02-09-2024
◾ നിലമ്പൂര്‍ എം എല്‍ എ പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ എഡിജിപി അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ കാര്യവും ശരിയായ നിലയില്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് കോട്ടയത്ത് നടന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയില്‍ മുഖ്യമന്ത്രി പറഞ്ഞു. ഒരു മുന്‍വിധിയും ഉണ്ടാവില്ലെന്നും, ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ടെന്നും ഉയര്‍ന്നു വന്ന പ്രശ്‌നങ്ങള്‍ എല്ലാ ഗൗരവവും നില നിര്‍ത്തി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അച്ചടക്കമാണ് പ്രധാനമെന്നും അച്ചടക്കം തടസപ്പെടുത്തുന്ന നടപടികള്‍ വച്ചു പൊറുപ്പിക്കില്ലെന്നും അച്ചടക്കം ലംഘിച്ചാല്‍ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പകരം ചുമതല എച്ച് വെങ്കിടേഷിനോ ബല്‍റാം കുമാറിനോ നല്‍കുമെന്നാണ് സൂചന. എഡിജിപി അജിത് കുമാറിനെതിരെ സീനിയര്‍ ഡിജിപി കെ പത്മകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിടാനാണ് സാധ്യത. പൊലീസിലെ ഉന്നതര്‍ക്കെതിരെയും പി ശശിക്കെതിരെയും അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്നും മാറ്റുന്നത്.
◾ പത്തനംതിട്ട എസ്.പി എസ്. സുജിത്ദാസിനെ സസ്‌പെന്‍ഷന്‍. പിവി അന്‍വര്‍ എംഎല്‍എ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിന് പിന്നാലെയാണ് അച്ചടക്ക നടപടി. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. എസ്പി സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തര വകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നു. സര്‍വീസ് ചട്ടം ലംഘിച്ചതായാണ് അന്വേഷണ റിപ്പോര്‍ട്ട്. സേനയ്ക്ക് നാണക്കേടെന്ന ഡിഐജി അജിതാ ബീഗത്തിന്റെ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി. വിവാദത്തിനു പിന്നാലെ സുജിത് ദാസ് അവധിയില്‍ പ്രവേശിച്ചിരുന്നു.
◾ എഡിജിപി അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ. എം ആര്‍ അജിത് കുമാര്‍ തിരുവനന്തപുരത്ത് കവടിയാറില്‍ 15 കോടിക്ക് വീട് വെക്കാന്‍ സ്ഥലം വാങ്ങിയെന്നും ഇതിനുള്ള പണം അജിത് കുമാറിന് എവിടുന്ന് കിട്ടിയെന്നും പി വി അന്‍വര്‍ ചോദിച്ചു. അതോടൊപ്പം സോളാര്‍ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വെളിപെടുത്തല്‍ ഓഡിയോയും പി വി അന്‍വര്‍ എംഎല്‍എ പുറത്തുവിട്ടു. സോളാര്‍ കേസിലെ പ്രതികളില്‍ നിന്ന് പണം വാങ്ങി നല്‍കാമെന്ന് എഡിജിപി പരാതിക്കാരിയോട് പറഞ്ഞതിന് പിന്നാലെ പരാതിക്കാരി മൊഴി മാറ്റിയെന്നാണ് പുതിയ ശബ്ദരേഖയിലെ വെളിപ്പെടുത്തല്‍.
◾ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പൊലീസ് അസോസിയേഷന്‍ യോഗത്തിലും വിമര്‍ശനം. എസ്പിമാര്‍ക്ക് മുകളില്‍ അമിത ജോലി ഭാരം അടിച്ചേല്‍പ്പിക്കുന്നുവെന്നും ഇതിന്റെ ഭാരം പൊലീസുകാരിലേക്കെത്തുന്നുവെന്നും പ്രതിനിധികള്‍ പൊലീസ് അസോസിയേഷന്‍ യോഗത്തില്‍ വിമര്‍ശിച്ചു. എഡിജിപി സമാന്തര ഇന്റലിജന്‍സ് ഉണ്ടാക്കി പൊലീസുകാരെ നിരീക്ഷിക്കുന്നുവെന്നും പൊലീസ് അസോസിയേഷന്‍ യോഗത്തില്‍ ആരോപണം ഉയര്‍ന്നു.
◾ തനിക്കെതിരായ ആരോപണങ്ങളെല്ലാം അന്വേഷിക്കട്ടെയെന്നും അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയതായും എഡിജിപി എംആര്‍ അജിത് കുമാര്‍. എഡിജിപിക്കെതിരേ പി.വി.അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയാക്കുന്നത് എന്തിനെന്ന് നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ. ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമയിലുണ്ടായിരുന്നതായും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇപ്പോള്‍ വരുന്ന വെളിപ്പെടുത്തലുകള്‍ ഷോ ആണെന്നും ശാരദ പറഞ്ഞു. ഹേമ കമ്മിറ്റി വിട്ട് നിങ്ങള്‍ വയനാട്ടിലെ ദുരന്തത്തെ കുറിച്ച് സംസാരിക്കൂവെന്നും, റിപ്പോര്‍ട്ടിലെ കാര്യങ്ങളെ കുറിച്ച് ഓര്‍മയില്ലെന്നും ശാരദ പറഞ്ഞു. അഞ്ചാറ് വര്‍ഷം മുമ്പ് നടന്ന തെളിവെടുപ്പിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ താന്‍ എഴുതിയ കാര്യങ്ങളെ കുറിച്ചും ഓര്‍മയില്ലെന്നും റിപ്പോര്‍ട്ടിനെ കുറിച്ച് എല്ലാം ജസ്റ്റിസ് ഹേമ പറയട്ടെ എന്നും ശാരദ പറഞ്ഞു.
◾ ലൈംഗിക പീഡനക്കേസില്‍ യുവ നടിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് നടന്‍ സിദ്ദിഖ്. 5 വര്‍ഷം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ച ആരോപണമാണ് വീണ്ടും ഉന്നയിക്കുന്നത്. അന്ന് ബലാത്സംഗം ചെയ്തെന്ന് പറഞ്ഞിരുന്നില്ല. ബലാത്സംഗ പരാതി ഇപ്പോള്‍ മാത്രമാണ് ഉന്നയിക്കുന്നത്. പരാതി തന്നെ അപമാനിക്കാനാണെന്നും സിദ്ദിഖ് ഹൈക്കോടതിയില്‍ നല്‍കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു.
◾ എം.മുകേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകളില്‍ പ്രതികളുടെ അറസ്റ്റ് ഉടനില്ലെന്ന് അന്വേഷണ ചുമതലവഹിക്കുന്ന പൂങ്കുഴലി ഐപിഎസ്. പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കോടതി നടപടികള്‍ പരിഗണിച്ചായിരിക്കും ചോദ്യം ചെയ്യലടക്കമുണ്ടാവുകയെന്നും പുങ്കുഴലി അറിയിച്ചു.
◾ തെരഞ്ഞെടുപ്പില്‍ ഇനി മല്‍സരിക്കില്ലെന്ന് കെടി ജലീല്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്്. ഒരധികാരപദവിയും വേണ്ടെന്നും അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരുമെന്നും കെടി ജലീല്‍ പറഞ്ഞു. നേരത്തെ, പിവി അന്‍വര്‍ എംഎല്‍എയ്ക്ക് പിന്നാലെ സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനവുമായി കെടി ജലീല്‍ എംഎല്‍എയും രംഗത്തെത്തിയിരുന്നു.
◾ എഡിജിപിക്കെതിരായ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും നാണം കെട്ട ആരോപണങ്ങളാണ് കേള്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കൊലപാതകങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്നുവെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്ഥനാണ് അന്‍വര്‍. മുഖ്യമന്ത്രി അറിയാതെ ഈ ആരോപണവും വരില്ലെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
◾ തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് തോക്ക് ലൈസന്‍സിനായി അപേക്ഷ നല്‍കി പിവി അന്‍വര്‍ എംഎല്‍എ. മലപ്പുറം കളക്ട്രേറ്റിലെത്തിയാണ് അപേക്ഷ നല്‍കിയത്. എ.ഡി.ജി.പി.ക്ക് എതിരായ തുടര്‍ച്ചയായ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുള്ളത് കൊണ്ടാണ് തോക്കിന് അപേക്ഷിച്ചതെന്നും അന്‍വര്‍ പറഞ്ഞു. നാളെ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിക്കുമെന്നും വെളിപ്പെടുത്തലുകള്‍ തല്‍ക്കാലം നിര്‍ത്തുന്നുവെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
◾ കേരള പൊലീസിനും ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരായ പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണം ഗുരുതരമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. ആരോപണം തെറ്റെങ്കില്‍ അന്‍വറിനെതിരെ എന്തുകൊണ്ട് നടപടിയില്ലെന്നും അദ്ദേഹം ചോദിച്ചു. അതേസമയം സുരേഷ് ഗോപി ജയിച്ചത് പൂരം കലക്കിയത് കൊണ്ടെന്ന് വ്യാഖ്യാനിക്കേണ്ടെന്നും അത്തരത്തിലുള്ള വ്യാഖ്യാനം തൃശൂരിലെ ജനവിധിയോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് രാജ്യദ്രോഹം നടത്തിയതാണ് അന്വേഷിക്കേണ്ടതെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.
◾ പി വി അന്‍വര്‍ എംഎല്‍എ തോക്ക് ലൈസന്‍സിനായി അപേക്ഷ നല്‍കിയതിനെ പരിഹസിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. ഭരണപക്ഷ എംഎല്‍എക്ക് പോലും സ്വന്തം ജീവന്‍ രക്ഷിക്കാന്‍ സ്വയം തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടിലെന്നും, ക്രമസമാധാന പാലനത്തില്‍ കേരളം നമ്പര്‍ വണ്‍ ആണത്രേയെന്നും ബല്‍റാം സമൂഹ മാധ്യമത്തില്‍ കുറിച്ചു.
◾ എഡിജിപി അജിത് കുമാറിനെതിരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി. പിവി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തല്‍ മൊഴിയായി പരിഗണിച്ച് പൂരം കലക്കിയെന്ന ആരോപണത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകന്‍ വി ആര്‍ അനൂപാണ് പരാതി നല്‍കിയത്. അജിത് കുമാറിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തണം എന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
◾ മാഫിയ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി രാജിവെയ്ക്കുക, മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനലുകളെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ ഇന്ന് വൈകുന്നേരം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് കെപിസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം. ലിജു അറിയിച്ചു.
◾ കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ എട്ട് ജില്ലകളില്‍ ഇന്ന് മഞ്ഞ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
◾ വാടക വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റായ ട്രാന്‍സ് ജെന്ററിന്റെ പരാതിയില്‍ സന്തോഷ് വര്‍ക്കി യെന്ന ആറാട്ടണ്ണന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി ആറാം തിയതി പരിഗണിക്കാന്‍ മാറ്റി.
◾ കര്‍ണാടകയിലെ ഷിരൂര്‍ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചു. വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലാര്‍ക്കായാണ് കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ ദിവസമാണ് സഹകരണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
◾ വെള്ളം കോരുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ 60 വയസുകാരിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചു. പെരുമ്പാവൂര്‍ മുന്‍സിപ്പാലിറ്റിയിലെ പതിനെട്ടാം വാര്‍ഡില്‍ മരുതു കവലയിലുള്ള ശ്രീരംഗം വീട്ടില്‍ രാധാകൃഷ്ണന്റെ ഭാര്യ എം. ജെ. ജയശ്രീയെ(60) ആണ് രക്ഷിച്ചത്. മാര്‍ത്തോമന്‍ കോളേജില്‍ ഹിന്ദി പ്രഫസറായി സര്‍വീസില്‍ നിന്ന് വിരമിച്ചയാളാണ് ജയശ്രീ.
◾ കോയമ്പത്തൂരിലെ വാല്‍പ്പാറ സര്‍ക്കാര്‍ കോളേജിലെ കൂട്ട ലൈംഗികാതിക്രമത്തില്‍ രണ്ട് അസി. പ്രൊഫസര്‍മാര്‍ ഉള്‍പ്പെടെ നാല് ജീവനക്കാര്‍ അറസ്റ്റില്‍. കോളേജിലെ അസി. പ്രൊഫസര്‍മാരായ എസ്. സതീഷ്‌കുമാര്‍, എം. മുരളീരാജ്, ലാബ് ടെക്‌നീഷ്യന്‍ എ. അന്‍പരശ്, സ്‌കില്‍ കോഴ്‌സ് ട്രെയിനര്‍ എന്‍. രാജപാണ്ടി എന്നിവരെയാണ് വാല്‍പ്പാറ ഓള്‍ വിമന്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍നിന്ന് പലരീതിയിലുള്ള അതിക്രമങ്ങള്‍ നേരിട്ടതായി വിദ്യാര്‍ഥിനികള്‍ സംസ്ഥാന വനിതാ കമ്മീഷനാണ് ആദ്യം പരാതി നല്‍കിയത്.
◾ പുണെയില്‍ എന്‍.സി.പി നേതാവിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തി. മുന്‍ കൗണ്‍സിലര്‍ കൂടിയായ വന്‍രാജ് അന്ദേക്കറാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. വ്യക്തിവിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്.
◾ ഉത്തര്‍പ്രദേശിലെ ബഹ്റയിച്ച് ജില്ലയെ ഭീതിയിലാഴ്ത്തി വീണ്ടും ചെന്നായ ആക്രമണം. ഏറ്റവും ഒടുവില്‍ മൂന്ന് വയസ്സുള്ള കുട്ടിയെ കടിച്ചുകൊന്നതായാണ് റിപ്പോര്‍ട്ട്. ബഹ്റയിച്ച് ജില്ലയില്‍ നേരത്തെ എട്ട് കുട്ടികളും ഒരു സ്ത്രീയും ചെന്നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഡ്രോണുകള്‍ ഉപയോഗിച്ച് ചെന്നായകളുടെ നീക്കങ്ങള്‍ അധികൃതര്‍ നിരീക്ഷിക്കുകയാണ്.
◾ ഉത്തര്‍പ്രദേശിലെ ബഹ്റയിച്ചില്‍ നരഭോജി ചെന്നായകളെ പിടികൂടാന്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. കെണികളൊരുക്കിയ ശേഷം വലിയ പാവകളുണ്ടാക്കി അതില്‍ കുട്ടികളുടെ മൂത്രം തളിച്ച് അവിടേക്ക് ചെന്നായകളെ ആകര്‍ഷിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ചെന്നായകളെ കെണികള്‍ക്ക് സമീപത്തേക്ക് ആകര്‍ഷിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് കരുതുന്നുവെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
◾b ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതിക്കിടെ ഇന്നലെ മുതല്‍ ഇതുവരെ 140 ട്രെയിനുകള്‍ റദ്ദാക്കി. നൂറോളം ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. പലയിടങ്ങളിലും റെയില്‍വേ പാളത്തില്‍ വെള്ളം കയറിയതോടെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. ഇതുവരെ 27 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 26 സംഘങ്ങളെ ഇരു സംസ്ഥാനങ്ങളിലുമായി രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
◾ രാജസ്ഥാനില്‍ സംസ്ഥാന പിഎസ്സി വഴി നടത്തിയ പരീക്ഷയില്‍ വന്‍ ക്രമക്കേട് നടത്തിയതായി സംസ്ഥാന പൊലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് കണ്ടെത്തി. ഒരു മുന്‍ പിഎസ്സി അംഗത്തെ അറസ്റ്റ് ചെയ്തു. ഇയാളുടെ മകനും മകളും പരീക്ഷയില്‍ ആദ്യ റാങ്കുകളില്‍ എത്തിയിരുന്നു. 2021ല്‍ രാജസ്ഥാന്‍ പി.എസ്.സി നടത്തിയ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പരീക്ഷയിലെ ക്രമക്കേടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
◾ റഷ്യ ചാരപ്രവര്‍ത്തനത്തിന് പരിശീലനം നല്‍കിയതെന്ന് സംശയിക്കുന്ന തിമിംഗലത്തെ ചത്തനിലയില്‍ കണ്ടെത്തി. ബെലൂഗ തിമിംഗലമാണ് നോര്‍വീജിയന്‍ തീരത്തിന് സമീപത്തായി ചത്ത നിലയില്‍ കണ്ടെത്തിയത്. ഹ്വാള്‍ഡിമിര്‍ എന്ന് പേരുള്ള ഈ തിമിംഗലത്തെ നോര്‍വേയുടെ തെക്ക് പടിഞ്ഞാറന്‍ പട്ടണമായ റിസവികയുടെ സമീപത്താണ് ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഹ്വാള്‍ഡിമിറിനെ പോസ്റ്റ്മോര്‍ട്ടത്തിനായി ഏറ്റവുമടുത്ത തുറമുഖത്തേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.
◾ പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കം. വൈകീട്ട് 6-നാണ് കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടനം. കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍ മോഹന്‍ലാല്‍ ചാമ്പ്യന്‍ഷിപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മന്ത്രി വി.അബ്ദുറഹ്‌മാന്‍, കെ.സി.എ. വനിതാ ക്രിക്കറ്റ് ഗുഡ്വില്‍ അംബാസഡര്‍ നടി കീര്‍ത്തി സുരേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
◾ ചരക്ക്-സേവന നികുതിയായി ദേശീയതലത്തില്‍ കഴിഞ്ഞമാസം പിരിച്ചെടുത്തത് 1.75 ലക്ഷം കോടി രൂപ. 2023 ഓഗസ്റ്റിലെ 1.59 ലക്ഷം കോടി രൂപയേക്കാള്‍ 10 ശതമാനം അധികമാണിത്. 2024ല്‍ ഇതു വരെ മൊത്തം പിരിച്ചത് 9.13 ലക്ഷം കോടിയാണ്. മുന്‍ വര്‍ഷത്തെ സമാന കാലയളവില്‍ ഇത് 8.29 ലക്ഷം കോടിയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ പിരിച്ചെടുത്ത 2.10 ലക്ഷം കോടിയാണ് ജി.എസ്.ടിയിലെ റെക്കോഡ്. കഴിഞ്ഞ മാസം പിരിച്ചെടുത്ത മൊത്തം ജി.എസ്.ടിയില്‍ 27,244 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 34,006 കോടി രൂപ സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുത്തതുമാണ്. കേരളത്തിലെ ജി.എസ്.ടി സമാഹരണം കഴിഞ്ഞ മാസം 2,511 കോടി രൂപയാണ്. 2023 ഓഗസ്റ്റിലേക്കാള്‍ 9 ശതമാനം അധികം. കഴിഞ്ഞ മാസത്തെ സംസ്ഥാന ജി.എസ്.ടി, ഐ.ജി.എസ്.ടിയിലെ സംസ്ഥാന വിഹിതം എന്നിവയായി കേരളത്തിന് 6,034 കോടി രൂപയും ലഭിച്ചു. ജി.എസ്.ടി സമാഹരണത്തില്‍ 26,367 കോടിയുമായി മഹാരാഷ്ട്രയാണ് മുന്നില്‍. 12,344 കോടി രൂപയുമായി കര്‍ണാടക രണ്ടാമതും 10,181 കോടി രൂപയുമായി തമിഴ്‌നാട് മൂന്നാമതുമാണ്. വെറും മൂന്ന് കോടി രൂപ മാത്രം പിരിച്ചെടുത്ത ലക്ഷദ്വീപാണ് ജി.എസ്.ടി പിരിവില്‍ ഏറ്റവും പിന്നില്‍.
◾ ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്കായി വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നു. ഉപയോക്താക്കള്‍ക്ക് കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍ മറ്റൊരു അക്കൗണ്ടിലേക്ക് ചേര്‍ക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. ഒന്നിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് ഈ ഫീച്ചര്‍. ഉപയോക്താക്കള്‍ക്ക് ഓഫീസിലേയും വ്യക്തിഗതമായ കോണ്‍ക്റ്റുകളും പ്രത്യേകം സൂക്ഷിക്കാന്‍ അനുവദിക്കുന്നു. ഉപയോക്താക്കള്‍ കോണ്‍ടാക്റ്റ് 'സിങ്കിങ്' ഓഫ് ചെയ്താല്‍ പുതിയ വാട്‌സ്ആപ്പ് അപ്ഡേറ്റില്‍ മാനുവല്‍ സിങ്കിങ് ഓപ്ഷന്‍ ലഭ്യമാക്കും. ഇത് തെരഞ്ഞെടുക്കുന്ന കോണ്‍ടാക്റ്റുകള്‍ മാത്രം സിങ്ക് ചെയ്യാന്‍ സഹായിക്കും. മുഴുവന്‍ കോണ്‍ടാക്ട്‌സും ഉപയോക്താക്കള്‍ക്ക് അവരുടെ ലിങ്ക്ഡ് ഡിവൈസുകളില്‍ ലഭ്യമാകാന്‍ താല്‍പ്പര്യമില്ലെങ്കില്‍ സിങ്ക് ചെയ്ത കോണ്‍ടാക്റ്റുകള്‍ അണ്‍സിങ്ക് ചെയ്യാനും കഴിയും.
◾ റഹ്‌മാന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന വേഷങ്ങളാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബാഡ് ബോയ്സി'ലെ വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. 'ആരംഭം തുളുമ്പും' എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. മര്‍ഹും- നല്ലളം ബീരാന്റെ ഒറിജിനല്‍ ഗാനം സിനിമയ്ക്കുവേണ്ടി ചിട്ടപ്പെടുത്തിയിരിക്കുന്നത് വില്യം ഫ്രാന്‍സിസ് ആണ്. വിനീത് ശ്രീനിവാസന്‍, അക്ബര്‍ ഖാന്‍, ഇമ്രാന്‍ ഖാന്‍, പരീക്കുട്ടി പെരുമ്പാവൂര്‍, വില്യം ഫ്രാന്‍സിസ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിന്‍ ജോര്‍ജ്, അജു വര്‍ഗീസ്, ബാല, ആന്‍സണ്‍ പോള്‍, സെന്തില്‍ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകന്‍, രമേഷ് പിഷാരടി, ഡ്രാക്കുള സുധീര്‍, സോഹന്‍ സീനുലാല്‍, മൊട്ട രാജേന്ദ്രന്‍, സജിന്‍ ചെറുകയില്‍, അജയ് വാസുദേവ്, ആരാധ്യ ആന്‍, മല്ലിക സുകുമാരന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒമറിന്റേതാണ് കഥ.
◾ ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ചിത്രമാണ് 'മാര്‍ക്കോ'. ചിത്രത്തിന്റെ പാക്കപ്പ് വിഡിയോ പുറത്തുവിട്ടു. 30 കോടി ബജറ്റില്‍ 100 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തില്‍ 60 ദിവസവും ആക്ഷന്‍ രംഗങ്ങളാണ് ചിത്രീകരിച്ചത്. ഫുള്‍ പാക്കഡ് ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന് സ്റ്റണ്ട് രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിംഗ്സണ്‍ ആണ്. കെജിഎഫ്, സലാര്‍ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും പുതുമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.
◾ എന്‍ട്രി ലെവല്‍ മോഡലുകളായ ആള്‍ട്ടോ കെ10, എസ് പ്രസ്സോ എന്നിവയുടെ തെരഞ്ഞെടുത്ത വേരിയന്റുകളുടെ വില കുറച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. എസ് പ്രസ്സോ എല്‍എക്‌സ്‌ഐ പെട്രോളിന്റെ വില 2000 രൂപയും ആള്‍ട്ടോ കെ10 വിഎക്‌സ്‌ഐ പെട്രോളിന്റെ വില 6500 രൂപയുമാണ് കുറച്ചത്. ആള്‍ട്ടോ കെ 10ന്റെ വില 3.99 ലക്ഷം മുതല്‍ 5.96 ലക്ഷം രൂപ വരെയാണ്. എസ് പ്രസ്സോയ്ക്ക് 4.26 ലക്ഷം മുതല്‍ 6.11 ലക്ഷം രൂപ വരെയാണ് വില. ആള്‍ട്ടോയും എസ് പ്രസ്സോയും ഉള്‍പ്പെടുന്ന കമ്പനിയുടെ മിനി സെഗ്മെന്റ് കാറുകളുടെ വില്‍പ്പന കഴിഞ്ഞ മാസം 10,648 യൂണിറ്റായി കുറഞ്ഞിരുന്നു. ഒരു വര്‍ഷം മുമ്പ് ഇത് 12,209 യൂണിറ്റായിരുന്നു. ബലേനോയും സെലേറിയോയും ഉള്‍പ്പെടുന്ന കോംപാക്ട് സെഗ്മെന്റില്‍ വില്‍പ്പനയില്‍ ഓഗസ്റ്റില്‍ 20 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്.
◾ അങ്ങേയറ്റം അയത്‌നലളിതമായാണ് എസ്.ആര്‍. ലാല്‍ കഥകള്‍ എഴുതുന്നത്. കഥകളില്‍ വിഷയവൈവിദ്ധ്യവും ഭാവസാന്ദ്രതയും ഒരേസമയം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. കാലത്തിന്റെ മാറ്റങ്ങള്‍ ഈ കഥകള്‍ സമഗ്രമായി ഉള്‍ക്കൊണ്ട് അവതരിപ്പിക്കുന്നു. തന്റെയിടങ്ങളില്‍നിന്ന് കഥകള്‍ കണ്ടെടുക്കുമ്പോഴും അതിന്റെ സംവേദനശേഷി സാര്‍വ്വലൗകികമാണ്. അടക്കമുള്ള ഒരു കലാശില്‍പ്പി ഈ കഥകളുടെ പിന്നില്‍ വായനക്കാരെ കാത്തിരിപ്പുണ്ട്. കൊള്ളിമീനാട്ടം, രണ്ടു സ്‌നേഹിതര്‍, ചിരി, അടക്കം, അപരാജിതോ തുടങ്ങി എസ്.ആര്‍. ലാലിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം. 'കൊള്ളിമീനാട്ടം'. എസ്.ആര്‍ ലാല്‍. മാതൃഭൂമി. വില 136 രൂപ.
◾ ഒന്നല്ല, ഒന്നിലധികം ഡോക്ടര്‍മാരെ അകറ്റി നിര്‍ത്താന്‍ പഴങ്ങള്‍ കഴിക്കുന്നത് സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. പഴങ്ങളിലെ ആന്റി-ഓക്സിഡന്റ്, ആന്‍-ഇന്‍ഫ്ലമേറ്ററി മൈക്രോന്യൂട്രിയന്റ് ഗുണങ്ങള്‍ വാര്‍ദ്ധക്യത്തില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള വിഷാദ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് സിംഗപൂര്‍ നാഷണല്‍ സര്‍വകലാശാല ലൂ ലിന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനം വിശദീകരിക്കുന്നത്. പ്രായമാകുമ്പോള്‍ തലച്ചോറിലുണ്ടാകുന്ന ന്യൂറോഡിജനറേഷന്‍ അലസത, ക്ഷീണം, വിട്ടുമാറാത്ത രോഗങ്ങള്‍, ഒന്നിനോടും താല്‍പര്യമില്ലായ്മ, സന്ധിവേദന, വൈജ്ഞാനിക കാലതാമസം, ചലനശേഷി കുറയുന്നത്, ഉറക്കമില്ലായ്മ തുടങ്ങിയ വിഷാദ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം. ശാരീരികമായി ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ മാനസികമായും ബുദ്ധിമുട്ടിലാക്കും. ആപ്പിള്‍, ഓറഞ്ച്, വാഴപ്പഴം തുടങ്ങിയവ പഴങ്ങളില്‍ ആന്റി-ഓക്‌സിഡന്റ് ഗുണങ്ങളും ആന്റ-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. കൂടാതെ പഴങ്ങള്‍ മിക്കവാറും പച്ചയ്ക്ക് കഴിക്കുന്നതു കൊണ്ട് തന്നെ പോഷകങ്ങള്‍ മുഴുവനായും ലഭ്യമാകുന്നു. പഴങ്ങളില്‍ അടങ്ങിയ മൈക്രോന്യൂട്രിയറന്റുകളായ വിറ്റാമിന്‍ സി, കരോറ്റനോയിഡ്‌സ്, ഫ്‌ളവനോയിഡ്‌സ് ശരീരത്തിലുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, വീക്കം എന്നിവ കുറയ്ക്കാന്‍ സഹായിക്കും. ഇവ രണ്ടും വിഷാദത്തിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതാണ്. ദിവസവും മൂന്ന് പഴങ്ങള്‍ വീതം കഴിക്കുന്നവരില്‍ 21 ശതമാനം പ്രായവുമായി ബന്ധപ്പെട്ട വിഷാദ ലക്ഷണങ്ങള്‍ കുറവുണ്ടായതായി കണ്ടെത്തിയെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 83.90, പൗണ്ട് - 110.21, യൂറോ - 92.87, സ്വിസ് ഫ്രാങ്ക് - 98.85, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.86, ബഹറിന്‍ ദിനാര്‍ - 222.67, കുവൈത്ത് ദിനാര്‍ -274.65, ഒമാനി റിയാല്‍ - 217.98, സൗദി റിയാല്‍ - 22.36, യു.എ.ഇ ദിര്‍ഹം - 22.84, ഖത്തര്‍ റിയാല്‍ - 22.99, കനേഡിയന്‍ ഡോളര്‍ - 62.18.
Tags:
KERALA