തിരുവനന്തപുരം:പോലീസ് അക്കൗണ്ടിലെ പണവും സൈബര്‍തട്ടിപ്പുകാര്‍ തട്ടിയെടുത്തു. തിരുവനന്തപുരം സിറ്റി പോലീസിന്റെ അക്കൗണ്ടില്‍നിന്ന് 25,000 രൂപയാണ് സൈബര്‍ തട്ടിപ്പുകാര്‍ കൊണ്ടുപോയത്.ആധുനിക തട്ടിപ്പുരീതിയൊന്നുമല്ല, ഒ.ടി.പി. തട്ടിപ്പുതന്നയാണ് പ്രയോഗിച്ചത്.സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലെ അക്കൗണ്ട് കൈകാര്യംചെയ്യുന്ന കാഷ്യറാണ് തട്ടിപ്പിന് ഇരയായത്. കാഷ്യറുടെ മൊബൈല്‍നമ്ബറിലേക്ക് ലഭിച്ച എസ്.എം.എസാണ് തട്ടിപ്പിലേക്ക് നയിച്ചത്
പോലീസ് അക്കൗണ്ടിന്റെ കെ.വൈ.സി പുതുക്കണമെന്നും അല്ലെങ്കില്‍ അക്കൗണ്ട് റദ്ദാകുമെന്നുമുള്ള വിവരമാണ് സന്ദേശത്തില്‍ ഉണ്ടായിരുന്നത്. ലഭിച്ച സന്ദേശത്തില്‍ ഒരു ലിങ്കുമുണ്ടായിരുന്നു. ഇക്കാര്യം വിശ്വസിച്ച കാഷ്യര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഒ.ടി.പി. കൈമാറി. ഉടൻതന്നെ പോലീസിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 25,000 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റപ്പെടുകയും ചെയ്തു. അക്കൗണ്ട്സ് ഓഫീസറുടെ പരാതിയില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.
കംപ്യൂട്ടര്‍ എമര്‍ജൻസി റെസ്പോണ്‍സ് ടീമിന്റെയും പോലീസിന്റെതന്നെ സൈബര്‍ വിഭാഗത്തിന്റെയും നിരന്തരമായ മുന്നറിയിപ്പുകളുള്ളപ്പോഴാണ് ഇത്തരത്തിലുള്ള ഒരു തട്ടിപ്പിന് പോലീസുതന്നെ ഇരയായത്.
തലസ്ഥാന നഗരത്തില്‍മാത്രം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഈ സംഭവം ഉള്‍പ്പെടെ മൂന്നുകേസുകളാണ് രജിസ്റ്റര്‍ചെയ്തത്. 15 ലക്ഷത്തോളം രൂപയും നഷ്ടമായിട്ടുണ്ട്. ഓണ്‍ലൈൻ ജോലിയെന്ന വ്യാജേന വീട്ടമ്മയില്‍നിന്ന് വിവിധ ഘട്ടങ്ങളിലായി 14.76 ലക്ഷം രൂപ തട്ടിയെടുത്തതിന് ഉള്‍പ്പടെയാണ് സൈബര്‍ പോലീസ് കേസെടുത്തിട്ടുള്ളത്.
Tags:
KERALA