2024 ഒക്ടോബർ 25 വെള്ളി
1200 തുലാം 9 പൂയം
1446 റ: ആഖിർ 21
◾ ദാന ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു. കേന്ദ്രപാറ ജില്ലയിലെ ഭിതര്‍കനികയ്ക്കും ഭദ്രക് ജില്ലയിലെ ധാമ്രയ്ക്കും ഇടയിലാണ് കരയില്‍ പ്രവേശിച്ചത്. രാവിലെയോടെയാകും ചുഴലിക്കാറ്റ് പൂര്‍ണമായും കരതൊടുക. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് തീരം തൊട്ടതിനു പിന്നാലെ ഭദ്രക്, കേന്ദ്രപാറ, ബാലസോര്‍, ജഗത്സിങ്പുര്‍ ജില്ലകളില്‍ കനത്ത മഴയാണ്. ആറു ലക്ഷം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി.
◾ 'ദാന' ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ഇന്ന് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.
◾ എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഒക്ടോബര്‍ 29-ന് വിധി പറയും. വാദം പൂര്‍ത്തിയായ ശേഷമാണ് കോടതി വിധി പറയാന്‍ മാറ്റിയിരിക്കുന്നത്. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ പോലീസ് കേസെടുത്തിരുന്നത്.
◾ നവീന്‍ ബാബുവിനെ ഏതെങ്കിലും തരത്തില്‍ അപമാനിക്കുക ആയിരുന്നില്ല ദിവ്യയുടെ ഉദ്ദേശമെന്നും ഈ പരാമര്‍ശം വഴി അഴിമതിക്കെതിരേയുള്ള പോരാട്ടമാണ് ലക്ഷ്യമിട്ടതെന്നും ദിവ്യയുടെ അഭിഭാഷകന്‍. എഡിഎമ്മിന് താങ്ങാനാവാത്ത പ്രയാസം ദിവ്യ ഉണ്ടാക്കിയെന്നും വ്യക്തിപരമായ ഈഗോയല്ല ഇരുവരും തമ്മിലെ പ്രശ്നമെന്നും വാദിച്ച കുടുംബത്തിന്റെ അഭിഭാഷകന്‍, പെട്രോള്‍ പമ്പ് ബിനാമി ഇടപാടാണെന്നും ദിവ്യയുടെ സാമ്പത്തിക താത്പര്യവും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
◾ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. പിപി ദിവ്യക്കെതിരായ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്നും പെട്രോള്‍ പമ്പിനുള്ള അനുമതി വൈകിപ്പിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്നും യാത്രയയപ്പിലെ അധിക്ഷേപ ദൃശ്യം വ്യാപകമായി പ്രചരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളുമെന്ന് കരുതുന്നതായി സിഐടിയു സംസ്ഥാന സമിതി അംഗം മലയാലപ്പുഴ മോഹനന്‍. നവീന്‍ ബാബു കൈക്കൂലി വാങ്ങിച്ചുവെന്ന് ആരെങ്കിലും തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. പെട്രോള്‍ പമ്പ് ഇടപാടിന് പിന്നില്‍ ഇടനിലക്കാരും ബിനാമികളും ഉണ്ടെന്ന സംശയം ബലപ്പെടുന്നുവെന്നും പോലീസ് അന്വേഷണം വിപുലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് താന്‍ പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍. ഔപചാരികമോ അനൗപചാരികമോ എന്നല്ല, ഒരു രീതിയിലും ക്ഷണിച്ചിട്ടില്ല. പരാതിയെക്കുറിച്ചുള്ള വിവരങ്ങള്‍ എവിടെ വെച്ച് അറിഞ്ഞുവെന്നും മൊഴി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ കേള്‍ക്കുന്നത് വാദങ്ങള്‍ മാത്രമാണെന്നും മൊഴികളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും കളക്ടര്‍ വ്യക്തമാക്കി.
◾ മരണശേഷവും എ.ഡി.എം. നവീന്‍ ബാബുവിനെ അഴിമതിക്കാരനാക്കാന്‍ വേണ്ടിയുളള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രശാന്തന്റേത് വ്യാജപരാതിയാണ്. അയാളുടെ ഒപ്പും വ്യാജമാണ്. യഥാര്‍ഥത്തില്‍ ഈ കേസിന്റെ കാരണങ്ങള്‍ ചികഞ്ഞുപോയാല്‍ അത് എ.കെ.ജി സെന്ററിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ചെന്നെത്തുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
◾ പി.പി. ദിവ്യയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. പി.പി. ദിവ്യയ്ക്ക് പോലീസ് സംരക്ഷണം നല്‍കുന്നുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയുടേയോ അതല്ലെങ്കില്‍, അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.പി. ശശിയുടേയോ അനുവാദത്തോടെ ആയിരിക്കും. ഇവരുടെ ആരുടെയെങ്കിലും നിര്‍ദേശം ഇല്ലെങ്കില്‍ കണ്ണൂരിലെ പോലീസ് അവര്‍ക്ക് പരിരക്ഷ നല്‍കില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യക്കെതിരെ പാര്‍ട്ടി നടപടിയെന്ന് സൂചന നല്‍കി എം വി ഗോവിന്ദന്‍. തെറ്റായ നിലപാടിനൊപ്പം പാര്‍ട്ടി നില്‍ക്കില്ലെന്നും ദിവ്യക്കെതിരെയുള്ള നടപടി സംഘടനാപരമായി ആലോചിക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. എഡിഎമ്മിന്റെ കുടുംബത്തോടൊപ്പമാണ് സിപിഎം എന്നും ഗോവിന്ദന്‍ ആവര്‍ത്തിച്ചു.
◾ പ്രിയങ്കഗാന്ധിയുടേയും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെയും നികുതി വെട്ടിപ്പ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ വിവരങ്ങളില്‍ പ്രകടമാണെന്ന് ബിജെപിയുടെ ആരോപണം. ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്കും തനിക്കും കൂടി 78 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വയനാട്ടിലെ സത്യവാങ്മൂലത്തില്‍ പ്രിയങ്ക ഗാന്ധി വ്യക്തമാക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ റോബര്‍ട്ട് വദ്രക്കെതിരെ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികള്‍ക്ക് മുന്നിലുള്ള കണക്ക് ഇതല്ലെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്യ ആരോപിച്ചു.
◾ ഉപതിരഞ്ഞെടുപ്പുകള്‍ എത്തിയപ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പിണറായി വിജയന്റേയും വിഡി സതീശന്റേയും വാട്ടര്‍ലൂ ആയിരിക്കും ഈ ഉപതിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധി നാമനിര്‍ദ്ദേശ പത്രിക കൊടുക്കുന്നത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ കണ്ടത് വാതില്‍ പഴുതിലൂടെയാണെന്നും ഇനി ഗാന്ധി പരിവാറിലെ പിന്‍ഗാമികള്‍ തിരഞ്ഞെടുക്കുന്ന മണ്ഡലം ലക്ഷദ്വീപായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
◾ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചതിനെക്കാള്‍ ഭൂരിപക്ഷം പ്രിയങ്ക ഗാന്ധിക്ക് ലഭിക്കുമെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മികച്ച സ്ഥാനാര്‍ഥികളാണ് യു.ഡി.എഫിനുള്ളതെന്നും ചേലക്കരയില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കമുണ്ടെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. പി.വി. അന്‍വറിനെ വിലകുറച്ചു കാണേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി പി സരിന്‍. കരുണാകരന്റെ കുടുംബത്തെ അപമാനിച്ചയാളാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് സിപിഎം നേതാവ് എകെ ബാലന്‍ ആരോപിച്ചു. എന്നാല്‍ ലീഡറെ അപമാനിച്ചത് മകള്‍ പദ്മജയാണെന്നും കെ കരുണാകരന്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ലീഡറാണെന്നുമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്.
◾ കരുണാകരന്റെ ആത്മാവ് പി.സരിനൊപ്പമാണെന്ന് പാലക്കാട് മുന്‍ ഡി.സി.സി. പ്രസിഡന്റ് എ.വി. ഗോപിനാഥ്. അവിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ സന്ദര്‍ശനം നടത്താത്തത് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയുെം ഭാഗമാണെന്നും എ.വി. ഗോപിനാഥ് അഭിപ്രായപ്പെട്ടു.
◾ പി. സരിന്‍ ഇടതു സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി പാലക്കാട് മത്സരിക്കുന്നത് സി.പി.എം-ബി.ജെ.പി രണ്ടാം ഡീലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സ്വതന്ത്രനെ ഇറക്കിയത് സി.പിഎമ്മിന് വോട്ട് മറിക്കാനാണെന്നും, വയനാട്ടില്‍ കോണ്‍ഗ്രസ് കുറഞ്ഞത് അഞ്ചു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നതെന്നും പ്രിയങ്ക ഗാന്ധിയുടെ സ്വാധീനം കേരളത്തില്‍ മൊത്തം പാര്‍ട്ടിയ്ക്ക് ഉണര്‍വ്വ് ഉണ്ടാക്കാന്‍ സഹായിക്കുമെന്നതിന് സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ഇളവ്. തിരുവനന്തപുരം സിജെഎം കോടതിയാണ് വോട്ടെടുപ്പ് തീരുന്നത് വരെ തിങ്കളാഴ്ചകളില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടേണ്ടെന്ന് വ്യക്തമാക്കിയത്. ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യുന്നതിനെതിരെ പൊലീസ് നിലപാടെടുത്തിരുന്നെങ്കിലും ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ കോടതിക്ക് ഉചിതമായ നിലപാട് സ്വീകരിക്കാമെന്ന് വ്യക്തമാക്കിയിരുന്നു.
◾ എന്‍.എസ്.എസ്സിന് രാഷ്ട്രീയമില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ആര്‍ക്കു വോട്ടു ചെയ്യണമെന്ന് സര്‍ക്കുലര്‍ ഇറക്കില്ല. ഉപതിരഞ്ഞെടുപ്പുകളില്‍ സമദൂര നിലപാട് തന്നെയാണ് എടുത്തിട്ടുള്ളതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
◾ പി.വി അന്‍വറിന്റെ ഡി.എം.കെ. പണം നല്‍കിയാണ് കണ്‍വെന്‍ഷനില്‍ ആളെ കൊണ്ടുവന്നതെന്ന ആരോപണം തള്ളി പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന മിന്‍ഹാജ്. താന്‍ സിനിമ നിര്‍മ്മാതാവായതിനാല്‍ ചില ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വന്നിരുന്നുവെന്നും അതിന് പുറമെ ചിലര്‍ പരിപാടിയില്‍ നുഴഞ്ഞ് കയറിയെന്നും മിന്‍ഹാജ് പറഞ്ഞു.
◾ ഔദ്യോഗിക വാഹനം കാണാത്തതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ വരുത്തി അതില്‍ യാത്ര ചെയ്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മണ്ണാറശാല ക്ഷേത്രത്തില്‍ പുരസ്‌കാര ദാന ചടങ്ങിനെത്തിയതായിരുന്നു മന്ത്രി സുരേഷ് ഗോപി. പരിപാടി കഴിഞ്ഞെത്തിയപ്പോള്‍, പാര്‍ക്ക് ചെയ്തിടത്ത് വാഹനം കാണാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് മന്ത്രി സ്റ്റാന്‍ഡില്‍ നിന്നും ഓട്ടോറിക്ഷ വരുത്തി അല്‍പ്പ ദൂരം യാത്ര ചെയ്തപ്പോഴേക്കും ഔദ്യോഗിക വാഹനമെത്തി. തുടര്‍ന്ന് ഓട്ടോയില്‍ നിന്നിറങ്ങിയ മന്ത്രി കാറില്‍ യാത്ര തുടര്‍ന്നു.
◾ സംസ്ഥാനത്തെ രണ്ട് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകാരം . പാലക്കാട് പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രം, വയനാട് മുപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രവും ആണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 189 ആശുപത്രികള്‍ എന്‍.ക്യു.എ.എസ് അംഗീകാരവും 82 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു.
◾ പൊന്നാനിയിലെ വീട്ടമ്മയുടെ പൊലീസുകാര്‍ക്കെതിരായ പീഡന പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊന്നാനി മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശം. മലപ്പുറം മുന്‍ എസ്.പി സുജിത് ദാസുള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചെന്ന പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊന്നാനി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. പൊന്നാനി മജിസ്‌ട്രേറ്റ് കോടതി വിഷയത്തില്‍ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
◾ കൊച്ചി കണ്ടെയ്നര്‍ റോഡ് കൊലപാതകക്കേസില്‍ പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി. ഭാര്യയും കാമുകനും ചേര്‍ന്നു ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന കേസിലാണ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടത്. 2012ലാണ് കേസിന് ആസ്പദമായ സംഭവം. തെളിവുകള്‍ ശേഖരിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടു എന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു.
◾ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് കാണിക്കവഞ്ചി മോഷണം നടത്തുന്ന സംഘം പിടിയില്‍. അന്‍വര്‍ ഷാ (27), സരിത (26), ശ്യാംജിത്ത് (31) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത്. കാപ്പില്‍ കിഴക്ക് 1657-ാം നമ്പര്‍ എസ്. എന്‍. ഡി. പി ശാഖ ഗുരുമന്ദിരത്തിന്റെ ഗ്ലാസ് ഡോര്‍ തകര്‍ത്ത് കാണിക്കവഞ്ചി മോഷ്ടിച്ച കേസിലാണ് നടപടി.
◾ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈയെ അറസ്റ്റ് ചെയ്തു. കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയ പ്രതിയെ അഭിഭാഷകന്റെ ഓഫീസില്‍ വെച്ചാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അടക്കം ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും പണം തട്ടിയ കേസിലാണ് അറസ്റ്റ്.
◾ ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മലിന് പുനര്‍ നിയമനം. നാളെ കാലാവധി തീരാനിരിക്കെ, സെര്‍ച്ച് കമ്മിറ്റി വെക്കാതെയാണ് പുനര്‍ നിയമനം. സെര്‍ച്ച് കമ്മിറ്റിയുണ്ടാക്കിയുള്ള വിജ്ഞാപനം പിന്‍വലിച്ചാണ് ഗവര്‍ണര്‍ പുനര്‍ നിയമനം നടത്തിയത്.
◾ സ്ഥിരം വൈസ് ചാന്‍സലര്‍മാര്‍ക്ക് പകരം വൈസ് ചാന്‍സലര്‍മാരായി നിയോഗിക്കപ്പെട്ട ആളുകളൊക്കെ തന്നെ അധ്യാപനത്തിന്റെ മേഖലയിലും അക്കാദമിക് രംഗത്തും ഗവേഷണാത്മക പ്രവര്‍ത്തനങ്ങളിലുമൊക്കെ തന്നെ നല്ല അനുഭവസമ്പത്തുള്ളവര്‍ തന്നെയാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു. കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ സ്ഥിരം വൈസ് ചാന്‍സര്‍മാരില്ലാത്ത സ്ഥിതി വിശേഷമുണ്ടാകുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
◾ മലപ്പുറം രാമപുരത്ത് കെ.എസ്. ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കൂരിയാട് സ്വദേശികളായ ഹസ്സന്‍ ഫദലും (19), ഇസ്മായില്‍ ലബീബ് (19) ആണ് മരിച്ചത്.
◾ എറണാകുളം കളമശേരിയില്‍ ആളില്ലാത്ത സമയത്തെത്തി ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്‌തെന്ന് പരാതി. കൊവിഡില്‍ മടങ്ങി വന്ന പ്രവാസിയായ അജയന്റെ കുടുംബമാണ് പ്രതിസന്ധിയിലായത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതര്‍ വീട്ടിലെത്തി ജപ്തി ചെയ്ത് പോകുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. വീട്ടില്‍ ആളില്ലാത്തതിനാല്‍ വീട് കുത്തിത്തുറന്നാണ് എസ് ബി ഐ അധികൃതര്‍ വീടിനുളളില്‍ കയറിയത്. രാവിലെ ജോലിക്ക് പോയ ഭാര്യയും ഭര്‍ത്താവും പഠിക്കുന്ന മക്കളും തിരികെയെത്തിയപ്പോഴാണ് ഗേറ്റടക്കം ബാങ്ക് പൂട്ടിയിരിക്കുന്നത് കണ്ടത്.
◾ കളമശേരിയില്‍ എസ്ബിഐ വീട് ജപ്തി ചെയ്ച വിഷയത്തില്‍ ഇടപെടലുമായി മന്ത്രി പി രാജീവ്. വിഷയത്തില്‍ ജില്ലാ ഭരണകൂടത്തോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് മന്ത്രി. വിവരശേഖരണം പൂര്‍ത്തിയാക്കി മന്ത്രിയെ അറിയിക്കും. ഇതിനു ശേഷമായിരിക്കും തീരുമാനം.
◾ അങ്കമാലി-എരുമേലി ശബരി പാതയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. പദ്ധതിക്കായി ത്രികക്ഷി കരാര്‍ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. റെയില്‍വേയും ആര്‍ബിഐയുമായി സാമ്പത്തിക സഹായത്തിന് കരാര്‍ ഉണ്ടാക്കാനാണ് നിര്‍ദ്ദേശം. കെ റയിലിനാണ് ഇതിന്റെ ചുമതല.
◾ ഇടുക്കിയിലെ ഏലമലക്കാടുകളില്‍ പട്ടയം അനുവദിക്കുന്നത് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ വിലക്കി. ഏലമലക്കാടുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി മാറ്റരുതെന്നും സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. നിലവില്‍ ഏലമലക്കാടുകളില്‍ പട്ടയമുള്ളവരെ കുടിയൊഴിപ്പിക്കാതെ തല്‍സ്ഥിതി തുടരണമെന്നും ഇടക്കാല ഉത്തരവിലൂടെ ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ വനം- പരിസ്ഥിതി ബെഞ്ച് നിര്‍ദേശിച്ചു.
◾ തസ്തിക നിര്‍ണയം പൂര്‍ത്തിയാകുമ്പോള്‍ അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടാകുമെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അധ്യാപക തസ്തികാ നിര്‍ണയം നടത്തുന്നത് കെ.ഇ.ആര്‍ ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുഗുണമായാണെന്നും എല്ലാ കാലത്തും കുട്ടികളുടെ എണ്ണത്തിലെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് അധ്യാപക തസ്തികാ നിര്‍ണയത്തിലും പ്രതിഫലനം ഉണ്ടാവാറുണ്ടെന്നും പറഞ്ഞ മന്ത്രി ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഇപ്പോള്‍ തസ്തിക നഷ്ടപ്പെടും എന്ന് പറയുന്നതെന്നും വ്യക്തമാക്കി.
◾ പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുന്നുവെന്ന് പ്രചാരണം നടത്തുന്നത് കണക്കുകളെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. യാഥാര്‍ഥ്യബോധത്തോടെ വസ്തുതകള്‍ വിശകലനം ചെയ്ത് അവതരിപ്പിക്കണമെങ്കില്‍ കണക്കുകളെ സമഗ്രമായി കാണേണ്ടതുണ്ടെന്നും ശാസ്ത്രീയമായ വിശകലനത്തിന്റെ അഭാവം ഇപ്പോള്‍ ഉയരുന്ന ആശങ്കകളില്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
◾ കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവ് പഠിക്കാന്‍ മിസോറാമില്‍ നിന്നുള്ള എം എല്‍ എമാരുടെ സംഘം എത്തി. കേരളത്തില്‍ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ മികച്ച മുന്നേറ്റം കാഴ്ചവെക്കുന്നതില്‍ സംഘം അഭിനന്ദനം രേഖപ്പെടുത്തിയെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ഇതെങ്ങനെ സാധ്യമാകുന്നുവെന്ന് പഠിച്ച് മിസോറാമില്‍ പ്രാവര്‍ത്തികമാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് എം. എല്‍ എമാര്‍ കേരളത്തില്‍ വന്നതെന്നും മന്ത്രി പറഞ്ഞു.
◾ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നവംബര്‍ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഖന്നയെ നിയമിക്കുന്നത്. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് ഇക്കാര്യം അറിയിച്ചത്.
◾ ബോംബ് ഭീഷണിയെത്തുടര്‍ന്ന് നെടുമ്പാശേരിയിലിറക്കേണ്ട വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറക്കി. ദുബൈയില്‍ നിന്നും ഇന്നലെ വൈകിട്ട് 6 ന് നെടുമ്പാശ്ശേരിയിലിറങ്ങേണ്ട സ്പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി മുംബൈയില്‍ ഇറക്കിയത്. ഇതു കൂടാതെ സ്പെസ് ജെറ്റിന്റെ മറ്റൊരുവിമാനത്തിനും, ഇന്‍ഡിഗോ, വിസ്താര, ആകാശ് എയര്‍ എന്നിവയുടെ ഓരോ വിമാനത്തിനും ഭീഷണിയുണ്ടായി.
◾ വിമാനത്തില്‍ ബോംബെന്ന വ്യാജ സന്ദേശത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളായ എക്‌സും മെറ്റയും സഹായിക്കുന്നില്ലെന്ന് കേന്ദ്രം. കമ്പനികളുടെ നിസ്സഹകരണത്തെ കേന്ദ്ര സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചു. വ്യാജ സന്ദേശമയച്ച എല്ലാ ഹാന്‍ഡിലുകളും വ്യാജമാണെന്ന് ദില്ലി പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണ സംഘം സോഷ്യല്‍മീഡിയ കമ്പനികളുടെ സഹായം തേടിയത്.
◾ കര്‍ണാടകയില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ഖനി അഴിമതിക്കേസില്‍ കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയിലിനെ സിബി.ഐ. അറസ്റ്റ് ചെയ്തു. അറസ്റ്റ്. ബിലികേരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസിലാണ് സതീഷിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
◾ ജനനത്തീയതി തെളിയിക്കാനുള്ള ആധികാരികമായ രേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി. ആധാറിന് പകരം സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് ജനനത്തീയതി തെളിയിക്കാനായി ഉപയോഗിക്കാം എന്നാണ് കോടതിയുടെ നിരീക്ഷണം.
◾ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് ബെംഗളൂരുവില്‍ അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍. കെട്ടിടം നിര്‍മിച്ചത് നിയമ വിരുദ്ധമായാണെന്നും ഉടമയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അറിയിച്ചു. കെട്ടിടം തകര്‍ന്നു വീണ ഹൊറമാവ് അഗരയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ശിവകുമാര്‍.
◾ മഹാരാഷ്ട്രയിലെ പുനെയില്‍ വാട്ടര്‍ ടാങ്ക് തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചു. ഏഴുപേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ പുനെ പിംപ്രി- ചിഞ്ച്വാഡ് മേഖലയിലെ ലേബര്‍ ക്യാംപിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ പൊലീസും കോര്‍പറേഷന്‍ അധികൃതരും അന്വേഷണം തുടങ്ങി.
◾ മഹാരാഷ്ട്ര നിയമസഭാതിരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 48 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രമുഖ കോണ്‍ഗ്രസ് നേതാവ് പൃഥിരാജ് ചവാന്റേയും സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെയുടേയും പേരുകള്‍ പട്ടികയില്‍ ഇടംപിടിച്ചു.
◾ ദീപാവലിക്കും ഛഠ് പൂജയ്ക്കുമായി 7,000 സ്പെഷ്യല്‍ ട്രെയിനുകളുമായി റെയില്‍വെ. ദിനംപ്രതി രണ്ട് ലക്ഷം അധിക യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ഈ വര്‍ഷം സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്.
◾ ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയതായി സൂചന. കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അമിത് ഷാ ഈ ഉറപ്പ് നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍. പുതിയ സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പിന്തുണയും അമിത് ഷാ കൂടിക്കാഴ്ചയില്‍ വാഗ്ദാനം ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
◾ ജമ്മു-കശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് പോര്‍ട്ടര്‍മാരും കൊല്ലപ്പെട്ടു. മൂന്നുസൈനികര്‍ക്ക് പരിക്കേറ്റതായുംറിപ്പോര്‍ട്ടുണ്ട്. നിയന്ത്രണ രേഖക്കടുത്തുള്ള നാഗിന്‍ പോസ്റ്റിനു സമീപത്തുവെച്ചായിരുന്നു ഭീകരര്‍ വാഹനത്തിനുനേരേ വെടിയുതിര്‍ത്തത്.
◾ ആജീവനാന്ത അംഗീകാരത്തിനുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരം ഇനിയില്ല. കായിക മന്ത്രാലയം ധ്യാന്‍ചന്ദ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് 'അര്‍ജുന അവാര്‍ഡ് ലൈഫ് ടൈം' എന്ന് പുനര്‍നാമകരണം ചെയ്തു. അതേസമയം, 4 വര്‍ഷ കാലയളവിലെ മികവിനുള്ള അര്‍ജുന പുരസ്‌കാരം തുടരും. പരമോന്നത കായിക ബഹുമതി രാജീവ് ഗാന്ധി ഖേല്‍ രത്ന എന്നതിന് പകരം മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന എന്ന് മാറ്റിയിരുന്നു.
◾ ന്യൂസീലന്‍ഡിനെതിരായ വനിതകളുടെ ഒന്നാം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് 59 റണ്‍സിന്റെ ഉജ്വല വിജയം. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 227 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസീലന്‍ഡിന് 40.4 ഓവറില്‍ 168 റണ്‍സ് മാത്രമേ എടുക്കാനായുള്ളു.
◾ ഇന്ത്യന്‍ സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറിന്റെ മാസ്മരിക പ്രകടനത്തില്‍ കടപുഴകി വീണ് ന്യൂസിലാണ്ട്. ഏഴ് വിക്കറ്റെടുത്ത സുന്ദറിന്റെ സ്പിന്നിന് മുന്നില്‍ ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡ് 259 റണ്‍സിനാണ് ഓള്‍ഔട്ടായത്. ബാക്കി മൂന്ന് വിക്കറ്റുകള്‍ മറ്റൊരു ഓഫ് സ്പിന്നറായ ആര്‍. അശ്വിന്‍ സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 16 റണ്‍സെടുക്കുന്നതിനിടയില്‍ ഒരു റണ്‍ പോലുമെടുക്കാതെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായി.
◾ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വയാകോം 18 ഉം വാള്‍ട്ട് ഡിസ്നിയുടെ സ്റ്റാര്‍ ഇന്ത്യയും തമ്മിലുള്ള ലയനം നവംബര്‍ ആദ്യം ഔദ്യോഗികമായി പൂര്‍ത്തിയാകും. ലയനത്തോടെ 8.5 ബില്യണ്‍ ഡോളര്‍ (71462.39 കോടി രൂപ) മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ വിനോദ കമ്പനിയായി ഇത് മാറും. ലയന കരാറിന്റെ ഭാഗമായി വിയാകോം 18 ന്റെ ആസ്തികള്‍ സ്റ്റാര്‍ ഇന്ത്യയിലേക്ക് മാറ്റുന്നതാണ്. ലയനത്തിന് ശേഷം സ്റ്റാര്‍ ഇന്ത്യയായിരിക്കും ഓപ്പറേറ്റിംഗ് കമ്പനി. 100 ലധികം ടിവി ചാനലുകളും രണ്ട് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളും ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ കമ്പനി. 2025 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഡിസ്നി+ഹോട്ട്സ്റ്റാറില്‍ ആയിരിക്കും സ്ട്രീം ചെയ്യുകയെന്ന് കരുതുന്നു. സ്റ്റാര്‍ ഇന്ത്യയുടെ കീഴിലുള്ള സംയുക്ത സ്ഥാപനം നവംബര്‍ 7 ഓടെ പ്രാബല്യത്തില്‍ വരുമെന്നാണ് നിലവില്‍ വിലയിരുത്തുന്നത്. നിത അംബാനിയും ഉദയ് ശങ്കറുമായിരിക്കും പുതിയ കമ്പനിയുടെ ചെയര്‍മാനായും വൈസ് ചെയര്‍മാനായും പ്രവര്‍ത്തിക്കുക.
◾ സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ് നായകനായി എത്തിയ 'കുമ്മാട്ടിക്കളി'യിലെ മനോഹര മെഡലി ഗാനം റിലീസ് ചെയ്തു. 'കണ്ണില്‍ നീയെ..' എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് ജാക്സണ്‍ വിജയന്‍ ആണ്. റെക്സ് വിജയനും നേഹ നായറും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് വരികള്‍ എഴുതിയത് ഹൃഷികേശ് ആണ്. ആര്‍ കെ വിന്‍സെന്റ് സെല്‍വ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളും പ്രമേയമാക്കി ഒരുങ്ങിയ കുമ്മാട്ടിക്കളിയില്‍ തമിഴ്, കന്നട സിനിമകളിലെ പ്രമുഖ നടീനടന്മാര്‍ക്കൊപ്പം ലെന, റാഷിക് അജ്മല്‍, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹന്‍ ലാല്‍, ആല്‍വിന്‍ ആന്റണി ജൂനിയര്‍, ധനഞ്ജയ് പ്രേംജിത്ത്, മിഥുന്‍ പ്രകാശ് തുടങ്ങിയവരുമുണ്ട്.
◾ ഈ വര്‍ഷം ഏറ്റവും ആകാംക്ഷയോടെ കാണാന്‍ കാത്തിരിക്കുന്ന ചിത്രമായ അല്ലു അര്‍ജുന്റെ 'പുഷ്പ ദ റൂള്‍'. ഇപ്പോള്‍ അല്ലു ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് പുതിയ അപ്ഡേഷനെത്തിയിരിക്കുകയാണ്. പറഞ്ഞതിനു ഒരു ദിവസം മുന്നേ ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. പുഷ്പയുടെ ഭരണം ഡിസംബര്‍ 5ന് തിയേറ്ററുകളില്‍ ആരംഭിക്കും. പുതിയ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടാണ് പുത്തന്‍ റിലീസ് തിയതി പുറത്തുവിട്ടത്. സിഗാര്‍ പൈപ്പ് ചുണ്ടില്‍ വച്ച് തോക്കുമായി നില്‍ക്കുന്ന അല്ലു അര്‍ജുനാണ് പോസ്റ്ററില്‍. നേരത്തെ വന്ന പോസ്റ്ററുകളില്‍ എല്ലാം ഡിസംബര്‍ ആറാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റായി കാണിച്ചിരുന്നത്. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്.
◾ ക്രിക്കറ്റിനൊപ്പം തന്നെ വാഹനങ്ങളെയും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ഹാര്‍ദിക് പാണ്ഡ്യ. ഇന്ത്യന്‍ ക്രിക്കറ്റിലെ ഈ ഓള്‍ റൗണ്ടറുടെ ഏറ്റവും പുതിയ വാഹനം റേഞ്ച് റോവര്‍ സ്‌പോര്‍ട് ആണ്. ഏകദേശം 1.6 കോടി രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില വരുന്നത്. സെന്റോറിനി ബ്ലാക്ക് നിറത്തിലുള്ളതാണ് ഇന്ത്യന്‍ ക്രിക്കറ്ററുടെ റേഞ്ച് റോവര്‍. വാഹനത്തിന്റെ റജിസ്ട്രേഷന്‍ നമ്പറിലുമുണ്ട് പ്രത്യേകത. 1234 എന്ന നമ്പറാണ് തിരഞ്ഞെടുത്തിരിക്കുന്നത്. താരത്തിന്റെ മെഴ്‌സിഡീസ് ബെന്‍സ് ജി 63 എ എം ജിയ്ക്കും ഇതേ നമ്പര്‍ തന്നെയാണ്. 3.0 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് വി6 പെട്രോള്‍ എന്‍ജിനാണ് റേഞ്ച് റോവര്‍ സ്പോര്‍ടിന്റെ കരുത്ത്. 394 ബി എച്ച് പി പവറും 550 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്നതാണ് ഈ മോട്ടോര്‍. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്. വി6 ഡീസല്‍ എന്‍ജിനോടെയും പുതിയ റേഞ്ച് റോവര്‍ സ്‌പോര്‍ട് വിപണിയിലുണ്ട്. 346 ബി എച്ച് പി കരുത്തും 700 എന്‍ എം ടോര്‍ക്കും പുറത്തെടുക്കും ഈ എന്‍ജിന്‍.
◾ മനുഷ്യഭാവനയുടെ ചരിത്രത്തിലെ വലിയ സംഭവങ്ങളിലൊന്ന് ബൃഹത്തായ നോവലുകളുടെ രൂപപ്പെടലാണ്. എന്തുകൊണ്ടാണവ മനുഷ്യവംശത്തിന് പ്രധാനമായിത്തീരുന്നത്? ആധുനികസമൂഹത്തിന്റെ രൂപീകരണത്തോടൊപ്പം സംഭവിച്ച ഒരു പ്രധാന കാര്യം വലിയ ജനസഞ്ചയങ്ങളും അവയെ മുന്‍നിര്‍ത്തിയുള്ള ജീവിതത്തിന്റെ ഗതിഭേദങ്ങളും സാഹിത്യഭാവനയുടെ കലാവിചാരത്തിലേക്ക് സൂക്ഷ്മഭേദങ്ങളെയും വിശദാംശങ്ങളെയും പ്രകാശിപ്പിച്ചുകൊണ്ട് കടന്നുവരാന്‍ തുടങ്ങി എന്നതാണ്. മനുഷ്യജീവിതത്തിന്റെ വൈവിദ്ധ്യമാര്‍ന്ന നാനാഭാവങ്ങളും അവസ്ഥകളും അവസ്ഥാന്തരങ്ങളും കലര്‍ന്ന സന്ദര്‍ഭങ്ങളെ സ്വാഭാവികമായി പ്രതിഫലിപ്പിക്കുന്ന ബൃഹദ്‌നോവല്‍. 'വഴിച്ചെണ്ട'. സുസ്മേഷ് ചന്ത്രോത്ത്. മാതൃഭൂമി. വില 1395 രൂപ.
◾ രാത്രിയില്‍ മുട്ട കഴിയ്ക്കുന്നതും ഏറെ ആരോഗ്യകരമാണെന്ന് വിദഗ്ധര്‍. തടിയും വയറും കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ രാത്രിയില്‍ എട്ടു മണിയ്ക്കു മുന്‍പായി അത്താഴം കഴിയ്ക്കണമെന്നാണ് പറയുക. രാത്രി എട്ടിനു ശേഷം കഴിച്ചാല്‍ തടിയും വയറും കൂടുമോയെന്നു ഭയക്കുന്നവര്‍ക്കും ധൈര്യമായി കഴിയ്ക്കാവുന്ന ഒരു ഭക്ഷണ വസ്തുവാണിത്. മുട്ട മാത്രമല്ല, പ്രോട്ടീന്‍ അടങ്ങിയ ഏതു ഭക്ഷണങ്ങളും കഴിയ്ക്കാം. രാത്രി കിടക്കുവാന്‍ നേരം മുട്ട കഴിയ്ക്കുന്നതിനാല്‍ ഗുണം വേറെയുമുണ്ട്. ഇത് നല്ല ഉറക്കത്തിനു സഹായിക്കുന്നവെന്നതാണ് ഒന്ന്. ഇത് നാച്വറല്‍ സെഡേറ്റീവ് എന്ന രീതിയില്‍ എടുക്കാം. ഇതിലെ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡാണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. ഇത് നല്ല ഉറക്കം നല്‍കാന്‍ സഹായിക്കും. ഉറക്കക്കുറവുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒരു വഴിയാണ് അത്താഴത്തിനു മുട്ടയെന്നത്. ഇത് ദഹിയ്ക്കുവാന്‍ ബുദ്ധിമുട്ടില്ലെന്നതും ഇതിനു സഹായിക്കുന്നു. നല്ല ഉറക്കം പല രോഗാവസ്ഥകളും ഒഴിവാക്കുമെന്നു മാത്രമല്ല, തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അമിതാഹാരം രാത്രി കുറയ്ക്കാനുള്ള ഒരു എളുപ്പ വഴി കൂടിയാണ് മുട്ട കഴിയ്ക്കുന്നത്. മുട്ടയിലെ പ്രോട്ടീന്‍ തോത് വയര്‍ പെട്ടെന്നു നിറയാന്‍ സഹായിക്കുന്നു. വിശപ്പു മാറ്റുന്നു. ഏറെ നേരം വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കുകയും ചെയ്യുന്നു. മാത്രമല്ല, രാത്രിയില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജം ശരീരത്തിന് നല്‍കുകയും ചെയ്യുന്നു. മുട്ട രാത്രിയില്‍ കഴിച്ചാല്‍ ഇതിലെ പല വൈറ്റമിനുകളും ധാതുക്കളുമെല്ലാം ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കു സഹായിക്കുന്നു.. രാത്രിയില്‍ മുട്ട പുഴുങ്ങി കഴിയ്ക്കാം.
*ശുഭദിനം*
*കവിത കണ്ണന്‍*
അന്ന് അച്ഛനും മകനും കൂടി പന്തയംവെച്ച് മലമുകളിലേക്ക് കയറാന്‍ തീരുമാനിച്ചു. കുറച്ച് ദൂരം ചെന്നപ്പോഴേക്കും അച്ഛന്‍ ഓട്ടം നിര്‍ത്തി, ഇത് കണ്ട് മകന്‍ കാര്യമന്വേഷിച്ചു. അച്ഛന്‍ പറഞ്ഞു: ഷൂസിനുള്ളില്‍ ചെറിയ ചെറിയ കല്ലുകള്‍ കയറി. അതെടുത്ത് കളയുകയാണ്. അപ്പോള്‍ മകന്‍ പറഞ്ഞു: എന്റെ ഷൂസിനുള്ളിലും കല്ലുകള്‍ ഉണ്ട്. പക്ഷേ, ഇപ്പോള്‍ നിന്നാല്‍ ഞാന്‍ തോല്‍ക്കും. മുകളിലെത്തുമ്പോള്‍ എടുത്തുകളയാം. അച്ഛന്‍ കല്ലുകള്‍ കളഞ്ഞപ്പോഴേക്കും മകന്‍ ഒരുപാട് ദൂരം മുകളിലെത്തിയിരുന്നു. പക്ഷേ, അവന് കാല് വേദനിക്കാന്‍ തുടങ്ങി. കുറച്ച് ദൂരം കൂടി മുന്നോട്ട് പോയപ്പോഴേക്കും കാലില്‍ മുറിവായി. പിന്നെ ഒരടിപോലും വെക്കാന്‍ കഴിയാത്ത വേദനയായി. അപ്പോഴേക്കും അച്ഛന്‍ മുകളിലെത്തി,. അച്ഛന്‍ അവന്റെ ഷൂസിലെ കല്ലുകളെടുത്ത് കളഞ്ഞതിനേശേഷം പറഞ്ഞു: ഏതു പ്രശ്‌നവും തുടക്കത്തിലേ നേരിട്ടാല് കൂടുതല്‍ എളുപ്പത്തില്‍ പരിഹരിക്കാം. മാറ്റിവെക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ട്. അവ പതിന്മടങ്ങായി വളരും. അവഗണിക്കപ്പെടുന്ന പ്രതിസന്ധികള്‍ക്കും ഇതേ സ്വഭാവം തന്നെയാണ്. അവ അടിവേരോടെ നമ്മെ പിഴുതെറിയും. താങ്ങാനാകാത്ത കാഠിന്യമുള്ളതിന്റെ പേരിലല്ല പല പ്രശ്‌നങ്ങള്‍ക്കുള്ളില്‍ നിന്നും ആളുകള്‍ക്ക് തിരിച്ചുവരാന്‍ സാധിക്കാത്തത്. അവയൊന്നും തുടക്കത്തില്‍ തിരിച്ചറിഞ്ഞില്ല എന്നതോ, തിരിച്ചറിഞ്ഞിട്ടും യഥാവിധി പ്രതികരിച്ചില്ല എന്നതോ ആണ് പ്രശ്‌നം. എന്തെന്നാല്‍, അപായസൂചനകള്‍ക്കെല്ലാം പലപ്പോഴും ആദ്യഘട്ടത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ മാത്രം വലുപ്പമുണ്ടാകില്ല. പ്രശ്‌നങ്ങളെ, പ്രതിസന്ധികളെ അവഗണിക്കാതിരിക്കാം, ആദ്യഘട്ടത്തിലേ പ്രതിവിധികണ്ടെത്താം - ശുഭദിനം.
➖➖➖➖➖➖➖➖
Tags:
KERALA