കോഴിക്കോട്: മലാപറമ്പ് സ്വകാര്യ ആശുപത്രിയുടെ വാഹന പാർക്കിൽ വച്ച്അതിമാരക രാസലഹരിയായ 100 ഗ്രാം എംഡിഎംഎ യുമായി രണ്ട് യുവാക്കളെ സിറ്റി നാർക്കോട്ടിക് അസിസ്റ്റൻറ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്കോഡും നടക്കാവ് പോലീസും ചേർന്ന് പിടികൂടി.കൊടുവള്ളി പന്നിക്കോട്ടൂർ വൈലാങ്കര സഫ്താർ ആഷ്മി (31),കൂട്ടാളിയായ ബാലുശ്ശേരി മങ്ങാട് അത്തിക്കോട് റഫീഖ് (35) എന്നിവരെയാണ് പിടികൂടിയത്.
കോഴിക്കോടിൻ്റെ പല ഭാഗങ്ങളിലും മയക്കുമരുന്നിന്റെ ഉപയോഗവും വിൽപ്പനയും വ്യാപകമായതിനാൽ കഴിഞ്ഞ ഒരു മാസക്കാലമായി നഗരത്തിൻ്റെ എല്ലാ ഭാഗങ്ങളിലും ഡാൻസാഫും സിറ്റി പോലീസും രഹസ്യനിരീക്ഷണം നടത്തിയിരിക്കുകയായിരുന്നു. ഈ ആഴ്ചയിൽ തന്നെ ഡാൻസാഫിൻ്റെ മൂന്നാമത്തെ ലഹരി മരുന്ന് വേട്ടയാണിത്. നഗരത്തിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനികളിൽ പലരും ഇതിനകം തന്നെ ഡാൻസാഫിൻ്റെ പിടിയിൽ അകപ്പെട്ടുകഴിഞ്ഞു. ഇപ്പോൾ കോഴിക്കോട് സിറ്റിയിലേക്ക് ഇത്തരത്തിൽപ്പെട്ട രാസലഹരികൾ എത്തുന്നത് കൊടുവള്ളി താമരശ്ശേരി കുറ്റ്യാടി തുടങ്ങിയ ഭാഗങ്ങളിൽ നിന്നാണ്. ഇതിനെ തുടർന്ന് കോഴിക്കോട് സിറ്റിയുടെ ബോർഡർ ഭാഗങ്ങളിൽ എല്ലാം തന്നെ പോലീസിന്റെ കർശന നിരീക്ഷണം നടന്നു വരികയാണ്.
ചില്ലറ വിപണിയിൽ 6 ലക്ഷത്തിൽ പരം രൂപ വില മതി ക്കുന്ന അതിമാരക രാസലഹരി ഇവർ കൊടുവള്ളി നിന്നും മലപ്പറമ്പ് ഭാഗത്ത് വിൽപ്പനയ്ക്കായി എത്തിക്കുന്നു എന്ന രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫും നടക്കാവ് പോലീസും ഒരുക്കിയ കെണിയിൽ ഇവർ അകപ്പെടുകയായിരുന്നു. കോഴിക്കോട് പുല്ലൂരാംപാറ റൂട്ടിൽ ഓടുന്ന സുൽത്താൻ ബസിലെ ഡ്രൈവറാണ് സഫ്താർ ആഷ്മി. ഇയാൾ മുൻപ് രണ്ടു തവണ 55 kg കഞ്ചാവുമായി നിലമ്പൂരിൽ നിന്നും 2.5 kg കഞ്ചാവുമായി കൊടുവള്ളിയിലെ വീട്ടിൽ വച്ചും പിടിയിലാവുകയും തുടർന്ന് ഇപ്പോൾ ഈ കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയുമാണ്. ഈ അവസരത്തിലും അത്തിക്കോട് റഫീക്ക് എന്ന ലോറി ഡ്രൈവറെയും കൂട്ടുപിടിച്ച് ആഡംബര കാറുകളിൽ നഗരത്തിൻ്റെ പലഭാഗങ്ങളിലും മയക്കുമരുന്ന് വിൽപ്പന നടത്തി വരുന്ന ഇയാളെ വളരെ തന്ത്രപൂർവ്വമായ നീക്കത്തിലൂടെയാണ് പോലീസ് വലയിലാക്കിയത്.
സിറ്റി ആൻറിനർകോട്ടിക് അസിസ്റ്റൻറ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സബ് ഇൻസ്പെക്ടർമാരായ മനോജ് ഇടയേടത്ത് , കെ അബ്ദുറഹ്മാൻ , അനീഷ് മൂസാൻ വീട്, കെ. അഖിലേഷ്, സുനോജ് കാരയിൽ, പി കെ സരുൺ കുമാർ, എം കെ ലതീഷ്, ഷിനോജ് മംഗലശ്ശേരി, എൻ കെ ശ്രീശാന്ത്, ഇ വി അതുൽ, പി അഭിജിത്ത്, പി കെ ദിനീഷ്, കെ എം മുഹമ്മദ് മഷ്ഹൂർ എന്നിവരും നടക്കാവ് പോലീസിലെ എസ് ഐ മാരായ ലീല, ധനേഷ് , റെനീഷ്, ജിത്തു, ഷോബിക്, റഷീദ്എന്നിവരും ചേർന്ന് നടത്തിയ ശ്രമകരമായ നീക്കത്തിനൊടുവിൽ ആണ് പ്രതികളെ പിടികൂ ടിയത്.
നഗരത്തിലെ പ്രധാന പ്രധാന ഹോട്ടലുകൾ,ബാറുകൾ, ആശുപത്രികൾ എന്നിവയുടെ പാർക്കിംഗ് ഗ്രൗണ്ടുകളാണ് ഇവർ ക്കുമരുന്നുകളുടെ കൈമാറ്റത്തിനും കച്ചവടത്തിനുമായി തിരഞ്ഞെടുക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരുടെയും ക്യാമറകളുടെയും നിരീക്ഷണ വലയത്തിൽപ്പെട്ട ഇത്തരം സ്ഥലങ്ങളിൽ പോലീസിന്റെ ശ്രദ്ധ എത്തില്ല എന്ന ആത്മവിശ്വാസമാണ് ഇവരെ ഇതിനായി പ്രേരിപ്പിക്കുന്നത്.
കോഴിക്കോട് നിന്നും കുറ്റ്യാടി,ബാലുശ്ശേരി, മാവൂർ, നരിക്കുനി, അടിവാരം തുടങ്ങിയ റൂട്ടുകളിൽ ഓടുന്ന ബസ്സുകളിലേയും കൂടാതെ നിരവധി സിറ്റി ബസുകളിലെയും ഡ്രൈവർമാർ അടക്കമുള്ള ജീവനക്കാർ മാരക ലവരി വസ്തുക്കൾ ഉപയോഗിക്കുന്നു എന്നുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടികൾ അടക്കം ബസ്സിലെ നിരവധി യാത്രക്കാരുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാതെ വളരെ അപകടക രമായ രീതിയിൽ വാഹനംഓടിക്കാൻ ഇത്തരത്തിലുള്ള ലഹരി മരുന്നുകളുടെ ഉപയോഗം ഒരു പരിധിവരെ കാരണമാകുന്നുണ്ട്. ഇതിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് നർക്കോട്ടിക് അസിസ്റ്റൻറ് കമ്മീഷണർ കെ എ ബോസ് അറിയിച്ചു.