Trending

സായാഹ്ന വാർത്തകൾ

◾  വയനാട് ദുരന്തത്തിലെ പ്രവര്‍ത്തനങ്ങളില്‍ ചെലവ് കണക്കുകള്‍ വ്യക്തമാക്കി സര്‍ക്കാര്‍.  ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് 75000 രൂപ ചിലവായെന്നും, 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവിട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങള്‍ക്കായി 11 കോടിയും  വൊളണ്ടിയര്‍മാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനും 14 കോടിയും ചിലവാക്കി. ബെയ്ലി പാലത്തിന്റെ നിര്‍മ്മാണത്തിന് ഒരു കോടി രൂപയും 17 ദുരിതാശ്വാസ ക്യാമ്പുകളില്‍ 30 ദിവസത്തേക്ക് ജനറേറ്ററിന്റെ ചിലവ് 7 കോടിയും ചെലവായിട്ടുണ്ട്. ഇന്ത്യന്‍ എയര്‍ ഫോഴ്സിന് എയര്‍ ലിഫ്റ്റിംഗ് ഹെലികോപ്ടര്‍ ചാര്‍ജ്ജ് 17 കോടിയും. ദുരിതബാധിതരെ ഒഴിപ്പിക്കാന്‍ വണ്ടികള്‍ ഉപയോഗിച്ച വകയില്‍ 12 കോടിയും ചെലവായി. മിലിട്ടറി / വോളണ്ടിയര്‍മാര്‍ എന്നിവരുടെ വിവിധ സൗകര്യങ്ങള്‍ക്കായി 31 കോടിയും ജെസിബി, ഹിറ്റാച്ചി, ക്രെയിന്‍ എന്നിവക്ക് ചിലവായത് 15 കോടിയുമാണ്. ദുരിതാശ്വാസ ക്യാമ്പിലെ ചെലവുകള്‍ക്കായി 19 കോടിയും മെഡിക്കല്‍ പരിശോധന ചിലവ് എട്ടുകോടിയും ആയി. ക്യാമ്പിലെ ജനറേറ്ററിന് 7 കോടിയും   ഡ്രോണ്‍ റഡാര്‍ വാടക 3 കോടിയുമായി. ഡിഎന്‍എ പരിശോധനക്കായി 3 കോടി ചിലവാക്കിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ കണക്കുകള്‍ വിശദീകരിച്ചിട്ടുള്ളത്.

◾  വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട ചിലവ് സംബന്ധിച്ച കണക്കില്‍ വ്യാപക പൊരുത്തക്കേട്. ദുരിതാശ്വാസ ക്യാമ്പില്‍ വസ്ത്രത്തിന് മാത്രം 11 കോടി രൂപ ചെലവായെന്നാണ് പറയുന്നത്. 17 ക്യാമ്പുകളിലായി 4102 ആളുകളാണ് താമസിച്ചിരുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ രേഖയില്‍ തന്നെ പറയുന്നു. 11 കോടി രൂപ വസ്ത്രത്തിന് ചെലവായെന്ന് പറയുമ്പോള്‍, ഒരാള്‍ക്ക് 26,816 രൂപയുടെ വസ്ത്രം വാങ്ങിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും ദുരിതാശ്വാസ ക്യാമ്പില്‍ വസ്ത്രവും മറ്റ് അവശ്യ വസ്തുക്കളും സൗജന്യമായി വിതരണം ചെയ്തിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ കണക്ക് പുറത്ത് വന്നിരിക്കുന്നത്.

◾  വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ ചെലവാക്കിയ തുക സംബന്ധിച്ച് പുറത്തുവന്ന കണക്ക് തെറ്റെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ചെലവഴിച്ച തുകയുടെ കണക്കല്ല മാധ്യമങ്ങളില്‍ വന്നിരിക്കുന്നതെന്നും കേന്ദ്രത്തിന് തയ്യാറാക്കി നല്‍കിയ, പ്രതീക്ഷിക്കുന്ന ചെലവുകളുടെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചെലവഴിച്ച തുക സംബന്ധിച്ച കൃത്യമായ കണക്കുകള്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷം പുറത്തുവിടുമെന്നും എല്ലാം സംശയങ്ങളും ദുരീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

◾  നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയില്‍ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താന്‍ വേണ്ടി  ആരോഗ്യ വകുപ്പ് വീടുകള്‍ കയറിയിറങ്ങി സര്‍വേ നടത്തും. മരിച്ച വിദ്യാര്‍ത്ഥിയുടെ യാത്രയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്ന് പ്രസിദ്ധീകരിക്കും. തിരുവാലി പഞ്ചായത്തിലെ 4, 5, 6,7 വാര്‍ഡുകളും സമീപത്തെ മമ്പാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡും കണ്ടെയ്‌മെന്റ് സോണാക്കി ഇന്നലെ ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വാര്‍ഡുകളില്‍ ഇന്നത്തെ നബിദിന ഘോഷയാത്രക്കും വിലക്കുണ്ടാവും. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരിച്ച 24 വയസുകാരനെ നിപ വൈറസ് ബാധയായിരുന്നുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് സ്ഥിരീകരിച്ചത്.

◾  നിപ മരണം സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ജില്ലാ ഭരണകൂടം. നിപ സ്ഥിരീകരിച്ച തിരുവാലി പഞ്ചായത്ത് പരിധിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും തീയറ്ററുകളുമടക്കം തുറക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടകള്‍ക്ക് രാവിലെ 10 മുതല്‍ 7 വരെ മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.  

◾  മലപ്പുറം തിരുവാലിയില്‍ നിപ മരണത്തെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ ബെംഗളൂരുവിലും ജാഗ്രതാ നിര്‍ദേശം. മരിച്ച 24-കാരന്റെ ബെംഗളൂരുവിലുള്ള സഹപാഠികളും നിരീക്ഷണത്തിലാണ്. മരിച്ച മലപ്പുറം സ്വദേശി ബെംഗളൂരുവിലായിരുന്നു പഠിച്ചിരുന്നത്. ബെംഗളൂരുവില്‍ നിന്ന് മരണ വിവരമറിഞ്ഞ് മലപ്പുറത്തെ മരണവീട്ടിലെത്തിയ സഹപാഠികളെയും നിരീക്ഷണത്തിലാക്കും. ഇതില്‍ 13 വിദ്യാര്‍ഥികള്‍ നിലവില്‍ കേരളത്തിലാണ്. ഇവരോട് നാട്ടില്‍ തുടരാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

◾  പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിച്ച് മുസ്ലിം സഹോദരങ്ങള്‍ . വിപുലമായ പരിപാടികളാണ് മദ്‌റസകളിലും പള്ളികളിലും ഒരുക്കിയിരിക്കുന്നത്.  മദ്‌റസകള്‍ കേന്ദ്രീകരിച്ച് കുട്ടികളുടെ റാലികള്‍ നടന്നു. വൈകുന്നേരം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. ഇതിനോടൊപ്പം തന്നെ മൗലിദ് പാരായണവും അന്നദാനവും ഉണ്ടാകും. പ്രവാചകന്‍ പകര്‍ന്ന വെളിച്ചം സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ വിശ്വാസികളെ ഓര്‍മിപ്പിക്കുന്ന ദിനം കൂടിയാണ് നബി ദിനം.

◾  പി വി അന്‍വറിന് പൊലീസിലെ അടക്കം രഹസ്യ വിവരങ്ങള്‍ ചോര്‍ന്ന് കിട്ടിയ സംഭവത്തില്‍ ഇന്റലിജന്‍സിനോട് വിശദമായ റിപ്പോര്‍ട്ട് തേടി ഡിജിപി. പൊലീസിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് സംശയിക്കുന്ന രണ്ട് എസ്പിമാരും ഒരു ഡിവൈഎസ്പിയും നിരീക്ഷണത്തിലാണ്.

◾  നിയമവിരുദ്ധ ഫോണ്‍ ചോര്‍ത്തല്‍ നടത്തിയ പി വി അന്‍വര്‍ എം എല്‍ യ്ക്കെതിരെ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ വി മുരളീധരന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. സംസ്ഥാനത്ത് ഫോണ്‍ ചോര്‍ത്താനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും കത്തില്‍ പറയുന്നു . ഫോണ്‍ ചോര്‍ത്തലിന് അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

◾  പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരില്‍ മലയാള സിനിമയില്‍ പുതിയ സംഘടന വരുന്നു. സംവിധായകരായ ആഷിക്ക് അബു, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. സംഘടനയെ കുറിച്ചുളള വിവരങ്ങളടങ്ങിയ കത്ത് സിനിമ പ്രവര്‍ത്തകര്‍ക്ക് നല്‍കി തുടങ്ങി. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും പുത്തന്‍ സിനിമ സംസ്‌കാരം രൂപീകരിക്കുമെന്നുമാണ് കത്തിലെ വാഗ്ദാനം.

◾  കൊല്ലം മൈനാഗപ്പള്ളി ആനൂര്‍കാവിലെ വാഹനാപകടത്തില്‍ പ്രതി അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ.ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു. കാര്‍ മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നു ഡോ. ശ്രീക്കുട്ടിയാണെന്നതിന് തെളിവുകളുണ്ട്. അതിനാല്‍ ശ്രീക്കുട്ടിയെയും കേസില്‍ പ്രതി ചേര്‍ക്കും. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്നും പിടികൂടിയിരുന്നു.  അതോടൊപ്പം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താല്‍ക്കാലിക ഡോക്ടറായിരുന്നു ഡോ. ശ്രീക്കുട്ടിയെ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ ഇടിച്ചുവീഴ്ത്തിയ കാര്‍ ദേഹത്തുകൂടെ കയറ്റിയിറക്കിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ ആണ് മരിച്ചത്.

◾  കേരളത്തിന് സുരക്ഷ, തമിഴ്നാടിന് ജലം എന്ന മുദ്രാവാക്യവുമായി മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്ത് പുതിയ ഡാം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് തിരുവോണ ദിനത്തില്‍ ഉപവാസ സമരം നടത്തി ഇടുക്കി ഡിസിസിയും മുല്ലപ്പെരിയാര്‍ സമര സമിതിയും. വണ്ടിപ്പെരിയാറ്റില്‍ നടന്ന ഉപവാസ സമരം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിലും സമരവുമായി മുന്നോട്ടുപോകുമെന്ന് നേതാക്കള്‍ അറിയിച്ചു.

◾  ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വനിത ഡോക്ടറുടെ നേര്‍ക്ക് രോഗിയുടെ കയ്യേറ്റം. ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ തകഴി സ്വദേശി ഷൈജു എന്ന യുവാവാണ് ഡോക്ടറെ മര്‍ദ്ദിച്ചത്. നെറ്റിയില്‍ തുന്നല്‍ ഇടാന്‍ ശ്രമിക്കുന്നതിനിടെ ഡോക്ടറുടെ കൈപിടിച്ച് തിരിക്കുകയായിരുന്നു.

◾  വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ രോഗി കയ്യേറ്റം ചെയ്ത സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. ഇന്നലെയാണ് സംഭവമുണ്ടായത്. ശസ്ത്രക്രിയാ അത്യാഹിത വിഭാഗം ഹൗസ് സര്‍ജന്‍ ഡോ. അജ്ഞലിയ്ക്കാണ് രോഗിയില്‍ നിന്നും മര്‍ദനമേറ്റത്. ഡോക്ടര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്ത പൊലീസ് പ്രതി ഷൈജുവിനെ തകഴിയിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

◾  ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ക്കായി രൂപീകരിച്ച ദേശീയ കര്‍മ സമിതില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ഷാ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. കൊല്‍ക്കത്ത ആര്‍.ജി. കാര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയ സുപ്രീം കോടതിയെടുത്ത കേസില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷയിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

◾  കെ എസ്.എഫ്.ഡി.സി സിനിമ നിര്‍മ്മാണ പദ്ധതിയുടെ മേല്‍നോട്ടം വഹിച്ച മുതിര്‍ന്ന സംവിധായകന്‍ ഷാജി എന്‍ കരുണിനെതിരെ വിമര്‍ശനവുമായി നവഗത സംവിധായകന്‍ സനോജ്. തന്റെ ചിത്രം 2021 ല്‍ പ്രഖ്യാപിക്കുകയും. 2022 ല്‍ പാലക്കാട് ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ് പിന്നീട് വൈകിപ്പിച്ചുവെന്നും, ഷാജി എന്‍ കരുണിന് അതില്‍ പങ്കുള്ളതായി കരുതുന്നതായും സനോജ് പറഞ്ഞു. യുപിയിലെ ഷൂട്ടിലെ വലിയൊരു ചിലവ് താന്‍ സ്വന്തം കൈയ്യില്‍ നിന്നാണ് വഹിച്ചതെന്നും സനോജ് പറഞ്ഞു.

◾  ജപ്തി നേരിട്ട നിര്‍ധന കുടുംബത്തിന് ആധാരം പണമടച്ച് തിരിച്ചെടുത്ത് നല്‍കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴ പെരുമ്പള സ്വദേശി രാജപ്പന്‍ എന്ന വ്യക്തിയുടെ വീടിന്റെ ആധാരമാണ് സുരേഷ് ഗോപി തിരികെ എടുത്ത് നല്‍കിയത്. രാജപ്പന്റെ ഭാര്യ മിനി ക്യാന്‍സര്‍ രോഗ ബാധിതയായി ചികിത്സയിലാണ്. മകള്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. കൊച്ചുമകള്‍ ആരഭിയും മജ്ജയില്‍ ക്യാന്‍സര്‍ ബാധിച്ച് അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്.

◾  കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ മണിക്കൂറുകള്‍ക്കൊടുവില്‍ കാട്ടിലേക്ക് തുരത്തി. പേരുവെണ്ണാമുഴി വനത്തില്‍ നിന്ന് ഇറങ്ങിയ മോഴ, പേരാമ്പ്ര ബൈപ്പാസിനോട് ചേര്‍ന്ന കുന്നില്‍ മുകളില്‍ ഏറെ നേരം തമ്പടിച്ചു. ഇന്നലെ വൈകിട്ട് 3.15ഓടെയാണ് കാട്ടാനയെ കാട്ടിലേക്ക് തുരത്താനായത്.

◾  ഓണക്കാലത്ത് പാല്‍, തൈര്, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡുമായി മില്‍മ. തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസളിലായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സഹകരണസംഘം വഴി 1,33,47,013 ലിറ്റര്‍ പാലും 14,95,332 കിലോ തൈരുമാണ് വിറ്റഴിച്ചത്.

◾  ഓണക്കാലത്തെ മദ്യവില്‍പനയില്‍ കുറവെന്ന് റിപ്പോര്‍ട്ട്. പത്തു ദിവസത്തെ വില്‍പനയില്‍  കഴിഞ്ഞ തവണത്തേതിനേക്കാള്‍ 14 കോടി രൂപയുടെ കുറവാണ് ഇക്കൊല്ലമുണ്ടായത്. ഇത്തവണ 701 കോടി രൂപയുടേതാണ് മദ്യവില്‍പന. കഴിഞ്ഞ തവണയിത് 715 കോടി രൂപയുടേതായിരുന്നു വില്‍പന. ബാറുകളുടെ എണ്ണം 812 ആയി ഉയര്‍ന്നിട്ടും ഇത്തവണ മദ്യവില്‍പന കുറഞ്ഞു. എന്നാല്‍ ഉത്രാടം ദിനത്തില്‍ മാത്രം മദ്യവില്‍പന കൂടി. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 4 കോടി രൂപയുടെ വര്‍ധന രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

◾  ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പിഎസ് രശ്മി (33) അന്തരിച്ചു. ഈരാറ്റുപേട്ടയിലെ വീട്ടില്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.

◾  എരഞ്ഞിപ്പാലം മിനി ബൈപ്പാസില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു.  മലാപ്പറമ്പ് പാറമ്മല്‍ റോഡ് സനാബില്‍ കുറുവച്ചാലില്‍ റസല്‍ അബ്ദുള്ള(19) ആണ് മരിച്ചത്. ബെംഗളൂരുവിലെ ക്രിസ്റ്റു ജയന്തി കോളജില്‍ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

◾  മലപ്പുറം ജില്ലയിലെ മമ്പാട് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട്  മരണം. മമ്പാട് നടുവക്കാട് ചീരക്കുഴിയില്‍ ഷിജുവിന്റെ മകന്‍ 3 വയസുള്ള ധ്യാന്‍ദേവും ഷിജുവിന്റെ സഹോദരന്‍ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മിയുമാണ് മരിച്ചത്. മമ്പാട് കാരച്ചാല്‍ പൂള പൊയിലാണ് അപകടമുണ്ടായത്.

◾  യുഎസിലെ ഡാലസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു.സ്പ്രിങ് ക്രീക്ക്- പാര്‍ക്കര്‍ റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് പ്ലേനോ മെഡിക്കല്‍ സിറ്റി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിക്ടര്‍ വര്‍ഗ്ഗീസ് (സുനില്‍- 45), ഭാര്യ ഖുശ്ബു വര്‍ഗ്ഗീസ് എന്നിവരാണ് മരിച്ചത്.

◾  ആറ് വന്ദേഭാരത് ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി. ജാര്‍ഖണ്ഡിലെ ടാറ്റാ നഗര്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു ആറ് പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നത്.660 കോടി രൂപയുടെ രാജ്യവ്യാപകമായ റെയില്‍വേ വികസന പദ്ധതിയുടെ കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. 

◾  രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിന്‍ ഗുജറാത്തിലെ അഹമ്മദാബാദ്-ഭുജ് പാതയില്‍. ഇന്ന് ഗുജറാത്ത് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റു വന്ദേഭാരത് ട്രെയിനുകള്‍ക്കൊപ്പം രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുകയായിരുന്നു.

◾  രാജി പ്രഖ്യാപിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നും കെജ്രിവാള്‍ ഇന്നലെ പറഞ്ഞു. വോട്ടര്‍മാര്‍ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും ദില്ലിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് കെജ്രിവാള്‍ പറഞ്ഞു.

◾  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രാജി പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ഗാന്ധിയന്‍ അണ്ണാ ഹസാരെ. ഒരിക്കലും രാഷ്ട്രീയത്തിലിറങ്ങരുതെന്ന് കെജ്രിവാളിനോട് പറഞ്ഞിരുന്നതായും എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷിച്ചത് സംഭവിച്ചുവെന്നുമായിരുന്നു അദ്ദേഹത്തന്റെ പ്രതികരണം.

◾  ഡല്‍ഹി മുഖ്യന്ത്രി സ്ഥാനം രാജിവയ്ക്കാനുള്ള അരവിന്ദ് കെജ്രിവാളിന്റെ തീരുമാനത്തിന് അംഗീകാരം നല്‍കി പാര്‍ട്ടി.  കെജ്രിവാള്‍ നാളെ രാജിവക്കുമെന്ന് എ എ പി അറിയിച്ചു. പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി സൗരഭ് ഭരദ്വാജാണ് ഇക്കാര്യം അറിയിച്ചത്. സത്യസന്ധത തെളിയിക്കാനാണ് കെജ്രിവാള്‍ രാജിവയ്ക്കുന്നതെന്നും അദ്ദേഹം വിവരിച്ചു. കെജ്രിവാളിന്റെ തീരുമാനത്തെ ദില്ലിയിലെ ജനങ്ങള്‍ പ്രശംസിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ മുഖ്യമന്ത്രി ആരെന്നത് അടക്കമുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുമെന്നും സൗരഭ് ഭരദ്വാജ് വ്യക്തമാക്കി.

◾  ആദ്യ ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം  അവസാനിക്കാനിരിക്കെ തുടര്‍ച്ചയായി ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍. പൂഞ്ചില്‍ ഭീകരരും സുരക്ഷസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് വലിയ സുരക്ഷ വലയത്തിലാണ് ജമ്മുകശ്മീര്‍.

◾  ഹരിയാനയില്‍ ബിജെപിയെ പ്രതിസന്ധിയിലാക്കി നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം. മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് അനില്‍ വിജ് രംഗത്തെത്തി. മണിക്കൂറുകള്‍ക്കകം തന്നെ ബിജെപി ആവശ്യം തള്ളി.

◾  മൂന്നാം മോദി സര്‍ക്കാര്‍ ഇന്ന് നൂറ് ദിനം പൂര്‍ത്തിയാക്കുന്നു. മൂന്ന് ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ നൂറ് ദിനം കൊണ്ട് പൂര്‍ത്തിയാക്കിയതായാണ് സര്‍ക്കാരിന്റെ അവകാശ വാദം. റോഡ്, റെയില്‍വേ, തുറമുഖ, വ്യോമ ഗതാഗത വികസനത്തിനാണ് മുന്‍ഗണന നല്‍കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഏകീകൃത പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചതും വഖഫ് ബില്‍ അവതരിപ്പിച്ചതുമാണ് പ്രധാന നേട്ടങ്ങളായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

◾  ഗാന്ധി കുടുംബം ദളിത് വിരുദ്ധരും ദളിതരുടെ സംവരണം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരുമാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി കുടുംബം എല്ലായ്‌പോഴും അംബേദ്കറെ എതിര്‍ത്തിട്ടുണ്ടെന്നും ജവാഹര്‍ലാല്‍ നെഹ്‌റു സംവരണത്തിനെതിരായിരുന്നുവെന്നും അതുസംബന്ധിച്ച് അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയിരുന്നുവെന്നും മോദി പറഞ്ഞു.

◾  രാഹുല്‍ ഗാന്ധിയെ ഭീകരവാദിയെന്ന് വിളിച്ചധിക്ഷേപിച്ച് കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു. രാഹുലിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിലെ പരാമര്‍ശങ്ങളില്‍ പ്രതികരിക്കവെയായിരുന്നു അദ്ദേഹം രാഹുലിനെതിരേ രൂക്ഷഭാഷയില്‍ സംസാരിച്ചത്. രാഹുല്‍ ഗാന്ധി രാജ്യത്തെ നമ്പര്‍ വണ്‍ ഭീകരവാദിയാണെന്നും അദ്ദേഹം ഇന്ത്യക്കാരനല്ലെന്നുമായിരുന്നു മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞത്.

◾  നിയമസഭാ- ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ബില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപ്പ് കാലയളവില്‍ തന്നെ അവതരിപ്പിച്ചേക്കുമെന്ന് സൂചന. എന്‍.ഡി.എ. ഘടകകക്ഷികളുടെ പിന്തുണ ലഭിച്ചാല്‍ ഉടന്‍ ബില്ലവതരിപ്പിക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.

◾  കുവൈത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതര്‍ നടത്തിയ പരിശോധനകളില്‍ 250 കിലോ കേടായ ഇറച്ചി പിടിച്ചെടുത്തു. പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് അധികൃതരാണ് പരിശോധനകള്‍ നടത്തിയത്. ഇതിന് പുറമെ 11 നിയമലംഘനങ്ങളും കണ്ടെത്തി. ഹവല്ലിയില്‍ വിവിധ മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ പിടികൂടി നശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.

◾  സംസ്ഥാനത്ത് തുടര്‍ച്ചയായി ഉയരങ്ങളിലേക്ക് കുതിക്കുകയാണ് സ്വര്‍ണ വില. ഇന്ന് ഗ്രാമിന്  15 രൂപ ഉയര്‍ന്ന് 6,880 രൂപയിലെത്തി. പവന്‍ വില 120 കൂടി 55,040 രൂപയുമെത്തി. കഴിഞ്ഞ മേയ് 20ന് കുറിച്ച പവന് 55,120 രൂപയാണ് കേരളത്തില്‍ റെക്കോഡ്. മേയ് 20ന് ശേഷം ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറഞ്ഞിരുന്നു. ഇത് രാജ്യത്ത് സ്വര്‍ണ വിലയില്‍ കാര്യമായി കുറവ് ഉണ്ടാക്കിയിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വില ഉയര്‍ന്നതോടെ സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോഡ് തകര്‍ത്ത് മുന്നേറാനുള്ള ശ്രമത്തിലാണ്. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,700 രൂപയായി. വെള്ളി വിലയും മുന്നേറ്റം തുടരുന്നു. ഗ്രാം വില ഒരു രൂപ വര്‍ധിച്ച് 96 രൂപയിലെത്തി. അന്താരാഷ്ട്ര സ്വര്‍ണ വില ഇന്ന് ഔണ്‍സിന് 2,589.02 ഡോളര്‍ എന്ന സര്‍വകാല റെക്കോഡ് കുറിച്ചു. നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം.

◾  ചില ഐഫോണുകളിലും ഐപാഡുകളിലും സേവനം നിര്‍ത്തലാക്കാന്‍ ഒരുങ്ങുകയാണ് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സ്. ഐഒഎസ് 16, ഐപാഡോസ് 16 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കും ഐപാഡുകള്‍ക്കുമുള്ള പിന്തുണ നെറ്റ്ഫ്‌ലിക്‌സ് ഉടന്‍ നിര്‍ത്തലാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഐഒഎസ് 17, ഐപാഡ് ഒഎസ് 17 ഒഎസ് അപ്ഡേറ്റുകള്‍ ലഭിക്കുന്ന ഐഫോണുകളിലും അതിന് ശേഷം പുറത്തിറങ്ങിയ ഫോണുകളിലുമാണ് ഇനി നെറ്റ്ഫ്ളിക്സ് സേവനം ലഭിക്കുക. ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ ടെന്‍, ഐപാഡ് പ്രോ (ഒന്നാം തലമുറ), ഐപാഡ് (അഞ്ചാം തലമുറ) എന്നിവയെ ഈ മാറ്റം ബാധിക്കും. പുതിയ സോഫ്റ്റ് വെയറുകളിലേക്ക് പ്രവര്‍ത്തനം മാറ്റുന്നതിന്റെ ഭാഗമായി ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍ സ്വീകരിക്കുന്ന സാധാരണമായ നടപടിയാണിത്. ആപ്പ് ഉപയോഗത്തിലൂടെയുള്ള അനുഭവം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും.

◾  മലയാളിയും മോഡലുമായ ശ്രീലക്ഷ്മി സതീഷിനെ (ആരാധ്യ ദേവി) വച്ച് രാം ഗോപാല്‍വര്‍മ നിര്‍മിച്ച് 'സാരി' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗിരി കൃഷ്ണ കമല്‍ ആണ്. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട്  അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. ശബരിയാണ് ഫോട്ടോഗ്രാഫി. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. നടന്‍ സത്യാ യാദു അവതരിപ്പിക്കുന്ന കഥാപാത്രം സാരി ചുറ്റിയ ഒരു യുവതിയെ കാണുന്നു. ആരാധ്യ ദേവി അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തെ അയാള്‍ പിന്‍തുടരുകയും അയാളുടെ അവളോടുള്ള വികാരം അപകടകരമായി മാറുന്നതുമാണ് ചിത്രം പറയുന്നത്. നവംബര്‍ നാലിന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

◾  മലയാളികളുടെ പ്രിയതാരം ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി നവാഗതനായ ജിതിന്‍ സുരേഷ് ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രീ അനൗണ്‍സ്മെന്റ് ടീസര്‍ റിലീസ് ചെയ്തു. നോ വേ ഔട്ട് എന്ന ചിത്രത്തിന് ശേഷം റെമൊ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെമോഷ് എം.എസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ഒരേ മുഖം, റിലീസിന് ഒരുങ്ങുന്ന പുഷ്പക വിമാനം, പട കുതിര എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ദീപു എസ് നായര്‍, സന്ദീപ് സദാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. നിരവധി ചിത്രങ്ങളില്‍ പോലീസ് വേഷത്തില്‍ എത്തിയിട്ടുണ്ടെങ്കിലും ഇന്ദ്രജിത്ത് ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ചിത്രമായിരിക്കും ഇത്. ഇന്ദ്രജിത്ത് സുകുമാരന്‍, അജു വര്‍ഗ്ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗര്‍, വിജയരാഘവന്‍, റെബ മോണിക്ക ജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

◾  പോര്‍ഷെ 911 ജി ടി 3 ആര്‍ എസ് സ്വന്തമാക്കി തെന്നിന്ത്യന്‍ താരം അജിത് കുമാര്‍. ഇന്ത്യയില്‍ 3.50 കോടി രൂപ വിലവരുന്ന വാഹനമാണ് 911 ജി ടി 3 ആര്‍ എസ്. നിലവില്‍ പോര്‍ഷെയുടെ ഏറ്റവുമധികം വില്പനയിലുള്ള മോഡലുകളില്‍ ഒന്നാണിത്. ഭാരക്കുറവും എന്നാല്‍ പ്രകടനത്തിന്റെ കാര്യത്തിലുള്ള മികവുമാണ് പോര്‍ഷെയുടെ ഈ കരുത്തനെ വാഹന പ്രേമികള്‍ക്കിടയില്‍ പ്രിയപ്പെട്ടതാക്കുന്നത്. വെള്ള നിറമാണ് വാഹനത്തിനായി അജിത് തിരഞ്ഞെടുത്തിരിക്കുന്നത്. വീലുകള്‍ക്കു ചുവപ്പു നിറവും നല്‍കിയിട്ടുണ്ട്. റോഡിലെ ഈ മികച്ച പെര്‍ഫോമറുടെ ശക്തി 4 ലീറ്റര്‍ 6 സിലിണ്ടര്‍ എന്‍ജിനാണ്. 518 ബി എച്ച് പി കരുത്തും 468 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കാന്‍ ശേഷിയുണ്ടിതിന്. 3.2 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയും. പരമാവധി വേഗം 296 കിലോമീറ്ററാണ്.

◾  സ്വാതന്ത്ര്യത്തിന്റെ അനന്തമായ സ്വപ്നങ്ങളും നീചമായ സാമൂഹ്യാവസ്ഥകളോടുള്ള പ്രതിരോധവും രേഖപ്പെടുത്തുന്ന സിതാരയുടെ പതിനൊന്ന് ചെറുകഥകള്‍. പെണ്ണെഴുത്തിന്റെ സാമ്പ്രദായിക ചിട്ടവട്ടങ്ങളെ അതിലംഘിക്കുന്ന രചനകള്‍. മറ, അവളും ഞാനും. വേട്ട വാക്കുകളുടെ ആകാശം, ഇരുള്‍ റാണി, കവചം, വേതാളം കിണറരികിലെ വിളര്‍ത്ത ചെമ്പകം അമ്ലം. ഒന്നാമത്തെ സ്ത്രീ. സിതാര എസ്സിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. 'അമ്ലം'. ഡിസി ബുക്സ്. വില 189 രൂപ.

◾  ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉത്തമമാണ് നെയ്യ് ചേര്‍ത്ത ചായ. ചായയില്‍ ഒരു സ്പൂണ്‍ നെയ്യ് ചേര്‍ക്കുന്നത് പൊതുവെയുള്ള ആരോഗ്യത്തിന് ഉണര്‍വ് നല്‍കുകയും ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. നെയ്യ് വയറ്റിലെ ആസിഡുകളുടെ സ്രവത്തെ ഉത്തേജിപ്പിക്കും. ഇത് പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കും. അതുവഴി മലബന്ധം, ദഹനക്കേട് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. കുടലിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ഫാറ്റി ആസിഡായ ബ്യൂട്ടറേറ്റ് നെയ്യില്‍ അടങ്ങിയിട്ടുണ്ട്. ഭക്ഷണം വിഘടിപ്പിക്കാനും പോഷകങ്ങള്‍ ആഗിരണം ചെയ്യാനും ഇത് സഹായിക്കുന്നു. മികച്ച ദഹനത്തിന് മാത്രമല്ല വയറുവേദന പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് ഉത്തമമാണ്. നെയ്യ്ക്ക് ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ടെന്ന്. ഇത് ആര്‍ത്തവസമയത്ത് ഉണ്ടാകുന്ന വേദനയും അസ്വസ്ഥതയും കുറയ്ക്കാന്‍ സഹായിക്കും. നെയ്യില്‍ അടങ്ങിയിരിക്കുന്ന ബ്യൂട്ടിറിക് ആസിഡും ട്രൈഗ്ലിസറൈഡുകളും ശരീരത്തിലെ കൊഴുപ്പ് സമാഹരിക്കാനും നല്ല കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കും. വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നിവയാല്‍ സമ്പന്നമാണ് നെയ്യ്. സന്ധി വേതന പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് നെയ്യ് ചായ ഉത്തമമാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും നെയ്യില്‍ പൂരിത കൊഴുപ്പ് കൂടുതലാണ്. അമിതമായ ഉപഭോഗം അമിതവണ്ണത്തിന് കാരണമാകും. അതുകൊണ്ട് തന്നെ അമിതമായി നെയ് ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 83.88, പൗണ്ട് - 110.54, യൂറോ - 93.27, സ്വിസ് ഫ്രാങ്ക് - 99.35, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.49, ബഹറിന്‍ ദിനാര്‍ - 222.63, കുവൈത്ത് ദിനാര്‍ -275.07, ഒമാനി റിയാല്‍ - 217.91, സൗദി റിയാല്‍ - 22.35, യു.എ.ഇ ദിര്‍ഹം - 22.84, ഖത്തര്‍ റിയാല്‍ - 23.01, കനേഡിയന്‍ ഡോളര്‍ - 61.79.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right