താമരശ്ശേരി: താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ബുധനാഴ്ച രാത്രി അക്രമംനടത്തിയ ലഹരി ക്കടിമയായ യുവാവ് പിടിയിൽ. കൊടുവള്ളി ആവിലോറ കിഴക്കെ നൊച്ചിപ്പൊയിൽ റബീൻ റഹ്‌മാൻ (24) ആണ് പിടിയിലായത്. കാൽമുട്ടിനും പുറത്തും മുറിവേറ്റ് ചികിത്സതേടിയെത്തിയ യുവാവ് ആശുപത്രിയിൽ ബഹളംവെച്ച് അക്രമാസക്തനാവുകയായിരുന്നു.
ലഹരിക്കടിമപ്പെട്ട ഇയാൾ ആശുപത്രി ഉപകരണങ്ങൾ വലിച്ചെറിഞ്ഞും ചുമരിലടിച്ചും ആക്രോശിച്ചും അസഭ്യവർഷംനടത്തിയതോടെ മറ്റുരോഗികൾ ഭയന്ന് പുറത്തേക്കോടി.ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് ആദ്യം സ്ഥലത്തെത്തി യുവാവിനെ കീഴ്പ്പെടുത്താൻ ശ്രമിച്ച രണ്ടു പോലീസുകാർക്കും, നഴ്സിംങ്ങ് അസിസ്റ്റന്റ്റിനും മർദ്ദനമേറ്റു. താമരശ്ശേരി സ്റ്റേഷനിലെ സി പി ഒ മാരായ അഷറഫ്, ഹനീഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്.
പിന്നീട് താമരശ്ശേരി സിഐ സായൂജ്കുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് എത്തി യുവാവിനെ കീഴ്പ്പെടുത്തി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാത്രി ഒമ്പതര മണിയോടെയായിരുന്നു സംഭവം.
Tags:
THAMARASSERY