Trending

പ്രഭാത വാർത്തകൾ.

2024  സെപ്റ്റംബർ 12  വ്യാഴം 
1200  ചിങ്ങം 27  മൂലം 
1446  റ: അവ്വൽ 08
    
◾  രാജ്യത്തെ എഴുപത് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഇനി സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്. എഴുപത് വയസ്സും അതിനുമുകളിലും പ്രായമുള്ള രാജ്യത്തെ എല്ലാ പൗരന്‍മാരേയും ദേശീയ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് കീഴിലാക്കി സൗജന്യമായി കുടുംബാടിസ്ഥാനത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഈ തീരുമാനം രാജ്യത്തുടനീളമുള്ള ആറ് കോടി മുതിര്‍ന്ന പൗരന്‍മാരുള്ള 4.5 കോടി കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

◾  വയനാട് ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെടെ കുടുംബത്തിലെ ഒമ്പത് പേര്‍ നഷ്ടമായ ശ്രുതിക്ക് തന്റെ പ്രതിശ്രുത വരനേയും നഷ്ടമായി. വയനാട് വെള്ളാരംകുന്നില്‍ ഓമ്നി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്പലവയല്‍ ആണ്ടൂര്‍ സ്വദേശി ജെന്‍സണ്‍ ശ്രുതിയെ തനിച്ചാക്കി യാത്രയായി. അനിയന്ത്രിതമായ രക്തസ്രാവത്തെ തുടര്‍ന്ന് ജെന്‍സന്‍ അതീവ ഗുരുതരാവസ്ഥയില്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടു മത വിഭാഗങ്ങളില്‍ നിന്നുള്ള ശ്രുതിയും ജെന്‍സനും സ്‌കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളാണ്. ആ പ്രണയമാണ് വിവാഹനിശ്ചയത്തിലെത്തിയത്. ഉരുള്‍പൊട്ടലില്‍ മരിച്ച കുടുംബാംഗങ്ങളുടെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയശേഷം ഈ മാസം വിവാഹം നടത്താനായിരുന്നു തീരുമാനം.

◾  മലയാളത്തിലുള്ള വിവരാവകാശ അപേക്ഷകള്‍ക്ക് മലയാളത്തില്‍ തന്നെ മറുപടി നല്‍കണമെന്ന് വിവരാവകാശ കമ്മീഷണര്‍ ഡോ. എ എ ഹക്കിം. അഴിമതിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് ജനാധിപത്യത്തെ രക്ഷിക്കാനുള്ള സുപ്രധാന നിയമമാണ് വിവരാവകാശ നിയമം. നികുതിപ്പണം എങ്ങനെ ചെലവഴിക്കപ്പെട്ടു എന്ന വിവരം കുറഞ്ഞ ചെലവില്‍ ഏറ്റവും വേഗത്തില്‍ പൗരന് ലഭ്യമാക്കുകയാണ് ഈ നിയമത്തിലൂടെ സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

◾  എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പരക്കെ പരാതികളുയര്‍ന്നിട്ടും നടപടിയെടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഉടന്‍ നടപടി ഉണ്ടാകില്ല എന്നാണ് സൂചന. ചര്‍ച്ച വേണമെന്ന് ആര്‍ജെഡി ഇടതുമുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും അന്വേഷണം തീരട്ടെ എന്നാണ് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്. ആര്‍എസ്എസ് നേതാവിനെ കണ്ടത് കൂടി അന്വേഷിക്കാമെന്നും നടപടി അതിന് ശേഷം എടുക്കാമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

◾  മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീരു ആണെന്ന് വി ഡി സതീശന്‍. ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പൊലീസ് ഉന്നതനെ സംരക്ഷിക്കുന്ന സര്‍ക്കാര്‍, എസ്പി ഉള്‍പ്പെടെ മലപ്പുറം ജില്ലയിലെ പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി അപഹാസ്യമാണെന്ന് സതീശന്‍ വിമര്‍ശിച്ചു.എഡി.ജിപിയെ സംരക്ഷിക്കാന്‍ എംഎല്‍എ ആവശ്യപ്പെടുന്ന എന്തും ചെയ്തു നല്‍കാന്‍ തയാറാകുന്ന ഭീരുവായി പിണറായി വിജയന്‍ മാറിയിരിക്കുകയാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

◾  എഡിജിപി എംആര്‍ അജിത് കുമാര്‍ എന്തിനു ആര്‍എസ്എസ് നേതാക്കളെ കണ്ടുവെന്നത് പരിശോധിക്കേണ്ടതാണെന്നും അന്വേഷണം ആഭ്യന്തര വകുപ്പ് നടത്തുന്നുണ്ടെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍.  എല്‍ഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റുകാരനാണെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

◾  മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് നടന്‍മാരായ ജയസൂര്യയും ബാബുരാജും ഹൈക്കോടതിയില്‍. പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന തിയതികളിലടക്കം വൈരുധ്യമുണ്ടെന്ന് ജയസൂര്യ ഹര്‍ജിയില്‍ പറയുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബാബുരാജ്  പീഡിപ്പിച്ചെന്ന് ജൂനിയര്‍ ആര്‍ടിസ്റ്റാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ബലാത്സംഗ കുറ്റം ചുമത്തി അടിമാലി പൊലീസ് കേസെടുത്തിരുന്നു.

◾  പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍ സര്‍ക്കാരിനെതിരെ ആരോപണമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം അതീവ ഗൗരവമേറിയതാണെന്നും നടപടിയെടുത്ത് അറിയിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കത്ത് നല്‍കി.

◾  ജാതി സര്‍ട്ടിഫിക്കറ്റിന്റെ നിയമ സാധുതയെക്കുറിച്ച്, ദേവികുളം തെരഞ്ഞെടുപ്പ് കേസില്‍  ചോദ്യങ്ങളുന്നയിച്ച് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ജാതി സര്‍ട്ടിഫിക്കറ്റ് ചോദ്യം ചെയ്യാനാകുമോയെന്നും സര്‍ട്ടിഫിക്കറ്റ് നല്‍കിയ അധികാരിയെ കേള്‍ക്കാതെ കോടതിക്ക് സര്‍ട്ടിഫിക്കറ്റ് തള്ളാനാകുമോയെന്നും ജസ്റ്റിസ് ചോദിച്ചു.തുടര്‍വാദം ഈ മാസം 25ലേക്ക് മാറ്റി.

◾  മലയാള സീരിയല്‍, സിനിമ രംഗത്തെ പൂര്‍ണമായും സ്ത്രീ സൗഹൃദമാക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. കൃത്യമായ നിയമ, നയ രൂപീകരണത്തിലൂടെ സ്ത്രീകള്‍ക്ക് സുരക്ഷിതവും സുഖപ്രദവുമായ താമസസൗകര്യം പ്രദാനം ചെയ്യാന്‍, തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്റര്‍ കോംപ്ലക്‌സില്‍ തുടക്കമിടുന്ന  സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ സംരംഭമായ സഖി - ഡോര്‍മെറ്ററിയുടെ ഉദ്ഘാടനം  നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

◾  ഓണത്തിന് ബാംഗ്ലൂര്‍ മലയാളികള്‍ക്ക് ആശ്വാസമായി ഒരു സ്പെഷ്യല്‍ ട്രെയിന്‍ കൂടി. സെപ്തംബര്‍ 13ന് ഹുബ്ബള്ളിയില്‍ നിന്ന് കൊച്ചുവേളിയിലേക്കാണ് പ്രത്യേക തീവണ്ടി. റിസര്‍വേഷന്‍ തുടങ്ങി.

◾  ആലപ്പുഴ കലവൂരില്‍ വയോധികയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. സുഭദ്രയുടെ ശരീരത്തിന്റെ രണ്ട് ഭാഗത്തെയും വാരിയെല്ലുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലും കഴുത്ത്, കൈ എന്നിവ ഒടിഞ്ഞ നിലയിലായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്നു. ഇടത് കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്നുണ്ട്.

◾  ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ വി.കെ പ്രകാശിന്  ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങാന്‍ വികെ പ്രകാശിന് നിര്‍ദ്ദേശം നല്‍കിയ കോടതി, അറസ്റ്റുണ്ടാകുന്ന പക്ഷം അദ്ദേഹത്തെ ജാമ്യത്തില്‍ വിടണമെന്നും വ്യക്തമാക്കി.

◾  വാളയാര്‍ പെണ്‍കുട്ടികള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എംജെ സോജനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ഉദ്യോഗസ്ഥന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.  ഉദ്യോഗസ്ഥനെതിരെയല്ല, ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിച്ച മാധ്യമ സ്ഥാപനത്തിനെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.

◾  സംസ്ഥാനത്ത് നാല് പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി . തിരുവനന്തപുരത്തെ  ചാല,  പീച്ചി, തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി, തവനൂര്‍ മണ്ഡലത്തിലെ എടപ്പാള്‍ എന്നിവിടങ്ങളിലാണ് പുതിയ ഐടിഐകള്‍ ആരംഭിക്കുക.  ഇവയിലെ ട്രേഡുകള്‍ സംബന്ധിച്ചും തീരുമാനം ആയിട്ടുണ്ട്.

◾  ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേലുള്ള സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഓരോ പരാതിയിലും ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കണമെന്ന് കെകെ ശൈലജ എംഎല്‍എ. ഇന്ത്യയിലെ സിനിമാരംഗമാകെ ഉറ്റു നോക്കുന്ന കാര്യമാണ്. ഈ അവസരം ഉപയോഗപ്പെടുത്തി സത്യസന്ധമായ അന്വേഷണം നടത്തണമെന്നും കെകെ ശൈലജ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

◾  തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് താനൂര്‍ ഡിവൈഎസ്പി വിവി ബെന്നി. മുട്ടില്‍ മരം മുറി കേസ് അന്വേഷിക്കുന്നതിന്റെ വിരോധമാണ് ഇതിന് പിന്നിലെന്ന് വിവി ബെന്നി പറഞ്ഞു. ശക്തമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.

◾  പോലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരെ ഇടത് എംഎല്‍എ പി.വി. അന്‍വര്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. എല്ലാ ദിവസവും ആരോപണം ഉന്നയിക്കുന്നത് നല്ല ലക്ഷണമാണോ എന്ന് ചോദിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ പരാതി ഉണ്ടെങ്കില്‍ രേഖാമൂലം നല്‍കുകയാണ് വേണ്ടതെന്നും പറഞ്ഞു.

◾  പി.വി.അന്‍വര്‍ എല്ലാ ദിവസവും ആരോപണം ഉന്നയിക്കുന്നത് നല്ല ലക്ഷണമല്ലെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്റെ പരാമര്‍ശത്തിന് മറുപടിയുമായി പി.വി.അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദിവസകണക്കൊക്കെ റെക്കോഡ് ചെയ്യപ്പെട്ടാലും കാര്യമാക്കുന്നില്ലെന്ന് അറിയിച്ച അന്‍വര്‍, നീതി കിട്ടുംവരെയും പോരാടുമെന്നും വ്യക്തമാക്കി.

◾  സിനിമാ നിര്‍മാതാക്കളുടെ സംഘടനയ്ക്കെതിരേ നിര്‍മാതാവ് സാന്ദ്ര തോമസ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന പരിപാടിക്ക് പല നിര്‍മാതാക്കള്‍ക്കും ക്ഷണമില്ലെന്നും വന്നോട്ടെ എന്ന് ചോദിച്ചിട്ട് പോലും വേണ്ട എന്നാണ് സംഘടനയില്‍ നിന്ന് ലഭിച്ച മറുപടിയെന്നും സാന്ദ്രാ തോമസ് ആരോപിച്ചു.

◾  വൈദ്യുതി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഭാരമേകുന്ന നിര്‍ദ്ദേശങ്ങളുമായി കെ.എസ്.ഇ.ബി. ജനുവരി മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ 'സമ്മര്‍ ചാര്‍ജ്' എന്ന രീതിയില്‍ കൂടുതല്‍ തുക ഉപഭോക്താക്കളില്‍നിന്ന് ഈടാക്കണമെന്ന നിര്‍ദേശം റെഗുലേറ്ററി കമ്മീഷനുമുന്നില്‍ വെച്ചു. ഇതിനുപുറമേ, ഈ വര്‍ഷം 4.45 ശതമാനം നിരക്ക് വര്‍ധനവും കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിട്ടുണ്ട്.

◾  ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി ഇനിമുതല്‍ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകള്‍ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നല്‍കുന്നതാണെന്നും മന്ത്രി അറിയിച്ചു.

◾  നിവിന്‍ പോളിയ്‌ക്കെതിരേ ആരോപണം ഉന്നയിച്ച്, മറ്റ് പരാതികളെല്ലാം വ്യാജം എന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി സംശയിക്കുന്നുവെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. സിനിമയില്‍നിന്നുള്ളവര്‍ തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയമുണ്ടെന്ന് നിവിന്‍ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു. ഈ സാഹചര്യത്തിലായിരുന്നു ബൈജു കൊട്ടാരക്കരയുടെ പ്രതികരണം.

◾  കേരള സര്‍വ്വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷത്തെതുടര്‍ന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കി. തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗവും ക്രമേക്കേട് ആരോപിച്ച് രംഗത്തെത്തിയതോടെ വന്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമുണ്ടായിരുന്നെങ്കിലും അക്രമം നിയന്ത്രിക്കാനായില്ല. ഇതോടെ തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു.

◾  നാവിക സേനയ്ക്കു വേണ്ടി നിര്‍മിച്ച 2 അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലുകള്‍ കൊച്ചിന്‍ ഷിപ്യാഡ് നീറ്റിലിറക്കി. ദക്ഷിണ നാവികസേന ഫ്ലാഗ് ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് വൈസ് അഡ്മിറല്‍ വി ശ്രീനിവാസ് കപ്പലുകള്‍ നീറ്റിലിറക്കുന്ന ചടങ്ങ് ഇന്നലെ നിര്‍വഹിച്ചു. പൂര്‍ണമായും സജ്ജമാകുന്ന അന്തര്‍വാഹിനി ആക്രമണ പ്രധിരോധ കപ്പലുകള്‍ നാവികസേനയുടെ ഭാഗമാകുന്നതോടെ, ആഗോളതലത്തില്‍ കൊച്ചി കപ്പല്‍ നിര്‍മാണശാലയുടെ പ്രവൃത്തികള്‍ക്ക് മുന്നേറ്റമുണ്ടാക്കാനാകും. ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് വര്‍ധിപ്പിക്കുന്ന എട്ട് അന്തര്‍വാഹിനി ആക്രമണ പ്രധിരോധ കപ്പലുകളാണ് കൊച്ചിന്‍ ഷിപ്യാഡ് നിര്‍മിച്ചു നല്‍കുന്നതെന്ന് കൊച്ചിന്‍ ഷിപ്യാര്‍ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായര്‍ പറഞ്ഞു.

◾  ലോകത്തെ എല്ലാ ഉപകരണങ്ങളിലും ഇന്ത്യന്‍ നിര്‍മിത ചിപ്പുകള്‍ ഉണ്ടായിരിക്കണമെന്നതാണ് തന്റെ സ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്‌സ്പോ മാര്‍ട്ടില്‍ 'സെമികോണ്‍ ഇന്ത്യ 2024' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾  ഗുജാറത്തില്‍ ആശങ്ക ഉയര്‍ത്തി അജ്ഞാത രോഗം പടരുന്നു. പനിയ്ക്ക് സമാനമായ രീതിയില്‍ പടരുന്ന രോഗം ബാധിച്ച് 15 പേര്‍ മരിച്ചു. ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ലഖ്പതിലാണ് രോഗം പടരുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കുമെന്നും ഇതോടെ ഏത് തരം വൈറസാണ് രോഗത്തിന് കാരണമായതെന്ന് കണ്ടെത്താനാകുമെന്നും ജില്ലാ കളക്ടര്‍ അമിത് അരോറ അറിയിച്ചു.

◾  കേന്ദ്ര സര്‍ക്കാരിന്റെ പേര് പറഞ്ഞുള്ള ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പ് വീണ്ടും. kbkbygov.online വെബ്‌സൈറ്റ് വഴിയാണ് തട്ടിപ്പ് നടക്കുന്നത്, ഈ വെബ്‌സൈറ്റിന് കേന്ദ്ര സര്‍ക്കാരുമായി ബന്ധമൊന്നുമില്ലെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു.

◾  ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. കത്വയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഉദ്ദംപൂര്‍ മേഖലയിലെ കത്വ-ബസന്ത്ഘട്ട് അതിര്‍ത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന നടത്തിയ പരിശോധന ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.

◾  ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമരത്തിലേര്‍പ്പെട്ട ജൂനിയര്‍ ഡോക്ടര്‍മാര്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചു. ചര്‍ച്ച തത്സമയം സംപ്രേഷണം ചെയ്യണമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നുമുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ടുവെച്ചത്. ബുധനാഴ്ച പുലര്‍ച്ചയാണ് സംസ്ഥാന സര്‍ക്കാര്‍ ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.

◾ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ മലേഷ്യയെ ഗോളില്‍ മുക്കി ഇന്ത്യ. ഒന്നിനെതിരേ എട്ടു ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ജയം.

◾  യൂറോപ്യന്‍ യൂണിയനുമായി വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തില്‍ ആപ്പിളിന് കനത്ത തിരിച്ചടി. അയര്‍ലന്റുമായുണ്ടാക്കിയ പ്രത്യേക നികുതി കരാറിലൂടെ ആപ്പിള്‍ കമ്പനി പണം സമ്പാദിച്ചെന്നും ഈ തുക തിരിച്ചടക്കണമെന്നുമാണ് യൂറോപ്യന്‍ യൂണിയന്‍ കോടതി ഉത്തവിട്ടത്. ഉത്തരവ് പ്രകാരം ആപ്പിള്‍ ഏതാണ്ട് 1,440 കോടി ഡോളര്‍ അയര്‍ലന്റിന് നല്‍കണം. 2016 ല്‍ യൂറോപ്യന്‍ കമ്മീഷന്‍ കോംപറ്റീഷന്‍ മേധാവി മാര്‍ഗരറ്റ് വെസ്റ്റാഗര്‍, അയര്‍ലന്റും ആപ്പിളും നിയമവിരുദ്ധമായ നികുതി കരാറുണ്ടാക്കിയതായി ആരോപിച്ചിരുന്നു. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് നികുതിയില്ലാത്ത വരുമാനം ഒരു ഐറിഷ് സബ്‌സിഡറിയിലേക്ക് മാറ്റുന്നതിന് അനുമതിയുണ്ടായിരുന്നു. ഈ പണം പിന്നീട് അയര്‍ലന്റില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കമ്പനിയിലേക്ക് മാറ്റുകയും ടാക്‌സ് ഹെവന്‍ ബര്‍മുഡ പോലുള്ള മറ്റെവിടെയെങ്കിലും നികുതി ചുമത്തുകയും ചെയ്യുന്ന സ്ഥിതിയായിരുന്നു. എന്നാല്‍ ഇതിനെതിരെ യൂറോപ്യന്‍ യൂണിയനും അമേരിക്കയും മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് 2014 ല്‍ അയര്‍ലന്റ് ഇതിലെ പഴുതുകള്‍ അടച്ചു. അതുവരെ ആപ്പിള്‍ കമ്പനി നികുതി വെട്ടിപ്പിലൂടെ വന്‍തുകയുണ്ടാക്കിയതായാണ് കണ്ടെത്തിയത്.

◾  സെപ്റ്റംബര്‍ 13ന് ഓണച്ചിത്രമായി പുറത്തിറങ്ങുന്ന 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഫഹദ് ഫാസിലിന്റെ പേജിലൂടെയാണ് ട്രെയിലര്‍ ഇറക്കിയത്. പ്രജീവം മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ടീസറും ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ പുറത്തിറങ്ങിയ ട്രെയിലറും ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. നേരത്തെ  ചിത്രത്തിലെ സ്നീക്ക് പീക്ക് രംഗം വൈറലായിരുന്നു. ശ്രീജിത്ത് രവിയും അബുസലീമും തമ്മിലുള്ള ഈ സീനില്‍ സംസ്ഥാനത്തെ ആഭ്യന്തരം - ടൂറിസം വകുപ്പുകള്‍ തമ്മിലുള്ള ബന്ധമാണ് ചര്‍ച്ചയാവുന്നത്. ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പില്‍ ഷാജി കൈലാസ് -ആനി ദമ്പതികളുടെ ഇളയമകന്‍ റുഷിന്‍ ഷാജി കൈലാസ് നായകനാകുന്നു. അബുസലിം, ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, സുജിത് ശങ്കര്‍, സൂര്യ കൃഷ്, എബിന്‍ ബിനോ, ദിനേശ് പണിക്കര്‍, ഇനിയ, പൂജ മോഹന്‍രാജ്  എന്നിങ്ങനെ നിരവധി താരങ്ങള്‍ അണിനിരക്കുന്നു. സംവിധായകന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് വി ആര്‍ ബാലഗോപാലാണ്.

◾  രസകരമായ സംഭാഷണങ്ങളുമായി തെക്ക് വടക്ക് സിനിമയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. ആകാംഷ അവസാനിപ്പിച്ച് തെക്ക് വടക്ക് സിനിമ പുറത്തുവിട്ട ട്രെയ്ലറിലാണ് രസകരമായ വിവരണങ്ങള്‍ ഉള്ളത്.  ചിരിയും തമാശയും തന്നെയാണ് സിനിമയില്‍ എന്നുറപ്പാക്കുന്ന ട്രെയ്ലറില്‍ വിനായകനും സുരാജിനും ഒപ്പം അണിനിരക്കുന്ന വൈറല്‍ താരനിരയുമുണ്ട്. ഷമീര്‍ ഖാന്‍, മെല്‍വിന്‍ ജി ബാബു, വരുണ്‍ ധാര, സ്നേഹ വിജീഷ്, ശീതള്‍ ജോസഫ്, വിനീത് വിശ്വം, മെറിന്‍ ജോസ്, അനിഷ്മ അനില്‍കുമാര്‍ എന്നീ യുവതാര നിരയാണ് ഒന്നിക്കുന്നത്. വാഴയ്ക്കു ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്നും ഇത്രയധികം താരങ്ങള്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. സിനിമയില്‍ വിനായകന്റെ ഭാര്യ വേഷത്തില്‍ നന്ദിനി ഗോപാലകൃഷ്ണന്‍ സുരാജിന്റെ ഭാര്യയായി മഞ്ജുശ്രീയുമാണ് അഭിനയിക്കുന്നത്. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും തെക്കു വടക്കിനുണ്ട്.

◾  പാരിസ് ഒളിംപിക്സില്‍ ഇരു മെഡലുകളോടെ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ മനു ഭാക്കറിന് ടാറ്റയുടെ സമ്മാനം കര്‍വ് ഇ വി. ഒളിംപിക്സില്‍ രണ്ടു വെങ്കല മെഡലുകള്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ഷൂട്ടറാണ് മനു. പുതിയ ഇലക്ട്രിക് കര്‍വിന്റെ താക്കോല്‍ താരത്തിന് കൈമാറുന്നതിന്റെ ചിത്രങ്ങള്‍ ടാറ്റയുടെ ഇ വി എഡിഷന്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. മനു  ഭാക്കറിന് മുന്‍പ് വെങ്കല മെഡല്‍ നേടിയ ഹോക്കി ടീം ഗോള്‍ കീപ്പര്‍ മലയാളി താരം പി ആര്‍ ശ്രീജേഷിനും ടാറ്റ കര്‍വ് ഇ വി സമ്മാനിച്ചിരുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് വാഹനമായ കര്‍വ് ഇവി അഞ്ചു മോഡലുകളിലായി വിപണിയില്‍ ലഭ്യമാണ്. 17.49 ലക്ഷം മുതല്‍ 21.99 ലക്ഷം രൂപ വരെയാണ് വില. ടാറ്റയുടെ ഇന്ത്യയിലെ അഞ്ചാമത്തെ ഇവി മോഡലായ കര്‍വ് ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ്+, അക്കംപ്ലിഷ്ഡ് +എസ്, എംപവേഡ്+, എംപവേഡ്+എ എന്നിങ്ങനെയുള്ള മോഡലുകളിലാണ് എത്തുന്നത്. രണ്ട് ബാറ്ററി പാക്കുകളിലാണ് കര്‍വ് ഇവിയെ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയിരിക്കുന്നത്.

◾  ഓരങ്ങളിലേക്ക് തള്ളിമാറ്റപ്പെട്ട ജാതി-ഗോത്ര-ലിംഗ ന്യൂനപക്ഷങ്ങള്‍ അടങ്ങിയ അതിമര്‍ദ്ദിതരുടെ ആക്ഷേപങ്ങള്‍ കേട്ട് പരിഹാരം തേടേണ്ട രാഷ്ട്രീയ ഇടത്തിന്റെ പേരാണ് ജനാധിപത്യം. അധികാര ഘടനകള്‍ ജനങ്ങള്‍ക്കെതിരേ തുടര്‍ന്നു പോരുന്ന കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടുന്നിടത്താണ് രാഷ്ട്രീയം രൂപപ്പെടുന്നത്. ജനാധിപത്യ സമന്വയത്തിന്റെ ഇരകളായി പുറത്തു തള്ളപ്പെട്ട അപരജീവിതങ്ങളോട് ഐകദാര്‍ഢ്യം പ്രകടിപ്പിക്കുകയും സമൂഹത്തിലെ അധികാരരേഖയ്ക്കു താഴെ കഷ്ടിച്ചു ജീവിതം കഴിച്ചുകൂട്ടുന്ന വരോട് സഭ ഉള്‍പ്പെടെയുള്ള അധികാര ഘടനകള്‍ തുടര്‍ന്നുപോരുന്ന കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന രാഷ്ട്രീയ കവിതകളുടെ സമാഹാരമാണ് 'മറിയാമ്മേ നിന്റെ കദനം'. സജിന്‍ പി.ജെ. ഡിസി ബുക്സ്. വില 171 രൂപ.

◾  സമ്മര്‍ദം വര്‍ധിക്കുന്നത് സ്ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ ഉല്‍പ്പാദനം വര്‍ധിക്കാന്‍ കാരണമാകും. ശരീരഭാരം കുറയല്‍, ഉറക്കമിയ്മ, മാനസികാവസ്ഥ മാറ്റം, മുടി കൊഴിച്ചില്‍, ഓര്‍മക്കുറവ് തുടങ്ങിയവ ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിക്കുന്നതിന്റെ ലക്ഷണമാകാം. ശരീരത്തിലെ കോര്‍ട്ടിസോള്‍ ഉല്‍പ്പാദനം സാധാരണ നിലയിലാക്കാന്‍ സഹായിക്കുന്ന നാല് സിംപിള്‍ ടെക്നിക്കുകള്‍ ഉണ്ട്. മതിയായ ഉറക്കം കിട്ടാത്ത അവസ്ഥ ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവു വര്‍ധിപ്പിക്കാന്‍ കാരണമാകുന്നു. ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെയുള്ള ഉറക്കമാണ് ആരോഗ്യകരമായ ഉറക്കമായി കണക്കാക്കുന്നത്. നടത്തം, യോഗ, സൈക്ലിങ് തുടങ്ങിയ തീവ്രത കുറഞ്ഞ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നത് ഫീല്‍ ഗുഡ് ഹോര്‍മോണ്‍ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും. കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, വറുത്തതും പൊരിച്ചതുമായി ഭക്ഷണങ്ങള്‍ തുടങ്ങിയവ സമ്മര്‍ദം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇത്തരം ഭക്ഷണം പരമാവധി ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ഉള്‍പ്പെടുത്തി ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാന്‍ ശ്രമിക്കുന്നത് ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവു കുറയ്ക്കുന്നതിന് സഹായിക്കുന്നു. യോഗ, മെഡിറ്റേഷന്‍, ശ്വസന വ്യായാമം തുടങ്ങിയ സ്ട്രെസ് മാനേജ്മെന്റ് പ്രവര്‍ത്തനങ്ങള്‍ കോര്‍ട്ടിസോള്‍ അളവു കുറയ്ക്കാന്‍ സഹായിക്കും. ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും നല്‍കുന്നതിന് സ്വയം പരിചരണ സമയം കണ്ടെത്തുന്നത് മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.

ശുഭദിനം
കവിത കണ്ണന്‍
ആ രാജ്യത്തെ ഭരണാധികാരി തന്റെ ഗുരുവിനെ കാണാന്‍ പുറപ്പെട്ടു. ഗുരുവിനെ കണ്ടപ്പോള്‍ തന്റെ രാജ്യത്തിന്റെ ഭാവി പ്രവചിക്കുവാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ഗുരു പറഞ്ഞു:  താങ്കളുടെ അച്ഛന്‍ ഒട്ടകപ്പുറത്തായിരുന്നു സഞ്ചരിച്ചിരുന്നത്.  താങ്കള്‍ കാറിലും.  താങ്കളുടെ മകന്‍ ആഢംബരവാഹനത്തിലുമാണ് സഞ്ചിരിക്കുന്നത്.  പക്ഷേ, താങ്കളുടെ കൊച്ചുമകന്‍ വീണ്ടും ഒട്ടപ്പുറത്തായിരിക്കും സഞ്ചരിക്കുക.   ഭരണാധികാരിക്ക് അത്ഭുതമായി.  അദ്ദേഹം ചോദിച്ചു:  അതെങ്ങനെ?  ഗുരു തുടര്‍ന്നു. കഷ്ടകാലം എപ്പോഴും ഊര്‍ജ്ജസ്വലരായ ആളുകളെ സൃഷ്ടിക്കും.  ദിവസം മുഴുവനൂം ഒരു പണിയും ചെയ്യാതെ കിടന്നുറങ്ങി കാലം കഴിച്ചാലും സുഖതാമസവും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭിക്കുമെന്ന താങ്കളുടെ മകന്റെ തെറ്റിദ്ധാരണമാറാതെ, ഈ നാട് നന്നാവുകയില്ല.  രണ്ടുതരം ആളുകളുണ്ട്.  പോരാളികളും പരാശ്രിതരും.  പോരാളികള്‍ക്ക് തങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്താന്‍ തനതായ വഴികളുണ്ടായിരിക്കും.  എന്നാല്‍ പരാശ്രിതര്‍ക്ക് സ്വന്തമായ പദ്ധതികളോ തീരുമാനങ്ങളോ ഉണ്ടാകില്ല.  സ്വാശ്രയത്വം എല്ലാ കാര്യങ്ങളിലും സാധ്യമായെന്നും വരില്ല.   പക്ഷേ, ഇത്തിള്‍കണ്ണികളാകാനുള്ള തീരുമാനം തികച്ചും അപകടകരമാണ്.  ആരെയങ്കിലും ആശ്രയിച്ചു ജീവിച്ചു തുടങ്ങിയാല്‍ പിന്നെ ആ ജീവിതം ആസ്വദിക്കാന്‍ തുടങ്ങും.  അത്തരക്കാര്‍ വളര്‍ച്ചയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയും, തകര്‍ച്ചയുടെ കുറ്റം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യും.  വരുന്ന തലമുറയ്ക്ക് വേണ്ടി മാത്രം ജീവിക്കുന്നതും വരുന്നതലമുറയെ മറന്ന് ജീവിക്കുന്നതും ഒരുപോലെ കുറ്റകരമാണ്. സ്വയം വളരുകയും മറ്റുള്ളവര്‍ക്ക് വളരാനിടം കൊടുക്കുകയും ചെയ്യുന്നവരാണ് മറ്റുള്ളവരോടും സ്വന്തം ജീവിതത്തിനോടും ആദരവ് പുലര്‍ത്തുന്നവര്‍.  നമുക്ക് വളരാം, ഒപ്പം നമുക്ക് വളര്‍ത്താനും ശ്രമിക്കാം - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right