കണ്ണൂർ:നവകേരള യാത്രയ്ക്കായി കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ ദേശീയ ബാലവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ചീഫ്സെക്രട്ടറിയ്‌ക്ക് ബാലാവകാശ കമ്മീഷൻ നോട്ടിസ് അയച്ചിരിക്കുകയാണ്. 5 ദിവസത്തിനുള്ളിൽ നടപടിയെടുത്ത് മറുപടി നൽകണമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. കമ്മീഷൻ ചെയർമാർ പ്രിയങ്ക് കാനൂനഗോ ആണ് നോട്ടീസ് അയച്ചത്. കുട്ടികൾക്ക് നേരെയുണ്ടായത് മാനസിക പീഡനമാണെന്ന് കമ്മീഷൻ വിലയിരുത്തുന്നു.
സ്കൂൾ കുട്ടികളെ നവകേരള സദസിനായി ഉപയോഗിക്കുന്നതിനെതിരെ തെളിവുകൾ സഹിതം ഹൈക്കോടതിയിൽ ഹർജി നൽകാനൊരുങ്ങുകയാണ് കെ.എസ്.യു. നവ കേരള സദസ്സിന്റെ വാഹനം സഞ്ചരിച്ച വഴിയിൽ സ്കൂൾ കുട്ടികളെ മുദ്രാവാക്യം വിളിപ്പിച്ചതടക്കം ചൂണ്ടി കാട്ടിയാണ് ഹർജി. തിരുവനന്തപുരത്ത് നവകേരള സദസിന് അഭിവാദ്യം അർപ്പിച്ച് ബോർഡ് സ്ഥാപിക്കാൻ സ്കൂൾ അധികൃതർക്ക് നിർദേശം ലഭിച്ചെന്നും കെ. എസ്.യു ആരോപിക്കുന്നു.
ഓരോ സ്‌കൂളില്‍ നിന്നും 200 കുട്ടികളെ എങ്കിലും നവകേരള സദസില്‍ എത്തിക്കണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാന്‍ പ്രധാന അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയത്.
നവകേരള സദസിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന നിർദേശം വിവാദമായതോടെ വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ
രംഗത്തെത്തിയിരുന്നു. നവകേരള സദസിൽ നിർബന്ധമായും കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡിഇഒ പറഞ്ഞു. നവകേരള സദസ് കുട്ടികൾക്ക് ഒരു അനുഭവമായിരിക്കും. പഠനത്തിന്റെ ഭാഗമായി അവരെ പങ്കെടുപ്പിക്കണമെന്ന നിർദേശം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തത് എന്നുമായിരുന്നു വിശദീകരണം.
Tags:
KERALA