നരിക്കുനി:നരിക്കുനിയിൽ പുതുതായി ആരംഭിച്ച ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിനെതിരെ നാട്ടുകാർ അനിശ്ചിതകാല സമരത്തിന് തുടക്കം കുറിക്കുന്നു.ബീവറേജ് ഔട്ട്ലെറ്റിന് സമീപത്തെ കെട്ടിടത്തിൽ ചേർന്ന ബഹുജന കൺവെൻഷനിലാണ് തീരുമാനം.
അങ്ങാടിയിലെ കച്ചവട സ്ഥാപനങ്ങളുടെ എല്ലാ തിരക്കുകളുമുള്ളതിന് പുറമെ ധാരാളം കുടുംബങ്ങൾ തിങ്ങി പാർക്കുന്നതും രണ്ട് പാരലൽ കോളേജുകൾ, ഒരു ഐ.ടി സി, ഡ്രൈവിംഗ് സ്ക്കൂൾ, ദിനേന നൂറ്കണക്കിന് ആളുകൾ ആശ്രയിക്കുന്ന രണ്ട് ക്ലിനിക്കുകൾ, തിരക്കിനാൽ പൊറുതിമുട്ടുന്ന അക്ഷയ സെന്റെർ, ഗാർഹിക മേഖലകളിലേക്കുള്ള അഞ്ച് പൊതു റോഡുകൾ അരംഭിക്കുന്ന സ്ഥലം എന്നിവ തൊട്ടടുത്തും ,ബസ്സ്റ്റാൻഡ്, ജില്ലയിലെ തന്നെ പ്രധാന ആശുപത്രികളിലൊന്നായി സംസ്ഥാനം തിരഞ്ഞെടുത്ത ബ്ലോക്ക് പഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രം, പഞ്ചായത്ത് ഓഫീസ്, അംഗനവാടി, ഗവ: മൃഗാശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ സമീപ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്നതുമായ അതിസങ്കീർണമായ പ്രദേശത്താണ് ബീവറേജിന്റെ ഔട്ട്ലെറ്റ് സ്ഥാപിച്ചിട്ടുള്ളത്.
രണ്ട് വളവുകൾക്കിടയിലുളള വീതി കുറഞ്ഞ ഇറക്കമുള്ള റോഡായതിനാൽ ഈ പ്രദേശത്ത് നേരത്തെ തന്നെ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവാണ്. ഔട്ട്ലെറ്റിന് സമീപത്തെ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന ധാരാളം ആളുകൾ മദ്യ ഷോപ്പ് ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്ക് തന്നെ വലിയ പ്രയാസങ്ങൾ നേരിട്ട പശ്ചാത്തലത്തിലാണ് സമര പരിപാടികൾ തീരുമാനിച്ച് മുന്നോട്ട് പോവുന്നത്.
ബഹുജന കൺവെൻഷനിൽ വിവിധ മത, രാഷ്ട്രീയ, സംസ്കാരിക സംഘടനകളെ പ്രധിനിധീകരിച്ച് നൂറിലേറെ പേർ പങ്കെടുത്തു. വാർഡംഗം മിനി പുല്ലൻകണ്ടി അധ്യക്ഷത വഹിച്ച കൺവെൻഷൻ പഞ്ചായത്ത് പ്രസിഡൻറ് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു ടികെ കോയതീൻ മാസ്റ്റർ പ്രമേയം അവതരിപ്പിച്ചു.ഹാരിസ് പി എം സ്വാഗതവും ഉസ്മാൻ എടത്തിൽ നന്ദിയും പറഞ്ഞു. ഭാവി പരിപാടികൾക്കായി സമരസമിതി രൂപീകരിച്ചു ഡോക്ടർ എൻ കെ മുനീർ എംഎൽഎ,പഞ്ചായത്ത് പ്രസിഡൻറ് ജൗഹർ പൂമംഗലം,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശിഹാന രാരപ്പൻകണ്ടി,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിപി ലൈല,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽകുമാർ ടി.കെ എന്നിവർ രക്ഷാധികാരികളും മിനി പുല്ലങ്കണ്ടി ചെയർ പേർസണുമാണ്. ഹാരിസ് പി എം ആണ് കൺവീനർ.
Tags:
OBITUARY