2024 നവംബർ 2 ശനി
1200 തുലാം 17 വിശാഖം
1446 റ:ആഖിർ 29
◾ കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഈ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നല്‍കി. കേസില്‍ പുനരന്വേഷണം വേണമെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് നടപടി. കൊടകര കുഴല്‍പ്പണ കേസിലെ പുതിയ വെളിപ്പെടുത്തല്‍ എകെജി സെന്റര്‍ കേന്ദ്രീകരിച്ചുണ്ടാക്കിയ തിരക്കഥയെന്ന് തിരിച്ചടിക്കുകയാണ് ബിജെപി. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായ തുടര്‍ നടപടി ഉണ്ടാകും.
◾ കൊടകര കുഴല്‍പ്പണക്കേസില്‍ വീണ്ടും പ്രതികരണവുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. കേസില്‍ സത്യസന്ധമായ അന്വേഷണമാണെങ്കില്‍ എല്ലാം വെളിപ്പെടുത്തുമെന്ന് തിരൂര്‍ സതീഷ്് പറഞ്ഞു. മാധ്യങ്ങളോട് പറയുന്ന കാര്യങ്ങള്‍ എല്ലാം അന്വേഷണ സംഘത്തോട് പറയുമെന്നും കേന്ദ്ര- സംസ്ഥാനങ്ങള്‍ നടത്തുന്ന എല്ലാ അന്വേഷണങ്ങളോടും സഹകരിക്കുമെന്നും തിരൂര്‍ സതീഷ്് പ്രതികരിച്ചു.
◾ കൊടകര കുഴല്‍പ്പണക്കേസിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് കര്‍ണാടകയിലെ ബി.ജെ.പി. നേതാവായ ലഹര്‍ സിങ്. ഏഴു വര്‍ഷത്തോളമായി താന്‍ കേരളത്തില്‍ വന്നിട്ടെന്നും അദ്ദേഹം പ്രതികരിച്ചു. കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അയച്ച റിപ്പോര്‍ട്ടില്‍ കര്‍ണാടകയിലെ ബി.ജെ.പി. നേതാവായ ലഹര്‍ സിങ്ങിന്റെ പേര് പരാമര്‍ശിക്കുന്നുണ്ടായിരുന്നു. ലഹര്‍ സിങ് വഴിയാണ് കുഴല്‍പ്പണം എത്തിയത് എന്നാണ് ലഭിക്കുന്ന സൂചനയെന്നും റിപ്പോര്‍ട്ടിലുണ്ട്.
◾ തിരഞ്ഞെടുപ്പ് സമയത്ത് മാത്രം ഉയര്‍ത്തിക്കൊണ്ടുവരുന്ന കേസാണ് കൊടകരയിലേതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിക്കുമെന്ന് കണ്ടാണ് കൊടകര പോലുള്ള ആരോപണങ്ങളുമായി വരുന്നതെന്ന് അദ്ദേഹം പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.
◾ കൊടകര കുഴല്‍പ്പണ കേസില്‍ പുതിയ മാനങ്ങള്‍ ഉണ്ടായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും മറച്ചുവച്ച, താല്‍പര്യമെടുക്കാത്ത കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. സി.പി.എം-ബി.ജെ.പി ബാന്ധവം എത്ര വലുതാണെന്നതാണ് ബി.ജെ.പി നേതാവിന്റെ വെളിപ്പെടുത്തലിലൂടെ നമുക്ക് മനസ്സിലാക്കി തരുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.
◾ കൊടകര കുഴല്‍പ്പണ കേസില്‍ തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലില്‍ ബി.ജെ.പി പ്രതിരോധത്തിലാവില്ലെന്ന് ശോഭാ സുരേന്ദ്രന്‍. പിണറായി പൊലീസ് മാസങ്ങളോളം ആരോപണ വിധേയരെ ചോദ്യംചെയ്തിരുന്നല്ലോ എന്നും ഇക്കാര്യം അന്വേഷിക്കാതിരിക്കാന്‍ പിണറായി വിജയന്റെ കൈ പടവലങ്ങയായിരുന്നോ എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.തിരൂര്‍ സതീഷിനെ സി.പി.എം പണം കൊടുത്തു വാങ്ങിയെന്നും സതീഷിന്റെ ആരോപണം വിശ്വസിക്കാനാവാത്തതാണെന്നും ശോഭാ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
◾ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റവന്യു മന്ത്രിയാണ് മുഖ്യമന്ത്രിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് ഒരു തെളിവും ഇല്ല. എന്നാല്‍ തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞതായുള്ള കളക്ടറുടെ പരാമര്‍ശം റിപ്പോര്‍ട്ടിലുണ്ട്. പക്ഷെ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിലില്ല.
◾ സുരേഷ് ഗോപിയെ ആംബുലന്‍സ് വിവാദത്തില്‍ പരിഹസിച്ച് മന്ത്രി കെ എന്‍ ബാലഗോപാല്‍. തൃശൂര്‍ പൂരത്തിന് ആംബുലന്‍സില്‍ എത്തിയത് കേന്ദ്ര മന്ത്രിയായിട്ടും സുരേഷ് ഗോപിക്ക് ഓര്‍മ്മയില്ലേയെന്ന് ബാലഗോപാല്‍ ചോദിച്ചു. ചിലര്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ചെറുപ്പക്കാര്‍ ചേര്‍ന്ന് ആംബുലന്‍സിലേക്ക് എടുത്തുകൊണ്ട് പോയെന്നാണ് പറഞ്ഞത്. സുരേഷ് ഗോപിയുടെ ഓര്‍മ്മ അന്ന് പോയതാണെന്നും ബാലഗോപാല്‍ പറഞ്ഞു. സിപിഎം കൊല്ലം ഏരിയ കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ സുരേഷ് ഗോപിയുടെ 'ഒറ്റത്തന്ത' പ്രസംഗത്തില്‍ പരാതി. കോണ്‍ഗ്രസ് സഹയാത്രികനായ അഭിഭാഷകന്‍ വി ആര്‍ അനൂപാണ് സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയത്. ചേലക്കര പ്രസംഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ അധിഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സിപിഎം പരാതി നല്‍കാത്തതിനാലാണ് പരാതി നല്‍കുന്നതെന്ന് വി ആര്‍ അനൂപ് പ്രതികരിച്ചു.
◾ യാക്കോബായ സഭയുടെ പ്രാദേശിക തലവനും ശ്രേഷ്ഠ കാതോലിക്കയുമായ അബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍. കോതമംഗലം ചെറിയ പള്ളിയിലും വലിയ പള്ളിയിലും നടന്ന പൊതുദര്‍ശനത്തിന് ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിയത്. സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ നിരവധി രംഗത്തെ പ്രമുഖരും പൊതുദര്‍ശനത്തിനെത്തി. സംസ്‌കാരം ഇന്ന് വൈകീട്ട് മാര്‍ അത്തനേഷ്യസ് കത്ത്രീഡല്‍ പള്ളിയിലെ പ്രത്യേകം തയ്യാറാക്കിയ കബറിടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
◾ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ കൂടി അനുവദിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1,600 രൂപ വീതം ലഭിക്കുന്നത്. ബുധനാഴ്ച മുതല്‍ തുക പെന്‍ഷന്‍കാര്‍ക്ക് കിട്ടിത്തുടങ്ങുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
◾ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയ്യതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 3 മുതല്‍ 26 വരെയും,ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 6 മുതല്‍ 29 വരെയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 17 മുതല്‍ എസ്എസ്എല്‍സി മോഡല്‍ പരീക്ഷ നടക്കും. ഏപ്രില്‍ 8ന് മൂല്യ നിര്‍ണയ ക്യാമ്പ് തുടങ്ങും. മെയ് മാസം മൂന്നാമത്തെ ആഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്തും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷ മാര്‍ച്ച് 6 മുതല്‍ 29 വരെയുള്ള തീയതികളിലും, രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് 3 മുതല്‍ 26 വരെയുള്ള തീയ്യതികളിലും നടക്കും. ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
◾ 2024-ലെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ അര്‍ഹനായി. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം.
◾ കൊങ്കണ്‍ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി റെയില്‍വേ. നോണ്‍ മണ്‍സൂണ്‍ ടൈംടേബിള്‍ പ്രകാരം ഇന്നലെ മുതലാണ് ട്രെയിനുകളുടെ സമയം മാറ്റം. . തിരുവനന്തപുരം - ഹസ്രത് നിസാമുദ്ദീന്‍ രാജധാനി വീക്കിലി എക്സ്പ്രസ്, തിരുവനന്തപുരം വെരാവല്‍ വീക്കിലി എക്സപ്രസ്, മംഗള ലക്ഷദ്വീപ് എക്പ്രസ്, നേത്രാവതി എക്പ്രസ് തുടങ്ങി കേരളത്തില്‍ സര്‍വീസ് നടത്തുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം.
◾ മലപ്പുറം അരിമ്പ്ര മനങ്ങറ്റ ജുമാ മസ്ജിദ് ഖാസി സ്ഥാനം ഏറ്റടുത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഇന്നലെ ഉച്ചക്ക് 12 മണിയോടെ പള്ളിയിലെത്തിയാണ് പാണക്കാട് തങ്ങള്‍ ഖാസി സ്ഥാനം ഏറ്റെടുത്തത്. സമസ്തയിലെ പുതിയ വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും പെട്ടന്ന് പരിഹരിക്കപ്പെടട്ടേയെന്നും അദ്ദേഹം പറഞ്ഞു.
◾ നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ അറസ്റ്റുചെയ്യപ്പെട്ട മൂന്നു പ്രതികള്‍ക്ക് ജാമ്യം. ക്ഷേത്ര സമിതി ഭാരവാഹികളടക്കമുള്ള പ്രതികള്‍ക്കാണ് ഹോസ്ദുര്‍ഗ് ഹോസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കത്തിന് തിരികൊളുത്തിയ പി. രാജേഷ് എന്നിവര്‍ക്കാണ് ജാമ്യം.പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് കേസ്. സ്ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.
◾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചേലക്കര ചെറുതുരുത്തിയില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചെന്ന് പരാതി. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെറുതുരുത്തി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
◾ കര്‍ണാടകയിലെ ചിക്കമംഗളൂരുവിലെ ബിണ്ടിഗ ഗ്രാമത്തിലുള്ള ദേവിരമ്മ മലയിലെ ക്ഷേത്രത്തിലെത്തിയവരില്‍ കാല്‍ വഴുതി വീണും, തിക്കിലും തിരക്കിലും പെട്ടും 12 പേര്‍ക്ക് പരിക്കേറ്റു. നിരവധി തീര്‍ത്ഥാടകര്‍ മലമുകളില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. തീര്‍ത്ഥാടനത്തിനായി മല നടന്ന് കയറിയവര്‍ ചെളിയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്.
◾ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ ശക്തി പദ്ധതിയില്‍ മാറ്റം വരുത്തില്ലെന്ന് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. പദ്ധതി പുനപരിശോധിക്കുമെന്ന ഡി.കെ ശിവകുമാറിന്റെ പരാമര്‍ശം ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്നും കര്‍ണാടകയിലെ ഒരു ക്ഷേമ പദ്ധതിയും പിന്‍വലിക്കില്ലെന്നും ഈ പദ്ധതികള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്നും ഡി.കെ ശിവകുമാറിനെ വേദിയിലിരുത്തി ഖര്‍ഗെ വ്യക്തമാക്കി. ഈ പദ്ധതി പുനഃപരിശോധിക്കുമെന്ന് ശിവകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത് വലിയ വിവാദമായിരുന്നു.
◾ കര്‍ണാടകയിലെ കര്‍ഷകരുടെ ഭൂമി വഖഫ് ബോര്‍ഡിന് കൈമാറിയെന്ന ആരോപണത്തില്‍ ന്യൂനപക്ഷ ക്ഷേമ-വഖഫ് മന്ത്രി ബി.സെഡ്. സമീര്‍ അഹമ്മദ് ഖാന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ ബി.ജെ.പി. ജില്ലയിലുടനീളമുള്ള ഭൂരേഖകള്‍ ഭേദഗതി ചെയ്യാന്‍ അധികാരികള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും കര്‍ഷകരുടെ ഭൂമി വഖഫ് സ്വത്തായി അടയാളപ്പെടുത്തി ഭൂമിയുടെ രേഖകള്‍ മാറ്റാന്‍ അധികാരികളെ നിര്‍ബന്ധിക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ബിജെപി ആരോപിച്ചു.
◾ റെയില്‍വെയില്‍ പുതിയ ടിക്കറ്റ് ബുക്കിങ് നിയമങ്ങള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്ന കാലപരിധി നേരത്തെയുണ്ടായിരുന്ന 120 ദിവസത്തില്‍ നിന്ന് 60 ദിവസമാക്കി കുറച്ചിട്ടുണ്ട്. യാത്രക്കാര്‍ റിസര്‍വ് ചെയ്യുകയും ടിക്കറ്റുകള്‍ റദ്ദാക്കുകയും ചെയ്യുന്നതിന്റെ കണക്കുകള്‍ പരിശോധിച്ച ശേഷമാണ് പുതിയ തീരുമാനമെടുത്തതെന്ന് അധികൃതര്‍ വിശദീകരിച്ചിട്ടുണ്ട്.
◾ കൈക്കൂലി കേസില്‍ മൂന്ന് സിജിഎസ്ടി സൂപ്രണ്ടുമാരെയും രണ്ട് ഐആര്‍എസ് ഓഫീസര്‍മാരെയും അറസ്റ്റ് ചെയ്തു. മുംബൈ, ഗുവാഹത്തി എന്നിവിടങ്ങളില്‍ നിന്നാണ് അറസ്റ്റ്. ഐആര്‍എസ് ഓഫിസര്‍മാരായ ദീപക് കുമാര്‍ ശര്‍മ, രാഹുല്‍കുമാര്‍, മൂന്ന് സിജിഎസ്ടി ഉദ്യോഗസ്ഥര്‍ എന്നിവരാണ് അറസ്റ്റിലായത്. ഉദ്യോഗസ്ഥര്‍ വ്യവസായിയെ 18 മണിക്കൂര്‍ തടങ്കലില്‍ വെച്ച് 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
◾ കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ഗാന്ധിയുടെ ഇത്തവണത്തെ ദീപാവലി സന്ദേശം ഏറെ ശ്രദ്ധേയമായി. പ്രയങ്കാ ഗാന്ധിയുടെ മകന്‍ റെയ്ഹാനുമൊത്ത് പെയിന്റിങ് തൊഴിലാളികള്‍ക്കും, മണ്‍ചെരാതുണ്ടാക്കുന്നവര്‍ക്കുമൊപ്പം ജോലിയെടുക്കുന്ന വിഡിയോയാണ് ജനശ്രദ്ധയാകര്‍ഷിച്ചത്. തൊഴിലാളികളെ കൂടുതല്‍ ഉള്‍ക്കൊള്ളും വിധം സമൂഹത്തിന്റെ ചിന്താഗതി മാറണമെന്നാണ് രാഹുല്‍ ഈ ദീപാവലി സന്ദേശത്തിലൂടെ പറഞ്ഞ് വെക്കുന്നത്.
◾ വൈദ്യുതി ഇനത്തില്‍ കുടിശ്ശിക വന്നതിനെ തുടര്‍ന്ന് ബംഗ്ലാദേശിനുള്ള വൈദ്യുതി വിച്ഛേദിച്ച് അദാനി ഗ്രൂപ്പ്. 846 മില്യണ്‍ ഡോളറാണ് വൈദ്യുതി ഇനത്തില്‍ കുടിശ്ശികയുള്ളത്.
◾ നവംബര്‍ 5നു ശേഷം വൈറ്റ് ഹൗസിലുണ്ടാകേണ്ടത് ഡോണള്‍ഡ് ട്രംപല്ല, മറിച്ച് കമല ഹാരിസായിരിക്കണമെന്ന് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍. കമലാ ഹാരിസിന്റെ പക്കല്‍ മികച്ചൊരു സാമ്പത്തിക പദ്ധതിയും ആരോഗ്യക്ഷേമ പദ്ധതിയും ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നെന്നും ക്ലിന്റണ്‍ വ്യക്തമാക്കി.
◾ ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലെ അവസാനമത്സരത്തിലെ ഒന്നാമിന്നിംഗ്സിലും ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിന് 86 എന്ന നിലയിലാണ്. 31 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും ഒരു റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസിലുള്ളത്. യശ്വസി ജയ്സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോലി, മുഹമ്മദ് സിറാജ് എന്നിവരാണ് പുറത്തായത്. നേരത്തെ ടോസ് ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാണ്ടിന്റെ ഒന്നാമിന്നിംഗ്സ് 235 ല്‍ അവസാനിച്ചു. 71 റണ്‍സെടുത്ത വില്‍ യങിന്റേയും 82 റണ്‍സെടുത്ത ഡാരില്‍ മിച്ചലിന്റേയും ഇന്നിംഗ്സുകളാണ് കുറച്ചെങ്കിലും മാന്യമായൊരു സ്‌കോറിലേക്ക് ന്യൂസിലാണ്ടിനെ എത്തിച്ചത്. ഇന്ത്യക്ക വേണ്ടി രവീന്ദ്ര ജഡേജ 5 വിക്കറ്റും വാഷിംഗ്ടണ്‍ സുന്ദര്‍ 4 വിക്കറ്റും വീഴ്ത്തി.
◾ യുപിഐ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും റെക്കോര്‍ഡ്. ഒക്ടോബറില്‍ യുപിഐ വഴി 1658 കോടി ഇടപാടുകളാണ് നടന്നത്. ഇതിന്റെ മൂല്യം 23.5 ലക്ഷം കോടി രൂപ വരും. യുപിഐ സംവിധാനം ആരംഭിച്ച 2016ന് ശേഷം ഒരു മാസം ഇത്രയും ഇടപാടുകള്‍ നടന്നത് ആദ്യമായാണ്. 1504 കോടി ഇടപാടുകളാണ് സെപ്റ്റംബറില്‍ നടന്നത്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ജൂലൈയിലെ റെക്കോഡ് ആണ് തകര്‍ത്തത്. ജൂലൈയില്‍ 20.64 ലക്ഷം കോടി രൂപ മൂല്യം വരുന്ന ഇടപാടുകളാണ് നടന്നത്. സെപ്റ്റംബറിനെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണത്തില്‍ 10 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഒക്ടോബറില്‍ 14 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. ഓഗസ്റ്റില്‍ 20.61 ലക്ഷം കോടി രൂപ മൂല്യം വരുന്ന 1496 കോടി ഇടപാടുകളാണ് നടന്നത്. ഒക്ടോബറില്‍ ശരാശരി 53.5 കോടി പ്രതിദിന യുപിഐ ഇടപാടുകളാണ് നടന്നത്. മൂല്യം നോക്കിയാല്‍ പ്രതിദിന ശരാശരി 75,801 കോടി രൂപയാണ്. സെപ്റ്റംബറില്‍ 50.1 കോടി ഇടപാടുകളാണ് പ്രതിദിന ശരാശരി. 68,800 കോടി രൂപ മൂല്യം വരുന്ന ഇടപാടുകളാണ് പ്രതിദിനം നടന്നത്.
◾ നിഖില വിമല്‍ നായികയാകുന്ന 'പെണ്ണ് കേസ്' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ഫെബിന്‍ സിദ്ധാര്‍ത്ഥ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഒരു കല്യാണ പെണ്ണിനും ചെക്കനും പിന്നാലെ ഒരുകൂട്ടം ആളുകള്‍ ഓടുന്നതാണ് പോസ്റ്ററിലുള്ളത്. ഒരു കോമഡി ചിത്രമാകും ഇത് എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. സിനിമയുടെ ചിത്രീകരണം കണ്ണൂരിലും പരിസര പ്രദേശങ്ങളിലുമായ് ഡിസംബറില്‍ ആരംഭിക്കും. ഫെബിന്‍ സിദ്ധാര്‍ഥും രശ്മി രാധാകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയത്. ജ്യോതിഷ് എം, സുനു വി, ഗണേഷ് മലയത്ത് എന്നിവരുടെതാണ് സംഭാഷണങ്ങള്‍. കഥ സംവിധാകന്റേത് തന്നെയാണ്. ഷിനോസ് ആണ് ഛായാഗ്രാഹകന്‍. എഡിറ്റിങ് സരിന്‍ രാമകൃഷ്ണന്‍ ആണ്.
◾ നവോത്ഥാന നായകന്‍ അയ്യങ്കാളിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന 'കതിരവന്‍' പ്രഖ്യാപിച്ചു. എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടി നായകനാവില്ല. നേരത്തെ മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരിക്കും ചിത്രത്തിലെ നായകനെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ മലയാളത്തിലെ ഒരു ആക്ഷന്‍ ഹീറോ നായകനാവും. താരാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജഗതമ്പി കൃഷ്ണയാണ് കതിരവന്‍ നിര്‍മ്മിക്കുന്നത്. താരാ പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്. അരുണ്‍ രാജ് സംവിധാനവും ക്യാമറയും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ സംഭാഷണം എന്നിവ പ്രദീപ് കെ താമരക്കുളമാണ്. അരുണ്‍ രാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. 'എഡ്വിന്റെ നാമം' എന്ന ചിത്രമാണ് അരുണ്‍ രാജ് ഇതിന് മുമ്പ് സംവിധാനം ചെയ്ത ചിത്രം. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ തന്നെ ആരംഭിക്കും.
◾ ഓസ്ട്രിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബ്രിക്സ്റ്റണ്‍ മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയിലേക്ക്. ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു. ക്രോസ്ഫയര്‍ 500എക്സ്, ക്രോസ്ഫയര്‍ 500എക്സ്സി, ക്രോംവെല്‍ 1200, ക്രോംവെല്‍ 1200എക്സ് എന്നിവയുള്‍പ്പെടെ നാല് മോഡലുകള്‍ കമ്പനി നവംബറില്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് 2,999 രൂപ അടച്ച് ബൈക്ക് ഓണ്‍ലൈനായി ബുക്ക് ചെയ്യാം. വിദേശത്ത് വൈവിധ്യമാര്‍ന്ന റെട്രോ ബൈക്കുകള്‍ പുറത്തിറക്കുന്നതില്‍ പേരെടുത്തവരാണിവര്‍. മോഡലുകളെ സംബന്ധിച്ചിടത്തോളം ക്രോസ്ഫയര്‍ മോഡലുകള്‍ 8,500 ആര്‍പിഎമ്മില്‍ 46 ബിഎച്പി കരുത്തും 4,350 ആര്‍പിഎമ്മില്‍ 43 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 500 സിസി ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് എത്തുക. ബ്രിക്സ്റ്റണ്‍ മോട്ടോര്‍സൈക്കിള്‍സിന്റെ ക്രോംവെല്‍ മോഡലുകളാകട്ടെ 6,500 ആര്‍പിഎമ്മില്‍ 82 ബിഎച്പി പവറും 3,100 ആര്‍പിഎമ്മില്‍ 108 എന്‍എം ടോര്‍ക്കും നല്‍കുന്ന 1,200 സിസി ട്വിന്‍ സിലിണ്ടര്‍ എഞ്ചിനോടെയാവും നിരത്തിലേക്കെത്തുക.
◾ പെരിയാറിനു തെക്ക് അവശേഷിച്ച നാലു തുരുത്തുകളിലെ ബൗദ്ധപ്പഴമയെ ഉന്മൂലനം ചെയ്ത അവസാനഘട്ടത്തിലെ ബ്രാഹ്‌മണാധിപത്യവും അധിനിവേശവും പലായനങ്ങളും പ്രമേയമാകുന്ന നോവല്‍. ജൈവികമായ ഐകരൂപ്യത്തോടെ രാഷ്ട്രീയവും ലിംഗനീതിയും പാര്‍ശ്വവത്കൃതസമൂഹത്തോടുള്ള മൈത്രിയും ഇതില്‍ ഇടകലരുന്നു. കേരളചരിത്രത്തില്‍ എഴുതപ്പെടാതെപോയ ബൗദ്ധസംസ്‌കൃതിയുടെ ഉന്മൂലനത്തിന്റെ കഥ. 'ഉല'. കെ.വി മോഹന്‍കുമാര്‍. മാതൃഭൂമി. വില 332 രൂപ.
◾ ശാരീരിക-മാനസിക ക്ഷേമം മെച്ചപ്പെടുന്നതിന് ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയ നിരവധി രോഗാവസ്ഥകള്‍ ഒഴിവാക്കാനും ഗുണനിലവാരമുള്ള ഉറക്കം ആവശ്യമാണ്. കൂടാതെ നന്നായി ഉറങ്ങുന്നത് മുടി കൊഴിച്ചില്‍ തടയാനും സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. തലയോട്ടിയിലുള്ള ഓരോ ഫോളിക്കിളും അനേകം തവണ മാറ്റങ്ങള്‍ക്ക് വിധേയമായാണ് ഓരോ മുടിയിഴയുമുണ്ടാകുന്നത്. ഹെയര്‍ ഫോളിക്കിളുകള്‍ കാര്യക്ഷമമാവണമെങ്കില്‍ അവയ്ക്കാവശ്യമാണ് പോഷകങ്ങളും വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യവും ഉണ്ടാകണം. മതിയായ ഉറക്കം കിട്ടിയില്ലെങ്കില്‍ സമ്മര്‍ദം വര്‍ധിക്കാന്‍ ഇടയാകും. മാനസിക പിരിമുറുക്കവും സമ്മര്‍ദവുമുള്ളവരില്‍ മുടി ധാരാളമായി കൊഴിയുന്നത് ശ്രദ്ധിച്ചിട്ടില്ലേ? മാനസിക പിരിമുറുക്കം അനിയന്ത്രിതമായാല്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടും. മുടിവളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഹോര്‍മോണുകളില്‍ പ്രധാനിയാണിത്. കോര്‍ട്ടിസോള്‍ ഹെയര്‍ ഫോളിക്കുകളെ അതിന്റെ റെസ്റ്റിങ് ഫേസിന് സഹായിക്കും. അതായത്, മുടി വളരുന്നതിനേക്കാള്‍ മുടി കൊഴിച്ചു കളയുന്നതിനായിരിക്കും ഫോളിക്കുകള്‍ക്ക് ഈ സാഹചര്യത്തില്‍ കൂടുതല്‍ 'താല്പര്യം'. ഉറക്കമില്ലായ്മ രക്തയോട്ടത്തെയും ബാധിക്കുന്നുണ്ട് എന്നതിനാല്‍ ആവശ്യത്തിന് ഓക്‌സിജന്‍ ഹെയര്‍ ഫോളിക്കുകളിലെത്താത്തതും മുടി വളരാത്തതിന് കാരണമാകും.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ ഗുരുവിന് ധാരാളം ശിഷ്യന്മാരുണ്ടായിരുന്നു. ഒരിക്കല്‍ ഒരു ശിഷ്യന്‍ ഗുരുവിന്റെ മുഖത്തേക്ക് തുപ്പി. മുഖം തുടച്ചുകൊണ്ട് ഗുരു ചോദിച്ചു: താങ്കള്‍ക്ക് മറ്റെന്തെങ്കിലും പറയാനുണ്ടോ? ഇത് കേട്ട് മറ്റൊരു ശിഷ്യന്‍ ചോദിച്ചു: അങ്ങയുടെ മുഖത്തേക്ക് തുപ്പിയവനോട് അങ്ങെന്താണീ ചോദിക്കുന്നത്? ഗുരു പറഞ്ഞു: ഇയാളുടെ ഉളളില്‍ വാക്കുകള്‍കൊണ്ട് പ്രകടപ്പിക്കാനാകാത്തത്രയും ദേഷ്യം എന്നോടുണ്ട്. അതുകൊണ്ടാണ് തുപ്പിയത്. എന്തെങ്കിലും ഇനിയും പറയാനുണ്ടെങ്കില്‍ പറയട്ടെ.. ഗുരുവിന്റെ മുഖത്ത് തുപ്പിയ ശിഷ്യന് അന്ന് രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല. അയാള്‍ പിറ്റേന്ന് രാവിലെയെത്തി ക്ഷമ ചോദിച്ച് ഗുരുവിന്റെ കാല്‍ക്കല്‍ വീണു. അയാള്‍ കരയാന്‍ തുടങ്ങി. ഗുരു പറഞ്ഞു: നിന്റെയുളളില്‍ ഇപ്പോള്‍ ദേഷ്യത്തിന് പകരം സങ്കടമാണുളളത്.. ഇനിയും നിനക്കെന്നോട് എന്തെങ്കിലും പറയാനുണ്ടോ അയാള്‍ പറഞ്ഞു: അങ്ങ് ഇത്രയും നാള്‍ എന്നെ സ്‌നേഹിച്ചിട്ടും ഞാന്‍ അങ്ങയുടെ മുഖത്ത് തുപ്പി. ഇനി ഞാന്‍ അങ്ങയുടെ സ്‌നേഹത്തിന് അര്‍ഹനല്ല. ഗുരു പറഞ്ഞു: നീ തുപ്പാതിരുന്നത് കൊണ്ടല്ല നിന്നെ ഞാന്‍ സ്‌നേഹിച്ചത്, എനിക്കാകെ ചെയ്യാന്‍ അറിയുന്നത് സ്‌നേഹിക്കുക എന്നത് മാത്രമാണ്. നമുക്കിടയില്‍ രണ്ടു തരമാളുകളുണ്ട്. സ്‌നേഹിക്കുന്നവരും സ്‌നേഹിക്കപ്പെടുന്നതിന്റെ പേരില്‍ തിരിച്ചു സ്‌നേഹിക്കുന്നവരും. തിരിച്ചു കിട്ടുന്നത് മടക്കിനല്‍കാന്‍ എല്ലാവര്‍ക്കും കഴിയും. പക്ഷേ, വ്യവസ്ഥാധിഷ്ഠിതമല്ലാത്ത സ്‌നേഹത്തിന് ചില ഗുണങ്ങളുണ്ട്. തുലാസില്ലാതെ ഇടപെടാം. ആരുടേയും പ്രതീക്ഷക്കൊത്ത് പെരുമാറണമെന്നില്ല. അര്‍ഹതയുളളവരെ സ്‌നേഹിക്കാന്‍ ഒരുപാട് പേരുണ്ടാകും. എന്നാല്‍ ഒരര്‍ഹതയുമില്ലാത്ത സമയത്ത് ഒരാളെ സ്‌നേഹിക്കാന്‍ കഴിയുമ്പോഴാണ് സ്‌നേഹത്തിന് പൂര്‍ണ്ണത കൈവരുന്നത്. അതെ, നമുക്ക് വ്യവസ്ഥകളില്ലാതെ സ്‌നേഹിക്കാന്‍ ശീലിക്കാം - ശുഭദിനം.
➖➖➖➖➖➖➖➖
Tags:
KERALA