Trending

പ്രഭാത വാർത്തകൾ

2024  നവംബർ 25  തിങ്കൾ 
1200  വൃശ്ചികം 10  ഉത്രം 
1446  ജ:അവ്വൽ 22
     
◾ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും. വഫഖ് നിയമഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പടക്കം ചര്‍ച്ചകളുടെ നാള്‍ വഴികളില്‍ തന്നെ പ്രതിഷേധമുയര്‍ന്ന 15 ബില്ലുകള്‍  ഈ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വയനാട്ടിലേതടക്കം രാജ്യത്തെ ഞെട്ടിച്ച ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ ഭേദഗതി ബില്ലും ഈ സമ്മേളനത്തില്‍ കൊണ്ടുവന്നേക്കും.

◾ പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനം ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാണക്കാട് തങ്ങളെ വിമര്‍ശിച്ചത് രാഷ്ട്രീയ വിമര്‍ശനമാണെന്നും മറ്റൊന്നും അല്ലെന്നും പിണറായി പറഞ്ഞു. കോഴിക്കോട് സൗത്ത് സിപിഎം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ എല്ലാ സഹകരണവും ചെയ്തു കൊടുത്തത് കോണ്‍ഗ്രസ് ആണെന്നും അന്ന് കേരളത്തില്‍ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് ഒപ്പം ആയിരുന്നു ലീഗെന്നും വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യുന്നത് കൊണ്ടാണ് ഈ മാറ്റം എന്നും അദ്ദേഹം വിമര്‍ശിച്ചു .

◾ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തില്‍ ക്രെഡിറ്റ് എല്ലാവര്‍ക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും ഒരു പോലെ പ്രവര്‍ത്തിച്ചുവെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. പ്രിയങ്ക പാര്‍ലമെന്റില്‍ ആദ്യം ഉന്നയിക്കുക വയനാട് ദുരന്തമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം, മഹാരാഷ്ട്രയിലെ തോല്‍വിയുടെ കാരണം കൂട്ടമായി പരിശോധിക്കുമെന്നും തിരിച്ചടി കോണ്‍ഗ്രസിന് മാത്രമല്ല, മഹാവികാസ് അഘാഡിയിലെ എല്ലാ കക്ഷികള്‍ക്കുമാണെന്നും വേണുഗോപാല്‍ പറഞ്ഞു.

◾ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തി നിയുക്ത പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍. ഉമ്മന്‍ ചാണ്ടിയുടെ കല്ലറ വൈകാരിക അടുപ്പമുള്ളയിടമാണെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട്ടേത് ജനങ്ങളുടെ വിജയമാണെന്ന് പറഞ്ഞ രാഹുല്‍ വര്‍ഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്നും എസ്ഡിപിഐയെ ശക്തമായി എന്നും  എതിര്‍ത്തിട്ടുള്ളത് ലീഗാണെന്നും ചൂണ്ടിക്കാട്ടി. അതോടൊപ്പം എതിരാളികള്‍ തോല്‍വി അംഗീകരിക്കണമെന്നും പാലക്കാട്ടെ ജനങ്ങളെ വര്‍ഗീയത പറഞ്ഞു പരിഹസിക്കരുതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.

◾ പാലക്കാട്ടെ ജയം ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ബിജെപിയെ കോണ്‍ഗ്രസ് നിലംപരിശാക്കിയെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനരോഷം ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചെന്നും കെ. സുധാകരന്‍ പറഞ്ഞു. പി. സരിന്‍ കാണിച്ചത് വലിയ ചതിയാണെന്നും സ്ഥാനാര്‍ഥിത്വം കിട്ടിയില്ല എന്നുപറഞ്ഞ് തെരഞ്ഞെടുപ്പിന് മുമ്പ് മറുപക്ഷം ചാടുന്നയാളെ വിശ്വസിക്കാനോ കൂടെ നിര്‍ത്താനോ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

◾ ചേലക്കരയിലെ  തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അതൃപ്തി. പാലക്കാടിനേക്കാള്‍ മെച്ചപ്പെട്ട പ്രചാരണം നടത്തിയിട്ടും ചേലക്കരയില്‍ തോറ്റത് സംഘടനാ ദൗര്‍ബല്യം കൊണ്ടാണെന്ന് കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി. തോല്‍ക്കുമെന്ന് ഉറപ്പായ സ്ഥാനാര്‍ത്ഥിയെ അടിച്ചേല്‍പ്പിച്ചെന്ന വിമര്‍ശനം ഉയര്‍ത്തി പ്രാദേശിക നേതാക്കളും രംഗത്തെത്തി. എന്നാല്‍ ചേലക്കരയിലുണ്ടായ തോല്‍വി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

◾ ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കുമെന്ന് ആലത്തൂര്‍ എംപി കെ. രാധാകൃഷ്ണന്‍. ചേലക്കരയിലെ ബിജെപി വോട്ട് വര്‍ധിച്ചത് പ്രത്യേക സാഹചര്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ വേര്‍തിരിവ് നടത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ബിജെപിയുടെ വോട്ട് ശതമാനം കൂടിയ സാഹചര്യം പരിശോധിക്കുമെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.

◾ സരിന്‍ തിളങ്ങുന്ന നക്ഷത്രമാകാന്‍ പോകുന്നുവെന്നും ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ പി സരിനെ  ഏതെങ്കിലും തരത്തില്‍ തളര്‍ത്താന്‍ നോക്കേണ്ടെന്നും  സിപിഎം കേന്ദ്ര കമ്മറ്റി അംഗം എകെ ബാലന്‍. സരിന്‍ ഇഫക്ട് ഉണ്ടായില്ലെന്ന് അധിക്ഷേപിക്കുന്നത് സരിന്റെ  കഴിവ് നന്നായി അറിയാവുന്നവരാണെന്നും സരിനെ സിപിഎം പൂര്‍ണ്ണമായും സംരക്ഷിക്കുമെന്നും പോളിംഗ് ശതമാനം കുറഞ്ഞിട്ടും പാര്‍ട്ടിയുടെ അടിസ്ഥാന വോട്ട് നഷ്ടമായില്ലെന്നും ബാലന്‍ പറഞ്ഞു.

◾ ഉപതെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും പാലക്കാട് സിപിഎം നടത്തിയത് ശക്തമായ രാഷ്ട്രീയ പോരാട്ടമെന്ന് മന്ത്രി എംബി രാജേഷ്. പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെങ്കിലും വോട്ട് കൂട്ടാനായിയെന്നും കല്ലേറുകള്‍ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കണ്ടത് എസ്ഡിപിഐ - ജമാത്ത് ഇസ്ലാമി - യുഡിഎഫ് കൂട്ട്കെട്ടാണെന്നും അവരുടെ ഔദാര്യത്തിലാണ് യുഡിഎഫ് ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

◾ പാലക്കാട് യുഡിഎഫ് ജയിച്ചത് വര്‍ഗീയ വോട്ട് കൊണ്ടെന്ന് ഡോ. പി സരിന്‍. പള്ളികളില്‍ അടക്കം ലഘുലേഖ വിതരണം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയ സരിന്‍ പാലക്കാട് കണ്ടത് അപകടകരമായ വിജയഫോര്‍മുലയാണെന്നും കൂട്ടിച്ചേര്‍ത്തു. ലീഗ് അവരുടെ നിയന്ത്രണം തന്നെ എസ്ഡിപിഐയ്ക്ക് നല്‍കിയെന്നും സരിന്‍ വിമര്‍ശിച്ചു. പരസ്യത്തില്‍ തെറ്റില്ലെന്നും പത്ര പരസ്യവിവാദത്തില്‍ സരിന്‍ പ്രതികരിച്ചു.

◾ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പരാജയത്തെക്കുറിച്ച് പ്രതികരിക്കാതെ മുതിര്‍ന്ന ബി.ജെ.പി. നേതാവ് വി. മുരളീധരന്‍. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ ചുമതലയാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചതെന്നും പാലക്കാട്ടെ കാര്യങ്ങള്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കുന്നതാകും നല്ലതെന്നും  മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

◾ പാലക്കാട്ടെ തോല്‍വിക്ക് പിന്നാലെ ബിജെപി ഡീല്‍ ആക്ഷേപത്തില്‍ മലക്കം മറിഞ്ഞ് സിപിഎം. ഫലം വരും മുമ്പ് വടകര -പാലക്കാട് ഡീല്‍ ആക്ഷേപം യുഡിഎഫിനെതിരെ ഉന്നയിച്ച സിപിഎം ഫലം വന്നതോടെ അത് തൃശ്ശൂര്‍- പാലക്കാട് ഡീല്‍ എന്ന് കളം മാറ്റി. പ്രചാരണത്തില്‍ പിഴച്ചെന്ന വലിയ വിമര്‍ശനം ഉയരുമ്പോഴും തീരുമാനങ്ങളെല്ലാം കൂട്ടായെടുത്തതെന്നാണ് മന്ത്രി എംബി രാജേഷിന്റെ വിശദീകരണം.

◾ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷന്‍ പാലക്കാട് തമ്പടിച്ചത് കൊണ്ട് മാത്രം വിജയിക്കാനാകില്ലെന്ന് ബിജെപി ജില്ല കമ്മിറ്റി അംഗം സുരേന്ദ്രന്‍ തരൂര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചുവെന്നും സി. കൃഷ്ണകുമാറിനെതിരെ എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ നേതൃത്വം പരിഗണിക്കണമായിരുന്നുവെന്നും മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കണമായിരുന്നു എന്നും സുരേന്ദ്രന്‍ വിമര്‍ശനമുന്നയിച്ചു.

◾ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായി ബി.ജെ.പി. മാറിയിട്ടുണ്ടെങ്കില്‍ പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പുഫലം വരാനിരിക്കുന്ന പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍. അടിസ്ഥാനവോട്ടുകള്‍ നിലനിര്‍ത്താന്‍ ഒരുപരിധിവരെ ബി.ജെ.പി.ക്കായിട്ടുണ്ടെന്നും  2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 40,000-ത്തിലധികം വോട്ടാണ് ബി.ജെ.പി.ക്ക് ലഭിച്ചതെന്നും അതിനടുത്ത് വോട്ടുനിലനിര്‍ത്താന്‍ ഇക്കുറി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

◾ കേരള  ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിരയായി മാറിയെന്നും പാര്‍ട്ടിയുടെ നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുക്കണമെന്നും വ്യക്തമാക്കി എന്‍ഡിഎ വൈസ് ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്. പാലക്കാട്ടെ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഷ്ണുപുരം ചന്ദ്രശേഖരന്‍ രംഗത്തെത്തിയത്. വീഴ്ച്ചയുടെ ഉത്തരവാദിത്തതില്‍ നിന്ന് നേതാക്കള്‍ക്ക് ഒഴിഞ്ഞ് മാറാനാകില്ലെന്നും ഇത്തില്‍ കണ്ണികളെ പറിച്ചെറിയണമെന്നും നേതൃതലത്തില്‍ ശുദ്ധി കലശം നടത്തണമെന്നും ചന്ദ്രശേഖരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നു.

◾ പ്രിയങ്ക ഗാന്ധിയെ പാര്‍ലമെന്റിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഡിഎംകെ നേതാവ് കനിമൊഴി എംപി. വന്‍ഭൂരിപക്ഷത്തില്‍ പ്രിയങ്ക ജയിച്ചതില്‍ വളരെ സന്തോഷമെന്ന് പറഞ്ഞ കനിമൊഴി പാര്‍ലമെന്റിലെ പ്രതിപക്ഷ ശബ്ദത്തിന് കരുത്ത് കൂടുമെന്നും വ്യക്തമാക്കി. പ്രിയങ്കയുടെ ജയം ജനാധിപത്യത്തിന് നല്ലതാണെന്നും മഹാരാഷ്ട്രയിലെ ജനവിധി ഇന്ത്യ സഖ്യം അംഗീകരിക്കുന്നുവെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു.

◾ പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ സിപിഎം വിമത കണ്‍വെന്‍ഷന്‍. ജില്ലാ സെക്രട്ടറിക്കെതിരെ പ്രതിഷേധമുയര്‍ത്തിയാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറി സംഘടന മര്യാദ പാലിക്കുന്നില്ലെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റും 11 ബ്രാഞ്ച് സെക്രട്ടറിമാരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. കൊഴിഞ്ഞാമ്പാറ ലോക്കല്‍ സമ്മേളനം സമീപത്ത് നടക്കുമ്പോഴായിരുന്നു കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.

◾ പാര്‍ട്ടിയില്‍ വലിയ എതിര്‍പ്പില്ലെന്ന് കണ്ടപ്പോള്‍ ആക്രമണത്തിന് ശക്തി കൂട്ടിയിരിക്കയാണെന്നും  ആര് ചതിപ്രയോഗം നടത്തിയാലും സമസ്തക്ക് ഒന്നും സംഭവിക്കില്ലെന്നും സമസ്ത നേതാവ് അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്കില്‍ കുറിച്ചു. സമസ്തയേയും സമസ്ത നേതാക്കളെയും ഇടക്കിടെ  കൊട്ടുന്നത് പി  എം എ സലാമിന്റെയും  കെ എം ഷാജിയുടെയും  മുഖ്യ തൊഴിലാണെന്നും  അബ്ദുള്‍ ഹമീദ് വിമര്‍ശിച്ചു .  സമസ്തയുടെ അധ്യക്ഷനെ നിരന്തരം ഇവര്‍ വേട്ടയാടുന്നുവെന്നും സമസ്തയുടെ ആദര്‍ശത്തോട് ഇവര്‍ക്ക് അരിശമാണെന്നും അബ്ദുള്‍ ഹമീദ്  വിമര്‍ശിച്ചു.

◾ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഫിന്റെ കൂടെ നിന്ന് ബിജെപിക്കെതിരെ പ്രവര്‍ത്തിച്ചതിന് എന്തിനാണ് സിപിഎമ്മും ഗോവിന്ദന്‍ മാഷും അസ്വസ്ഥപ്പെടുന്നതെന്നും ഇത് അപകടകരമായ അവസ്ഥയാണെന്നും കേരള അമീര്‍ പി മുജീബ് റഹ്‌മാന്‍. ഇടതുപക്ഷ പാരമ്പര്യം മതേതരമാണെന്നും എന്നാല്‍ കുറച്ചു കാലമായി അതിനെതിരെ ഉള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും സന്ദീപ് പാര്‍ട്ടി മാറിയത് ജമാഅത്തെ ഇസ്ലാമിക്ക് ഒരു വിഷയമേ അല്ലെന്നും മുജീബ് റഹ്‌മാന്‍ പറഞ്ഞു.

◾ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ ഇന്ന് മുതല്‍ അപേക്ഷ നല്‍കാം. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം  റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ  വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ ഇന്ന് രാവിലെ 11 മണി മുതല്‍ നല്‍കാവുന്നതാണ്. അപേക്ഷകള്‍ ഡിസംബര്‍ 10 വൈകിട്ട് 5 മണി വരെ ഓണ്‍ലൈനായി സ്വീകരിക്കും.

◾ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വന്‍ വര്‍ധനവ്. നടതുറന്ന് 9 ദിവസം പൂര്‍ത്തിയാകുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3,03,501 തീര്‍ത്ഥാടകരാണ് അധികമായി എത്തിയത്. വരുമാനത്തില്‍ 13,33,79,701 രൂപയുടെ വര്‍ധനയുമുണ്ടായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

◾ കേരളത്തില്‍ അടുത്ത അഞ്ച്  ദിവസം ഇടിമിന്നലോടു കൂടിയ നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

◾ വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് സീറ്റ് തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് രക്ഷിതാക്കളില്‍ നിന്ന് കോടികള്‍ തട്ടിയ പത്തനംതിട്ട സ്വദേശി അറസ്റ്റില്‍.  തമിഴ്നാട്ടിലെ പ്രമുഖ കോളേജില്‍ സ്റ്റാഫ് ക്വാട്ടയില്‍ എംബിബിഎസ് സീറ്റ് നല്‍കാമെന്നായിരുന്നു വൈദികനെന്ന് പരിചയപ്പെടുത്തിയ ജേക്കബ് തോമസ് കേരളത്തിലും സംസ്ഥാനത്തിന് പുറത്തുമുള്ള രക്ഷിതാക്കളെ വിശ്വസിപ്പിച്ചിരുന്നത്.  

◾ മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റ്  മോഹനന്റെ മരണത്തില്‍ സിപിഎം നേതാവ് വെള്ളനാട് ശശിക്കെതിരെ കുടുംബം. മോഹനന്‍ സിപിഎമ്മില്‍ ചേരാത്തതില്‍ ശശിക്ക് വൈരാഗ്യം ഉണ്ടായി എന്നാണ് കുടുംബത്തിന്റെ ആരോപണം. ബാങ്കിലെ നിക്ഷേപകരെ വെള്ളനാട് ശശി ഇളക്കി വിട്ടുവെന്നും  മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

◾ നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. എന്നാല്‍, ഈ തീരുമാനം മാറ്റികൊണ്ടാണിപ്പോള്‍ പരാതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി നടി വീണ്ടും രംഗത്തെത്തിയത്. താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാല്‍ പരാതി പിന്‍വലിക്കില്ലെന്നും എസ്ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി.

◾ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് സാരമായി പരിക്കേറ്റു. മൂക്കിന്റെ പാലം തകര്‍ന്ന രഞ്ജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് കുത്തിവെയ്പ്പ് എടുക്കുന്നതിനിടെ അന്തേവാസി ആക്രമണ സ്വഭാവം കാണിച്ചതിനെ തുടര്‍ന്ന് നഴ്‌സുമാര്‍ സെക്യൂരിറ്റി ജീവനക്കാരുടെ സഹായം തേടുകയായിരുന്നു.

◾ ഫോര്‍ട്ട് കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു. അയര്‍ലന്‍ഡ് സ്വദേശി ഹോക്കോ ഹെന്‍ക്കോ റയ്ന്‍ സാദ് ആണ് മരിച്ചത്. 75 വയസായിരുന്നു. വിദേശത്തുനിന്നും എത്തിയ ഇയാള്‍ ഫോര്‍ട്ടുകൊച്ചിയിലെ കുന്നുംപുറത്തെ ഹോം സ്റ്റേയിലായിരുന്നു താമസിച്ചിരുന്നത്. പനിബാധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്നാണ് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.

◾ നിയുക്ത കര്‍ദ്ദിനാള്‍ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് മെത്രാപ്പോലീത്ത ആയി അഭിഷിക്തനായി. ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഡിസംബര്‍ 8 വത്തിക്കാനില്‍ നടക്കുന്ന ചടങ്ങില്‍ ജോര്‍ജ് കൂവക്കാട് കര്‍ദ്ദിനാളായി ചുമതലയേല്‍ക്കും.

◾ മദ്യപിച്ച് അമിതവേഗത്തില്‍ വാഹനം ഓടിച്ചതിന് നടന്‍ ഗണപതിയെ എറണാകുളം കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. നടന്‍ അമിതവേഗത്തില്‍ സഞ്ചരിച്ച വാഹനം പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു.

◾ മലപ്പുറം വഴിക്കടവില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ 14 കാരന്‍ മരിച്ചു. പുളിക്കല്‍ അങ്ങാടി സ്വദേശി മുഹമ്മദ് നജാസാണ് മരിച്ചത്. ബന്ധുവായ എടക്കര എരഞ്ഞിക്കല്‍ അബ്ദുള്‍ അസീസിനും പരുക്കേറ്റു. ഇയാളെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾ കഴുത്തില്‍ കയര്‍ കുരുങ്ങി ബൈക്കില്‍ നിന്നു വീണ് യാത്രക്കാരന്‍ മരിച്ചു. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്. മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയര്‍ സെയ്ദിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും ഒപ്പം യാത്ര ചെയ്യുമ്പാഴായിരുന്നു അപകടം.

◾ ഉത്തര്‍ പ്രദേശിലെ സംബാലിലുണ്ടായ സംഘര്‍ഷത്തില്‍ 3 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കോടതി ഉത്തരവിനെ തുടര്‍ന്ന് ഷാഹി ജുമാ മസ്ജിദില്‍ സര്‍വേ നടത്താന്‍ എത്തിയ അഭിഭാഷക കമ്മീഷനും പൊലീസിനും നേരെ ഒരുകൂട്ടമാളുകള്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

◾ ഗൗതം അദാനിക്കും അനന്തരവന്‍ സാഗര്‍ അദാനിക്കും യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസയച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സൗരോര്‍ജ വൈദ്യുതി കരാര്‍ ലഭിക്കാന്‍ 2200 കോടി രൂപ കൈക്കൂലി നല്‍കിയെന്ന കേസിലാണ് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ നടപടി.

◾ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ പൊലീസുകാരന് ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു മര്‍ദ്ദനം. പൊലീസുകാരന്‍ ഓടിച്ച കാര്‍ ഓട്ടോയില്‍ ഇടിച്ചതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തര്‍ക്കം കൈയാങ്കളിയിലെത്തുകയായിരുന്നു. തുടര്‍ന്ന് തടിച്ചുകൂടിയ ആളുകള്‍ ഭാര്യയും മക്കളും നോക്കി നില്‍ക്കെ പൊലീസുകാരനെ പൊതിരെ തല്ലുകയായിരുന്നു.

◾ മരണപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. രക്തബന്ധമുള്ള ബന്ധുവിനോ പവര്‍ ഓഫ് അറ്റോര്‍ണിയുള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകള്‍ റദ്ദാക്കാനോ പേപ്പറുകളില്‍ ഒപ്പിടാനോ സാധിക്കൂ എന്നതാണ് പ്രധാന നിബന്ധന.

◾ രാജ്യത്തെ എല്ലാ മൊബൈല്‍ നെറ്റ്വര്‍ക്ക് സേവനദാതാക്കളും കവറേജ് മാപ്പ് അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ. മികച്ച ടെലികോം സേവനം ഉറപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് ട്രായ് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.

◾ ഉത്തര്‍ പ്രദേശില്‍ വീണ്ടും ട്രെയിന്‍ അട്ടിമറി ശ്രമം.  പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റിക്കാനുള്ള ശ്രമമാണ് ലോക്കോ പൈലറ്റിന്റെ ഇടപെടലില്‍ പിലിഭിത്തില്‍ ഒഴിവായത്. 25 അടി നീളമുള്ള ഇരുമ്പ് കമ്പി പാളത്തില്‍ വച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് കൃത്യ സമയത്ത് പ്രയോഗിച്ചതോടെ ട്രെയിന്‍ നില്‍ക്കുകയായിരുന്നു.

◾ ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്റ് മാര്‍ക്കോസ് ജൂനിയറിനെതിരെ പൊതുവേദിയില്‍ വച്ച് 46കാരിയായ ഫിലിപ്പീന്‍സ് വൈസ് പ്രസിഡന്റ് സാറ ഡ്യൂട്ടെര്‍ഡ് കാര്‍പിയോയുടെ ഭീഷണി. ജൂണ്‍ മാസത്തില്‍ മാര്‍ക്കോസിന്റെ ക്യാബിനറ്റില്‍ നിന്ന് രാജി വച്ചിരുന്നെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനം സാറ ഒഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ സാറയുടെ അനുയായികളേയും കുടുംബാംഗങ്ങളേയും കേസില്‍ കുടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായാണ് സാറ ആരോപിക്കുന്നത്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പ്രസിഡന്റിനേയും കുടുംബത്തിന്റേയും തല വെട്ടണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥന് ക്വട്ടേഷന്‍ നല്‍കിയതായാണ് സാറ വ്യക്തമാക്കിയത്.

◾ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ പ്രശംസിച്ച് ടെസ്ല സിഇഒ എലോണ്‍ മസ്‌ക്. എങ്ങനെയാണ് ഇന്ത്യ ഒരു ദിവസം കൊണ്ട്  640 മില്യണ്‍ വോട്ടുകള്‍ എണ്ണുന്നത് എന്ന ഒരു വാര്‍ത്തയുടെ തലക്കെട്ട് പങ്കുവെച്ച ഉപയോക്താവിന് നല്‍കിയ മറുപടിയിലാണ് മസ്‌ക് ഇന്ത്യയെ പ്രശംസിച്ചത്. ഇന്ത്യയില്‍ തട്ടിപ്പ് എന്നത് തെരഞ്ഞെടുപ്പിന്റെ ലക്ഷ്യമല്ലെന്ന അടിക്കുറിപ്പും ഉപയോക്താവ് നല്‍കിയിരുന്നു.

◾ മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ഇന്നാകുമെന്ന് സൂചന. മുഖ്യമന്ത്രി ആരെന്നതിനുള്ള തീരുമാനത്തിനായി മുന്നണി നേതാക്കള്‍ അമിത്ഷായെ കാണും. രണ്ടരവര്‍ഷം കൂടി തുടരാന്‍ ഏക്നാഥ് ഷിന്‍ഡെ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി മുഖ്യമന്ത്രി പദം ഏറ്റെടുക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ താല്‍പര്യം.   മുഖ്യമന്ത്രിയുടെയും രണ്ട് ഉപ മുഖ്യമന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇന്ന് നടക്കുമെന്നാണ് വിവരം.

◾ സ്ത്രീകളെ അനാദരിച്ചതിനാലാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെക്ക് ഈ വിധി ഉണ്ടായതെന്നും സ്ത്രീകളെ അനാദരിക്കുന്നവര്‍ക്ക് ഒരിക്കലും വിജയിക്കാന്‍ കഴിയില്ലെന്നും സ്ത്രീകളെ അനാദരിക്കുന്നവര്‍ പിശാചാണെന്നും നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട്. മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡി പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കങ്കണയുടെ കടന്നാക്രമണം.

◾ ഉത്തര്‍പ്രദേശിലെ സാംബലില്‍ ജനക്കൂട്ടവും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നില്‍ ബിജെപിയാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉപതിരഞ്ഞെടുപ്പിലെ ക്രമക്കേടുകളില്‍നിന്ന് ശ്രദ്ധതിരിക്കാനായി യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ നടത്തുന്ന ശ്രമമാണിതെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.

◾ ഇസ്രയേലിനെതിരെ മിസൈലാക്രമണം നടത്തി ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘം ഹിസ്ബുള്ള. 160 മിസൈലുകള്‍ ഇസ്രേയലിന് നേര്‍ക്ക് ഹിസ്ബുള്ള തൊടുത്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനമായ ടെല്‍ അവീവ്, തെക്കന്‍ ഇസ്രയേലിലെ അഷ്‌ദോദ് നാവികതാവളം എന്നിവിടങ്ങളിനാണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്.

◾ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും വിജയത്തിളക്കം. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി.യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്.

◾ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടിയുള്ള ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക വിജയപ്രതീക്ഷ. വിരാട് കോലിയും യശസ്വി ജയ്സ്വാളും സെഞ്ചുറി നേടിയ മത്സരത്തില്‍ ഇന്ത്യ ഓസീസിനെതിരെ ഉയര്‍ത്തിയ  വിജയലക്ഷ്യം 534 റണ്‍സാണ്. ജയ്സ്വാള്‍ 161 റണ്‍സെടുത്ത്  പുറത്തായപ്പോള്‍ കോലി100 റണ്‍സെടുത്ത് പുറത്താകാതെയും നിന്നു. കൂറ്റന്‍ വിജയലക്ഷ്യവുമായി രണ്ടാമിന്നിംഗ്‌സിനിറങ്ങിയ ഓസീസ് മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 12 ന് 3 എന്ന നിലയിലാണ്.

◾ ഐപിഎല്ലിലെ റെക്കോര്‍ഡ് തുകയ്ക്ക് റിഷഭ് പന്തിനെ ടീമിലെത്തിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്.വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലഖ്‌നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 26.75 കോടി രൂപക്ക് ശ്രേയസ് അയ്യരെ പഞ്ചാബ് കിങ്സിലെത്തിച്ചങ്കെിലും മിനിറ്റുകള്‍ക്കുള്ളിലാണ് ഋഷഭ് പന്ത് ആ റെക്കോര്‍ഡ് തകര്‍ത്തത്. ഡല്‍ഹി ക്യാപിറ്റല്‍സ് 14 കോടി രൂപയ്ക്ക് കെ.എല്‍. രാഹുലിനെ ടീമിലെത്തിച്ചപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വെങ്കടേഷ് അയ്യരെ 23.75 കോടി രൂപയ്ക്കാണ് തിരികെ ടീമിലെത്തിച്ചത്. സ്പിന്നര്‍ യുസ്വേന്ദ്ര ചെഹലിനെ 18 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. അര്‍ഷ്ദീപ് സിങ്ങിനെ 18 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് നിലനിര്‍ത്തി. പരുക്കിന്റെ പിടിയില്‍നിന്ന് തിരിച്ചെത്തിയ മുഹമ്മദ് ഷമിയെ 10 കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. കഗീസോ റബാദയെ 10.75 കോടിക്കും ജോസ് ബട്ലറിനെ 15.75 കോടിക്കും ഗുജറാത്ത് ടൈറ്റന്‍സും ടീമിലെത്തിച്ചു. കഴിഞ്ഞ സീസണില്‍ 24.75 കോടിക്ക് കൊല്‍ക്കത്ത സ്വന്തമാക്കിയ മിച്ചല്‍ സ്റ്റാര്‍ക്ക് ഇത്തവണ 11.75 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സിലെത്തി. 

◾ ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1,55,603 കോടി രൂപയുടെ കുതിപ്പാണ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് എന്നിവയാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസും എല്‍ഐസിയും മാത്രമാണ് നഷ്ടം നേരിട്ടത്. എച്ച്ഡിഎഫ്സിക്ക് 40,392 കോടിയുടെ നേട്ടമാണ് ഉണ്ടായത്. ഇതോടെ വിപണി മൂല്യം 13,34,418 കോടിയായി ഉയര്‍ന്നു. 36,036 കോടിയാണ് ടിസിഎസിന്റെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. 15,36,149 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഐസിഐസിഐ ബാങ്ക് 16,266 കോടി, ഇന്‍ഫോസിസ് 16,189 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 13,239 കോടി, ഐടിസി 11,508 കോടി, എയര്‍ടെല്‍ 11,260 കോടി, എസ്ബിഐ 10,709 എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. എല്‍ഐസിയുടെയും റിലയന്‍സിന്റെയും വിപണി മൂല്യത്തില്‍ യഥാക്രമം 11,954 കോടി, 2,368 കോടി എന്നിങ്ങനെയാണ് ഇടിവ് നേരിട്ടത്.

◾ 'ബേബി ജോണി'ലൂടെ കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് എത്തുകയാണ്. ദളപതി വിജയ്യുടെ തെറിയാണ് ബോളിവുഡ് ചിത്രമായി റീമേക്ക് ചെയ്യുന്നത്. വരുണ്‍ ധവാനാണ് നായകനായി എത്തുന്നത്. ബേബി ജോണിലെ ഗാനത്തിന്റെ പ്രമോ ഇപ്പോള്‍ പുറത്ത് എത്തിയിരിക്കുകയാണ്. നവംബര്‍ 25ന് ഗാനം പുറത്തിറങ്ങും. അതീവ ഗ്ലാമറസയാണ് കീര്‍ത്തി സുരേഷ് ഈ അടിപൊളി ഗാനത്തില്‍ എത്തുന്നത് എന്നാണ് പ്രമോ നല്‍കുന്ന സൂചന. തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ തമന്‍ ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. ദില്‍ജിത് ദോസഞ്ജും ദീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബേബി ജോണിന്റെ സംവിധാനം എ കാലീസ്വരനാണ്. ചിത്രത്തില്‍ വരുണ്‍ ധവാന്‍ കീര്‍ത്തി സുരേഷ് എന്നിവര്‍ക്ക് പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈന്‍, രാജ്പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ഉണ്ട്. വിജയ്യുടെ വിജയ ചിത്രം ഇനി ബോളിവുഡിലേക്കും എത്തുമ്പോള്‍ പ്രതീക്ഷകളിലാണ്. അറ്റ്ലി ആണ് തെറി സിനിമയുടെ സംവിധാനം നിര്‍വഹിച്ചത്.

◾ മുതിര്‍ന്ന തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയുടെ സംവിധാന അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ വാര്‍ത്താ പ്രാധാന്യം നേടിയ ചിത്രമായിരുന്നു 'സീക്രട്ട്'.  ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് ജൂലൈയില്‍ ആയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. മനോരമ മാക്സിലൂടെ ചിത്രം ഇപ്പോള്‍ കാണാനാവും. ഇന്ത്യയ്ക്ക് പുറത്തുള്ള പ്രേക്ഷകര്‍ക്ക് സിംപ്ലി സൗത്ത് എന്ന പ്ലാറ്റ്ഫോമിലൂടെയും ചിത്രം കാണാനാവും. ചിത്രം നാളെ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് സിംപ്ലി സൗത്ത് അറിയിച്ചിരിക്കുന്നത്. ലക്ഷ്മി പാര്‍വതി വിഷന്റെ ബാനറില്‍ രാജേന്ദ്ര പ്രസാദ് നിര്‍മ്മിച്ച സീക്രട്ടില്‍ അപര്‍ണ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആര്‍ദ്ര മോഹന്‍, രഞ്ജിത്ത്, രണ്‍ജി പണിക്കര്‍, ജയകൃഷ്ണന്‍, സുരേഷ് കുമാര്‍, അഭിരാം രാധാകൃഷ്ണന്‍, മണിക്കുട്ടന്‍ എന്നിവരാണ് ധ്യാന്‍ ശ്രീനിവാസനൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എസ് എന്‍ സ്വാമിയുടേത് തന്നെയായിരുന്നു ചിത്രത്തിന്റെ കഥയും തിരക്കഥയും.

◾ മഹീന്ദ്ര അതിന്റെ ജനപ്രിയ എസ്യുവി സ്‌കോര്‍പിയോയ്ക്ക് ബമ്പര്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. പഴയ തലമുറ മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്കിന്റെ അടിസ്ഥാന വേരിയന്റായ എസ് ട്രിമ്മില്‍ ഉപഭോക്താക്കള്‍ക്ക് ഈ കാലയളവില്‍ പരമാവധി 1,00,000 രൂപ ലാഭിക്കാനാകും. അതേസമയം ട11 ന് പരമാവധി 50,000 രൂപ വരെ കിഴിവ് ലഭിക്കുന്നു. മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്കിന് 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉണ്ട്, അത് പരമാവധി 132 ബിഎച്ച്പി കരുത്തും 300 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. കാറിന്റെ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് നിലവില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി 5 കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് ഇത് 2 വേരിയന്റുകളില്‍ വാങ്ങാം. ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്കിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില മുന്‍നിര മോഡലിന് 13.59 ലക്ഷം മുതല്‍ 17.35 ലക്ഷം രൂപ വരെയാണ്.

◾ ഔദ്യോഗികജീവിതത്തിന്റെ മുഹൂര്‍ത്തങ്ങളെ ആത്മാംശത്തിന്റെ ജാലകങ്ങളിലൂടെ അനാവരണം ചെയ്യുന്ന കഥകള്‍. പോലീസ് ഡിപ്പാര്‍ട്ടൂമെന്റിലെ ജീവിതസന്ദര്‍ഭങ്ങളെ ഭാവനാത്മകമായി അവതരിപ്പിക്കുമ്പോള്‍, ലഭ്യമാകുന്ന രസാനുഭൂതി ഇക്കഥകളെ മനോഹരമാക്കുന്നൂ. ഇലയ്ക്കും മുള്ളിനും കേടുവരാതെ സ്വധര്‍മ്മവും കര്‍മ്മവും നിര്‍വഹിക്കാന്‍ സാധിക്കാത്ത വ്യക്തികളുടെ അവസ്ഥാന്തരങ്ങളുമാണ് ഇക്കഥകള്‍. ഉസ്മാന്റങ്ങാടി, കാലന്റെ കാലക്കേട്, ഗുരുവായൂരപ്പന്റെ സ്വന്തം മുകുന്ദന്‍, ഗോവിന്ദേട്ടന്റെ കോഴി, സത്യമേവ ജയതേ, പണമില്ലാത്തവന്‍ പിണം, വെളുക്കാന്‍ തേച്ചത് പാണ്ടായി, സതീശന്റെ കല്യാണം, അക്കിടിപറ്റിയ മുകുന്ദന്‍പോലീസ് തുടങ്ങിയ കഥകള്‍ ലളിതമായ ഭാഷയില്‍ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നു. 'മുകുന്ദപുരാണം'. സുരേഷ് തിരുത്തിക്കാട്ട്. ഗ്രീന്‍ ബുക്സ്. വില 133 രൂപ.

◾ വായിലെ അള്‍സര്‍ അഥവ വായ്പ്പുണ്ണ് വളരെ സാധാരണമായി എല്ലാവരിലും കാണാറുണ്ട്. അതുകൊണ്ട് തന്നെ വളരെ നിസാരമായാണ് നമ്മള്‍ ഇവ പരിഗണിക്കുക. എന്നാല്‍ വായില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരം വ്രണങ്ങള്‍ പല രോഗങ്ങളുടെയും ആദ്യഘട്ട ലക്ഷണമാകാം. മഞ്ഞ, വെള്ള നിറത്തില്‍ വായ്ക്കുള്ളില്‍ ചെറിയ വ്രണങ്ങളായാണ് വായ്പുണ്ണ് ഉണ്ടാവുക. പല്ലുകള്‍ കൊണ്ടുണ്ടാകുന്ന മുറിവുകള്‍, ചതവ്, വിറ്റാമിനുകളുടെ അഭാവം, അണുബാധ, ബാക്ടീര മൂലവും വായ്പ്പുണ്ണ് ഉണ്ടാകാം. വായില്‍ ഇടയ്ക്കിടെ അള്‍സര്‍ പ്രത്യക്ഷപ്പെടുന്നത് ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോഗങ്ങളുടെ ലക്ഷണമാകാമെന്ന് പഠനങ്ങള്‍ പറയുന്നത്. ദഹനനാളത്തെ ബാധിക്കുന്നതും ഓവര്‍ലാപ്പിങ് ലക്ഷണങ്ങളുള്ളതുമായ വിട്ടുമാറാത്ത കോശജ്വലന അവസ്ഥകളാണ് ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോഗങ്ങള്‍. കൂടാതെ പ്രതിരോധ ശേഷി കുറഞ്ഞാലും ഇത്തരത്തില്‍ വായ്പ്പുണ്ണ് ഇടയ്ക്കിടെ ഉണ്ടാവാം. ഇവ രണ്ടും ഒരു ഓട്ടോ ഇമ്മ്യൂണല്‍ കണ്‍ഡീഷനാണ്. പാരമ്പര്യ ജീനാണ് ക്രോണ്‍സ് രോഗത്തിന് കാരണമാകുന്നതെങ്കില്‍ ഗോതമ്പ്, ബാര്‍ലി തുടങ്ങിയവയില്‍ കാണപ്പെടുന്ന ഗ്ലൂട്ടന്‍ എന്ന പ്രോട്ടീനാണ് സെലീയാക് എന്ന രോഗവസ്ഥയെ ട്രിഗര്‍ ചെയ്യുന്നത്. വയറുവേദന, വയറിളക്കം, വിളര്‍ച്ച, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി, സന്ധി വേദന തുടങ്ങിയവയാണ് ഇവയുടെ ലക്ഷണങ്ങള്‍. ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നതും ശ്രദ്ധിക്കണം. വേദനയും രക്തം ബ്ലീഡ് ചെയ്യുന്നതുമായി അവസ്ഥകള്‍ ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോഗങ്ങളുടെ ലക്ഷണമാകാം. കൂടാതെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഇരുമ്പിന്റെയും കുറവ് ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നതിന് കാരണമാകാം.

*ശുഭദിനം*
*കവിത കണ്ണന്‍*
എന്തെങ്കിലും തരണേയെന്ന അഭ്യര്‍ത്ഥന കേട്ടാണ് അവര്‍ പുറത്ത് വന്നത്.  നോക്കിയപ്പോള്‍ തേജസ്സുള്ളൊരു ഭിക്ഷു.  അവര്‍ ഭിക്ഷുവിന് ധാന്യമണികള്‍ നല്‍കി.  ഒപ്പം തന്റെ സങ്കടങ്ങളെല്ലാം അവര്‍ ഭിക്ഷുവിനോട് പറഞ്ഞു.  തന്റെ സങ്കടങ്ങള്‍ക്ക് ഒരു പരിഹാരം ഉപദേശിക്കാന്‍ ഭിക്ഷുവിനോട് ആവശ്യപ്പെട്ടപ്പോള്‍ ഭിക്ഷു പറഞ്ഞു: പരിഹാരം ഞാന്‍ നാളെ വരുമ്പോള്‍ പറയാം. പക്ഷേ, നാളെ വരുമ്പോള്‍ എനിക്ക് കുറച്ച് പായസം തരണം.  അവര്‍ സമ്മതിച്ചു.  പിറ്റേദിവസം ഭിക്ഷു എത്തി.  പായസം വാങ്ങാനുളള പാത്രം കണ്ട് ആ സ്ത്രീ അമ്പരന്നു. അതില്‍ നിറയെ അഴുക്കും കറകളുമായിരുന്നു.  അവര്‍ പറഞ്ഞു: ഇതിലെങ്ങിനെ പായസം വിളന്വും.. ഇതില്‍ നിറയെ അഴുക്കാണല്ലോ.. പാത്രം തരൂ ഞാനിത് കഴുകിയിട്ട് വരാം... പക്ഷേ, ഭിക്ഷു സമ്മതിച്ചില്ല.  മാത്രമല്ല, ആ പാത്രത്തില്‍ തന്നെ പായസം വേണമെന്നും ആവശ്യപ്പെട്ടു.  പക്ഷേ, അവര്‍ അതിന് വഴങ്ങിയതേയില്ല. അപ്പോള്‍ ഭിക്ഷു പറഞ്ഞു:  ഈ പാത്രം പോലെയാണ് നിന്റെ മനസ്സും,  അതില്‍ നിറയെ പരാതിയും പരിഭവങ്ങളുമാണ്.   അതു മാറ്റാതെ ഞാന്‍ എത്ര ഉപദേശം നല്‍കിയിട്ടും കാര്യമില്ല... അവര്‍ക്ക് കാര്യം മനസ്സിലായി..  അകം അശുദ്ധമെങ്കില്‍ അകത്തേക്ക് ഒഴിക്കുന്നതും അശുദ്ധമായിരിക്കും.  വിളമ്പുന്നത് വിശുദ്ധമാണോ എന്നത് പോലെ പ്രധാനമാണ് പാത്രം ശുദ്ധമാണോ എന്നത്.   നല്ലതൊന്നും അകത്തേക്ക് പ്രവേശിക്കാത്തതുകൊണ്ടല്ല, പ്രവേശിക്കുന്നവയ്ക്ക് പ്രവര്‍ത്തിക്കാനുളള പരിസരം ഇല്ലാത്തതുകൊണ്ടാണ് ക്രിയാത്മക മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടാത്തത്.  അകവും നമുക്ക് അഴകുളളതാക്കാം - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right