കൊടുവള്ളിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി നവംബര്‍ 26ന് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. നവംബര്‍ 26ന് ഉച്ചയ്ക്ക് 2.30 ന് കൊടുവള്ളി കെഎംഒ ഹയർ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ടിലെ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് നവകേരള സദസ്സ് നടക്കുക. ഇതിനായി പതിനായിരത്തോളം പേരെ ഉള്‍ക്കൊള്ളാനാകുന്ന പന്തലാണ് ഒരുക്കിയിട്ടുള്ളത്.
ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമേ കിഴക്കോത്ത് റോഡില്‍ നിന്നുള്ള പ്രധാന ഗേറ്റിലൂടെ ഗ്രൗണ്ടിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശമനമുണ്ടായിരിക്കുകയുള്ളു. ഒരു മണിക്ക് ശേഷം സഹകരണ ബാങ്കിന് സമീപത്തെ റോഡിലൂടെ സ്‌കൂളിന്റെ പിന്‍വശത്തെ ഗേറ്റ് വഴിയാണ് പൊതുജനങ്ങള്‍ ഗ്രൗണ്ടില്‍ പ്രവേശിക്കേണ്ടത്.
ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി താമരശേരി, കട്ടിപ്പാറ പഞ്ചായത്തില്‍ നിന്നു വരുന്ന വാഹനങ്ങള്‍ ആളുകളെ ഇറക്കിയതിന് ശേഷം പാലക്കുറ്റി സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. ഓമശ്ശേരി, കൊടുവളളി പഞ്ചായത്തില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കൊടുവളളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട്, കെഎംഒ കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.നരിക്കുനി, മടവൂര്‍, കിഴക്കോത്ത് പഞ്ചായത്തുകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കൊടുവള്ളി മിനി സ്റ്റേഡിയത്തില്‍ പാര്‍ക്ക്ചെയ്യണമെന്ന് സംഘാടക സമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പൊതു ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് 12 മണിയ്ക്ക് ശേഷം ബസുകള്‍ കൊടുവള്ളി ബസ്റ്റാന്റില്‍ പ്രവേശിക്കരുത്. കോഴിക്കോട്, നരിക്കുനി, ഓമശ്ശേരി ഭാഗത്തേക്കുളള ബസുകള്‍ പഴയ ആര്‍ടിഒ ഓഫീസിന് മുന്‍പിൽ ആളെ കയറ്റിയിറക്കണം.താമരശേരി ഭാഗത്തേക്കുളള ബസുകള്‍ പാലക്കുറ്റി പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തി ആളെ കയറ്റിയിറക്കേണ്ടതാണ്. താമരശ്ശേരി ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന സ്വകാര്യവാഹനങ്ങള്‍ പരപ്പന്‍പൊയിലില്‍ നിന്ന് കത്തറമ്മല്‍-എളേറ്റില്‍ വട്ടോളി-ആരാമ്പ്രം വഴി പടനിലത്തേക്കും പോകേണ്ടതാണ്.
Tags:
KODUVALLY