഗ്രാന്‍ഡ് ചെറോക്കി എസ്യുവി 12 ലക്ഷം രൂപയുടെ ഓഫറിട്ടാണ് ഇപ്പോള്‍ വില്‍ക്കുന്നത്. 67.50 ലക്ഷം രൂപ വിലയുള്ള ലിമിറ്റഡ് ട്രിമ്മില്‍ മാത്രം രാജ്യത്ത് എത്തുന്ന വാഹനത്തിന് ഇതാദ്യമായാണ് ഇത്രയും വലിയ ഡിസ്‌കൗണ്ട് കമ്പനി കൊടുക്കുന്നത്.
◾ നിഗൂഢത നിറഞ്ഞ മൂന്നു കൊലപാതകങ്ങളും ഒരു പെണ്‍കുട്ടിയുടെ തിരോധാനവും ഉള്‍പ്പെടെ അതിസാധാരണമായിത്തീരുമായിരുന്നിട്ടും തീവ്രാനുഭവങ്ങളുടെ തീപ്പൊള്ളലും കഥാസന്ദര്‍ഭങ്ങളുടെ അനന്യതയും കഥാപാത്രങ്ങളുടെ മിഴിവുംകൊണ്ട് വിസ്മയിപ്പിക്കുന്ന രചന. പതിവുപോലെ മൈതാനം കൈയടക്കാനുള്ള പുരുഷകഥാപാത്രങ്ങളുടെ സാദ്ധ്യതയെ റദ്ദു ചെയ്ത്, ഓരോ പേജിലും വരിയിലും തകര്‍ത്താടുകയും കഥയെ അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ കൈപിടിച്ചുനടത്തുകയും ചെയ്യുന്ന സ്ത്രീകഥാപാത്രങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ ലോകം. സോക്രട്ടീസ് കെ. വാലത്തിന്റെ പുതിയ നോവല്‍. 'അരശ്'. മാതൃഭൂമി. വില 178 രൂപ.
◾ തൈറോയ്ഡ് പ്രശ്നങ്ങള്‍ ഉള്ളവരില്‍ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. തൈറോയ്ഡിന്റെ അസന്തുലിതാവസ്ഥ ഉപാപചയ പ്രവര്‍ത്തനത്തെ സാവധാനത്തിലാക്കും. ഊര്‍ജ്ജം കുറയാനും ശരീരഭാരം വ്യത്യാസപ്പെടാനും ഇത് കാരണമാകും. ഈ പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ ചില ഭക്ഷണങ്ങള്‍ക്കാകും. തലേന്ന് രാത്രി വെള്ളത്തില്‍ കുതിര്‍ത്തു വച്ച ബ്രസീല്‍ നട്സ് പിറ്റേന്ന് രാവിലെ വെറും വയറ്റില്‍ കഴിക്കാം. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയില്‍ ഏതെങ്കിലും പഴത്തോടൊപ്പം ഒരു ടീസ്പൂണ്‍ മത്തങ്ങാക്കുരു കഴിക്കുന്നത് തൈറോയ്ഡിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കും. ഒരു ടീസ്പൂണ്‍ മല്ലി രാത്രി വെള്ളത്തില്‍ കുതിരാന്‍ വയ്ക്കുക. പിറ്റേന്ന് രാവിലെ ഇത് തിളപ്പിച്ച് അരിച്ച് വെള്ളം കുടിക്കുന്നത് നല്ലതാണ്. മധുരം കഴിക്കാന്‍ തോന്നുകയാണെങ്കില്‍ കൃത്രിമ മധുരങ്ങള്‍ കഴിക്കുന്നതിനു പകരം ചെറിയ ഒരു കഷണം തേങ്ങ കഴിക്കാം. ദിവസവും ഏതെങ്കിലും പഴത്തോടൊപ്പം ലഘുഭക്ഷണമായി ഒരു ടീസ്പൂണ്‍ സൂര്യകാന്തിവിത്ത് ഉച്ചയ്ക്ക് മുന്‍പായി കഴിക്കാം. ഇളം ചൂടുവെള്ളത്തോടൊപ്പം ഒരല്ലിചതച്ച വെളുത്തുള്ളി വെറുംവയറ്റില്‍ കഴിക്കുന്നത് തൈറോയ്ഡിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 84.29, പൗണ്ട് - 105.81. യൂറോ - 88.39, സ്വിസ് ഫ്രാങ്ക് - 95.09, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.64, ബഹറിന്‍ ദിനാര്‍ - 223.61, കുവൈത്ത് ദിനാര്‍ -273.88, ഒമാനി റിയാല്‍ - 218.91, സൗദി റിയാല്‍ - 22.44, യു.എ.ഇ ദിര്‍ഹം - 22.95, ഖത്തര്‍ റിയാല്‍ - 23.05, കനേഡിയന്‍ ഡോളര്‍ - 59.67.
➖➖➖➖➖➖➖➖
Tags:
KERALA