Trending

പ്രഭാത വാർത്തകൾ

2024  ഒക്ടോബർ 14  തിങ്കൾ  
1200  കന്നി 28  ചതയം 
1446  റ:ആഖിർ 10
     
◾ ഇസ്രയേലിലെ ബിന്യാമിനയ്ക്കു സമീപം സൈനിക ക്യാംപിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടു. മിസൈലുകള്‍ പ്രതിരോധിക്കാന്‍ സഹായിക്കുന്ന പുതിയ വ്യോമ പ്രതിരോധ സംവിധാനം ഇസ്രയേലിനു കൈമാറുമെന്ന് യുഎസ് പ്രഖ്യാപിച്ച ദിവസമാണ് ഇസ്രയേലിനു നേര്‍ക്ക് വീണ്ടും ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലബനനിലെ ഹിസ്ബുല്ല സംഘടന ഏറ്റെടുത്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇസ്രയേലിന്റെ നേര്‍ക്കുണ്ടാകുന്ന ഏറ്റവും ശക്തമായ ആക്രമണങ്ങളിലൊന്നാണിതെന്നും ലബനനില്‍ നിന്ന് രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അവയിലൊരെണ്ണം തകര്‍ത്തെന്നും ഇസ്രയേല്‍ പ്രതികരിച്ചു.

◾ പൂരം കലക്കല്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്ന് ആഭ്യന്തര വകുപ്പ്. വി എസ് സുനില്‍ കുമാറിന്റെ വിവരാവകാശ അപേക്ഷയ്ക്കാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ളതിനാല്‍ റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്നാണ് മറുപടി. അപ്പീല്‍ നല്‍കുന്ന കാര്യം സംഘടനയുമായും നിയമ വിദഗ്ധരുമായും ആലോചിച്ച് തീരുമാനിക്കുമെന്ന് വി എസ് സുനില്‍ കുമാര്‍ അറിയിച്ചു.

◾ ദ ഹിന്ദു ദിനപത്രത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തില്‍ വിശദീകരണം തേടിയ  ഗവര്‍ണര്‍ക്ക് രൂക്ഷ ഭാഷയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.   . തനിക്കൊന്നും മറയ്ക്കാനില്ലെന്നും സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധമാണെന്നും എന്നാല്‍ താന്‍ പറയാത്ത വ്യാഖ്യാനങ്ങള്‍ ഗവര്‍ണര്‍ നല്‍കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തനിക്ക് വിശ്വാസ്യതയില്ലെന്ന ഗവര്‍ണറുടെ പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധവും രാജ്ഭവനെ മുഖ്യമന്ത്രി അറിയിച്ചു. സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ ശക്തികള്‍ ഇത്തരം സാഹചര്യം മുതലാക്കുന്നതിനെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

◾ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്ന് കാണിച്ച് സ്പീക്കര്‍ക്ക് കത്തയച്ച്  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അടിയന്തിര പ്രമേയത്തില്‍ ഉള്‍പ്പെടെ എല്ലാ നിയമസഭാ നടപടിക്രമങ്ങളിലും പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിഷ്പക്ഷ നിലപാട് സ്വീകരിക്കാന്‍ സ്പീക്കര്‍ തയാറാകണമെന്ന് കത്തില്‍ വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്  വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍ പ്രമേയം തള്ളിയ സ്പീക്കറുടെ നടപടി ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

◾ രാജ്യത്തെ  മദ്രസകള്‍ക്കുളള സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്ന നിര്‍ദ്ദേശവുമായി  ദേശീയ ബാലാവകാശ കമ്മീഷന്‍. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കമ്മീഷന്‍ അയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്. മുസ്ലിം വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ മദ്രസകള്‍ പരാജയപ്പെട്ടുവെന്നും മദ്രസകള്‍ കുട്ടികളുടെ പൊതുവിദ്യാഭ്യാസത്തിന് തടസമാകുന്നുവെന്നും മദ്രസകള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കണമെന്നും 11 പേജുളള കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

◾ മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന പുതിയ ഉത്തരവ് ഇപ്പോഴല്ലെങ്കിലും പിന്നീട്  പൂര്‍ണ്ണമായും അടച്ചു പൂട്ടാനുള്ള ആയുധമായി മാറുമെന്ന ആശങ്ക ഉയര്‍ത്തി  മത നേതൃത്വം. നിര്‍ദ്ദേശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ഐഎന്‍എല്‍ പ്രതികരിച്ചു. സംഘപരിവാരിന്റെ അജണ്ടയെന്ന്  മുസ്ലിം ലീഗും വിലയിരുത്തി. പരസ്യപ്രതിഷേധത്തിനൊപ്പം നിയമപോരാട്ടവും നടത്താനുള്ള നീക്കവും മതനേതൃത്വം തുടങ്ങിയേക്കും .

◾ രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. രാജ്യത്ത് മത ധ്രുവീകരണത്തിന് ഇടയാക്കുന്ന ഉത്തരവാണിത്. ഇത്തരമൊരു നിര്‍ദേശത്തിനെതിരെ രാജ്യത്ത് ഇപ്പോള്‍ തന്നെ വിമര്‍ശനാത്മകമായ പ്രതികരണങ്ങളാണ് വന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

◾ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയിലും മത സ്വാതന്ത്ര്യത്തിനുമേലുള്ള നഗ്നമായ കടന്നാക്രമണമാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

◾ മദ്രസകള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം നിര്‍ത്തലാക്കണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം മുസ്ലീങ്ങളെ അന്യവല്‍ക്കരിക്കാനും അപരവത്ക്കരിക്കാനും ഉള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മദ്രസകള്‍ അടച്ച് പൂട്ടുന്നത് അപകടകരമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാറും പറഞ്ഞു. മദ്രസകളില്‍ നിന്നാണ് കുട്ടികള്‍ ആത്മീയ വിദ്യാഭ്യാസം നേടുന്നത്. മത പഠന ക്ലാസ് എന്ന വാക്ക്  മാറ്റി എല്ലാ വിഭാഗങ്ങളും ആത്മീയ പഠനം എന്നാക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

◾ ദേശീയ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂര്‍. കേരളത്തിലെ മദ്രസകള്‍ സര്‍ക്കാര്‍ സഹായം കൈപ്പറ്റുന്നില്ലെന്നതിനാല്‍ നിലവില്‍ കേരളത്തിലെ മദ്രസകളെ തീരുമാനം ബാധിക്കില്ലെന്നും  ബാലാവകാശ കമ്മീഷന്റെ നീക്കം ഉത്തരേന്ത്യയിലെ മദ്രസകളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായും ജനാധിപത്യപരമായും മുസ്ലീം സംഘടനകള്‍ ഇത്  നേരിടുമെന്നും, പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾ കൊയിലാണ്ടി മുചുകുന്ന് ഗവണ്‍മെന്റ് കോളേജില്‍ എംഎസ്എഫ് പ്രവര്‍ത്തര്‍ക്കെതിരായ  മുദ്രാവാക്യത്തില്‍  60 ഓളം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. നിയമ വിരുദ്ധമായി സംഘം ചേരല്‍, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പരാതിയില്‍ എംഎസ്എഫ്-കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

◾ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്നും ചെയ്യാത്ത സേവനത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ മാസപ്പടി വാങ്ങിയെന്ന കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം വീണാ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചെന്നൈയിലെ ഓഫീസിലെത്തി എസ് എഫ് ഐ ഒ അന്വേഷണ ഉദ്യോഗസ്ഥന്‍ അരുണ്‍ പ്രസാദിന് മുന്നില്‍ വീണാ വിജയന്‍ മൊഴി നല്‍കിയത്. കേസ് ഏറ്റെടുത്ത് 10 മാസത്തിനു ശേഷമാണ് നടപടി.

◾ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനില്‍ നിന്നും എസ്എഫ്ഐഒ അന്വേഷണ സംഘം മൊഴിയെടുത്തത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്ന് പ്രതിപക്ഷ നേതാവ്  വിഡി. സതീശന്‍. ബാങ്ക് തട്ടിപ്പ് നടന്ന കരുവന്നൂരിലും ഇതു തന്നെയാണുണ്ടായതെന്നും, ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ചാര്‍ജ് ഷീറ്റ് കൊടുത്തത് തന്നെ എത്ര വൈകിയാണെന്ന് നോക്കിയാന്‍ മനസിലാകുമെന്നും ഇതെല്ലാം ഒത്ത് കളിയുടെ ഭാഗമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

◾ മാസപ്പടി കേസുമായി ബന്ധപ്പെട്ട്  എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ മൊഴിയെടുത്തതില്‍ പ്രതികരണവുമായി ഷോണ്‍ ജോര്‍ജ്. കേസുമായി മുന്നോട്ട് പോകുന്നത് നന്നായി ഗൃഹപാഠം ചെയ്തിട്ടാണെന്നും  ഈ കേസ് എവിടെയെത്തുമെന്നതിന്റെ നല്ല ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് കേസ് ഫയല്‍ ചെയ്തതെന്നും പരാതിക്കാരനും അഭിഭാഷകനുമായ ഷോണ്‍ ജോര്‍ജ്ജ് വ്യക്തമാക്കി.

◾ മാസപ്പടിക്കേസില്‍ വീണാ വിജയന്റെ മൊഴി രേഖപ്പപ്പെടുത്തിയ  നടപടിയില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ലെന്ന് എം വി ഗോവിന്ദന്‍. കമ്പനികള്‍ തമ്മിലുള്ള തര്‍ക്കത്തിലും പ്രശ്‌നത്തിലും പാര്‍ട്ടി മറുപടി പറയേണ്ടതില്ല. വിഷയത്തിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിടാനുള്ള ശ്രമം രാഷ്ട്രീയമാണെന്നും ആ നീക്കത്തെ ഫലപ്രദമായി പ്രതിരോധിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഇല്ലാതാക്കാന്‍ കേന്ദ്രം നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ്  മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തതെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കെ അനില്‍ കുമാറും പ്രതികരിച്ചു.

◾ മാസപ്പടി കേസില്‍ വീണ വിജയനെ എസ്എഫ്ഐഒ വിളിച്ചുവരുത്തി മൊഴിയെടുത്തത് തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം തള്ളി കെ.സുരേന്ദ്രന്‍. സതീശന്‍ ദുരുദ്ദേശ്യത്തോടെ കാര്യങ്ങള്‍  വളച്ചൊടിക്കുകയാണ്. പ്രതിപക്ഷ ആരോപണം കൊണ്ട് ഉയര്‍ന്നു വന്ന കേസല്ല ഇത്.കേന്ദ്ര എജന്‍സികള്‍ അനേഷിച്ചു കണ്ടെത്തിയതാണ്. ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ് വരട്ടെയെന്നും അപ്പോള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കം എന്ന പല്ലവി തീരുമല്ലോയെന്നും അദ്ദേഹം പറഞ്ഞു.

◾ മാസപ്പടി കേസില്‍ എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ മൊഴിയെടുത്ത സംഭവത്തില്‍ സത്യം പുറത്തുവരുമെന്ന വിശ്വാസം നഷ്ടപ്പെട്ടെന്ന്  കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഈ അന്വേഷണങ്ങളെല്ലാം വെറും പ്രഹസനമായിട്ടേ ഞങ്ങള്‍ കാണുന്നുളളൂവെന്നും സുധാകരന്‍ പറഞ്ഞു.

◾ എസ്എഫ്ഐഒ  വീണയുടെ മൊഴി എടുത്തതിലോ അന്വേഷണത്തിലോ വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നില്ലെന്ന് മാത്യു കുഴല്‍നാടന്‍.  കേന്ദ്ര സര്‍ക്കാരിന്റെ നടപടിയും നീക്കങ്ങളും വീണയെ സഹായിക്കാന്‍ വേണ്ടിയുളളതാണ്. കേന്ദ്രസര്‍ക്കാര്‍ സത്യസന്ധമാണെങ്കില്‍ ഇഡി  അന്വേഷണം ഏര്‍പ്പെടുത്തിയേനെ. ഹൈക്കോടതി എന്ത് നടപടി എടുത്തുവെന്ന് കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചപ്പോള്‍ എസ്എഫ്ഐഒ  അന്വേഷണവുമായി മുന്നോട്ടു പോകുന്നുവെന്നാണ്  പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.  

◾ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം വീണ വിജയന്റെ  മൊഴിയടുത്ത സംഭവത്തില്‍ പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും വീണയുടെ വീണയുടെ ഭര്‍ത്താവുമായ മുഹമ്മദ് റിയാസ്. ഇതില്‍ പുതുമയൊന്നുമില്ലെന്നും ആരോപണങ്ങള്‍ തെറ്റെന്ന് നേരത്തെ തന്നെ തെളിഞ്ഞതാണെന്നുമാണ് മന്ത്രി പറയുന്നത്.

◾ മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണം നാടകമെന്ന് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. എഡിജിപിക്കെതിരെ നടപടി വൈകിയത് വീണ വിജയനെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. ഇനി ചിലപ്പോള്‍ എഡിജിപിയെ സസ്പെന്‍ഡ് ചെയ്തേക്കാമെന്ന് പറഞ്ഞ അന്‍വര്‍ അതും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണെന്നും വിമര്‍ശിച്ചു.

◾ ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗായിരിക്കുമെന്നും ഡയറക്റ്റ് സ്പോട്ട് ബുക്കിങ് ഉണ്ടാവില്ലെന്നും ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍. ശബരിമല റൂട്ടിലെ വിവിധ ഇടത്താവളങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ഒരുക്കുമെന്നും, മാല ഇട്ടു വരുന്ന ആരെയും തിരിച്ചയക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്തജനങ്ങളെ ചില രാഷ്ട്രീയ കക്ഷികള്‍ തെറ്റിധരിപ്പിക്കുന്നുവെന്നും അത് ജനങ്ങള്‍ തിരിച്ചറിയുമെന്നും  രാഷ്ട്രീയ മുതലെടുപ്പ് നടത്തിയാല്‍ അതിനെ നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.

◾ ഭക്തജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി രൂപം കൊടുത്തിട്ടുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പലപ്പോഴും ഭക്തജനഹിതത്തിനെതിരായ നിലപാടാണ് കൈക്കൊള്ളുന്നതെന്ന് മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍. ശബരിമലയില്‍ സ്പോട്ട് ബുക്കിംഗ് നിര്‍ത്തലാക്കിയ ദേവസ്വം ബോര്‍ഡിന്റെ  നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

◾ ലോകപട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ചുണ്ടിക്കാട്ടി രാജ്യസഭാ എം.പി. എ.എ. റഹീമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 127 രാജ്യങ്ങളുടെ പട്ടികയില്‍ 105ാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനമെന്നും അയല്‍ രാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ പോലും നമ്മളേക്കാള്‍ ഭേദപ്പെട്ട അവസ്ഥയിലാണെന്നും അദ്ദേഹം പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

◾ ആര്‍എസ്എസിന്റെ വിജയദശമി പഥസഞ്ചലനില്‍ പങ്കെടുത്ത് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന പരിപാടിയില്‍ അധ്യക്ഷനായിട്ടായിരുന്നു ഔസേപ്പച്ചന്‍ പങ്കെടുത്തത്. ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം തന്നെ സമര്‍പ്പിച്ചവരെ വിശുദ്ധരെന്ന് വിളിക്കണമെന്നും ഔസേപ്പച്ചന്‍ വ്യക്തമാക്കി.

◾ ആലപ്പുഴ കുട്ടനാട്ടില്‍ സിപിഐയില്‍ നിന്ന് കൂട്ടരാജി. ബ്രാഞ്ച് സെക്രട്ടറിമാരും രാമങ്കരിയിലെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളുമുള്‍പ്പടെ ഇരുപതോളം പേരാണ് സിപിഐ വിട്ടത്. ഇവരെല്ലാം സിപിഎമ്മില്‍ ചേര്‍ന്നു. CPI വിട്ടെത്തിയവരെ CPM ജില്ലാ സെക്രട്ടറി ആര്‍.നാസറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

◾ ആലപ്പുഴ കലവൂര്‍ പ്രീതികുളങ്ങരയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടയില്‍ പെണ്‍കുട്ടിയുടെ മുടിമുറിച്ചതായി കുടുംബം മണ്ണഞ്ചേരി പോലീസില്‍ പരാതി നല്‍കി. രാത്രി കുട്ടികളുടെ ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടയിലാണ് സംഭവം. മുടി മുറിച്ചുമാറ്റിയ വിവരം വീട്ടില്‍ എത്തിയപ്പോഴാണ് നഴ്സിങ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി അറിഞ്ഞത്. സമീപത്തുണ്ടായിരുന്ന മധ്യവയസ്‌കനാണ് ഇതിന് പിന്നില്‍ എന്നാണ് സംശയം. പോലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

◾ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച സജീവമാകുന്നതിനിടെ, യുഡിഎഫിന് കെ മുരളീധരനേക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍. ചാനല്‍ ചര്‍ച്ചകളിലൂടെ രാഹുല്‍ ജനങ്ങള്‍ക്കിടയില്‍ ഏറെ പരിചിതനാണെന്നും ഇത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

◾ നവരാത്രി ദിനത്തില്‍ അമ്മത്തൊട്ടിലില്‍ എത്തിയ പെണ്‍കുഞ്ഞിന് നവമി എന്ന് പേരിട്ടു. ഈ ആഴ്ച തന്നെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് എത്തുന്ന രണ്ടാമത്തെ പെണ്‍കുഞ്ഞാണ് നവമി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിന്റെ സാന്ത്വനത്തിലേക്കാണ് ശനിയാഴ്ച രാത്രി 10 മണിയ്ക്ക് ഒരു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് എത്തിയത്.

◾ നാടക, സിനിമ ഗാനങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന പ്രശസ്ത ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

◾ ആറുവരിപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി നിര്‍മ്മിച്ചിരുന്ന കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരനായ അഴീക്കോട് സ്വദേശി നിഖില്‍ മരിച്ചു. ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസില്‍ ഗൗരിശങ്കര്‍ ജംഗ്ഷന് സമീപമായിരുന്നു അപകടം. കുഴിയ്ക്ക് സമീപം യാത്രക്കാര്‍ക്ക് വേണ്ടിയുള്ള യാതൊരു മുന്നറിയിപ്പ് സംവിധാനവും ഇല്ലായിരുന്നുവെന്ന് സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് വ്യക്തമാക്കി.

◾ കാപ്പില്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ പ്രാദേശിക മാദ്ധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. പരവൂര്‍ സ്വദേശി ശ്രീകുമാര്‍ (47) ആണ് മരിച്ചത്. കോയമ്പത്തൂരില്‍ നിന്നും ഉല്ലാസത്തിനായി കാപ്പില്‍ ബീച്ചില്‍ എത്തിയ 5 പേരടങ്ങുന്ന സുഹൃത്തുക്കള്‍ക്ക് ഒപ്പം ഉണ്ടായിരുന്ന ശ്രീകുമാര്‍ ശക്തമായ തിരയിലും അടിയൊഴുക്കിലും പെട്ട്  കടലില്‍ മുങ്ങി താഴുകയായിരുന്നു.

◾ കുടുംബ വഴക്കിനെ തുടര്‍ന്ന് എറണാകുളത്ത് ഭാര്യ ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്തി. എറണാകുളം നായരമ്പലം സ്വദേശി അറയ്ക്കല്‍ ജോസഫാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടോടെ നായരമ്പലത്താണ് സംഭവം. സംഭവത്തില്‍ ജോസഫിന്റെ ഭാര്യ മോണിക്ക എന്ന പ്രീതിയെ (45) പൊലീസ് കസ്റ്റഡിയിലെടുത്തു.

◾ ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി വിദ്യാര്‍ത്ഥി മരിച്ചു. അമ്പലക്കണ്ടി കുഴിമ്പാട്ടില്‍ ചേക്കു-ശമീറ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് ജസീം(19) ആണ് മരിച്ചത്. സഹോദരന്‍ മുഹമ്മദ് ജിന്‍ഷാദ് പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജിന്‍ഷാദിന്റെ പരിക്ക് സാരമുള്ളതല്ല എന്നാണ് ലഭിക്കുന്ന വിവരം.

◾ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന പത്തനംതിട്ട സ്വദേശികളായ പി. ഡി. രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരെ ബോധം കെടുത്തി കവര്‍ച്ച നടത്തിയെന്ന് പരാതി. സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും ബാഗും ഉള്‍പ്പെടെയുള്ളവ കവര്‍ന്നു. കൊല്ലം -  വിശാഖപട്ടണം എക്സ്പ്രസില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.സംഭവത്തില്‍ കാട്പാടി റെയില്‍വെ പോലീസ് അന്വേഷണം ആരംഭിച്ചു.

◾ കാസര്‍കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സിപിഎം പ്രാദേശിക നേതാവടക്കം രണ്ടു പേര്‍ അറസ്റ്റില്‍. കാസര്‍കോട് അമ്പലത്തറയിലാണ് പോക്സോ കേസില്‍ സിപിഎം പ്രാദേശിക നേതാവ് എംവി തമ്പാന്‍ (55), ഇയാളുടെ സുഹൃത്ത് സജി (51) എന്നിവര്‍ അറസ്റ്റിലായത്.

◾ വര്‍ക്കലയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 22 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇതില്‍ ആറുപേര്‍ ആശുപത്രിയില്‍ തുടരുകയാണ്. വര്‍ക്കല ക്ഷേത്രം റോഡിലെ റണ്ട് ഹോട്ടലുകളില്‍ നിന്നായി ചിക്കന്‍ അല്‍ഫാം, കുഴിമന്തി, ഷവര്‍മ തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തെ തുടര്‍ന്ന് രണ്ട് ഹോട്ടലുകളും ആരോഗ്യ വകുപ്പ് അടപ്പിച്ചു.

◾ തൃശൂരില്‍ തലയറ്റ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ പുതുക്കാട് ആമ്പല്ലൂര്‍ മണലിപ്പുഴയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പുഴയില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹമെന്നും അഞ്ചു ദിവസത്തിലധികം പഴക്കമുണ്ടെന്നും പൊലീസ് പറഞ്ഞു.

◾ റിയാദ് എയര്‍പ്പോര്‍ട്ടില്‍ നിന്ന് സുഹൃത്തിനെയും കൂട്ടി വരുന്നതിനിടെ കാറില്‍ വെച്ച് ഹൃദയാഘാതമുണ്ടായി മലയാളി സാമൂഹികപ്രവര്‍ത്തകന്‍ നിര്യാതനായി. റിയാദ് കൊയിലാണ്ടികൂട്ടം രക്ഷാധികാരി കോഴിക്കോട് കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡില്‍ ആബിദ നിവാസില്‍ ടി.വി. സഫറുല്ലയാണ് മരിച്ചത്.

◾ മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മഹാരാഷ്ട്ര രാഷ്ട്രീയത്തിലും ബോളിവുഡ് സിനിമാലോകത്തും കഴിഞ്ഞ നാലരപതിറ്റാണ്ടോളം സജീവ സാന്നിധ്യമായിരുന്ന നേതാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. അറസ്റ്റിലായവരുടെ കയ്യില്‍ നിന്ന് പിസ്റ്റള്‍ പിടിച്ചെടുത്തതതായി പൊലീസ് അറിയിച്ചു.

◾ ബാബ സിദ്ദിഖിയുടെ കൊലപാതക പശ്ചാത്തലത്തില്‍ ബോളിവുഡ്താരം സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ബാന്ദ്രയിലെ അദ്ദേഹത്തിന്റെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലെ സുഹൃത്തുക്കളോട് ഇപ്പോള്‍ സന്ദര്‍ശനമരുതെന്നും കുടുംബം അഭ്യര്‍ഥിച്ചിട്ടുണ്ട്.

◾ മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തില്‍ പ്രതികരണവുമായി പ്രതിയാക്കപ്പെട്ട ഗുര്‍മൈല്‍ സിങ്ങിന്റെ കുടുംബം. ഗുര്‍മൈല്‍ തങ്ങള്‍ക്ക് ആരുമല്ലെന്നും അവനുമായുള്ള ബന്ധം വളരെ മുന്‍പ് തന്നെ വിച്ഛേദിച്ചിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.

◾ ബാബാ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്ന് പേര്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലെ അംഗത്തെ ഹരിയാന ജയിലില്‍ വെച്ച് കണ്ടിരുന്നതായി കേസന്വേഷിക്കുന്ന മുംബൈ ക്രൈം ബ്രാഞ്ച്. ഇവര്‍, വിവിധ കേസുകളിലായി ജയിലില്‍ കഴിഞ്ഞപ്പോഴായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് പോലീസ് പറയുന്നു.കൊലപാതകം നടത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് മാസമായി ബാന്ദ്രയില്‍ 14000 രൂപ വാടകയുള്ള വീടെടുത്ത് താമസിക്കുകയായിരുന്നു നാലംഗ സഘമെന്നും പോലീസ് പറഞ്ഞു.

◾ മഹാരാഷ്ട്രയിലെ എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്  ലോറന്‍സ് ബിഷ്ണോയി സംഘം. സല്‍മാന്‍ ഖാനെ സഹായിക്കുന്നവര്‍ക്ക് ഇതായിരിക്കും അനുഭവം എന്നും സംഘം ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

◾ പശുത്തൊഴുത്ത് വൃത്തിയാക്കി അതില്‍ കിടന്നാല്‍ കാന്‍സര്‍ രോഗം ഭേദമാകുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി സഞ്ജയ് സിംഗ് ഗാംഗ്വാര്‍. പശുക്കളെ ലാളിക്കുകയും സേവിക്കുകയും ചെയ്താല്‍ രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നിന്റെ അളവ് 10 ദിവസത്തിനുള്ളില്‍ പകുതിയായി കുറയ്ക്കാമെന്നും അവകാശപ്പെട്ടു. മന്ത്രി വിവാഹ വാര്‍ഷികവും കുട്ടികളുടെ ജന്മദിനവും ഗോശാലകളില്‍ ആഘോഷിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

◾ ജാമ്യം ലഭിച്ച് നാട്ടിലെത്തിയ ഗൗരി ലങ്കേഷ് വധക്കേസ് പ്രതികള്‍ക്ക് തീവ്രഹിന്ദു സംഘടനകളുടെ സ്വീകരണം. പരശുറാം വാഗ്മോര്‍, മനോഹര്‍ യാദവ് എന്നിവര്‍ക്ക് ആണ് കര്‍ണാടകയിലെ വിജയപുരയില്‍ വച്ചാണ് തീവ്രഹിന്ദു സംഘടനകള്‍ സ്വീകരണം നല്‍കിയത്.  കേസിലെ 18 പ്രതികളില്‍ 12 പേരും നിലവില്‍ ജാമ്യത്തിലാണ്.  

◾ ഉത്തരാഖണ്ഡിലെ ധന്‍ദേ  റെയില്‍വേ പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍. കരസേന ഉപയോഗിച്ചിരുന്ന റെയില്‍വേ പാളത്തിലാണ് ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയത്. കൃത്യസമയത്ത് ബ്രേക്ക് ചെയ്ത് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ ഗുഡ്സ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

◾ ഹരിയാനയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡക്കെതിരെ ഭാരതീയ കിസാന്‍ യൂണിയന്‍. ഭൂപേന്ദര്‍ ഒരു വിഡ്ഡിയാണെന്നും, കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം ഇതാണെന്നും, ഹരിയാനയില്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചത് ഞങ്ങളാണെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ഗുര്‍നാം സിംഗ് ചാരുണി പറഞ്ഞു.  

◾ ലെബനനില്‍ നടന്ന സ്ഫോടനങ്ങള്‍ക്ക് പിന്നാലെ വിമാനങ്ങളില്‍ ആശയവിനിമയോപാധികളായ പേജറുകളും വാക്കി ടോക്കികളും നിരോധിച്ച് ഇറാന്‍.  ക്യാബിനുകളിലും ചെക്ക് ഇന്‍ ലഗേജുകളിലും ഇവ രണ്ടും പാടില്ലെന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഒഴികെയുള്ള മറ്റെല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങളും നിരോധിച്ചതായി ഇറാന്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

◾ വനിതാ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ഒമ്പത് റണ്‍സിന്റെ തോല്‍വി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് 8 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഈ തോല്‍വിയോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ച മട്ടിലാണ്. വരുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ അട്ടിമറിച്ചാല്‍ മാത്രമേ ഇന്ത്യക്ക് എന്തെങ്കിലും സാധ്യത ബാക്കുയുള്ളൂ.

◾ ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെയും വിപണി മൂല്യത്തില്‍ കനത്ത ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1.22 ലക്ഷം കോടിയാണ് നഷ്ടമായത്. കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് 307 പോയിന്റാണ് താഴ്ന്നത്. ടിസിഎസിന്റെ മാത്രം വിപണി മൂല്യത്തില്‍ 35,638 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 15,01,723 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 21,351 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 18,55,366 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്. ഐടിസി 18,761 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 16,047 കോടി, എല്‍ഐസി 13,946 കോടി, ഐസിഐസിഐ ബാങ്ക് 11,363 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്.  ഭാരതി എയര്‍ടെലിന്റെ വിപണി മൂല്യത്തില്‍ 26,330 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. ഇന്‍ഫോസിസിനും എസ്ബിഐയ്ക്ക് യഥാക്രമം 6,913 കോടി, 3034 കോടി എന്നിങ്ങനെയാണ് വിപണി മൂല്യത്തിലെ വര്‍ധന.

◾ ബോളിവുഡ് മെഗാസ്റ്റാര്‍ ആമിര്‍ ഖാനും സൂപ്പര്‍സ്റ്റാര്‍ രജനികാന്തും വീണ്ടും സ്‌ക്രീന്‍ പങ്കിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏകദേശം 30 വര്‍ഷങ്ങള്‍ക്ക് ശേഷം ആതംഗ് ഹീ ആതംഗ് (1995) എന്ന ചിത്രത്തിലാണ് ഇരുവരും അഭിനയിച്ചത്. റിപ്പോര്‍ട്ട് പ്രകാരം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്തിന്റെ വരാനിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ 'കൂലി'യില്‍ ആമിര്‍ ഒരു സ്പെഷ്യല്‍ കാമിയോ റോളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ആമിര്‍ ഇതിനകം തന്റെ തീയതികള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 15 ന് ചെന്നൈയില്‍ ആരംഭിക്കുന്ന കൂലിയുടെ വരാനിരിക്കുന്ന ഷെഡ്യൂളില്‍ അതിഥി വേഷം ചിത്രീകരിക്കും. രജനികാന്തിന്റെ 171-ാമത് ചിത്രമായ കൂലിയില്‍ നാഗാര്‍ജുന, ശ്രുതി ഹാസന്‍, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍ ഷാഹിര്‍ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കും.

◾ ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത ചിത്രം 'കൊണ്ടല്‍' നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിച്ചു. ഓണം റിലീസായി എത്തിയ ചിത്രത്തിന് തിയറ്ററില്‍ അത്രകണ്ട് ശോഭിക്കാന്‍ സാധിച്ചിരുന്നില്ല.  80 ശതമാനവും കടലില്‍ ചിത്രീകരിച്ച 'കൊണ്ടല്‍' ഒരു വേറിട്ട സിനിമാനുഭവമാണ് നല്‍കുന്നത്. കടലിനുളില്‍ ഒരു ബോട്ടില്‍ ചിത്രീകരിച്ച ആക്ഷന്‍ രംഗങ്ങളാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ആന്റണി വര്‍ഗീസിനൊപ്പം രാജ് ബി ഷെട്ടി, ഷബീര്‍ കല്ലറക്കല്‍, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലി, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്മ കുമാരി എന്നിവരും കൊണ്ടലില്‍ അഭിനയിച്ചിട്ടുണ്ട്.

◾ ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് എസ്യുവി ടാറ്റ പഞ്ച്, ഇലക്ട്രിക് ഹാച്ച്ബാക്ക് ടാറ്റ ടിയാഗോ ഇവി എന്നിവയുടെ വില കമ്പനി കുറച്ചിരുന്നു. ഇപ്പോഴിതാ ഈ രണ്ട് മോഡലുകള്‍ക്കും ികച്ച ക്യാഷ് ഡിസ്‌കൌണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ പഞ്ച് ഇലക്ട്രിക് എസ്യുവിക്ക് 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 6,000 രൂപ വരെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കുന്നു. ഈ ഓഫര്‍ 2023, 2024 മോഡലുകള്‍ക്കാണ്. 10.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ടാറ്റ പഞ്ച് ഇവി അവതരിപ്പിച്ചത്. എന്നാല്‍ കുറച്ച് മുമ്പ് കമ്പനി ഈ കാറിന്റെ വില ഒരു ലക്ഷം രൂപ കുറച്ചിരുന്നു. ഒരു ലക്ഷം രൂപ കിഴിവിന് ശേഷം, ഈ വാഹനത്തിന്റെ പുതിയ വില ഇപ്പോള്‍ 9.99 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതല്‍ 13.79 ലക്ഷം രൂപ (എക്സ്-ഷോറൂം) വരെയാണ്. ടിയാഗോയുടെ ഇലക്ട്രിക് പതിപ്പിന്റെ വില 40,000 രൂപയും നേരത്തെ കുറച്ചിരുന്നു. ഇപ്പോള്‍, ഈ വാഹനത്തിന് 50,000 രൂപ വരെ ക്യാഷ് കിഴിവും 6,000 രൂപ വരെ കോര്‍പ്പറേറ്റ് കിഴിവും ലഭിക്കുന്നു.

◾ ദക്ഷിണ കൊറിയന്‍ എഴുത്തുകാരിയായ ഹാന്‍ കാങ്ങിന്റെ മാന്‍ ബുക്കര്‍ അന്താരാഷ്ട്ര പുരസ്‌കാരം നേടിയ നോവല്‍. തികച്ചും മൗലികവും നൂതനവുമായ രചന. മനുഷ്യരുടെ തൃഷ്ണകളും ഹിംസാത്മകതയും രതിഭാവനകളും ഇതില്‍ സമ്യക്കായി സമ്മേളിച്ചിരിക്കുന്നു. അസാധാരണമായ ആവിഷ്‌ക്കാരം. സ്വപ്നസദൃശം. മൊഴിമാറ്റം നിര്‍വ്വഹിച്ചിരിക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ സി. വി. ബാലകൃഷ്ണന്‍. 'വെജിറ്റേറിയന്‍'. ഹാന്‍ കാങ്ങ്. കൈരളി ബുക്സ്. വില 299 രൂപ.

◾ ദിവസവും ഒരുപിടി നട്സ് കഴിക്കുന്നത് ഡിമെന്‍ഷ്യയെ ചെറുക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനം. അറുപതു കഴിഞ്ഞവരില്‍ ഡിമെന്‍ഷ്യ ഇപ്പോള്‍ ഒരു സാധാരണ രോ?ഗാവസ്ഥയായി മാറിയിരിക്കുകയാണ്. തലച്ചോറിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു രോഗാവസ്ഥയാണിത്. ഓര്‍ക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്ന അവസ്ഥയാണ് ഡിമെന്‍ഷ്യ. ഡിമെന്‍ഷ്യയ്ക്ക് നിലവില്‍ ചികിത്സ ലഭ്യമല്ല. എന്നാല്‍ ഉപ്പ് ചേര്‍ക്കാത്തതും പ്രോസസ് ചെയ്യാത്തതുമായ 30 ഗ്രാം വീതം നട്‌സ് ദിവസവും കഴിക്കുന്നത് ഡിമെന്‍ഷ്യയുടെ സാധ്യത 12 ശതമാനമായി കുറയ്ക്കുമെന്ന് കാസ്റ്റില്ല-ലാ മാന്‍ച്ച സര്‍കലാശാലയിലെയും പോര്‍ട്ടോ സര്‍വകലാശാലയിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ശരാശരി 50 വയസ്സായ 50,386 പേരില്‍ ഏഴ് വര്‍ഷം കൊണ്ടാണ് പഠനം നടത്തിയത്. ഡിമെന്‍ഷ്യയ്ക്ക് കാരണമാകുന്ന എല്ലാ ഘടകങ്ങളും വിലയിരുത്തിയായിരുന്നു പഠനം. ജീവിതശൈലി, ശ്രവണ പ്രശ്‌നങ്ങള്‍, വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയൊന്നും കണക്കിലെടുക്കാതെ തന്നെ നട്‌സ് ദിവസവും കഴിക്കുന്നവരില്‍ ഡിമെന്‍ഷ്യ സാധ്യത കുറയുന്നതായി ഗവേഷകര്‍ കണ്ടെത്തി. ബയോആക്ടീവ് സംയുക്തങ്ങള്‍ അടങ്ങിയ നട്‌സ് പോഷകങ്ങളുടെ പവര്‍ഹൗസ് ആണ്. ഇതില്‍ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന നിരവധി ന്യൂറോപ്രോട്ടക്ടറ്റീവ് സംയുക്തങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ നട്സില്‍ ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.

*ശുഭദിനം*
*കവിത കണ്ണന്‍*
ഡിഗ്രിക്ക് പഠിക്കുമ്പോള്‍ പാര്‍ട് ടൈം ജോലി ചെയ്ത് അവള്‍ മാസം 7000 രൂപ സമ്പാദിക്കുമായിരുന്നു.  ആ തുകകൊണ്ടാണ് അവള്‍ തന്റെ കുടുംബചിലവ് നടത്തിയിരുന്നത്.  ക്ലാസ്സിലെ മറ്റ് കുട്ടികളെല്ലാം കോളേജ് ലൈഫ് ആസ്വദിച്ചപ്പോള്‍, അവള്‍ നിറയെ സ്‌ക്രാച്ച് വീണ ഫോണില്‍ തിരക്കിട്ട പണിയിലായിരിക്കും.  കുട്ടികള്‍ക്ക് വേണ്ടി പാഠങ്ങള്‍ എളുപ്പമാക്കുക എന്നതായിരുന്നു ആ ഫോണിലെ അവളുടെ ജോലി. എല്ലാ വിഷയങ്ങളും കുറച്ചുകൂടി സിംപിളാക്കി PDF ആയി നല്‍കുക.  കോളേജ് വിടുമ്പോള്‍ എല്ലാവരും കാന്റീനിലും മറ്റും കറങ്ങി നടക്കുമ്പോള്‍ അവള്‍ വീട്ടിലേക്ക് ഓടും.  അവിടെ ചെന്നിട്ട് വേണം അവള്‍ക്ക് കുട്ടികള്‍ക്ക് ട്യൂഷ്യനെടുക്കാന്‍. അത് കഴിഞ്ഞ് ഒരു ഷോപ്പില്‍ പാര്‍ട് ടൈം സെയില്‍സും ചെയ്യുന്നുമുണ്ട്. അവള്‍ക്ക് പരാതികളില്ല.  എന്റെ ജീവിതം ഇങ്ങനെയായല്ലോ എന്ന ചിന്തയില്ല.. ഒന്നോര്‍ത്ത് നോക്കൂ.. മറ്റൊരാളുടെ മുന്നില്‍ കടം ചോദിച്ച് കൈനീട്ടുന്നതിലും എത്രയോ നല്ലതാണ് അവളുടെ ഈ ജീവിതം. ചിലര്‍ പറയുന്നത് കേള്‍ക്കാം.. ഞാന്‍ ചോദിച്ചിട്ട് ആരും കടം തരുന്നില്ല.. എന്തായിരിക്കാം കാരണം.. പലപ്പോഴും കൊടുത്തപൈസ തിരികെ ചോദിക്കുമ്പോഴാണ് പലരും ശത്രുക്കളായി മാറുന്നത്.  കഷ്ടപ്പെട്ട് ജീവിക്കുന്നതില്‍ ഒരാള്‍ പണം കടം തന്നാല്‍ അയാളോട് നന്ദിയുളളവനാകണം എന്ന് കൂടി നാം പഠിക്കേണ്ടതുണ്ട്.. കാരണം കടം തരുന്നയാളും പലപ്പോഴും കോടീശ്വരനോ, കോടീശ്വരിയോ ഒന്നുമായിരിക്കുകയില്ലല്ലോ..  ലോകത്ത് പലതും പ്രലോഭിപ്പിക്കാനുണ്ട്.. എന്ത് വേണം.. എന്ത് വേണ്ട എന്ന് തീരുമാനിച്ച് ഉള്ളത് കൊണ്ട് എങ്ങിനെ സമാധാനത്തോടെ ജീവിക്കാം എന്ന് പഠിച്ചുതുടങ്ങുമ്പോഴാണ് നമ്മുടെ ജീവിതം കൂടുതല്‍ സുന്ദരമാകുന്നത് - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right