Trending

നവതി ഓർമ :ലൈബ്രറി സമർപ്പണവും ,പത്രപ്രദർശനവും ശ്രദ്ധേയമായി

എരവന്നൂർ :  എരവന്നൂർ എ.എം.എൽ.പി സ്കൂൾ നവതിയാഘോഷത്തിന്റെ ബാക്കിപത്രമായി  സ്കൂളിൽ സജ്ജീകരിച്ച നവതി ഓർമ ലൈബ്രറി സമർപ്പണവും ഇതോടനുബന്ധിച്ച് നടത്തിയ പത്രപ്രദർശനവും ശ്രദ്ധയാകർഷിച്ചു. വായനോത്സവം 2024 ന്റെ സമാപനത്തിലാണ് പ്രത്യേകം തയ്യാറാക്കിയ വായന മുറിയിൽ ലൈബ്രറി സജ്ജീകരിച്ചത്.പൂർവ വിദ്യാർഥികളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് പുസ്തകങ്ങൾ സമാഹരിച്ചത്. 

ലൈബ്രറി സമർപ്പണം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സന്തോഷ് മാസ്റ്റർ നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ മുഹമ്മദിന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ പ്രവർത്തകൻ അബ്ബാസലി മാസ്റ്റർ മുഖ്യാതിഥിയായി സംസാരിച്ചു. വായനാ ദിനത്തിന്റെ ഭാഗമായി തയ്യാറാക്കിയ അറബിക് മാഗസിൻ പ്രകാശനം ഫാത്തിമ മുഹമ്മദ് നിർവഹിച്ചു.വിവിധ മത്സര പരിപാടികൾക്കുള്ള സമ്മാനദാനവും നടത്തി. 

മുൻ പ്രധാനധ്യാപകൻ വി.അബ്ദുൽ ഹമീദ്,സ്കൂൾ മാനേജർ ടി.കുഞ്ഞിമാഹിൻ ,ശ്രുതി വായനശാല പ്രസിഡണ്ട് സുധാകരൻ മാസ്റ്റർ ,സ്റ്റാഫ് സെക്രട്ടറി പി.കെ.മുഹമ്മദ് അഷ്റഫ്, ലൈബ്രറി കൺവീനർ മുസ്ഫിറ.സി.ടി എന്നിവർ ആശംസകൾ അർപ്പിച്ചു.ഹെഡ്മാസ്റ്റർ നാസിർ തെക്കെ വളപ്പിൽ സ്വാഗതവും എസ്.ആർ.ജി കൺവീനർ കെ.ഹസീന നന്ദിയും പറഞ്ഞു.

ഇതോടനുബന്ധിച്ച് നടത്തിയ പത്ര പ്രദർശനത്തിൽ സ്കൂൾ അധ്യാപകൻ ജമാലുദ്ദീൻ പോലൂരിന്റെ ശേഖരത്തിൽ നിന്നുള്ള വ്യത്യസ്തങ്ങളായ പത്രങ്ങൾ പ്രദർശിപ്പിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ ഇറങ്ങുന്ന ദിനപത്രങ്ങളും സായാഹ്ന പത്രങ്ങളും വിവിധ ഇന്ത്യൻ ഭാഷകളിലെ നൂറിലധികം പത്രങ്ങളും വിദേശ പത്രങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു.
Previous Post Next Post
3/TECH/col-right