24-10-2024
◾ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യക്കെതിരെ ശക്തമായ വാദങ്ങളുമായി പ്രൊസിക്യൂഷന്‍. ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ഭീഷണിയുടെ സ്വരത്തിലാണ് ദിവ്യ സംസാരിച്ചതെന്നും മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് ആസൂത്രിതമായാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രോസിക്യൂഷന്റെ വാദത്തിനിടെ എതിര്‍പ്പുന്നയിച്ച പ്രതിഭാഗത്തെ കോടതി വിമര്‍ശിച്ചു.
◾ പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍, കുറേ ഉത്തരവാദിത്വങ്ങള്‍ ഉള്ള പൊതു പ്രവര്‍ത്തകയാണ് ദിവ്യയെന്നായിരുന്നു പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ സ്ഥാനം രാജിവച്ചുവെന്നും അഴിമതിക്കെതിരെയുള്ള സന്ദേശം എന്ന നിലയിലാണ് പരസ്യ പ്രതികരണം നടത്തിയതെന്നും നിരവധി പുരസ്‌കാരങ്ങള്‍ കിട്ടിയ പൊതു പ്രവര്‍ത്തകയാണ് പിപി ദിവ്യയെന്നും സാധാരണക്കാര്‍ക്കും പ്രാപ്യമായ നേതാവാണെന്നും വാദത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
◾ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒരുപാട് ദുരൂഹതകള്‍ ഉണ്ടെന്ന് കെകെ രമ എംഎല്‍എ. ആത്മഹത്യയാണെന്ന് തെളിയിക്കുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ ആത്മഹത്യയല്ല എന്ന് തെളിയിക്കുന്ന ഒരുപാട് കാരണങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്. എന്നാല്‍ അന്വേഷണം ആ മേഖലയിലേക്ക് പോകുന്നില്ലെന്നും ദിവ്യയുടെ പരാമര്‍ശത്തില്‍ യാതൊരു കുഴപ്പവുമില്ലെന്ന് തെളിയിക്കാന്‍ സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കെകെ രമ വിമര്‍ശിച്ചു.
◾ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പി പി ദിവ്യയാണെന്ന കണ്ടെത്തലുമായി ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്. പ്രാദേശിക ചാനലില്‍ നിന്ന് ദിവ്യ യാത്രയയപ്പിന്റെ ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും പല മാധ്യമങ്ങള്‍ക്കും ദൃശ്യങ്ങള്‍ നല്‍കിയത് ദിവ്യയാണെന്നും വ്യക്തമായി.
◾ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് കാരണക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . കുറ്റവാളികളെ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് പറ്റില്ലെന്നും ശിക്ഷിക്കപ്പെടുമെന്നത് എല്‍ഡിഎഫ് കാഴ്ചപ്പാടാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
◾ ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂഴ്ത്തിയെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്നുമാണ് സുപ്രീംകോടതിയിലെത്തിയ റിട്ട് ഹര്‍ജി ആവശ്യപ്പെടുന്നത്.
◾ പാലക്കാട്ടെ ഇടത് സ്വതന്ത്രന്‍ പി സരിന്‍ കരുണാകരന്റെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ചു. മുരളീമന്ദിരത്തിലേക്ക് വന്നവരെല്ലാം കൂട്ടമായാണ് വരുന്നതെന്നും എന്നാല്‍ താന്‍ ഒറ്റയ്ക്കാണ് വന്നതെന്നും സരിന്‍ പറഞ്ഞു. ക്യാമറയ്ക്ക് മുന്‍പില്‍ ഉമ്മന്‍ചാണ്ടിയെ പോയി കണ്ടിട്ടില്ല എന്നേയുള്ളൂവെന്നും ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിച്ച ശേഷമുള്ള ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ആഴ്ചകളില്‍ കേരളത്തോട് രാഷ്ട്രീയം പറഞ്ഞതെന്നും സരിന്‍ പറഞ്ഞു.
◾ പാലക്കാട് യു ഡി എഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ കെ കരുണാകരന്റെ കുടുംബത്തെ അപമാനിച്ച ആളാണെന്ന് എ കെ ബാലന്‍. കരുണാകരന്റെ സ്മൃതി മണ്ഡപം സന്ദര്‍ശിക്കാന്‍ രാഹുല്‍ തയായറായിട്ടില്ലെന്നും സരിന്‍ സ്വതന്ത്ര സ്ഥാനാര്‍ഥി എന്ന നിലയിലാണ് സ്മൃതി മണ്ഡപം സന്ദര്‍ശിച്ചതെന്നും അദ്ദേഹം താല്പര്യം പറഞ്ഞപ്പോള്‍ പാര്‍ട്ടി എതിര്‍ത്തില്ലെന്നും ബാലന്‍ പറഞ്ഞു. കരുണാകരനെ വേട്ടയാടിയവരാണ് കോണ്‍ഗ്രസുകാരെന്നും കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി ഇനിയും ഉണ്ടാകുമെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.
◾ അമേഠിയില്‍ രാഹുല്‍ഗാന്ധി തോറ്റെങ്കില്‍ വയനാട്ടില്‍ പ്രിയങ്കയും തോല്‍ക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആളും ആരവുമായി ഇന്നലെ വന്നു റോഡ് ഷോ കഴിഞ്ഞ് എല്ലാവരും ടാറ്റാ ബൈബൈ പറഞ്ഞു പോയിയെന്നും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒന്നോ രണ്ടോ തവണ കൂടി വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കോണ്‍ഗ്രസ് റോഡ് ഷോയില്‍ വയനാട്ടുകാര്‍ കുറവായിരുന്നുവെന്നും കോഴിക്കോട് നിന്നും കോയമ്പത്തൂരില്‍ നിന്നും ആളുകളെ എത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
◾ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയില്‍ വന്നത് മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെന്ന് ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്. വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് പലരെയും കൊണ്ടുവന്നതെന്ന് നവ്യ ഹരിദാസ് ആരോപിക്കുന്നു. പ്രിയങ്ക ഗാന്ധി വീടുകളില്‍ കയറുന്നത് ആസൂത്രിതമായിട്ടാണെന്നും കോണ്‍ഗ്രസിന്റെ ഇത്തരം നാട്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും നവ്യ ഹരിദാസ് പറഞ്ഞു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എന്നാല്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നയാള്‍ എന്നാണെന്നും തനിക്ക് വലിയ കുടുംബവാഴ്ച പറയാനില്ലെന്നും പ്രിയങ്ക ഗാന്ധിക്ക് ആകെയുള്ളത് കുടുംബ പാരമ്പര്യം മാത്രമാണെന്നും നവ്യ വിമര്‍ശിച്ചു.
◾ പാലക്കാട് മണ്ഡലത്തില്‍ ഫലം പ്രവചനാതീതമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപിക്ക് ഉപതെരഞ്ഞെടുപ്പില്‍ പ്രത്യേക നിലപാടില്ലെന്നും വയനാട്ടില്‍ പ്രിയങ്ക ഗാന്ധി ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയില്‍ ചില അപശബ്ദങ്ങളുണ്ടെന്നും പാലക്കാട് ഇ.ശ്രീധരന്‍ ഉണ്ടാക്കിയ മുന്നേറ്റം ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥിക്ക് കിട്ടണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചേലക്കര സിപിഎമ്മിന്റെ ശക്തികേന്ദ്രമാണെന്നും ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഇപ്പോള്‍ മുന്നിലുള്ളതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. എന്നാല്‍ പി.വി.അന്‍വറിനെ വിലകുറച്ച് കാണേണ്ടെന്നും പ്രചാരണത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സീനിയര്‍ ആര്‍ട്ടിസ്റ്റുകളും ഉണ്ടാകുമെന്നും ഓരോ വോട്ടും നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ കോണ്‍ഗ്രസിന് ഒറ്റ ശത്രുവേയുള്ളൂവെന്നും അത് ഇടതുപക്ഷമാണെന്നും സിപിഎം പിബി അംഗം എ.വിജയരാഘവന്‍. വയനാട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികള്‍ തമ്മില്‍ അല്ല രാഷ്ട്രീയ നിലപാടുകള്‍ തമ്മിലാണ് മത്സരം നടക്കുന്നതെന്നും തൃശ്ശൂരില്‍ എല്‍ഡിഎഫ് ബിജെപിയെ സഹായിച്ചെന്ന് കോണ്‍ഗ്രസ് പറയുന്നുവെന്നും കളവ് പറയുന്നതിനും ഒരു മാന്യത വേണ്ടേ എന്നും വിജയരാഘവന്‍ പറഞ്ഞു.
◾ മുസ്ലിം ലീഗിലേക്ക് പുതിയ ആളുകളെ എടുക്കുന്നില്ലെന്ന് ജനറല്‍ സെക്രട്ടറി പി എം എ സലാം. അന്‍വര്‍ ലീഗിലേക്ക് വരുമോ എന്ന ചോദ്യത്തിനാണ് മറുപടി. നിലവില്‍ 25 ലക്ഷം പാര്‍ട്ടി അംഗങ്ങള്‍ ലീഗിനുണ്ട്. പുതുതായി ആരെയും എടുക്കുന്നില്ല. മതനിരപേക്ഷ ഫാസിസ്റ്റ് വിരുദ്ധ ചേരിയിലേക്ക് വരുന്നുണ്ടോ എന്ന് അന്‍വര്‍ ആദ്യം വ്യക്തമാക്കട്ടെ. ശേഷം മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.
◾ തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധന. സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡായ ഓപ്പറേഷന്‍ ടോറേ ഡെല്‍ ഓറോ എന്ന് പേരിട്ട പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 120 കിലോ സ്വര്‍ണം ഇതുവരെ പിടിച്ചെടുത്തെന്ന് സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ ദിനേശ് കുമാര്‍ അറിയിച്ചു. അഞ്ച് കൊല്ലത്ത നികുതി വെട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്.
◾ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ച ഭക്ഷണ മെനുവില്‍ നിന്ന് രസവും അച്ചാറും പുറത്ത്. നിര്‍ദ്ദേശം വ്യക്തമാക്കിക്കൊണ്ടുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി. എല്ലാ ദിവസവും ഉച്ച ഭക്ഷണത്തിന് കുട്ടികള്‍ക്ക് ചോറിനൊപ്പം രണ്ട് കറികള്‍ നല്‍കണം. പച്ചക്കറിയും പയര്‍ വര്‍ഗങ്ങളും ഉള്‍പ്പെടുന്നതായിരിക്കണം കറികളെന്നും തയ്യാറാക്കുമ്പോള്‍ പ്രാദേശികമായി ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും കൂടി ഉള്‍പ്പെടുത്താമെന്നും ഉത്തരവിലുണ്ട്.
◾ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും തോല്‍ക്കുമെന്ന് കോണ്‍ഗ്രസ് വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന എകെ ഷാനിബ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിന്‍ തോല്‍ക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും എല്‍ഡിഎഫും ബിജെപിയും തമ്മിലായിരിക്കും മത്സരമെന്നും ഇടതിന് വോട്ട് ചെയ്യാന്‍ മനസില്ലാത്ത കോണ്‍ഗ്രസിലെ അസംതൃപ്തര്‍ തനിക്ക് വോട്ട് ചെയ്യുമെന്നും ഷാനിബ് പറഞ്ഞു.
◾ ഇടുക്കിയിലെ കുമളിയില്‍ മാധ്യമ പ്രവത്തകനും മുന്‍ ബ്ലോക്ക് പഞ്ചായത്തംഗവുമായ ആളെ പഞ്ചായത്ത് മെമ്പര്‍ മര്‍ദ്ദിച്ചതായി പരാതി. റോസാപ്പൂക്കണ്ടം വാര്‍ഡ് മെംബര്‍ എ. കബീര്‍, ദേശാഭിമാനി ലേഖകന്‍ കെ.എ. അബ്ദുല്‍ റസാഖിനെ മര്‍ദിച്ചതായാണ് പരാതി. ഓട നിര്‍മ്മാണത്തിലെ അശാസ്ത്രീയത സംബന്ധിച്ച തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയത്
◾ കൊച്ചിയിലെ അലന്‍ വാക്കര്‍ ഡിജെ ഷോയ്ക്കിടെ നടന്ന മൊബൈല്‍ മോഷണത്തിലെ മുഖ്യപ്രതി പ്രമോദ് യാദവ് എന്ന് പൊലീസ്. കേസില്‍ പിടിയിലാകാനുള്ള രണ്ട് പേര്‍ മുംബൈയിലും രണ്ട് പേര്‍ ഉത്തര്‍പ്രദേശിലും ഒളിവില്‍ കഴിയുകയാണ്. മൊബൈല്‍ മോഷണം ആസൂത്രണം ചെയ്തതും മോഷ്ടിക്കുന്ന മൊബൈല്‍ ഫോണുകള്‍ വില്‍പ്പന നടത്തുന്നതും ഇയാള്‍ തന്നെയാണെന്നാണ് വിവരം. പ്രമോദ് യാദവ് ഇപ്പോള്‍ യുപിയിലാണ് ഉള്ളതെന്നും പ്രത്യേക അന്വേഷണസംഘം വീണ്ടും ഇവിടെ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.
◾ പള്ളിതര്‍ക്കത്തില്‍ സഭയ്ക്ക് സര്‍ക്കാരില്‍ നിന്ന് നീതി കിട്ടുന്നില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ ദിയസ്‌കോറോസ്. ഒരു വിഭാഗത്തിന് വേണ്ടി മാത്രം സര്‍ക്കാര്‍ നിലപാട് എടുക്കുന്നുവെന്നും സര്‍ക്കാര്‍ നിലപാട് ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും മാര്‍ ദിയസ്‌കോറോസ് ചൂണ്ടിക്കാട്ടി.സഭയ്ക്ക് ചില നയങ്ങളുണ്ടെന്നും, ജനത്തിന്റെ മനസില്‍ സര്‍ക്കാരിനെതിരെ ചോദ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ യുഎന്‍ ദിനമായ ഇന്ന് ലോക സമാധാനത്തിനായി ശാന്തി സന്ദേശ യാത്ര നടക്കും. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ നിന്നും പോത്തന്‍കോട് ശാന്തിഗിരിയിലേക്ക് ഇന്ന് വൈകീട്ട് മൂന്നുമണിക്കാണ് ശാന്തി സന്ദേശ യാത്ര. ലോകത്ത് സമാധാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1945 ഒക്ടോബര്‍ 24 ന് ഐക്യരാഷ്ട്രസംഘടന രൂപം കൊണ്ടത്.
◾ സ്ത്രീധന പീഡനത്തെ ചൊല്ലി മലയാളിയായ കോളേജ് അധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കിയ നിലയില്‍. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ 25കാരി ശ്രുതിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസം മുമ്പ് കഴിഞ്ഞ ഏപ്രിലിലാണ് തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്. ശുചീന്ദ്രത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു.
◾ ചാലക്കുടിയിലെ പണി തീരാത്ത വാണിജ്യ സമുച്ചയത്തില്‍ തലയോട്ടിയും അസ്ഥി കഷണങ്ങളും കണ്ടെത്തി. കെട്ടിടത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്താണ് മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പുരുഷന്റെതെന്ന് കരുതുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.
◾ ഭിന്നശേഷിക്കാരന്‍ നടത്തുന്ന വഴിയോര തട്ടുകടയില്‍ ചത്ത ആടിന്റെ മാംസം തള്ളി സാമൂഹ്യ വിരുദ്ധര്‍. ഭിന്നശേഷിക്കാരനായ തൃശൂര്‍ കോലഴി സ്വപ്നഭൂമി നിവാസിയായ ചാരചട്ടി മനോജി (44) ന്റേതാണ് തട്ടുകട. വിയ്യൂര്‍ ജയില്‍ പടിക്കും പൂവണിക്കും ഇടയിലുള്ള റോഡരികില്‍ രണ്ടര വര്‍ഷമായി പ്രവര്‍ത്തിക്കുന്ന തട്ടുകടയിലാണ് സാമൂഹ്യ വിരുദ്ധര്‍ മാംസ മാലിന്യങ്ങള്‍ എറിഞ്ഞ് ക്രൂരത കാട്ടിയത്.
◾ പൊട്ടിക്കിടന്ന വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. എടത്വാ മരിയാപുരം കാഞ്ചിക്കല്‍ ബെന്നി ജോസഫ് (62) ആണ് മരിച്ചത്. ഇന്ന് രാവിലെ പുഞ്ചകൃഷിയുമായി ബന്ധപ്പെട്ട് പാടത്ത് എത്തിയതായിരുന്നു ബെന്നി ജോസഫ്. ഇന്നലത്തെ കാറ്റില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്.
◾ ഹെറോയിന്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെ മുന്‍ വനിതാ എംഎല്‍എയെ പിടികൂടി നാര്‍ക്കോട്ടിക് വിരുദ്ധ സേന. പഞ്ചാബ് പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗമാണ് മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും നിലവിലെ ബിജെപി നേതാവുമായ സത്കര്‍ കൌര്‍ ഗെഹ്രിയെ ഇന്നലെ അറസ്റ്റ് ചെയ്തത്. കാര്‍ ഡ്രൈവര്‍ കൂടിയായ ബന്ധുവിനൊപ്പമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
◾ നടന്‍ സല്‍മാന്‍ ഖാന് എതിരെ ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. പച്ചക്കറി വില്‍പ്പനക്കാരനായ ഷെയ്ഖ് ഹസനാണ് (24) അറസ്റ്റില്‍ ആയത്. തനിക്ക് വൈകാതെ അഞ്ച് കോടി നല്‍കിയില്ലെങ്കില്‍ താരത്തെ അപായപ്പെടുത്തും എന്ന ഭീഷണി മുംബൈ ട്രാഫിക് പൊലീസിന്റെ വാട്‌സ്ആപ്പ് നമ്പറിലേക്കാണ് അയച്ചത്. എന്നാല്‍ പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ തനിക്ക് ബിഷ്‌ണോയ് സംഘവുമായി ബന്ധമില്ലെന്നും ക്ഷമിക്കണമെന്നും കാണിച്ച് മറ്റൊരു സന്ദേശം ഇയാള്‍ പൊലീസിന് അയച്ചിരുന്നു.
◾ തമിഴ്‌നാട്ടില്‍ ഓടിക്കൊണ്ടിരുന്ന സര്‍ക്കാര്‍ ബസിന് തീപിടിച്ചു. പൊള്ളാച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന ബസിനാണ് ഒറ്റക്കല്‍മണ്ഡപത്തില്‍ വച്ച് തീപിടിച്ചത്. 50 യാത്രക്കാരുമായി ഉക്കടം ബസ് സ്റ്റാന്‍ഡിലേക്ക് വരുമ്പോള്‍ ബസിന്റെ മുന്‍വശത്ത് നിന്ന് പുക വരുന്നത് കണ്ട ഡ്രൈവര്‍ യാത്രക്കാരോട് ഉടന്‍ പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ തീ ആളിപ്പടരുകയായിരുന്നു.
◾ പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷ സാഹചര്യത്തില്‍ നടത്തുന്ന മേഖല പര്യടനത്തിന്റെ ഭാഗമായി റിയാദിലെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അല്‍ യമാമ കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണത്തിനിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ചര്‍ച്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളും സംയുക്ത സഹകരണത്തിന്റെ മേഖലകളും ഇരുവരും അവലോകനം ചെയ്തു.
◾ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നിലനില്‍പ് പരുങ്ങലിലെന്ന് റിപ്പോര്‍ട്ട് . ഒക്ടോബര്‍ 28 നകം ട്രൂഡോ രാജിവെക്കണമെന്ന് ലിബറല്‍ പാര്‍ട്ടിയിലെ വിമത എം.പിമാര്‍ അന്ത്യശാസനം നല്‍കി. ലിബറല്‍ എം.പിമാര്‍ പാര്‍ലമെന്റ് ഹില്ലില്‍ യോഗം ചേര്‍ന്നതായി സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വാര്‍ത്തകളെ പുഞ്ചിരികൊണ്ട് നേരിട്ട ട്രൂഡോ പാര്‍ട്ടി ഒറ്റക്കെട്ടാണ് എന്നുമാത്രം പ്രതികരിച്ചു.
◾ ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാണ്ട് ഒന്നാം ദിനം ചായക്ക് പിരിയുമ്പോള്‍ 201 ന് 5 എന്ന നിലയില്‍. ടോസ് നേടിയ ന്യൂസിലാണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 76 റണ്‍സെടുത്ത ഡെവണ്‍ കോണ്‍വേയുടേയും 65 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയുടേയും ഇന്നിംഗ്‌സുകളാണ് ന്യൂസിലാണ്ടിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.
◾ ഈ അവധിക്കാലത്ത് 1606 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന നിരക്കുകളില്‍ നാട്ടിലേക്ക് പറക്കാന്‍ അവസരവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഫ്‌ളാഷ് സെയില്‍ ആരംഭിച്ചു. നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 10 വരെയുള്ള യാത്രകള്‍ക്കായി ഒക്ടോബര്‍ 27 നകം ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 1606 രൂപ മുതലുള്ള നിരക്കില്‍ ലഭിക്കുക. എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് 1456 രൂപ മുതലുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കിലും ടിക്കറ്റുകള്‍ ലഭിക്കും. മലയാളികള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന കൊച്ചി- ബാംഗ്ലൂര്‍, ചെന്നൈ- ബാംഗ്ലൂര്‍ റൂട്ടുകളിലും ഗുവാഹത്തി- അഗര്‍ത്തല, വിജയവാഡ- ഹൈദരാബാദ് തുടങ്ങി നിരവധി റൂട്ടുകളിലും ഈ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും. വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്ത് ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെ എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 3 കിലോ അധിക ക്യാബിന്‍ ബാഗേജ് നേരത്തെ ബുക്ക് ചെയ്താല്‍ സൗജന്യമായി ലഭിക്കും. കൂടുതല്‍ ലഗേജ് ഉള്ളവര്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ ചെക്ക് ഇന്‍ ബാഗേജിന് 1000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളില്‍ 20 കിലോയ്ക്ക് 1300 രൂപയും മാത്രമാണ് ഈടാക്കുക.
◾ റിലയന്‍സ് ജിയോ ഇന്ത്യയിലെ ഏറ്റവും വേഗവും സ്ഥിരതയുമുള്ള മൊബൈല്‍ നെറ്റ്വര്‍ക്ക് എന്ന് ഓപ്പണ്‍സിഗ്നല്‍ റിപ്പോര്‍ട്ട്. ഡാറ്റാ സ്പീഡ്, കവറേജ്, ഇന്റര്‍നെറ്റ്, കോള്‍ സ്ഥിരത എന്നീ മൂന്ന് മേഖലകളിലും ജിയോ ബഹുദൂരം മുന്നില്‍ നില്‍ക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഓപ്പണ്‍സിഗ്നല്‍ പുറത്തുവിട്ട ഏറ്റവും പുതിയ ഇന്ത്യാ മൊബൈല്‍ നെറ്റ്വര്‍ക്ക് എക്സ്പീരിയന്‍സ് റിപ്പോര്‍ട്ടിലാണ് റിലയന്‍സ് ജിയോ മുന്നിട്ടുനില്‍ക്കുന്നത്. ജിയോ ഏറ്റവും മികച്ച ഡൗണ്‍ലോഡ് സ്പീഡ് നല്‍കുന്നു. 89.5 എംബിപിഎസ് ആണ് ജിയോയുടെ ഡൗണ്‍ലോഡിംഗ് സ്പീഡായി ഓപ്പണ്‍സിഗ്നല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. രണ്ടാമതുള്ള എതിരാളികളായ ഭാരതി എയര്‍ടെല്ലിന് 44.2 എംബിപിഎസാണ് വേഗം. 16.9 എംബിപിഎസ് വേഗവുമായി വോഡാഫോണ്‍ ഐഡിയ (വിഐ) മൂന്നാമത് നില്‍ക്കുന്നു. ഉപഭോക്താക്കളുടെ കണക്റ്റിവിറ്റി അനുഭവം അളക്കുന്ന പ്രധാന ആഗോള കമ്പനികളിലൊന്നാണ് ഓപ്പണ്‍സിഗ്നല്‍.
◾ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് 'പണി'. ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തെത്തി. തെന്നിന്ത്യയിലെ ശ്രദ്ധേയ സംഗീത സംവിധായകനായ സന്തോഷ് നാരായണന്‍ ആണ് ഈ ഗാനത്തിന് ഈണം നല്‍കി ആലപിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ഒട്ടനവധി ട്രെന്‍ഡിംഗ് മ്യൂസിക് വീഡിയോകള്‍ ഒരുക്കി ശ്രദ്ധേയനായ കെന്‍ റോയ്സണ്‍ ആണ് 'പണി ആന്തം' ഒരുക്കിയിരിക്കുന്നത്. റാപ്പര്‍ അര്‍ജുന്‍ ശശിയും സന്തോഷ് നാരായണനുമാണ് ഗാനരംഗത്തില്‍ പെര്‍ഫോം ചെയ്തിരിക്കുന്നത്. ത്രസിപ്പിക്കുന്ന വരികളും ഈണവുമായാണ് 'നായാടികള്‍.... ' എന്നാരംഭിക്കുന്ന ഗാനം എത്തിയിരിക്കുന്നത്. താരങ്ങളായ സാഗര്‍, ജുനൈസ്, ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കര്‍ തുടങ്ങി വന്‍ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
◾ ബാല, ഷൈന്‍ ടോം ചാക്കോ, മുന്ന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയന്‍ കോട്ടയ്ക്കല്‍ സംവിധാനം ചെയ്യുന്ന 'പ്ലാന്‍ എ' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തെത്തി. ഐ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. എസ് രാജേഷ് കുമാര്‍, ഹരിദാസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദോ ഐസക്ക് നിര്‍വ്വഹിക്കുന്നു. പ്രസന്നന്‍ ഒളതലയാണ് തിരക്കഥ, സംഭാഷണം എഴുതുന്നത്. കെ ആര്‍ മുരളീധരന്‍, വര്‍ഗീസ് തകഴി, വിവേക് മുഴക്കുന്ന് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഷാജി സുകുമാരന്‍, കെ സനന്‍ നായര്‍ എന്നിവര്‍ സംഗീതം പകരുന്നു.
◾ ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫ് തങ്ങളുടെ പുതിയ ട്രയംഫ് ടൈഗര്‍ സ്‌പോര്‍ട്ട് 800 പുറത്തിറക്കി. കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോയിലെ സ്‌പോര്‍ട് ടൂറിംഗ് ശ്രേണിയിലെ ടൈഗര്‍ സ്‌പോര്‍ട്ട് 660 ന് മുകളിലായിരിക്കും ഇത് സ്ഥാനം പിടിക്കുക. ടൈഗര്‍ സ്‌പോര്‍ട്ട് 800-ന് ശക്തമായ ഇന്‍ലൈന്‍-ട്രിപ്പിള്‍ എഞ്ചിന്‍ ലഭിക്കും. നാല് കളര്‍ ഓപ്ഷനുകളിലും ഇത് വാങ്ങാനാകും. യൂറോപ്യന്‍ വിപണിയിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. 2024 അവസാനത്തോടെ ഇത് ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും. യൂറോപ്യന്‍ വിപണിയില്‍ ഇതിന്റെ പ്രാരംഭ വില 12,620 പൗണ്ടായി നിലനിര്‍ത്തിയിട്ടുണ്ട്. അതേ സമയം ട്രയംഫ് ടൈഗര്‍ സ്‌പോര്‍ട് 660 ന്റെ ഇന്ത്യയിലെ എക്‌സ് ഷോറൂം വില 9.58 ലക്ഷം രൂപയാണ്. ഏകദേശം 13 ലക്ഷം രൂപയായിരിക്കും പുതിയ ടൈഗര്‍ സ്‌പോര്‍ട് 800ന്റെ എക്‌സ് ഷോറൂം വിലയെന്ന് കരുതുന്നു. ഇപ്പോള്‍ ട്രയംഫ് ടൈഗര്‍ സ്‌പോര്‍ട് 800ന് പുതിയ 798 സിസി ഇന്‍ലൈന്‍-ട്രിപ്പിള്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ഉണ്ട്. ഇത് 10,750 ആര്‍പിഎമ്മില്‍ 113.43 ബിഎച്ച്പി പവറും 8,250 ആര്‍പിഎമ്മില്‍ 95 എന്‍എം പരമാവധി ടോര്‍ക്കും സൃഷ്ടിക്കുന്നു. ഈ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. മൂന്ന് റൈഡ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്ന റൈഡ്-ബൈ-വയര്‍ എന്‍ജിനില്‍ സജ്ജീകരിച്ചിരിക്കുന്നു.
◾ കക്കട്ടിലും സമീപപ്രദേശങ്ങളും ഉള്‍പ്പെടുന്ന മലബാറിലെ ഗ്രാമങ്ങളാണിവിടെ കഥ പറയുന്നത്. കഥകളില്‍ ജീവിക്കുന്നു. അക്ബര്‍ കക്കട്ടില്‍ എന്ന അധ്യാപകനും എഴുത്തുകാരനും പുറമെ ഗ്രാമത്തിന്റെ ചൂടും ചൂരും ആവോളം അനുഭവിച്ചറിഞ്ഞ ഒരു നാട്ടിന്‍പുറത്തുകാരനെ ഇതിലെ കഥാപാത്രങ്ങളിലൂടെ നമുക്ക് കാണാം. തനിക്ക് ചുറ്റുമുള്ള സമൂഹത്തെ അദ്ദേഹം ലളിതമായ ഭാഷയില്‍ വാര്‍ത്തെടുക്കുകയാണ്. 'എന്റെ ഗ്രാമകഥകള്‍'. അക്ബര്‍ കക്കട്ടില്‍. ഒലീവ് പബ്ളിക്കേഷന്‍സ്. വില 247 രൂപ.
◾ യുവാക്കള്‍ക്കിടയില്‍ പക്ഷാഘാതമുണ്ടാകുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു. ഉയര്‍ന്ന മദ്യപാനം യുവാക്കളില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത 50 ശതമാനം വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. മദ്യം തലച്ചോറിലെ ന്യൂറോണുകള്‍ തമ്മിലുള്ള സ്വാഭാവിക ബന്ധത്തെ തടസ്സപ്പെടുത്തും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദ?ഗതിയിലാക്കാനും രക്തസമ്മര്‍ദ്ദം, രക്തത്തിലെ ട്രൈഗ്ലിസറൈഡുകള്‍ എന്നിവ വര്‍ധിപ്പിക്കാനും കാരണമാകുന്നു. ഇത് തലച്ചോറിലേക്കുള്ള ഓക്സിജന്‍ വഹിച്ചുകൊണ്ടുള്ള രക്ത വിതരണം തടയുന്നതിലൂടെ രക്തപ്രവാഹത്തിനും പക്ഷാഘാതത്തിലേക്കും നയിക്കുന്നു. ഉയര്‍ന്ന അല്ലെങ്കില്‍ മിതമായ മദ്യപാദം സ്‌ട്രോക്ക് വരാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് 2022 ഇന്റര്‍സ്‌ട്രോക്ക് പഠനത്തില്‍ പറയുന്നു. പൊണ്ണത്തടി, പ്രമേഹം, സമ്മര്‍ദം, ഉറക്കമില്ലായ്മ, അനാരോഗ്യകരമായ ഡയറ്റ് എന്നിവയ്ക്ക് പുറമെ മദ്യപാനവും പുകയില ഉപയോഗവും പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുന്ന മറ്റ് രണ്ട് പ്രധാന ഘടകങ്ങളാണ്. മദ്യപാനത്തിന് ദീര്‍ഘകാല ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. തലച്ചോറിനേല്‍ക്കുന്ന അറ്റാക്ക് ആണ് സ്‌ട്രോക്ക്. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കാരണത്താല്‍ തടസ്സപ്പെടുമ്പോഴാണ് സ്‌ട്രോക്ക് ഉണ്ടാവുന്നത്. പക്ഷാഘാതം മൂലമുള്ള മരണങ്ങള്‍ 2020-ല്‍ 6.6 ദശലക്ഷത്തില്‍ നിന്ന് 2050-ഓടെ 9.7 ദശലക്ഷമായി ഉയരുമെന്ന് അടുത്തിടെ പുറത്തിറക്കിയ ലാന്‍സെറ്റ് പഠനം വ്യക്തമാക്കുന്നു. 2050 ഓടെ പക്ഷാഘാതം മൂലമുണ്ടാകുന്ന മരണം പ്രതിവര്‍ഷം 10 ദശലക്ഷമായും ഉയരാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 84.08, പൗണ്ട് - 108.97. യൂറോ - 90.75, സ്വിസ് ഫ്രാങ്ക് - 97.05, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.97, ബഹറിന്‍ ദിനാര്‍ - 223.00, കുവൈത്ത് ദിനാര്‍ -274.39, ഒമാനി റിയാല്‍ - 218.39, സൗദി റിയാല്‍ - 22.39, യു.എ.ഇ ദിര്‍ഹം - 22.89, ഖത്തര്‍ റിയാല്‍ - 23.08, കനേഡിയന്‍ ഡോളര്‍ - 60.84.
➖➖➖➖➖➖➖➖
Tags:
KERALA