Trending

പ്രഭാത വാർത്തകൾ

2024  ഒക്ടോബർ 2  ബുധൻ 
1200  കന്നി 16  ഉത്രം  
1446  റ: അവ്വൽ 28
       
◾ ഇസ്രായേലിനെതിരായ യുദ്ധത്തിന് നേരിട്ടിറങ്ങി ഇറാനും. ഇസ്രായേലില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം. ലെബനനില്‍ ഇസ്രയേല്‍ കരയാക്രമണം തുടങ്ങിയതിനു പിന്നാലെയാണ് ടെല്‍ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് ഇറാന്‍ നൂറുകണക്കിന് മിസൈലുകള്‍ അയച്ചത്.  ഇസ്രായേലിനെതിരെ 180ലധികം ഹൈപ്പര്‍സോണിക് മിസൈലുകളാണ് ഇറാന്‍ തൊടുത്ത് വിട്ടത്. ഇസ്രായേലിലെ ടെല്‍ അവീവില്‍ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാന്‍ ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു. ജോര്‍ദാനിലും മിസൈല്‍ ആക്രമണം ഉണ്ടായതായും ഇസ്രായേലില്‍ പരക്കെ അതിശക്തമായ ആക്രമണമാണ് നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഷെല്‍ട്ടറുകളില്‍ അഭയം തേടിയിരിക്കുകയാണ് ഇസ്രായേലി പൗരന്മാരും മറ്റു രാജ്യങ്ങളിലെ പൗരന്മാരും. ഇസ്രായേലിലെ മലയാളികളും ഷെല്‍ട്ടറുകളിലേക്ക് മാറിയിട്ടുണ്ട്. ആക്രമണത്തില്‍ ഇസ്രയേലില്‍ ആരും കൊല്ലപ്പെട്ടതായി വിവരമില്ല.

◾ ഇറാന്റെ മിസൈല്‍ ആക്രമണം തടയാന്‍ അമേരിക്കയുടെ രണ്ട് യുദ്ധ കപ്പലുകള്‍ ഇസ്രയേലിനെ സഹായിച്ചതായി പെന്റഗണ്‍. 12 ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ വഴി ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെ തടുത്തുവെന്നും മേഖലയില്‍ യുദ്ധം വ്യാപിക്കാതിരിക്കാന്‍ ശ്രമങ്ങള്‍ തുടരുമെന്നും ഇതിന് മുന്‍ഗണന നല്‍കുമെന്നും യുഎസ് ഡിഫന്‍സ് വ്യക്തമാക്കി. ഇറാന്റെ ആക്രമണത്തെ ഇസ്രയേല്‍ ഫലപ്രദമായി പരാജയപ്പെടുത്തിയെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും പറഞ്ഞു. ഇസ്രയേല്‍ സൈന്യവുമായി സഹകരിച്ച് ഇറാന്റെ ആക്രമണത്തെ പ്രതിരോധിച്ചുവെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണവും.

◾ ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേലിനും അമേരിക്കക്കും മുന്നറിയിപ്പുമായി ഇറാന്‍. സയണിസ്റ്റ് ഭരണകൂടത്തിന്റെ ഭീകരപ്രവര്‍ത്തനങ്ങളോടുള്ള ഇറാന്റെ നിയമപരവും നിയമാനുസൃതവുമായ പ്രതികരണമാണിതെന്നും സയണിസ്റ്റ് ഭരണകൂടം പ്രതികരിക്കാനോ കൂടുതല്‍ ദ്രോഹപ്രവര്‍ത്തനങ്ങള്‍ നടത്താനോ ധൈര്യപ്പെടുകയാണെങ്കില്‍, തുടര്‍ന്നും പ്രതികരണം ഉണ്ടാകുമെന്നും ഇറാന്‍ വ്യക്തമാക്കി. ഏതെങ്കിലും ശത്രുതാപരമായ നടപടികളില്‍ അമേരിക്ക ഇടപെടുകയോ എന്തെങ്കിലും ബോംബിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്താല്‍, ഇറാഖിലെയും പ്രദേശത്തെയും എല്ലാ അമേരിക്കന്‍ താവളങ്ങളും ലക്ഷ്യമിടുമെന്നാണ് യുഎസിനുള്ള മുന്നറിയിപ്പ്.

◾ ഇസ്രയേലിനെതിരായ ഇറാന്റെ മിസൈല്‍ ആക്രമണം പരാജയപ്പെട്ടെന്നും അതേസമയം ഇറാന്‍ ഒരു വലിയ തെറ്റ് ചെയ്തെന്നും അതിനുള്ള മറുപടി കൊടുക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.  സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാര്‍ഢ്യവും ശത്രുക്കള്‍ക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ലെന്നും ഈ തെറ്റിന് ഇറാന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലങ്ങള്‍ ഇറാന്‍ ഉടന്‍ അനുഭവിക്കുമെന്നും പ്രതികരണം വേദനാജനകമാകുമെന്നും ഇസ്രായേലിന്റെ യുഎന്‍ പ്രതിനിധിയും പറഞ്ഞു.

◾ ഇറാന്റെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ സംഘര്‍ഷം വ്യാപിക്കുന്നത് തടയണമെന്ന് ഇന്ത്യ വീണ്ടും ആവശ്യപ്പെട്ടു. മേഖലയിലെ സംഘര്‍ഷം പരിഹരിക്കണമെന്നും ഇതിനായി പരസ്പരം സന്ദേശങ്ങള്‍ കൈമാറാന്‍ തയാറാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

◾ അഹിംസ എന്ന തത്വം അടിസ്ഥാനമാക്കി സത്യാഗ്രഹസമരങ്ങളിലൂടെ ജനഹൃദയങ്ങളിലേക്ക് ചേക്കറിയ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം രാജ്യം ഇന്ന് ആഘോഷിക്കുന്നു. രാജ്യത്തിന് ദിശാബോധം പകര്‍ന്നുനല്‍കിയ മഹാത്മജിയുടെ ജന്മദിനം രാജ്യം വിപലുമായിട്ടാണ് ആഘോഷിക്കുന്നത്.

◾ കേരളത്തിന് പ്രളയ ധനസഹായമായി  കേന്ദ്ര സര്‍ക്കാര്‍  145.60 കോടി രൂപ  അനുവദിച്ചു. പ്രളയ ധനസഹായമായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് അനുവദിച്ചത്.വയനാട് ദുരന്തം ഉണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്ര സഹായം വൈകുന്നതിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതം അനുവദിക്കുന്നത്.

◾ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശം വിവാദമായതിനു പിന്നാലെ ഖേദം പ്രകടിപ്പിച്ച് അഭിമുഖം പ്രസിദ്ധീകരിച്ച 'ദ ഹിന്ദു' പത്രം. അഭിമുഖത്തിലെ വിവാദ ഭാഗം നല്‍കിയത് പിആര്‍ ഏജന്‍സിയാണെന്നാണ് വിശദീകരണം. സ്വര്‍ണക്കടത്ത്, ഹവാല പരാമര്‍ശങ്ങള്‍ മുന്‍ വാര്‍ത്തസമ്മേളനത്തിലേതാണെന്ന് പിആര്‍ ഏജന്‍സി പറഞ്ഞിരുന്നു. അത് മുഖ്യമന്ത്രിയുടേതായി പ്രസിദ്ധീകരിച്ചതില്‍ പത്രത്തിന് തെറ്റുപറ്റിയെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഹിന്ദുവിന്റെ ഔദ്യോഗിക വിശദീകരണത്തില്‍ പറയുന്നു. മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പത്രത്തിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് വന്നത്.

◾ ഹിന്ദു പത്രത്തിലെ വിവാദ അഭിമുഖത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദി ഹിന്ദു പത്രത്തിലെ അഭിമുഖത്തില്‍ താന്‍ പറയാത്ത കാര്യമാണ് വന്നത്. ഇക്കാര്യത്തില്‍ അവരുടെ വിശദീകരണം വന്നിട്ടുണ്ട്.സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെ പിടിക്കുമ്പോള്‍ ചിലര്‍ക്ക് എന്തിനാണ് വേവലാതിയെന്നും പിണറായി വിജയന്‍ ചോദിച്ചു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ എകെജി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

◾ മുഖ്യമന്ത്രി പിണറായി വിജയന്‍ 'ദ ഹിന്ദു' ദിനപത്രത്തിനു നല്‍കിയ അഭിമുഖം രാജ്യതാല്‍പര്യത്തിനും സംസ്ഥാനതാല്‍പര്യത്തിനും എതിരാണെന്നും ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാജ്യത്ത് മതസ്പര്‍ധ ഉണ്ടാക്കുന്നതിനായി ബി.ജെ.പി. പറയുന്ന കാര്യങ്ങളാണ് പി.ആര്‍. ഏജന്‍സി എഴുതികൊടുത്തതെന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങളില്‍നിന്ന് മുഖ്യമന്ത്രിയ്ക്ക് ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും സംഘപരിവാറിന്റെ അതേ പാതയിലാണ് പിണറായിയെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

◾ മലപ്പുറത്തെ തള്ളിപ്പറഞ്ഞതില്‍ നിന്നു രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതരുതെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഇറക്കിയ ഒരു കുറിപ്പു കൊണ്ടു തീരുന്നതല്ല മലപ്പുറത്തിന്റെ വികാരത്തിനേറ്റ മുറിവ്. ഇത് മുഖ്യമന്ത്രി ഗൗരവമായി ഉള്‍ക്കൊണ്ട് ജനവികാരം മാനിച്ച് മാപ്പു പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

◾ അമേരിക്കയോടും ഇസ്രയേലിനോടും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നയം രാജ്യത്തിന്റെ പൊതുനിലപാടിന് എതിരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ജില്ലാ കമ്മിറ്റി നിര്‍മിച്ച എ.കെ.ജി. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. പലസ്തീന്‍ വിഷയത്തില്‍ സി.പി.എം. നടത്തിയ പ്രചരണങ്ങളെ എതിര്‍ത്തവര്‍ക്ക് പ്രത്യേക ഉദ്ദേശ്യങ്ങളുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രി യു ടേണ്‍ അടിച്ചിരിക്കുകയാണെന്നും വാഴപ്പിണ്ടി നട്ടെല്ലുള്ള മുഖ്യമന്ത്രിയാണ് പിണറായിയെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. അവസരവാദത്തിന്റെ അപ്പോസ്തലനാണ് പിണറായി വിജയനെന്നും ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് ഇവിടെയും സംഭവിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

◾ കൊച്ചിയിലെ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി.രാഷ്ട്രീയ പാര്‍ട്ടികളുടെ അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തില്ലേല്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. ഈ 21ാം നൂറ്റാണ്ടിലും സഞ്ചാരയോഗ്യമായ റോഡ് വേണമെന്ന ആവശ്യം ഉയരുന്നത് ആശങ്കയായി ആര്‍ക്കും തോന്നുന്നില്ലേയെന്നും ജില്ലാ കലക്ടര്‍മാര്‍ക്ക് ഇവിടെ എന്താണ് പണിയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

◾ തിരുവനന്തപുരം സബ് ഡിവിഷനിലെ ഓവര്‍സിയറെയേയും അസി. എഞ്ചിനീയറെയും സസ്പെന്‍ഡ് ചെയ്തു. എസ്.എ.ടി ആശുപത്രിയിലെ വൈദ്യുതി വിതരണത്തില്‍ വീഴ്ച ഉണ്ടായ സംഭവത്തിലാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സസ്പെന്‍ഡ് ചെയ്യാനുള്ള നിര്‍ദ്ദേശം നല്‍കിയത്. പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഇവര്‍ക്ക് വീഴ്ച പറ്റിയെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

◾ കെഎം ഷാജി നിലമ്പൂരില്‍ നടത്താനിരുന്ന  രാഷ്ട്രീയ വിശദീകരണയോഗം ഉപേക്ഷിച്ചതിനെ ചൊല്ലി വിവാദം. സിപിഎമ്മിന്റെ ആര്‍എസ്എസ് ബന്ധത്തെ തുറന്നു കാട്ടാനായിരുന്നു യോഗം. എന്നാല്‍ ഇത് അന്‍വറിന് അനുകൂലമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ യോഗം റദ്ദാക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍.

◾ കെ.എം. ഷാജിയെ പൊതുപരിപാടിയില്‍ നിന്ന് വിലക്കിയെന്നത് അടിസ്ഥാനരഹിതമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്. കെ.എം. ഷാജിക്ക് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന് ഒരു വിലക്കും ഇല്ലെന്നും കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പോലെ വ്യാജമായ ഒന്നാണ് ഇത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

◾ പിവി അന്‍വറിന്റെ മുന്നണി പ്രവേശനം തള്ളാതെ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഭരണപക്ഷ എംഎല്‍എയുടെ തുറന്നു പറച്ചില്‍ യുഡിഎഫില്‍ സ്വാഭാവികമായും ചര്‍ച്ചയാകുമെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ചര്‍ച്ച ചെയ്ത ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

◾ തിരുവനന്തപുരം കോര്‍പ്പറേഷന് സംസ്ഥാന സര്‍ക്കാരിന്റെ 2024ലെ വയോസേവന പുരസ്‌കാരം. മേയര്‍ വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ നടത്തിയ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. തിരൂരില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഡോ. ആര്‍ ബിന്ദുവില്‍ നിന്ന് ആര്യ പുരസ്‌കാരം മേയര്‍ ആര്യ രാജേന്ദ്രന്‍ ഏറ്റുവാങ്ങി.

◾ നടന്‍ സിദ്ദിഖ്കൊച്ചിയില്‍ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം നോര്‍ത്തിലുള്ള അഡ്വക്കേറ്റ് ബി രാമന്‍ പിള്ളയുടെ ഓഫീസിലെ  കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവ് ജീവിതം അവസാനിപ്പിച്ചത്.

◾ തുലാവര്‍ഷത്തില്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.

◾ കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് ഏജന്റും വ്യാപാരിയുമായ മാമി എന്ന മുഹമ്മദ് ആട്ടൂറിന്റെ തിരോധാനത്തില്‍ സിബിഐ അന്വേഷണമില്ല. അന്വേഷണം സംസ്ഥാന പൊലീസില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മാമിയുടെ ഭാര്യ റംലത്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. മാമി തിരോധാനത്തിന് പിന്നില്‍ സംസ്ഥാനത്തെ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് പി വി അന്‍വര്‍ ആരോപിച്ചിരുന്നു.

◾ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 11ന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി.

◾ ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സംസ്ഥാനത്ത് പ്രാക്ടീസ് നടത്താന്‍ പാടുള്ളൂ. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമ പ്രകാരം ആശുപത്രിയില്‍ ജോലി ചെയ്യുന്നവര്‍ നിശ്ചിത യോഗ്യതയുള്ളവരാണെന്നും രജിസ്റ്റര്‍ ചെയ്തവരാണെന്നും ഉറപ്പ് വരുത്തേണ്ടത് ആ സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ് എന്നും മന്ത്രി പറഞ്ഞു.

◾ ഭരണപക്ഷ എംഎല്‍എ  സംസ്ഥാന സര്‍ക്കാരിന്റെ അധോലോക പ്രവര്‍ത്തനങ്ങള്‍ക്കെതിരായി പൊതുയോഗങ്ങള്‍ നടത്തുന്ന പശ്ചാത്തലമാണ് സംസ്ഥാനത്തെന്ന്  രാഹുല്‍ മാങ്കൂട്ടത്തില്‍. ഡല്‍ഹി ആസ്ഥാനമായ പി ആര്‍ ഏജന്‍സിയാണോ മുഖ്യമന്ത്രിയുടെ നാവെന്നും ഒരു മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ തീരുമാനിക്കുന്നത് ഒരു പി ആര്‍ ഏജന്‍സിയാണോയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.

◾ ഇന്ന് പുറത്തിറങ്ങുന്ന സ്വര്‍ഗസ്ഥനായ ഗാന്ധിജി എന്ന തന്റെ പുസ്തകത്തിലെ അവസാന അധ്യായത്തില്‍ നിലപാട് വ്യക്തമാക്കി കെടി ജലീല്‍ . പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സേവനം തുടരുമെന്നും എന്നാല്‍ ഇപ്പോള്‍ വിരമിക്കല്‍ മൂഡിലാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരനായ തനിക്ക് ഇതുവരെയും സിപിഎം നല്‍കിയ വലിയ പരിഗണനയ്ക്ക് നന്ദി പറയുന്നുവെന്നും സിപിഎം സഹയാത്രികനായി തുടരുമെന്നും ജലീല്‍ പുസ്തകത്തില്‍ വ്യക്തമാക്കുന്നു.

◾ നടി ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് ക്രൈം നന്ദകുമാറിനെഅറസ്റ്റ് ചെയ്തത്. യൂട്യൂബ് ചാനലിലൂടെ ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് കേസ്.

◾ കൈതച്ചക്കകൃഷിക്കായി നിലമൊരുക്കാന്‍ പാഴ്മരങ്ങള്‍ മുറിക്കാന്‍ കരാറെടുത്തവര്‍ കണ്ണൂര്‍ ആറളം ഫാമില്‍ അനുമതി ഇല്ലാതെ ഇരുള്‍ ആഞ്ഞിലി ഉള്‍പ്പെടെയുള്ള 17 സംരക്ഷിത മരങ്ങള്‍ മുറിച്ചു. ക്രമക്കേടില്‍ കരാറുകാരനെതിരെ ഫാം അഡ്മിനിസ്ട്രേറ്റര്‍ പൊലീസില്‍ പരാതി നല്‍കി. ആറളം ഫാം അഞ്ചാം ബ്ലോക്കിലെ 1500 ഏക്കര്‍  കൈതച്ചക്കകൃഷിക്കായി പാട്ടത്തിന്  കൊടുത്തിരുന്നു . ഇവിടെയുണ്ടായിരുന്ന പാഴ്മരങ്ങള്‍ മുറിക്കാനാണ് ഇരിക്കൂറിലെ സ്വകാര്യവ്യക്തിക്ക് കരാര്‍ നല്‍കിയത്.

◾ റോത്താഗിലെ മഞ്ഞുമലയില്‍ 56 വര്‍ഷത്തിന് ശേഷം കണ്ടെത്തിയ  സൈനികരുടെ  മൃതദേഹത്തില്‍ നിന്ന് പഴയ കുറിപ്പുകള്‍ ഉള്‍പ്പെടെ കണ്ടെത്തി. പത്തനംതിട്ട സ്വദേശി തോമസ് ചെറിയാനടക്കം 4 പേരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. തോമസ് ചെറിയാന്റെ മൃതദേഹം ഹിമാചലിലെ ലോസര്‍ ഖാസ് ഹെലിപാഡിലെത്തിച്ചെന്നും നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുകയാണെന്നും കരസേന അറിയിച്ചു. വിമാനം തകര്‍ന്ന് വീണ് കാണാതായ സൈനികര്‍ക്കുള്ള തെരച്ചില്‍ ഈ മാസം പത്തുവരെ തുടരുമെന്നും കരസേന പറഞ്ഞു.

◾ മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷന്‍ ഓഫീസില്‍ പൊലീസ് പരിശോധന. രണ്ട് പെണ്‍മക്കള്‍ യോഗ സെന്ററില്‍ അടിമകളായി ജീവിക്കുന്നുവെന്ന കോയമ്പത്തൂര്‍ സ്വദേശിയുടെ പരാതിയിലാണ് പരിശോധന നടക്കുന്നത്.

◾ കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടിയാണെന്നും സംവരണം അവസാനിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രതിജ്ഞയെടുത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാണ അവരുടെ പരീക്ഷണ സംസ്ഥാനമാണെന്നും എന്നാല്‍ മോദിയും ബി.ജെ.പിയും ഉള്ളിടത്തോളം ആര്‍ക്കും സംവരണം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും മോദി പറഞ്ഞു.

◾ ബിജെപി ഭരണഘടനയെ അട്ടിമറിക്കുകയാണെന്നും രാജ്യത്തെ വിരലിലെണ്ണാവുന്ന ശതകോടീശ്വരന്മാര്‍ക്ക് വേണ്ടിയാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് ഒരു വിവാഹം നടത്തണമെങ്കില്‍ കടത്തില്‍ മുങ്ങണമെന്നും എന്നാല്‍ ഇന്ത്യയിലെ 25 കോടീശ്വരന്‍മാര്‍ക്ക്് വിവാഹത്തിന് ആയിരക്കണക്കിന് കോടി രൂപ ചെലവഴിക്കാന്‍ കഴിയുന്ന ഒരു സംവിധാനം നരേന്ദ്ര മോദി വികസിപ്പിച്ചെടുത്തെന്നും രാഹുല്‍ പറഞ്ഞു. മുകേഷ് അംബാനി മകന്റെ വിവാഹത്തിന് വേണ്ടി ചെലവഴിച്ച ആയിരക്കണക്കിന് കോടി രൂപ രാജ്യത്തെ ജനങ്ങളുടെ പണമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

◾ ലോകത്തിലെ നാലാമത്തെ വലിയ സമ്പന്നനായി മെറ്റയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. 200 ബില്യണ്‍ ഡോളര്‍ കടന്നിരിക്കുകയാണ് സക്കര്‍ബര്‍ഗിന്റെ ആസ്തി. ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വരന്‍ സൂചിക പ്രകാരം ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ടെസ്ല സിഇഒ എലോണ്‍ മസ്‌ക്, എല്‍വിഎംഎച്ച് ചെയര്‍മാന്‍ ബെര്‍ണാഡ് അര്‍നോള്‍ട്ട് എന്നിവരാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന് മുന്‍പിലുള്ള മറ്റു സമ്പന്നര്‍. സക്കര്‍ബര്‍ഗിന്റെ ആസ്തി ഇപ്പോള്‍ 201 ബില്യണ്‍ ഡോളറാണ്. ഇതോടെ സമ്പന്നരുടെ എലൈറ്റ് ക്ലബില്‍ കയറിയിരിക്കുകയാണ് സക്കര്‍ബര്‍ഗ്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ആസ്തി 211 ബില്യണ്‍ ഡോളര്‍ ആണ്. എല്‍വിഎംഎച്ച് ചെയര്‍മാന്‍ ബെര്‍ണാഡ് അര്‍നോള്‍ട്ടിന്റെ ആസ്തി 207 ബില്യണ്‍ ഡോളര്‍ ആണ്. ലോകത്തിലെ ഏറ്റവും ധനികനായ ഇലോണ്‍ മസ്‌കിന്റെ ആസ്തി 272 ബില്യണ്‍ ഡോളര്‍ ആണ്.

◾ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് നായകനാവുന്ന 'കുമ്മാട്ടിക്കളി' ഒക്ടോബര്‍ രണ്ടിന് കടത്തനാടന്‍ സിനിമാസ് തിയറ്ററുകളിലെത്തിക്കുന്നു. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിമ്പു, വിജയ് തുടങ്ങിയ മുന്‍നിര നായകന്മാരുടെ ഹിറ്റ് ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ ആര്‍ കെ വിന്‍സെന്റ് സെല്‍വ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ്  കുമ്മാട്ടിക്കളി. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന കുമ്മാട്ടിക്കളിയില്‍ തമിഴ്, കന്നട സിനിമകളിലെ പ്രമുഖ നടീനടന്മാര്‍ക്കൊപ്പം ലെന, റാഷിക് അജ്മല്‍, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹന്‍ ലാല്‍, ആല്‍വിന്‍ ആന്റണി ജൂനിയര്‍, ധനഞ്ജയ് പ്രേംജിത്ത്, മിഥുന്‍ പ്രകാശ് തുടങ്ങിയവരും അഭിനയിക്കുന്നു.

◾ സോഷ്യല്‍ മീഡിയയില്‍ നിവലില്‍ അമല്‍ നീരദിന്റെ 'ബോഗയ്ന്‍വില്ല' സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് നിറയുന്നത്. ഇതിനിടെ അമല്‍ നീരദിന്റെ മറ്റൊരു ആക്ഷന്‍ പടം റീ റിലീസിന് ഒരുങ്ങുകയാണ്. അമല്‍ നീരദിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി എത്തിയ 'അന്‍വര്‍' വീണ്ടും റിലീസിന് ഒരുങ്ങുകയാണ് ഇപ്പോള്‍. 2010ല്‍ പുറത്തിറങ്ങിയ ചിത്രം ഡോള്‍ബി അറ്റ്‌മോസ് ഫോര്‍ കെയിലാണ് പ്രേക്ഷകരെ ത്രസിപ്പിക്കുവാന്‍ വീണ്ടും എത്തുന്നത്. ഒക്ടോബര്‍ 18ന് പൃഥ്വിരാജിന്റെ ജന്മദിന വാരത്തിനോട് അനുബന്ധിച്ച് ആരാധകര്‍ക്ക് ആഘോഷമാക്കുവാന്‍ മലയാളം, തമിഴ് എന്നീ രണ്ടു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. സാഹിത്യകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആറിനൊപ്പം അമല്‍ നീരദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പൃഥ്വിരാജിനൊപ്പം പ്രകാശ് രാജ്, ലാല്‍, മംമ്ത മോഹന്‍ദാസ്, അസിം ജമാല്‍, സമ്പത് രാജ്, ജിനു ജോസെഫ്, സുധീര്‍ കരമന, സായ് കുമാര്‍, ഗീത, നിത്യ മേനോന്‍, സലിം കുമാര്‍, ശ്രീജിത്ത് രവി എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

◾ പ്രശസ്തമായ രണ്‍ഥംഭോര്‍ കടുവകളെയും അതേ പേരിലുള്ള ടൈഗര്‍ റിസര്‍വിനെയും അനുസ്മരിപ്പിക്കുന്ന രണ്‍ഥംഭോര്‍ ആഡംബര എസ്.യു.വി വിപണിയിലെത്തിച്ച് റേഞ്ച് റോവര്‍. 4.98 കോടി രൂപ വിലയുള്ള വാഹനം 12 യൂണിറ്റുകള്‍ മാത്രമാണ് ഉത്പാദിപ്പിക്കുക. നിലവില്‍ വിപണിയിലുള്ള ലോംഗ് വീല്‍ബേസ് എഡിഷനെ അടിസ്ഥാനമാക്കി റേഞ്ച് റോവറിന്റെ ബീസ്‌പോക് എസ്.വി ഡിവിഷനാണ് വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യയ്ക്ക് വേണ്ടി ഒരു സ്‌പെഷ്യല്‍ എഡിഷന്‍ വാഹനം റേഞ്ച് റോവര്‍ വിപണിയിലെത്തിക്കുന്നത്. ഓരോ വാഹനത്തിലും ബീസ്‌പോകിന്റെ ബാഡ്ജും വാഹനത്തിന്റെ 1-12 വരെയുള്ള സീരിയല്‍ നമ്പരും രേഖപ്പെടുത്തിയിട്ടുണ്ടാകും. ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വാഹനം കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവും കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 3.0 ലിറ്റര്‍ സിക്‌സ് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 394 ബി.എച്ച്.പി കരുത്തും 550 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്നതാണ്.

◾ ഓണത്തിന്റെ ചരിത്ര, സാംസ്‌കാരികപഥങ്ങളിലേക്കുള്ള സമഗ്രമായ അന്വേഷണം. പ്രകൃതിയും മിത്തും ചരിത്രവും കാര്‍ഷികസ്മൃതികളുമൊക്കെ കലര്‍ന്നുകിടക്കുന്ന ഓണമെന്ന മലയാളിയുടെ ഏറ്റവും ഗൃഹാതുരമായ നാട്ടുത്സവത്തിന്റെ ആരംഭത്തിലേക്കുവരെ ഈ കൃതി വെളിച്ചംവീശുന്നു. വിസ്മൃതിയിലാണ്ടുപോയ നിരവധി ഓണവിനോദങ്ങളുടെയും നാട്ടുവിഭവങ്ങളുടെയും നാടന്‍പാട്ടുകളുടെയും ഓണച്ചൊല്ലുകളുടെയും വീണ്ടെടുക്കല്‍ കൂടിയാണീ ഗ്രന്ഥം. 'ഓണം- മിത്തും ചരിത്രവും കലകളും'. മനോജ് മാതിരപ്പള്ളി. കേരള സാഹിത്യ അക്കാദമി. വില 475 രൂപ.

◾ ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റി നിര്‍ത്തും. ധാരാളം ഫൈബര്‍ അടങ്ങിയ പഴമാണ് ആപ്പിള്‍. ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കി നിര്‍ത്തുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ഭക്ഷണക്രമത്തില്‍ ആപ്പിള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് ആപ്പിള്‍ സഹായിക്കും. ഭക്ഷണത്തില്‍ ആപ്പിള്‍ ഉള്‍പ്പെടുത്തുന്നത് ഹൃദ്രോഗം, ക്യാന്‍സര്‍ എന്നിവ കുറയ്ക്കും. ഏകദേശം 40,000 ആളുകളില്‍ നടത്തിയ പഠനത്തില്‍ ആപ്പിള്‍ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത 13% മുതല്‍ 22% വരെ കുറവായിരുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നു. ശരീരത്തില്‍ അമിതമായ കൊളസ്ട്രോള്‍ അടിഞ്ഞ് കൂടുന്നത് പലപ്പോഴും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ ഏറെ സംരക്ഷിക്കാന്‍ സഹായിക്കും. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ദഹനത്തെ സഹായിക്കാനും ആസിഡ് റിഫ്‌ളക്‌സിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാനും കഴിയുന്ന ഫ്ലേവനോയ്ഡുകള്‍, ഫൈബര്‍ തുടങ്ങിയ സസ്യ രാസവസ്തുക്കള്‍ ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്.  ആപ്പിള്‍ മുടിയെ ശക്തവും മിനുസമാര്‍ന്നതും തിളക്കമുള്ളതുമാക്കുന്നു. ആപ്പിളില്‍ വിറ്റാമിന്‍ ബി 2,  ബയോട്ടിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ മുടിയുടെ കരുത്തുള്ളതാക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ആപ്പിള്‍ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ വിറ്റാമിന്‍ തിളക്കമുള്ള നിറം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. കറുത്ത പാടുകളുകള്‍ കുറയ്ക്കുന്നതിനും ആപ്പിള്‍ സഹായകമാണ്.

*ശുഭദിനം*
*കവിതാ കണ്ണന്‍*
മൂങ്ങ നന്നേ അവശനായിരുന്നു.  അത് തന്റെ മരപ്പൊത്തില്‍ വിശ്രമിക്കുമ്പോള്‍ അത്ര സുഖകരമല്ലാത്ത ഒരു ശബ്ദം കേട്ടു. നോക്കിയപ്പോള്‍ ഒരു പുല്‍ച്ചാടി.  തനിക്ക് സുഖമില്ലെന്നും ഒച്ചവെക്കരുതെന്നും മൂങ്ങ പറഞ്ഞപ്പോള്‍ പുല്‍ച്ചാടി കേട്ട ഭാവം നടിച്ചതേയില്ല.  പകല്‍ തന്റേതാണെന്നും മൂങ്ങയുടെ സമയം രാത്രിയാണെന്നും പറഞ്ഞ് അത് കൂടുതല്‍ ഒച്ചവെച്ചു.  തന്റെ കയ്യില്‍ ഒരു വിശേഷപ്പെട്ട വസ്തുവുണ്ട്. നിനക്കത് ഉപകാരപ്പെടും.  നീ ഇവിടേക്ക് വന്നാല്‍ അത് ഞാന്‍ തരാം.. മൂങ്ങ പറഞ്ഞു.  ഇത് കേട്ട് പുല്‍ച്ചാടി മൂങ്ങയുടെ അടുത്തേക്ക് വന്നു.  മൂങ്ങ തന്റെ ദേഷ്യം മുഴുവനും ഒറ്റയടിക്ക് തീര്‍ത്തു.  അതോടെ പുല്‍ച്ചാടിയുടെ ബോധം നഷ്ടപ്പെട്ടു.. മൂങ്ങ തന്റെ കൂട്ടില്‍ സമാധാനത്തോടെ കണ്ണടച്ച് കിടന്നു.  സ്വകാര്യത എന്നത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്.  അത് ആര്‍ക്കും സ്വന്തമല്ല.  അവനവന് വേണ്ടി മാത്രം നിലകൊള്ളുന്ന ജീവിതത്തില്‍ മനസ്സമാധാനമുണ്ടാകില്ല.  പങ്കുവെക്കലുകളിലാണ് ജീവിതം കൂടുതല്‍ ആയാസകരമായി സാധ്യമാകുന്നത്.  സ്വന്തം വസതിയൊരുക്കുമ്പോഴെല്ലാം അന്യന്റെ വാസസ്ഥലം നഷ്ടമാകുന്നില്ലെന്ന് കൂടി ഉറപ്പുവരുത്തണം.  കാരണം മണ്ണിലിഴയുന്നവയ്ക്കും മാനത്ത് പറക്കുന്നവയ്ക്കും രാജാവിനും പ്രജക്കുമെല്ലാം ഒരേ സ്ഥാനമാണ്.  നമുക്ക് സമന്വയത്തിന്റെ പാത സ്വീകരിക്കാം.. പങ്കുവെക്കലിന്റെ പാഠം ശീലമാക്കാം - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right