Trending

തെരഞ്ഞെടുപ്പ് സ്മൃതി ശേഖരവുമായി ഒരധ്യാപകൻ.

കുന്ദമംഗലം : സ്വതന്ത്ര ഭാരതത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചിരുന്ന ബാലറ്റ് പെട്ടി, പ്രചരണത്തിനുപയോഗിച്ചിരുന്ന പെരുമ്പറ, രാഷ്ട്രീയപാർട്ടികളുടെ ചിഹ്നം അച്ചടിക്കാൻ ഉപയോഗിച്ചിരുന്ന അച്ചുകൾ, തെരഞ്ഞെടുപ്പ് വാർത്തകളടങ്ങിയ പത്രങ്ങൾ, പ്രചരണാർത്ഥം ഉപയോഗിച്ചിരുന്ന പോസ്റ്ററുകൾ,ഇന്ത്യൻ തപാൽ വകുപ്പ്  പുറത്തിറക്കിയ ഇലക്ഷൻ തപാൽ മുദ്ര... ഇങ്ങനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി ചരിത്ര വസ്തുക്കൾ.ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ഇവയെല്ലാം പൊടി തട്ടിയെടുക്കുകയാണ്എരവന്നൂർ എ.എം.എൽ.പി സ്കൂൾ അധ്യാപകനും പുരാവസ്തു ചരിത്ര സൂക്ഷിപ്പുകാരനുമായ ജമാലുദ്ദീൻ പോലൂർ.

വോട്ടിംഗ് മെഷീനും വി.വി.പാറ്റും വരുന്നതിനു മുമ്പത്തെ കാലം, സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങൾക്ക് നേരെ അടയാളപ്പെടുത്തിയ ബാലറ്റ് പേപ്പറുകൾ മടക്കി നിക്ഷേപിച്ചിരുന്ന ആൽവിൻ കമ്പനിയുടെ ബാലറ്റ് പെട്ടിയാണ് ഏറെ കൗതുകം. കുറഞ്ഞ ബാലറ്റുകൾ മാത്രമാണ് ഇത്തരം പെട്ടികളിൽ നിക്ഷേപിച്ചിരുന്നത്. മരം കൊണ്ടും ലോഹസങ്കരങ്ങൾ കൊണ്ടും നിർമ്മിച്ച അച്ചുകൾ പഴയ തലമുറക്ക് തെരഞ്ഞെടുപ്പ് ഓർമ്മയാണ്. ഇപ്പോൾ നിലവിലില്ലാത്തതുൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ അച്ചടിക്കാൻ ഉപയോഗിച്ചിരുന്ന വിവിധ അച്ചുകൾ ഈ അധ്യാപകന്റെ ശേഖരത്തിൽ ഉണ്ട്.

തെരഞ്ഞെടുപ്പ് വാർത്തകൾ പ്രസിദ്ധീകരിച്ച നിരവധി പത്രങ്ങൾ, ഓരോ താളുകൾ മറിക്കുമ്പോഴും മൺമറഞ്ഞ വിവിധ നേതാക്കളുടെ ചിത്രങ്ങളും ജയപരാജയങ്ങളും രാഷ്ട്രീയ സമവാക്യങ്ങളുമെല്ലാം ദർശിക്കാവുന്നതാണ്.

പഴയ തെരഞ്ഞെടുപ്പ് നോട്ടീസുകൾ, പോസ്റ്ററുകൾ, വോട്ടടയാളപ്പെടുത്താൻ ഉപയോഗിച്ചിരുന്ന സീൽ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1967 ൽ ഇന്ത്യൻ തപാൽ പുറത്തിറക്കിയ 15 പൈസ തപാൽ സ്റ്റാമ്പ് ഇവയെല്ലാം ഭാവിതലമുറക്കായി സൂക്ഷിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് ബൂത്ത് ലെവൽ ഓഫീസർ കൂടിയായ ഈ അധ്യാപകൻ.

വിവിധ സ്ഥാപനങ്ങളിലും മറ്റും ഇത്തരം വസ്തുക്കളുടെ നിരവധി പ്രദർശനങ്ങളും ജമാലുദ്ദീൻ മാസ്റ്റർ നടത്തിയിട്ടുണ്ട്.
Previous Post Next Post
3/TECH/col-right