Trending

പ്രഭാത വാർത്തകൾ

2024  സെപ്റ്റംബർ 13  വെള്ളി  
1200  ചിങ്ങം 28  പൂരാടം  
1446  റ: അവ്വൽ 09
    
◾  മുതിര്‍ന്ന കമ്മ്യണിസ്റ്റ് നേതാവും സിപിഎം ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ദില്ലി എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

◾  അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ എയിംസില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ഡല്‍ഹിയിലെ വസന്ത് കുഞ്ചിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. നാളെ ഡല്‍ഹിയിലെ എ.കെ.ജി ഭവനില്‍ രാവിലെ 9 മണി മുതല്‍ ഉച്ചവരെ പൊതു ദര്‍ശനത്തിനു വയ്ക്കും. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകള്‍ക്കുശേഷം യെച്ചൂരിയുടെ മൃതദേഹം ഡല്‍ഹി എയിംസിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ വൈദ്യശാസ്ത്ര പഠനത്തിനായി വിട്ടുനല്‍കും.

◾  സിതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടതുപക്ഷത്തിന്റെ വെളിച്ചമായിരുന്നു യെച്ചൂരിയെന്ന് പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്ത അനുശോചന സന്ദേശത്തില്‍ കുറിച്ചു. മികച്ച പാര്‍ലമെന്റേറിയനായി കഴിവ് തെളിയിച്ച വ്യക്തി കൂടിയായിരുന്നു യെച്ചൂരിയെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

◾  നമ്മുടെ രാജ്യത്തെ കുറിച്ച് ആഴത്തില്‍ ധാരണയുള്ള, ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകനായിരുന്ന വ്യക്തിയായിരുന്നു യെച്ചൂരിയെന്ന് രാഹുല്‍ ഗാന്ധി . ഞങ്ങള്‍ നടത്തിയിരുന്ന നീണ്ട ചര്‍ച്ചകള്‍ ഇനി തനിക്ക് നഷ്ടമാകുമെന്നും, ദുഃഖത്തിന്റെ ഈ വേളയില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുയായികള്‍ക്കും ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുന്നുവെന്നും രാഹുല്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.

◾  കമ്മ്യൂണിസ്റ്റ് എതിരാളികള്‍ക്ക് പോലും സ്നേഹത്തോടെയും ആദരവോടെയും സമീപിക്കാന്‍ കഴിഞ്ഞ നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യ കണ്ട പ്രമുഖ ധിഷണാശാലികളില്‍ ഉന്നതനിരയില്‍ തന്നെയാണ് എക്കാലവും സീതാറാം യെച്ചൂരിയുടെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. അങ്ങേയറ്റം ഹൃദയഭാരത്തോടെ അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾  വ്യക്തതയുള്ള നിലപാടുകളുമായി പ്രത്യയ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ അടിയുറച്ച് നില്‍ക്കുമ്പോഴും പ്രായോഗികതയുള്ള രാഷ്ട്രീയ സമീപനമായിരുന്നു സീതാറാം യെച്ചൂരിയുടേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സൈദ്ധാന്തിക കടുംപിടുത്തങ്ങള്‍ക്കും അപ്പുറം രാഷ്ട്രീയത്തിലെ പ്രായോഗികതയ്ക്ക് മുന്‍തൂക്കം നല്‍കിയ നേതാവായിരുന്നു അദ്ദേഹമെന്നും വി.ഡി സതീശന്‍ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.

◾  അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് നേതാക്കള്‍. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ സംസ്ഥാന -ദേശീയ നേതാക്കളും യെച്ചൂരിയെ അനുസ്മരിച്ചു. ഇപി ജയരാജന്‍, ടിപി രാമകൃഷ്ണന്‍, രമേശ് ചെന്നിത്തല, കെ സുരേന്ദ്രന്‍, ഡി രാജ തുടങ്ങി നിരവധി നേതാക്കളാണ് യെച്ചൂരിയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ചത്.

◾  സീതാറാം യെച്ചൂരി അന്തരിച്ചതിനെ തുടര്‍ന്ന് മൂന്നുദിവസം ദുഃഖാചരണം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സംസ്ഥാനമാകെ നടത്താനിരുന്ന പൊതു പാര്‍ട്ടി പരിപാടികളെല്ലാം മാറ്റിവെച്ചതായും എംവി ഗോവിന്ദന്‍ അറിയിച്ചു. എകെജി സെന്ററില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾  എഡിജിപി അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ആഭ്യന്തരവകുപ്പിനു റിപ്പോര്‍ട്ട് നല്‍കി. അനധികൃത സമ്പാദ്യം, ആഡംബര വീട് നിര്‍മാണം ഉള്‍പ്പെടെ പി.വി.അന്‍വര്‍ എംഎല്‍എ ഉന്നയിച്ച പരാതികളില്‍ അഞ്ചുകാര്യങ്ങളിലാകും വിജിലന്‍സ് അന്വേഷണം. വൈകാതെ ഉത്തരവിറങ്ങും. ഇന്നലെ സംസ്ഥാന പൊലീസ് മേധാവിയായ ഡിജിപി ദര്‍വേഷ് സാഹിബ് എഡിജിപി അജിത്കുമാറിന്റെ മൊഴിയെടുത്തിരുന്നു.

◾  താനൂര്‍ കസ്റ്റഡി മരണ കേസില്‍ മലപ്പുറം മുന്‍ എസ്.പി. സുജിത് ദാസിനെ സി.ബി.ഐ. വീണ്ടും ചോദ്യം ചെയ്തതായി സൂചന. പി വി അന്‍വര്‍ എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണത്തിലെ വെളിപ്പെടുത്തലിന്റെ പശ്ചത്തലത്തിലാണ് ചോദ്യം ചെയ്യല്‍. തിരുവനന്തപുരത്തെ ഓഫീസില്‍ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒന്നിനാണ് മലപ്പുറം താനൂരില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി എന്ന യുവാവ് മരിച്ചത്.

◾  തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട്  നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഡിജിപിക്ക് കത്ത് നല്‍കി. തന്നെ കൊല്ലാനും കുടുംബത്തെ അപായപെടുത്തുത്താനും സാധാതയുണ്ടെന്ന കാരണത്താല്‍ കുടുബത്തിനും വീടിനും സ്വത്തിനും സംരക്ഷണത്തിനായി പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാണ് അന്‍വര്‍ എംഎല്‍എയുടെ ആവശ്യം.

◾  കല്‍പ്പറ്റയില്‍ വാഹനപകടത്തില്‍ അന്തരിച്ച ജെന്‍സന്റെ മൃതദേഹം സംസ്‌കരിച്ചു. വയനാട് ഉരുള്‍പൊട്ടലില്‍ കുടുംബം നഷ്ടമായ ശ്രുതിയെ തനിച്ചാക്കി ജെന്‍സണും വിടവാങ്ങി. ഹൃദയവേദനയോടെയാണ് നാടൊന്നാകെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്.

◾  അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 10 പേരേയും ഡിസ്ചാര്‍ജ് ചെയ്തു. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജിലേയും ആരോഗ്യവകുപ്പിലെയും മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

◾  ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ബംഗാളി നടിയുടെ പരാതിയിലും കോഴിക്കോട്ടെ യുവാവിന്റെ പരാതിയിലും രഞ്ജിത്തിനെതിരെ രണ്ട് കേസുകളാണ്  രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

◾  ലൈംഗികപീഡനക്കേസില്‍ നടന്‍ ജയസൂര്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ഹര്‍ജി 23 ന് വീണ്ടും പരിഗണിക്കും. പരാതിക്കാരി പീഡനം നടന്നതായി  ആരോപിക്കുന്ന തിയതികളില്‍ ഉള്‍പ്പെടെയുള്ളവയില്‍  വൈരുധ്യമുണ്ടെന്ന് ജയസൂര്യ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

◾  അപകടത്തില്‍ പരിക്കേറ്റ് ആറ് മാസമായി കോമയിലായ 9 വയസുകാരിയുടെ ദുരവസ്ഥയില്‍  സര്‍ക്കാരിനോട് നിലപാട് തേടി ഹൈക്കോടതി. പൊലീസും മോട്ടോര്‍ വാഹന വകുപ്പും ഉടന്‍ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കുട്ടിക്ക് സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കാന്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.

◾  വനാതിര്‍ത്തിയിലുള്ള ചുറ്റുമതിലില്ലാത്ത തിരുവനന്തപുരം പൊന്‍മുടി സര്‍ക്കാര്‍ യു.പി സ്‌കൂളിലെ കുട്ടികളും അദ്ധ്യാപകരും സുരക്ഷാ ഭീഷണി നേരിടുന്നതായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. വകുപ്പുകളുടെ ഏകോപനം ജില്ലാ കളക്ടര്‍ നേരിട്ട് നടത്തണമെന്നും കാലതാമസം കൂടാതെ ചുറ്റുമതില്‍ നിര്‍മ്മിച്ച് കുട്ടികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.

◾  കേരള സര്‍വ്വകലാശാല സെനറ്റ് ഹാളിലെ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കേരള സര്‍വ്വകലാശാല രജിസ്ട്രാറര്‍ നല്‍കിയ പരാതിയിലാണ് രണ്ടാമത്തെ കേസ്. കേരള സര്‍വ്വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ഇന്നലെയാണ് എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.

◾  മ്യാന്മറിനും ബംഗ്ലാദേശിനും മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദംമായി രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി നേരിയതും ഇടത്തരമായതുമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

◾  ആലപ്പുഴ കലവൂരില്‍ വയോധികയായ സുഭദ്രയെ കൊലപ്പെടുത്തിയ പ്രതികള്‍ പിടിയില്‍. കര്‍ണാടകയിലെ മണിപ്പാലില്‍ നിന്നാണ് പ്രതികളായ മാത്യൂസ്, ശര്‍മിള എന്നിവര്‍ പിടിയിലായത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. കൊലയ്ക്ക് ശേഷം മൃതേദഹം കുഴിച്ചിട്ട് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

◾  കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുടെ വസ്തുവകകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കുന്നതില്‍ അര്‍ഥമില്ലെന്നും ഇത്തരം നടപടികള്‍ ഉണ്ടായാല്‍ അത് നിയമവ്യവസ്ഥയ്ക്കു മുകളിലൂടെയുള്ള ബുള്‍ഡോസര്‍ ഓടിക്കലായി കണക്കാക്കാമെന്നും സുപ്രീം കോടതി. പരമോന്നതമായ നിയമസംവിധാനമുള്ള രാജ്യത്ത് ഇത്തരം പൊളിക്കല്‍ പ്രവൃത്തികള്‍ കണ്ടില്ലെന്ന് നടിക്കാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

◾  ഡല്‍ഹി - ഡെറാഡൂണില്‍ പന്‍ചെദ ബൈപ്പാസിന് സമീപം കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. മുന്ന് പേര്‍ക്ക് പരിക്കേറ്റു. അലിഗഡില്‍ നിന്ന് ഔലിയിലേക്ക് ഏഴംഗ സംഘം എര്‍ട്ടിഗ കാറിലാണ് യാത്ര ചെയ്തിരുന്നത്. ഹൈവേയില്‍ സഞ്ചരിക്കുകയായിരുന്ന ട്രക്കിന്റെ പിന്നിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. മരിച്ച നാല് പേരും അലിഗഡ് സ്വദേശികളാണ്.

◾  മണിപ്പൂരിലെ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഗവര്‍ണര്‍ ലക്ഷ്മണ്‍ ആചാര്യ സംസ്ഥാനം വിട്ടതായി റിപ്പോര്‍ട്ട്. ഗവര്‍ണറുടെ കൂടി സാന്നിധ്യത്തില്‍ സമാധാന ചര്‍ച്ചകള്‍ സംസ്ഥാനത്ത് നടക്കാനിരിക്കേയാണ് നീക്കം. എന്നാല്‍ ഗവര്‍ണര്‍ സംസ്ഥാനം വിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ രാജ് ഭവന്‍ നിഷേധിച്ചു.

◾  കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാകാത്തതിനെ തുടര്‍ന്ന് രാജി വയ്ക്കാന്‍ തയ്യാറെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. ജനങ്ങളുടെ താല്‍പര്യം കണക്കിലെടുത്ത് രാജിക്ക് തയ്യാറാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

◾  രാജ്യതലസ്ഥാനത്തെ വിമാനത്താവളത്തില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്ത വിദേശ പൗരന്‍ ആശുപത്രിയില്‍ മരിച്ചു. 77 വയസുകാരനായ ജര്‍മന്‍ പൗരനാണ് വെസ്റ്റ് ഡെല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപധ്യായ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ത്യന്‍ വംശജനായ ഇയാള്‍ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടാണ് പിടിയിലായത്.

◾  വിവാഹേതര ബന്ധം ആരോപിക്കപ്പെട്ട് പുറത്താക്കിയ ജുഡീഷ്യല്‍ ഓഫീസറെ ജോലിയില്‍ തിരിച്ചെടുക്കാത്ത പഞ്ചാബ്-ഹരിയാന ഹൈക്കോടതിയേയും പഞ്ചാബ് സര്‍ക്കാറിനെയും വിമര്‍ശിച്ച് സുപ്രീം കോടതി. ഇവര്‍ക്ക് ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നല്‍കണമെന്നും ജോലിയില്‍ തിരിച്ചെടുക്കണമെന്ന ഇവരുടെ ആവശ്യത്തെ ഹൈക്കോടതി തള്ളിയത് ശരിയല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

◾  മധ്യപ്രദേശിലെ ഇന്‍ഡോറില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സംഭവം സമൂഹത്തിനാകെ നാണക്കേട് ഉണ്ടാക്കുന്നതാണെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഇന്ത്യയുടെ പെണ്‍മക്കളുടെ സ്വാതന്ത്ര്യത്തെയും അഭിലാഷങ്ങളെയും തടയുകയാണെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

◾  2023 ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യക്ക് നേടിത്തന്നത് കോടികളുടെ നേട്ടം. ഐ സി സിയുടെ കണക്ക് അനുസരിച്ച് ഇന്ത്യക്ക് 11,637 കോടി രൂപയുടെ വരുമാനമുണ്ടായി. ലോകകപ്പുമായി ബന്ധപ്പെട്ട് ടൂറിസം മേഖലയിലേക്ക് ഏകദേശം ഏഴായിരം കോടിയിലധികം രൂപ എത്തിയെന്നാണ് ഐസിസിയുടെ കണക്ക്. നിരവധി മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും ഐസിസിയുടെ സാമ്പത്തിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

◾  ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു. കഴിഞ്ഞദിവസം മലേഷ്യയ്‌ക്കെതിരേ വന്‍ ജയം നേടിയ ഇന്ത്യ, ഇന്നലെ കൊറിയയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. ഇതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇനിയും മത്സരങ്ങള്‍ ബാക്കിനില്‍ക്കേതന്നെ ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ നാലാം വിജയമാണിത്.

◾  ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ നിരയിലേക്ക് കുതിക്കാന്‍ ഒരുങ്ങുകയാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രഡ്സ്, വാട്ട്സ്ആപ്പ് തുടങ്ങിയ മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ സി.ഇ.ഒയായ സക്കര്‍ബര്‍ഗിന്റെ ആസ്തി ബ്ലൂംബെര്‍ഗിന്റെ ഏറ്റവും പുതിയ ബില്ല്യണേഴ്സ് പട്ടിക അനുസരിച്ച് 51 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 179 ബില്യണ്‍ ഡോളറിലെത്തി. ടെസ്ലയുടെ എലോണ്‍ മസ്‌ക് (248 ബില്യണ്‍ ഡോളര്‍), ആമസോണിന്റെ ജെഫ് ബെസോസ് (202 ബില്യണ്‍ ഡോളര്‍), എല്‍.വി.എം.എച്ചിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ട് (180 ബില്യണ്‍ ഡോളര്‍ മൂല്യം) എന്നിവര്‍ക്ക് പിന്നില്‍ നാലാം സ്ഥാനത്താണ് സക്കര്‍ബര്‍ഗ് ഇപ്പോഴുളളത്. ഈ വര്‍ഷം ആരംഭിച്ചപ്പോള്‍ സമ്പന്നരുടെ പട്ടികയില്‍ ഫേസ്ബുക്ക് ഉടമ ആറാം സ്ഥാനത്തായിരുന്നു. 1.3 ട്രില്യണ്‍ ഡോളര്‍ വിപണി മൂലധനമുള്ള ലോകത്തിലെ ഏഴാമത്തെ ഏറ്റവും വലിയ കമ്പനിയാണ് മെറ്റ.

◾  ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി കല്യാണി പ്രിയദര്‍ശനും നസ്ലിനും. അരുണ്‍ ഡൊമനിക് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ചിത്രത്തിന്റെ പൂജാ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് പുതിയ പ്രോജക്ടിന്റെ വിശേഷങ്ങള്‍ ദുല്‍ഖര്‍ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. അതേസമയം, പ്രേമലു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നസ്ലിന്‍ നായകനാകുന്ന ചിത്രമാണിത്. ഈ വര്‍ഷത്തെ ഹിറ്റ് സിനിമകളില്‍ ഒന്നാണ് പ്രേമലു. നസ്ലിന്റെ ആദ്യ 100 കോടി ചിത്രം കൂടിയായിരുന്നു പ്രേമലു. ഹൃദയം എന്ന സിനിമയ്ക്ക് ശേഷം കല്യാണി പ്രിയദര്‍ശന്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

◾  തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാന്‍ ചിത്രമാണ് 'സ്വയംഭൂ'. ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന തെന്നിന്ത്യന്‍ താരം സംയുക്ത മേനോന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സംയുക്തയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടാണ് ഈ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്. സംയുക്തയും നഭാ നടേഷും ആണ് ഈ ചിത്രത്തിലെ നായികാതാരങ്ങള്‍. നിഖില്‍ ഒരു ഇതിഹാസ യോദ്ധാവിന്റെ വേഷത്തില്‍ എത്തുന്ന ഈ ചിത്രം പിക്സല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഭുവനും ശ്രീകറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ടാഗോര്‍ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. ഒരു പരിചയും വില്ലും അമ്പും കയ്യിലേന്തിയ ധീരയായ ഒരു യോദ്ധാവായി ആണ് സംയുക്തയെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

◾  മാരുതി സുസുക്കി ഇന്ത്യ അതിന്റെ കോംപാക്റ്റ് എസ്യുവി ഫ്രോങ്ക്‌സില്‍ മികച്ച കിഴിവുകള്‍ അവതരിപ്പിക്കുന്നു. മുന്‍നിരകളില്‍ 83,000 രൂപ വരെയുള്ള മൊത്തം ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഫ്രോങ്ക്‌സിന്റെ മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകളില്‍ 83,000 രൂപയുടെ മൊത്തം ആനുകൂല്യങ്ങള്‍ ലഭ്യമാണ്. 40,000 രൂപ വിലയുള്ള ഫ്രോങ്ക്സ് വെലോസിറ്റി എഡിഷന്‍ പാക്കേജും ഇതില്‍ ഉള്‍പ്പെടുന്നു. നാച്ചുറലി ആസ്പിറേറ്റഡ് 1.2 ലിറ്റര്‍ പെട്രോള്‍ വേരിയന്റിന് 35,000 രൂപയും 1.2 ലിറ്റര്‍ പെട്രോള്‍ സിഗ്മയ്ക്ക് 32,500 രൂപയും ആനുകൂല്യം ലഭിക്കും. ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ്, ഡെല്‍റ്റ പ്ലസ് (ഒ) വേരിയന്റുകളില്‍ 30,000 രൂപ കിഴിവ് ലഭിക്കും. അതേസമയം, ഫ്രോങ്ക്സ് സിഎന്‍ജിയുടെ എല്ലാ വേരിയന്റുകളിലും 10,000 രൂപ കിഴിവ് ലഭിക്കും.

◾  ഗോവയുടെ വൈവിദ്ധ്യപൂര്‍ണ്ണവും സമ്പന്നവുമായ പൈതൃകത്തെ പുല്‍കുന്നതിനു വിമുഖത കാണിക്കാത്ത ദാമോദര്‍ മഹാനായ എഴുത്തുകാരനും വ്യക്തിയുമാണ്. മതഭ്രാന്തിനും വര്‍ഗ്ഗീയതയ്ക്കുമെതിരേ നിലകൊള്ളാന്‍ അദ്ദേഹം കാണിക്കുന്ന ധീരതയും മാതൃകാപരമാണ്. ജ്ഞാനപീഠപുരസ്‌കാര ജേതാവായ ദാമോദര്‍ മൗസോയുടെ മികച്ച കഥകളുടെ സമാഹാരം. 'തിരഞ്ഞെടുത്ത കഥകള്‍'. ദാമോദര്‍ മൗസോ. മാതൃഭൂമി. വില 195 രൂപ.

◾  ഭക്ഷണത്തിന്റെ രുചി കൂട്ടുന്ന പ്രധാന ചേരുവയാണ് ഉപ്പ്. ഉപ്പിന്റെ അമിത ഉപയോഗം ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ഹൃദ്രോഗ സാധ്യതയ്ക്കും കാരണമാകുമെന്നതിനാല്‍ പലരും ഉപ്പിന്റെ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കാറുണ്ട്. എന്ന് കരുതി ഉപ്പ് പൂര്‍ണമായും ഒഴിവാക്കുന്നതും ആരോഗ്യത്തിന് അത്ര നല്ലതല്ല. ശരീരത്തിലെ പ്ലാസ്മ സാന്ദ്രത, ആസിഡ്-ബേസ് സന്തുലനം, നാഡീവ്യൂഹത്തിലെ ഇംപള്‍സുകളുടെ കൈമാറ്റം, കോശങ്ങളുടെ സാധാരണ പ്രവര്‍ത്തനം എന്നിവയെല്ലാം ഉറപ്പാക്കുന്നതിന് സോഡിയം അവശ്യമാണ്. സോഡിയം പ്രധാനമായും ഉപ്പില്‍ നിന്നാണ് ശരീരത്തിന് ലഭ്യമാകുന്നത്. കൂടാതെ ശരീരത്തില്‍ സോഡിയത്തിന്റെ അളവു കുറയുന്നത് ഹൈപോനാട്രീമിയ എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. രക്തത്തില്‍ 135 മില്ലി ഇക്വിവലന്റ്‌സ് പെര്‍ ലീറ്ററിലും താഴെ സോഡിയത്തിന്റെ അളവു വരുമ്പോഴാണ് ഹൈപോനാട്രീമിയ എന്ന അവസ്ഥ ഉണ്ടാകുന്നത്. പേശിവേദന, ദുര്‍ബലത, ഓക്കാനം, ഛര്‍ദ്ദി, ഊര്‍ജ്ജമില്ലായ്മ, തലവേദന, തലകറക്കം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകാം. കൂടാതെ 120 മില്ലി ഇക്വിവലന്റ്‌സ് പെര്‍ ലിറ്ററിലും താഴെ സോഡിയം എത്തിയാല്‍ ചുഴലി, കോമ, തലച്ചോറിന് ക്ഷതം പോലുള്ള അവസ്ഥയിലേക്ക് നീങ്ങാം. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരം മുതിര്‍ന്നവര്‍ പ്രതിദിനം 2000 മില്ലിഗ്രാം വരെ ഉപ്പാണ് കഴിക്കേണ്ടത്.

*ശുഭദിനം*
*കവിത കണ്ണന്‍*
തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ എന്ന കുഗ്രാമത്തിലാണ് അയാള്‍ ജനിച്ചുവളര്‍ന്നത്.  കല്യാണവീടുകളില്‍ സദ്യയുണ്ടാക്കുകയാണ് തൊഴില്‍.  60 രൂപയാണ് ആ 75 കാരന്റെ അന്നത്തെ കൂലി. മുത്തച്ഛന്റെ കൈപ്പുണ്യവും ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥതയും കണ്ട കൊച്ചുമകന്‍ വിദേശത്ത് പോകാന്‍ കുറച്ച് പണമുണ്ടാക്കുക എന്ന ലക്ഷ്യത്തില്‍ മുത്തച്ഛനേയും കൂട്ടി ഒരു യുട്യൂബ് ചാനല്‍ തുടങ്ങി.  മുളകും മല്ലിയും മഞ്ഞളുമെല്ലാം തനതായ രീതിയില്‍ അരച്ചെടുത്ത് വ്യത്യസ്തങ്ങളായ വിഭവങ്ങള്‍ അവര്‍ തയ്യാറാക്കി, ഒപ്പം പുതുക്കോട്ടൈ എന്ന ഗ്രാമത്തിന്റെ തനതുഭംഗിയും ചേര്‍ത്തവര്‍ ലോകത്തിന് മുമ്പില്‍ എത്തിച്ചു. പുതുക്കോട്ടയും തമിഴ്‌നാടുംകടന്ന് എന്തിനേറെ ആ രുചിവൈഭവം ലോകത്തിലെ കോടിക്കണക്കിന് മനുഷ്യരുടെ രുചിമുകുളങ്ങളെ ഉത്തേജിപ്പിച്ചതിന് കാരണമായിതീര്‍ന്നു.. അന്ന് 60 രൂപ കൂലിവാങ്ങിയ ആ 75 കാരന്റെ ഇന്നത്തെ മാസശമ്പളം 10ലക്ഷം രൂപയാണ്.  ഇത് പെരിയതമ്പിയുടേയും കൊച്ചുമകന്‍ സുബ്രഹ്‌മണ്യത്തിന്റെയും വില്ലേജ് കുക്കിങ്ങ് എന്ന് യുടൂബ് ചാനലിന്റെയും കഥയാണ്. അതെ, പ്രതിസന്ധികളാണ് പലപ്പോഴും പ്രതിഭകളെ സൃഷ്ടിക്കുന്നത് - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right