24-09-2024
◾ ലൈംഗിക അതിക്രമ കേസില്‍ നടനും എം.എല്‍.എയുമായ എം. മുകേഷിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, നേരത്തെ അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.
◾ ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദീഖിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇതോടെ കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് വിവരം. അതേ സമയം സിദ്ദിഖ് ഒളിവിലെന്നാണ് സൂചന. നടന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഇതോടെ പ്രത്യേക അന്വേഷണ സംഘം സിദ്ദിഖിനായി വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ്. നടന്‍ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നീക്കം. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സിദ്ദിഖുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
◾ തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ ഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബിന് വിയോജിപ്പെന്ന് റിപ്പോര്‍ട്ടുകള്‍. പൂരം അലങ്കോലപ്പെട്ടപ്പോള്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്തുകൊണ്ട് ഇടപെട്ടില്ലെന്ന സംശയം ഉന്നയിച്ചാണ് അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതെന്നാണ് വിവരം. പൂരം കലക്കിയതിന് പിന്നില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പങ്കുള്ളതായി എഡിജിപി പറയുന്നില്ലെന്നും എന്നാല്‍ തിരുവമ്പാടി ദേവസ്വത്തിന്റെ പങ്കിനെ കുറിച്ച് റിപ്പോട്ടില്‍ സംശയമുന്നയിക്കുന്നുവെന്നും പറയപ്പെടുന്നു. സംഭവസ്ഥലത്തേക്ക് സുരേഷ് ഗോപിയെ വിളിച്ചത് ദേവസ്വം ഭാരവാഹികളാണെന്നും ഇതിന് തെളിവായി ടെലിഫോണ്‍ രേഖകളും റിപ്പോര്‍ട്ടിലുണ്ട്. അങ്ങനെയെങ്കില്‍ പൂരം അലങ്കോലപ്പെട്ടതില്‍ ആസൂത്രീത നീക്കമെങ്കില്‍ അത് പുറത്തുവരാന്‍ തുടര്‍ അന്വേഷണം അനിവാര്യമല്ലേയെന്നാണ് റിപ്പോര്‍ട്ടിനൊപ്പമുള്ള കത്തില്‍ ഡിജിപി സര്‍ക്കാരിനോട് ചോദിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ കേസെടുത്ത് മറ്റൊരു അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിക്കാനുള്ള സാധ്യതയേറുകയാണെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
◾ തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ നിലപാട് കടുപ്പിച്ച് സിപിഐ. അന്വേഷണ റിപ്പോര്‍ട്ട് ആശയക്കുഴപ്പങ്ങള്‍ക്ക് വഴി വക്കുന്നെന്ന തലക്കെട്ടില്‍, സിപിഐയുടെ പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെടാത്തത് ദുരൂഹമാണെന്നും ക്രമസമാധാന പാലനത്തിലെ അനുഭവ സമ്പത്ത് പ്രശ്‌ന പരിഹാരത്തിന് ഉപയോഗിച്ചില്ലെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
◾ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇകെ വിഭാഗം സമസ്ത. മുഖപത്രമായ സുപ്രഭാതത്തില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. അജിത് കുമാറിനെ പൊതിഞ്ഞു കാക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന അമിതാവേശം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നുവെന്നും ആരോപണങ്ങളില്‍ നട്ടം തിരിയുമ്പോളും ആരോപണ വിധേയരെ ചേര്‍ത്ത് പിടിക്കാനാണ് മുഖ്യമന്ത്രിക്ക് വൃഗ്രതയെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
◾ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വായ്പ പരിധി വെട്ടിക്കുറച്ചതാണ് ലൈഫ് പദ്ധതിയെ ഉള്‍പെടെ ബാധിച്ചതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. ഹഡ്‌ക്കോ വായ്പ പരിധി തീര്‍ന്നെങ്കിലും പദ്ധതി സംസ്ഥാനം മുന്നോട്ട് കൊണ്ട് പോകും. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി സംസ്ഥാനത്തോട് തുടരുന്ന അവഗണ അവസാനിപ്പിച്ചാല്‍ കൂടുതല്‍ കുടുംബങ്ങള്‍ക്ക് സഹായകരമാകും എന്നും അദ്ദേഹം പറഞ്ഞു.
◾ അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ 7 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
◾ കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചെന്ന് കിയാല്‍ ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈനിലാണ് വാര്‍ഷിക പൊതുയോഗം ഇത്തവണയും നടന്നത്.
◾ ഇന്നലെ എറണാകുളം പറവൂരില്‍ ചാര്‍ജിംഗ് സ്റ്റേഷനില്‍ കാര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ വീട്ടമ്മയ്ക്ക് ഷോക്കേറ്റു. സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി. ഫീഡറില്‍ ഉണ്ടായ തകരാറാണോ പ്രശ്‌നമായത് എന്ന് സംശയമുണ്ടെന്നും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകും എന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു.
◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വീടൊരുങ്ങുന്നു. വ്യവസായി ബോബി ചെമ്മണ്ണൂര്‍ നല്‍കുന്ന പത്ത് ലക്ഷം രൂപ വീട് വെക്കാനായി എംഎല്‍എ ടി സിദ്ദിഖ് കൈമാറി. ശ്രുതിക്ക് ജോലി ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ ആവശ്യം ഉന്നയിക്കുന്നുണ്ടെന്ന് എംഎല്‍എ പറഞ്ഞു.
◾ പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തില്‍ മുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ വാര്‍ഡുകളിലും ആരോഗ്യവിഭാഗത്തിന്റെ പ്രത്യേക സര്‍വേ നടത്തി. ചിലര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മഞ്ഞപ്പിത്തം പകര്‍ന്നതിന്റെ ഉറവിടം കൃത്യമായി ഇനിയും ഔദ്യോഗികമായി കണ്ടെത്താനായിട്ടില്ല.
◾ മോട്ടോര്‍ വാഹനവകുപ്പിലെ ഒരു വിഭാഗം ജീവനക്കാര്‍ സ്വജനപക്ഷപാതം കാണിക്കുന്നെന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട് സര്‍ക്കാര്‍. വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സേവനം കര്‍ശനമാക്കി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സി.എച്ച്. നാഗരാജു ഉത്തരവിട്ടു.
◾ കോട്ടയം പാലായില്‍ സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചശേഷം ആറു കിലോമീറ്ററിലധികം ദൂരം ലോറി നിര്‍ത്താതെ പാഞ്ഞു. ഇന്നലെ അര്‍ധരാത്രിയാണ് ദാരുണമായ സംഭവം. അപകടത്തില്‍ സ്‌കൂട്ടറിലുണ്ടായിരുന്ന യുവാക്കള്‍ക്ക് പരിക്കേറ്റു. രാത്രിയില്‍ റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി സംസാരിച്ചുകൊണ്ടിരുന്ന യുവാക്കളുടെ മേലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു.ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
◾ കണ്ടല സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യമില്ല. സി.പി.ഐ നേതാവായ പ്രതി ഭാസുരാംഗന്‍, മകന്‍ അഖില്‍ജിത്ത് എന്നിവരുടെ ജാമ്യഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്. കേസുമായി ബന്ധപ്പെട്ട് മാസങ്ങളായി കാക്കനാട് ജില്ലാ ജയിലിലാണ് പ്രതികള്‍.
◾ സംസ്ഥാനത്ത് സ്വര്‍ണ വില പവന് 56,000 രൂപയായി. ചൊവാഴ്ച പവന്റെ വിലയില്‍ 160 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ മൂന്നാഴ്ചക്കിടെ മാത്രം 2640 രൂപ കൂടി.
◾ കുമരകത്ത് കാര്‍ പുഴയില്‍ വീണ് 2 പേര്‍ മരിച്ച സംഭവത്തില്‍ മരിച്ചവരില്‍ ഒരാള്‍ മലയാളി. മഹാരാഷ്ട്രയിലെ താനെയില്‍ സ്ഥിരതാമസമാക്കിയ കൊട്ടാരക്കര സ്വദേശി ജെയിംസ് ജോര്‍ജ് (48) ആണ് മരിച്ച മലയാളി. മഹാരാഷ്ട്രയിലെ താനെ സ്വദേശിനിയായ സായ്ലി രാജേന്ദ്ര സര്‍ജെ(27) ആണ് അപകടത്തില്‍ മരിച്ച രണ്ടാമത്തെ ആള്‍.
◾ മണിയന്‍കിണര്‍ ആദിവാസി കോളനിക്ക് സമീപം പിടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. മേഖലയില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ വൈദ്യുതി വേലിയില്‍ പിന്‍കാലുകള്‍ കുടുങ്ങിയ നിലയിലായിരുന്നു. വീഴ്ചയിലുള്ള ആഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
◾ തൃശൂര്‍ കയ്പമംഗലത്ത് യുവാവിനെ മര്‍ദ്ദിച്ച് കൊന്ന് ആംബുലന്‍സില്‍ തള്ളി. കോയമ്പത്തൂര്‍ സ്വദേശി അരുണ്‍ (40) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അരുണിനെ മര്‍ദിച്ച് കൊന്ന ശേഷം അപകടമാണെന്ന് വരുത്തി ആംബുലന്‍സ് വിളിച്ച് വരുത്തുകയായിരുന്നു. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയായ ഐസ് ഫാക്ടറി ഉടമയെ പൊലീസ് തിരയുകയാണ്. കണ്ണൂര്‍ സ്വദേശികളായ മൂന്ന് പേരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു.
◾ യുവനടി നല്‍കിയ പീഡന പരാതിയില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഒക്ടോബര്‍ 10-ലേക്ക് മാറ്റി. ഒമറിന്റെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവും അതുവരെ നീട്ടി.
◾ സംസ്ഥാനത്ത് മായം കലര്‍ന്ന നെയ്യ് ഉത്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നതായി ഭക്ഷ്യസുരക്ഷാവിഭാഗം കണ്ടെത്തി. ഇതേത്തുടര്‍ന്ന് ചോയ്സ്, മേന്മ, എസ്.ആര്‍.എസ്. എന്നീ ബ്രാന്‍ഡുകളിലുള്ള നെയ്യുത്പാദനവും സംഭരണവും വില്പനയും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ നിരോധിച്ചു..വിപണിയില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് നിശ്ചിത ഗുണനിലവാരമില്ലാത്തതാണിവയെന്ന് കണ്ടെത്തിയത്.
◾ വെട്ടിയിട്ട മുടിയെടുക്കാന്‍ ആളില്ലാതായതോടെ പ്രതിസന്ധിയിലായി കൊച്ചിയിലെ ബാര്‍ബര്‍മാര്‍. യൂസര്‍ഫീ നല്‍കിയിട്ടും ഹരിതകര്‍മ്മ സേന മുടിയെടുക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. മുടിവെട്ടാന്‍ ഓരോ ദിവസവും നിരവധി പേര്‍ എത്തുമ്പോഴും വെട്ടിയ മുടി എങ്ങോട്ട് മാറ്റുമെന്നറിയാതെ കുഴങ്ങുകയാണ് കടയുടമകള്‍.
◾ ബെംഗളൂരുവില്‍ ഓണാഘോഷത്തിന്റെ ഭാഗമായി മലയാളികള്‍ തീര്‍ത്ത പൂക്കളം നശിപ്പിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. മൊണാര്‍ക്ക് സെറിനിറ്റി ഫ്‌ലാറ്റിലെ വീട്ടമ്മ നല്‍കിയ പരാതിയില്‍ മലയാളിയായ സിമി നായര്‍ എന്ന സ്ത്രീക്ക് എതിരെ ആണ് പൂക്കളം അലങ്കോലമാക്കിയതില്‍ സംപിഗെഹള്ളി പൊലീസ് നടപടിയെടുത്തത്.
◾ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ദുരന്തനിവാരണ ഫണ്ട് സോണിയ ഗാന്ധിക്ക് വകമാറ്റി നല്‍കുന്നുവെന്ന നടിയും ബിജെപി എംപിയുമായ കങ്കണ റണൌട്ടിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്. ഒന്നുകില്‍ കങ്കണ ആരോപണം തെളിയിക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടി നേരിടാന്‍ തയ്യാറായിക്കോളാനാണ് ഹിമാലചല്‍ പ്രദേശിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിംഗ് പ്രതികരിച്ചത്.
◾ തിരുപ്പതിയില്‍ ലഡ്ഡു നിര്‍മാണത്തിന് ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ജൂലൈ ആറിനും 15നും ദിണ്ടിഗലില്‍ നിന്നെത്തിയ നെയ്യ് ഉപയോഗിച്ചില്ലെന്നും സംശയം തോന്നിയതിനാല്‍ 4 ടാങ്കറിലെയും നെയ്യ് മാറ്റിവച്ചുവെന്നും ലാബ് റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം നെയ്യ് തിരിച്ചയച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.തിരുമല തിരുപ്പതി ദേവസ്ഥാനം ആന്ധ്ര മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് സ്ഥിരീകരണം ഉള്ളത്.
◾ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എസ്. സന്ദര്‍ശനത്തിനിടെ ന്യൂയോര്‍ക്കില്‍ വെച്ചാണ് മോദി സെലന്‍സ്‌കിയെ കണ്ടത്. ഉഭയകക്ഷി ചര്‍ച്ചയില്‍ യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ സമാധാനശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ മോദി ആവര്‍ത്തിച്ച് ഉറപ്പുനല്‍കി.
◾ എന്‍ആര്‍ഐ ക്വാട്ടയ്ക്ക് എതിരെ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി .മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍ആര്‍ഐ ക്വാട്ട തട്ടിപ്പ് ആണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു ഇത് അവസാനിക്കേണ്ടത് ആണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മൂന്നിരട്ടി മാര്‍ക്ക് ലഭിച്ചവര്‍ക്ക് സീറ്റ് കിട്ടാത്ത അവസ്ഥയാണെന്നും കോടതി ചൂണ്ടിക്കാട്ടി. പഞ്ചാബില്‍ നിന്നുള്ള കേസിലാണ് കോടതി വിമര്‍ശനം.
◾ ലൈംഗിക പീഡനം ചെറുത്ത ആറുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി സ്‌കൂള്‍ വളപ്പില്‍ ഉപേക്ഷിച്ച കേസില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. 55-കാരനായ ഗോവിന്ദ് നട്ടാണ് പോലീസിന്റെ പിടിയിലായത്. ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
◾ ബദ്ലാപുരില്‍ നഴ്സറിക്കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി അക്ഷയ് ഷിന്ദേ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയെന്ന് അക്ഷയുടെ അമ്മ. ബദ്ലാപുരിലെ സ്‌കൂളിലെ ശുചീകരണത്തൊഴിലാളിയായിരുന്ന അക്ഷയ് നഴ്സറിക്കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഓഗസ്റ്റ് 17-നാണ് പിടിയിലാകുന്നത്.
◾ എ.ഐ. രംഗത്ത് ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് സാങ്കേതികരംഗത്തെ ആഗോളഭീമന്മാരായ ഗൂഗിളും എന്‍വിഡിയയും. യു.എസ്. സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഈ തീരുമാനം.
◾ മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ (MUDA) ഭൂമി അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്ക് തിരിച്ചടി. ഗവര്‍ണര്‍ക്കെതിരെ സിദ്ധരാമയ്യ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ നല്‍കിയ അനുമതിക്കെതിരെ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.
◾ ലെബനനിലെ ഇറാന്‍ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയ്ക്കുനേരേയുള്ള ഇസ്രയേല്‍ യുദ്ധമുഖം തുറന്നതോടെ സര്‍വസന്നാഹങ്ങളുമായി മിഡില്‍ ഈസ്റ്റിലെ തങ്ങളുടെ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ച് യു.എസ്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സൈനികരെ മേഖലയിലേക്ക് അയക്കുമെന്ന് പെന്റഗണ്‍ അറിയിച്ചു.
◾ ലെബനനിലെ ഹിസ്ബുള്ള സാധാരണക്കാരുടെ വീടുകള്‍ ആയുധപ്പുരകളാക്കുന്നുവെന്ന ആരോപണവുമായി ഇസ്രയേല്‍. ലെബനനെതിരായ ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ് ആരോപണം. സാധാരണക്കാരുടെ വീടുകളെ ഹിസ്ബുള്ള മിസൈല്‍ കേന്ദ്രങ്ങളാക്കുന്നുവെന്ന് ആരോപിക്കുന്ന ഗ്രാഫിക്സ് വീഡിയോ ഇസ്രയേല്‍ പുറത്തുവിട്ടു.
◾ സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ചരിത്രത്തിലാദ്യമായി ഗ്രാം വില 7000 രൂപയായി. ഇന്ന് പവന് 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ആദ്യമായി 56,000 തൊട്ടു. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ച് 7000 രൂപയും. 18 കാരറ്റ് സ്വര്‍ണ വില ഇന്ന് 10 രൂപ ഉയര്‍ന്ന് 5,795 രൂപയിലെത്തി. അഞ്ചുദിവസത്തിനിടെ 1400 രൂപയാണ് വര്‍ധിച്ചത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,000 രൂപയാണങ്കിലും സ്വര്‍ണ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 65,000 രൂപയ്ക്ക് അടുത്ത് വേണ്ടി വരും. അന്താരാഷ്ട്ര സ്വര്‍ണ്ണവില ഇന്ന് ഔണ്‍സിന് 2,636.12 ഡോളറിലെത്തി പുതിയ റെക്കോഡ് കുറിച്ചു. നിലവില്‍ 2,634 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം ഇതുവരെ 164.17 ഡോളറാണ് വര്‍ധിച്ചത്. അതായത് 5.25 ശതമാനത്തോളം ഉയര്‍ച്ച.
◾ വാട്‌സ്ആപ്പില്‍ അനാവശ്യമായെത്തുന്ന സന്ദേശങ്ങളെ തടയാന്‍ പുതിയ ഫീച്ചര്‍. അജ്ഞാത നമ്പറുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങളെ നിയന്ത്രിക്കുന്നതാണ് ഫീച്ചര്‍. വാട്സ്ആപ്പ് ബീറ്റ ആന്‍ഡ്രോയിഡ് 2.24.20.16 അപ്‌ഡേറ്റ് ചെയ്യുന്നവര്‍ക്കാണ് നിലവില്‍ ഫീച്ചര്‍ ലഭ്യമാകുക. അപരിചിത നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ഈ ഫീച്ചര്‍ തരംതിരിക്കും. എന്നാല്‍ ഇതിനായി സെറ്റിങ്‌സില്‍ ഫീച്ചര്‍ ഇനേബിള്‍ ചെയ്യേണ്ടതുണ്ട്. സെറ്റിങ്സില്‍ 'പ്രൈവസി-അഡ്വാന്‍സ്ഡ്-ബ്ലോക്ക് അണ്‍നോണ്‍ അക്കൗണ്ട് മെസേജസ്' എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ തെരഞ്ഞെടുത്താല്‍ ഫീച്ചര്‍ ഉപയോഗിക്കാം. അപരിചിതമായ നമ്പറില്‍ നിന്നുള്ള സന്ദേശങ്ങള്‍ എല്ലാം ഫീച്ചര്‍ ബ്ലോക്ക് ചെയ്യില്ല. നിശ്ചിത പരിധിക്ക് അപ്പുറമുള്ള മെസേജുകള്‍ വരുന്ന നമ്പറുകളെ മാത്രമെ ഇത് തടയൂ. ഇപ്പോള്‍ ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമായിട്ടുള്ളൂ.
◾ വിഷ്ണു ഉണ്ണികൃഷ്ണന്‍, ദീപക് പറമ്പോല്‍, ഷൈന്‍ ടോം ചാക്കോ, മാളവിക മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പതിമൂന്നാം രാത്രി'. ഒക്ടോബറില്‍ തിയറ്ററുകളിലെത്തുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കൊരുങ്ങുന്ന കൊച്ചിയിലേക്ക് തലേദിവസം ജോലിസംബന്ധമായി എത്തിച്ചേരുന്ന മൂന്ന് പേര്‍. തമ്മില്‍ പരിചയമില്ലാത്ത ഈ മൂന്നുപേരും കൊച്ചിയില്‍ എത്തുമ്പോള്‍ ഇവരറിയാതെ തന്നെ ഇവര്‍ക്കിടയില്‍ സംഭവിക്കുന്ന കുറേ കാര്യങ്ങള്‍, തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങള്‍ ഇതെല്ലാം കോര്‍ത്തൊരുക്കിയ ഒരു ത്രില്ലര്‍ ചിത്രമാണിത്. ഇവരെ കൂടാതെ വിജയ് ബാബു, സോഹന്‍ സീനുലാല്‍, ഡെയ്ന്‍ ഡേവിസ്, രജിത് കുമാര്‍, അസിം ജമാല്‍, കോട്ടയം രമേശ്, സാജന്‍ പള്ളുരുത്തി, ഹരി പ്രശാന്ത്, ഡിസ്നി ജെയിംസ്, അര്‍ച്ചന കവി, മീനാക്ഷി രവീന്ദ്രന്‍, സ്മിനു സിജോ, സോന നായര്‍, ആര്യ ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
◾ പുതുമുഖങ്ങളായ ലിമല്‍, സിതാര വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് ബി മോളിക്കന്‍ സംവിധാനം ചെയ്യുന്ന 'കൂണ്‍' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. 'പറയുവാന്‍ അറിയാതെ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ടിറ്റോ പി തങ്കച്ചന്‍ ആണ്. അജിത്ത് മാത്യുവാണ് സംഗീത സംവിധാനം. യാസിന്‍ നിസാറും ഗൗരി ലക്ഷ്മിയുമാണ് ആലാപനം. ചിത്രം സെപ്റ്റംബര്‍ 27ന് തിയറ്ററുകളില്‍ എത്തും. യാരാ ജെസ്ലിന്‍, മെറിസ, അഞ്ജന, ഗിരിധര്‍ കൃഷ്ണ, അനില്‍ നമ്പ്യാര്‍, സുനില്‍ സി പി, ചിത്ര പ്രശാന്ത് എന്നിവരെ കൂടാതെ അന്തരിച്ച നായിക ലക്ഷ്മിക സജീവനും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. തിരക്കഥ അമല്‍ മോഹന്‍.
◾ രാജ്യത്തെ ഓഫ് റോഡിംഗ് പ്രേമികള്‍ക്കായി രണ്ട് അടിപൊളി അഡ്വഞ്ചര്‍ ബൈക്കുകള്‍ ബിഎംഡബ്ല്യു പുറത്തിറക്കി. 6.5 ഇഞ്ച് ടിഎഫ്ടി ഡാഷ്‌ബോര്‍ഡ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങി അതിശയിപ്പിക്കുന്ന നിരവധി ഫീച്ചറുകള്‍ ഈ ബൈക്കുകളില്‍ ഉണ്ട്. 13.75 ലക്ഷം രൂപയ്ക്കാണ് ബിഎംഡബ്ല്യു എഫ് 900 ജിഎസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതോടൊപ്പം 14.75 ലക്ഷം രൂപയ്ക്ക് ടൂറിങ് ഓറിയന്റഡ് എഫ് 900 ജിഎസ് അഡ്വഞ്ചര്‍ കമ്പനി പുറത്തിറക്കി. പുതിയ 895 സിസി എഞ്ചിനാണ് ഇതിനുള്ളത്. എഫ് 850 ജിഎസ് ബൈക്കിന് കരുത്ത് പകരുന്ന 853 സിസി ഇരട്ട എഞ്ചിന്‍ പവര്‍ട്രെയിനിലാണ് പുതിയ രണ്ട് ബൈക്കുകളും വരുന്നത്. ഇപ്പോള്‍ കമ്പനി ഇത് 895 സിസിയായി ഉയര്‍ത്തി. തല്‍ഫലമായി, ഔട്ട്പുട്ട് 105 എച്ച്പി, 93 എന്‍എം എന്നിങ്ങനെ വര്‍ദ്ധിച്ചു. രണ്ട് മോട്ടോര്‍സൈക്കിളുകളുടെയും ബുക്കിംഗ് ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഡെലിവറി 2024 ഒക്ടോബറില്‍ ആരംഭിക്കും.
◾ ബോംബെ ഒരു നഗരമല്ല ഒരു മായകാഴ്ചായാണ്. അവിടത്തെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യരുടെ കാലവും സമയവും കൃത്യമായി ക്ലോക്കിന്റെ സൂചി കറങ്ങിപ്പോകുന്നതുപോലെ മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങളില്‍ പെട്ടുപോകുന്ന മനുഷ്യരുടെയും ആ മനുഷ്യരും ജീവികളും ജീവിക്കുന്ന പ്രകൃതിയുടെയും മാനിഫെസ്റ്റോ ആണ് പ്രേമന്‍ ഇല്ലത്തിന്റെ ഈ നോവലിലൂടെ രേഖപ്പെടുത്തുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രാചീനവും ആധുനികവുമായ നഗരമാണ് മുംബൈ. മുംബൈയിലൂടെ ഇന്ത്യാരാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം വായിക്കാം. വ്യവസായവളര്‍ച്ചയുടെയും അതിന്റെ അധോലോകത്തിന്റെയും മാഫിയാ ചരിത്രവും വായിക്കാം. 'നാഗരതിയുടെ മാനിഫെസ്റ്റോ'. പ്രേമന്‍ ഇല്ലത്ത്. കറന്റ് ബുക്സ് തൃശൂര്‍. വില 427 രൂപ.
◾ ഇന്ത്യ ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ അമിത ഭാരവും ജീവിത ശൈലി രോഗങ്ങളുടെ വര്‍ധനയും പ്രധാന മരണകാരണങ്ങളെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). പൊണ്ണത്തടിയും ജീവിത ശൈലി രോഗങ്ങളും കാരണം ഹൃദ്രോഗം, പ്രമേഹം, അര്‍ബുദം തുടങ്ങിയവ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ആരോഗ്യനയം പുനക്രമീകരിക്കണമെന്നും ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെട്ടു. ഇന്ത്യ ഉള്‍പ്പെടെ തെക്ക് കിഴക്കേ ഏഷ്യന്‍ രാജ്യങ്ങളായ ഇന്തോനേഷ്യ, ബംഗ്ലാദേശ്, മാലദ്വീപ്, ഭൂട്ടാന്‍, മ്യാന്‍മര്‍, ശ്രീലങ്ക,തായ്‌ലന്‍ഡ്, എന്നിവിടങ്ങളില്‍ 5 വയസിന് താഴെയുള്ള കുട്ടികളില്‍ 20 ലക്ഷം പേര്‍ അമിത ഭാരമുള്ളവരാണ്. 5 മുതല്‍ 19 വയസുവരെയുള്ളവരില്‍ 37.3 ദശലക്ഷം പേര്‍ക്ക് പൊണ്ണത്തടിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളിലും മുതിര്‍ന്നവരിലും ആരോഗ്യകരമായ ഭക്ഷണക്രമങ്ങള്‍ വ്യായാമ ശീലവും പ്രോത്സാഹിപ്പിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ നിര്‍ദേശിച്ചു. പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തണം. അമിത അളവില്‍ കൊഴുപ്പ് അടങ്ങിയ ആഹാര പദാര്‍ഥങ്ങള്‍ എന്നിവ നിരോധിക്കണമെന്നുമാണ് നിര്‍ദേശം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 83.65, പൗണ്ട് - 111.72, യൂറോ - 93.14, സ്വിസ് ഫ്രാങ്ക് - 98.70, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.15, ബഹറിന്‍ ദിനാര്‍ - 221.99, കുവൈത്ത് ദിനാര്‍ -274.09, ഒമാനി റിയാല്‍ - 217.32, സൗദി റിയാല്‍ - 22.30, യു.എ.ഇ ദിര്‍ഹം - 22.77, ഖത്തര്‍ റിയാല്‍ - 22.94, കനേഡിയന്‍ ഡോളര്‍ - 61.91.
➖➖➖➖➖➖➖➖
Tags:
KERALA