Trending

വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ്:ജുമുഅ സമയം ക്രമീകരിച്ച്‌ മഹല്ലുകൾ.

വെള്ളിയാഴ്ച ന‌‌ടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് നടപടികളിലെ പങ്കാളിത്തം ഉറപ്പാക്കാൻ ജുമുഅ സമയം ക്രമീകരിച്ച്‌ മഹല്ല് കമ്മറ്റികൾ.തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം ജുമുഅ സമയം പുനഃക്രമീകരിക്കാനാണ് തീരുമാനം. സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മതനേതാക്കള്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വോട്ടിങ്ങിനൊപ്പം വിശ്വാസികളായ രാഷ്ട്രീയ പ്രവർത്തകർക്ക് ബൂത്ത് ഏജന്റ് ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് ചുമതലകള്‍ കൂടി നിർവഹിക്കാനാകും വിധമാണ് ജുമുഅ സമയത്തിലെ ക്രമീകരണങ്ങള്‍. അടുത്തടുത്ത പള്ളികളിലെ ജുമുഅ ഒരേസമയം വരാത്ത രീതിയില്‍ പുനഃക്രമീകരിക്കാൻ മഹല്ലുകള്‍ക്ക് സമസ്ത നേരത്തെ നിർദേശം നല്‍കിയിരുന്നു.ഇക്കാര്യത്തില്‍ മഹല്ലുകള്‍ പരസ്പരം കൂടിയാലോചിച്ച്‌ തീരുമാനമെടുക്കുകയും ഇത് നേരത്തെ തന്നെ വിശ്വാസികളെ അറിയിക്കുകയും ചെയ്യും.

മിക്ക മഹല്ലുകളും സമയക്രമീകരണം പൂർത്തിയാക്കിക്കഴിഞ്ഞു.സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ക്രമീകരണങ്ങള്‍. വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‍ലിം സംഘടനകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തീയതി മാറ്റാത്ത സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങള്‍.പോളിങ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ഏജന്റുമാരുള്‍പ്പെടെയുള്ള പ്രവർത്തകർക്കുമായിരിക്കും വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് കൂടുതല്‍ ബുദ്ധിമുട്ടാവുക.
Previous Post Next Post
3/TECH/col-right