07-11-2024
◾ നരേന്ദ്രമോദി ഒരു ഗംഭീര മനുഷ്യനാണെന്നും ഇന്ത്യ ഒരു ഗംഭീര രാജ്യമാണെന്നും നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ട്രംപിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചുള്ള മോദിയുമായുള്ള സംഭാഷണത്തിടയിലാണ് ട്രംപ്, ഇന്ത്യയെയും മോദിയേയും കുറിച്ച് പറഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പറയുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചശേഷം തന്നെ ആദ്യം വിളിച്ച ലോകനേതാക്കളില്‍ ഒരാള്‍ നരേന്ദ്രമോദിയാണെന്നും ലോകമൊട്ടാകെ മോദിയെ ഇഷ്ടപ്പെടുന്നെന്നും ട്രംപ് പറഞ്ഞതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
◾ പൊലീസിനെ രാഷ്ട്രീയമായി സി.പി.എം ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. അര്‍ദ്ധരാത്രിയില്‍ പാലക്കാട്ടെ ഹോട്ടലില്‍ താമസിച്ച കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയില്‍ റെയ്ഡിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ സെര്‍ച്ച് നടത്തുന്നത് സംബന്ധിച്ച് ബി.എന്‍.എസ്.എസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഒരു നടപടിക്രമവും പാലിച്ചില്ലെന്നും പരാതിയിലുണ്ട്. പരിശോധനയ്‌ക്കെത്തിയ പൊലീസ് സംഘത്തിനൊപ്പം എ.ഡി.എം, ആര്‍.ഡി.ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നു എന്നതും നിയമവിരുദ്ധമാണെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിയന്ത്രണങ്ങളും നിലനില്‍ക്കെ പൊലീസിനെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി.
◾ പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന കള്ളപ്പണ ആരോപണങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. പാലക്കാട് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുളള കലക്ടറോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും തുടര്‍ നടപടി.
◾ പാലക്കാട് നടന്ന റെയ്ഡില്‍ കോണ്‍ഗ്രസുകാരുടെ വാദങ്ങള്‍ പൊളിയുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബിജെപിയും കോണ്‍ഗ്രസും ഇന്ത്യയിലും കേരളത്തിലും കള്ളപ്പണം ഒഴുക്കിയതിന്റെ ചരിത്രമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. കള്ളപ്പണം കൊണ്ടുവന്നവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പാലക്കാട് ബിജെപി കള്ളപ്പണം കൊണ്ടുവന്നു എന്നതിന് ഞങ്ങളുടെ പക്കല്‍ നിലവില്‍ തെളിവില്ലെന്നും എന്നാല്‍ തെളിവ് കിട്ടിയാല്‍ പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ കോണ്‍ഗ്രസ് പാലക്കാട്ടേക്ക് കള്ളപ്പണം കൊണ്ടുവന്നു എന്നത് പകല്‍ പോലെ വ്യക്തമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. കള്ളപ്പണ ഇടപാടുകളെ പൊലീസും സിപിഎമ്മിലെ ഒരു വിഭാഗവും സംരക്ഷിച്ചുവെന്നും റെയിഡ് വിവരം ചോര്‍ത്തി നല്‍കി അര മണിക്കൂര്‍ സമയം കള്ളപ്പണം മാറ്റാന്‍ കോണ്‍ഗ്രസിന് അവസരം നല്‍കിയെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സിപിഎമ്മിലെ ഒരു വിഭാഗം ഇതിന് സഹായിച്ചുവെന്നും പോലീസിന്റെ അനാസ്ഥയാണ് തൊണ്ടിമുതല്‍ പിടി കൂടാനാകാത്തതിന് കാരണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
◾ കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത ഹീനമായ രാഷ്ട്രീയ നാടകമാണ് പാലക്കാട്ടെ ഹോട്ടലില്‍ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കൊടകരയില്‍ കുടുങ്ങിയ ബിജെപിയെ ബാലന്‍സ് ചെയ്യിക്കാന്‍ സിപിഎം തയ്യാറാക്കിയ തിരക്കഥയായിരുന്നു റെയ്ഡെന്നും പൊലീസ് കൈവശം വെക്കേണ്ട സിസിടിവി ദൃശ്യങ്ങളാണ് സിപിഎം മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ വണ്ടിയില്‍ കഞ്ചാവ് കൊണ്ട് വച്ച് പിടിപ്പിച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ് ഞങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ നടന്ന റെയ്ഡ് മന്ത്രി എം.ബി രാജേഷിന്റെ സൃഷ്ടിയെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. റെയ്ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത് എം.ബി രാജേഷ് ആണെന്ന് പറഞ്ഞ സുധാകരന്‍ കോണ്‍ഗ്രസ് നേതാക്കളുടെ കൈയ്യില്‍ കാശുള്ളതായി ആരാണ് കണ്ടതെന്നും ചോദിച്ചു.
◾ സിപിഎം-ബിജെപി ബന്ധം ആരോപിക്കാന്‍ കഴിയത്തക്കവിധം പ്ലാറ്റ്ഫോം ഉണ്ടാക്കിയെടുക്കാന്‍ മുന്‍ എം.എല്‍എ ബോധപൂര്‍വം പുകമറ സൃഷ്ടിച്ചതാണോ ഈ സംഭവമെന്ന് അന്വേഷിക്കണമെന്ന് പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.സരിന്‍. ആ മാസ്റ്റര്‍ പ്ലാനില്‍ നിന്ന് വരുന്ന കാര്യങ്ങളില്‍പ്പെട്ടതാണോയെന്നും തെറ്റായ വിവരമാണെങ്കില്‍, ഇല്ലാത്ത വിഷയം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചോ എന്ന് അന്വേഷിക്കണമെന്നും സരിന്‍ ആവശ്യപ്പെട്ടു.
◾ പാലക്കാട്ടെ ഹോട്ടലില്‍ നടന്ന റെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകമെന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. പി സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് പാലക്കാട് സി പി എം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു. പാര്‍ട്ടി നിലപാട് സരിന്‍ പറഞ്ഞതല്ല താന്‍ പറഞ്ഞതാണെന്നും ഷാഫി പറമ്പിലിന്റെ എല്ലാ കള്ളക്കളിയും അറിയുന്നതുകൊണ്ടാണ് സരിന്‍ ഷാഫിയെ കുറിച്ച് അങ്ങനെ പറഞ്ഞതെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
പാലക്കാട്ട് റെയ്ഡിന്റെ സമയത്ത് ബിജെപി, സിപിഎം നേതാക്കള്‍ ഒരുമിച്ച് നിന്നത് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്സ്. ഹോട്ടല്‍ മുറിയിലെ റെയ്ഡിന് പിന്നാലെ പാര്‍ട്ടി ഒറ്റക്കെട്ടായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ബിജെപിയെ പ്രതിസന്ധിയിലാക്കിയ കൊടകര കുഴല്‍പ്പണ കേസില്‍ പുതിയ വെളിപ്പെടിത്തലുകളുണ്ടായിട്ടും അനങ്ങാതിരുന്ന പൊലീസ്, കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയിലെത്തിയത് തെരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാക്കുമെന്നും പാലക്കാട്ട് ബിജെപി, സിപിഎം ഡീല്‍ എന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണത്തില്‍ ഉടനീളം ഉയര്‍ത്തിക്കാട്ടുമെന്നുമാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം.
◾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്പരം കണ്ടുമുട്ടി വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയും. ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയില്‍വെച്ചാണ് ഇരു സ്ഥാനാര്‍ഥികളും സൗഹൃദം പങ്കിട്ടത്. പോത്തുകല്ലിലേക്ക് പോകുന്നതിനിടെ എരുമമുണ്ടയില്‍ വെച്ച് സത്യന്‍ മൊകേരിയെ കണ്ട പ്രിയങ്ക ഗാന്ധി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
◾ കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പ്രതികള്‍ക്ക് കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. നിരോധിത ഭീകര സംഘടനയായ ബേസ്മൂവ്‌മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ ഒന്നാംപ്രതി അബ്ബാസ് അലി (31), രണ്ടാംപ്രതി ഷംസൂണ് കരീം രാജ (33), മൂന്നാം പ്രതി ദാവൂദ് സുലൈമാന്‍ (27) എന്നിവര്‍ക്കാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ ശിക്ഷ വിധിച്ചത്.
◾ പാലക്കാട്ട് ബിജെപിയുടെ പ്രചാരണത്തിനില്ലെന്ന നിലപാട് ആവര്‍ത്തിച്ച് സന്ദീപ് വാര്യര്‍. പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതില്‍ ക്രിയാത്മക നിര്‍ദ്ദേശം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ പോസിറ്റീവായ ഒരു നടപടിയും ഉണ്ടായതായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാള്‍ പുറത്തുപോകുന്നത് അതീവ ദുഃഖകരമാണെന്നും ആളുകളെ ചേര്‍ത്തു നിര്‍ത്താനാണ് നേതൃത്വം ശ്രമിക്കേണ്ടതെന്നും അതാണ് നേതൃഗുണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
◾ സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമനിര്‍മ്മാണം നടത്തുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ കരട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാമെന്ന് ഹൈക്കോടതി. ഇത് ക്രോഡീകരിക്കാന്‍ അമിക്കസ് ക്യൂരിയായി അഡ്വ. മിത സുരേന്ദ്രനെ ഡിവിഷന്‍ ബഞ്ച് നിയമിച്ചു. നിയമ നിര്‍മാണത്തിന്റെ കരട് തയാറാക്കിയിട്ടുണ്ടെന്ന് ഡബ്ല്യുസിസി കോടതിയെ അറിയിച്ചു. ഇത് സംസ്ഥാന സര്‍ക്കാരിന് കൈമാറാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജികള്‍ ഈ മാസം 21 ന് വീണ്ടും പരിഗണിക്കും.
◾ വയനാട്ടിലെ ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച ഭക്ഷ്യ വസ്തുക്കള്‍ മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്തതെന്ന് പരാതി. അരി, റവ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതര്‍ ആരോപിക്കുന്നു. എന്നാല്‍ സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നല്‍കിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതര്‍ക്ക് നല്‍കിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
◾ ശബരിമല തീര്‍ത്ഥാടകര്‍ക്കായി വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനോടൊപ്പം കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം ഏര്‍പ്പാടാക്കും. ദര്‍ശനം ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റെടുക്കാനുള്ള ലിങ്കും അതിനൊപ്പമുണ്ടാകും. ശബരിമല ഒരുക്കങ്ങളുടെ അവലോകനത്തിനായി പമ്പ ശ്രീരാമ സാകേതം ഹാളില്‍ ഗതാഗത വകുപ്പു മന്ത്രി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
◾ ശബരിമല തീത്ഥാടകര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നിര്‍ബന്ധമായും കൈയ്യില്‍ കരുതണമെന്ന് ദേവസ്വം ബോര്‍ഡ്. 70,000 പേര്‍ക്ക് വെര്‍ച്വല്‍ ബുക്കിങ് മുഖേനയും 10,000 പേര്‍ക്ക് സ്പോട്ടിന് പകരമായി കൊണ്ടുവന്ന തത്സമയ ബുക്കിങ്ങിലൂടെയും ദര്‍ശനം അനുവദിക്കും. പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ ബുക്കിംഗ് കൗണ്ടറുകള്‍ ഉണ്ടാകും. ഇത്തവണ സീസണ്‍ തുടങ്ങുന്നത് മുതല്‍ 18 മണിക്കൂര്‍ ദര്‍ശനം അനുവദിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.
◾ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പെട്രോള്‍ പമ്പ് അപേക്ഷകനായ പ്രശാന്തന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ്. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗം നടന്ന ഒക്ടോബര്‍ 14 ന് കണ്ണൂര്‍ വിജിലന്‍സ് ഓഫിസില്‍ എത്തിയ ദൃശ്യങ്ങളാണ് അന്വേഷണ സംഘം ശേഖരിച്ചത്. യാത്രയയപ്പ് യോഗത്തില്‍ ദിവ്യ ആരോപണം ഉന്നയിക്കും മുന്‍പ് കൈക്കൂലി വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങിയിരുന്നുവെന്ന് തെളിയിക്കാന്‍ പ്രതിഭാഗവും ഈ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
◾ കൊച്ചി തൃക്കാക്കരയിലെ ഹോട്ടലുകളില്‍ വ്യാപക പരിശോധന. കാക്കനാട് കുന്നുംപുറത്തെ കടകളില്‍ നിന്ന് പഴകിയ ഭക്ഷണങ്ങള്‍ കണ്ടെത്തി. ഇന്‍ഫോപാര്‍ക്ക്, കളക്ട്രേറ്റ് പരിസരത്തെ ഹോട്ടലുകളിലാണ് നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനകള്‍ക്ക് പിന്നാലെ കൂടുതല്‍ ഹോട്ടലുകളെ പറ്റി നഗരസഭക്ക് പരാതി കിട്ടിയതിനെ തുടര്‍ന്നാണ് ഇന്ന് മിന്നല്‍ പരിശോധന നടത്തിയത്.
◾ കല്‍പ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ ഉത്സവത്തിന് കൊടിയേറി. നൂറുകണക്കിനാളുകള്‍ സാക്ഷ്യം വഹിച്ച കൊടിയേറ്റച്ചടങ്ങില്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളായ പി. സരിന്‍, സി. കൃഷ്ണകുമാര്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ എന്നിവരും സന്നിഹിതരായിരുന്നു.
◾ കുറ്റവാളികളെ പിടിക്കുന്നതില്‍ മികവ് തെളിയിച്ച പൊലീസ് നായ റൂണിക്ക് കാസര്‍കോട് പൊലീസിന്റെ വിരമിക്കല്‍ യാത്രയയപ്പ്. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ സാനിധ്യത്തിലായിരുന്നു പരിപാടി. എട്ടര വര്‍ഷത്തെ സേവനത്തിന് ശേഷമാണ് കെ -9 സ്‌ക്വാഡിലെ ട്രാക്കര്‍ പൊലീസ് നായ റൂണി വിരമിക്കുന്നത്. കാസര്‍കോട് പൊലീസ് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിന് ജില്ലാ പൊലീസ് മേധാവി ഡി. ശില്പയും അഡീഷണല്‍ എസ്പി ബാലകൃഷ്ണന്‍ നായരും അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി.
◾ ഫോര്‍ട്ട് കൊച്ചിയില്‍ കാനയില്‍ വീണ് വിദേശപൗരന് ഗുരുതരപരിക്ക്. കസ്റ്റംസ് ബോട്ടുജട്ടിയില്‍ നടപ്പാത നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടം. കാനയില്‍ വീണ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ഫ്രാന്‍സില്‍നിന്ന് കേരളത്തില്‍ ചികിത്സയ്ക്കായി എത്തിയതാണ് ഇയാള്‍. ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കാലിന് ശസ്ത്രക്രിയ നിര്‍ദേശിച്ചു.
◾ എറണാകുളം കാലടി മരോട്ടിചുവടില്‍ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. മലയാറ്റൂര്‍ ഇല്ലിത്തോട് സ്വദേശി സോണല്‍ സജി ആണ് മരിച്ചത്. 22 വയസായിരുന്നു. അങ്കമാലി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് കാലടിയില്‍ നിന്നുള്ള മിനി ലോറിയില്‍ ഇടിക്കുകയായിരുന്നു.
◾ എടപ്പാളില്‍ സ്‌കൂട്ടറില്‍ കയറിയ പ്രിന്‍സിപ്പല്‍ ഉടന്‍ കുഴഞ്ഞുവീണു മരിച്ചു. കണ്ടനകം ദാറുല്‍ഹിദായ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍.അബ്ദുള്‍ ഖയ്യും(55) ആണ് സ്‌കൂള്‍ മൈതാനിയില്‍ സ്‌കൂട്ടറില്‍ നിന്ന് കുഴഞ്ഞുവീണു മരിച്ചത്. ഉടന്‍ എടപ്പാള്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
◾ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന പ്രമേയത്തിനെതിരായ ബിജെപിയുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. സ്പീക്കറുടെ നിര്‍ദേശ പ്രകാരം മൂന്ന് എംഎല്‍എമാരെ മാര്‍ഷലുകളുടെ അകമ്പടിയോടെ പുറത്താക്കിയെങ്കിലും മറ്റ് പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍ത്തതോടെ സംഘര്‍ഷം രൂക്ഷമായി. ബഹളത്തിനിടയില്‍ സ്പീക്കര്‍ അബ്ദുള്‍ റഹീം റാത്തര്‍ സഭ ഇന്നത്തേക്ക് നിര്‍ത്തിവച്ചു.
◾ ദില്ലിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. നഗരത്തില്‍ പലയിടത്തും വായുഗുണനിലവാര സൂചിക 400 കടന്നു. മലിനീകരണത്തോത് ഉയരുമ്പോഴും എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും യമുനാ നദിയില്‍ ഛത് പൂജ ആഘോഷങ്ങള്‍ നടന്നു. വിഷപ്പത തുടരുന്ന സാഹചര്യത്തില്‍ യമുനയില്‍ മുങ്ങി ഛത് പൂജ ആഘോഷങ്ങള്‍ നടത്താന്‍ ദില്ലി ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നെങ്കിലും അതിനെ മറികടന്ന് ആയിരങ്ങളാണ് ഇന്ന് യമുനാ നദിയില്‍ പൂജ നടത്തിയത്.
◾ ബോളീവുഡ് നടന്‍ സല്‍മാന്‍ ഖാനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചയാള്‍ കര്‍ണാടകയില്‍ പിടിയില്‍. രാജസ്ഥാന്‍ സ്വദേശി ബിക്കാറാം ബിഷ്ണോയി ആണ് അറസ്റ്റിലായത്. സല്‍മാന്റെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി 2 കോടി രൂപ ആവശ്യപ്പെട്ടുവെന്ന കേസിലാണ് അറസ്റ്റ്. ഇന്നലെയാണ് കര്‍ണാടക പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
◾ കരിമ്പ് ലോറിയിലേക്ക് കയറ്റുന്നതിനിടെ ട്രോളി ഹൈടെന്‍ഷന്‍ വൈദ്യുത ലൈനില്‍ തട്ടി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍ പ്രദേശിലെ ആഗ്രയിലാണ് സംഭവം. മുസാഫര്‍നഗറിലെ ബുധാന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ധാനായാന്‍ മുബാരിക്പൂര്‍ റോഡില്‍ വച്ചാണ് അപകടമുണ്ടായത്. 35കാരനായ രാജു സിംഗ്, 25കാരനായ അജയ് കുമാര്‍ എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്.
◾ കുവൈത്തില്‍ മനുഷ്യക്കടത്ത്, വിസ കച്ചവടം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിങ്ങനെ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ഏഴ് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. വ്യത്യസ്ത കേസുകളിലാണ് ഏഴ് പേര്‍ അറസ്റ്റിലായത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ വകുപ്പ് മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
◾ ആകാശത്ത് വെച്ച് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന് സഹയാത്രികരുടെ മര്‍ദ്ദനം. കോപ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം ഉണ്ടായത്. ബ്രസീലില്‍ നിന്നും പനാമയിലേക്കുള്ള യാത്രക്കിടെ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് 30 മിനിറ്റ് മുമ്പ് ഒരു യാത്രക്കാരന്‍ തന്റെ ഫുഡ് ട്രേയിലുണ്ടായിരുന്ന ഒരു കത്തിയുമെടുത്ത് വിമാനത്തിന്റെ പിന്നിലേക്ക് ഓടുകയും ക്യാബിന്‍ ക്രൂവിനെ ബന്ദിയാക്കി വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ നിയന്ത്രിക്കാനായി സഹയാത്രികര്‍ ഇയാളെ മര്‍ദ്ദിക്കുകയുമായിരുന്നു.
◾ 16 വയസോ അതില്‍ താഴെയോ പ്രായമുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് നിയന്ത്രണവുമായി ഓസ്ട്രേലിയ. സോഷ്യല്‍ മീഡിയ കുട്ടികള്‍ക്ക് ദോഷം ചെയ്യുന്നുണ്ടെന്നും ഒരു വര്‍ഷത്തിന് ശേഷം നിയമം പ്രാബല്യത്തില്‍ വരാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
◾ ഇസ്രായേല്‍ സൈന്യത്തിന് നേരെ വിവിധയിടങ്ങളില്‍ ഹിസ്ബുല്ല മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. മാരകമായ ജിഹാദ് മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഈ മിസൈലുകള്‍ ആദ്യമായാണ് ഹിസ്ബുല്ല പുറത്തെടുക്കുന്നത്. 2023 സെപ്റ്റംബറില്‍ നടന്ന ഇറാന്റെ സൈനിക പരേഡില്‍ ജിഹാദ് മിസൈലുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 തവണയാണ് ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ ആക്രമണങ്ങള്‍ ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
◾ 55-ാം ജന്മദിനം ആഘോഷിച്ച് കെ.എസ്.എഫ്.ഇ. കെ.എസ്.എഫ്.ഇ.യുടെ 684 ശാഖകളും മറ്റ് ഓഫീസുകളും ഇന്നലെ ജന്മദിനം ആഘോഷിച്ചു. 1969 നവംബര്‍ 6 ന് കെ.എസ്.എഫ്.ഇ നിലവില്‍ വരുമ്പോള്‍ കേവലം 10 ശാഖകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 2 ലക്ഷം രൂപ മൂലധനവും 45 ജീവനക്കാരുമായി വളരെ എളിയ നിലയിലാണ് ഈ സ്ഥാപനം ആരംഭിച്ചത്. 55 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ 100 കോടി രൂപ അടച്ചു തീര്‍ത്ത മൂലധനവും 684 ശാഖകളും 8000 ത്തിലധികം ജീവനക്കാരുമുള്ള ബൃഹദ് സ്ഥാപനമായി ഇത് വളര്‍ന്നിരിക്കുന്നു. ഈ വളര്‍ച്ചയ്ക്ക് പിന്നില്‍ കേരള ജനത കെ.എസ്.എഫ്.ഇ. യില്‍ അര്‍പ്പിച്ച വിശ്വാസമാണ് എന്ന് ജന്മദിന സന്ദേശത്തില്‍ കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ കെ. വരദരാജനും മാനേജിങ്ങ് ഡയറക്ടര്‍ ഡോ. എസ്.കെ. സനിലും അഭിപ്രായപ്പെട്ടു. നൂറു ശതമാനം സുരക്ഷിതത്വമാര്‍ന്ന നിരവധി സാമ്പത്തിക പദ്ധതികള്‍ ഒരുക്കിക്കൊണ്ടും സേവന രംഗത്ത് പുതിയ ആവിഷ്‌ക്കാരങ്ങള്‍ സാധ്യമാക്കിക്കൊണ്ടും ഇടപാടുകാരെ കൂടുതല്‍ ചേര്‍ത്തു പിടിക്കുന്നതിനാവശ്യമായ നടപടികള്‍ നിരന്തരം പ്രദാനം ചെയ്യുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ടു തന്നെ, ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും ' കസ്റ്റമര്‍ മീറ്റ് 2024'' നടത്തുന്നതാണ്. 2024 നവംബര്‍ 6 ന് ആരംഭിച്ച് ഒരു മാസക്കാലം വ്യത്യസ്ത ദിനങ്ങളിലായി വിവിധ ശാഖകളില്‍ കസ്റ്റമര്‍ മീറ്റ് നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്.
◾ അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമുറപ്പിച്ചതിനു പിന്നാലെ സ്വര്‍ണ വില മൂക്കു കുത്തി. അന്താരാഷ്ട്ര വില 80 ഡോളറോളം താഴ്ന്നു. ഇന്നലെ മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞ സ്വര്‍ണം ഇന്ന് 2,652 ഡോളര്‍ വരെ താഴ്ന്നിരുന്നു. നിലവില്‍ 2,657 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുത്. അന്താരാഷ്ട്ര വിലയുടെ ചുവടു പിടിച്ച് സംസ്ഥാനത്തും സ്വര്‍ണ വില താഴ്ന്നു. ഗ്രാമിന് 165 രൂപ കുറഞ്ഞ് 7,200 രൂപയും പവന് 1,320 രൂപ കുറഞ്ഞ് 57,600 രൂപയുമായി. ഒക്ടോബര്‍ 31 ന് 59,640 ഡോളര്‍ വരെയെത്തിയ സ്വര്‍ണം പിന്നീട് അമേരിക്കന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശങ്കളാല്‍ താഴേക്ക് പോയിരുന്നു. ഇന്നത്തെ വിലയിടിവോടെ റെക്കോഡില്‍ നിന്ന് 2,040 രൂപയോളം വില കുറഞ്ഞു. ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 140 രൂപയോളം കുറഞ്ഞു. 5,930 രൂപയിലാണ് വ്യാപാരം. വെള്ളി വിലയും ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും നൂറു രൂപയ്ക്ക് താഴെയെത്തി. ഇന്ന് ഗ്രാമിന് മൂന്ന് രൂപ കുറഞ്ഞ് 99 രൂപയിലാണ് വ്യാപാരം. ട്രംപിന്റെ വരവോടെ യു.എസ് ഡോളര്‍ കരുത്താര്‍ജിച്ചതും ട്രഷറി യീല്‍ഡ് ഉയര്‍ന്നതുമാണ് സ്വര്‍ണത്തിന്റെ വിലയിടിച്ചത്.
◾ ജെമിനെയെ കൂടാതെ മറ്റൊരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അസിസ്റ്റന്റിനെ കൂടി ഗൂഗിള്‍ പുറത്തുവിടുന്നു. ജാര്‍വിസ് എന്ന പേരിട്ടിരിക്കുന്ന എ.ഐ അസിസ്റ്റന്റിന്റെ വിവരങ്ങള്‍ ഗൂഗിള്‍ അബദ്ധത്തില്‍ പുറത്ത് വിടുകയായിരുന്നു. ഇന്റര്‍നെറ്റില്‍ വെബ് സര്‍ഫിങ്ങിന് ഉള്‍പ്പടെ വലിയ സഹായം നല്‍കുന്നതാണ് ജാര്‍വിസ്. നിത്യജീവിതത്തിലെ പല ടാസ്‌കുകളും ചെയ്യാന്‍ ജാര്‍വിസിന് സാധിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുന്നതും, സാധനങ്ങള്‍ വാങ്ങുന്നതും വിവിധ വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നതുമെല്ലാം ജാര്‍വിസ്ചെയ്യും. സ്വതന്ത്രമായി ഒരു കമ്പ്യൂട്ടറിനെ ചലിപ്പിക്കാന്‍ ജാര്‍വിക്ക് സാധിക്കും. ഇത് മനുഷ്യന്റെ ഇടപെടലുകള്‍ പരമാവധി കുറക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഗൂഗിള്‍ ക്രോമിന്റെ തന്നെ ഒരു എക്സ്റ്റന്‍ഷനായിട്ടായിരിക്കും ജാര്‍വിയെത്തുക. ഡിസംബറിലാവും ഗൂഗിള്‍ എ.ഐ അസിസ്റ്റിനെ ഔദ്യോഗികമായി പുറത്തിറക്കുക. ഇതിന് മുമ്പ് ഗൂഗിള്‍ സ്റ്റോറില്‍ ജാര്‍വിയുടെ ബീറ്റ പതിപ്പ് എത്തുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഗൂഗിള്‍ ക്രോമില്‍ തന്നെയുള്ള ഉപഭോക്തൃ സൗഹൃദമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളായിരിക്കും ജാര്‍വി. ഇതിനൊപ്പം ജെമിനെയുടെ പുതിയ പതിപ്പായ ജെമിനെ 2.0 യും ഗൂഗിള്‍ പുറത്തിറക്കും.
◾ ഉലകനായകന്റെ ജന്മദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസുമായി 'തഗ് ലൈഫ്' അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയുമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 2025 ജൂണ്‍ അഞ്ചിന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക. വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ടീസറില്‍ ആക്ഷന്‍ രംഗങ്ങളുള്‍പ്പെടെയുണ്ട്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിമ്പുവിനേയും കാണാം. രണ്ട് ലുക്കില്‍ കമല്‍ ഹാസന്‍ എത്തുന്നതായാണ് ടീസറില്‍ വ്യക്തമാക്കിയിരിക്കുന്നത്. തൃഷയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. എന്നാല്‍ ചിമ്പുവിന്റെയും കമല്‍ ഹാസന്റെയും ഭാഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ ടീസറാണ് പുറത്തുവന്നിരിക്കുന്നത്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അശോക് സെല്‍വന്‍, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്, അഭിരാമി, നാസര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നീണ്ട 37 വര്‍ഷങ്ങള്‍ക്കിപ്പുറം കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്നു എന്ന പ്രത്യേകതയും തഗ് ലൈഫിനുണ്ട്. എആര്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
◾ ഷൈന്‍ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി എം എ നിഷാദ് സംവിധാനം ചെയ്യുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രത്തിലെ പഞ്ചാബി- മലയാളം ഗാനം പുറത്തിറങ്ങി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുല്‍ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ 8 ന് തിയറ്ററുകളിലെത്തും. സംഗീതം ഒരുക്കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. പ്രഭാ വര്‍മ്മ (മലയാളം), കുന്‍വാര്‍ കുനേജ (പഞ്ചാബി) എന്നിവര്‍ വരികള്‍ ഒരുക്കിയ 'കാലം തെളിഞ്ഞു..' എന്ന ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കാപിലന്‍, നിഖില്‍ രാജ്, ജസ്വീന്ദര്‍ സിംഗ് സംഗ എന്നിവര്‍ ചേര്‍ന്നാണ്. എം എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി എം കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാര്‍ട്മെന്റിലെ സേവന കാലത്ത്, അദ്ദേഹം തന്റെ ഡയറിയില്‍ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങള്‍ വികസിപ്പിച്ചാണ് ചിത്രത്തിന്റെ കഥ നിഷാദ് രൂപീകരിച്ചത്. സംവിധായകന്‍ എം എ നിഷാദും സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഏകദേശം 70 ഓളം താരങ്ങളാണ് അണിനിരക്കുന്നത്.
◾ ഇവി ബ്രാന്‍ഡായ ഫ്‌ളെയിങ് ഫ്‌ളീക്ക് കീഴിലെ ആദ്യ ഇവി സി6 അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്. ഭാവിയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ വൈദ്യുതി വാഹനങ്ങളെല്ലാം ഫ്‌ളെയിങ് ഫ്‌ളീക്കു കീഴിലായിരിക്കും പുറത്തിറക്കുക. രണ്ടാം ലോക മഹായുദ്ധകാലത്ത് പട്ടാളക്കാര്‍ക്കുവേണ്ടി 1940കളില്‍ റോയല്‍ എന്‍ഫീല്‍ഡ് സവിശേഷമായി നിര്‍മിച്ച മോട്ടോര്‍ സൈക്കിളുകളാണ് ഫ്‌ളെയിങ് ഫ്‌ളീ. പാരച്യൂട്ടുകളില്‍ വിമാനങ്ങളില്‍ നിന്നും യുദ്ധഭൂമിയിലേക്ക് നേരിട്ടിറക്കിയിരുന്ന ഭാരം കുറഞ്ഞ ഈ മോട്ടോര്‍ സൈക്കിളുകള്‍ ഏതു പ്രതലത്തിലൂടെയും സഞ്ചരിക്കാനുള്ള കരുത്തുള്ളവയായിരുന്നു. പഴമയും പുതുമയും ഒത്തിണങ്ങിയ രൂപമാണ് ഫ്‌ളെയിങ് ഫ്‌ളീ സി6ന് റോയല്‍ എന്‍ഫീല്‍ഡ് നല്‍കിയിരിക്കുന്നത്. ഉരുണ്ട എല്‍ഇഡി ഹെഡ്‌ലൈറ്റും ഇന്നത്തെ ഇരുചക്രവാഹനങ്ങളില്‍ കാണാത്ത ഗിര്‍ഡര്‍ ഫോര്‍ക്കും സി6ന് റെട്രോ ലുക്ക് നല്‍കുന്നുണ്ട്. സാധാരണ റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ രൂപമാണ് സി6ന്റേത്. 17 ഇഞ്ചിന്റെ മെലിഞ്ഞ ടയറുകളുള്ള സി6ല്‍ അലൂമിനിയം ഫ്രെയിമാണുള്ളത്. 2026ലായിരിക്കും ഫ്‌ളെയിങ് ഫ്‌ളീ സി6 വില്‍പനക്കെത്തുക.
◾ വാക്കുകളായും നിറങ്ങളായും പകര്‍ത്താന്‍ ശ്രമിച്ച പ്രണയപാഠങ്ങള്‍, ഓരോ വാക്കിലും അനുഭവിച്ചറിഞ്ഞ, അറിയുന്ന പ്രണയമുണ്ട്! സത്യമായ സ്‌നേഹമെന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ എനിക്കെന്തേയിങ്ങനെ എന്ന് ആവര്‍ത്തിച്ചു ചോദിക്കുന്ന, യുവമനസ്സുകള്‍ക്കുള്ള ഉത്തരമുണ്ട്! പ്രണയമെ അയഥാര്‍ഥ്യം, മറുജന്മ സ്വപ്നങ്ങളാലല്ല, അനുഗ്രഹിക്കപ്പെട്ട ഈജന്മഹൃദയത്താല്‍ തന്നെ തൊട്ടെടുക്കേണ്ടതാണെന്ന, തിരിച്ചറിവുണ്ട്. ജീവന്റെ മതിലുകള്‍ പിളര്‍ന്നു വാക്കുകളുടേയോ നിറങ്ങളുടേയോ പ്രവാഹമായി ഒരു പ്രണയക്കടലിനെ തിരയുന്ന പ്രളയമായി എന്നെ അറിയുക നീ എന്ന് ഞാനും ആത്മാവെന്നോ ഹൃദയമെന്നോ പേരു വിളിക്കാനാവാത്തൊരു ഉള്‍പ്രപഞ്ചത്തില്‍ നിന്റെ ചിറകടികള്‍ പിന്തുടരുന്നു ഞാന്‍ എന്ന് നീയും സ്‌നേഹം കൊണ്ടും സ്‌നേഹത്തെ അണയ്ക്കാനാവുന്നില്ലല്ലോ എന്ന് നാമും. ജീവന്റെ പരകോടി അംശങ്ങളിലും പ്രണയവിഷം പടര്‍ത്തുന്ന സ്‌നേഹദംശനമാകട്ടെ ഓരോ വാക്കുകളും. 'സ്‌നേഹത്തിന്റെ ഒന്നാംപാഠം: നിന്റെ കണ്ണുകള്‍'. ഡയസ് ആന്റണി. ഗ്രീന്‍ ബുക്സ്. വില 145 രൂപ.
◾ വിഷാദ രോഗവും ഉത്കണ്ഠയുമൊക്ക ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്‌നങ്ങളാണ്. ഇത്തരം പ്രശ്‌നങ്ങള്‍ നമ്മുടെ ശരീരത്തെ ബാധിക്കാതെ മുന്നോട്ടുകൊണ്ടുപോകാന്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. പഴം, തൈര്, ധാന്യങ്ങള്‍, ആപ്പിള്‍, ചീര, ചോക്ലേറ്റ്, ഓട്‌സ്, വാള്‍നട്‌സ്, മുട്ട, ഉള്ളി എന്നിവയ്‌ക്കൊക്കെ വിഷാദരോഗത്തെ ചെറുക്കുവാനുള്ള കഴിവുണ്ട്. ഉത്കണ്ഠയുള്ളവര്‍ക്ക് തൈര് കഴിക്കുന്നത് നല്ലതാണ്. തൈരില്‍ കാല്‍സ്യം ധാരാളം അടങ്ങിയിരിക്കുന്നു. പൊട്ടാസ്യത്തിന്റെ കലവറയാണ് പഴം. കൂടാതെ ഇത് ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിനും പൊട്ടാസ്യം ആവശ്യമാണ്. ധാന്യങ്ങള്‍, ചീര എന്നിവയ്ക്കും നമ്മുടെ മാനസിക നില മെച്ചപ്പെടുത്തുന്നതില്‍ പങ്കുണ്ട്. ധാന്യങ്ങള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതിരുന്നാല്‍ ശരീരം ക്ഷീണിക്കും. നിരാശയോടൊപ്പം തളര്‍ന്ന ഒരു ശരീരം കൂടിയായാല്‍ അത് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ജീവകം ബി യുടെ കുറവ് വിഷാദത്തിലേക്ക് നയിക്കും. മാനസികോല്ലാസത്തിന് ധാരാളം പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ആപ്പിള്‍ കഴിക്കുക. സിങ്ക്, ജീവകം ബി, അയഡിന്‍, മൂഡ് മെച്ചപ്പെടുത്തുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഇവ മുട്ടയില്‍ അടങ്ങിയിരിക്കുന്നു. ഇതും മാനസിക പിരിമുറുക്കം കുറയ്ക്കും. ഓട്‌സും ചോക്ലേറ്റും മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കും. ഉള്ളി കഴിക്കുന്നതിലൂടെയും വിഷാദരോഗവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ ചെറുക്കാം. ധാരാളം ആന്റി ഓക്സിഡന്റുകളുള്ളതിനാല്‍ കോശങ്ങള്‍ നശിച്ചുപോകുന്നതിനെതിരെ പ്രവര്‍ത്തിക്കാന്‍ ഉള്ളിക്ക് കഴിയും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 84.36, പൗണ്ട് - 109.08. യൂറോ - 90.71, സ്വിസ് ഫ്രാങ്ക് - 96.35, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.88, ബഹറിന്‍ ദിനാര്‍ - 223.83, കുവൈത്ത് ദിനാര്‍ -274.97, ഒമാനി റിയാല്‍ - 219.12, സൗദി റിയാല്‍ - 22.46, യു.എ.ഇ ദിര്‍ഹം - 22.96, ഖത്തര്‍ റിയാല്‍ - 23.16, കനേഡിയന്‍ ഡോളര്‍ - 60.76.
➖➖➖➖➖➖➖➖
Tags:
KERALA