Trending

മീൻ പിടിക്കാൻ ആധാര്‍ നിര്‍ബന്ധം:അപ്രായോഗികമെന്ന് മത്സ്യത്തൊഴിലാളികള്‍.

കോഴിക്കോട്:മത്സ്യബന്ധനത്തിന് പോവുന്നവര്‍ ആധാറിന്റെ ഒറിജിനല്‍ കോപ്പി കൈയില്‍ കരുതണമെന്നും ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്നുള്ള ഫിഷറീസ് വകുപ്പിന്റെ ഉത്തരവിനെതിരെ മത്സ്യത്തൊഴിലാളികള്‍.
കേരളത്തിന്റെ തീരക്കടല്‍, ആഴക്കടല്‍ മേഖലകളില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മത്സ്യതൊഴിലാളികള്‍ തത്സമയം ഒറിജിനല്‍ ആധാര്‍ കാര്‍ഡ് കൈവശം വച്ചില്ലെങ്കില്‍ ഇന്ന് മുതല്‍ പിഴ ചുമത്തുമെന്ന ഫിഷറീസ് വകുപ്പിന്റെ തീരുമാനം അപ്രായോഗികവും മത്സ്യതൊഴിലാളി വിരുദ്ധവുമാണെന്ന് കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ അറിയിച്ചു.

മത്സ്യബന്ധനത്തിന്റെ പ്രായോഗികത മാത്രം മുൻനിര്‍ത്തി നിര്‍മ്മിച്ചിട്ടുള്ള പരമ്പരാഗത വള്ളങ്ങളില്‍ പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ അപകടകരമായ സാഹചര്യത്തെ മുഖാമുഖം കണ്ടാണ് മത്സ്യബന്ധനം നടത്തുന്നത്. കടലപകടങ്ങളില്‍പ്പെടുന്ന യാനങ്ങളെയും, തൊഴിലാളികളെയും തിരിച്ചു കിട്ടാത്ത സുരക്ഷിതത്വം ഇല്ലാത്ത ഈ തൊഴില്‍ മേഖലയില്‍ പണിയെടുക്കുന്നവര്‍ ജീവിച്ചിരുന്നു എന്ന് തെളിയിക്കാനുള്ളതും ദൈനം ദിന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രേഖയുമായ ആധാര്‍ കാര്‍ഡ് അപകടത്തോടൊപ്പം ഇല്ലായ്മ ചെയ്ത് നഷ്ടപരിഹാരം ഉള്‍പ്പെടെ നിരസിക്കുവാനുള്ള നീക്കമായേ ഇതിനെ കാണാൻ പറ്റൂ എന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.

യാനങ്ങളില്‍ ഫിഷറീസ് വകുപ്പിന്റെ രജിസ്‌ട്രേഷനും, ലൈസൻസും, തൊഴിലാളികള്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ബയോമെട്രിക്ക് ഉള്‍പ്പെടെ നിയമ പരിരക്ഷാ കാര്‍ഡുകള്‍ ഉണ്ടായിട്ടും ജലവുമായി നിരന്തര സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ ആധാര്‍ കൈവശം വയ്ക്കണമെന്ന അപ്രായോഗിക തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിച്ച്‌ നിരന്തരം നിയമക്കുരുക്കുകള്‍ ഉണ്ടാക്കി മത്സ്യത്തൊഴിലാളികളെ പീഡിപ്പിക്കുന്ന ഫിഷറീസ് വകുപ്പിന്റെ തീരുമാനങ്ങള്‍ക്കെതിരെ സംസ്ഥാന തലത്തില്‍ മത്സ്യത്തൊഴിലാളി അതിജീവന സദസുകള്‍ സംഘടിപ്പിച്ച്‌ പ്രക്ഷോഭത്തിലേയ്ക്ക് കടക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ജാക്സണ്‍ പൊള്ളയിലും ,സെക്രട്ടറി എം.പി. അബ്ദുള്‍ റാസിക്കും പറഞ്ഞു.
Previous Post Next Post
3/TECH/col-right