Trending

പ്രഭാത വാർത്തകൾ

2024  നവംബർ 1  വെള്ളി 
1200  തുലാം 16  ചോതി 
1446  റ;ആഖിർ 28
    

◾ കേരളപ്പിറവിക്ക് ഇന്ന് അറുപത്തെട്ട് വയസ്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ നാട്ടുരാജ്യങ്ങള്‍ സംയോജിപ്പിച്ച് 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിലുള്ള ഇന്നത്തെ കേരളം രൂപീകൃതമായത്. ഏവര്‍ക്കും 
 *കേരളപ്പിറവി ആശംസകള്‍....*

◾ രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളും ഒരു ദിവസത്തിലോ, നിശ്ചിത സമയപരിധിക്കുള്ളിലോ സമന്വയിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന നിര്‍ദ്ദേശം ഉടന്‍ പാസാക്കുമെന്നും അത് യാഥാര്‍ത്ഥ്യമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി . സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 149-ാം ജന്മവാര്‍ഷികത്തില്‍ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ കുട്ടികള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാലറി ചാലഞ്ചിന് വിസമ്മതിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘടനയുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികള്‍ എത്ര ഉയരത്തിലാണെന്ന് മനസിലാക്കാം . കോഴിക്കോട്ട് ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം. എസ് സോമനാഥ്, ഭുവനേശ്വരി എന്നിവര്‍ കേരള പ്രഭ പുരസ്‌കാരത്തിനും കലാമണ്ഡലം വിമലാ മേനോന്‍ , ഡോ. ടി കെ ജയകുമാര്‍, നാരായണ ഭട്ടതിരി, സഞ്ജു വി സാംസണ്‍ , ഷൈജ ബേബി , വി കെ മാത്യൂസ് എന്നിവര്‍ കേരള ശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി.

◾ യാക്കോബായ സഭയുടെ പ്രാദേശിക തലവനും ശ്രേഷ്ഠ കാതോലിക്കയുമായ അബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാലം ചെയ്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. അത്യുജ്ജലമായ വാക്ചാതുരി കൊണ്ട് ആയിരങ്ങളെ ആകര്‍ഷിച്ചിരുന്ന ഇദ്ദേഹം അറിയപ്പെട്ടിരുന്നത് സുവിശേഷക്കാരിലെ സ്വര്‍ണനാവുകാരന്‍ എന്നായിരുന്നു.

◾ അന്തരിച്ച യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്കാ ബാവയുടെ സംസ്‌കാരം നാളെ വൈകീട്ട് പുത്തന്‍കുരിശില്‍ നടക്കും. ഇന്ന് വൈകീട്ട് 4 മണി മുതല്‍ നാളെ വൈകിട്ട് മൂന്ന് മണി വരെ പുത്തന്‍കുരിശ് പത്രിയാര്‍ക്കീസ് സെന്ററില്‍ പൊതുദര്‍ശനം നടക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

◾ യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്കാ ബാവയുടെ വിയോഗത്തെ തുടര്‍ന്ന് മണര്‍കാട് പള്ളിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മണര്‍കാട് പള്ളിയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളേയും അവധിയായിരിക്കുമെന്ന് മണര്‍കാട് പള്ളി മാനേജിംഗ് കമ്മറ്റി അറിയിച്ചു.

◾ കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ആണെന്ന് വെളിപ്പെടുത്തി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. പണം ചാക്കില്‍ കെട്ടിയാണ് കൊണ്ട് വന്നതെന്നും ധര്‍മ്മരാജന്‍ എന്നൊരു വ്യക്തിയാണ് പണം കൊണ്ട് വന്നതെന്നും ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കായാണ് പണം കൊണ്ടുവന്നതെന്നും സതീഷ് പറഞ്ഞു. ധര്‍മ്മരാജന് മുറി എടുത്ത് കൊടുത്തത് താന്‍ ആണെന്നും ആറ് ചാക്ക് നിറയെ പണമുണ്ടായിരുന്നുവെന്നും ജില്ലാ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരണമാണ് താന്‍ എല്ലാം ചെയ്തതെന്നും തിരൂര്‍ സതീഷ് വെളിപ്പെടുത്തി.

◾ കുഴല്‍പ്പണവും കള്ളപ്പണവും ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്ന പ്രധാനപ്പെട്ട പാര്‍ട്ടിയാണ് ബിജെപിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് ഉപയോഗിക്കുന്നതെന്നും പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ഫലപ്രദമായി നടക്കണമെന്നും എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

◾ തിരൂര്‍ സതീഷ് കൊടകര കുഴല്‍പ്പണ കേസില്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി തൃശ്ശൂര്‍ ജില്ലാ അധ്യക്ഷന്‍ കെ.കെ.അനീഷ് കുമാര്‍. സാമ്പത്തിക ക്രമക്കേടടക്കമുള്ള പരാതികളെ തുടര്‍ന്ന് ഏറെ കാലം മുന്‍പ് ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് സതീഷിനെ നീക്കിയതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് സതീഷ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്നും, ആരോപണം ഉന്നയിക്കാന്‍ ഇത്രയും വൈകിയതിന്റെ കാരണം എന്താണെന്ന് മാത്രമാണ് ഇപ്പോള്‍ സംശയമെന്നും കെ.കെ.അനീഷ് കുമാര്‍ പറഞ്ഞു.

◾ ബി.ജെ.പി. മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തലില്‍ സമഗ്രാന്വേഷണം വേണമെന്ന് ബിനോയ് വിശ്വം. രാഷ്ട്രീയത്തിലെ നെറികേടുകളെ തുറന്നുകാണിക്കാനുള്ള അന്വേഷണങ്ങളൊന്നും ഇടയ്ക്കുവെച്ച് വഴിമാറിപ്പോകാന്‍ പാടില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

◾ കൊടകര കുഴല്‍പ്പണ കേസിലെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തിരൂര്‍ സതീഷ് ഇപ്പോള്‍ ആര്‍ക്കൊപ്പമാണെന്ന കാര്യം അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേസ് ഇപ്പോള്‍ ചര്‍ച്ചയാക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും, പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പിആര്‍ ഏജന്‍സി ആണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നിലുള്ളത് എന്നും അദ്ദേഹം ആരോപിച്ചു.

◾ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്ക് ഇന്ന് നിര്‍ണായക ദിനം. എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ദിവ്യയുടെ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുക. തനിക്ക് തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്നുള്ള കണ്ണൂര്‍ ജില്ലാ കളക്ടറുടേയും കൈക്കൂലി നല്‍കിയെന്നുള്ള പ്രശാന്തന്റേയും മൊഴികള്‍ ആയുധമാക്കിയാണ് ദിവ്യ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

◾ നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള ആഗോള അവാര്‍ഡായ യുഎന്‍ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്‌കാരം തിരുവനന്തപുരം കോര്‍പ്പറേഷന് ലഭിച്ചതായി മന്ത്രി എംബി രാജേഷ് അറിയിച്ചു . തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സ്മാര്‍ട്ട് സിറ്റി സിഇഒ രാഹുല്‍ ശര്‍മയും ചേര്‍ന്ന് ഈജിപ്റ്റിലെ അലകസാണ്ട്രിയയില്‍ വെച്ചാണ് പുരസ്‌കാരം ഏറ്റുവാങ്ങുക. ഈ പുരസ്‌കാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമെന്ന നേട്ടവും തിരുവനന്തപുരത്തിനാണെന്നും എംബി രാജേഷ് പറഞ്ഞു.

◾ കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ച് ഒന്നരവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ തന്നെ സഞ്ചരിച്ചവരുടെ എണ്ണം 30 ലക്ഷം പിന്നിട്ടെന്ന് മന്ത്രി പി. രാജീവ്. കൊച്ചി വാട്ടര്‍ മെട്രോയെ നെഞ്ചിലേറ്റിയ യാത്രക്കാര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

◾ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായി ഡി വൈ എഫ് ഐ നരിക്കാട്ടേരി യൂണിറ്റ് കമ്മിറ്റി അംഗത്തിന്റെ പരാതി. സംഭവത്തില്‍ ഡി വൈ എഫ് ഐ കോഴിക്കോട് നാദാപുരം ബ്ലോക്ക് സെക്രട്ടറി രാഹുല്‍ രാജനെതിരെ നരിക്കാട്ടേരി യൂണിറ്റ് കമ്മിറ്റി അംഗം ടി. ജയലേഷാണ് പൊലീസില്‍ പരാതി നല്‍കിയത്.

◾ മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിമര്‍ശിച്ച സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസിക്ക് മറുപടിയുമായി എടവണ്ണപ്പാറയില്‍ എസ് വൈ എസ് സമസ്ത ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചു. ഉമര്‍ ഫൈസിയെ മാറ്റി നിര്‍ത്തി സമസ്തയെ ശുദ്ധീകരിക്കണമെന്നും പാണക്കാട് കുടുംബത്തെ സമൂഹത്തില്‍ നിന്ന് അടര്‍ത്തി മാറ്റാനുള്ള ശ്രമം ഗൂഢാലോചനയാണെന്നും സമസ്തയും ലീഗും തമ്മിലുള്ള ബന്ധം തകര്‍ക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎമ്മിന് വേണ്ടിയുള്ള സമാന്തര പ്രവര്‍ത്തനമാണ് ഉമര്‍ ഫൈസി നടത്തുന്നതെന്നും റഹ്‌മാന്‍ ഫൈസി വിമര്‍ശിച്ചു. 

◾ ശബരിമല സന്നിധാനത്തെ ആഴി അണഞ്ഞതായി പരാതി. ബുധനാഴ്ച രാത്രി അണഞ്ഞ ആഴി വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് വീണ്ടും കത്തിച്ചത്. ആഴി അണഞ്ഞ ശേഷം വീണ നെയ്‌ത്തേങ്ങകള്‍ കരാറുകാര്‍ വാരി മാറ്റിയെന്നും ആക്ഷേപമുണ്ട്. പരാതി പരിശോധിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.

◾ ചിറ്റൂരില്‍ കന്നാസുകളില്‍ കടത്തിക്കൊണ്ട് വന്ന 70 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് കണ്ടെടുത്തു. പാലക്കാട് എക്സൈസ് ഐബി പാര്‍ട്ടിയും, ചിറ്റൂര്‍ എക്സൈസ് റേഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചിറ്റൂര്‍-കമ്പിളി ചുങ്കം റോഡില്‍ വച്ച് രണ്ട് കന്നാസുകളിയായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് കണ്ടെടുത്തത്. പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു.

◾ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍. എന്നാല്‍, അന്വേഷണം നേരിടുന്നതിനാല്‍ മെഡല്‍ തല്‍ക്കാലം നല്‍കേണ്ടെന്ന് ഡി.ജി.പി തീരുമാനിച്ചു. അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ അജിത് കുമാറിന് മെഡല്‍ നല്‍കേണ്ടെന്ന് മുഖ്യമന്ത്രിക്ക് ഡിജിപി കത്തയക്കുകയായിരുന്നു.

◾ കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

◾ 4ജി സേവനങ്ങളിലേക്കുള്ള പരിവര്‍ത്തനം അതിവേഗത്തിലാക്കി ബിഎസ്എന്‍എല്‍. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി 50000 ടവറുകള്‍ സ്ഥാപിച്ചതായി കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു.

◾ രാജ്യത്തിന്റെ ഒരിഞ്ച് ഭൂമിയില്‍ പോലും കേന്ദ്രം വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ കച്ചില്‍ സൈനികര്‍ക്കൊപ്പമുള്ള ദീപാവലി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ശത്രുക്കളുടെ വാക്കുകളെയല്ല, രാജ്യത്തെ പ്രതിരോധിക്കുന്ന സൈന്യത്തിന്റെ ശക്തിയിലാണ് വിശ്വാസമെന്നും മോദി പറഞ്ഞു.

◾ കിഴക്കന്‍ ലഡാക്കില്‍ മധുരം പങ്കിടുന്ന ഇന്ത്യ ചൈന സേനയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് സൈന്യം. ദെംചോക്ക് ദെപ് സാംഗ് മേഖലകളിലെ പിന്മാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ദീപാവലി ദിനത്തില്‍ ഇരുസേനകളും മധുരം പങ്കിട്ടത്. ഈ പ്രദേശത്ത് പട്രോളിംഗ് നടപടികള്‍ തുടങ്ങാനും ധാരണയായിട്ടുണ്ട്. സേനാ പിന്മാറ്റം മോദി - ഷി ജിന്‍ പിംഗ് ചര്‍ച്ചയുടെ വിജയമാണെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ സൂ ഫെയ് സോങ് പ്രതികരിച്ചു.

◾ ബി.ജെ.പി. നേതാവും ജമ്മു-കശ്മീരിലെ നഗ്രോട്ട മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എ.യുമായ ദേവേന്ദര്‍ സിങ് റാണ (59) അന്തരിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ സഹോദരനാണ്. ഫരീദാബാദിലെ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം.

◾ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഇന്ത്യക്കും അമേരിക്കക്കുമിടയില്‍ സര്‍വീസ് നടത്തുന്ന 60 ലധികം വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് തീയതി മാറ്റാനും മറ്റ് എയര്‍ലൈനുകളില്‍ യാത്ര ചെയ്യാനും റീഫണ്ട് ആവശ്യപ്പെടാനും സൗകര്യമൊരുക്കിയെന്നും ബന്ധപ്പെട്ട യാത്രക്കാരെ വിവരം അറിയിച്ചതായും എയര്‍ലൈന്‍ അറിയിച്ചു.

◾ വ്യാജ നീറ്റ് സ്‌കോര്‍ കാര്‍ഡ് ഉപയോഗിച്ച് മധുര എയിംസില്‍ പ്രവേശനത്തിന് ശ്രമിച്ച വിദ്യാര്‍ത്ഥിയും അച്ഛനും അറസ്റ്റില്‍. ഹിമാചല്‍ പ്രദേശ് സ്വദേശിയായ 22കാരന്‍ അഭിഷേകും അച്ഛനുമാണ് അറസ്റ്റിലായത്. നീറ്റ് പരീക്ഷയില്‍ 60 മാര്‍ക്ക് മാത്രം നേടിയ വിദ്യാര്‍ത്ഥി, 660 മാര്‍ക്കിന്റെ വ്യാജ സ്‌കോര്‍ കാര്‍ഡുമായാണ് തട്ടിപ്പിന് ശ്രമിച്ചത്.

◾ യു.എ.ഇ. പൊതുമാപ്പ് ഡിസംബര്‍ 31 വരെ നീട്ടിയതായി അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് പദ്ധതി ഒക്ടോബര്‍ 31 ന് അവസാനിക്കാനിരിക്കെയാണ് രണ്ട് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചത്.

◾ ലബനനില്‍ നിന്ന് വടക്കന്‍ ഇസ്രയേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ നാലു വിദേശ തൊഴിലാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു. ഹിസ്ബുല്ലയെ ലക്ഷ്യമാക്കി ഇസ്രയേല്‍ ഒക്ടോബറില്‍ ആക്രമണം ആരംഭിച്ച ശേഷം ഇസ്രയേലിനു നേരെയുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇസ്രയേലുമായി അടുത്ത ദിവസങ്ങളില്‍ത്തന്നെ വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിച്ചേരുമെന്ന ലബനന്റെ കെയര്‍ടേക്കര്‍ പ്രധാനമന്ത്രി നജീബ് മികാട്ടിയുടെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ആക്രമണം.

◾ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസിനെ പിന്തുണച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍ ഗവണര്‍ണറും ഹോളിവുഡ് താരവുമായ അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അര്‍നോള്‍ഡ് കമലയ്ക്ക് പിന്തുണ അറിയിച്ചത്.

◾ ഐ.പി.എല്ലില്‍ അഞ്ച് ക്യാപ്റ്റന്‍മാര്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ മലയാളി താരം സഞ്ജു സാംസണെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത് 18 കോടി രൂപയ്ക്ക്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ശ്രേയസ് അയ്യര്‍, ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഋഷഭ് പന്ത്, ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ കെ.എല്‍. രാഹുല്‍, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഫാഫ് ഡുപ്ലെസിസ്, പഞ്ചാബ് കിങ്സിന്റെ സാം കരണ്‍ എന്നിവരാണ് സ്ഥാനം നഷ്ടപ്പെട്ട ക്യാപ്റ്റന്മാര്‍.

◾ ഇന്ത്യാ-ന്യൂസിലാണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ തുടക്കമാകും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യക്ക് ഈ മത്സരം ഏറെ നിര്‍ണായകമാണ്.

◾ നടപ്പുസാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ കനറാ ബാങ്കിന്റെ അറ്റാദായം 11.31 ശതമാനം വര്‍ദ്ധിച്ച് 4014 കോടി രൂപയിലെത്തി. മൊത്തം ബിസിനസ് 9.42 ശതമാനം ഉയര്‍ന്ന് 23.59 ലക്ഷം കോടി രൂപയായി. 13.47 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 10.11 ലക്ഷം കോടി രൂപയുടെ വായ്പയുമാണ് രേഖപ്പെടുത്തിയത്. നിക്ഷേപങ്ങളില്‍ 9.34 ശതമാനവും വായ്പകളില്‍ 9.53 ശതമാനവുമാണ് വാര്‍ഷിക വളര്‍ച്ച. ചില്ലറ വ്യാപാരം, കൃഷി, സൂക്ഷ്മ, ചെറുകിട വ്യവസായങ്ങള്‍ എന്നീ മേഖലകളിലെ വായ്പകള്‍ 11.54 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 5.76 ലക്ഷം കോടി രൂപയിലെത്തി. അറ്റ നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ 1.41 ശതമാനത്തില്‍നിന്നും 0.99 ശതമാനമായി കുറഞ്ഞു.

◾ ഈ വര്‍ഷത്തെ ഹിറ്റ് തെലുങ്ക് സിനിമകളില്‍ ഒന്നായിരുന്നു 'ഹനുമാന്‍'. തന്റെ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമായാണ് സംവിധായകന്‍ പ്രശാന്ത് വര്‍മ്മ ഹനുമാന്‍ ഒരുക്കിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പോസ്റ്റര്‍ പ്രേക്ഷകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. 'ജയ് ഹനുമാന്‍' എന്ന പേരില്‍ എത്തുന്ന ചിത്രത്തില്‍ കന്നഡ സൂപ്പര്‍ താരം ഋഷഭ് ഷെട്ടിയാണ് നായകനാകുന്നത്. ഹനുമാന്‍ എന്ന ആദ്യ ഭാഗത്തില്‍ തേജ സജ്ജ ആണ് നായകനായത്. രണ്ടാം ഭാഗത്തില്‍ ഋഷഭ് ഷെട്ടിയാണ് ഹനുമാന്റെ റോളില്‍ എത്തുന്നത്. ശ്രീരാമന്റെ വിഗ്രഹം കൈയ്യില്‍ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഋഷബിനെയാണ് ഫസ്റ്റ് ലുക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തെക്കാള്‍ വലിയ ബജറ്റില്‍ ആണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്സ് ആണ് ജയ് ഹനുമാന്‍ നിര്‍മ്മിക്കുന്നത്. 40 കോടി മുതല്‍മുടക്കില്‍ ഒരുങ്ങിയ ആദ്യ ഭാഗമായ ഹനുമാന്‍ 350 കോടിയോളമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്.

◾ തിയേറ്ററുകളില്‍ ഏറെ പ്രശംസ നേടിയ ആസിഫ് അലി ചിത്രം 'കിഷ്‌കിന്ധാ കാണ്ഡം' ഇനി ഒ.ടി.ടിയിലേക്ക്. സെപ്റ്റംബര്‍ 12ന് ബിഗ് സ്‌ക്രീനിലെത്തിയ ചിത്രം നവംബര്‍ ഒന്നിന് ആണ് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സിനിമ എത്തുന്നത്. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്‌കിന്ധാകാണ്ഡം ഓപ്പണിങ് ദിനത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. ആദ്യ ദിനം 45 ലക്ഷം രൂപയായിരുന്നു ചിത്രത്തിന് ലഭിച്ച കളക്ഷന്‍. തുടര്‍ന്ന് സിനിമ തിയേറ്ററില്‍ കത്തിക്കയറുകയായിരുന്നു. ഇതുവരെ 75.25 കോടി രൂപയാണ് സിനിമ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. വിജയരാഘവന്‍, അപര്‍ണ്ണ ബാലമുരളി എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.

◾ ദക്ഷിണ കൊറിയന്‍ കമ്പനിയായ കിയ മോട്ടോഴ്‌സ് പുതിയ ക്ലാവിസ് എസ്യുവി ഇന്ത്യയില്‍ പരീക്ഷിക്കുന്നു. കമ്പനിയുടെ ഇന്ത്യയിലെ ഏഴാമത്തെ മോഡലായിരിക്കും ഇത്. കിയ സോനെറ്റിന് സമാനമായ 4 മീറ്റര്‍ സബ്-4 മീറ്റര്‍ എസ്യുവിയായിരിക്കും ഇത്. ഈ എസ്യുവിയില്‍ പിന്നിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ ഇടം നല്‍കാനാണ് കമ്പനി പദ്ധതിയിടുന്നത്. സോനെറ്റിനേക്കാള്‍ കൂടുതല്‍ സ്ഥലം ഇതിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോഞ്ച് ചെയ്യുന്ന സമയത്ത് ഈ വാഹനത്തിന് സൈറോസ് എന്നും പേരിട്ടേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പ്രീമിയം ഫീച്ചറുകളുമായാണ് ക്ലാവിസ് എത്തുന്നത്. നിരവധി പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ക്ലാവിസില്‍ ഉണ്ടാകും. എക്സെറ്ററിനെ പോലെ, ഇതിന് 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ലഭിക്കും. ഇത് 82 ബിഎച്പി കരുത്തും 114 എന്‍എം ഔട്പുട്ടും നല്‍കുന്നു. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും 5-സ്പീഡ് എഎംടിയുമായി ഘടിപ്പിക്കാം. ക്ലാവിസിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില എട്ടുലക്ഷം രൂപയില്‍ കൂടുതലായിരിക്കും.

◾ സ്‌നേഹത്തിന്റെ നനുത്ത നൂലില്‍ കോര്‍ത്ത ജീവിതഗന്ധിയായ കഥകളാണ് മഴപ്പക്ഷി. പരിചിതമെന്ന് തോന്നിപ്പിക്കുന്ന കഥാവഴികളിലൂടെ തങ്ങളിടങ്ങളിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടു പോകുന്ന ആഖ്യാനരീതി. അമ്മയൊഴിഞ്ഞ കൂട്ടില്‍ തനിച്ചായിപ്പോയ കുഞ്ഞിന് അന്ന് വേണ്ടതൊരു താരാട്ട് പാട്ടായിരുന്നു. ഒരേ പൊക്കിള്‍ക്കൊടിയില്‍ പിറന്നവള്‍ക്കൊപ്പം അഴലുന്ന പല ജീവനുകളോടുമുള്ള അനുകമ്പ കാത്തു സൂക്ഷിക്കുന്ന മനസ്സുമായി ശ്യാം, കണ്ണാടിച്ചിത്രങ്ങളില്‍ വേപഥു പൂണ്ട പ്രിയ, കുടുംബമെന്ന സ്‌നേഹക്കൂട്ടിലേക്ക് തിരിച്ചറിവിന്റെ കൈപിടിച്ച് തിരികെയെത്തുന്ന ഡോ: മൈഥിലി മേനോന്‍, പ്രകൃതിയെ ജീവനു തുല്യം സ്‌നേഹിച്ച മീരയും മാലിനിയും, ജന്മം നല്‍കിയവനില്‍ നിന്നു പോലും പെണ്‍മക്കളെ പൊതിഞ്ഞ് പിടിക്കുന്ന അരക്ഷിതത്വബോധം പകര്‍ന്ന വിഭ്രാന്തചിന്തകളുമായി ശിവ. 'മഴപ്പക്ഷി'. ഹിമ സാറ ജേക്കബ്. ഗ്രീന്‍ ബുക്സ്. വില 142 രൂപ.

◾ 30 മിനിറ്റ് തീവ്ര വ്യായാമം ചെയ്യുന്നത് ബ്രെയിന്‍ പവര്‍ കൂട്ടുമെന്ന് കമ്മ്യൂണിക്കേഷന്‍ ഓഫ് സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഹൈ-ഇന്റന്‍സിറ്റി ഇന്റര്‍വെല്‍ ട്രെയിനിങ് അല്ലെങ്കില്‍ സൈക്ലിങ് പോലുള്ള ഹ്രസ്വവും തീവ്രവുമായ വര്‍ക്കൗട്ടുകള്‍ മിതമായ വേഗത്തിലും നീണ്ടു നില്‍ക്കുന്നതുമായ വ്യായാമത്തെക്കാള്‍ വൈജ്ഞാനിക ശേഷി മെച്ചപ്പെടുത്തുന്നതായി കാലിഫോണിയ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ അവലോക പഠനത്തില്‍ കണ്ടെത്തി. കഴിഞ്ഞ 20 വര്‍ഷത്തിനിടെ നടത്തിയ വ്യായാമവും വൈജ്ഞാനിക ശേഷിയും തമ്മില്‍ ബന്ധിപ്പിക്കുന്ന പഠനങ്ങള്‍ ഗവേഷകര്‍ വിലയിരുത്തി. ഹൈ-ഇന്റന്‍സിറ്റി ഇന്റര്‍വെല്‍ ട്രെയിനിങ് പോലുള്ള വ്യായാമത്തിന് കുറഞ്ഞ സമയത്തില്‍ തീവ്രമായ ഉയര്‍ന്ന എനര്‍ജി ആവശ്യമാണ്. വ്യായാമമുറയ്ക്കിടയിലെ ഇടവേളകളെ ഗവേഷകര്‍ സ്പ്രിന്റ് എന്നാണ് വിശേഷിപ്പിച്ചത്. ദൈര്‍ഘ്യം കുറഞ്ഞതും തീവ്രവുമായ വ്യായാമം ശാരീരിക ശക്തിയും മാനസിക ശ്രദ്ധയും മെച്ചപ്പെടുന്നതായി പഠനത്തില്‍ വ്യക്തമാക്കുന്നു. വ്യായാമ ശേഷം മാനസികമായ ഉന്മേഷം കൂടുന്നതും ഗവേഷകര്‍ ചൂണ്ടിക്കാണിച്ചു. മസ്തിഷ്‌ക ശക്തിയില്‍ ദൈര്‍ഘ്യം കുറഞ്ഞ വ്യായാമത്തിന്റെ സ്വാധീനം പരിശോധിക്കുന്ന ആദ്യ പഠനങ്ങളില്‍ ഒന്നാണിത്.
Previous Post Next Post
3/TECH/col-right