Trending

രക്ഷാപ്രവര്‍ത്തകരുമായെത്തിയ വാഹനങ്ങള്‍ക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്.

വയനാട്:ദുരിതാശ്വാസ ധനസഹായത്തില്‍ കൈയിട്ടുവാരിയ ബാങ്കിൻ്റെ നടപടിക്ക് പിന്നാലെ രക്ഷാപ്രവർത്തനത്തിന് എത്തിയ വാഹന ഉടമകള്‍ക്ക് പണികൊടുത്ത് മോട്ടോർ വാഹന വകുപ്പ്.ഉരുള്‍പൊട്ടല്‍ ദുരന്തവാർത്ത കേട്ട് ലഭിക്കുന്ന വാഹനങ്ങളില്‍ കയറിയാണ് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും സന്നദ്ധ പ്രവർത്തകർ ദുരന്തഭൂമിയില്‍ എത്തിയിരുന്നത്. 

വാഹനങ്ങളില്‍ കയറുന്ന യാത്രക്കാരുടെ എണ്ണം പോലും നോക്കാതെ ഡ്രൈവർമാരും രക്ഷാപ്രവർത്തകരെ ദുരന്തഭൂമിയിലേക്ക് എത്തിച്ചു.ടിപ്പർ ലോറികളില്‍ ഉള്‍പ്പെടെ രക്ഷാപ്രവർത്തകർ എത്തിയിരുന്നു. എന്നാല്‍ വാഹന ഉടമകള്‍ക്കെല്ലാം ഇപ്പോള്‍ മോട്ടോർ വാഹന വകുപ്പിന്റെ പിഴ നോട്ടിസ് ലഭിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാർ ചുമതലപ്പെടുത്തിയ വാഹനങ്ങള്‍ക്ക് പോലും ഇത്തരത്തില്‍ നോട്ടിസ് വരുന്നുണ്ട്. 

അനുവദനീയമായതില്‍ കൂടുതല്‍ പേരെ കയറ്റിയതും ലോറികളും മറ്റും ആളുകളെ കൊണ്ടുപോകാൻ ഉപയോഗിച്ചതിനുമാണ് പിഴയടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.മേപ്പാടിയിലെയും പരിസര പ്രദേശങ്ങളിലെയും എ.ഐ ക്യാമറകളിലെ ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടവർക്കാണ് നോട്ടിസ് ലഭിക്കുന്നത്. 2,000 മുതല്‍ 10,000 രൂപ വരെ പിഴയടയ്ക്കാനാണ് പലരോടും ആവശ്യപ്പെട്ടിരിക്കുന്നത്. 

ഒരേ വാഹനം തന്നെ ദുരന്തം നടന്ന അന്ന് മുതല്‍ കുറഞ്ഞത് 15 ദിവസമെങ്കിലും പലവട്ടം സന്നദ്ധപ്രവർത്തകരുമായി ക്യാമറയുടെ മുൻപിലൂടെ പോയിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഇനി എത്ര തവണ പിഴ നോട്ടിസ് ലഭിക്കുമെന്ന് ആശങ്കയിലാണ് ഇവർ. ദുരന്തബാധിതരും നോട്ടിസ് ലഭിച്ച കൂട്ടത്തിലുണ്ട്. 

ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവർത്തനത്തിന് പോകുന്ന വാഹനങ്ങളെ പിഴയിടുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് പൊതുമരാമത്ത് മന്ത്രിയോട് സന്നദ്ധ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഇടപെടുമെന്ന് മന്ത്രി ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ ആ ഉറപ്പെല്ലാം ഇപ്പോള്‍ പാഴ്‌വാക്കായെന്നാണ് വാഹന ഉടമകള്‍ പറയുന്നത്. 

ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചുമതലപ്പെടുത്തിയത് പ്രകാരം നിരവധി ടാക്സി ജീപ്പുകളും ടിപ്പർ ലോറികളും ദുരന്തമേഖലയില്‍ സർവിസ് നടത്തിയിരുന്നു. ഇവർക്കു പോലും നോട്ടിസ് ലഭിക്കുന്നുണ്ട്. വിഷയത്തില്‍ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് വാഹന ഉടമകള്‍ ആവശ്യപ്പെടുന്നത്.
Previous Post Next Post
3/TECH/col-right