Trending

പ്രഭാത വാർത്തകൾ

2024  ഒക്ടോബർ 7  തിങ്കൾ  
1200  കന്നി 21  അനിഴം 
1446 റ : ആഖിർ 3

◾ എഡിജിപി എം.ആര്‍.അജിത് കുമാറിന് ഒടുവില്‍ സ്ഥാനചലനം. എം.ആര്‍.അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കികൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. എന്നാല്‍ പൊലീസ് ബറ്റാലിയന്റെ ചുമതല തുടരും. എഡിജിപി എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് സായുധ പൊലീസ് ബറ്റാലിയനിലേക്ക് സ്ഥലം മാറ്റിയെന്നാണ് സര്‍ക്കാര്‍ വാര്‍ത്താകുറിപ്പ്. ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി മാറ്റി നിയമിച്ചു.

◾ എഡിജിപി എംആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയ നടപടിയില്‍ സിപിഐയുടെ ആവശ്യം നിറവേറ്റപ്പെട്ടിരിക്കുന്നു എന്ന പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത് എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാത്രം മാറ്റിയതുകൊണ്ട് പ്രശ്‌നം അവസാനിക്കില്ലെന്നും തൃശൂര്‍ പൂരമടക്കമുള്ള വിഷയങ്ങളില്‍ വിശദമായ അന്വേഷണവും അതുമായി ബന്ധപ്പെട്ട തുടര്‍ നടപടികളും ഇതിന്റെ ഭാഗമായി ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിപിഐ നേതാവും തൃശൂരിലെ ഇടതുപക്ഷ മുന്നണിയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായിരുന്ന സുനില്‍ കുമാര്‍ പറഞ്ഞു. 



◾ എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയത് വെറും പ്രഹസനമാണെന്നും നടപടിയില്‍ തൃപ്തിയില്ലെന്നും ഇന്ന് നിയമസഭയില്‍ കാണാമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമസഭ സമ്മേളനം ചേരാനിരിക്കെ പ്രതിപക്ഷത്തെ പേടിച്ചാണ് ഇത്തരമൊരു നടപടിയെടുത്തതെന്നും ഇത് കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്നും ഏത് കാര്യത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നറിയണമെന്നും സതീശന്‍ പറഞ്ഞു.

◾ ഇതിനെ ശിക്ഷാ നടപടിയെന്ന് വിളിച്ചാല്‍ നാണക്കേടെന്നും എഡിജിപിക്കെതിരായ നടപടി മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തനമെന്നും കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍. ഒട്ടും ആത്മാര്‍ത്ഥമില്ലാത്ത നടപടിയാണിതെന്നും നിമയസഭ തുടങ്ങുമ്പോള്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ നിന്ന് തടിതപ്പാനും പുകമുറ സൃഷ്ടിക്കാനുമുള്ള ചട്ടപ്പടി നടപടി മാത്രമാണിതെന്നും സുധാകരന്‍ ആരോപിച്ചു.

◾ മുന്നണിക്കകത്തു നിന്നും പ്രതിപക്ഷത്തു നിന്നും ജനങ്ങളില്‍ നിന്നും കനത്ത സമ്മര്‍ദ്ദം വന്നപ്പോള്‍ വേറെ വഴിയില്ലാതെ സ്വന്തം തടി രക്ഷിക്കാനാണ് മുഖ്യമന്ത്രി എഡിജിപി അജിത് കുമാറിനെ ക്രമസമാധാനപാലന ചുമതലയില്‍ നിന്നു മാറ്റിയതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇപ്പോള്‍ നല്‍കിയിരിക്കുന്നത് വെറുമൊരു ട്രാന്‍സ്ഫര്‍ മാത്രമാണെന്നും അല്ലാതെ ഇതിനെ നടപടി എന്നു പോലും  വിളിക്കാനാവില്ലെന്നും ഇത് വെറും കണ്ണില്‍ പൊടിയിടല്‍ പരിപാടിയെന്നും ചെന്നിത്തല ആരോപിച്ചു.
◾ അജിത് കുമാറിന്റെ തലയില്‍ നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അന്‍വറെന്നാ സിഎമ്മേ എന്ന് ഫേയ്സ്ബുക്ക് പേജില്‍ പോസ്റ്റിട്ടുകൊണ്ടാണ് എഡിജിപി എംആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ നടപടിയില്‍ നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ പ്രതികരിച്ചത്.

◾ മഞ്ചേരിയില്‍ ശക്തി തെളിയിച്ച്, രാഷ്ട്രീയ പാര്‍ട്ടിക്ക് പകരം സാമൂഹിക കൂട്ടായ്മ പ്രഖ്യാപിച്ച് നിലമ്പൂര്‍ എംഎല്‍എ പി. വി അന്‍വര്‍. 'ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള' എന്ന പേരിലാണ് കൂട്ടായ്മ. നയപരിപാടികള്‍  മഞ്ചേരിയിലെ പൊതുസമ്മേളനത്തില്‍ അവതരിപ്പിച്ചു. യോഗത്തില്‍ പങ്കെടുക്കാനും അന്‍വറിന്റെ വാക്കുകള്‍ കേള്‍ക്കാനും ആയിരകണക്കിനാളുകളാണ് മഞ്ചേരിയിലെത്തിയത്.

◾ നയം പ്രഖ്യാപിച്ച് പി.വി.അന്‍വറിന്റെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള. മലപ്പുറം, കോഴിക്കോട് ജില്ലകളെ വിഭജിച്ച് കേരളത്തില്‍ പതിനഞ്ചാമത് ജില്ലകൂടി രൂപീകരിക്കണം, രാഷ്ട്രീയ സാമ്പത്തിക സാമൂഹിക നീതി, ജനാധിപത്യത്തിന് ജാഗ്രതയുള്ള കാവല്‍, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷ, പ്രവാസി വോട്ടവകാശം ഉറപ്പുവരുത്തണം, സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കണം, സംരംഭക സംരക്ഷണ നിയമം നടപ്പിലാക്കണം, സ്‌കൂള്‍ സമയം എട്ടുമുതല്‍ ഒരുമണി വരെയാക്കണം, ആരാധനയ്ക്കും വിശ്വാസത്തിനും സ്വാതന്ത്ര്യം, സാമൂഹ്യനീതി ജാതി സെന്‍സസിലൂടെ തുടങ്ങിയവയാണ് നയരേഖയിലെ പ്രധാന കാര്യങ്ങള്‍.

◾ എഡിജിപി അജിത് കുമാറിനും,  പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ ആരോപണം തുടര്‍ന്ന് പിവി അന്‍വര്‍ എംഎല്‍എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ്  കേരളയുടെ നയ പ്രഖ്യാപന വേദിയിലാണ് വിമര്‍ശനം. ഡിഎംകെ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പിവി അന്‍വര്‍ പ്രസംഗം ആരംഭിച്ചത്. താന്‍ ചെന്നൈയില്‍ പോയതാണ് പുതിയ കോലാഹലമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റേയും ഡിഎംകെയുടേയും ആശിര്‍വാദത്തിനായാണ് ചെന്നൈയില്‍ പോയതെന്നും പിവി അന്‍വര്‍ ശരിവെച്ചു. സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍  ധാരണയായിട്ടുണ്ടെന്നും സി.പി.എമ്മും ബി.ജെ.പിയുമായുള്ള വോട്ടുകച്ചവടത്തിന് നേതൃത്വം നല്‍കിയത് എ.ഡി.ജി.പി അജിത്കുമാറാണെന്നും അന്‍വര്‍ ആരോപിച്ചു.

◾ കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്ലിം സമുദായത്തില്‍പ്പെട്ടവരാണെന്ന് ആവര്‍ത്തിച്ച് കെ.ടി. ജലീല്‍ എം.എല്‍.എ. സ്വര്‍ണക്കടത്തില്‍ പങ്കാളികളാകുന്ന മുസ്ലിങ്ങളില്‍ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് ഇതൊന്നും മതവിരുദ്ധമല്ല എന്നാണെന്നും സ്വര്‍ണക്കടത്ത് മതവിരുദ്ധമാണെന്ന് പറയാന്‍ ഖാളിമാര്‍ തയ്യാറാവണമെന്നും ജലീല്‍ ഫേസ് ബുക്കില്‍ കുറിച്ചു.

◾ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കെടി ജലീല്‍ നടത്തിയ പ്രസ്താവന നികൃഷ്ടവും അപകടകരവുമാണെന്നും  ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളായി ചിത്രീകരിക്കുകയാണ് ചെയ്തതെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. എന്തെങ്കിലും നേട്ടത്തിന് വേണ്ടി ഒരു സമുദായത്തെ ഇരയാക്കരുതെന്നും ഇതാണോ സിപിഎം നിലപാട് എന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾ സ്വര്‍ണ്ണം കടത്തുന്നത് ഒരു സമുദായമാണെന്ന്  കെടി ജലീല്‍ എംഎല്‍എ പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാര്യമാണെന്ന് പി വി അന്‍വര്‍  എം എല്‍  എ  പറഞ്ഞു. ജലീല്‍ അത്രക്ക് തരം താഴുമോയെന്നും അന്‍വര്‍ ചോദിച്ചു.

◾ കെ ടി ജലീല്‍ എം എല്‍ എയുടെ 'മലപ്പുറം' പരാമര്‍ശത്തില്‍ വിമര്‍ശനവുമായി വണ്ടൂര്‍ എംഎല്‍എ എ.പി.അനില്‍കുമാര്‍. പിണറായി ഭക്തി പ്രകടിപ്പിക്കാനുള്ള ആയുധമാക്കി മലപ്പുറം ജില്ലയെയും, ജനങ്ങളെയും മാറ്റി എന്നുള്ളത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അനില്‍കുമാര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

◾ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കെടി ജലീല്‍ എംഎല്‍എ നടത്തിയ പ്രസ്താവന ദുരുദ്ദേശപരമാണെന്ന് എസ് വൈഎസ് നേതാവ് നാസര്‍ ഫൈസി കൂടത്തായി. മതപണ്ഡിതന്മാരെ വിവാദത്തിലേക്ക് അനാവശ്യമായി ജലീല്‍ വലിച്ചിഴക്കുകയാണെന്നും, ജലീല്‍ പിണറായിയുടെ ഉപകരണമാണെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. മുസ്ലിം പണ്ഡിതന്‍മാരെയും ഖാളിമാരേയും പാണക്കാട് തങ്ങന്‍മാരേയും കുറിച്ചുള്ള ജലീലിന്റെ പ്രസ്താവനകള്‍ ദുരുദ്ദേശപരമാണെന്നും അദ്ദേഹം പറഞ്ഞു.

◾ കെടി ജലീല്‍ എംഎല്‍എയുടെ മുസ്ലിം വിരുദ്ധ പ്രസ്താവന വിദ്വേഷം ഉണ്ടാക്കുന്നതെന്ന്  യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്. മുഖ്യമന്ത്രിയുടെ കൈ പൊള്ളിയപ്പോള്‍ പി ആര്‍ ഏജന്‍സി ഏല്‍പിച്ച ദൗത്യമാണ് ജലീല്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും, ജലീല്‍ ഏറ്റെടുത്തത് ബിജെപിയുടെ പ്രചാരണമാണെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. മലപ്പുറത്തെ ഒറ്റുകൊടുത്തത് ജലീലാണെന്നും പ്രസ്താവന പിന്‍വലിച്ച് നാടിനോട് മാപ്പ് പറയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

◾ തന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്ന് എംഎല്‍എ കെടി ജലീല്‍. വളരെ സദുപദേശപരമായി താന്‍ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം പറഞ്ഞത്. താന്‍ മലപ്പുറം വിരുദ്ധത പറഞ്ഞു എന്ന നിലയില്‍ വരുത്തി തീര്‍ത്തുവെന്നും ഇതിനെ ചൊല്ലി സൈബര്‍ ഇടങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുവെന്നും കെടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .

◾ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ഉന്നത ലീഗ് നേതാവായ എം കെ മുനീറിന് സ്വര്‍ണ്ണകടത്തുമായി ബന്ധമുണ്ടെന്നും ഇതിന് ലീഗ് നേതൃത്വം മറുപടി പറയണമെന്നും വസീഫ് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുനീറിന്റെ വിദേശ യാത്ര പരിശോധിക്കണമെന്നും സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട വലിയ ബന്ധം തെളിയുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ്  കൂട്ടിച്ചേര്‍ത്തു.

◾ പി വി അന്‍വറിനെ പാര്‍ട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന നിലപാടില്‍  ഡിഎംകെ നേതൃത്വമെന്ന് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമെന്ന് ഡിഎംകെ വക്താവ് പ്രതികരിച്ചു. വിഷയത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി സ്റ്റാലിന്‍ എടുക്കുമെന്നും അദ്ദേഹം  വ്യക്തമാക്കി.

◾ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ ഡിഎംകെയില്‍ എടുക്കാന്‍ സാധ്യതയില്ലെന്ന ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്റെ പ്രസ്താവനയോട് പ്രതികരിച്ച് അന്‍വറിന്റെ സഹപ്രവര്‍ത്തകന്‍ ഇ എ സുകു. ഇളങ്കോവന്‍ അല്ല ഡിഎംകെയുടെ അവസാന വാക്കെന്ന് സുകു പറഞ്ഞു.

◾ പി .വി അന്‍വറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി എം മനോജ്.  പാര്‍ട്ടി വേറെ ലെവലാണെന്നും അന്‍വര്‍ തരത്തില്‍ പോയി കളിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് . എംവി രാഘവന് സാധ്യമല്ലാത്തത് പുതിയകാലത്ത് സാധ്യമാകുമെന്ന് ആര്‍ക്കും സ്വപ്നം കാണാമെന്നും എന്നാല്‍ ഇത് വേറെ പാര്‍ട്ടിയാണെന്നും പിഎം മനോജ് ഫേസ്ബുക്കില്‍ കുറിച്ചു.

◾ പ്രവാസി മലയാളികള്‍ക്ക് പുതിയ ലൈസന്‍സ് എടുക്കുന്നതിനും കാലാവധി കഴിഞ്ഞ ലൈസന്‍സുകള്‍ പുതുക്കുന്നതിനും ഒരുദിവസം അഞ്ചുസ്ലോട്ടുകള്‍ നീക്കിവെച്ചിട്ടുണ്ടെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഇത് അനുവദിക്കാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ മടിച്ചാല്‍ തന്റെ ഓഫീസില്‍ പരാതിപ്പെടാമെന്നും ഉടന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഫേസ് ബുക്കിലൂടെ അറിയിച്ചു.

◾ ശബരിമല ദര്‍ശനത്തിനായി ബുക്കിംഗ് നടത്താതെ തീര്‍ത്ഥാടകര്‍ എത്തിയാല്‍ അത് പരിശോധിക്കുമെന്ന് ദേവസ്വം  മന്ത്രി വി എന്‍ വാസവന്‍. നിലയ്ക്കലിലും എരുമേലിയിലും കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.  

◾ ശബരിമലയിലെത്തുന്ന ഭക്തരുടെ ആധികാരികമായ രേഖ ആവശ്യമാണെന്നും അതിന് ഓണ്‍ലൈന്‍ ബുക്കിങ്ങാണ് ഉചിതമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് . തിരുപ്പതിയില്‍ ഫലപ്രദമായി നടക്കുന്ന ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ പരാതികളില്ലാത്ത സാഹചര്യത്തില്‍ ശബരിമലയില്‍ മാത്രം എന്താണ് തര്‍ക്കമെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയിലെത്തുന്ന ഒരു ഭക്തനും ഭഗവാനെ കാണാതെ തിരിച്ചുപോകേണ്ടിവരുന്ന സാഹചര്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

◾ ശബരിമല ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത് പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നതിന് പകരം പത്ത് ശതമാനം പേരെ സ്‌പോട്ട് എന്‍ട്രി വഴി കടത്തി വിടണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്  കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാന്‍ പല കാരണങ്ങള്‍ കൊണ്ടും കഴിയാത്ത ഭക്തരെ ക്യൂവഴി പ്രവേശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

◾ മട്ടന്നൂരില്‍ ദേശാഭിമാനി ലേഖകനെയും സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് സെക്രട്ടറിയെയും പൊലീസ് മര്‍ദിച്ചെന്ന് പരാതി. മട്ടന്നൂര്‍ പോളിടെക്നിക് കോളേജിലെ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പൊലീസ് അകാരണമായി പിടികൂടി മര്‍ദിച്ചെന്നാണ് ദേശാഭിമാനി ലേഖകന്‍ ശരതിന്റെ ആരോപണം.

◾ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ വീട്ടില്‍ നടന്ന മോഷണത്തില്‍ ജോലിക്കാരിയടക്കം അറസ്റ്റിലായതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ കഴിഞ്ഞ നാല് വര്‍ഷമായി വീട്ടില്‍ നിന്നും ആഭരണങ്ങള്‍ കവര്‍ന്നിരുന്നുവെന്നാണ് കണ്ടെത്തല്‍. വീടിന്റെ പൂട്ട് പൊട്ടിക്കുകയോ അലമാരയുടെ പൂട്ട് പൊട്ടിക്കുകയോ ചെയ്തിട്ടില്ല. ഇതാണ് വീട്ടുകാരില്‍ സംശയം ജനിപ്പിച്ചതെന്നും പൊലീസ് അറിയിച്ചു.

◾ എഡിജിപി എം ആര്‍  അജിത്കുമാറിന്റെ കുടുംബക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പിടിയിലായ ക്ഷേത്ര പൂജാരിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മണക്കാട് മുത്തുമാരിയമ്മന്‍ കോവിലില്‍ നടന്ന കവര്‍ച്ചയിലാണ് ക്ഷേത്രത്തിലെ പൂജാരിയായ മംഗലപുരം സ്വദേശി അരുണിനെ ഫോര്‍ട്ട് പൊലീസ്  പിടികൂടിയത്. സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയതായി തെളിവെടുപ്പില്‍ തിരിച്ചറിഞ്ഞു.

◾ വ്യവസായിയുടെ സ്വകാര്യ ഫോട്ടോകള്‍ ഉപയോഗിച്ചും വധഭീഷണി മുഴക്കിയും 10ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്ത് ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി. കാക്ക രഞ്ജിത്തിനെ കൂടാതെ പരാതിക്കാരനായ വ്യവസായിയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന അബ്ദുല്‍ അക്ബര്‍, കൂട്ടാളി അന്‍സാര്‍ എന്നിവരാണ് കൊടുവള്ളി പോലീസിന്റെ പിടിയിലായത്.

◾ പി എസ് സി ചോദ്യ പേപ്പര്‍ തലേ ദിവസം വെബ്സൈറ്റില്‍ എന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് പബ്ലിക് സര്‍വീസ് കമ്മീഷന്‍. ഇത് സംബന്ധിച്ച് കേരളകൗമുദി പത്രത്തില്‍ വന്ന വാര്‍ത്തയില്‍ പിഎസ്സി പരീക്ഷയ്ക്ക് മുമ്പ് ചോദ്യ പേപ്പര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു എന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ വസ്തുത മറ്റൊന്നാണെന്ന് പിഎസ്സി വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

◾ കാസര്‍കോട് ബേഡഡുക്ക വാവടുക്കം പാലത്തിനടുത്തുള്ള പലചരക്കുകടയില്‍ ഇരിക്കുകയായിരുന്ന അഞ്ച് പേര്‍ക്ക് ഇടിമിന്നലേറ്റ് പരിക്കേറ്റു. ജനാര്‍ദ്ദനന്‍, കൃഷ്ണന്‍, അമ്പു, കുമാരന്‍, രാമചന്ദ്രന്‍ എന്നിവര്‍ക്കാണ് ഇടിമിന്നലില്‍ പൊള്ളലേറ്റത്. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾ റഷ്യയിലെ കിനോബ്രാവോ അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ തിളങ്ങി മഞ്ഞുമ്മല്‍ ബോയ്‌സ്. മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം ചിത്രം സ്വന്തമാക്കി. ബെസ്റ്റ് ഫിലിം മ്യൂസിക് വിഭാഗത്തില്‍ സുഷിന്‍ ശ്യാമിനാണ് പുരസ്‌കാരം. അവാര്‍ഡ് ചിത്രത്തിന്റെ സംവിധായകന്‍ ചിദംബരം ഏറ്റുവാങ്ങി.

◾ മലയാളി വൈദികനെ കര്‍ദിനാള്‍ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സിറോ മലബാര്‍ സഭാ ചങ്ങനാശേരി രൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിനെയാണ് കര്‍ദിനാളായി വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചത്.  സ്ഥാനാരോഹണം ഡിസംബര്‍ 8ന് നടക്കും. 20 പുതിയ കര്‍ദിനാള്‍മാരെയാണ് വത്തിക്കാന്‍ പ്രഖ്യാപിച്ചത്. നിലവിലെ വത്തിക്കാനില്‍ മാര്‍പ്പാപ്പയുടെ ഔദ്യോഗിക സംഘത്തില്‍ അംഗമാണ് നിയുക്ത കര്‍ദിനാള്‍. ചങ്ങനാശേരി മാമ്മൂട് ലൂര്‍ദ് മാതാ പളളി ഇടവകാംഗമാണ് മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട്.

◾ ലഹരിക്കടത്ത് ശൃംഖലയുമായി ബന്ധമെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്ത് കൊച്ചി മരട് പൊലീസ്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നാണ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തത്.  

◾ പ്രമുഖ വ്യവസായി മുംതാസ് അലിയെ കര്‍ണാടകയില്‍ നിന്ന് കാണാതായി. ജനതാദള്‍(എസ്) എംഎല്‍എ ബിഎം ഫാറൂഖിന്റെയും മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മൊഹിയുദ്ദീന്‍ ബാവയുടേയും സഹോദരനും കര്‍ണാടകയിലെ പ്രമുഖ വ്യവസായിയുമാണ് കാണാതായ മുംതാസ് അലി. ഇദ്ദേഹത്തിന്റെ കാര്‍ കേടുപാടുകളോടെ  മംഗളൂരുവിലെ കുളൂര്‍ പാലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.  

◾ വന്‍തോതില്‍ രാസ ലഹരി പദാര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിച്ചിരുന്ന ഫാക്ടറി മദ്ധ്യപ്രദേശില്‍ കണ്ടെത്തി. സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിന് സമീപത്താണ് കോടികളുടെ ലഹരി പദാര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിക്കുന്ന കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. 1814 കോടി രൂപ വിലവരുന്ന അസംസ്‌കൃത പദാര്‍ത്ഥങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തു. രണ്ട് പേരെ പിടികൂടിയിട്ടുമുണ്ട്.

◾ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കാന്‍ എന്‍.ഡി.എ സഖ്യത്തെ വെല്ലുവിളിച്ച്  അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പി ഭരിക്കുന്ന 22 സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗജന്യ വൈദ്യുതി ലഭ്യമാക്കിയാല്‍ താന്‍ ബി.ജെ.പിക്കുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.

◾ നയതന്ത്ര ചര്‍ച്ചകളുടെ ഭാഗമായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി. ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

◾ ഇസ്രയേല്‍ ആക്രമണത്തില്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏഴ് പാരാമെഡിക്കല്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടുവെന്നും  വ്യോമാക്രമണത്തില്‍ ആശുപത്രിക്ക് കേടുപാട് സംഭവിച്ചതോടെ ആശുപത്രി അടച്ചുപൂട്ടിയെന്നും അധികൃതര്‍ അറിയിച്ചു. ഭയം കാരണം പ്രദേശത്തെ ആംബുലന്‍സ് ജീവനക്കാര്‍ സര്‍വീസ് നിര്‍ത്തിവെച്ചതോടെ പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിക്കാനാവാത്ത സാഹചര്യമാണെന്ന്  ആശുപത്രി ഡയറക്ടര്‍ പറഞ്ഞു.

◾ ഇംഗ്ലീഷ് ചാനല്‍ മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ നാല് അനധികൃത അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. രണ്ട് വയസ് പ്രായമുള്ള ആണ്‍കുഞ്ഞ് അടക്കം നാല് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് ഫ്രെഞ്ച് അധികൃതര്‍ വിശദമാക്കുന്നത്. എന്‍ജിന്‍ തകരാറിലായ രണ്ട് ബോട്ടുകളില്‍ തിക്കിലും തിരക്കിലും പെട്ട് ഒപ്പമുണ്ടായിരുന്നവരില്‍ നിന്ന് ചവിട്ടേറ്റ് അബോധാവസ്ഥയിലായ നിലയിലാണ് ഇവരെ കണ്ടെത്തിയതെന്നാണ് ഫ്രെഞ്ച് അധികൃതര്‍ വിശദമാക്കുന്നത്.

◾ ഇസ്രയേല്‍ ബീര്‍ഷെബയിലെ സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ വെടിവെപ്പ്. അക്രമിയെ പോലീസ് വെടിവെച്ചുകൊന്നു. ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലി പോലീസാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഒരാഴ്ചയ്ക്കിടെ ഇസ്രയേലില്‍ സാധാരണക്കാര്‍ക്കുനേരെ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്.

◾ ലോകത്ത് രണ്ട് സംഘര്‍ഷങ്ങള്‍ നടക്കുമ്പോള്‍ യു എന്‍ കാഴ്ച്ചക്കാരനായി ഇരിക്കുകയാണെന്നും യുക്രൈന്‍ റഷ്യ യുദ്ധം, ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം എന്നിവ പരിഹരിക്കാന്‍ യുഎ ന്നിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. യു എന്‍ ഓള്‍ഡ് കമ്പനിയെന്നാണ് എസ് ജയശങ്കര്‍ വിമര്‍ശിച്ചത്. ഐക്യരാഷ്ട്രസഭ ഇന്നും ഒരു പഴയ കമ്പനിയെപ്പോലെയാണെന്നും അത് വിപണിയുമായി പൂര്‍ണ്ണമായും പൊരുത്തപ്പെടുന്നില്ലെന്നും ജയശങ്കര്‍ പറഞ്ഞു.

◾ വനിതകളുടെ ടി 20 ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് ജയം. പാകിസ്താനെതിരേ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യക്കായി അരുദ്ധതി റെഡ്ഡി മൂന്ന് വിക്കറ്റുകള്‍ നേടി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 105 റണ്‍സില്‍ പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി

◾ ബംഗ്ലാദേശിനെതിരായ ടി20 പരമ്പയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 7 വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19.5 ഓവറില്‍ 127 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 11.5 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 16 പന്തില്‍ 39 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയും 29 റണ്‍സ് വീതമെടുടുത്ത സൂര്യകുമാര്‍ യാദവും സഞ്ജു സാംസണും ഇന്ത്യയുടെ വിജയം എളുപ്പമാക്കി.

◾ ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ ഒന്‍പതെണ്ണത്തിന്റെയും വിപണി മൂല്യത്തില്‍ കനത്ത ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 4,74,906 കോടിയാണ് നഷ്ടമായത്. ബിഎസ്ഇ സെന്‍സെക്‌സ് 3884 പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. റിലയന്‍സിന്റെ മാത്രം വിപണി മൂല്യത്തില്‍ 1,88,479 കോടിയുടെ നഷ്ടമാണ് നേരിട്ടത്. ഇതോടെ റിലയന്‍സിന്റെ മൊത്തം വിപണി മൂല്യം 18,76,718 കോടിയായി താഴ്ന്നു. എച്ച്ഡിഎഫ്‌സി ബാങ്കിന് നഷ്ടം 72,919 കോടിയാണ്. 12,64,267 കോടിയായാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം താഴ്ന്നത്. ഭാരതി എയര്‍ടെല്‍ 53,800 കോടി, ഐസിഐസിഐ ബാങ്ക് 47,461 കോടി, എല്‍ഐസി 33,490 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 27,525 കോടി, ഐടിസി 24,139 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. ഇന്‍ഫോസിസിന്റെ വിപണി മൂല്യത്തില്‍ മാത്രമാണ് നേട്ടം ഉണ്ടായത്. 4,629 കോടിയുടെ നേട്ടത്തോടെ ഇന്‍ഫോസിസിന്റെ വിപണി മൂല്യം 7,96,527 കോടിയായി ഉയര്‍ന്നു.

◾ ഉണ്ണി മുകുന്ദനെ നായകനാക്കി ആക്ഷന് വലിയ പ്രാധാന്യം നല്‍കി സംവിധായകന്‍ ഹനീഫ് അദേനി ഒരുക്കിയിരിക്കുന്ന 'മാര്‍ക്കോ' ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തും. മലയാളം ഇതുവരെ കാണാത്ത വയലന്‍സ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി 'മാര്‍ക്കോ' അഞ്ച്  ഭാഷകളിലാണ് ഒരുങ്ങുന്നത്. സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്. രവി ബസ്രൂര്‍ സംഗീതം പകരുന്ന ആദ്യ മലയാള സിനിമയാണിത്. സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും പുതുമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ്.

◾ എം എ നിഷാദ് സംവിധാനം ചെയ്യുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക് പുറത്ത്. ഷൈന്‍ ടോം ചാക്കോ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിനെ നോക്കി നില്‍ക്കുന്ന തരത്തില്‍ ഷൈന്‍ ടോം ചാക്കോ പ്രത്യക്ഷപ്പെടുന്ന ഫസ്റ്റ് ലുക്ക് ശ്രദ്ധേയമാകുകയാണ്. വാണി വിശ്വനാഥ്, സമുദ്രകനി, മുകേഷ്, അശോകന്‍, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുര്‍ഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോള്‍ തുടങ്ങിയവരോടൊപ്പം സംവിധായകന്‍ എം എ നിഷാദ് സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഏകദേശം 64 താരങ്ങളാണ് അണിനിരക്കുന്നത്.  

◾ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് തങ്ങളുടെ പുതിയ ഇലക്ട്രിക് ഫോര്‍ വീലര്‍ മഹീന്ദ്ര സിയോ പുറത്തിറക്കി. ഈ ഇലക്ട്രിക് ഫോര്‍ വീലര്‍ വാനിന്റെ പ്രാരംഭ എക്സ്-ഷോറൂം വില ആരംഭിക്കുന്നത് വെറും 7.52 ലക്ഷം രൂപയിലാണ്. അതേസമയം, ഏറ്റവും ഉയര്‍ന്ന വേരിയന്റിന് 7.99 ലക്ഷം രൂപയാണ് വില. ഡെലിവറി വാന്‍, പിക്കപ്പ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് പുതിയ സിയോ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് ഇത് വരുന്നത്. സിയോ ഇലക്ട്രിക്ക് പിക്കപ്പിന്റെ ഇലക്ട്രിക് മോട്ടോര്‍ പരമാവധി 41 ബിഎച്പി കരുത്തും 114 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മണിക്കൂറില്‍ 60 കിലോമീറ്ററാണ് ഇതിന്റെ ഉയര്‍ന്ന വേഗത.

◾ സോവിയറ്റ് കാലഘട്ടത്തിന് ശേഷമുള്ള ചില മധ്യേഷ്യന്‍ രാജ്യങ്ങളിലൂടെ അച്ഛനും അമ്മയും മകനുമടങ്ങുന്ന ഒരു കുടുംബം നടത്തുന്ന യാത്രയുടെ രസകരമായ കഥയാണ് ഈ യാത്രാ പുസ്തകം. സഞ്ചാരികള്‍ക്ക് താരതമ്യേന അറിവില്ലാത്ത കിര്‍ഗിസ്ഥാന്‍, ഇന്ത്യയോട് അപാരമായ സ്നേഹമുള്ള ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂടെയാണ് യാത്ര. എപ്പോഴും അബദ്ധങ്ങളില്‍ ചെന്ന് ചാടുന്ന ഒരല്പം പിരി ലൂസായ കുടുംബമാണിത്. അവര്‍ വളരെ ആസ്വദിച്ച് ചെയ്ത ഒരു യാത്രയും അതേപോലെ ആസ്വദിച്ച് എഴുതിയ പുസ്തകവുമാണ് 'മധ്യേഷ്യന്‍ സ്റ്റെപ്പിയില്‍ മൂന്ന് നാടോടികള്‍'. ജി. സാജന്‍. ലോഗോസ് ബുക്സ്. വില 340 രൂപ.

◾ ക്ഷീണമകറ്റാനും പെട്ടെന്ന് ഊര്‍ജ്ജം ലഭിക്കാനും ചില ഭക്ഷണങ്ങള്‍ക്ക് കഴിക്കുന്നതിലൂടെ സാധിക്കും. ഇത്തരത്തില്‍ ക്ഷീണം അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചറിയാം. കാര്‍ബോഹൈട്രേറ്റും ഫൈബറും ധാരാളം അടങ്ങിയ ഓട്സ് കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും. കാര്‍ബോഹൈട്രേറ്റിന്റെ മികച്ച ഉറവിടമായ വാഴപ്പഴം കഴിക്കുന്നതും ശരീരത്തിന് നല്ല ഊര്‍ജ്ജം നല്‍കും. പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഫൈബറും മറ്റ് വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ബദാം കഴിക്കുന്നതും ശരീരത്തിന്റെ ക്ഷീണമകറ്റും. അയേണിന്റെ മികച്ച ഉറവിടമാണ് ചീര. അയേണിന്റെ കുറവു മൂലമുള്ള ക്ഷീണവും വിളര്‍ച്ചയും തടയാന്‍ ചീര കഴിക്കാം. പ്രോട്ടീനും അമിനോ ആസിഡും ധാരാളം അടങ്ങിയ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. വിറ്റാമിനുകളും ധാതുക്കളും ഫൈബറും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും ശരീരത്തിന് വേണ്ട എന്‍ര്‍ജി ലഭിക്കാന്‍ സഹായിക്കും. പ്രോട്ടീനും അയേണും വിറ്റാമിനുകളായ ബി, സി, ഇ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫൈബറും കാര്‍ബോയും അടങ്ങിയ മധുരക്കിഴങ്ങും നല്ല ഊര്‍ജ്ജസ്രോതസ്സാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
അവള്‍ വളരെ സങ്കടപ്പെട്ടിരിക്കുന്നത് കണ്ട് അധ്യാപകന്‍ കാരണമന്വേഷിച്ചു.  പക്ഷേ, തിരിച്ചൊരു ചോദ്യമാണ് അവളില്‍നിന്നും ഉണ്ടായത്. അവള്‍ പറഞ്ഞു:  സങ്കടങ്ങള്‍ തീരാനുള്ളൊരു വഴി പറഞ്ഞു തരുമോ?  അദ്ധ്യാപകന്‍ പറഞ്ഞു:  നീയൊരു പൂവാണെന്ന് കരുതുക, നാളെകളില്‍ അത് വാടിവീഴാനുളളതാണെന്നും മനസ്സിലാക്കുക, വാടി വീഴുന്നതുവരെ സുഗന്ധം പരത്തി, കാണുന്നവന്റെ കണ്ണിനും മനസ്സിനും കുളിര്‍മനല്‍കി പുഷ്പിച്ചു നില്‍ക്കും എന്ന് തീരുമാനിക്കുക.. എല്ലാ സങ്കടങ്ങളും മായും.. മരിക്കും എന്നോര്‍ത്ത് ജീവിക്കാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല.  കിതക്കും എന്ന് കരുതി ഓടാതിരിക്കുന്നത് എന്തിനാണ്?  നഷ്ടപ്പെടുമെന്നോര്‍ത്ത് പ്രണയിക്കാതിരിക്കുന്നതിലും കാര്യമുണ്ടെന്ന് തോന്നുന്നില്ല.. എന്തിനും അതിന്റേതായ തുടക്കവും ഒടുക്കവുമുണ്ട്.  അവയുടെ സ്വാഭാവിക ഗതിയെ അംഗീകരിച്ച് മുന്നോട്ട് പോവുക എന്നതാണ് പ്രധാനം.  വിഷാദാത്മകമായത് ജീവിതത്തില്‍ സംഭവിക്കരുതെന്ന് ചിന്തിക്കുന്നതിലും അടിസ്ഥാനമില്ല.  സംഭവിക്കാനുളളത് സംഭവിച്ചുകൊണ്ടേയിരിക്കും.  അതിനെ അതിജീവിക്കാനോ, നേരിടാനോ ഉളള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക എന്നത് മാത്രമാണ് പോംവഴി.   എത്ര നാള്‍ ആയുസ്സ് നീട്ടിക്കിട്ടിയെന്നതിലല്ല.. ആയുസ്സുള്ളെത്രനാള്‍ മഹനീയമായി ജീവിക്കാന്‍ കഴിഞ്ഞു എന്നതിലാണ് കാര്യം.  നമുക്ക് വീഴുന്നത് വരെ ഓടാം.. സങ്കടങ്ങളെ വകഞ്ഞുമാറ്റി.. സന്തോഷത്തെ വാരിപ്പിടിച്ച് ...  - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right