Trending

പെറ്റിയല്ല ഇനി കിട്ടാൻ പോവുന്നത്; ഭാരതീയ ന്യായ സംഹിതയെ കുറിച്ച്‌ വാഹനമോടിക്കുന്നവര്‍ അറിഞ്ഞിരിക്കണം.

കൊളോണിയല്‍ കാലത്തെ നിയമങ്ങള്‍ക്കു ഗുഡ്ബൈ പറഞ്ഞ് ഇന്ത്യയെന്ന മഹാരാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ 2024 ജൂലൈ ഒന്നു മുതല്‍ നിലവില്‍ വന്നിരിക്കുകയാണ്.പതിറ്റാണ്ടുകള്‍ പഴക്കമുള്ള ബ്രിട്ടീഷ് കാലഘട്ടത്തിലെ ഇന്ത്യൻ പീനല്‍ കോഡിന് (IPC) പകരമായി ഭാരതീയ ന്യായ് സംഹിത (BNS) ആണ് ഇനി നാട് ഭരിക്കുക. പുതിയ ക്രിമിനല്‍ കോഡ് നടപ്പിലാക്കിയതിനോട് അനുബന്ധിച്ച്‌ ഇന്ത്യയിലുടനീളം നിരവധി എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ആദ്യ കേസ് ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ടതാണെങ്കിലും അശ്രദ്ധമായി വാഹനമോടിച്ചതിനും നിരവധി കേസുകള്‍ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ തെലങ്കാനയിലാണ് സൈബറാബാദ് പൊലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള രാജേന്ദ്രനഗർ സ്റ്റേഷൻ പരിധിയിലാണ് ഭാരതീയ ന്യായ സംഹിതയ്ക്ക് കീഴിലുള്ള ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട ആദ്യത്തെ എഫ്‌ഐആർ ഫയല്‍ ചെയ്തിരിക്കുന്നത്. പിവിഎൻആർ എക്‌സ്‌പ്രസ്‌വേയിലെ മീഡിയനില്‍ കാർ ഇടിച്ച്‌ ഡ്രൈവറുടെ മരണവുമായി ബന്ധപ്പെട്ടതാണ് കേസ്. ബിഎൻഎസ് സെക്ഷൻ 104 പ്രകാരമാണ് എഫ്‌ഐആർ ഫയല്‍ ചെയ്തിരിക്കുന്നത്.

അശ്രദ്ധമായി വാഹനമോടിച്ചതിന് പുതിയ ക്രിമിനല്‍ കോഡ് പ്രകാരമുള്ള കേരളത്തിലെ ആദ്യത്തെ എഫ്‌ഐആറും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. സെക്ഷൻ 281, 1988ലെ മോട്ടോർ വെഹിക്കിള്‍സ് ആക്‌ട് (എംവി ആക്‌ട്) പ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇരുച്ചക്ര വാഹനത്തില്‍ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തതാണ് കേസ്. മലപ്പുറം കൊണ്ടോട്ടി സ്റ്റേഷനാണ് ആദ്യമായി ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള കേസ് രജിസ്റ്റർ ചെയ്തത്.

ഐപിസിയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ കർശനമായ ഒരു റൂള്‍ബുക്ക് എന്ന നിലയിലാണ് ബിഎൻഎസ് രൂപപ്പെടുത്തിയിരിക്കുന്നത്. ട്രാഫിക് നിയമ ലംഘകർക്ക് കനത്ത പിഴയും ജയില്‍ ശിക്ഷയും വരെ ഇതില്‍ നിർദേശിക്കുന്നുണ്ട്. ഭാരതീയ ന്യായ സംഹിതയെക്കുറിച്ച്‌ വാഹനമോടിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ നോക്കിയാലോ? ഭാരതീയ ന്യായ സൻഹിതയുടെ സെക്ഷൻ 106 പ്രകാരം ഹിറ്റ് ആൻഡ് റണ്‍ കേസുകള്‍ക്കുള്ള ശിക്ഷകള്‍ മുമ്ബത്തേക്കാള്‍ കൂടുതല്‍ കർശനമാക്കിയിട്ടുണ്ട്.

ചട്ടം അനുസരിച്ച്‌ വാഹനം അപകടകരമായും അശ്രദ്ധമായും ഓടിച്ചുകൊണ്ട് ഒരാളുടെ മരണത്തിന് കാരണമാവുകയാണെങ്കില്‍ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ആയിരിക്കില്ല കേസെടുക്കുക. കൂടാതെ സംഭവം നടന്നയുടനെ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥനെയും അറിയിക്കേണ്ടതുണ്ട്. അതുമല്ലെങ്കില്‍ മജിസ്‌ട്രേറ്റിനെ അറിയിച്ചാലും മതിയാവും. അപകടം റിപ്പോർട്ട് ചെയ്യാതെ രക്ഷപ്പെടാൻ ശ്രമിച്ചാല്‍ 10 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം.

ഇതോടൊപ്പം തന്നെ അപകടമുണ്ടാക്കുന്നയാള്‍ 7 ലക്ഷം രൂപ പിഴയും ഒടുക്കേണ്ടി വരും. ഇന്ത്യൻ പീനല്‍ കോഡ് അനുസരിച്ച്‌ ഇതേ കുറ്റത്തിന് മുമ്ബ് 10 വർഷം തടവും 2 ലക്ഷം രൂപ പിഴയുമായിരുന്നു ഐപിസി പ്രകാരം ശിക്ഷ നല്‍കിയിരുന്നത്. അശ്രദ്ധമായ ഡ്രൈവിംഗിനും പിടുത്തം വീഴും. പുതിയ ക്രിമിനല്‍ കോഡിൻ്റെ സെക്ഷൻ 281 പ്രകാരം അശ്രദ്ധമായി വാഹനമോടിച്ചാല്‍ 6 മാസം വരെ തടവോ 1,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും.

മനുഷ്യജീവന് അപകടമുണ്ടാക്കുന്നതോ മറ്റേതെങ്കിലും വ്യക്തിക്ക് പരിക്കേല്‍ക്കുകയോ ചെയ്യുന്ന തരത്തിലുള്ള അശ്രദ്ധയോടെയുള്ള വിധത്തിലോ ഏതെങ്കിലും പൊതുവഴിയില്‍ വാഹനമോടിക്കുകയാണെങ്കില്‍ മിക്കവാറും തടവുശിക്ഷ തന്നെയായിരിക്കും ലഭിക്കുക. കുറഞ്ഞത് ആറ് മാസം വരെ നീട്ടാവുന്ന ഒരു കാലയളവിലേക്കെങ്കിലും ശിക്ഷ ലഭിച്ചേക്കും. അല്ലെങ്കില്‍ ആയിരം രൂപ വരെ പിഴയോടുകൂടിയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ഒരുമിച്ചും അനുഭവിക്കേണ്ടി വന്നേക്കാം.

അതിനാല്‍ ഇനി റോഡിലുള്ള അഭ്യസങ്ങള്‍ക്കൊന്നും മുതിരാതിരിക്കുന്നതാവും നല്ലത്. യുവതലമുറയില്‍ കണ്ടുവരുന്ന ഈ ദുശീലത്തിന് ഭാരതീയ ന്യായ് സംഹിത വഴി പൂട്ടിടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില കുറ്റകൃത്യങ്ങള്‍ സംഭവിക്കുമ്ബോള്‍ പതിവായി ഉയരുന്ന വാക്കുകളാണ് നമ്മുടെ ശിക്ഷാരീതികള്‍ പോരാ എന്നുള്ളത് ഇതിനൊരു പരിഹാരമാവുമോ ഭാരതീയ ന്യായ സംഹിത എന്നത് കണ്ടറിയാം.
Previous Post Next Post
3/TECH/col-right