Trending

സായാഹ്ന വാർത്തകൾ

2024  സെപ്റ്റംബർ 4  ബുധൻ 
1200  ചിങ്ങം 19  ഉത്രം 

◾ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി നേതൃതലത്തില്‍ ആലോചന. പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവത്തിലുള്ളതാണെന്നാണ് വിലയിരുത്തല്‍. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഈ പരാതികള്‍ സംബന്ധിച്ച് ചര്‍ച്ച നടക്കും.

◾ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ എകെജി സെന്ററിന് മുന്നിലെ ഫ്ലാറ്റിലെത്തി നേരിട്ട് കണ്ട് പിവി അന്‍വര്‍ പരാതി നല്‍കി.  മുഖ്യമന്ത്രിക്ക് നല്‍കിയ അതേ പരാതി തന്നെയാണ് പാര്‍ട്ടി സെക്രട്ടറിക്കും നല്‍കിയത്. സംസ്ഥാനത്തെ പൊലീസില്‍ സര്‍ക്കാര്‍ വിരുദ്ധ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും, വിശ്വസിച്ച് ഏല്‍പ്പിച്ചവര്‍ മുഖ്യമന്ത്രിയെ ചതിച്ചുവെന്നും താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും വികാരമാണെന്നും പി വി അന്‍വര്‍ പറഞ്ഞു. തന്നെ എലിയായി വ്യാഖ്യാനിക്കുന്നവരുണ്ടെന്നും എന്നാല്‍ എലി മോശക്കാരനല്ലെന്നും വീട്ടിലൊരു എലിയുണ്ടെങ്കില്‍ എത്രത്തോളം ബുദ്ധിമുട്ടുണ്ടാവുമെന്നും എം എല്‍ എ ചോദിച്ചു. താന്‍ പരാതിയുമായി മുന്നോട്ട് പോകുമെന്നും ഇതൊരു അന്തസ്സുള്ള പാര്‍ട്ടിയാണെന്നും അന്തസ്സുള്ള ഗവണ്‍മെന്റും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണെന്നും അന്‍വര്‍ പറഞ്ഞു. ആരോപണങ്ങളില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയുണ്ട്. എഡിജിപിയെ മാറ്റേണ്ടത് താനല്ലെന്നും അജിത്കുമാര്‍ ചുമതലയില്‍ തുടരുമ്പോള്‍ നിഷ്പക്ഷ അന്വേഷണം എങ്ങനെ നടക്കുമെന്നുള്ള ചോദ്യം തന്നെയാണ് തനിക്കുമുള്ളതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ പിവി അന്‍വര്‍ എംഎല്‍എയെ പിന്തുണച്ച് വീണ്ടും കെടി ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ്. അന്‍വര്‍ പറഞ്ഞതില്‍ അസത്യം ഉണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരാതി നല്‍കട്ടെയെന്നും ഒരിറ്റു ദയ അര്‍ഹിക്കാത്ത 'പൊലീസ് പ്രമുഖ്' മാര്‍ തല്‍സ്ഥാനങ്ങളില്‍ നിന്ന് തൂത്തെറിയപ്പെടുമെന്നും കാക്കിയുടെ മറവില്‍  തടി തപ്പാം എന്ന മോഹത്തിന് അന്ത്യം കുറിക്കപ്പെട്ടുവെന്നും ജലീല്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്തില്‍ പങ്കാളിയായവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ അടിയോടെ മാന്തി പുറത്ത് ഇടുമെന്നും  ഉപ്പ് തിന്നരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂവെന്നും ചാവേറുകളാകാന്‍ തീരുമാനിച്ചവരെ ഒരു ശക്തിക്കു അടക്കി നിര്‍ത്താനാകില്ലെന്നും അന്‍വറിനെ പിന്തുണച്ചുകൊണ്ടുള്ള ഫേയ്സ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വ്യക്തമാക്കി.

◾ എഡിജിപിയ്ക്കെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എഡിജിപി അജിത് കുമാറിനെ പറഞ്ഞയച്ചെന്നും ഇരുവരും തമ്മില്‍ ഒരു മണിക്കൂറോളം സംസാരിച്ചുവെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. ആര്‍എസ്എസ് ബന്ധം ഉള്ളത് കൊണ്ടാണ് എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്നും സ്വകാര്യ വാഹനത്തില്‍ എഡിജിപി ആര്‍എസ്എസ് നേതാവിനെ ചെന്നുകണ്ടുവെന്നും തിരുവനന്തപുരം ജില്ലയിലെ ആര്‍എസ്എസ് നേതാവ് ഇതിന് ഇടനിലക്കാരനായിയെന്നും വിഡി സതീശന്‍ പറഞ്ഞു.

◾ തനിക്കെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ ഭയക്കുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. ആര്‍ക്കും എന്ത് ആരോപണവും ഉന്നയിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ കാലം മുതല്‍ താന്‍ ആക്രമണങ്ങള്‍ നേരിടുന്നുണ്ടെന്നും ശശി പറഞ്ഞു. തനിക്ക് ഭയമോ ആശങ്കയോ ഇല്ലെന്നും സര്‍വാധികാരി മനോഭാവം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നുവെന്നതാണ് പിവി അന്‍വറിന്റെ പരാതിയിലെ പ്രധാന ആരോപണം.

◾ എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരമാണെന്നും മുഖ്യമന്ത്രിയും പാര്‍ട്ടിയും അന്‍വറും ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കേണ്ടതല്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. അന്‍വറിന്റെ ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ വിഷയം പരിശോധിക്കുന്നുണ്ടെന്നും ആരോപണ വിധേയരായവരെ താക്കോല്‍ സ്ഥാനങ്ങളിരുത്തി നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്ന് അന്‍വര്‍ പറയുന്നുണ്ടെങ്കില്‍ അന്‍വറിന് മറ്റെന്തെങ്കിലും കാര്യം സാധിക്കാനുണ്ടെന്ന് കരുതേണ്ടിവരുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

◾ മുന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിനെതിരേ ആരോപണവുമായി കൂടുതല്‍പേര്‍ രംഗത്ത്. രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുജിത് ദാസ്, പ്രതികളില്‍നിന്ന് പണം വാങ്ങിയെന്നാണ് ആരോപണം.

◾ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ഉണ്ടാക്കിയ ചലനങ്ങളാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണം. ഇതിനായി വ്യാജ അക്കൗണ്ടുകള്‍ കൂട്ടമായി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി തകര്‍ക്കുക എന്നത് പുരുഷാധിപത്യത്തിന്റെ പ്രവണതയാണെന്നും ഡബ്ല്യുസിസി പറഞ്ഞു.

◾ നിവിന്‍ പോളിക്കെതിരായ ബലാത്സംഗ പരാതി വ്യാജമാണെന്നും ഇതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും നിര്‍മാതാവ് എകെ സുനില്‍. യുവതിയുടെ പരാതിയില്‍ നിവിന്‍ പോളിക്ക് പുറമെ എകെ സുനില്‍ അടക്കം ആറു പേരെയാണ് പൊലീസ് പ്രതിചേര്‍ത്തിരിക്കുന്നത്. താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പൊലീസ് കേസിനെ നിയമപരമായി നേരിടുമെന്നും മറ്റു ലക്ഷ്യങ്ങളോടെയാണ് പരാതിയെന്നും എകെ സുനില്‍ പറഞ്ഞു.

◾ തനിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ നിയമനടപടിക്കൊരുങ്ങി നടന്‍ നിവിന്‍ പോളി. ആരോപണങ്ങള്‍ കള്ളമാണെന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. അതേസമയം, കേസ് അന്വേഷണത്തിനുള്ള സംഘത്തെ ഇന്ന് തീരുമാനിക്കും.

◾ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ എല്‍പി സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട രണ്ട് അധ്യാപകരെ മാറ്റി നിയമിച്ചുകൊണ്ട് ഉത്തരവിറക്കി വിദ്യാഭ്യാസവകുപ്പ്.  സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പുനപ്രവേശന ദിവസം സ്‌കൂളില്‍ നിന്ന് സ്ഥലം മാറിപ്പോയ ശാലിനി ടീച്ചറെയും അശ്വതി ടീച്ചറെയും തിരികെ വേണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട്  ആവശ്യപ്പെട്ടിരുന്നു.

◾ തൃശൂര്‍ എരുമപ്പെട്ടി കുട്ടഞ്ചേരി ഗവ. എല്‍.പി.  സ്‌കൂളിലെ പുതിയ കെട്ടിടത്തില്‍നിന്ന് ഫാനുകളും ലൈറ്റുകളും  ഊരി കൊണ്ടു പോകാന്‍ പൊതുമരാമത്തിന്റെ ശ്രമം. വിവരമറിഞ്ഞെത്തിയ പി.ടി.എ, എസ്.ആര്‍.ജി. കമ്മിറ്റിയംഗങ്ങള്‍ ശ്രമം തടഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്.

◾ കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ റീത്ത് വെച്ച നിലയില്‍ കണ്ടെത്തി. അഴീക്കോട് സ്വദേശി നിതിന്റെ വീട്ടുവരാന്തയിലാണ് റീത്ത് കണ്ടത്. നിതിനെ ആക്രമിച്ച കേസില്‍ അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടെ എട്ട് പേരെ കഴിഞ്ഞ ദിവസം ശിക്ഷിച്ചിരുന്നു. തുടര്‍ന്ന്  വീട്ടുവരാന്തയില്‍ റീത്ത് കണ്ടെത്തുകയായിരുന്നു.  ആരാണ് ഇതിന്റെ പിന്നിലെന്ന് വ്യക്തമല്ല.  പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

◾ സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ റദ്ദാക്കിയതിനു പിന്നാലെ, വിവിധ ക്ലബുകളും സംഘടനകളും ഓണാഘോഷം ഒഴിവാക്കാനുള്ള ആലോചന തുടങ്ങിയതോടെ ആശങ്കയില്‍ സ്റ്റേജ് കലാകാരന്മാര്‍. പ്രകൃതി ദുരന്തത്തിനിരയായ വയനാട്ടിലെ ജനതയെ ചേര്‍ത്തു നിര്‍ത്തുന്നതിനൊപ്പം കലാകാരന്മാരെയും പരിഗണിക്കണമെന്ന അപേക്ഷയാണ് ഇവര്‍ക്കുള്ളത്.

◾ മലപ്പുറം പെരുമ്പടപ്പ് പുറങ്ങില്‍ വീടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേര്‍ മരിച്ചു. അപകടത്തില്‍ അഞ്ചുപേര്‍ക്കാണ് പൊള്ളലേറ്റത്. ഇതില്‍ ഗുരുതരമായി പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ബേണ്‍സ് ഐസിയുവില്‍ ചികിത്സയിലായിരുന്ന പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപത്ത് താമസിക്കുന്ന ഏറാട്ട് വീട്ടില്‍ സരസ്വതി, മകന്‍ മണികണ്ഠന്‍, ഭാര്യ റീന എന്നിവരാണ് മരിച്ചത്.ഇവരുടെ മക്കളായ അനിരുദ്ധന്‍, നന്ദന എന്നിവര്‍ക്കും പൊള്ളലേറ്റിരുന്നു. ഇവരും ചികിത്സയിലാണ്.

◾ വടകര മുക്കാളിയില്‍ അപകടത്തില്‍ പെട്ട് മരിച്ചവരില്‍ അമേരിക്കയില്‍ നിന്ന് നാട്ടിലേക്ക് വന്ന യുവാവും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ടാക്സിയില്‍ ന്യൂ മാഹിയിലെ വീട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അമേരിക്കയില്‍ നിന്നും പുലര്‍ച്ചെ എത്തിയതായിരുന്നു ഷിജില്‍. ഷിജിലിനെ കൂട്ടാനെത്തിയതാണ് അപകടത്തില്‍ മരിച്ച ജൂബി.

◾ അമേരിക്കയിലെ ടെക്‌സാസില്‍ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ മരിച്ചു. വെള്ളിയാഴ്ച അര്‍ക്കന്‍സാസിലെ ബെന്റണ്‍വില്ലിലേക്കുള്ള യാത്രാമധ്യേയാണ് ദുരന്തം ഉണ്ടായത്. അപകടത്തെത്തുടര്‍ന്ന് അവര്‍ സഞ്ചരിച്ചിരുന്ന  കാറിന് തീപിടിക്കുകയും ശരീരം കത്തിക്കരിയുകയും ചെയ്തു. ആരൊക്കെയാണ് മരിച്ചതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.

◾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ജമ്മു കാശ്മീരിലേക്ക്. രാഹുല്‍ ഗാന്ധി ഇന്ന് രണ്ട് റാലികളില്‍ പങ്കെടുക്കും. നരേന്ദ്ര മോദി അടുത്ത ആഴ്ച മൂന്ന് തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും.  സെപ്തംബര്‍ 18, സെപ്തംബര്‍ 25, ഒക്ടോബര്‍ 1 തിയ്യതികളിലാണ് വോട്ടെടുപ്പ്.

◾ ഹരിയാന തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഗുസ്തി താരം വിനേഷ് ഫോഗട്ട് രാഹുല്‍ ഗാന്ധിയെ കണ്ടു. ബജരംഗ് പുനിയയും കൂടിക്കാഴ്ചയിലുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷമെടുത്ത ചിത്രം കോണ്‍ഗ്രസാണ് പുറത്ത് വിട്ടത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശം രാഹുല്‍ വിനേഷിന് മുന്‍പില്‍ വച്ചതായാണ് വിവരം.

◾ പ്രതിമ നിര്‍മിക്കാന്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചുന്നെങ്കില്‍ മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീഴില്ലായിരുന്നെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗ്ഡകരി. കടലോര മേഖലകളില്‍ തുരുമ്പ് പിടിക്കാത്ത അസംസ്‌കൃതവസ്തുക്കള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിക്കൊണ്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

◾ അവധിക്കാലത്ത് ശമ്പളം വാങ്ങുന്നത് മാനസിക പ്രയാസത്തോടെയാണെന്ന് സുപ്രീം ജഡ്ജി ബി വി നാഗരത്ന. കോടതിയുടെ വേനല്‍ക്കാല അവധിക്കാലത്ത് ശമ്പളം സ്വീകരിക്കുന്നതില്‍ അസ്വസ്ഥതയാണെന്നും അവര്‍ പറഞ്ഞു.  നേരത്തെ മധ്യപ്രദേശ് സര്‍ക്കാര്‍ പിരിച്ചുവിട്ട നാല് ജഡ്ജിമാരെ സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് തിരിച്ചെടുത്തിരുന്നു. ഇവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പളം നല്‍കണമെന്ന കേസ് പരിഗണിക്കവെയാണ് പരാമര്‍ശം.

◾ കര്‍ണാടകയില്‍ നിയമസഭാ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് ചളവടി നാരായണസ്വാമിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. ഭൂമി കൈയേറ്റ കേസില്‍ അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച 60 പേജുള്ള പരാതി ഗവര്‍ണര്‍ക്ക് നല്‍കി. 20 വര്‍ഷം മുമ്പ് നാരായണസ്വാമി കര്‍ണാടക ഹൗസിംഗ് ബോര്‍ഡിന്റെ ഡയറക്ടറായിരുന്ന സമയത്താണ് ക്രമക്കേട് നടത്തിയതെന്നാണ് ആരോപണം.

◾ സ്പാം കോളുകള്‍ക്ക് തടയിടാന്‍ കര്‍ശന നടപടികളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). സ്പാം ഫോണ്‍ കോളുകളും മെസേജുകളും വഴിയുള്ള തട്ടിപ്പ് സംഘങ്ങളെ പൂട്ടുന്നതിന്റെ ഭാഗമായി 2.75 ലക്ഷം ഫോണ്‍ കണക്ഷനുകളാണ് രണ്ടാഴ്ച്ചയ്ക്കിടെ വിച്ഛേദിച്ചത് എന്ന് ട്രായ് അറിയിച്ചു.

◾ തമിഴ്നാട്ടിലെ വിരുത് നഗറിലെ അരുപ്പുകോട്ടെയിലെ പ്രതിഷേധത്തിനിടെ പൊലീസുകാരിക്കെതിരെ അക്രമം. ഗ്രാമത്തിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള പൂര്‍വ്വ വൈരാഗ്യത്തിന്റെ പേരില്‍ തിങ്കളാഴ്ച കാളികുമാര്‍ എന്ന യുവാവിനെ കൊല ചെയ്തിരുന്നു.  കാളികുമാറിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും ഗ്രാമവാസികളും ചേര്‍ന്ന് നടത്തിയ പ്രതിഷേധം നിയന്ത്രിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്.

◾ ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ മകാല ജയിലില്‍ നിന്ന് പുറത്ത് കടക്കാന്‍ ശ്രമിച്ച 130 തടവ് പുള്ളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പുറത്ത് കടന്നവരില്‍ 24 പേര്‍ സുരക്ഷാ സേനയുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ പുറത്ത് കടക്കാനുള്ള ശ്രമത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍.

◾ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലമുണ്ടായ മരണങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടതിനാല്‍ 30 ഉദ്യോഗസ്ഥരെ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ വധിക്കാന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ഇവരുടെ ശിക്ഷ നടപ്പാക്കിയെന്നും സൂചനയുണ്ട്.  പ്രകൃതി ദുരന്തത്തില്‍ ആയിരത്തോളം പേരാണ് ഉത്തരകൊറിയയില്‍ മരിച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി, കൃത്യനിര്‍വ്വഹണം എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

◾ നൈജീരിയയുടെ വടക്ക് കിഴക്കന്‍ മേഖലയിലുള്ള യോബിലെ മാഫയില്‍ റൈഫിളുകളും ഗ്രനേഡുകളുമായി ഇരച്ചെത്തി ബോക്കോ ഹറാം തീവ്രവാദികള്‍ 80ലേറെ പേരെ കൊന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് തീവ്രവാദ സംഘം ഇവിടേക്ക് എത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഗ്രാമത്തിലെ ആളുകള്‍ അടക്കമുള്ള സേന രണ്ട് ബോക്കോ ഹറാം തീവ്രവാദികളെ കൊലപ്പെടുത്തിയതിലുള്ള പ്രതികാര ആക്രമണമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണം ഇനിയും ലഭ്യമായിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്.

◾ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ അജയ് രത്രയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്ന സലില്‍ അങ്കോളയെ മാറ്റിയാണ് ബിസിസിഐ ഉപദേശക സമിതി അജയ് രത്രയെ അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. നോര്‍ത്ത് സോണില്‍ നിന്നുള്ള പ്രതിനിധിയായാണ് അജയ് രത്രയെ ഉള്‍പ്പെടുത്തിയത്.

◾ പാരിസ് പാരാലിംപിക്സില്‍ മെഡല്‍ കൊയ്ത്തില്‍ സര്‍വകാല റെക്കോര്‍ഡിട്ട് ഇന്ത്യ. പുരുഷ ജാവലിന്‍ ത്രോയിലും ഹൈ ജംപിലും ഇരട്ട മെഡലുകള്‍ നേടിയ ഇന്ത്യ 20 മെഡലുകളുമായാണ് സര്‍വ്വകാല റെക്കോര്‍ഡിട്ടത്. ടോക്കിയോ പാരാലിംപിക്സില്‍ നേടിയ 19 മെഡലുകളുടെ റെക്കോര്‍ഡാണ് ഇന്ത്യ മറികടന്നത്. ആറാം ദിനം രണ്ട് വെള്ളിയും മൂന്ന് വെങ്കലവും അടക്കം അഞ്ച് മെഡലുകള്‍ നേടിയ ഇന്ത്യ പാരീസില്‍ മൂന്ന് സ്വര്‍ണമുള്‍പ്പടെ 20 മെഡലുമായി മെഡല്‍ പട്ടികയില്‍ 17ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

◾ രാജ്യാന്തര വിപണിയില്‍ എണ്ണവില ഒന്‍പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 73 ഡോളറിലേക്ക് ആണ് താഴ്ന്നത്. ഒക്ടോബറോടെ ഒപ്പെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളും എണ്ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. എണ്ണവില കുറഞ്ഞത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ എണ്ണ വിതരണ കമ്പനികളുടെയും പെയിന്റ് കമ്പനികളുടെയും കുതിപ്പിന് ഇടയാക്കി. എച്ച്പിസിഎല്‍, ബിപിസിഎല്‍, ഐഒസി എന്നി ഓഹരികള്‍ ഒരു ശതമാനം മുതല്‍ 3.5 ശതമാനം വരെയാണ് കുതിച്ചത്. പെയിന്റ് കമ്പനികളില്‍ ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഡിഗോ പെയിന്റ്‌സ്, ഷാലിമാര്‍ പെയിന്റ് തുടങ്ങിയവയാണ് നേട്ടം ഉണ്ടാക്കിയത്. എണ്ണ വില കുറഞ്ഞത് എണ്ണവിതരണ കമ്പനികളുടെയും പെയിന്റ് കമ്പനികളുടെയും അസംസ്‌കൃത വസ്തുക്കളുടെ ചെലവ് കുറയ്ക്കുമെന്ന വിലയിരുത്തലാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്.

◾ ആന്‍ഡ്രോയ്ഡില്‍ നാല് പുത്തന്‍ ഫീച്ചറുകളുമായി ഗൂഗിള്‍. കാഴ്ചയില്ലാത്തവരും കാഴ്ച കുറവുള്ളവരുമായവരെ ലക്ഷ്യമിട്ട് ഗൂഗിള്‍ ടോക്ബാക് എന്നൊരു സംവിധാനമെത്തും. ചിത്രങ്ങളെ ഓഡിയോ വിവരണത്തിലൂടെ അവതരിപ്പിക്കുകയാണ് ഈ ഫീച്ചര്‍ ചെയ്യുക. സര്‍ക്കിള്‍ ടു സെര്‍ച്ച് എന്ന ഫീച്ചറാണ് മറ്റൊന്ന്. പ്ലേ ചെയ്യുന്ന പാട്ടിന്റെ ട്രാക്ക് നെയിം, ആര്‍ട്ടിസ്റ്റ്, യൂട്യൂബ് ലിങ്ക് എന്നിവ ഈ ഫീച്ചര്‍ വഴി ലഭ്യമാകും. നാവിഗേഷന്‍ ബാറില്‍ ലോംഗ് പ്രസ് ചെയ്താല്‍ സര്‍ക്കിള്‍ ടു സെര്‍ച്ച് ഫീച്ചര്‍ ആക്റ്റീവാകും. ലിസണ്‍ ടു വെബ് പേജസ്- ഏറെ നീണ്ട വെബ്‌പേജ് ഫലങ്ങള്‍ വായിക്കുക പലപ്പോഴും പ്രയാസമുള്ള കാര്യമാണ്. ഇത് ഒഴിവാക്കി ക്രോം സെര്‍ച്ച് ഫലം ഓഡിയോയായി അവതരിപ്പിക്കുകയാണ് ഈ ഫീച്ചര്‍ ചെയ്യുക. നിങ്ങള്‍ക്ക് ഉചിതമായ വേഗം, ഭാഷ, ശബ്ദം എന്നിവ ഇതിനായി തെരഞ്ഞെടുക്കാം. ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ആന്‍ഡ്രോയ്ഡിലേക്ക് ഗൂഗിള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ചലനം അവസാനിക്കുന്നയുടന്‍ ഇനിയെന്ത് ചെയ്യണം എന്ന കാര്യം നിങ്ങള്‍ക്ക് ചോദിച്ചറിയാനും വഴിയുണ്ട്.

◾ മഹാകവി കുമാരനാശാന്റെ കരുണ എന്ന കാവ്യത്തിന് പുത്തന്‍ ഭാഷ്യം ചമയ്ക്കുന്ന 'വാസവദത്ത' എന്ന സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണം തൃശൂരില്‍ ആരംഭിച്ചു. കാരുണ്യ ക്രിയേഷന്‍സ് സൗഹൃദ കൂട്ടായ്മ നിര്‍മ്മിച്ച് ശ്യാം നാഥ്  രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. വാസവദത്തയായി സൗമ്യ, തോഴിയായി തമിഴ് മലയാളം നടി രമ്യ, ഉപഗുപ്തനായി വിഷ്ണു, ശങ്കര ചെട്ടിയായി വൈക്കം ഭാസി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തില്‍ അലന്‍സിയര്‍, നന്ദകിഷോര്‍, ഗീതാ വിജയന്‍, തട്ടീം മുട്ടീം ജയകുമാര്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. സൈമണ്‍ ജോസഫ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ശ്യാം നാഥ് എഴുതിയ വരികള്‍ക്ക് ജെറി അമല്‍ ദേവ് സംഗീതം പകരുന്നു. മധു ബാലകൃഷ്ണന്‍, ഗായത്രി എന്നിവരാണ് ഗായകര്‍.

◾ ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന 'കിഷ്‌കിന്ധാ കാണ്ഡം' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓണം റിലീസ് ആയി എത്തുന്ന ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് സെപ്റ്റംബര്‍ 12 ന് ആണ്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മാണം. ബാഹുല്‍ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വഹിക്കുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക. വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

◾ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ടി.വി.എസ് ജൂപ്പിറ്റര്‍ 110 മോഡല്‍ കേരള വിപണിയില്‍ അവതരിപ്പിച്ചു. ഐ.ഒ.ജി അസിസ്റ്റോടുകൂടിയ നെക്സ്റ്റ് ജെന്‍ ലൈറ്റ് വെയ്റ്റ്, കോംപാക്ട്, ടോര്‍ക്കും മെച്ചപ്പെട്ട ഇന്ധനക്ഷമതയും ജൂപ്പിറ്റര്‍ 110ല്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ജൂപ്പിറ്റര്‍ 125ന് സമാനമായി ഡ്യൂവല്‍ ഹെല്‍മറ്റ് അണ്ടര്‍ സീറ്റ് സ്റ്റോറേജും മുന്‍വശത്തെ ഇന്ധനംനിറയ്ക്കാനുള്ള സൗകര്യം, വിശാലമായ ഫ്ലോര്‍ബോര്‍ഡ് സ്പേസ് എന്നിവ പുതിയ പതിപ്പിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി 6 മുതല്‍ 10 ശതമാനം കൂടുതല്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. ആറ് നിറങ്ങളിലായി വിപണിയിലെത്തുന്ന സ്‌കൂട്ടറിന് 80,680 രൂപയാണ് എക്സ് ഷോറും വില. ഡ്രം, ഡ്രം അലോയ്, ഡ്രം എസ്എക്‌സി, ഡിസ്‌ക് എസ്എക്‌സി എന്നീ നാല് വേരിയന്റുകളില്‍ എല്ലാ ടിവിഎസ് മോട്ടോര്‍ കമ്പനി ഡീലര്‍ഷിപ്പുകളിലും സ്‌കൂട്ടര്‍ ലഭ്യമാകും.

◾ ഇസ്താബ് എന്ന കൗമാരക്കാരനായ നായകന്‍ തനിക്ക് അഭികാമ്യമല്ലാത്ത കഥാപരിസരത്തിലേക്ക് മാറേണ്ടി വന്നപ്പോള്‍ അനുഭവിക്കേണ്ടിവന്ന ആകുലതകളും സന്തോഷങ്ങളുമാണീ നോവല്‍. ചിരപരിചിതമെന്ന് തോന്നിയതാണെങ്കിലും ആ കാഴ്ചകളിലേക്കും കഥയില്ലായ്മയിലേക്കും മിഴിതുറക്കുന്ന കഥാപാത്രം. അക്കാലത്തെ നീതിയോടും ദുരവസ്ഥകളോടുമുള്ള സമരസപ്പെടലാണ് തന്റെ ജീവിതമെന്ന് തിരിച്ചറിയുന്ന ഇസ്താബ് ചരിത്രത്തിന്റെ ഏടുകളിലേക്ക് ആഴ്ന്നിറങ്ങുന്നു. നോവലിന്റെ പശ്ചാത്തലമായ ഹംപി ഉള്‍ക്കൊള്ളുന്ന വിജയനഗരസാമ്രാജ്യം ചരിത്രസ്ഥലികളുടെ മണ്ണാണെന്നും അത് ആദിമമനുഷ്യനിലേക്കുള്ള സഞ്ചാരമാണെന്നും തിരിച്ചറിയുന്ന ഗന്ധകഭൂമിയെയാണ് വായനക്കാരന്‍ ഉള്‍ക്കൊള്ളുന്നത്. അത് നാല് യുഗങ്ങളുടെ ചരിത്രവുമാണ്. 'ഗന്ധകഭൂമി'. ശംസ് വീട്ടില്‍. ഗ്രീന്‍ ബുക്സ്. വില 250 രൂപ.

◾ മൊബൈല്‍ ഫോണിന്റെ ഉപയോഗം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന ധാരണ തെറ്റെന്ന് ലോകാരോഗ്യ സംഘടനയുടെ റിവ്യൂ റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണുകളുടെ ഉപയോഗം കുത്തനെ കൂടുമ്പോഴും ബ്രെയിന്‍, ഹെഡ് ആന്റ് നെക്ക് കാന്‍സര്‍ ബാധിതരുടെ നിരക്ക് വര്‍ധിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന നിയോഗിച്ച ഓസ്‌ട്രേലിയന്‍ റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ന്യൂക്ലിയര്‍ സേഫ്റ്റി ഏജന്‍സിയുടെ നേതൃത്വത്തില്‍ നടന്ന റിവ്യൂ പരിശോധനയില്‍ കണ്ടെത്തി. 1994 മുതല്‍ 2022 വരെയുള്ള കാലഘട്ടത്തില്‍ നടത്തിയ 63 പഠനങ്ങള്‍ 10 രാജ്യങ്ങളില്‍ നിന്നുള്ള 11 അംഗസംഘം വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തെയ്യാറാക്കിയത്. ഇന്നുവരെയുള്ള ഏറ്റവും സമഗ്രമായ അവലോകനമാണിത്. കേന്ദ്ര നാഡീവ്യൂഹത്തിന്റെ (മസ്തിഷ്‌കം, പിറ്റിയൂട്ടറി ഗ്രന്ഥി, ചെവി എന്നിവയുള്‍പ്പെടെ), ഉമിനീര്‍ ഗ്രന്ഥിലുണ്ടാകുന്ന മുഴകള്‍, ബ്രെയിന്‍ ട്യൂമര്‍ എന്നിവയെ കേന്ദ്രീകരച്ചാണ് അവലോകനം നടത്തിയത്. അവലേകനത്തില്‍ ഒരു തരത്തിലുമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും കാന്‍സറും തമ്മില്‍ ബന്ധമില്ലെന്നാണ് വിലയിരുത്തല്‍. ലോകാരോഗ്യ സംഘടനയും മറ്റ് അന്താരാഷ്ട്ര ആരോഗ്യ സ്ഥാപനങ്ങളും മുമ്പ് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്ന റേഡിയേഷനില്‍ നിന്നുള്ള ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്ക് കൃത്യമായ തെളിവുകളൊന്നുമില്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും മുന്‍കാലങ്ങളിലെ ചില പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ 2011ല്‍ മൊബൈല്‍ ഫോണുകള്‍ പോലെയുള്ളവയില്‍ നിന്നുള്ള റേഡിയോ ഫ്രീക്വന്‍സി ഫീല്‍ഡുകള്‍ 'പോസിബിള്‍ കാര്‍സിനോജെനിക്' (കാന്‍സറിന് സാധ്യത ഉണ്ടാക്കിയേക്കും) പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരുന്നത്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 83.97, പൗണ്ട് - 110.14, യൂറോ - 92.79, സ്വിസ് ഫ്രാങ്ക് - 98.92, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.34, ബഹറിന്‍ ദിനാര്‍ - 222.79, കുവൈത്ത് ദിനാര്‍ -274.74, ഒമാനി റിയാല്‍ - 218.16, സൗദി റിയാല്‍ - 22.37, യു.എ.ഇ ദിര്‍ഹം - 22.86, ഖത്തര്‍ റിയാല്‍ - 23.06, കനേഡിയന്‍ ഡോളര്‍ - 61.97.
Previous Post Next Post
3/TECH/col-right