2024 സെപ്റ്റംബർ 26 വ്യാഴം
1200 കന്നി 10 പുണർതം
1446 റ:അവ്വൽ 22
◾ പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് 72 ദിവസം നീണ്ട ആ കാത്തിരിപ്പിന് വിട നല്‍കി കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ മൃതദേഹം ഗംഗാവാലി പുഴയില്‍ നിന്ന് കണ്ടെത്തി. ഡ്രെഡ്ജര്‍ ഉപയോഗിച്ച് ഇന്നലെ നടത്തിയ നിര്‍ണായക പരിശോധനയിലാണ് അര്‍ജുന്റെ ലോറിയും ലോറിക്കുള്ളില്‍ നിന്ന് മൃതദേഹവും കണ്ടെത്തിയത്. ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ലോറിയും അര്‍ജുന്റെ ശരീരവും കണ്ടെത്തിയത് ഗംഗാവലി പുഴയുടെ 12 മീറ്റര്‍ ആഴത്തില്‍ നിന്നായിരുന്നു. ഏറെക്കുറെ അസാധ്യമെന്നുതന്നെ കരുതിയിരുന്നിടത്തുനിന്ന് നിശ്ചയദാര്‍ഢ്യത്തിന്റെയും തളരാത്ത ശുഭാപ്തിവിശ്വാസത്തിന്റെയും പിന്‍ബലത്തിലാണ് അര്‍ജുനിലേക്ക് തിരച്ചില്‍ സംഘം എത്തിച്ചേര്‍ന്നത്.
◾ മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ല്‍. മംഗ്ളൂരുവില്‍ വെച്ചാണ് ഡിഎന്‍എ പരിശോധന നടത്തുക. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണമെന്നും എംഎല്‍എ വ്യക്തമാക്കി. അതേസമയം മണ്ണിടിച്ചിലില്‍ കാണാതായ കര്‍ണാടക സ്വദേശികളായ ലോകേഷിനും ജഗന്നാഥനുംവേണ്ടി തിരച്ചില്‍ തുടരുമെന്ന് സതീഷ് കൃഷ്ണ സെയ്ല്‍ അറിയിച്ചു.
◾ അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയപ്പോള്‍ വിങ്ങിപ്പൊട്ടി ലോറി ഉടമയും സുഹൃത്തുമായ മനാഫ്. ഒരു സാധാരണ മനുഷ്യന് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്തെന്നും അര്‍ജുന്റെ അമ്മയ്ക്ക് നല്‍കിയ വാക്ക് താന്‍ പാലിച്ചെന്നും മനാഫ് പ്രതികരിച്ചു.
◾ അര്‍ജുന്റെ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്ന് ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഡിഎന്‍ എ പരിശോധനയുടെ ഫലം വന്നതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. 2 ദിവസത്തിനുളളില്‍ ഇതുണ്ടാകുമെന്നും കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു.
◾ അര്‍ജ്ജുന്റെ ലോറിയുടെ കാബിന്‍ പാടേ തകര്‍ന്ന നിലയില്‍ ആണ് കണ്ടെത്തിയത്. കാബിനകത്ത് നിന്ന് മൃതദേഹ ഭാഗങ്ങളും കണ്ടെത്തിയതിന് പിന്നാലെ കൂടുതല്‍ പരിശോധന നടത്തി. കാബിനുള്ളില്‍ നിന്ന് മണ്ണും ചെളിയും അടക്കം ശേഖരിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങളാണ് പരിശോധന നടത്തിയത്.
◾ ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദൗത്യം ലക്ഷ്യത്തിലെത്തിക്കാനായതില്‍ സംതൃപ്തിയെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. ഷിരൂര്‍ ദൗത്യത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അഭിനന്ദിച്ച് കെ സി വേണുഗോപാല്‍ എം പി. ചില സമയങ്ങളില്‍ പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ വന്നിരുന്നുവെന്നും രാജ്യം കണ്ട വലിയ രക്ഷാദൗത്യങ്ങളില്‍ ഒന്നാണ് അര്‍ജുന് വേണ്ടി കര്‍ണാടക സര്‍ക്കാര്‍ നടത്തിയതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
◾ അര്‍ജുനെ കണ്ടെത്തിയ ഷിരൂര്‍ ദൗത്യത്തില്‍ കര്‍ണാടക സര്‍ക്കാരിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചാണ് പിണറായി വിജയന്‍ നന്ദി അറിയിച്ചത്. സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥനകളോട് കര്‍ണാടക ആത്മാര്‍ത്ഥമായി പ്രതികരിച്ചുവെന്നും അതില്‍ കേരളത്തിന്റെ ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നുവെന്നും പിണറായി വിജയന്‍ കത്തില്‍ പറഞ്ഞു.
◾ അര്‍ജുന്റെ ലോറിയും മൃതദേഹ ഭാഗങ്ങളും കണ്ടെത്തിയതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത് പ്രതിസന്ധിഘട്ടമാണെന്നും അവരെ ചേര്‍ത്ത് പിടിക്കുകയാണ് ഇനി നമുക്ക് ചെയ്യാനുള്ളതെന്നും വി.ഡി.സതീശന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
◾ കര്‍ണാടയിലെ ഗംഗാവലി പുഴയില്‍ കണ്ടെത്തിയ അര്‍ജുന്റെ ലോറി വടം പൊട്ടിയതിനാല്‍ ഇന്നലെ കരക്ക് കയറ്റാനായില്ല. ഇന്ന് രാവിലെ 8 മണിയോടെ ശ്രമം വീണ്ടും തുടങ്ങും. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ്, അര്‍ജുന്റെ ലോറിയും മൃതദേഹവും ഗംഗാവലിപ്പുഴയില്‍ നിന്ന് കണ്ടെത്തിയത്.
◾ നിലമ്പൂര്‍ എം എല്‍ എ പി.വി അന്‍വറിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ . അന്‍വര്‍ പറയുന്നത് പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്ന ആളല്ല മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി ശശിയെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഗൗരവത്തോടെ ആരോപണം ഉന്നയിച്ചാല്‍ ഗൗരവമുള്ളതാകുമോ എന്നും അന്‍വറിനെ പരിഹസിച്ച് എംവി ഗോവിന്ദന്‍ മറുപടി നല്‍കി. പാര്‍ലമെന്ററി യോഗത്തിലും അന്‍വര്‍ തിരുത്തണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ എടവണ്ണ റിദാന്‍ ബാസില്‍ കൊലക്കേസില്‍ അന്വേഷണം അട്ടിമറിക്കാനുള്ള കൃത്യമായ ഗൂഡാലോചന നടക്കുന്നുണ്ടെന്ന് നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍. ഈ കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ലോ ആന്‍ഡ് ഓര്‍ഡര്‍ ചുമതലയിലുള്ള എഡിജിപി തുടരുന്നിടത്തോളം കാലം ഈ കേസില്‍ നീതിപൂര്‍വ്വമായ അന്വേഷണം ഉണ്ടാകില്ലെന്ന് ഇതോടെ വ്യക്തമായിട്ടുണ്ടെന്നും ഈ വിഷയം സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ശ്രദ്ധയില്‍പെടുത്താതെ നിര്‍വ്വാഹമില്ലെന്നും പി.വി. അന്‍വര്‍ ഫേസ് ബുക്കില്‍ കുറിച്ചു.
◾ തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുക എന്നറിഞ്ഞതിന് ശേഷം ഔദ്യോഗിക പ്രതികരണം നടത്തുമെന്നും ആ ഘട്ടത്തില്‍ അഭിപ്രായം പറയുന്നതാണ് ശരിയെന്നും സിപിഐ നേതാവ് വി.എസ് സുനില്‍ കുമാര്‍. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പരിശോധിച്ച് തള്ളേണ്ടതാണോ കൂടുതല്‍ നടപടി ആവശ്യമാണോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.
◾ ധാര്‍മികത ഉണ്ടെങ്കില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. സിപിഎമ്മില്‍ നിന്നും അത് പ്രതീക്ഷിക്കുന്നില്ലെന്നും മുകേഷിന്റെ അറസ്റ്റില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ലൈംഗീകാരോപണ കേസില്‍ അറസ്റ്റിലായ മുകേഷിനെ ജാമ്യത്തില്‍ വിട്ടതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ ബലാത്സംഗക്കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ നടന്‍ സിദ്ദിഖ് സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയില്‍ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈനായാണ് ഹര്‍ജി നല്‍കിയത്.
◾ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് ഓണ്‍ലൈനായി സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. സര്‍ക്കാരിനെ കേള്‍ക്കാതെ സിദ്ദിഖിന്റെ ഹര്‍ജിയില്‍ തീരുമാനമെടുക്കരുതെന്നാണ് ആവശ്യം. അതേസമയം, സിദ്ദിഖിനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
◾ ബലാത്സംഗക്കേസ് പ്രതി നടന്‍ സിദ്ദിഖ് സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തില്‍ എല്ലാ സംസ്ഥാന പൊലീസ് മേധാവികള്‍ക്കും സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ സംഘം ലുക് ഔട്ട് നോട്ടീസ് നല്‍കി. സിദിഖിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍, ക്രൈം ബ്രാഞ്ച് എസ് പി എന്നിവരെ ബന്ധപ്പെടണമെന്നാണ് നോട്ടീസിലുളളത്. ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലും പതിക്കാനാണ് നോട്ടീസ്.
◾ അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കും. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപ് സോമനാഥാണ് ഇക്കാര്യം അറിയിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരം ലോറന്‍സിന്റെ മക്കളുടെ വാദമുഖങ്ങള്‍ കേട്ട ശേഷമാണ് പ്രിന്‍സിപ്പല്‍ തീരുമാനം പ്രഖ്യാപിച്ചത്.കേരള അനാട്ടമി ആക്ട് പ്രകാരമാണ് കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതിയുടെ തീരുമാനം. എംഎം ലോറന്‍സിന്റെ ആഗ്രഹം അത് തന്നെ ആയിരുന്നുവെന്ന് കൃത്യവും വ്യക്തവും വിശ്വാസ യോഗ്യവുമായ സാക്ഷി മൊഴി ഉണ്ടായിരുന്നുവെന്ന് കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതി വിലയിരുത്തി.
◾ ഫിഷറീസ് വകുപ്പിലെ 662 താത്കാലിക ജീവനക്കാരെ വാട്‌സാപ്പ് സന്ദേശം വഴി പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ജനകീയ മത്സ്യക്കൃഷിയുടെ നൂറോളം പ്രോജക്ട് കോഡിനേറ്റര്‍മാര്‍, 565 അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാര്‍ എന്നിവരെയാണ് കരാര്‍ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ ഉത്തരവിറക്കാതെ വാട്‌സാപ്പ് സന്ദേശമയച്ച് ഒഴിവാക്കിയത്.
◾ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ കേസെടുക്കില്ല. സംഭവത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കേണ്ട വകുപ്പ് ഇല്ലെന്ന് പൊലീസ് അനില്‍ അക്കരയെ അറിയിച്ചു. അനില്‍ അക്കരയുടെ പരാതി തൃശൂര്‍ എസിപി ആയിരുന്നു അന്വേഷിച്ചത്.
◾ എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ രാജനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ മന്ത്രി എ കെ ശശീന്ദ്രന്‍. പ്രതികാര മനോഭാവത്തോടെയുള്ള നടപടിയാണ് പി കെ രാജന്റെ സസ്പെന്‍ഷന്‍ എന്ന് ശശീന്ദ്രന്‍ ആരോപിച്ചു . നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എ കെ ശശീന്ദ്രന്‍ സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയ്ക്ക് കത്ത് നല്‍കി.
◾ വേണാട് എക്‌സ്പ്രസിന് കൂടുതല്‍ കോച്ച് അനുവദിക്കണം എന്നാവശ്യപ്പെട്ട് മന്ത്രി വി. അബ്ദുറഹിമാന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് കത്തെഴുതി. കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ മെമു സര്‍വീസ് ആരംഭിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കേരളത്തിലെ ട്രെയിന്‍ യാത്രാദുരിതം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭാവിയില്‍ ഗുരുതര പ്രതിസന്ധികള്‍ ഉടലെടുക്കുമെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
◾ മരടില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചുവെന്ന് കണ്ടെത്തിയ ഫ്‌ളാറ്റുകള്‍ക്ക് എതിരായ കേസ് കനത്ത പിഴ ഈടാക്കി തീര്‍പ്പാക്കേണ്ടതായിരുന്നെന്ന് സുപ്രീം കോടതി ജഡ്ജി ബി.ആര്‍ ഗവായ്. മരട് ഫ്ലാറ്റ് കേസ് ഇന്നലെ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ബി. ആര്‍ ഗവായിയുടെ സുപ്രധാനമായ നിരീക്ഷണം ഉണ്ടായത്.
◾ നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് തുറന്നു പരിശോധിച്ചതിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിനെതിരായ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. അതിജീവിത നല്‍കിയ ഹര്‍ജിയാണ് വിധി പറയാന്‍ മാറ്റിയത്. ജഡ്ജിയുടെ റിപ്പോര്‍ട്ട് റദ്ദാക്കി ഉന്നത പൊലീസുദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നാണ് നടിയുടെ ആവശ്യം.
◾ ഓപ്പറേഷന്‍ വിസ്ഫോടന്‍'' എന്ന പേരില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. സംസ്ഥാനത്ത് വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിന് ലൈസന്‍സ് അനുവദിക്കുന്നതിലും പുതുക്കി നല്‍കുന്നതിലും ക്രമക്കേടുകള്‍ നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് 'ഓപ്പറേഷന്‍ വിസ്ഫോടന്‍'' നടത്തിയത്. മിന്നല്‍ പരിശോധനയില്‍ കണ്ടെത്തുന്ന ക്രമക്കേടുകളെ പറ്റി വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് തുടര്‍നടപടികള്‍ക്കായി കൈമാറുന്നതാണെന്നും വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
◾ ചാലക്കുടി കാരൂരില്‍ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേര്‍ ശ്വാസം മുട്ടി മരിച്ചു. റോയല്‍ ബേക്കേഴ്സിന്റെ നിര്‍മ്മാണ യൂണിറ്റിനോട് ചേര്‍ന്ന മാലിന്യക്കുഴിയിലാണ് അപകടം ഉണ്ടായത്. ജിതേഷ് (45), സുനില്‍കുമാര്‍ (52) എന്നിവരാണ് മരിച്ചത്. ചാലക്കുടിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
◾ കര്‍ണാടകയിലെ ബാംഗ്ലൂരുവില്‍ യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച പ്രതിയെ ഒഡീഷയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മഹാലക്ഷ്മി കൊലക്കേസിലെ പ്രതി മുക്തി രഞ്ജന്‍ റോയിയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മുക്തി രഞ്ജന്‍ റോയി ഒഡീഷയില്‍ ഉണ്ടെന്നറിഞ്ഞ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയപ്പോഴാണ് ഒരു മരത്തില്‍ കെട്ടി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
◾ മൈസൂര്‍ അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (മുഡ) സ്ഥലം അനുവദിച്ച കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ പൊലീസ് അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടതോടെ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപിയും ജെഡിഎസും രംഗത്ത്. കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് ബിജെപി അധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര പറഞ്ഞു.
◾ കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളിലും റെയില്‍വേ ട്രാക്കുകളിലും വെള്ളം കയറിയതോടെ റോഡ്- റെയില്‍ ഗതാഗതം പ്രതിസന്ധിയിലായി. കാലാവസ്ഥ മോശമായതോടെ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മഴ ശക്തമായ സാഹചര്യത്തില്‍ മുംബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
◾ അമിത വേഗത്തിലെത്തിയ കാര്‍ ട്രെയിലറിലേക്ക് ഇടിച്ച് കയറി യാത്രികരായ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലെ ഹിമന്ത്നഗറിന് സമീപമാണ് ബുധനാഴ്ച രാവിലെ അപകടമുണ്ടായത്. ഷാംലാജിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന ആളുകളായിരുന്നു കാറിലുണ്ടായിരുന്നത്.
◾ ബദ്‌ലാപുരില്‍ നഴ്‌സറിക്കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി അക്ഷയ് ഷിന്ദേ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് ബോംബെ ഹൈക്കോടതി. ഇത് പോലീസുമായുള്ള ഏറ്റുമുട്ടലായി കണക്കാക്കാനാവില്ലെന്നും പ്രഥമ ദൃഷ്ട്യാ തന്നെ ഇത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കോടതി പറഞ്ഞു.
◾ കുവൈറ്റ്-ഇറാന്‍ സമുദ്രാതിര്‍ത്തിയിലുണ്ടായ കപ്പലപകടത്തില്‍ കാണാതായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹം കണ്ടെത്തി. ഒരു മലയാളി അടക്കം രണ്ട് പേരുടെ മൃതദ്ദേഹം ആണ് കിട്ടിയതെന്ന് സൂചനയുണ്ട്. ഒപ്പം രണ്ട് ഇറാന്‍ പൗരന്മാരുടെ മൃതദേഹവും കിട്ടി. ഇവരുടെ വിവരം കുവൈറ്റ് ഔദ്യോഗികമായി കൈമാറിയിട്ടില്ല. എല്ലാ ശ്രമവും തുടരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
◾ ലബനനില്‍ കര ആക്രമണത്തിന് സൈന്യം തയാറെടുക്കുന്നതായി ഇസ്രയേല്‍ സൈനിക മേധാവി ലഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹാലേവി. ലബനനില്‍ കര ആക്രമണം നടത്തുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് വ്യോമാക്രമണം ശക്തമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേല്‍ ലക്ഷ്യമാക്കി ഹിസ്ബുല്ല മിസൈലുകള്‍ തൊടുത്തതിനു പിന്നാലെയാണ് ഇസ്രയേല്‍ സൈനിക മേധാവിയുടെ പ്രഖ്യാപനം.
◾ ഗുസ്തി താരവും ഹരിയാണയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ വിനേഷ് ഫോഗട്ടിന് നോട്ടീസയച്ച് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡ. ഉത്തേജക മരുന്ന് പരിശോധനയ്ക്കായി ഉണ്ടാകുമെന്നറിയിച്ച സ്ഥലത്ത് ഇല്ലാതിരുന്നതിനാലാണ് വിശദീകരണം ചോദിച്ച് നാഡ നോട്ടീസയച്ചത്. 14 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.
◾ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ ബിസിനസ് പ്രമോട്ടര്‍മാരെ നിയമിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (2024 സെപ്റ്റംബര്‍ 26) ഉച്ചയ്ക്ക് 12ന് എറണാകുളം ടൗണ്‍ഹാളില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. പരിശീലനം പൂര്‍ത്തിയാക്കിയ 340 ബിസിനസ് പ്രമോട്ടര്‍മാര്‍ക്ക് ധനമന്ത്രി നിയമന ഉത്തരവ് കൈമാറുന്നതോടെ കെഎസ്എഫ്ഇയുടെ ബിസിനസ് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. ബിസിനസ് പ്രമോട്ടര്‍മാരുടെ മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനവും മന്ത്രി ഇതോടൊപ്പം നിര്‍വഹിക്കും. കെഎസ്എഫ്ഇയുടെ മേഖലാ ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനായി 2400 ബിസിനസ് പ്രമോട്ടര്‍മാരെ നിയമിക്കുന്നതിന്റെ ആദ്യ ഘട്ടമായാണ് നിയമന ഉത്തരവ് നല്‍കുന്നത്. ചടങ്ങില്‍ കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ.വരദരാജന്‍ അധ്യക്ഷത വഹിക്കും. ഡോ. സനില്‍ എസ്.കെ, കെ.എന്‍ ഗോപിനാഥ്, റീന ജോസഫ്, ഭദ്രകുമാരി എന്നിവര്‍ സംസാരിക്കും.
◾ ഇന്ത്യയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്പനയ്‌ക്കൊരുങ്ങി ഹ്യുണ്ടായ് മോട്ടോഴ്‌സിന്റെ ഇന്ത്യന്‍ ഘടകം. 25,000 കോടി രൂപ സമാഹരിക്കാനുള്ള ഐ.പി.ഒയ്ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അനുമതി നല്‍കി. ഒക്ടോബര്‍ ആദ്യ വാരത്തില്‍ ഐ.പി.ഒ യാഥാര്‍ത്ഥ്യമായേക്കുമെന്നാണ് വിവരം. മുമ്പ് എല്‍.ഐ.സിയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് മറികടക്കുക. 2022 മേയില്‍ എല്‍.ഐ.സിയുടെ ഐ.പി.ഒ 21,008 കോടി രൂപയുടേതായിരുന്നു. ഇതാണ് ഹ്യൂണ്ടായ് മറികടക്കാന്‍ പോകുന്നത്. നിലവിലെ ഓഹരിയുടമകള്‍ കൈവശം വച്ചിരിക്കുന്ന ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയില്‍ മാത്രമാകും ഐ.പി.ഒയില്‍ ഉണ്ടാകുക. 17.5 ശതമാനം ഓഹരികളാകും കമ്പനി വിറ്റഴിക്കുക. 14.2 കോടി ഓഹരികള്‍ വരുമിത്. മാരുതിക്ക് ശേഷം ആദ്യം ഓഹരിവിപണിയിലേക്ക് ഇന്ത്യയില്‍ ഒരു കാര്‍ നിര്‍മാണ കമ്പനി എത്തുന്നത് 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ്.
◾ രാജ്കുമാര്‍ റാവുവും തൃപ്തി ദിമ്രിയും അഭിനയിച്ച 'വിക്കി ഔര്‍ വിദ്യാ കാ വോ വാലാ' ചിത്രത്തിലെ മ്യൂസിക് വീഡിയോയിലെ പുതിയ ഗാനമായ 'മേരെ മെഹബൂബ്' പുറത്തിറങ്ങി. ഒരു ഗ്ലാമറസ് ഡാന്‍സ് നമ്പറാണ് ചിത്രം. ഗാനത്തിലെ ചില ഡാന്‍സ് സീനുകള്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങളുമുയര്‍ന്നിട്ടുണ്ട്. മേരെ മെഹബൂബ് നൃത്തസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗണേഷ് ആചാര്യയും ആലപിച്ചിരിക്കുന്നത് ശില്‍പ റാവുവുമാണ്. ഒക്ടോബര്‍ 11ന് പുറത്തിറങ്ങുന്ന വിക്കി ഔര്‍ വിദ്യാ കാ വോ വാലാ വീഡിയോ ഒരു കോമഡി ചിത്രമാണ്. രാജ് ഷാന്‍ഡില്‍ സംവിധാനം ചെയ്ത ചിത്രം 90-കളിലെ നവദമ്പതികളുടെ നഷ്ടപ്പെട്ട സെക്‌സ് ടേപ്പിനെക്കുറിച്ചുള്ള അന്വേഷണവും രസകരമായ കാര്യങ്ങളുമാണ് പറയുന്നത്. രാജ്കുമാറിനെയും തൃപ്തിയുടെ ടൈറ്റില്‍ റോളില്‍ എത്തുമ്പോള്‍ മല്ലിക ഷെരാവത്, വിജയ് റാസ്, രാകേഷ് ബേദി, അര്‍ച്ചന പുരണ്‍ സിംഗ്, ടിക്കു തല്‍സാനിയ, മുകേഷ് തിവാരി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
◾ ധ്രുവ് വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ബൈസണി'ന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. കൂറ്റര്‍ കാളയുടെ അസ്ഥികുട തല മറച്ച് പിടിച്ച് നില്‍ക്കുന്ന ധ്രുവ് ആണ് പോസ്റ്ററില്‍ ഉള്ളത്. അനുപമ പരമേശ്വരന്‍ നായികയായി എത്തുന്ന ചിത്രം സ്പോര്‍ട്സ് ഡ്രാമയാണ്. അതേസമയം, മനതി ഗണേശന്‍ എന്ന കബഡി താരത്തിന്റെ ബയോപിക്കായിരിക്കില്ല ബൈസണെന്ന് സംവിധായകന്‍ മാരി സെല്‍വരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബൈസണിന്റെ പ്രമേയം സാങ്കല്‍പിക കഥയായിരിക്കും. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
◾ ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയില്‍ നിന്നുള്ള ആദ്യത്തെ കോംപാക്റ്റ് എസ്യുവിയായ സ്‌കോഡ കൈലാക്ക് 2024 നവംബര്‍ 6 ന് അരങ്ങേറ്റം കുറിക്കും. മുംബൈയില്‍ നടക്കുന്ന ഒരു പരിപാടിയിലായിരിക്കും വാഹനത്തിന്റെ അവതരണം. ഈ മോഡല്‍ അടുത്ത മാസം ഉല്‍പ്പാദനത്തില്‍ പ്രവേശിക്കുമെന്നും 2025 മാര്‍ച്ചോടെ അതിന്റെ അന്തിമ രൂപത്തില്‍ ഷോറൂമുകളില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കമ്പനിയുടെ ചക്കനിലെ പ്ലാന്റില്‍ നിന്നും പ്രതിമാസം 4,000 മുതല്‍ 5,000 യൂണിറ്റ് വരെ കൈലാക്കുകള്‍ ഉല്‍പ്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ സ്‌കോഡ കോംപാക്റ്റ് എസ്യുവി ബ്രാന്‍ഡിന്റെ പുതിയ 'മോഡേണ്‍ സോളിഡ്' ഡിസൈന്‍ ഭാഷ സ്വീകരിക്കുമെന്ന് പുറത്തുവന്ന ടീസറുകളും ഔദ്യോഗിക സ്‌കെച്ചുകളും സ്ഥിരീകരിക്കുന്നു. 6-സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമായ 1.0ലി, 3സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് സ്‌കോഡ കൈലാക്കിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 115 ബിഎച്പി കരുത്തും 178 എന്‍ ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
◾ തലശ്ശേരി - പുല്‍പ്പള്ളി നക്‌സലൈറ്റ് ആക്ഷന്‍ തൊട്ട് കുമ്മിള്‍ നഗരൂര്‍ വരെയുള്ള കലാപങ്ങള്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരികരംഗത്ത് ഉളവാക്കിയ അനുരണനങ്ങള്‍ ചില്ലറയായിരുന്നില്ല. ഈ കലാപങ്ങളില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും ഇന്ന് ഭൂമുഖത്തില്ല. ഉള്ളവര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നത് യഥാര്‍ത്ഥവസ്തുതയാണോ എന്ന് സംശയമുണ്ടുതാനും. ചാരു മജുംദാറിന്റെ ഉന്മൂലനസിദ്ധാന്തത്തില്‍ ആവേശം പൂണ്ട് 1970ലെ വിവിധമാസങ്ങളില്‍ നടന്ന അഞ്ച് നക്‌സലൈറ്റ് ആക്ഷനുകളെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ നടത്തുന്ന സാക്ഷ്യപ്പെടുത്തലുകളാണ് ഈ ഗ്രന്ഥം. '1970 ചുവന്നപ്പോള്‍ വര്‍ഗീസ് മുതല്‍ വേണു വരെ'. സെബാസ്റ്റിന്‍ ജോസഫ്. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 380 രൂപ.
◾ കുട്ടികളിലെ ആത്മഹത്യ നിരക്ക് വര്‍ധിക്കുന്നതിന് പിന്നില്‍ ഉറക്ക പ്രശ്നങ്ങളും ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് അമേരിക്ക ആസ്ഥാനമായി നടത്തിയ പഠനം. കുട്ടിക്കാലത്ത് ഉറക്കമില്ലായ്മ ഉള്‍പ്പെടെയുള്ള വിവിധ ഉറക്ക പ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികള്‍ പിന്നീട് ആത്മഹത്യ സ്വഭാവം അല്ലെങ്കില്‍ ആത്മഹത്യ പ്രവണത എന്നിവ പ്രകടിപ്പിക്കുമെന്ന് മെഡിക്കല്‍ ജേണലായ ജെഎഎംഎ നെറ്റ് വര്‍ക്ക് ഓപ്പണ്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഒന്‍പതിനും പത്തിനുമിടയില്‍ പ്രായമായ 8,800 കുട്ടികളുടെ ഡാറ്റകള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. 10-ാം വയസില്‍ ഗുരുതര ഉറക്ക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ആത്മഹത്യ ചിന്തകള്‍ക്കും ആത്മഹത്യാ ശ്രമങ്ങള്‍ക്കും 2.7 മടങ്ങ് കുടുതല്‍ അപകട സാധ്യതയുണ്ടെന്ന് പഠനത്തില്‍ പറയുന്നു. പഠന വിധേയരായ കുട്ടികള്‍ ആദ്യ ഘട്ടത്തില്‍ ആത്മഹത്യ ചിന്തകളെ കുറിച്ച് പങ്കുവെച്ചില്ലെങ്കിലും രണ്ട് വര്‍ഷങ്ങള്‍ ശേഷം അടുത്ത ഘട്ടത്തില്‍ ആത്മഹത്യ സ്വഭാവം പ്രകടിപ്പിച്ചയായി ഗവേഷകര്‍ പറയുന്നു. കുട്ടികള്‍ക്കിടയിലെ ആത്മഹത്യ വര്‍ധിക്കുന്നതിന് പിന്നില്‍ ഉത്കണ്ഠ, വിഷാദം, കുടുംബ പ്രശ്‌നങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കണക്കിലെടുക്കുമ്പോഴും കുട്ടിക്കാലത്ത് ഉറക്ക പ്രശ്നങ്ങള്‍ നേരിട്ടു എന്ന ഘടകം പൊതുവായി നിലനില്‍ക്കുന്നതായി കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു. 10നും 14നും ഇടയില്‍ പ്രായമായ കുട്ടികള്‍ മരിക്കുന്നതിന് പ്രധാന കാരണം ആത്മഹത്യയാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
രാജ്യം വലിയ പട്ടിണിയിലേക്ക് കടക്കാന്‍ പോവുകയാണെന്ന് രാജാവിന് മനസ്സിലായി. കാലാവസ്ഥാവ്യതിയാനം തന്റെ രാജ്യത്ത് വന്‍ വിപത്താണ് വിതച്ചത്. വളരെ കഷ്ടപ്പെട്ട് അദ്ദേഹം തന്റെ ഖജനാവ് കാലിയാകാതെ രാജ്യത്തെ രക്ഷിച്ചു. പക്ഷേ, ഇനിയും ഇത്തരം അവസരങ്ങള്‍ തന്നെ തേടിവരുമോ എന്ന് പേടിച്ച് ഉറക്കം തന്നെ നഷ്ടപ്പെട്ട അവസ്ഥയിലായി. അദ്ദേഹം രാജഗുരുവിനെ തേടിയെത്തി. ഗുരു ഒരു വഴി ഉപദേശിച്ചു. രാജഭരണം മറ്റൊരാളെ ഏല്‍പ്പിക്കുക. രാജാവ് ഗുരുവിന് തന്നെ രാജഭരണം ഏല്‍പ്പിച്ചു. ഒരു ഉദ്യോഗസ്ഥനായി മാറി തന്റെ ജോലികള്‍ കൃത്യമായി രാജാവ് നിറവേറ്റി. അദ്ദേഹത്തിന്റെ പേടിമാറി. ഉറക്കം തിരിച്ചെത്തി. കൂടുതല്‍ ഉന്മേഷത്തോടെ അദ്ദേഹം തന്റെ ജോലി ചെയ്തുതീര്‍ത്തു. തനിക്ക് വന്ന മാറ്റത്തിന് കാരണം തേടി ഗുരുവിനടുത്തെത്തിയ രാജാവിനോട് ഗുരു പറഞ്ഞു: ഇപ്പോള്‍ അങ്ങ് ഈ ഭരണം ഒരു ബാധ്യതയായി കാണാതെ ചുമതലായി കണ്ടു. അതാണ് താങ്കളുടെ ഈ മാറ്റത്തിന് കാരണം. നമുക്ക് രണ്ടുരീതിയില്‍ ജോലി ചെയ്യാം. ആസ്വദിച്ചും ആശങ്കപ്പെട്ടും. പൂര്‍ണ്ണസംതൃപ്തിയും പൂര്‍ണ്ണ അതൃപ്തിയും സമ്മാനിക്കുന്ന ഒരു കര്‍മ്മവീഥിയും ഉണ്ടാകില്ല. ഏത് മേഖല തിരഞ്ഞെടുത്താലും ആ വഴികളിലെല്ലാം അസ്വസ്ഥതയും ആനന്ദവും ഉണ്ടായിരിക്കും. സമരസപ്പെടാനും മറികടക്കാനുമുളള കഴിവാണ് ഓരോ ചുവടുകളെയും ചലാനാത്മകമാക്കുന്നത്. ജീവിതത്തില്‍ അര്‍ദ്ധവിരാമങ്ങള്‍ നല്ലതാണ്. വിശ്രമിക്കാനും വിചിന്തനം ചെയ്യാനും സ്വയം പ്രചോദിപ്പിക്കാനും അത്തരം ഇടവേളകള്‍ പ്രയോജനം ചെയ്യും. പക്ഷേ, ജീവിതത്തില്‍ പൂര്‍ണ്ണവിരാമമിട്ടാല്‍ പിന്നെയൊരു തിരിച്ചുവരവ് ഉണ്ടായെന്ന് വരില്ല. അതിജീവനാഭ്യാസങ്ങള്‍ സ്വയം പരിശീലിക്കാം.. ഒപ്പം ആസ്വദിക്കാന്‍ ശീലിക്കാം ഓരോ നിമിഷവും - ശുഭദിനം.
➖➖➖➖➖➖➖➖
Tags:
KERALA