Trending

സായാഹ്ന വാർത്തകൾ

2024 | നവംബർ 1 | വെള്ളി | 
1200 | തുലാം 16 |  ചോതി 

◾ മലയാളത്തില്‍ കേരളപ്പിറവി ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാസ്മരികമായ ഭൂപ്രകൃതിക്കും ഊര്‍ജസ്വലമായ പാരമ്പര്യത്തിനും കഠിനാധ്വാനികളായ ജനങ്ങള്‍ക്കും പേരുകേട്ടതാണ് കേരളമെന്നും കേരളത്തില്‍ നിന്നുള്ള ജനങ്ങള്‍ ലോകമെമ്പാടും, വിവിധ മേഖലകളില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും വരുംകാലങ്ങളിലും സംസ്ഥാനത്തെ ജനങ്ങള്‍ പുരോഗതി പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

◾ കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐക്യകേരളത്തിനായി പൊരുതിയ പൂര്‍വികരുടെ ശ്രമങ്ങള്‍ പാഴാവില്ലെന്ന് ഉറപ്പു വരുത്താമെന്നും പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുത്ത് കേരളത്തിന്റെ മഹത്വത്തെ കൂടുതല്‍ പ്രകാശപൂര്‍ണ്ണമാക്കാമെന്നും മുഖ്യമന്ത്രി കുറിച്ചു.

◾ ആര്‍ക്കും നിര്‍ഭയം കടന്നുചെല്ലാവുന്ന സ്ഥലമായി പൊലീസ് സ്റ്റേഷനുകള്‍ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ സംസ്ഥാനത്തെ പൊലീസില്‍ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായെന്നും, കുറ്റവാളികള്‍ക്കെതിരെ മുഖംനോക്കാതെ പൊലീസ് നടപടിയെടുക്കുന്നുണ്ടെന്നും ഒരിക്കലും പിടികൂടില്ലെന്ന് കരുതിയവരെ പോലും പൊലീസ് കല്‍ത്തുറുങ്കിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾ കൊടകര കുഴല്‍പ്പണ കേസിലെ മുഴുവന്‍ സത്യങ്ങളും പൊലീസിനോട് പറയുമെന്ന് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. പണം കൈകാര്യം ചെയ്തതിന്റെ തെളിവുകള്‍ കയ്യിലുണ്ടെന്നും സതീഷ് പറഞ്ഞു. തൃശ്ശൂര്‍ ബിജെപി ഓഫീസില്‍ കോടികള്‍ക്ക് കാവല്‍ നിന്നെന്ന് വെളിപ്പെടുത്തിയ സതീഷ് തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഓഫീസില്‍ പണമൊഴുകുകയായിരുന്നുവെന്നും, കള്ളപ്പണം കൈകാര്യം ചെയ്തത് ബിജെപി മുന്‍ ജില്ലാ ട്രഷററെന്നും വ്യക്തമാക്കി. തനിക്കെതിരെ സാമ്പത്തിക ക്രമേക്കേടില്‍ നടപടി എടുത്തെന്ന വാദം തെറ്റാണെന്നും സതീഷ് വെളിപ്പെടുത്തി.

◾ കൊടകര കുഴല്‍പ്പണ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആവശ്യപ്പെട്ടു.  എല്ലാം നടന്നത് ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണെന്നും, കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്നത് ബിജെപിയുടെ രീതിയാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

◾ കൊടകര കള്ളപ്പണക്കേസില്‍ മറച്ചു വച്ച കാര്യങ്ങള്‍ പുറത്ത് വരികയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎം- ബിജെപി ബാന്ധവം വ്യക്തമാകുന്നുണ്ട്. കേരള പൊലീസിന് നേരത്തെ അറിയുന്ന കാര്യങ്ങളാണ് ഇതെന്നും പക്ഷേ പൊലീസ് പുറത്ത് വിട്ടിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. മഞ്ചേശ്വരം കോഴ കേസിലും ഒത്തുകളി നടന്നുവെന്നും സതീശന്‍  പറഞ്ഞു.

◾ തെളിവില്ലാത്ത കാര്യങ്ങള്‍ ഒരാവശ്യവുമില്ലാതെ വിളിച്ച് പറഞ്ഞാല്‍ അത് കേള്‍ക്കാന്‍ സമയമില്ലെന്ന് കൊടകര കുഴല്‍പ്പണക്കേകേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍  പ്രതികരിച്ചു. കുഴല്‍പ്പണ കേസുമായി ബി.ജെ.പിയെ ബന്ധപ്പെടുത്താനാകുന്ന ഒന്നുമില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. 346 കേസുകളില്‍ താന്‍ പ്രതിയാണെന്നും ഒരു കേസില്‍ പോലും താന്‍ നിയമത്തെ വെല്ലുവിളിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

◾ കൊടകരയിലേക്ക് കള്ളപ്പണം ഒഴുക്കിയത് കര്‍ണാടകയിലെ ബിജെപി എംഎല്‍എയെന്ന് കേരള പൊലീസ്. കേസില്‍ അറസ്റ്റിലായ ധര്‍മ്മരാജന്റെ മൊഴിയെ അടിസ്ഥാനമാക്കി പൊലീസ് ഇ.ഡിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, സംഘടന സെക്രട്ടറി എം.ഗണേശന്‍, ഓഫിസ് സെക്രട്ടറി ഗിരീശന്‍ നായര്‍ എന്നിവര്‍ കള്ളപ്പണം കൈകാര്യം ചെയ്തെന്ന് പൊലീസ് ഇ.ഡിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുവെന്നും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്തെ കള്ളപ്പണ കണക്ക് അന്വേഷിക്കാന്‍ ഇഡിയോട് ആവശ്യപ്പെട്ടാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതെന്നും സൂചനകള്‍.

◾ 2021 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും കൊടകര മോഡല്‍ പണം എത്തിയെന്ന് ജെആര്‍പി നേതാവ് പ്രസീത അഴീക്കോട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഇടപാട് നടന്നതെന്നും അവര്‍ പറഞ്ഞു. ബത്തേരിയില്‍ എത്തിയത് മൂന്നര കോടി രൂപയാണ്. ബിജെപി വയനാട് ജില്ലാ പ്രസിഡന്റായ പ്രശാന്ത് മലവയലിന്റെ സംഘം മഞ്ചേശ്വരത്തുനിന്ന് വയനാട്ടിലേക്ക് പണം കടത്തിയെന്നും പ്രസീത അഴീക്കോട് വ്യക്തമാക്കി.

◾ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും ഭാര്യയായ പഞ്ചായത്തംഗവും പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി ഡോ.പി.സരിന് പിന്തുണ പ്രഖ്യാപിച്ചു. പിരായിരി പഞ്ചായത്ത് അംഗം സിതാര ശശി, ഭര്‍ത്താവും മണ്ഡലം സെക്രട്ടറിയുമായ ജി ശശി എന്നിവരാണ് സരിന് പിന്തുണ പ്രഖ്യാപിച്ചത്. ഷാഫി പറമ്പില്‍ വിജയിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ലെന്നും നല്‍കിയ വികസന വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.

◾ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പാലക്കാട് ഉപതരെഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തന്റെ സാന്നിധ്യം ആര് ആഗ്രഹിച്ചാലും താന്‍ അവിടെ ഉണ്ടാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനായി പ്രചാരണത്തിനെത്തുമെന്നും പ്രചാരണത്തിനെത്താന്‍ ജില്ലാ നേതൃത്വം ക്ഷണിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍.

◾ താരസംഘടനയായ അമ്മയുടെ കൊച്ചിയിലെ ഓഫിസില്‍  കേരള പിറവി ആഘോഷം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ്  താര സംഘടന അമ്മ പൊതുപരിപാടി സംഘടിപ്പിച്ചത്. അമ്മ സംഘടന ശക്തമായി തിരിച്ച് വരുമെന്നും,  അമ്മയില്‍ പുതിയ കമ്മിറ്റി ഉടന്‍ ഉണ്ടാകുമെന്നും  ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപി വ്യക്തമാക്കി. ഇത് സംബന്ധിച്ച്  മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയെന്നും  പുതിയ കമ്മിറ്റിക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും  എല്ലാവരെയും തിരിച്ച് കൊണ്ട് വരുമെന്നും സുരേഷ് ഗോപി വിശദീകരിച്ചു.

◾ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട്  റിമാന്‍ഡിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വൈകിട്ട് അഞ്ച് മണിക്ക് ദിവ്യയെ തിരികെ കോടതിയില്‍ ഹാജരാക്കണമെന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. രണ്ട് ദിവസത്തേക്കാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.  അതിനിടെ ദിവ്യയുടെ ജാമ്യ ഹര്‍ജി ഇന്ന് തലശേരി കോടതി പരിഗണിക്കും. ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷി ചേരും.

◾ എഡിഎമ്മിന്റെ മരണത്തില്‍ പി പി ദിവ്യയുടെ  പ്രസംഗം ചിത്രീകരിച്ച് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്ക് എതിരെയും കേസെടുക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ദിവ്യ വിളിച്ചാല്‍ അവര്‍ പോകാന്‍ പാടില്ലായിരുന്നുവെന്നും ദിവ്യ പരിപാടിയുടെ സംഘാടകയല്ലായിരുന്നു എന്നും അദ്ദേഹം പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

◾ സിപിഎം രാജ്യസഭാ എംപി ഡോ. വി. ശിവദാസന് വെനസ്വേലയില്‍ ചേരുന്ന വേള്‍ഡ് പാര്‍ലമെന്ററി കമ്മറ്റി യോഗത്തിന് പോകാനുള്ള യാത്രാനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. ലോകത്ത് വര്‍ദ്ധിച്ചുവരുന്ന ഫാസിസത്തെ കുറിച്ചായിരുന്നു ഇത്തവണത്തെ യോഗം.  ശിവദാസന്‍ എംപിയുടെ യാത്രാനുമതി നിഷേധിച്ചതില്‍ കേന്ദ്രം കാരണം വ്യക്തമാക്കിയിട്ടില്ല.

◾ താമരശ്ശേരിയില്‍ സസ്പെന്‍ഷനിലായിരുന്ന യു.പി സ്‌കൂള്‍ അധ്യാപകനെ കള്ളനോട്ടുകളുമായി പിടികൂടി. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാമിന്റെ വീട്ടില്‍  പൊലീസ് നടത്തിയ പരിശോധനയില്‍ 17.38 ലക്ഷം രൂപയുടെ കള്ള നോട്ട് പിടികൂടി. സമാനമായ കള്ളനോട്ട് കേസില്‍ അറസ്റ്റിലായി ഒരു മാസം മുന്‍പ് ജാമ്യത്തിലിറങ്ങിയ ആളാണ് ഹാഷിം. ഇതിന് പിന്നാലെയാണ് ഹാഷിമിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്.

◾ മലപ്പുറം അരിമ്പ്ര മനങ്ങറ്റ ജുമാ മസ്ജിദ് ഖാസിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്ന് ചുമതലയേല്‍ക്കും. സുന്നി നേതാവ് പാണക്കാട് ഉമറലി ശിഹാബ് തങ്ങളായിരുന്നു നേരത്തെ ഈ പള്ളിയുടെ ഖാസി. അദ്ദേഹത്തിന്റെ മരണശഷം ദീര്‍ഘകാലമായി പള്ളി ഖത്തീബ് യൂസുഫ് ഫൈസിക്കായിരുന്നു ഖാസി ചുമതല. അടുത്തിടെ ചേര്‍ന്ന പള്ളി കമ്മിറ്റി ജനറല്‍ ബോഡി യോഗമാണ് ഖാസിയായി പാണക്കാട് തങ്ങളെ നിശ്ചയിച്ചത്.

◾ പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ പ്രസ്താവന നടത്തിയ ഉമര്‍ ഫൈസി മുക്കത്തെ പണ്ഡിതസഭയായ മുശാവറയില്‍ നിന്ന് പുറത്താക്കണമെന്ന് ഒരു വിഭാഗം സമസ്ത നേതാക്കള്‍ എടവണ്ണപ്പാറയില്‍ പൊതുസമ്മേളനം വിളിച്ച്  പ്രമേയം പാസാക്കി. പാണക്കാട് കുടുംബത്തെ മാറ്റി നിര്‍ത്താന്‍ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ ഉമര്‍ ഫൈസിക്ക് പിന്തുണ നല്‍കിയ സമസ്തയിലെ മുശാവറ അംഗങ്ങളെയും വിമര്‍ശിച്ചു.

◾ അന്തരിച്ച യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ സംസ്‌കാര ശശ്രൂഷകള്‍ക്ക് കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ തുടക്കമായി. സംസ്‌കാര ശുശ്രൂഷയുടെ ആദ്യ മൂന്നു ഘട്ടം കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയിലും വലിയ പള്ളിയിലുമായി ആണ് ക്രമീകരിച്ചിരിക്കുന്നത്. വൈകുന്നേരത്തോടെ വിലാപയാത്രയായി മൃതദേഹം സഭ ആസ്ഥാനമായ പുത്തന്‍കുരിശ് പത്രിയാര്‍ക്ക സെന്ററിലെത്തിക്കും.നാളെ വൈകിട്ട് ഔദ്യോഗിക ബഹുമതികളോടെ മാര്‍ അത്തനേഷ്യസ് കത്ത്രീഡല്‍ പള്ളിയിലെ പ്രത്യേകം തയ്യാറാക്കിയ കബറിടത്തില്‍ ആണ് സംസ്‌കാരം .

◾ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡിലെ വേണുവിന്റെ ഉടമസ്ഥതയിലുള്ള കയര്‍ ഗോഡൗണിന് തീപിടിച്ചു.  ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം കത്തിച്ചത് വന്ന് വീണത് ചകിരി സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ്. തുടര്‍ന്ന് ചകരിക്ക് പിടിച്ച തീ ആളിപ്പടരുകയായിരുന്നു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വേണു പറഞ്ഞു. ആലപ്പുഴയില്‍ നിന്നും ചേര്‍ത്തലയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

◾ വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ചെന്നൈയില്‍ 1964.50 രൂപയായി ഉയര്‍ന്നിട്ടുണ്ട്. 157.5 രൂപയാണ് 4 മാസത്തിനിടെ  കൂടിയത്. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. കൊച്ചിയിലെ വില 1810 രൂപ 50 പൈസയാണ്. നേരത്തെ 1749 രൂപയായിരുന്നു.

◾ തൃശൂര്‍ ഒല്ലൂരില്‍ സ്വകാര്യ ആശുപത്രിയുടെ ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരന്‍ മരിച്ചുവെന്ന ആരോപണവുമായി  ബന്ധുക്കള്‍. പനിയെ തുടര്‍ന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പീഡിയാട്രിഷ്യന്‍ ഇല്ലാതെ നേഴ്സ് ആണ് കുട്ടിയെ ചികിത്സിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

◾ മലപ്പുറത്ത് എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ കത്തിക്കുത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മറ്റൊരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ വെച്ച് കത്തി കൊണ്ട് കുത്തുന്ന സിസിടിവി ദൃശ്യം ആണ് പുറത്ത് വന്നത്. പഠിക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ പിറകില്‍ നിന്ന് വന്ന പതിനാറുകാരന്‍ തുടര്‍ച്ചയായി കുത്തുകയാണ് ചെയ്യുന്നത്.പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. മലപ്പുറം പൊലീസ് കേസ് എടുത്തു അന്വേഷണം തുടരുന്നു.

◾ വധശിക്ഷ ഒഴിവായി മോചനത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നതും കാത്ത് റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിനെ കാണാന്‍ മാതാവും സഹോദരനും അമ്മാവനും സൗദി അറേബ്യയിലെത്തി. റിയാദ് അല്‍ ഹൈര്‍ ജയിലില്‍ കഴിയുന്ന റഹീമിനെ കാണാന്‍ അവര്‍ ശ്രമം നടത്തും. മക്കയില്‍ പോയി ഉംറ നിര്‍വഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങും. ജയില്‍ മോചനം വൈകുന്ന സാഹചര്യത്തിലാണ് കുടുംബം സൗദിയിലേക്ക് തിരിച്ചത്.

◾ ദീപാവലി ആഘോഷത്തിനിടെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു  യുവാക്കള്‍ മരിച്ചു. രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗൂഡല്ലൂര്‍ സ്വദേശികളായ ലിംഗേശ്വരന്‍ ( 24 ), സഞ്ജയ് (22), കേശവന്‍ (24) എന്നിവര്‍ സംഭവം സ്ഥലത്തു വച്ചു തന്നെ മരിച്ചു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗൂഡല്ലൂര്‍ സ്വദേശികളായ മോനിഷ് (22), സേവക് (22) എന്നിവരാണ് ഗുരുതര പരിക്കുകളോടെ കമ്പത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

◾ പ്രമുഖ സാമ്പത്തിക വിദഗ്ധനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാനുമായ ബിബേക് ദെബ്രോയ് അന്തരിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള വ്യക്തിയായിരുന്നു.

◾ കേന്ദ്ര പ്രതിരോധ മന്ത്രാലയം സെക്രട്ടറിയായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജേഷ് കുമാര്‍ സിംഗ് ചുമതലയേറ്റു. 1989 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഗിരിധര്‍ അരമനയുടെ പകരക്കാരനായാണ് രാജേഷ് കുമാര്‍ സിംഗ് എത്തുന്നത്. ദേശീയ യുദ്ധസ്മാരകത്തില്‍ രാവിലെ എത്തി പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് രാജേഷ് കുമാര്‍ ചുമതലയേറ്റത്.

◾ ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ രാജ്യതലസ്ഥാനത്ത് വായുമലിനീകരണം ഗുരുതരാവസ്ഥയില്‍. ഇന്ന് രാവിലെ ഡല്‍ഹിയില്‍ പലയിടങ്ങളും കനത്ത പുകമഞ്ഞ് അനുഭവപ്പെട്ടു. വിവിധ പ്രദേശങ്ങളില്‍ വായു ഗുണനിലവാര സൂചിക ഗുരുതരാവസ്ഥയിലാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ച് ദീപാവലിക്ക് വലിയ തോതില്‍ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം വീണ്ടും മോശമാകാന്‍ കാരണം.

◾ തമിഴ്നാട്ടിലെ കില്‍പ്പോക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍  റാഗിംഗുമായി ബന്ധപ്പെട്ട സംഭവത്തില്‍ രണ്ട് ഹൗസ് സര്‍ജന്‍മാര്‍ക്ക് സസ്പെന്‍ഷന്‍. ഡിഎസ്പിയുടെ മകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് നടപടി. ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ചെന്ന ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ആഴ്ച കോളജ് ഹോസ്റ്റലിലാണ് സംഭവം നടന്നത്.

◾ ഇന്ത്യക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കാനഡ. നൂതന സൈബര്‍ സാങ്കേതിക വിദ്യയിലൂടെ കാനഡയെ ഇന്ത്യ നിരീക്ഷിക്കുന്നുവെന്ന് ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കാനഡ ആരോപിച്ചു. വിഘടനവാദ നീക്കങ്ങളെ നിരന്തരം നിരീക്ഷിക്കുന്നുവെന്നും തങ്ങളുടെ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ക്ക് നേരെയുള്ള  സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്നും കാനഡ ആരോപിച്ചു. എന്നാല്‍ ആരോപണങ്ങളോട് ഇന്ത്യ പ്രതികരിച്ചില്ല.

◾ ഇസ്രായേലിനെതിരെ നേരിട്ടുള്ള ആക്രമണത്തിന് തയ്യാറെടുക്കാന്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി ദേശീയ സുരക്ഷാ സമിതിക്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണം ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ ഖമേനി വിലയിരുത്തിയിരുന്നു. ഇസ്രായേലിന്റെ ആക്രമണം കാരണമുണ്ടായ നാശനഷ്ടങ്ങള്‍ അവഗണിക്കാന്‍ കഴിയാത്തത്ര പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന നിഗമനത്തില്‍ എത്തിയതിന് ശേഷമാണ് പ്രത്യാക്രമണത്തിന് തയ്യാറെടുക്കാന്‍ ഖമേനി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

◾ ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാണ്ട് 229 ന് 9 എന്ന നിലയില്‍. ടോസ് നേടിയ ന്യൂസിലാണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്വന്തം മണ്ണില്‍ സമ്പൂര്‍ണ തോല്‍വി ഒഴിവാക്കാനും, ഈ മത്സരം ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സാധ്യത നിലനിര്‍ത്താനുമാകും ആദ്യ രണ്ട് ടെസ്റ്റിലും പരാജയപ്പെട്ട ഇന്ത്യ ശ്രമിക്കുക.

◾ രാജ്യത്ത് ഈ വര്‍ഷത്തെ സ്വര്‍ണ ഡിമാന്‍ഡ് കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ താഴ്ന്ന നിലയിലേക്കെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍. ഉത്സവാഘോഷങ്ങള്‍ നടക്കുന്ന ഡിസംബര്‍ പാദത്തില്‍ സ്വര്‍ണ വില റെക്കോഡ് ഉയരത്തിലേക്ക് കുതിക്കുന്നത് ആളുകളെ വാങ്ങുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നതാണ് ഇതിനു കാരണം. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ ഉപഭോക്താക്കളായ ഇന്ത്യയില്‍ 700-750 മെട്രിക് ടണ്‍ സ്വര്‍ണ വില്‍പ്പനയാണ് 2024ല്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 761 ടണ്‍ ആയിരുന്നു. 2020 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില്‍പ്പനയാണിത്. വര്‍ഷാവസാനത്തോടെയാണ് സാധാരണ രാജ്യത്ത് സ്വര്‍ണ വില്‍പ്പന ഉയരുന്നത്. എന്നാല്‍ ഈ വര്‍ഷം ജൂലൈയില്‍ കേന്ദ്ര ബജറ്റില്‍ ഇറക്കുമതി തീരുവ 9 ശതമാനം കുറച്ചതു മൂലം വിലയില്‍ വലിയ ഇടിവുണ്ടായതിനാല്‍ ഓഗസ്റ്റില്‍ തന്നെ അഡ്വാന്‍സായി പലരും സ്വര്‍ണം വാങ്ങി. ഈ വര്‍ഷം ഇതു വരെ വിലയില്‍ 25 ശതമാനത്തിലധികം വര്‍ധനയാണുണ്ടായത്. അതേസമയം, ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ സ്വര്‍ണ ഉപഭോഗം 18 ശതമാനം ഉയര്‍ന്ന് 248.3 ടണ്‍ ആയി. നിക്ഷേപ ആവശ്യത്തിനായുള്ള സ്വര്‍ണം ഡിമാന്‍ഡില്‍ 41 ശതമാനവും ആഭരണ ഡിമാന്‍ഡില്‍ 10 ശതമാനവും ഉയര്‍ച്ചയുണ്ടായി.

◾ പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന് ഭീമമായ പിഴയിട്ട് റഷ്യ. രണ്ടിന് ശേഷം 34 പൂജ്യം ഡോളര്‍ (20 ഡെസിലിയന്‍ ഡോളര്‍) വരുന്ന വലിയ സംഖ്യ പിഴയായി ഒടുക്കണമെന്ന വിചിത്രമായ നിര്‍ദേശമാണ് ഗൂഗിളിന് റഷ്യ നല്‍കിയത്. യൂട്യൂബുമായി ബന്ധപ്പെട്ടാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫാബെറ്റിന് പിഴ ചുമത്തിയത്. റഷ്യന്‍ സര്‍ക്കാര്‍ നടത്തുന്ന മീഡിയ ചാനലുകളെ ബ്ലോക്ക് ചെയ്യാനുള്ള പ്ലാറ്റ്ഫോമിന്റെ തീരുമാനമാണ് റഷ്യയെ പ്രകോപിപ്പിച്ചത്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് മറുപടിയായാണ് റഷ്യന്‍ സര്‍ക്കാര്‍ നടത്തുന്ന മീഡിയ ചാനലുകളെ ബ്ലോക്ക് ചെയ്യാന്‍ യൂട്യൂബ് തീരുമാനിച്ചത്. ആഗോള സമ്പദ്വ്യവസ്ഥയുടെ മൊത്തം മൂല്യത്തെ പലതവണ മറികടക്കുന്നതാണ് പിഴത്തുക. യൂട്യൂബില്‍ റഷ്യന്‍ സര്‍ക്കാര്‍ നടത്തുന്ന മീഡിയ ചാനലുകളെ തടഞ്ഞുകൊണ്ട് ഗൂഗിള്‍ ദേശീയ പ്രക്ഷേപണ നിയമങ്ങള്‍ ലംഘിച്ചുവെന്ന റഷ്യന്‍ കോടതി വിധിയെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. ഒമ്പത് മാസ കാലയളവിനുള്ളില്‍ യൂട്യൂബില്‍ ചാനലുകള്‍ പുനഃസ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഓരോ ദിവസവും പിഴ ഇരട്ടിയാക്കി മൊത്തം പിഴത്തുക കൂട്ടുമെന്നും വിധിയില്‍ പറയുന്നു.

◾ കേരളപ്പിറവി ദിനത്തില്‍ മെഗാ ബജറ്റ് ചിത്രം 'എമ്പുരാന്റെ' റിലീസ് തിയതി പ്രഖ്യാപിച്ച് പൃഥ്വിരാജ് സുകുമാരന്‍. 2025 മാര്‍ച്ച് 27 ന് ചിത്രം ലോകവ്യാപകമായി തിയറ്ററുകളില്‍ എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. കൗതുകമുണര്‍ത്തുന്ന ഒരു പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ള ഷര്‍ട്ടണിഞ്ഞ് മുഖം തിരിഞ്ഞു നില്‍ക്കുന്ന ഒരാളെ പോസ്റ്ററില്‍ കാണാം. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പകാലമോ അതോ ഇതാണോ എമ്പുരാനിലെ മോഹന്‍ലാലിന്റെ വില്ലന്‍ എന്നുമാണ് ആരാധകരുടെ ഇടയില്‍ ചര്‍ച്ച. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷനാണ്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയര്‍, ശശി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, തുടങ്ങിയവരും ഈ ചിത്രത്തില്‍ ശക്തമായ സാന്നിധ്യങ്ങളാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് സിനിമാസും ലൈകാ പ്രൊഡക്ഷനും ചേര്‍ന്നാണ്.

◾ ഫഹദും വടിവേലുവും ഇനി ഒരുമിച്ചെത്തുക സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'മാരീചന്‍' എന്ന ചിത്രത്തിലാണ്. ഇരുവരും ഒന്നിച്ചെത്തിയ 'മാമന്നന്‍' ഗൗരവമുള്ള ജാതിരാഷ്ട്രീയം പറഞ്ഞ പൊളിറ്റിക്കല്‍ ഡ്രാമ ആയിരുന്നെങ്കില്‍ മാരീചന്‍ കോമഡിക്ക് പ്രാധാന്യമുള്ള ഒരു റോഡ് മൂവി ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ദീപാവലി പ്രമാണിച്ച് ചിത്രത്തിന്റെ സ്പെഷല്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഇതില്‍ ആദ്യമെത്തിയ പ്രധാന പോസ്റ്ററില്‍ ഒരു പഴയ ബൈക്കില്‍ പോകുന്ന ഫഹദിന്റെയും വടിവേലുവിന്റെയും കഥാപാത്രങ്ങളെ കാണാം. ഫഹദാണ് വണ്ടി ഓടിക്കുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ തമിഴ് ചിത്രം ആറുമനമേ, ദിലീപ് നായകനായ മലയാള ചിത്രം വില്ലാളി വീരന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സുധീഷ് ശങ്കര്‍. നിരവധി ഹിറ്റുകള്‍ സിനിമാലോകത്തിന് സമ്മാനിച്ചിട്ടുള്ള സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 98-ാം ചിത്രമാണ് മാരീചന്‍. ജനി ചിത്രം വേട്ടൈയന്‍ ആണ് ഫഹദിന്റേതായി തമിഴില്‍ അവസാനം ഇറങ്ങിയ ചിത്രം.

◾ ഇനിയുള്ള തന്റെ യാത്രകള്‍ക്ക് കൂട്ടായി ഫഹദ് ഫാസില്‍ മെഴ്‌സിഡീസ് ബെന്‍സിന്റെ ജി വാഗണ്‍ സ്വന്തമാക്കി. ഏകദേശം 3.6 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ആഡംബരവും സുരക്ഷയും ഉറപ്പു വരുത്തുന്ന വാഹനങ്ങള്‍ സ്വന്തമാക്കുന്നതില്‍ ഒട്ടും പിന്നോട്ടേക്കില്ലാത്തവരാണ് ഫഹദും നസ്രിയയും. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറും ലംബോര്‍ഗിനി ഉറുസും റേഞ്ച് റോവറും ബിഎംഡബ്ല്യു 740ഐയും നേരത്തെ ഫഹദ് - നസ്രിയ ദമ്പതികള്‍ സ്വന്തമാക്കിയിരുന്നു. ബെന്‍സ് നിരയിലെ ഏറ്റവും കരുത്തന്‍ എസ്യുവിയാണ് ജി വാഗണിന്റെ പെര്‍ഫോമന്‍സ് പതിപ്പ് ജി 63 എഎംജിയാണ് താരം സ്വന്തമാക്കിയത്. നാലു ലീറ്റര്‍ വി8 പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. ട്വിന്‍ ടര്‍ബോ ഉപയോഗിക്കുന്ന എന്‍ജിന് 585 ബിഎച്ച്പി കരുത്തും 850 എന്‍എം ടോര്‍ക്കുമുണ്ട്. 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 4.2 സെക്കന്റുകള്‍ മാത്രം മതി. ഉയര്‍ന്ന വേഗം 220 കിലോമീറ്ററാണ്.

◾ പ്രണയം കുളിരാര്‍ന്നൊഴുകിയ വഴികളിലെങ്ങും വിരഹത്തിന്റെ മരുക്കാറ്റ് വീശി. വിശ്വാസത്തിന്റെ ചരടുകള്‍ പൊട്ടിച്ചിതറിയിടത്ത് അപ്രിയസത്യങ്ങള്‍ സ്ഥാനം പിടിച്ചു. സ്വാഭാവികമായ കഥാതന്തുവില്‍ നിന്നും ഉദ്വേഗപൂര്‍വ്വമായ ഒരു അന്വേഷണകാലത്തിലേക്ക് സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രമേയവുമായി ഒരു നീലപ്പൊന്മാന്‍. പ്രണയത്തിന്റെ അപ്രതീക്ഷിത വഴിത്തിരിവുകള്‍, പ്രണയിനിയുടെ തിരോധാനം എന്നീ സംഭവങ്ങള്‍ക്കു മുന്നില്‍ പതറിപ്പോകുന്ന ഒരു യുവാവിന് ആരാണ് താങ്ങായി എത്തിയത് എന്ന് വായനക്കാരെ അമ്പരപ്പിക്കുന്നു. വിശ്വാസത്തിന്റെ വേലിപ്പടര്‍പ്പുകള്‍ പൊളിച്ചുമാറ്റി ബന്ധങ്ങള്‍ തന്നെ കുറ്റാരോപിതരായി കണ്‍മുന്നിലെത്തുന്ന അവിചാരിത മുഹൂര്‍ത്തങ്ങളിലൂടെ വികസിക്കുന്ന നോവല്‍. 'നീലപ്പൊന്മാന്‍'. അനു ബാബു. ഗ്രീന്‍ ബുക്സ്. വില 161 രൂപ.

◾ ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും രോഗങ്ങളെ തടയുന്നതിനും മുരിങ്ങയില പൗഡര്‍ സഹായിക്കുന്നു. മുരിങ്ങ രോഗങ്ങളെ തടയുന്നതിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ഇതിലുള്ള ആന്റി ഓക്സിഡന്റ് ആയ ക്ലോറോജെനിക് ആസിഡ് ശരീരത്തിലെ കൊഴുപ്പിനെ കുറക്കാന്‍ സഹായിക്കുന്നു. മാത്രമല്ല മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. തടി കുറക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുരിങ്ങയില പൗഡര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ശരീരത്തിലെ കൊഴുപ്പ് കുറക്കാന്‍ വളരെയധികം സഹായിക്കുന്നു. ഇതിലുള്ള മഗ്നീഷ്യം പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് ക്ഷീണത്തേയും തളര്‍ച്ചയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇതിലുള്ള ഇരുമ്പിന്റെ അംശം വളരെയധികം ആരോഗ്യസംരക്ഷണത്തെ സഹായിക്കുന്നു. ഇത് കോശങ്ങളുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും സഹായിക്കുന്നു. ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ പൗഡര്‍. ഇത് ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ഉറക്കമില്ലായ്മ പോലുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിന് മുരിങ്ങയില പൗഡര്‍ വളരെ മികച്ചതാണ്. ന്യൂട്രിയന്‍സിന്റെ കലവറയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരു പഴത്തില്‍ ഉള്ളതിനേക്കാള്‍ ഏഴിരട്ടി പൊട്ടാസ്യമാണ് മുരിങ്ങയിലയുടെ പൗഡറില്‍ അടങ്ങിയിട്ടുള്ളത്. ഇത് ആരോഗ്യസംരക്ഷണത്തിന് വളരെ മികച്ചാണ്, മാത്രമല്ല പാലില്‍ ഉള്ളതിനേക്കാള്‍ രണ്ടിരട്ടി പ്രോട്ടീന്‍ ആണ് ഇതിലുള്ളത്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 84.06, പൗണ്ട് - 108.52. യൂറോ - 91.29, സ്വിസ് ഫ്രാങ്ക് - 96.82, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.16, ബഹറിന്‍ ദിനാര്‍ - 223.05, കുവൈത്ത് ദിനാര്‍ -274.17, ഒമാനി റിയാല്‍ - 218.35, സൗദി റിയാല്‍ - 22.38, യു.എ.ഇ ദിര്‍ഹം - 22.89, ഖത്തര്‍ റിയാല്‍ - 23.08, കനേഡിയന്‍ ഡോളര്‍ - 60.33.

Previous Post Next Post
3/TECH/col-right