കോഴിക്കോട്: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ലോകമെങ്ങും വ്യാപകമായി നടക്കുന്ന BDS മൂവ്മെൻ്റിൻ്റെ ഭാഗമായി കോഴിക്കോട് സ്റ്റാർ ബക്സിന് മുന്നിൽ പ്രതിഷേധിച്ച ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ഫാറൂഖ് കോളേജ് യൂണിറ്റ് നേതാക്കളെ അറസ്റ്റ് ചെയ്ത കേരള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി സ്റ്റാർ ബക്സ് ഔട്ട്ലറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം ഫ്രട്ടേണിറ്റി മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡൻ്റ് നഈം ഗഫൂർ ഉദ്ഘാടനം ചെയ്തു.
ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ഫാറൂഖ് കോളേജ് യൂണിറ്റ് പ്രസിഡൻ്റ് വസീം മൻസൂർ സെക്രട്ടറി ഫാത്തിമ മെഹറിൻ മറ്റു യൂണിറ്റ് ഭാരവാഹികളായ ഹാതിം യാസിർ, അമീന ഫിറോസ്, നദ് വ റഹ്മാൻ,റഫ മറിയം എന്നിവർക്കെതിരെയാണ് കോഴിക്കോട് ടൗൺ പോലീസ് IPC 448, 153, 427, 34 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. വിദ്യാർത്ഥികളുടെ കൈവശമുണ്ടായിരുന്ന കാർ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.
ഫലസ്തീൻ ഐക്യദാർഢ്യത്തിൻ്റെ ഭാഗമായി ലോക വ്യാപകമായി നടക്കുന്ന ബി.ഡി.എസ് മൂവ്മെൻ്റിൻ്റെ ഭാഗമായി നടത്തിയ ഒരു ജനാധിപത്യ പ്രതിഷേധത്തെ കലാപാഹ്വാനമാക്കി ചിത്രീകരിക്കാനുള്ള കേരള പോലീസിൻ്റെ നടപടിയിൽ കേരള സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും വിദ്യാർത്ഥികൾക്ക് മേൽ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.
കള്ളക്കേസുകൾ എടുത്തു ഫലസ്തീൻ അനുകൂല സമരത്തെ തകർക്കാൻ ശ്രമിച്ചാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും നഈം ഗഫൂർ പറഞ്ഞു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് മുനീബ് എലങ്കമൽ അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി ലത്തീഫ് പി.എച്ച്, ജില്ലാ നേതാക്കളായ ആയിഷ മന്ന, ഷാഹീൻ നരിക്കുനി തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ മാർച്ചിന് സമീഹ ബാഫഖി, മുജാഹിദ് മേപ്പയ്യൂർ, റഈസ് കുണ്ടുങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
KOZHIKODE