തിരുവനന്തപുരം: തദ്ദേശ വാർഡ് പുനർവിഭജനത്തിന്റെ തുടർനടപടികളുടെ ഭാഗമായി ആദ്യം വിഭജിക്കുക ഗ്രാമപഞ്ചായത്ത് പിന്നെ മുനിസിപ്പാലിറ്റി അതുകഴിഞ്ഞ് കോർപറേഷൻ എന്നിങ്ങനെ ഗ്രാമപഞ്ചായത്ത് വാർഡുകള്‍ അടിസ്ഥാനമാക്കി ബ്ലോക്കിന്റെയും ബ്ലോക്ക് ആസ്പദമാക്കി ജില്ല പഞ്ചായത്തുകളുടെയും വിഭജനം നടക്കും. കരട് തയാറാക്കല്‍ മുതല്‍ അന്തിമവിജ്ഞാപനം വരെയുള്ള നടപടി ഇവയ്ക്കും വേണ്ടിവരും.
2011ലെ ജനസംഖ്യയെ 2024ലെ വീടുകളുടെ എണ്ണംകൊണ്ട് ഹരിക്കുമ്പോള്‍ ലഭിക്കുന്ന എണ്ണം ഏറക്കുറെ തുല്യമായി വരുന്ന തരത്തിലാകും വാർഡ് വിഭജനം.
ഉദാഹരണത്തിന് പഞ്ചായത്തിലെ ആകെ ജനസംഖ്യ അമ്പതിനായിരവും വീടുകള്‍ നൂറുമാണെങ്കില് ഓരോ വാർഡിലും ഏകദേശം 500 വീട് ഉള്‍പ്പെടും. റോഡും തോടും പുഴയും സർക്കാർ സ്ഥാപനങ്ങളുമാകും അതിർത്തികള്‍.
തുടർന്ന് തദ്ദേശ സെക്രട്ടറിമാർ വിഭജനത്തിന്റെ കരട് തയാറാക്കും. ഇത് ഒരുമാസത്തിലേറെ നീളും. കരട് സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷൻ കമീഷന് കലക്ടർമാർ കൈമാറും.
കമീഷൻ ജില്ലതലത്തില്‍ ഉദ്യോഗസ്ഥരെ നിശ്ചയിച്ച് ഫീല്‍ഡ് പരിശോധനയും ജില്ലതല സിറ്റിങ്ങും നടത്തി പരാതിക്കാരെ കേട്ടശേഷം അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കും.
വാർഡ് വിഭജിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി പരിശോധിക്കാനും സംവിധാനം ഒരുക്കും. ഡീലിമിറ്റേഷൻ കമീഷന്റെ പ്രത്യേക പോർട്ടല്‍ അടുത്ത മാസത്തോടെ പ്രവർത്തനക്ഷമമാകും.
നമ്പർ മാറുന്നതും വോട്ടർ പട്ടികയില്‍ വാർഡിന് അനുസരിച്ച് പേരിന് സ്ഥാനമാറ്റം വരുന്നതും പരാതികളായി വരുന്നത് ഒരു പരിധിവരെ പരിഹരിക്കാനാണ് പോർട്ടല്‍. വാർഡിന്റെ പുതിയ അതിരും വീട്ടുനമ്പറുകളും ഉള്‍പ്പെടെ പോർട്ടലില്‍ രേഖപ്പെടുത്തും.
പുനർനിർണയിച്ച വാർഡുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർ പട്ടിക തയാറാക്കുന്നതാണ് അവസാനത്തെ ഘട്ടം. ഈ നടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി സർക്കാർ രൂപവത്കരിച്ച ഡീലിമിറ്റേഷൻ കമീഷന്റെ യോഗം ചൊവ്വാഴ്ച ചേർന്ന് വിഭജന മാർഗരേഖക്ക് അംഗീകാരം നല്‍കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ചെയർമാൻ കൂടിയായ എ. ഷാജഹാൻ അധ്യക്ഷനായ ഡീലിമിറ്റേഷൻ കമീഷനാണ് നടപടി ഏകോപിപ്പിക്കുക. അടുത്തവർഷം മെയ് മാസത്തോടെ പൂർത്തിയാക്കാനാണ് തീരുമാനം.
Tags:
KERALA