2024 സെപ്റ്റംബർ 22 ഞായർ
1200 കന്നി 6 കാർത്തിക
1446 റ: അവ്വൽ 18
◾ പ്രധാനമന്ത്രി മോദി, നമ്മള്‍ ഒന്നിച്ചിരുന്ന് സംസാരിക്കുമ്പോഴെല്ലാം, പുതിയ സഹകരണ മേഖലകള്‍ കണ്ടെത്താനുള്ള നമ്മുടെ കഴിവ് എന്നെ അത്ഭുതപ്പെടുത്താറുണ്ട്. ഇന്നും അത് വ്യത്യസ്തമായിരുന്നില്ല. ഡെലാവറിലെ വില്‍മിങ്ടനിലുള്ള തന്റെ വസതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചതാണിത്. ഇന്ത്യ - യുഎസ് പങ്കാളിത്തം ചരിത്രത്തിലെ ഏതു കാലത്തേക്കാളും കൂടുതല്‍ ശക്തവും ചലനാത്മകവുമാണെന്നും ജോ ബൈഡന്‍ വ്യക്തമാക്കി. തനിക്ക് ആതിഥ്യമരുളിയതിന് ജോ ബൈഡന് നന്ദി രേഖപ്പെടുത്തിയ പ്രധാനമന്ത്രി മോദി, ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും യോഗത്തില്‍ പ്രാദേശിക - ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തെന്നും സമൂഹമാധ്യമത്തില്‍ കുറിച്ചു.
◾ തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്ത് കുമാര്‍ ഡി.ജി.പി. ഷെയ്ഖ് ദര്‍വേഷ് സാഹിബിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണം പ്രഖ്യാപിച്ച് അഞ്ച് മാസത്തിന് ശേഷം രാഷ്ട്രീയ വിവാദം ആളിക്കത്തിയ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഡി.ജി.പി റിപ്പോര്‍ട്ട് അടുത്ത ദിവസങ്ങളില്‍ തന്നെ മുഖ്യമന്ത്രിക്ക് കൈമാറും.
◾ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച് എംഎല്‍എ പിവി അന്‍വര്‍. മുഖ്യമന്ത്രിയെ പൂര്‍ണമായും തെറ്റിദ്ധരിപ്പിച്ചുവെന്നും മുഖ്യമന്ത്രി നിലപാട് പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍ ചോര്‍ത്തല്‍ പുറത്തുവിട്ടത് ജനനന്മ ലക്ഷ്യമിട്ട് ചെയ്തതാണെന്നും തന്റെ ആരോപണത്തില്‍ പൊലീസിലെ ക്രിമിനലുകളുടെ മനോവീര്യമാണ് തകര്‍ന്നതെന്നും മുഖ്യമന്ത്രി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. പിവി അന്‍വറിന് ഇടതുപക്ഷ പശ്ചാത്തലമില്ലെന്നും കോണ്‍ഗ്രസില്‍ നിന്നാണ് വന്നതെന്നുമുള്ള പിണറായി വിജയന്റെ ആരോപണത്തിനുള്ള മറുപടിയായി താന്‍ മാത്രമല്ല, ഇഎംഎസും പഴയ കോണ്‍ഗ്രസുകാരനായിരുന്നുവെന്ന് പിവി അന്‍വര്‍ പറഞ്ഞു.
◾ മുഖ്യമന്ത്രിയുടെ ഇന്നലത്തെ വിശദീകരണം തൃപ്തികരമല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഇതൊക്കെ ഒരു വിശദീകരണം കൊണ്ടോ, പത്രസമ്മേളനം കൊണ്ടോ തീരുന്ന വിഷയങ്ങള്‍ അല്ലെന്നും എം.ആര്‍ അജിത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്നും പിവി അന്‍വറിന്റെ പ്രവേശനം യുഡിഎഫ് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ സമൂഹത്തിലെ എല്ലാ കൊള്ളക്കാരെയും സാമൂഹ്യ വിരുദ്ധരെയും സംരക്ഷിക്കുന്ന നിലയിലേക്ക് പിണറായി വിജയന്‍ ഭരണകൂടം മാറിയതായി മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്രസമ്മേളനം വ്യക്തമാക്കുന്നതായി രമേശ് ചെന്നിത്തല. രണ്ടു കാര്യങ്ങള്‍ ഇതിലൂടെ വ്യക്തമാകുന്നു. ഒന്ന്, പി. വി അന്‍വര്‍ തെറിക്കും. രണ്ട്, അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി അജിത് കുമാറിന് അനുകൂലമായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
◾ ഭരണപക്ഷ എംഎല്‍എ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും എഡിജിപിക്കെതിരെ നടപടി ഉണ്ടാകുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോകമാക്കി എന്നുപറഞ്ഞ പി.വി.അന്‍വറിനെതിരെ മുഖ്യമന്ത്രി കേസ് എടുക്കട്ടെയെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. ആരോപണങ്ങള്‍ തെറ്റെങ്കില്‍, മാധ്യമങ്ങളല്ല അന്‍വറാണ് കേരളത്തെ അപമാനിക്കുന്നതെന്നും അതല്ലെങ്കില്‍ മുഖ്യമന്ത്രിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്താവുന്ന തെളിവുകള്‍ അജിത്കുമാറിന്റെ കൈവശമുണ്ടെന്ന് സംശയിക്കേണ്ടിവരുമെന്നും മുരളീധരന്‍ സംശയം പ്രകടിപ്പിച്ചു.
◾ കവിയൂര്‍ പൊന്നമ്മയ്ക്ക് യാത്രാമൊഴി നല്‍കി കേരളം. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍ ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍. സൂപ്പര്‍ താരങ്ങളടക്കം മലയാള സിനിമയിലെ പ്രമുഖരുടെ വലിയ നിരയാണ് പൊതുദര്‍ശനത്തിലും സംസ്‌കാര ചടങ്ങിലും പങ്കെടുത്തത്.
◾ അന്തരിച്ച സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കും. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് കുടുംബത്തിന്റെ തീരുമാനം. നാളെ രാവിലെ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലും അതിനുശേഷം എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനമുണ്ടാകും. ഇതിനുശേഷം വൈകിട്ടാകും മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറുക.
◾ ഷിരൂര്‍ ഗംഗാവലിപ്പുഴയിലെ തിരച്ചിലില്‍ ലഭിച്ച ക്യാബിനും ടയറുകളും അര്‍ജുന്റെ ലോറിയുടേതല്ലെന്ന് സ്ഥിരീകരിച്ചു. കണ്ടെത്തിയത് തന്റെ ലോറിയുടെ ഭാഗങ്ങള്‍ അല്ലെന്ന് അര്‍ജുന്‍ ഓടിച്ച വാഹനത്തിന്റെ ഉടമ മനാഫും സ്ഥിരീകരിച്ചു. പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഇന്നും തെരച്ചില്‍ തുടരുമെന്ന് അറിയിച്ചു.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് നിതിന്‍ ജാംദാറിനെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് കെ ആര്‍ ശ്രീറാമിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസ് നിയമനം വൈകുന്നതിനെതിരെ ഹര്‍ജി അടുത്ത ആഴ്ച്ച സുപ്രീം കോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് കേന്ദ്രം നിയമന വിജ്ഞാപനം ഇറക്കിയത്.
◾ കടയില്‍ കയറി അതിക്രമം കാണിച്ചതിന് സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അറസ്റ്റില്‍. സ്ത്രീകളേയും കുട്ടിയേയും കയ്യേറ്റം ചെയ്തെന്ന പരാതിയിലാണ് ആര്യനാട് പൊലീസ് വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്തത്. ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി ഉള്‍പ്പെട്ട കയ്യേറ്റത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
◾ ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മരിച്ച അന്ന സെബാസ്റ്റ്യന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സംഭവത്തില്‍ അനീതിയുണ്ടായതായാണ് തോന്നുന്നത്. ഇനി ഒരാള്‍ക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുത്. കേന്ദ്ര മന്ത്രി എന്നതിനപ്പുറം ഒരു അച്ഛന്‍ എന്ന നിലയില്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും തൊഴില്‍ ചൂഷണം നടത്തുന്ന കമ്പനികള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
◾ വയനാട്ടില്‍ കാലാവസ്ഥ പ്രവചിക്കാന്‍ പുതിയ റഡാര്‍ സ്ഥാപിക്കുന്നു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കീഴിലാണ് 150 കിലോമീറ്റര്‍ വരെ പരിധിയില്‍ സിഗ്‌നല്‍ ലഭിക്കാന്‍ ശേഷിയുള്ള എസ് ബാന്‍ഡ് റഡാര്‍ സ്ഥാപിക്കുന്നത്.
◾ ആലപ്പുഴയില്‍ എംപോക്സ് എന്ന് സംശയം. വിദേശത്തു നിന്ന് എത്തിയ ഒരാളെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ കുടുംബം ക്വാറന്റീനിലാണ്.
◾ മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പര്‍ക്കപട്ടികയിലുള്ള ആറു പേരുടെ പരിശോധനാ ഫലം കൂടി ഇന്ന് നെഗറ്റീവ് ആയി. ഇതു വരെ 74 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
◾ റെയില്‍വേ സ്റ്റേഷന്‍ രണ്ടാം കവാടത്തിനടുത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. കല്ലൂര്‍ സ്വദേശി ഷംജാദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
◾ വയനാട്ടില്‍ നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന പരാതിയുമായി നേപ്പാള്‍ സ്വദേശിനിയായ യുവതി. നേപ്പാള്‍ സ്വദേശിനിയായ പാര്‍വതിയുടെ പരാതിയില്‍ കല്‍പ്പറ്റ പൊലീസ് അന്വേഷണം ആരംഭിച്ചു.
◾ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇതര സംസ്ഥാനക്കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി സോണിയാണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്.
◾ ആലപ്പുഴ ഹരിപ്പാട് മധ്യവയസ്‌കന്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് ഹരിപ്പാട് റെയില്‍വെ സ്റ്റേഷനിലാണ് ദാരുണ സംഭവം ഉണ്ടായത്. ഹരിപ്പാട് റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ വിശ്രമിക്കുകയായിരുന്ന മധ്യവയസ്‌കനാണ് ജീവനൊടുക്കിയത്.
◾ അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. ദില്ലിയില്‍ മുഖ്യമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെ സ്ത്രീയാണ് അതിഷി. ഗോപാല്‍ റായ്, കൈലാഷ് ഗെഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍, മുകേഷ് അഹ്ലാവത് എന്നിവര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.
◾ ബിജെപിയും ലഫ്.ഗവര്‍ണറും ദില്ലിയുടെ വികസനം തടയുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേന.പുതിയ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ബിജെപിയ്ക്ക് എതിരെയുള്ള രൂക്ഷവിമര്‍ശനം. എന്നാല്‍, തടസപ്പെട്ട വികസന പ്രവര്‍ത്തനങ്ങളെല്ലാം ഉടനടി പുനരാരംഭിക്കുമെന്ന് ദില്ലിയിലെ ജനങ്ങള്‍ക്ക് താന്‍ ഉറപ്പ് നല്‍കുകയാണെന്നും അതിഷി വ്യക്തമാക്കി.
◾ ഉത്തര്‍പ്രദേശില്‍ പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ ഛത പൊലീസ് മൂന്ന് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണെന്നും ഇവരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മൂന്നാമത്തെ പ്രതിയെ കണ്ടെത്താനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
◾ യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ വൈയാലിക്കാവല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം നടന്നത്. അപ്പാര്‍ട്ട്‌മെന്റില്‍നിന്നും ദുര്‍ഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. മല്ലേശ്വരത്ത് താമസിച്ചിരുന്ന മഹാലക്ഷ്മിയെന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
◾ കോളേജിലെ ശുചിമുറിയില്‍ ക്യാമറ വെച്ച് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന ആരോപണത്തില്‍ ഒരു വിദ്യാര്‍ത്ഥി അറസ്റ്റിലായി. ബംഗളുരുവിന് സമീപം കുംബല്‍ഗോഡുള്ള സ്വകാര്യ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം.
◾ ഇന്ത്യയുടെ വളര്‍ച്ച ശ്രീലങ്കയ്ക്ക് നല്‍കുന്നത് വലിയ സാധ്യതകളാണെന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സി.ഇ.ഒ. റിച്ചാര്‍ഡ് നട്ടല്‍. ഇന്ത്യയില്‍ നിന്ന് കൊളംബോയില്‍ എത്തിയ മാധ്യമസംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ എയര്‍ മാര്‍ഷല്‍ അമര്‍ പ്രീത് സിങ് ഇന്ത്യന്‍ വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും. എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരി സെപ്റ്റംബര്‍ 30-ന് വിരമിക്കുന്നതിനെ തുടര്‍ന്നാണ് നിലവില്‍ വ്യോമസേനാ ഉപമേധാവിയായ അമര്‍ പ്രീത് സിങ് വ്യോമസേന മേധാവി പദവിയിലേക്കെത്തുന്നത്.
◾ കശ്മീര്‍, ഹരിയാന, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ നാല് സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭരണം നഷ്ടമാകുമെന്ന കാര്യത്തില്‍ സംശയമില്ലെ ന്ന് ഡോ. ശശി തരൂര്‍ . 2025-ല്‍ 75 വയസ്സ് പൂര്‍ത്തിയാകുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനം ഒഴിയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
◾ ഹമാസിനും ഹിസ്ബുല്ലക്കുമെതിരെയുള്ള ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍. ഗാസയിലും ബെയ്റൂട്ടിലും ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഗാസയിലെ ഒരു സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ 22ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ബെയ്റൂട്ടില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയി. ഇതില്‍ 16 പേര്‍ ഹിസ്ബുല്ല അംഗങ്ങളാണെന്ന് ഹിസ്ബുല്ല നേതാക്കള്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
◾ ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് വിജയസാധ്യത. 515 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ബംഗ്ലാദേശ് മൂന്നാം ദിനം വെളിച്ചക്കുറവിനെ തുടര്‍ന്ന് നേരത്തെ കളിനിര്‍ത്തുമ്പോള്‍ നാലിന് 158 എന്ന നിലയിലാണ്.
◾ ചെസ് ഒളിംപ്യാഡിന്റെ റോളിങ് ട്രോഫി ഇന്ത്യയില്‍ നിന്ന് കാണാതായി. ഇന്ത്യയുടെ പക്കലുണ്ടായിരുന്ന, കഴിഞ്ഞ തവണ ജേതാക്കളായപ്പോള്‍ കിട്ടിയ, റോളിങ് ട്രോഫിയാണ് കാണാതായത്. ഹംഗറിയിലെ ചെസ്സ് ഒളിംപ്യാഡിന്റെ സമ്മാന ദാന ചടങ്ങിനായി അന്താരാഷ്ട്ര ഫെഡറഷന്‍ ട്രോഫി ആവശ്യപ്പെട്ടപ്പോഴാണ് ട്രോഫി കാണാനില്ലെന്ന് അറിഞ്ഞത്. യഥാര്‍ത്ഥ ട്രോഫിയുടെ മാതൃകയില്‍ മറ്റൊന്ന് ഉണ്ടാക്കി അന്താരാഷ്ട്ര ഫെഡറേഷന് കൈമാറിയാണ് ഇന്ത്യ പ്രശ്നം പരിഹരിച്ചത്. ട്രോഫി കാണാതായ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയെന്ന് ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷന്‍ അറിയിച്ചു.
◾ എല്‍ഐസി മ്യൂച്ചല്‍ ഫണ്ട് ഒരു പുതിയ ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി സ്‌കീം അവതരിപ്പിച്ചു. ന്യൂ ഫണ്ട് ഓഫറിന് ഒക്ടോബര്‍ നാലുവരെ അപേക്ഷിക്കാം. ഒക്ടോബര്‍ 11ന് ആണ് നിക്ഷേപകര്‍ക്ക് യൂണിറ്റുകള്‍ അനുവദിക്കുക. നിഫ്റ്റി ഇന്ത്യ മാനുഫാക്ചറിങ് ഇന്‍ഡക്സിനെ അടിസ്ഥാനമാക്കിയാണ് പുതിയ മ്യൂച്ചല്‍ ഫണ്ട് സ്‌കീം. 2027 ഓടെ ഇന്ത്യയെ 5ലക്ഷം കോടി ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കുന്നതില്‍ ഉല്‍പ്പാദനത്തിന് ഒരു പ്രധാന പങ്കുണ്ട്. ഓട്ടോമൊബൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, കെമിക്കല്‍സ്, ഹെവി എന്‍ജിനീയറിങ് ഉല്‍പന്നങ്ങള്‍, ലോഹങ്ങള്‍, കപ്പല്‍നിര്‍മ്മാണം, പെട്രോളിയം ഉല്‍പന്നങ്ങള്‍ എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോയാണ് നിക്ഷേപത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഉല്‍പ്പാദന രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികളിലും മറ്റു ഓഹരി സംബന്ധമായ ഇന്‍സ്ട്രുമെന്റുകളിലുമാണ് നിക്ഷേപിക്കുക. ദീര്‍ഘകാല മൂലധന നേട്ടം ലക്ഷ്യമിട്ടാണ് സ്‌കീമിന് രൂപം നല്‍കിയിത്.
◾ സംവിധായകന്‍ അമല്‍ നീരദിന്റെ ചിത്രം 'ബോഗയ്ന്‍വില്ല'യില്‍ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ജ്യോതിര്‍മയിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുഷിന്‍ ശ്യാം സംഗീതം ഒരുക്കുന്ന 'ബോഗയ്ന്‍വില്ല'യുടെ ഓഡിയോ റൈറ്റുമായി ബന്ധപ്പട്ട വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സോണി മ്യൂസിക് ആണ് ഓഡിയോ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ലാജോ ജോസും അമല്‍ നീരദും രചന നിര്‍വഹിക്കുന്ന ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപര്‍വം ആണ് അമലിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
◾ 2022ല്‍ പുറത്തിറങ്ങിയ പാകിസ്ഥാന്‍ അഭിനേതാക്കളായ ഫവാദ് ഖാനും മഹിറ ഖാനും അഭിനയിച്ച 'ദ ലെജന്‍ഡ് ഓഫ് മൗല ജാട്ട്' ഇന്ത്യന്‍ തിയറ്ററുകളില്‍ റിലീസിന്. സംവിധായകന്‍ ബിലാല്‍ ലഷാരിയും മഹിറ ഖാനും തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലുകളില്‍ പാക് ചിത്രത്തിന്റെ ഇന്ത്യന്‍ റിലീസ് അപ്‌ഡേറ്റ് പങ്കിട്ടിട്ടുണ്ട്. 'ഇന്ത്യയില്‍ ഒക്ടോബര്‍ 2 ബുധനാഴ്ച റിലീസ് ചെയ്യുന്നു' എന്നാണ് ഇവരുടെ പോസ്റ്റ് പറയുന്നത്. ഒരു ദശാബ്ദത്തിനിടെ ഇന്ത്യന്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ആദ്യ പാകിസ്ഥാന്‍ ചിത്രമായിരിക്കും ദി ലെജന്‍ഡ് ഓഫ് മൗലാ ജാട്ട്. പാകിസ്ഥാന്‍ ക്ലാസിക് ചിത്രമായ മൗലാ ജാട്ടിന്റെ റീമേക്കായി 2022ല്‍ പാകിസ്ഥാമനില്‍ ഇറങ്ങിയ ചിത്രമാണ് ഇത്. പാക് ബോക്സോഫീസില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ പാക് ചിത്രവും ഇതാണ്. ക്രൂരനായ അധോലകോ നായകന്‍ നൂറി നാട്ടില്‍ നിന്നും ഒരു നാടിനെ രക്ഷിക്കുന്ന വീരനായകനായ മൗല ജട്ടായാണ് ചിത്രത്തില്‍ ഫവാദ് ഖാന്‍ എത്തുന്നത്. പാക് നാടോടിക്കഥയില്‍ നിന്നും എടുത്ത ചിത്രം ബിലാല്‍ ലഷാരിയാണ് സംവിധാനം ചെയ്യുന്നത്.
◾ വൈദ്യുത കാറുകളുടെ ബാറ്ററി വാടകയായി നല്‍കുന്ന ബാസ് പ്രോഗ്രാം കൂടുതല്‍ മോഡലുകളിലേക്ക് അവതരിപ്പിച്ച് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍. ഇന്ത്യയില്‍ വിന്‍ഡ്‌സര്‍ ഇവിയില്‍ ആദ്യമായി അവതരിപ്പിച്ച ബാസ് പ്രോഗ്രാം കോമറ്റ് ഇവി, ഇസെഡ്എസ് ഇവി മോഡലുകളിലേക്കാണ് എംജി മോട്ടോര്‍ വ്യാപിപ്പിച്ചിരിക്കുന്നത്. ബാറ്ററി വാടകക്ക് ലഭിക്കുന്നതോടെ കുറഞ്ഞ വിലയില്‍ ഇനി മുതല്‍ എംജിയുടെ കോമറ്റ് ഇവിയും ഇസെഡ്എസ് ഇവിയും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനാവും. 4.99 ലക്ഷം രൂപക്ക് എംജി കോമറ്റ് പുതിയ ബാസ് പദ്ധതി പ്രകാരം സ്വന്തമാക്കാനാവും. ഓടുന്ന കീലോമീറ്ററിന് 2.5 രൂപ വച്ചിട്ടാണ് എംജി കോമറ്റിന് നല്‍കേണ്ടി വരിക. ബാസ് പദ്ധതിയുടെ ഭാഗമായി മൂന്നു വര്‍ഷത്തെ ഉപയോഗം കഴിഞ്ഞാല്‍ 60 ശതമാനം വില ഉറപ്പു നല്‍കുകയും എംജി ചെയ്യുന്നുണ്ട്.
◾ കഥപറച്ചിലിലെ അനായാസതയാണ് ധന്യാരാജിന്റെ കഥകളുടെ മുഖമുദ്ര. ചുറ്റുവട്ടത്തുനിന്നും ആളുകളില്‍നിന്നും ഓര്‍മ്മകളില്‍നിന്നും പത്രവാര്‍ത്തകളില്‍നിന്നുമൊക്കെ കഥകള്‍ കണ്ടെടുക്കുമ്പോഴും ഈ അനായാസത ഇവിടെ ദൃശ്യപ്പെടുന്നു. പൊതുവില്‍ സ്ത്രീജീവിതങ്ങളുടെ സൂക്ഷ്മതകളെ ഒരു മൈക്രോസ്‌കോപ്പിലെന്നവണ്ണം വിടര്‍ത്തിക്കാണിക്കുകയാണ് ഈ കഥാകൃത്ത്. മകള്‍, കാമുകി, ഭാര്യ, അമ്മ തുടങ്ങി സ്ത്രീയുടെ നിത്യാവസ്ഥകളെ ചിത്രീകരിക്കുന്ന അകത്തളം, പ്രണയാഗ്നി, നാനാര്‍ത്ഥം, ജീവനം, അപരന്‍ തുടങ്ങി ധന്യാരാജിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം. 'പ്രണയാഗ്നി'. ധന്യാരാജ്. മാതൃഭൂമി. വില 178 രൂപ.
◾ നാവില്‍ ചുവപ്പ് നിറവും വായില്‍ അള്‍സറും ഉണ്ടാകുന്നത് പലപ്പോഴും വിറ്റാമിന്‍ ബി 12 -ന്റെ കുറവു കൊണ്ടാകാം. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും വിറ്റാമിന്‍ ബി12 പ്രധാനമാണ്. വിറ്റാമിന്‍ ബി 12ന്റെ കുറവ് മൂലം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. കൈകാലുകളില്‍ മരവിപ്പ്, കാഴ്ച പ്രശ്‌നങ്ങള്‍, മറവി, വിഷാദം, വായ്പ്പുണ്ണ്, വായില്‍ എരിച്ചില്‍, വിളറിയ ചര്‍മ്മം, ക്ഷീണം, തളര്‍ച്ച, തലവേദന, മനംമറിച്ചില്‍, ഛര്‍ദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകല്‍, ഓസ്റ്റിയോപൊറോസിസ്, ഹൃദയമിടിപ്പ് കൂടുക തുടങ്ങിയവയെല്ലാം ചിലപ്പോള്‍ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാകാം. മുട്ടയില്‍ വിറ്റാമിന്‍ ബി12 ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്താം. ചൂര, മത്തി പോലെയുള്ള മത്സ്യങ്ങള്‍, ബീഫ്, ചിക്കന്‍ തുടങ്ങിയവയിലും വിറ്റാമിന്‍ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്. പാല്‍, യോഗര്‍ട്ട്, ചീസ് പോലെയുള്ള പാലുല്‍പന്നങ്ങളില്‍ നിന്നും വിറ്റാമിന്‍ ബി12 ലഭിക്കും. സോയ മില്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും. അവക്കാഡോയിലും വിറ്റാമിന്‍ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ ഗ്രാമത്തിലെ നിലക്കടല മൊത്തവ്യാപരകടയിലാണ് അയാള്‍ക്ക് ജോലി. അവിടത്തെ ചുമട്ട് തൊഴിലാളിയായിരുന്നു അയാള്‍. ഒരുദിവസം അയാള്‍ ഭാര്യയോടൊത്ത് അവരുടെ നാട്ടിലെ അമ്പലത്തില്‍ ഉത്സവത്തിന് പോയി. അവിടെ അയാള്‍ നിലക്കടല വില്‍പനക്കാരനെ കണ്ടു. അയാള്‍ ഈ നിലക്കടല ഇങ്ങനെ മണലില്‍ ഇട്ട് വറുത്ത് കഴിക്കുന്നത് ആദ്യമായിട്ടിയിരുന്നു. അതിന്റെ രുചി അപാരമായിരുന്നു. മാത്രല്ല, ആ നിലക്കടലവില്‍പനക്കാരന് ധാരാളം പണവും ലഭിച്ചിരുന്നു. രാവിലെ മുതല്‍ നിലക്കടല ചാക്ക് ചുമക്കുന്ന തന്റെ കൂലി എത്ര നിസ്സാരമാണ്. അയാള്‍ ഇതുപോലെ തന്നെ നിലക്കട വറുത്ത് കച്ചവടം ചെയ്യാന്‍ തീരുമാനിച്ചു. പക്ഷേ, 3 ചോദ്യങ്ങള്‍ അയാളെ ആശയക്കുഴപ്പത്തിലാക്കി. ഈ ചോദ്യങ്ങളുമായി അയാള്‍ തന്റെ ഗുരുവിനെ സമീപിച്ചു. അയാള്‍ ചോദിച്ചു: ഒരു പുതിയ കാര്യം തുടങ്ങാന്‍ പറ്റിയ ഏറ്റവും നല്ല സമയം ഏതാണ്? , ആ കാര്യം തുടങ്ങാന്‍ ഞാന്‍ ആരുടെ ഉപദേശം കേള്‍ക്കണം? അതില്‍ ഏറ്റവും നന്നായി ഞാന്‍ ശ്രദ്ധിക്കണ്ട പ്രവൃത്തി ഏതാണ്? ഗുരു പറഞ്ഞു: ഒരു കാര്യം ചെയ്യണമെന്ന് തോന്നുമ്പോള്‍ തന്നെ ചെയ്യുക. അതാണ് ഏറ്റവും നല്ല സമയം. നീ ഈ ബിസിനസ്സ് ആരാണോ ചെയ്യുന്നത് കണ്ടത്, അയാളുടെ അടുത്തുനിന്ന് തന്നെ ഉപദേശം തേടുക.. നീ ഒരു കാര്യം തുടര്‍ച്ചയായി ചെയ്ത് വരുമ്പോള്‍ നിനക്ക് സ്വയം മനസ്സിലാകും എവിടെയാണ് താന്‍ ഏററവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്ന്.. ഗുരു പുഞ്ചിരിച്ചു. അയാള്‍ അത്യധികം സന്തോഷത്തോടെ ആത്മവിശ്വാസത്തോടെ തന്റെ ബിസിനസ്സ് ആരംഭിക്കുകയും ചെയ്തു. നാമും പലപ്പോഴും ഇങ്ങനെയാണ്. എന്തെങ്കിലും ചെയ്യണമെന്ന് വിചാരിക്കും. പക്ഷേ, നല്ല സമയത്തിനായി കാത്ത് കാത്ത് അത് തുടങ്ങാതെ ചിന്തകളില്‍ തന്നെ അവശേഷിക്കും. ഇപ്പോഴുള്ള ഈ സമയമാണ് നല്ല സമയം, കൃത്യമായ പ്ലാനിങ്ങോടെ, ആവശ്യമായ സാങ്കേതികമികവ് സ്വായത്തമാക്കി അത് അപ്പോള്‍ തന്നെ ചെയ്യാന്‍ നമുക്കും ശ്രമിക്കാം - ശുഭദിനം.
➖➖➖➖➖➖➖➖
Tags:
KERALA